ഓർക്കാൻ ഇഷ്ടപെടാത്ത ഭൂതകാലത്തിനു മുൻപ് നിറമുള്ള ഓർമ്മകളിൽ അച്ഛനും അമ്മയും..

(രചന: Sabitha Aavani)

സമയം ഉച്ച കഴിഞ്ഞിരുന്നു.. അപ്പോഴും അവൾ, ഭദ്ര എഴുന്നേൽക്കാൻ കൂട്ടാക്കാതെ കട്ടിലിൽ തന്നെ കിടന്നു….

രാത്രി കഴിച്ച ഭക്ഷണത്തിന്റെ ബാക്കി അലക്ഷ്യമായി മേശപ്പുറത്ത് ഇട്ടിരിക്കുന്നതിലേക്കു അവൾ നോക്കി..

പട്ടിണിയും വിശപ്പും ശീലമായിരുന്ന ഒരു ഭദ്ര ഉണ്ടായിരുന്നു മുൻപ്… ഇന്ന് ഇഷ്ടവിഭവങ്ങൾ മുന്നിൽ ഉണ്ടായാൽ പോലും പലപ്പോഴും കഴിക്കാൻ കഴിയാറില്ല…

ഇന്നലത്തെ രാത്രിയുടെ ഓർമ്മകളിലേക്ക് വെറുതെ അവൾ തന്റെ മനസ്സിനെ തള്ളിവിട്ടു…. തന്റെ അച്ഛന്റെ പ്രായം ഉള്ള ഒരാളായിരുന്നു ഇന്നലെ തനിക്കൊപ്പം അന്തിയുറങ്ങയത്….

സ്വർണമാലയും വിരലുകളിൽ മോതിരങ്ങളും പട്ടുകുപ്പായവും..

ഒരു കാശുകാരൻ വയസൻ. അയാളുടെ മനം മടുപ്പിക്കുന്ന അത്തറിൻ ഗന്ധം ഇപ്പോഴും സിരകളിലേക്ക് ഇരച്ചു കയറുന്ന പോലെ തോന്നിയവൾക്കു..

നിരന്നു നിന്ന പെണ്ണുടലുകളിൽ നിന്നും തന്നിലേക്ക് അയാൾ വിരൽ ചൂണ്ടുമ്പോൾ കൂടെ നിന്നപലരും പല്ലുകടിച്ചു…. ചിലർ നിന്റെ ഭാഗ്യം എന്നു പറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നുപോയി…

അയാളുടെ വരവും കാത്തു ഏസി മുറിയിൽ ഇരിക്കുമ്പോൾ ഒരുപാടു പേരുടെ കാ മ ഭോ ജനത്തിനു ഇരയായ ഒരുവളാണ് താൻ എന്ന ചിന്ത അവളെ അലട്ടിയതേ ഇല്ല…

മാറിവന്ന അത്തറിൻ ഗന്ധങ്ങൾ കൈയടക്കിയ ശരീരഗന്ധം ഇപ്പോൾ അരോചകമായി തോന്നി അവൾക്കു കൈയ്യിൽ കരുതിയിരുന്ന പെർഫ്യൂം ഒന്നുകൂടെ പൂശി…

നിറം മങ്ങിയ ചുണ്ടുകളിൽ ചായം തേച്ച്.. വിലപിടിപ്പുള്ള പെണ്ണുടലായ് അയാൾക്കുമുന്നിൽ നിന്നു..

മാറിലും ദേഹത്തും ചോരപൊടിയും വിധം പാടുകൾ അവശേഷിപ്പിച്ചു അയാൾ അവളെ തന്റെ ഭോഗവസ്തുവാക്കി..

ഉദ്ദേശം കഴിഞ്ഞു ബോധമില്ലാതെ കിടക്കുന്ന ആ മനുഷ്യനോട് പുച്ഛം തോന്നി അവൾക്കു.. മകളുടെ പ്രായമുള്ള തന്നെ…. പിന്നെ തോന്നി അതൊന്നും തന്റെ തൊഴിലിനു ബാധകം അല്ല…

ഉടലുപൊള്ളുന്ന വേദനയിൽ
അവൾപോകാനായി ഇറങ്ങുമ്പോൾ…

ഇടുപ്പിൽ കൈ അമർത്തി കൊണ്ടയാൾ കുറെ നോട്ടുകൾ എടുത്ത് അവളുടെ മാറിലേക്ക് തിരുകിക്കൊടുത്തു…
ഒരുരാത്രിയുടെ കൂലി.. കാലുകൾവേച്ചു വേച്ചു നടന്നു മുറിയിലേക്ക് വരുമ്പോൾ ശരീരം തളർന്നിരുന്നു…

ഷവറിനു കീഴിൽ നിൽക്കുമ്പോൾ അവൾ അലറികരഞ്ഞു…

ചോരപൊടിഞ്ഞ മുറിവുകളിലേക്ക് സോപ്പ് ഇറങ്ങുമ്പോൾ നീറ്റലോടെ അവൾ പിടഞ്ഞു.

അയാളുടെ അത്തറിൻ ഗന്ധം എത്ര കുളിച്ചിട്ടും പോകുന്നില്ലെന്നൊരു തോന്നൽ..

കുളികഴിഞ്ഞിറങ്ങുമ്പോൾ..മുറിയിൽ
ആരോ ഭക്ഷണപ്പൊതി കൊണ്ടുവന്നു വെച്ചിരുന്നു. തുറന്നു കഴിച്ചുന്നു വരുത്തി. കട്ടിലിലേക്ക് ചാഞ്ഞത് ഓർക്കുന്നു..

പിന്നെ ഉണരുന്നത് ഇപ്പോഴാണ് … ഫോണിന്റെ ശബ്ദം കേട്ടിട്ടാണ് അവൾ ചിന്തകളിൽനിന്നു ഉണർന്നത്….
അനിയനാണ്…

അവനു പണത്തിന്റെ ആവശ്യം വരുമ്പോൾ മാത്രം അവനോർക്കുന്ന അവന്റെ സ്വന്തം പെങ്ങൾ . ഇത്തവണ ആ മുൻവിധി തെറ്റി….

” അമ്മ ആശുപത്രിയിൽ ആണ് നീ വേഗം വരണം.. ”

എന്ന് മാത്രം പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.. കട്ടിലിൽ പിടഞ്ഞെഴുന്നേറ്റ് കയ്യിൽകിട്ടിയ സാരിയും ബ്ലൗസും എടുത്തുടുത്ത് അവൾ അവിടുന്ന് ഇറങ്ങി.

താഴെ നിന്ന പെണ്ണിനോട് അമ്മയ്ക്കു സുഖമില്ല എന്നു പറഞ്ഞു വേഗത്തിൽ നടന്നു….

ആദ്യംകണ്ട ബസിൽ ചാടിക്കയറി… അവളുടെ ഉള്ളുനിറയെ പേടി ആയിരുന്നു.. കുറേ നാളുകൾക്കു ശേഷം ആണ് നാട്ടിലേക്കു പോകുന്നത്..

കുത്തുവാക്കും മാനക്കേടും തെല്ലൊന്നുമല്ല… സ്വന്തം നാട്ടുകാരിൽ പലരും ഇടയ്ക്കവിടെ വന്ന് പോകാറുണ്ട്… പലരും നാട്ടിലെ മാന്യന്മാർ…

അതിൽ ചിലർ തന്റെ കൂടെ അന്തി ഉറങ്ങി.. ചിലർ ഉൾഭയം കൊണ്ടോ എന്തോ അതിനു മുതിർന്നിട്ടില്ല.. എന്നിട്ട് വ്യ ഭി ചരിച്ചു നടക്കുന്നവൾ എന്ന ചീത്തപ്പേര് തനിക്കും.. വേ ശ്യ… പലരും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്..

ആദ്യമൊക്കെ ആ വിളികേട്ട് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്.. പിന്നെ ഒരുതരം മരവിപ്പായിരുന്നു ഇപ്പോ അതിനെപ്പറ്റി ചിന്തിക്കാറ് കൂടിയില്ല…

വീട്ടിലേക്കുള്ള യാത്രയിൽ പലവട്ടം അനിയന്റെ ഫോണിൽ വിളിച്ചു അവൻ തെളിച്ചൊന്നും പറഞ്ഞില്ല…

വീട്ടിലേക്ക് പോര് എന്ന് മാത്രം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. അമ്മയ്ക്കൊന്നും ഉണ്ടാവില്ല തന്നെ കാണാൻ വേണ്ടി ചിലപ്പോൾ…. അവനെക്കൊണ്ട് കള്ളം പറയിപ്പിച്ചതാവും… ചിന്തകൾ മനസ്സിൽ കുമിഞ്ഞുകൂടി കൊണ്ടിരുന്നു ..

ഓർക്കാൻ ഇഷ്ടപെടാത്ത ഭൂതകാലത്തിനു മുൻപ് നിറമുള്ള ഓർമ്മകളിൽ അച്ഛനും അമ്മയും അനിയനും താനും…

ഒറ്റമുറി വീട്ടിലെ സുഖവും സന്തോഷവും എല്ലാം പര്സപരം പങ്കുവെച്ചു ജീവിക്കുമ്പോൾ അച്ഛൻ വീടിന്റെ നെടുംതൂണായിരുന്നു…

ഇടയ്ക്കൊരു പ്രേമം തലയ്ക്കുപിടിച്ചു ഒരുവന്റെ കൂടെ വീടുവിട്ടറങ്ങുമ്പോൾ മറ്റാരെയും പറ്റി ഓർത്തില്ല.. മാനക്കേട് കൊണ്ട് കൂട്ടആത്മഹത്യ ചെയ്യാൻ നോക്കിയ വീട്ടുകാർ…

പകരം കൊടുത്തത് അച്ഛന്റെ ജീവനും അമ്മയുടെ ചലനവും ആണ്… എങ്ങനെയോ രക്ഷപെട്ട അനിയന് കിടക്കയിൽ ഒതുങ്ങിയ അമ്മയെ നോക്കാൻ കഴിയാതെ വന്നപ്പോൾ അവൻ തന്നെ അറിയിച്ചു…

അവിടുന്നു വീട്ടിലേക്ക് വരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.. എന്നാലും വന്നു… കുടുംബക്കാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകളിൽ മനം നൊന്ത് കഴിഞ്ഞു.

താലികെട്ടിയവന്റെ എതിർപ്പ്
വകവെക്കാതെ ഒരു ജോലിയുടെ കാര്യത്തിനായി സുഹൃത്ത് വഴി മറ്റൊരു നാട്ടിലേക്ക്…. അമ്മയുടെ ചികിത്സയ്യ്ക്കുള്ള പണമെങ്കിലും കണ്ടെത്തണം…

താൻ കാരണം നശിച്ച ഒരു കുടുംബത്തിന് താങ്ങാവണം.. ആ കടമയിലേക്കുള്ള വഴിയിൽ ഒരു ജോലി അത്യാവശ്യമാണെന്ന് തോന്നി ഇറങ്ങി പുറപ്പെട്ടതാണ്.. കാലവും മനുഷ്യരും ഒക്കെ മാറിയിരുന്നു…

അഭയം തേടിയ കൈകൾ തന്നെ അവളെ ഒരു വേ ശ്യാ തെരുവിന്റെ പാതയിലേക്ക് പറിച്ചുനട്ടു. അപ്പോഴേക്കും ജീവിതം കൈവിട്ടുപോയിരുന്നു….

ആദ്യം കുറേനാൾ ആർക്കും ഒരുവിവരവും കൊടുക്കാതെ മറഞ്ഞുനിന്നു.. പിന്നീട് നാടറിഞ്ഞു…

വീടറിഞ്ഞു.. എന്നാലും അനിയന്റെ അക്കൗണ്ടിൽ തന്റെ ശരീരത്തിന് കിട്ടിയിരുന്ന വില ഒരുരൂപ പോലും കുറയാതെ അയച്ചു കൊടുത്തു കൊണ്ടിരുന്നു അവൾ..

പ്രായത്തിന്റെ പക്വത കുറവോ.. എന്താണ് അവളെ ഈ നിലയിൽ എത്തിച്ചത്… മനസ്സ് മരിച്ച ഒരു ശരീരമായി അവശേഷികുമ്പോഴും ആവശ്യക്കാർ കൂടിവന്നു….

മഴ തകർത്തു പെയ്യുന്നുണ്ട്…. വീടിന്റെ അടുത്തേക്ക് എത്തുംതോറും നെഞ്ചിടിപ്പ് കൂടിവന്നു.. വീടിനടുത്തുള്ള ബസ്റ്റോപ്പിൽ ബസ് ഇറങ്ങി. സാരിത്തലപ്പ് കൊണ്ട് തലമൂടി അവൾ നടന്നു..

നാടാകെ മാറിയിരിക്കുന്നു.. പുതിയ ഒരുപാടു കെട്ടിടങ്ങൾ വീടുകൾ… ഗ്രാമഭംഗി നഷ്ടമായത് പോലെ…പെയ്തിറങ്ങുന്ന മഴത്തുളികൾ അവളുടെ ശരീരവടിവ് എടുത്തു കാട്ടുന്നുണ്ടായിരുന്നു ..

നനഞ്ഞൊട്ടി വീടിന്റെ വഴിയിലേക്ക് കയറുമ്പോൾ വീടുനിറയെ ആളുകൾ അകത്തു വെള്ളപുതപ്പിച്ച അമ്മയുടെ ശരീരം…

അപ്പോഴും കൂടിനിന്നവർ കണ്ണുകളാൽ കൊത്തിവലിച്ചു അവളെ… ചിലർ വേ ശ്യ എന്ന് പറഞ്ഞു പുച്ഛിച്ചു. അവളെ കൂടെ അന്തിയുറങ്ങയവർ പലരും അവളെ കണ്ടില്ലെന്നു നടിച്ചു..

ബന്ധുക്കളിൽ ആരോ അകത്തേക്ക് കയറാൻ വന്ന അവളെ തടഞ്ഞു…
“നീ കണ്ടു അശുദ്ധമാക്കണ്ട… ആത്മാവിന് ശാന്തി ലഭിക്കില്ല.. ”
കൂട്ടത്തിലാരോ ഉറക്കെ പറഞ്ഞു.

ആ മഴയിൽ നനഞ്ഞുകൊണ്ട് മുട്ടുകുത്തി ആവീട്ടുപടിക്കലേക്കവൾ വീണു… എല്ലാം കണ്ടുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന അനിയൻ… അവൾ മനസ്സിൽ ഉരുവിട്ടു..

“അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ തന്നെ പോലെ ജീവനുള്ള ആത്മാക്കൾ ശാന്തികിട്ടാതെ അലയട്ടെ” മഴ പിന്നെയും ശക്തി പ്രാപിച്ചു…. ആ മഴ അവളെ ശുദ്ധിവരുത്തിയോ???

അങ്ങനെ ഒരു തോന്നൽ ….തിരിഞ്ഞു നടക്കുമ്പോൾ അവൾ ഉറക്കെ പറയുന്നുണ്ടായിരുന്നു… “അതെ ഞാൻ വേ ശ്യ ആണ് “

Leave a Reply

Your email address will not be published. Required fields are marked *