അനന്തേട്ടാ അവൾ പകപ്പോടെ ചുറ്റുംനോക്കി, ഇല്ല മുറിയിലാരുമില്ല ആ വിളി തന്റെ തോന്നൽ..

നോവ്
(രചന: Bhadra Madhavan)

തൊടിയുടെ ഒരു ഓരത്തായി അനന്തന്റെ ചിത കത്തിയെരിയുന്നത് ഭദ്ര നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു…

പുറത്താരുടെയൊക്കെയോ വിതുമ്പലുകളും പതം പറച്ചിലുകളും അവൾക്ക് കേൾക്കാമായിരുന്നു

ഭദ്ര കണ്ണുകൾ തുടച്ചു കൊണ്ട് കിടക്കയിൽ വന്നിരുന്നു….നേരെ മുൻപിലുള്ള കണ്ണാടിയിലേക്ക് അവളൊന്നു പാളിനോക്കി….

പാറി പറന്ന് കിടക്കുന്ന മുടിയിഴകളെ രണ്ടായി പകുക്കുന്ന സീമന്ത രേഖയിൽ ഇപ്പോഴുമുണ്ട് ഒരിറ്റ് സിന്ദൂരചുവപ്പ്…

പ്രിയപ്പെട്ടവന്റെ ആയുസിന്റെ ചുവപ്പ്….. കുറച്ചു കൂടി താഴെ ഉയർന്നു നിൽക്കുന്ന മാറിടങ്ങൾക്ക് മീതെ മിന്നുന്ന ഒരു കുഞ്ഞുതാലി…അവളതിൽ ഇരുകൈ കൊണ്ടും ചുറ്റിപിടിച്ചു….

കരയരുതെന്ന് മനസിനെയും കണ്ണുകളെയും ആയിരം വട്ടം പറഞ്ഞു പഠിപ്പിച്ചിട്ടും മനസ് കീറിമുറിയും പോലെ….കണ്ണുകൾ നീറിചുവന്നു നീരിറ്റുന്നു..അവൾ ഇരുകണ്ണുകളും ഇറുക്കിയടച്ചു

ഭദ്രേ നീട്ടിയുള്ള ഒരു വിളിയിൽ അവളൊന്നു ഞെട്ടി….

അനന്തേട്ടാ…..അവൾ പകപ്പോടെ ചുറ്റുംനോക്കി…. ഇല്ല മുറിയിലാരുമില്ല….

ആ വിളി തന്റെ തോന്നൽ മാത്രമായിരുന്നു…സത്യം ഇനിയും ഉൾകൊള്ളാൻ സാധിക്കാത്ത തന്റെ മനസിന്റെ വെറുമൊരു തോന്നൽ മാത്രം

പുറത്ത് ചെറുതായി മഴ ചാറാൻ തുടങ്ങിയിരിക്കുന്നു….ഉടലാകെ തണുപ്പ് അരിച്ചു കേറുന്നു…

അവൾ ചുളിഞ്ഞ കിടക്ക വിരികളിൽ തലോടി…ഈ കിടക്കയിൽ ആ വിരിഞ്ഞ നെഞ്ചിൽ മുഖം ചേർത്ത് വെച്ചായിരുന്നില്ലേ കഴിഞ്ഞ 12 വർഷങ്ങളായി താൻ ഉറങ്ങിയിരുന്നത്…

മഴ നിർത്താതെ പെയ്യ്ത എത്ര രാവുകളിൽ അനന്തേട്ടന്റെ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ താനൊരു പൂച്ചകുഞ്ഞിനെ പോലെ ചൂട് പറ്റി കിടന്നിരിക്കുന്നു…..

ഭദ്ര അഴിഞ്ഞുലഞ്ഞ മുടി ഒതുക്കി വെച്ചു ജനാലയുടെ അരികിൽ പോയി വീണ്ടും തൊടിയിലേക്കൊന്നു നോക്കി….

വേണ്ട… കാണണ്ട കത്തിയെരിഞ്ഞു തീരുന്നത് കാണാൻ ഇനിയും വയ്യ… അവൾ തിരിച്ചു കിടക്കയിൽ വന്നിരുന്നു…..

കിടക്കയുടെ അരികിലായി കിടന്ന മേശപ്പുറത്ത് അയാളുടെതു മാത്രമായ ചിലതൊക്കെ ചിതറി കിടന്നിരുന്നു…..ഒരു ചെറിയ മഷിക്കുപ്പി…

വായിച്ചതും വായിക്കാത്തതുമായ നിരവധി പുസ്തകങ്ങൾ….

സ്വന്തമെന്ന് കരുതിയ സുഹൃത്തുകൾക്ക് വിശേഷങ്ങൾ കുറിക്കാനായി വാങ്ങി വെച്ച കുറച്ചു നിറം മങ്ങിയ ഇല്ലന്റുകൾ…

സി ഗ ര റ്റ് കുറ്റികൾ നിറഞ്ഞൊരു ആഷ് ട്രേ…കട്ടിയുള്ള പുറംചട്ടയുള്ള പകുതി മുക്കാലും എഴുതി തീർന്നൊരു തടിച്ച ഡയറി

അവളാ ഡയറിയെടുത്തു ഒരു വിങ്ങലോടെ നെഞ്ചോടു ചേർത്ത് പിടിച്ചു….

ഇതിൽ ആ നീണ്ട വിരലുകളുടെ ചൂടറിയാൻ സാധിക്കുന്നുണ്ടോ….അവൾ ശ്രദ്ധയോടെ ആ ഡയറിയുടെ ഓരോ താളുകളായി മറിച്ചു…

വടിവൊത്ത കൈയക്ഷരത്തിൽ എത്ര മനോഹരമായാണ് അദ്ദേഹം തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെയും പകർത്തി വെച്ചിരിക്കുന്നത്

1998 നവംബർ 8…അവിടെ തീർന്നിരിക്കുന്നു ആ ഡയറിയിലെ എഴുത്ത്…. അതായത് ഇന്നലെ…

“12വർഷങ്ങൾക്ക് മുൻപ് ഏതോ ഒരു പ്രണയദിനത്തിൽ ഞാൻ വാങ്ങിക്കൊടുത്ത ആ വെള്ളാരംകല്ല്‌ മൂക്കുത്തിയോട് അവൾക്കെന്താണ് ഇത്ര പ്രണയമെന്ന് എനിക്ക് മനസിലാവുന്നില്ല…..

രാവിലെ മുതൽ പിറകെ കൂടിയതാണ് അയഞ്ഞു പോയ അതിന്റെ പിരിയൊന്നു ശരിയാക്കി തരുവാൻ പറഞ്ഞുകൊണ്ട്…അതിന് പകരം വേറെയൊന്നു വാങ്ങി തരാമെന്ന് പറഞ്ഞിട്ടും സമ്മതമല്ല…

അത് തന്നെ മതിയെന്ന്….ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോ…. പ്രിയപ്പെട്ടവയെല്ലാം അതെത്ര ചെറുതായാലും വിലപ്പെട്ട ഒന്നായി കണ്ട് സൂക്ഷിച്ചു വെയ്ക്കുമോ….

അറിയില്ല പക്ഷെ താനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടില്ലേ പണ്ടെങ്ങോ പൊട്ടി വീണ അവളുടെ കുറെ കുപ്പിവള തുണ്ടുകളും വെള്ളികൊലുസിലെ ഒരു ഒറ്റമണിയും…..”

തുടർന്നങ്ങോട്ട് വായിക്കാനാവാതെ കണ്ണുനീരാൽ ഭദ്രയുടെ കാഴ്ച്ച മങ്ങി

വെള്ള പുതച്ച ബോഡി ഇവിടെ എത്തിച്ചവരിൽ ആരോ തന്നിട്ടുപോയ ചോരയിൽ കുതിർന്ന ഇളംനീല ഷർട്ടിന്റെ കീശയ്ക്കുള്ളിൽ ഒരു കൊച്ച് അലങ്കാരപെട്ടിയിൽ ഉണ്ടായിരുന്നു പിരി മുറുക്കി മാറ്റ് കൂട്ടിയ തന്റെ ആ കുഞ്ഞ്മൂക്കുത്തി

ഭദ്ര മൂക്കുത്തിതുളയിൽ ഇട്ടിരുന്ന നേർത്ത തുളസികമ്പിൽ വിരലോടിച്ചു… ഇനിയെന്തിന്…ആർക്ക് വേണ്ടി താനിനി മൂക്കുത്തിയണിയണം…

കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ മടിയിൽ വീണു ചിതറി…സാരി തുമ്പാൽ കണ്ണ് ഒപ്പുമ്പോൾ അവളുടെ കാലിലെ കൊലുസ് കിലുങ്ങി…

വേദന നിറഞ്ഞ ചിരിയോടെ അവൾ ശ്രദ്ധയോടെ അതഴിച്ചെടുത്തു… പരസ്പരം പുണർന്നു വികാരങ്ങൾ പെയ്യ്തൊഴിഞ്ഞ എത്ര രാത്രികാലങ്ങളിൽ ഇവ തന്റെ കാലിൽ കലപില താളമിട്ടിരിക്കുന്നു….

അഴിച്ചെടുത്ത കൊലുസുമായി അവൾ അലമാര ലക്ഷ്യമാക്കി നടന്നു…..

അലമാരയിലെ ഉള്ളറയിലേക്ക് അവളാ കൊലുസ് പൊതിഞ്ഞു വെച്ചു….ഒപ്പം കയ്യിലെ നാലു നേർത്ത സ്വർണവളകളും കാതിലെ ചുവന്ന ചെറിയ ജിമിക്കിയും ഊരി വെച്ചു

കഴുത്തിലെ താലിമാലയിൽ അവളൊന്നു തൊട്ടു…. ഭദ്രയെന്ന പൊട്ടിപെണ്ണിനെ അനന്തൻ എന്ന സ്കൂൾ മാഷ് താലി ചാർത്തിയ മനോഹര നിമിഷങ്ങൾ മനസിലേക്ക് ഇരമ്പി കേറി വന്നു….

അന്നൊരു പുളിയിലകര കസവുസാരിയായിരുന്നില്ലേ താൻ ധരിച്ചിരുന്നത്…. അതെവിടെ???അവൾ അലമാരയാകെ തിരഞ്ഞു…

പട്ടുസാരികൾ അടുക്കി വെച്ചിരുന്ന ഒരു അറയിൽ നിന്നും അവളത് തേടിപിടിച്ചെടുത്തു…ഏതോ ഒരു ബ്ലൗസും തിരഞ്ഞെടുത്തു കൊതിയോടെ അവളാ സാരി ദേഹത്ത് ചുറ്റി…

ആ സാരി തുമ്പാൽ തന്നെ അവൾ മുഖം അമർത്തി തുടച്ചു…. അരികിലിരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് വിരൽ തുമ്പാൽ തൊട്ടെടുത്തു നെറ്റിയിലൊരു പൊട്ട് വെച്ചു….

ബാക്കി വന്ന സിന്ദൂരമറിയാതെ സീമന്താരേഖയിലും തൊട്ടു…..എപ്പോഴും പൊട്ട് വെച്ചതിന്റെ ബാക്കി കൊണ്ട് സിന്ദൂരം തൊടുകയെന്നത് അവളുടെ ശീലമായിരുന്നല്ലോ….

കഴുത്തിലെ താലിയുടെ സ്ഥാനമൊന്നു നേരെയാക്കി ഉലഞ്ഞു പാറിയ മുടിയും ഒതുക്കി വെച്ച് അവൾ കണ്ണാടി നോക്കി

താനിപ്പോ ആ പഴയ ഇരുപത്തിമൂന്നു വയസുകാരിയല്ലേ…..

അനന്തനെ പ്രണയിച്ചു അവനൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട ആ പഴയ ഭദ്രയെന്ന ഇരുപത്തിമൂന്നുകാരി പെണ്ണ്..അവൾ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ പതിയെ തലോടി

വീണ്ടും എന്തിനൊക്കെയോ വേണ്ടി അവൾ അലമാരയിൽ പരതി കൊണ്ടിരുന്നു…നേർത്ത ചന്ദനത്തിന്റെ സുഗന്ധം തങ്ങി നിന്നിരുന്ന ഒരറയിൽ ചെന്ന് ആ കൈകൾ നിശ്ചലമായി…

ആ അറയിൽ അയാളുടെ ഇളംനിറത്തിലുള്ള ഖദർ ഷർട്ടുകളും മുണ്ടുകളും ഭംഗിയായി തേച്ച് മടക്കി വെച്ചിരുന്നു….ശ്രദ്ധയോടെ ഒരു ഷർട്ടവൾ അറയിൽ നിന്നും വലിച്ചെടുത്തു നെഞ്ചോടു ചേർത്തു….

ഇവയ്ക്ക് അനന്തേട്ടന്റെ ഗന്ധമാണ്…. പിറുപിറുത്തു കൊണ്ട് അവളാ വസ്ത്രം തന്റെ മുഖത്തേക്ക് വിടർത്തിയിട്ട് ഉള്ളിലേക്ക് ശ്വാസം ആഞ്ഞു വലിച്ചു….

അയാളുടെ വിയർപ്പിന് ചന്ദനത്തിന്റെയും മുടിയിഴകൾക്ക് കർപ്പൂരത്തിന്റെയും സുഗന്ധമായിരുന്നു…

അയാളുടെ കയ്യിൽ തല വെച്ച് നെഞ്ചിലേക്ക് ചാരി കിടന്നു കൊണ്ടവളത് പറയുമ്പോൾ അയാൾ മനോഹരമായി പുഞ്ചിരിക്കുമായിരുന്നു….

അവളെ തിരിച്ചു കിടത്തി “നിനക്ക് നല്ല മധുരമുള്ള ഉണ്ണിയപ്പ”ത്തിന്റെ മണമാണെന്ന് തലയിലെ എണ്ണമെഴുക്കു പുരട്ട അവളുടെ പിൻകഴുത്തിൽ മൃദുവായി കടിച്ചു കൊണ്ട് അയാൾ തിരിച്ചു പറയുമായിരുന്നു

ഓർമ്മകൾ വീണ്ടും അവളുടെ കണ്ണുകളെ ഈറനാക്കി….മേശപുറത്ത് വെച്ചിരുന്ന തങ്ങളുടെ വിവാഹഫോട്ടോയിലേക്ക് അവളൊന്നു നോക്കി….

എന്ത് സന്തോഷമായിരുന്നു അന്നത്തെ ദിവസം….അന്ന് അമ്പലനടയിൽ വെച്ച് നിന്റെ മരണം വരെ നിനക്ക് കൂട്ടുണ്ടാവുമെന്ന് പറഞ്ഞിട്ടിപ്പോ പോയില്ലേ….

ഒരു വാഹനപകടത്തിലൂടെ എന്നെയിവിടെ തനിച്ചാക്കി പോയില്ലേ അവൾ അധരങ്ങൾ കടിച്ചമർത്തി വിങ്ങി കരഞ്ഞു

തന്റെ കയ്യിലിരുന്ന അയാളുടെ ഷർട്ട് ശ്രദ്ധയോടെ തിരിച്ചു വെച്ചു അവൾ കിടക്കയിലേക്ക് ചുരുണ്ടു കിടന്നു…

ഭദ്രേ…

ചെവിക്ക് പിന്നിലായി ആരുടെയോ നിശ്വാസവായു തട്ടിയപ്പോൾ അവളൊന്നു തിരിഞ്ഞു കിടന്നു…..

അടുത്തായി അനന്തൻ കിടപ്പുണ്ടായിരുന്നു… അയാളുടെ നെറ്റിയിൽ നിന്നും തലയ്ക്കു പിന്നിൽ നിന്നും രക്തം മുഖത്തേക്ക് പടർന്നൊഴുകുന്നുണ്ടായിരുന്നു…..

അനന്തേട്ടാ……കൈവിട്ടു പോയ വിലപ്പെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഭദ്ര അയാളെ ഇറുകെ പുണർന്നു…….

നീ തനിച്ചായല്ലേ??????

അയാൾ അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തു

മ്മ്…. അവൾ വിങ്ങി കരഞ്ഞു

നീ വരുന്നോ… എനിക്കൊപ്പം…അങ്ങ് ദൂരേക്ക്…..മേഘങ്ങൾക്ക് ഇടയിലൂടെ….സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരിടത്തേക്ക് വരുന്നോ???

അയാൾ വാത്സല്ല്യത്തോടെ ചോദിച്ചു

മ്മ്….വരാം എനിക്കാവില്ല അനന്തേട്ടാ ഇവിടെ തനിച്ച് ….. അവളുടെ തൊണ്ടയിടറി

അയാൾ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു…പിന്നെ നേർത്തൊരു പുകപടലം പോലെ അവൾക്ക് മുൻപിൽ നിന്നും എങ്ങോ മാഞ്ഞു പോയി….

അയാളെ ഇറുകെ പുണർന്നിരുന്ന അവളുടെ കരങ്ങൾ പതിയെ കിടക്കയിലേക്ക് തളർന്നു വീണു….ഒരു ദീർഘശ്വാസത്തോടെ അവളുടെ കണ്ണുകളും കൂമ്പിയടഞ്ഞു……

ഏറെനേരത്തെ വിളികൾക്ക് മറുപടി കിട്ടാതെ വന്നപ്പോൾ ആരൊക്കെയോ ചേർന്ന് വാതിൽ ചവിട്ടി തുറന്ന് അകത്തു കേറുന്നതും പ്രിയപ്പെട്ടവരാരോ അലറി കരയുന്നതും കിടക്കയിൽ കിടന്നിരുന്ന അവളറിയുന്നുണ്ടായിരുന്നില്ല…..

അവളുടെ നെറ്റിയിലെ ചുവന്ന സിന്ദൂരപ്പൊട്ടു പാതി മാഞ്ഞിരുന്നു. ദേഹം തണുത്തു മരവിച്ചിരുന്നു..

പക്ഷെ ചുണ്ടിലൊരു ചെറുപുഞ്ചിരിയുണ്ടായിരുന്നു… മരണത്തെ പോലും തോൽപിച്ച മനോഹരമായ പുഞ്ചിരി….

Leave a Reply

Your email address will not be published. Required fields are marked *