എന്നെ മോളേന്നൊന്നും വിളിക്കണ്ട, ഇപ്പോ എവിടുന്നു വന്നു ഈ പ്രേമം എനിക്ക് വേദന ഉണ്ടെങ്കിൽ..

തിരയുടെ ചുംബനം
(രചന: Sabitha Aavani)

നടുമുറ്റം കടന്നു ചെല്ലുമ്പോൾ ആ മുറ്റം നിറയെ കടും നീല നിറമുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു .

എന്ത്ഭംഗിയാണ് ഈ പൂക്കൾക്ക് ഗായത്രി സ്വയം മൊഴിഞ്ഞു . അവൾ മുന്നോട്ട് നടന്നു . മുൻവാതിൽ പാതിചാരിയിട്ടേ ഉള്ളൂ .

അവൾ വിളിച്ചു … ” ശിവേട്ടാ….” ആരുടേയും അനക്കമില്ല . അവൾ അകത്തേക്ക് നടന്നു .

ശിവന്റെ മുറിയിൽ അവിടിവിടെയായി കുറേ പുസ്തകങ്ങൾ വാരിവലിച്ച് ഇട്ടിരിക്കുന്നു . മേശമേൽ, പാതി എഴുതിനിർത്തിയ ഒരു കവിത .

“നീറി വീഴുന്ന ചെമ്പനീർ പൂക്കൾ ”

അവൾ ആ കടലാസ്സ് കൈയ്യിലെടുത്ത് ആ വരികളിൽ കണ്ണോടിച്ചു … വടിവൊത്ത അക്ഷരങ്ങളിൽ കുറിച്ചകവിതയ്ക്ക് വിരഹത്തിന്റെ വേദന ഉണ്ടായിരുന്നു . പെട്ടന്നാണ് ശിവൻ തല തുവർത്തികൊണ്ട് മുറിയിലേക്ക് കയറി വന്നത് .

” ടീ.. നിന്നോട് പറഞ്ഞിട്ടില്ലേ …ഞാൻ ഇല്ലാത്തപ്പോൾ എന്റെ മുറിയിൽ കയറി ഞാൻ വെച്ചിരിക്കുന്നതൊന്നും തൊടരുത് എന്ന്? ”

“പിന്നെ … ഞാൻ തൊട്ടാൽ തേഞ്ഞുപോകുന്ന എന്ത് സാധനവാ ഈ കുടുസ്സ്മുറിയിൽ ഉള്ളത് ? വല്ല പാമ്പോ പഴുതാരയോ കാണുംഇവിടെ ….. ഇതൊക്കെ ഒന്ന് അടുക്കിപറക്കി വെച്ചൂടെ ശിവേട്ടന് ? ”

” രാവിലെവന്ന് എന്റെ മെക്കിട്ട് കേറിക്കോളും നീ പോയെ……. അടുക്കളപ്പുറത്ത് നിനക്ക് തിന്നാൻ വല്ലതും കാണും നീ അങ്ങോട്ട് ചെല്ല്….”

” അല്ല ശിവേട്ടാ … നമ്മടെ മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന ആ നീല പൂക്കൾ ആണോ ഈ നീറി വീഴുന്ന ചെമ്പനീർ പൂക്കൾ ? ”

” ടീ… ടീ… ”

ഗായത്രി അടുക്കളയിലേക്ക് പോയി .

” ശിവേട്ടാ…… ഓടി വാ.. ശിവേട്ടാ………”

ഗായത്രിയുടെ അലറിവിളി കേട്ട് ശിവൻ മുറിയിൽനിന്നും അടുക്കളയിലേക്ക് ഓടി … മുന്നിൽ തീപാറുന്നതാണ് ശിവൻ കാണുന്നത് .

ഗായത്രിയുടെ ഷാൾ നിലത്ത് എരിഞ്ഞുതീരുന്നു . അമ്മയുടെ സാരിയുടെ അറ്റംകൊണ്ട് അവളെ അമ്മ ചേർത്ത്പിടിച്ച് നിർത്തിയേക്കുന്നു. ഗായത്രിയുടെ കണ്ണുകളിൽനിന്നും ഭയംവിട്ട് മാറിയിട്ടില്ല.

“എന്ത് പറ്റിയതാ ഇവിടെ ……… ഇതെങ്ങനെ തീ പിടിച്ചു ? നീ ഇത്ര ശ്രദ്ധ ഇല്ലാതെ എന്ത് കാണിച്ചതാ ?” അമ്മയാണ് അതിന് മറുപടി നല്കിയത്.

“എനിക്കൊന്നും ഓർമ്മയില്ല ശിവാ…”
അവർ പറഞ്ഞുനിര്‍ത്തിയതും ഗായത്രി തുടർന്നു .

“ഞാൻ അടുപ്പിലെ തീ അണഞ്ഞത് ഊതിയതാ … അപ്പോഴേക്കും തീപടർന്ന് …”

“നിന്നോടാരാ ടീ ഇപ്പോ അടുപ്പിൽ ഊതാൻ പറഞ്ഞേ ? എന്തേലും പറ്റിയിട്ട് പിന്നെ ഞങ്ങള് തീവെച്ച്കൊന്ന് എന്നു പറയട്ടെ നാട്ടുകാര്…. ”

ശിവൻ ദേഷ്യത്തോടെ അവിടുന്ന് ഇറങ്ങി പോയി .. കലങ്ങിയ കണ്ണുകളുമായി ഗായത്രി അവനെ തന്നെ നോക്കി നിന്നു..

” പോട്ടെ മോളെ സാരമില്ല ..അവനെ നിനക്ക് അറിഞ്ഞുകൂടേ ? ഒന്നും മനസ്സിൽവെച്ചിട്ടല്ല …. നിനക്ക് ഒന്നും പറ്റിയില്ലല്ലോ മോളെ ?? ”

അമ്മായി അത് പറയുമ്പോൾ അവൾ വേദനയോടെ അവളുടെ ഇടത് കൈ നീട്ടി കാണിച്ചു …. നീളത്തിൽ പൊള്ളലേറ്റ പാട്…

” എന്റെ കൃഷ്ണാ …….. ഇത്രനേരം മിണ്ടാതെ നിന്നു കളഞ്ഞല്ലോനീയ് ??
വേഗം വാ നമുക്ക് ആശുപത്രിയിലേക്ക് പോകാം … അവനെ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ …”

” അമ്മായി വേണ്ട…. ഞാൻ വീട്ടിൽ പോയി അച്ഛന്റെ കൂടെ പൊയ്ക്കോളാം … ശിവേട്ടനെ ബുദ്ധിമുട്ടിക്കണ്ട …”

” അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ വെച്ചാണ് നിനക്ക് ഇങ്ങനെ സംഭവിച്ചത് അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കാണ് ….”

അവർ അകത്തുപോയി . ശിവനെവിളിച്ച് എന്തൊക്കെയോ പറഞ്ഞു …. ശേഷം അവർ സാരി മാറി വന്നു ..

വെളുത്ത കോലുപോലെ നീണ്ട കൈത്തണ്ട പൊള്ളിയടർന്നിട്ടും അവൾ ശിവന്റെ ദേഷ്യത്തെ പറ്റി മാത്രം ചിന്തിച്ചു. നിമിഷങ്ങൾക്കുള്ളിൽ ശിവൻ തിരികെ വന്നു.

“ഭഗവാനെ ദേ വരുന്നൂ….”

അവൾ ഉള്ളാൽ പറഞ്ഞു …

” നോക്കട്ടെ ടീ നിന്റെ കൈ…”

അവൾ കൈ അവനു നേരെ നീട്ടി …

“നന്നായിട്ട് പൊള്ളിയിട്ടുണ്ട് … നിന്റെ വായിൽ എന്തോയിരുന്നു അപ്പോ? ”

അത്ര നേരം മിണ്ടാതിരുന്ന ഗായത്രി ആ ചോദ്യത്തിന് മുന്നിൽ പൊട്ടിത്തെറിച്ചു.

” മനപ്പൂർവ്വം ഞാൻ, തീയിൽ ചെന്ന്കേറിയ പോലെ എന്നെ ചീത്ത പറയാൻ അറിയാരുന്നല്ലോ .. എനിക്കെന്തേലും പറ്റിയോന്ന് പോലും നോക്കാതെ ചാടി തുള്ളി പോകാൻ അറിയാമായിരുന്നല്ലോ … ? ആ മനുഷ്യനോട് ഞാൻ എന്ത് പറയാനാ ? ”

പറഞ്ഞു തീർന്നതും അവൾ പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു ..

അമ്മായി ഓടി വന്നു അവളുടെ തലയിൽ തലോടി

“മോള് കരയാതെ … ശിവാ …നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് പെൺകുട്ട്യോളുടെ കണ്ണീർ വീഴ്ത്തരുത് എന്ന്… നീ നിന്നു വൈകിപ്പിക്കാതെ ഞങ്ങളെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോ …. ”

” അമ്മ വരണ്ട…ഞാൻ കൊണ്ടുപോയിക്കോളാം.. നീ മോങ്ങാതെ…. ഞാൻ ചിലപ്പോ ദേഷ്യം കാണിച്ച് ഇറങ്ങി പോയി എന്നൊക്കെ വരാം.. നീ വരാൻ നോക്ക്.. വീട്ടിൽ കയറി ഡ്രസ്സ് മാറിയിട്ട് ഹോസ്പിറ്റലിൽ പോകാം ..” ശിവൻ പറഞ്ഞു നിർത്തി .

” ശിവേട്ടൻ ദേഷ്യം കാണിച്ചതിനൊന്നുമല്ല ഞാൻ കരയുന്നേ.. വേദനിച്ചിട്ടാ…”

“മിണ്ടാതെ വന്നോ വേഗം … നാക്കിനു ഒരു കുറവും ഇല്ല …”

വീട്ടുപടിക്കൽ നിന്നും ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഗായത്രിയും ശിവനും ആശുപത്രിയിലേക്ക് …

” ടീ മോളെ നിനക്ക് വേദനിക്കുന്നുണ്ടോ ?”

“എന്തോ എങ്ങനെ ..? എന്നെ മോളേന്നൊന്നും വിളിക്കണ്ട ….ഇപ്പോ എവിടുന്നു വന്നു ഈ പ്രേമം ? എനിക്ക് വേദന ഉണ്ടെങ്കിൽ ഞാൻ അങ്ങ് സഹിച്ചു…..”

“നിന്നോട് അല്ലാതെ വേറെ ആരോടാടി ഞാൻ ഈ സ്വഭാവം കാണിക്കേണ്ടേ.. ?
നീ എന്റെ പെണ്ണല്ലേ …?”

ബുള്ളറ്റ് ഗായത്രിയുടെ വീടിന്റെ മുറ്റത്ത് വന്നു നിന്നു ..

“നീ പോയി ഡ്രസ്സ് മാറി വാ … അമ്മയോട് തീപിടിച്ച് എന്ന് പറയണ്ട എന്തേലും കൈയിൽ തട്ടി പൊള്ളിയതാണ് എന്ന് പറഞ്ഞാൽ മതി ”

” ഇങ്ങള് എന്നെ തീ വെച്ച് എന്ന് തന്നെ പറയും …”

” വിളിച്ച് കൂവി നാട്ടുകാരെ കൂടി അറിയിക്ക് …..”

ഗായത്രി വേഗം വേഷം മാറി വന്നു . അവളുടെകണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു ..

” എന്താ ? നീ എന്തിനാ കരഞ്ഞേ ?
വേദന കൂടുന്നോ ?” മറുപടി പറയാതെ അവൾ കൈ നീട്ടി.

“ഡ്രസ്സ് മാറിയപ്പോ ഡ്രസ്സ് അതിൽ ഉരഞ്ഞു നല്ല വേദന …. ” അവിടമാകെ മാംസം ഇളകിയ പോലെ തോന്നി അവന് ..

“ശ്രദ്ധിക്കണ്ടെടീ…. നീ വേഗം കേറിയേ ….”

അവർ നേരെ ആശുപത്രിയിലേക്ക് പോയി … കൈ ഡ്രസ്സ് ചെയ്യാൻ കയറുമ്പോൾ വേദന കൊണ്ട് അവൾ പുളയുന്നത് കാണാൻ മനക്കട്ടി ഇല്ലാതെ അവൻ മാറി നിന്നു …

” നല്ല ആളുടെ കൂടാ ഞാൻ വന്നേ …
അമ്മായി ആയിരുന്നേൽ എന്റെ കൈയ്യും പിടിച്ച് കൂടിരുന്നേനെ … എന്തൊരു വേദനയാ …”

” ഉവ്വ്.. എന്നിട്ട് വേണം അമ്മയ്ക്ക് ബിപി കൂടി അമ്മയെ കൂടി ഈ ഹോസിപ്റ്റലിൽ ആക്കാൻ … ഇപ്പൊ തന്നെ അമ്മ ടെൻഷൻ അടിച്ച് ഒരു നൂറുവട്ടം വിളിച്ചു….”

“ആഹ്..സ്നേഹം ഉണ്ടായിട്ടാ…… അല്ലാണ്ട് ഇങ്ങളെ പോലെ അല്ല …”

” ഇവിടെ എങ്ങാനും ഇരിക്ക് ഞാൻ പോയി ഫാർമസീന്നു മരുന്ന് വാങ്ങിയിട്ട് വരാം…”

“കുറേ ഉണ്ടോ വിഴുങ്ങാൻ …?”

“മിണ്ടാതെ ഇരിക്ക് പെണ്ണെ നീ … ഇൻഞ്ചക്ഷൻ എടുത്തപ്പോ കിടന്നു വിളിച്ചു കൂവുന്ന കേട്ടല്ലോ….
നാണമുണ്ടോടി നിനക്ക് ?”

” അയ്യേ …. നാണം കെടുത്തല്ലേ മനുഷ്യ….
ഇങ്ങള് പോയി മരുന്ന് എടുത്തിട്ട് വാ ….”

ആശുപത്രിയിൽ നിന്നു അധികം വൈകാതെ അവർ ഇറങ്ങി ..

ശിവനൊപ്പം യാത്ര ചെയ്യുമ്പോൾ അവൾ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്… വെറുതെ അവനെ ഇറുക്കി പിടിച്ച് ചേർന്നിരിക്കുമ്പോൾ ലോകം കീഴടക്കുന്ന സന്തോഷമാണ് ..

അവളുടെ കൈകൾ തോളിൽ അമരുന്നത് അറിഞ്ഞിട്ടാവണം.. അവൻ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി .. പിന്നീട് വന്നു നിന്നതോ ബീച്ചിനു മുന്നിൽ …

“നല്ല വെയിലാണ് മനുഷ്യ …”

അവൻ ഒന്നും മിണ്ടാതെ നടന്നു …
പിറകെ അവളും … തണൽ നോക്കി നടന്നു ഒടുവിൽ ആ ബീച്ചിന്റെ ഒരറ്റത്ത് അവർ ഇരുന്നു … ഗായത്രിയുടെ മുഖത്തേക്ക് നോക്കി ശിവൻ ചോദിച്ചു ..

” വേദന ഉണ്ടോ …?”

” മ്മ്…..”

ശിവൻ അവളുടെ നീണ്ട കൈകൾ ചേർത്ത് പിടിച്ച് തലോടി …. അവൾ ദൂരേക്ക് കണ്ണുംനട്ടിരുന്നു … ഇടയ്ക്ക് ശിവൻ അവളെ മുഖം ഉയർത്തി നോക്കി …

” എന്തെ നീ മിണ്ടാത്തെ ……? വേദനിച്ചിട്ടാണോ ?”

അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു ….

“അല്ല …”

“പിന്നെ ..?”

” മൗനമായി നിങ്ങൾ എന്നെ പ്രണയിക്കുന്നത് നോക്കി ഇരുന്നതാ.”

“മ്മ് ..എന്നിട്ട് കണ്ടോ ? ”

“ഹാ ..”

“എവിടെ ?”

“ദേ നോക്ക് … ആ ഹൃദയത്തിൽ ഞാൻ ഉള്ളത് പോലെ … ഈ കടലിലെ നിലയ്ക്കാത്ത തിരമാലകൾ ഓരോ തവണ കരയെ ചുംബിച്ച് അകലുമ്പോഴും അടുത്ത ചുംബനത്തിനായി അവൾ കാത്തിരിക്കുന്ന പോലെ …”

“ആഹാ കൊള്ളാല്ലോ സാഹിത്യം …”

“പിന്നെ നിങ്ങൾക്ക് മാത്രേ പാടുള്ളോ? ”

അവൻ അവളുടെ പിൻകഴുത്തിൽ കൈ ചേർത്ത്പിടിച്ച് അവളുടെ നെറ്റിത്തടങ്ങളെ ചുംബിക്കുമ്പോൾ ..
നാണം കൊണ്ടവളുടെ മുഖം ചുവന്നിരുന്നു …..

“മതിയോ ”

“എന്ത് ?”

” തിരമാലയുടെ ചുംബനം ..”

“പോ….” അവൾ ശിവനെ നുള്ളി …

” ശിവന്റെ പെണ്ണല്ലേ നീ ….”

” അതേല്ലോ .. എന്തെ ? ”

” നിനക്ക് നൊന്താൽ എനിക്കും നോവും … നിനക്ക് പൊള്ളിയാൽ എനിക്കും പൊള്ളും ..”

” അറിയാം ..”

” പിന്നെ എന്തിനാ നീ രാവിലെ കരഞ്ഞേ ..?”

” അത് പിന്നെ വേദനയുടെ കൂടെ ഇങ്ങളെ വഴക്ക് കൂടി ആയപ്പോ …
സങ്കടം വന്നു ….. പക്ഷേ ഇപ്പോ തോന്നുന്നു … കൈ പൊള്ളിയത് നന്നായി ….. അതോണ്ടല്ലേ ശിവേട്ടനുമായുള്ള ഈ നിമിഷങ്ങൾ ഒക്കെ എനിക്ക് കിട്ടിയത് ..? ”

” പൊട്ടി … കൈ പൊള്ളിയിട്ട് വേണോ നിനക്ക് എന്റെ കൂടെ കറങ്ങാൻ ….?”

” പിന്നെ അല്ലാതെ വിളിച്ചാൽ ഇപ്പോ വരും … നോക്കി ഇരുന്നേച്ചാൽ മതി …”

” ടീ … വേദന ഉണ്ടോ ..?”

” മ്മ് … ചെറുതായിട്ട് …”

” എന്റെ തോളിൽ ചാരി ഇരുന്നൂടേ …? ”

“മ്മ് ..”

ഗായത്രി ശിവന്റെ നെഞ്ചോരം ചാരി ഇരുന്നു …… കടൽക്കാറ്റ് അവരെ തഴുകി തലോടി കടന്നുപോയി ……ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ഇരിക്കുമ്പോൾ ….

അവനും തോന്നി … എത്ര പ്രിയപ്പെട്ട നിമിഷങ്ങളാണ് അവൾ തനിക്ക് സമ്മാനിക്കുന്നത് … തിരമാലകൾ പിന്നെയും കരയെ തഴുകി തലോടി കടന്നു . ഓരോ തിരമാലകളും അവന്റെ ചുംബനങ്ങളായി തോന്നി ഗായത്രിയ്ക്ക് ….

“ശിവേട്ടാ…”

” മ്മ് …”

” എന്റെ കൈയ്യിലെ പൊള്ളലിന് നമ്മുടെ പ്രണയത്തിന്റെ മധുരം ഇല്ലേ ? ”

” ഉണ്ടോ ..?”

” ഉണ്ട് …. നാളെ എന്റെ കൈ തണ്ടയിൽ വെറും ഒരു പാട് മാത്രം അവശേഷിക്കുമ്പോഴും നമ്മൾ ഓർക്കില്ലേ ഈ ഒരു ദിവസത്തെ പറ്റി ….?
ഓർക്കും ….. ഇല്ലേ ? ”

” മ്മ് .. ഓർക്കും …”

” അപ്പൊ തോന്നില്ലേ .. ഒരിക്കൽ കൂടി ആ നിമിഷങ്ങളൊക്കെ തിരിച്ചു കിട്ടിയെങ്കിൽ എന്ന് ..”

” മ്മ് …”

ശിവന്റെ കൈയിൽ നുള്ളികൊണ്ട് അവൾ പറഞ്ഞു

” നിങ്ങളോടു എനിക്ക് ഭ്രാന്ത് പിടിച്ച പ്രണയമാണ് മനുഷ്യ … മൗനമായി തരുന്ന ഈ പ്രണയത്തിനും …. ഇടിമിന്നലായി പെയ്യുന്ന ദേഷ്യത്തിനും ……എന്നെ തണുപ്പിക്കുന്ന ഈ കരുതലിനും …. ഞാൻ എന്ത് പകരം തരാൻ? ”

ശിവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു ……

” മ്മ് ..? മിണ്ടില്ലേ? ” അവൾ ചോദിച്ചു …

” എന്ത് പറയാനാ ? നീ പറയുന്നത് കേൾക്കുന്നുണ്ടല്ലോ ഞാൻ ….”

“മ്മ് ”

മൗനമായി അവൻ നൽകുന്ന പ്രണയത്തെ നെഞ്ചോരം ചേർന്നിരുന്നു കവരുമ്പോൾ തിരമാലകൾ പിന്നെയും ആഞ്ഞടിച്ചു”

ദിവസങ്ങൾ കഴിഞ്ഞു … ശിവന്റെ പെണ്ണായി ഗായത്രി ആ വീട്ടിൽ വന്നു കയറി ……

ദിവസവും വിരിയാറുള്ള കടും നീലപ്പൂക്കൾ പിന്നെയും പൂവിട്ടു കൊണ്ടിരുന്നു ……

അവൻ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ആ പൊള്ളലിന്റെ പാടിന് ഇപ്പോഴും തിരമാല കാത്തിരിക്കുന്ന കരയുടെ മനസ്സാണ് ….. തിരമാലയുടെ ചുംബനം കൊതിക്കുന്ന കരയുടെ മനസ്സ് ….

Leave a Reply

Your email address will not be published. Required fields are marked *