എന്റെ ഏട്ടനാണ്, എന്റെ വിവാഹം വരെ എന്റെ നിഴലായി കാവലായി കൂടെ ഉണ്ടായിരുന്ന..

പ്രതീക്ഷ
(രചന: Sabitha Aavani)

ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ വീണയുടെ മനസ്സ് പതറി തുടങ്ങിയിരുന്നു.

മുറിയിൽ ഒരു ഞെരങ്ങൽ കേട്ടു അവൾ ആ ഭാഗത്തേക്ക് നോക്കി….

വെറും നിലത്തു മുഖം ചേർത്ത്…. ചുരുണ്ടു കൂടി കിടക്കുന്നു രുദ്രൻ.

മുറിയിൽ നിന്നും പഴകിയ ആഹാരത്തിന്റെ ഗന്ധം അവളെ ആസ്വസ്ഥയാക്കി.

ആ കിടപ്പ് അവളുടെ കണ്ണുകളെ നനച്ചിരുന്നു….

മുറിയിലേക്ക് കടന്നു വന്ന മറ്റൊരു സ്ത്രീ വേഗം ലൈറ്റ് ഓൺ ആക്കി.

നിലത്ത് വലിച്ചെറിഞ്ഞ ഇന്നലത്തെ കഞ്ഞി അതേപടി കിടക്കുന്നു.

” എന്റെ ഏട്ടനെ നന്നായി നോക്കാൻ ആണ് നിനക്ക് മാസാമാസം പണം എണ്ണിതരുന്നത്… ”

അവൾ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ രുദ്രൻ മെല്ലെ കണ്ണുകൾ തുറന്നു അവളെ നോക്കി.

വളരെ ദയനീയമായി.

കാലുകൾ നിലത്തതുരച്ച്.. ചങ്ങലകളിൽ നിന്നു മോചിപ്പിക്കാൻ അവൻ അവളോട്‌ കേഴുന്നതായി തോന്നി അവൾക്ക്.

ചങ്ങല കണ്ണികൾ തമ്മിൽ ഉരഞ്ഞു കാലിൽ മുറിവിന്റെ പാടും…
മുറിവുണങ്ങിയ പാടുകളും..
ഒന്നേ നോക്കിയുള്ളു അവൾ….

കണ്ണിൽ നിന്നടർന്ന കണ്ണുനീരിനെ സാരി തലപ്പിൽ തുടച്ച് അവൾ അവനരുകിൽ ഇരുന്നു..

അവൾ തലോടിയപ്പോൾ…

അവൻ അനുസരണയുള്ള കുട്ടിയെ പോലെ അവൾക്കരികിൽ ചേർന്ന് കിടന്നു…. നീണ്ട വർഷങ്ങളുടെ കത്തിരുപ്പാണ്.

കൂടെ പിറപ്പിനെ തിരികെ കിട്ടാൻ….

വിളിക്കാത്ത ദൈവങ്ങൾ ഇല്ല…
ചെയ്യാത്ത മരുന്നുകൾ ഇല്ല…..

എന്റെ ഏട്ടനാണ്….. എന്റെ വിവാഹം വരെ എന്റെ നിഴലായി… കാവലായി കൂടെ ഉണ്ടായിരുന്ന എന്റെ ഏട്ടൻ….

അച്ഛനും അമ്മയും ഏട്ടനും ഞാനും….. അതായിരുന്നു ഞങ്ങളുടെ സ്വർഗ്ഗം.

ഏട്ടനെ എങ്ങനെ ആണ് ഞങ്ങൾക്കു നഷ്ടപ്പെട്ടു തുടങ്ങിയത്.???

ഒരു തലവേദനയിൽ തുടങ്ങി….
പതിയേ സ്വബോധം നഷ്ടപ്പെട്ടുതുടങ്ങിയത്….

അച്ഛന്റെയും അമ്മയുടെയും കാലശേഷം ഏട്ടനെ എന്റെ ഉത്തരവാദിത്തമായി കണ്ട് ഞാൻ സംരക്ഷിക്കാൻ തുടങ്ങിയപ്പോൾ ആണ് പലർക്കും അത് ഇഷ്ടപ്പെടാതെ വന്നത്.

പിന്നീട് സ്വന്തം തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു. എന്റെ കൂടപ്പിറപ്പിനെ എനിക്ക് ഉപേക്ഷിക്കാൻ ആവില്ല….

ഒരു ഹോം നഴ്സും ഒരു വീട്ടുജോലിക്കാരിയും. അവരായിരുന്നു ഏട്ടന്റെ കാര്യങ്ങൾ നോക്കുന്നത്…

സ്വന്തമായി ഒരു ജോലി ഉള്ളത് കൊണ്ട് ഏട്ടന്റെ കാര്യങ്ങൾക്കായി മറ്റൊരാൾക്ക് മുന്നിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല.

കൂടെ നിന്നു നോക്കാൻ പറ്റുന്നില്ലെങ്കിലും കിട്ടുന്ന അവധി ദിവസങ്ങൾ എല്ലാം ഏട്ടനടുത്തേക്ക് ഓടിയെത്താറുണ്ട്..

ഹോം നഴ്‌സ്‌ പയ്യൻ മുറിയിലേക്ക് വന്നു… മരുന്നുകൾ എടുത്ത് രുദ്രന് നേരെ നീട്ടി.

ആ കൈയ്യിൽ ഒറ്റ തട്ടായിരുന്നു……
രൂക്ഷമായ ഒരു നോട്ടവും…..

അവൾ ആ ഗുളികകൾ പെറുക്കി എടുത്തു… വെള്ളവും ഗ്ലാസും കൈയ്യിൽ വാങ്ങി അവനെ പിടിച്ചെഴുന്നേൽപ്പിച്ച് അവളുടെ ചുമലിൽ ചാരി ഇരുത്തി.

മരുന്ന് അവന് നീട്ടി.. അതവൻ ശ്രദ്ധയോടെ വാങ്ങി കഴിച്ചു…

എന്തുകൊണ്ടാണ് എനിക്ക് മുൻപിൽ ഇപ്പോഴും ഒരു കുഞ്ഞിനെ പോലെ അനുസരണ ഉള്ളവനായി ഏട്ടൻ മാറുന്നത്…?

ഒരുപക്ഷെ ഏട്ടൻ എന്റെ സാമിപ്യം ഏറെ ആഗ്രഹിക്കുന്നത് കൊണ്ടാവും അല്ലേ…?
എന്റെ കണ്ണുനിറയാൻ അനുവദിച്ചിട്ടില്ല ഒരിക്കലും… ആ ഏട്ടനാണ്..

കൈയ്യിലെ ബാഗ് തുറന്ന് ഒരു പൊതി കൈയ്യിൽ എടുത്തു അവൾ.

ഇലയട.

ഏട്ടന് ഏറ്റവും പ്രിയപ്പെട്ടത്…

രുദ്രൻ അവളുടെ തോൾ ചാരി ഇരുന്നു…

ഓരോ തവണ അവൾ അത് അവന് കഴിക്കാൻ നീട്ടുമ്പോഴും..
നേർത്ത പുഞ്ചിരിയോടെ വാതുറന്നു…
അവനത് മുഴുവൻ കഴിച്ചു..

” കുഞ്ഞ് അടുത്തുള്ളത് കൊണ്ടാ ഇപ്പോൾ ഇത് കഴിയ്ക്കുന്നേ…
ഞാൻ കൊടുത്താൽ എടുത്ത് എറിയും…

അടുത്തോട്ടു പോകാൻ എനിക്ക് പേടിയാ… ആ പയ്യൻ പിന്നെ നിർബന്ധിച്ചു എന്തേലും കഴിപ്പിക്കും…
ചിലപ്പോ അതും ഉണ്ടാവില്ല… ”

അവർ മുറി വൃത്തിയാക്കി കഴിഞ്ഞു പുറത്തേക്ക്‌ പോയി….

അവൾ അവനെ തന്നെ നോക്കി… ഒരു ചലനവും ഇല്ലാതെ അവൻ ഇരുന്നു… ഏട്ടന്റെ ഓർമ്മകളിൽ എവിടെയോ ദ്രവിക്കാതെ ഇന്നും ഞാൻ ഉണ്ട്…

അവളുടെ മടിതട്ടിലേക്ക് അവൻ കിടന്നു….

മുടിയിഴകളിൽ അവൾ വിരലോടിച്ചു……

പതിയെ അവൻ ഉറങ്ങി…..

പണ്ട് സ്കൂൾ വിട്ടു വരമ്പിലൂടെ എന്നെ തോളിൽ ചുമന്നു വരാറുള്ള ഏട്ടൻ…

രാത്രി എന്നെ മടിയിൽ കിടത്തി ഉറക്കുന്ന ഏട്ടൻ …..

ഇടവമാസത്തിലെ മഴയത്ത് അടുപ്പിന്റെ ചൂടിൽ പിടിച്ചിരുത്തി കഞ്ഞി കോരി തരാറുള്ള ഏട്ടൻ….

ഓർമ്മകൾ…

ഇന്ന് എട്ടന്റെ ഓർമ്മകളിൽ എനിക്ക് എട്ടന്റെ പ്രിയപ്പെട്ട പലഹാരങ്ങളുടെ രുചിയാവും ….

ഓരോ തവണ വരുമ്പോഴും മറക്കാതെ കൊണ്ട് വരും ഏട്ടന് വേണ്ടി …..

എത്ര പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്…. അവൾ പതിയെ അവനെ നിലത്തു കിടത്തി…

നല്ല ഉറക്കം ആണ്… ഉണർന്നാൽ ചിലപ്പോ തന്നെ പോകാൻ അനുവദിക്കില്ല…

അവൾ യാത്ര പറയാതെ ഇറങ്ങി… മുറ്റത്ത് ഇറങ്ങി തിരിഞ്ഞു നോക്കുമ്പോൾ ജനൽ പടിയിൽ പിടിച്ച് രുദ്രൻ നില്കുന്നുണ്ടായിരുന്നു…

അവൾ അകലുന്നതും നോക്കി…..

നിറക്കണ്ണുകളോടെ…. ഒരു കൂടപ്പിറപ്പിന്റെ വേദനയോടെ…..

അവനെ അവൾക്ക് തിരിച്ച് കിട്ടും എന്ന പ്രതീക്ഷയോടെ അവളും നടന്നു …

Leave a Reply

Your email address will not be published. Required fields are marked *