ഒരു യാത്രാമൊഴി
(രചന: Rivin Lal)
ദുബായിൽ നിന്നും കരിപൂരിൽ വിമാനം ഇറങ്ങി ചെക്ക് ഔട്ട് കഴിഞ്ഞു ഇറങ്ങുമ്പോളേക്കും അലന്റെ കോൾ വന്നു.
“എത്തീലെടാ.? കഴിഞ്ഞില്ലേ ചെക്കിങ്.? ഞാനിതാ പുറത്തു കാറുമായി നില്പുണ്ട് ട്ടോ.”
ഞാൻ ഫോണും പിടിച്ചു പുറത്തേക്കിറങ്ങിയതും അവൻ പുറത്തു നിന്ന് കൈ പൊക്കി കാണിച്ചു.
എയർപോർട്ടിൽ ചുറ്റും ആൾക്കാർ.. ഉറ്റയവരെയും ഉടയവരെയും കാത്തു നിൽക്കുന്നവർ.
പുറത്തേക്കു വരുന്ന ഓരോ ആളുകളെയും അതവരുടെ പ്രിയപ്പെട്ടവർ ആകുമോ എന്ന് ആകാംഷയോടെ നോക്കുന്നത് കാണുമ്പോളാണ് പലർക്കും നമ്മളോടുള്ള സ്നേഹത്തിന്റെ അളവ് മനസ്സിലാകുക.!!
ഞാൻ അവന്റെയടുത്തേക്ക് ലഗേജ് ട്രോളിയുമായി നടന്നു. അടുത്തെത്തിയതും ഒരൊറ്റ കെട്ടി പിടുത്തമായിരുന്നു അവൻ.
“എത്ര നാളായെടാ പഹയാ നിന്നെയൊന്ന് കണ്ടിട്ട്.!! യാത്രയൊക്കെ സുഖമായിരുന്നോ.? തടിച്ചു നല്ലോണം നീ. അതിനെങ്ങിനെയാ ഇരുപത്തിനാല് മണിക്കൂറും തീറ്റ തന്നെയല്ലെ. എപ്പോൾ നോക്കിയാലും നിന്റെ സ്റ്റാറ്റസ് ഫുഡിന്റെ ആയിരിക്കും. അതാ ഈ കാണുന്നതൊക്കെ.!”
അവൻ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
“ടാ. ടാ .. മതി മതി.!! ജീവിച്ചു പൊയ്ക്കോട്ടേ പാവം പ്രവാസിയാണ് കേട്ടോ.! നീ വൈകിക്കാതെ വണ്ടി എടുക്ക്. നമ്മൾക്ക് പോകണ്ടേ.!”ഞാൻ പറഞ്ഞു.
അവനാ ഡ്രൈവ് ചെയ്തത്.. വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
“അല്ലാ മോനെ. എന്താ നിന്റെ പ്ലാൻ.? ഇത്തവണയെങ്കിലും വല്ലതും നടക്കുമോ.? ഞാൻ ഇന്നലെ നിന്റെ അമ്മയെ കണ്ടിരുന്നു. കോഴിക്കോട് ഏതോ കുട്ടിയെ കാണാൻ ഉണ്ട് എന്നോ മറ്റോ സൂചിപ്പിച്ചു. ഇന്ന് എല്ലാം നീ വന്നിട്ടു നേരിട്ടു പറയാം എന്നാ പറഞ്ഞെ.”
“നീയൊന്നു പോയെ. ആകെ അടിച്ചു പൊളിക്കാൻ കിട്ടണ മുപ്പതു ദിവസമേ ഉള്ളൂ. അപ്പോളാ ഇനി പെണ്ണ് കാണൽ. അമ്മ അങ്ങിനെ പലതും പറയും. നീയും കൂടി ഇനി അത് കേട്ടു തുള്ളേണ്ട കേട്ടോ. ഞാൻ പറഞ്ഞു നിർത്തി.
“എന്തേലും കാണിക്ക്. നീ നന്നാവൂലെടാ.. ഒരിക്കലും നന്നാവൂല്ലാ.!!” അവന്റെ ശകാരം കൂടി വന്നപ്പോൾ എനിക്ക് തൃപ്തിയായി.
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ എന്റെ വീടെത്തി.
മുറ്റത്തേക്കിറങ്ങിയതും എല്ലാരും വന്ന് ഭയങ്കര സ്വീകരണം. അതാണല്ലോ അതിന്റെ ആ ഒരു രീതിയും.
അങ്ങിനെ എല്ലാരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു നമ്മുടെ നാട്ടിലെ നല്ല ശുദ്ധമായ വായു ഒക്കെ ശ്വസിച്ചു രാത്രി ഞാൻ അമ്മ ഉണ്ടാക്കിയ നാടൻ ഭക്ഷണവും കഴിച്ചു ഉമ്മറ കോലായിൽ ഇരുന്നു പുറത്തേക്കും നോക്കി കാറ്റു കൊണ്ടിരിക്കയായിരുന്നു.
അപ്പോളതാ അനിയത്തിയുടെ വരവ്. അമ്മ പിന്നിൽ നിന്നും അവളെ കുത്തി പായിപ്പിക്കാണെന്ന് എനിക്ക് അവളുടെ വരവ് കണ്ടപ്പോളേ മനസിലായി.
“എന്താ മോളേ.ഒരു ചുറ്റി കളി. ഞാൻ അവളോടായി ചോദിച്ചു.!”
ഏട്ടാ.. അതില്ലേ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ. ? അവൾ ചോദിച്ചു.
“നീ പറ മോളേ.. എന്താ നിനക്ക് അറിയണ്ടേ.!!?” ഞാൻ ചോദിച്ചു.
“അത് പിന്നെ ഏട്ടാ.. മറ്റന്നാൾ ഞായറാഴ്ച ഏട്ടൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം.! വരില്ലേ.??
“വരാലോ. എങ്ങോട്ടാ.” ഞാൻ ചോദിച്ചു.
“അതൊന്നും പറയൂല. അതൊക്കെ നേരിട്ടു എത്തുമ്പോൾ ഏട്ടൻ അറിഞ്ഞാൽ മതി. അവൾ കാര്യമായി എന്തോ ഒളിപ്പിക്കാൻ തുടങ്ങി.
“വൈകിട്ടാകുമ്പോളേക്കും തിരിച്ചു വരണം. അങ്ങിനെയാണേൽ വരാം. ഞാൻ സമ്മതിച്ചു!”
അത് കേട്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് നിറയുന്നതും ഇടം കണ്ണിട്ടു അവൾ അമ്മയെ നോക്കി ചിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.
പിന്നെ ഞാൻ അതത്ര കാര്യമാക്കിയില്ല. ഓണമല്ലേ വരുന്നേ. വല്ല ഷോപ്പിങ്ങിനും പോയി പൈസ പൊടിക്കാൻ ആകും. ഞാൻ അങ്ങിനെ കരുതി അത് അപ്പോളെ വിട്ടു.
അടുത്ത ദിവസം പുറത്തൊക്കെ പോയി സമയം പോയി.മൂന്നാം നാൾ.ഞായറാഴ്ച നേരം വെളുത്തു.
ധാ എന്നെ കുത്തി വിളിക്കുന്നു. അനിയത്തി വീണ്ടും.
“ഏട്ടാ.. ഒന്ന് എണീറ്റെ.. സമയം പതിനൊന്നു കഴിഞ്ഞു. മതി ഉറങ്ങിയത്. നമുക്കു പോകണ്ടേ.?”
ചുരുക്കി പറഞ്ഞാൽ അവളെന്നെ കുത്തി പൊക്കി കുളിമുറിയിലേക്ക് തള്ളി വിട്ട് എന്നെ റെഡിയാക്കിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. ചായ കുടിച്ചു ഞാൻ റെഡി ആയപ്പോൾ അവൾ പറഞ്ഞു
“ഏട്ടൻ ഇന്നാ പിങ്ക് പ്ലെയിൻ ഷർട്ടും ബ്ലൂ ജീൻസും ഇട്ടാൽ മതി.”
അതെന്താ ആ ഡ്രെസിനു ഇത്ര പ്രത്യേകത.? ഞാൻ ചോദിച്ചു.
“അത് പിന്നെ അത് ഏട്ടന് നന്നായി ചേരും. അത് കൊണ്ട് അത് മതി. ഞാൻ അലക്കി തേച്ചു വെച്ചിട്ടുണ്ട് കേട്ടോ. അതും പറഞ്ഞു അവളാ പിങ്ക് ഷർട്ടും ജീൻസും എനിക്ക് കൊണ്ട് തന്നു.
അങ്ങിനെ ഒരുങ്ങി ഞങ്ങൾ ഇറങ്ങി. അപ്പോൾ ദേ അമ്മയും കൂടെ കയറുന്നു കാറിൽ.
“അമ്മ ഇതെങ്ങോട്ടാ.ഞാൻ ചോദിച്ചു.”
എനിക്കെന്റെ ഒരു പഴയ കൂട്ടുകാരിയെ കാണാൻ ഉണ്ട്. നീ വണ്ടി വിടെടാ മോനേ.!” അമ്മയുടെ മറുപടി കേട്ട് ഞാൻ അകെ കൺഫ്യൂഷൻ ആയി. എന്തൊക്കെയോ നടക്കുന്നുണ്ട്.
ഒരു എത്തും പിടിയും കിട്ടുന്നില്ല. കാർ ഓടി തുടങ്ങി.
കുറെ ഇടത്തോട്ടു . കുറെ വലത്തോട്ട് .. കുറേ നേരെ എന്നൊക്കെ അനിയത്തി പറയുന്നുണ്ട്. അവസാനം ഒരു ഇട വഴിയിലൂടെ ഒരു ടെറസിട്ട ഇരു നില വീടെത്തി.ഞങ്ങൾ മൂന്നു പേരും ഇറങ്ങി.
കാറിന്റെ ശബ്ദം കേട്ടതും വീടിന്റെ അകത്തു നിന്നും അപ്പോളേക്കും വീട്ടുകാർ അതിഥികളെ സ്വീകരിക്കാൻ പുറത്തേക്കു വന്നു. എനിക്ക് ആദ്യം വലിയ പ്രത്യേകത ഒന്നും തോന്നീല.
പിന്നെ ഹാളിൽ ഇരുന്നു കാരണവരോട് അമ്മ നല്ല സംസാരം. അനിയത്തി അതാ പെട്ടെന്ന് നേരെ അടുക്കളയിലേക്കു പോകുന്നു. കാരണവർ എന്നോടായി ചോദിച്ചു.
“മോന് കുറെ ദിവസം ലീവ് ഉണ്ടോ. ജോലി ഒക്കെ എങ്ങിനെ പോണു.??”
“കുഴപ്പമില്ല. ഒരു മാസത്തെ ലീവ് ഉണ്ട്.” ഞാൻ മറുപടി പറഞ്ഞു.
“കേട്ടോ മോനെ. നിന്റെ അനിയത്തികുട്ടിയും എന്റെ മോളും ഒരുമിച്ചു ഒരേ ഹോസ്പിറ്റലിലാ ജോലി ചെയ്യുന്നേ. അനിയത്തികുട്ടി ഇടക്കൊക്കെ ഇവിടെ മോളുടെ കൂടെ വരാറുണ്ട്.
വന്ന് വന്ന് ഞങ്ങൾക്കും അവൾ സ്വന്തം മോളെ പോലെയായിപ്പോൾ.” പിന്നെ നിന്റെ അമ്മയും എന്റെ ശ്രീമതിയും പഴയ ക്ലാസ്സ്‌മേറ്റ്സ് ആണ്. ആ ഒരു വഴിക്കും ബന്ധം വന്നെ..!! കാരണവർ പറഞ്ഞു നിർത്തി.
“അതെയല്ലേ.” ഫോർമാൽറ്റിക്കെന്നോണം ഞാൻ സമ്മതിച്ച മട്ടിൽ തലയാട്ടി.
അപ്പോൾ അനിയത്തി അടുക്കള വാതിലിന്റെ അടുത്ത് നിന്നും എന്നെ നോക്കി നിനക്ക് വെച്ചിട്ടുണ്ട് മോനെ എന്ന മട്ടിലൊരു തലയാട്ടി ചിരി.
അത് കണ്ടപ്പോൾ എന്തോ എവിടെയോ ഒരു കുഴപ്പം ഉള്ളത് പോലെ എനിക്കും ഫീൽ ചെയ്തു തുടങ്ങി.
അപ്പോളതാ ഒരു ചുവപ്പു ചുരിദാർ ഇട്ടു നെറ്റിയിൽ ചന്ദന കുറിയൊക്കെ തൊട്ടു ഒരു സുന്ദരി മോൾ ചായയുമായി ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നു.
ഒരൊറ്റ നോട്ടം നോക്കിയതേ ഉള്ളൂ ഞാൻ. വാലിട്ടെഴുതിയ ആ വലിയ ഉണ്ട കണ്ണുകൾ എന്നെ പിടിച്ചു വലിക്കുന്നതായി എനിക്ക് തോന്നി പോയി. ചായ കപ്പ് എടുക്കുമ്പോളും എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ തന്നെ നോക്കിയിരുന്നു പോയി.
ചായ വാങ്ങുമ്പോൾ എല്ലാരും ഞങ്ങളെ രണ്ടു പേരെയും നോക്കുകയാണെന്നു ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്. ചായ കുടിക്കുമ്പോളാണ് ഇതൊരു വെൽ പ്ലാൻഡ് പെണ്ണ് കാണൽ ആയിരുന്നു എന്ന് എനിക്ക് മനസിലാകുന്നത്. ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ടു കേറാം എന്ന് ഞാനും വിചാരിച്ചു.
അപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു, മോൻ മടി ഒന്നും കാണിക്കണ്ട കേട്ടോ. എന്തേലും സംസാരിക്കണേൽ രണ്ടാൾക്കും ആവാം. മോളിൽ ബാൽക്കണി ഉണ്ട്. അവളുടെ അച്ഛൻ ഞങ്ങൾക്കു സംസാരിക്കാനായി സൗകര്യം ഒരുക്കി തന്നു.
ഞാനും അവളും മുകളിലേക്കു നടന്നു. ബാൽക്കണിയെത്തി. അവൾക്കു എന്നെ ഫേസ് ചെയാൻ നല്ല മടിയുണ്ടെന്നു എനിക്ക് മനസിലായി.
ഞാൻ തന്നെ തുടങ്ങി.. “ഇയാളുടെ പേര്..!!??”
“സ്വര..”
എനിക്ക് ചേട്ടനെ നന്നായി അറിയാം.അനിയത്തി എപ്പോളും വിശേഷങ്ങൾ പറയാറുണ്ട്. ഫോട്ടോസും കാണിച്ചു തരാറുണ്ട്.” അവൾ നിഷ്ക്കളങ്കമായി മറുപടി പറഞ്ഞു.
അതെയോ.. എന്നാലും.. സ്വര .. ഹോ.. ഭയങ്കര പേര്. ഞാൻ ആദ്യമായി കേൾക്കുകയാണ്. പിന്നെ ഞങ്ങൾ ഓരോന്നായി സംസാരിച്ചു തുടങ്ങി. പഠിപ്പും കോളേജും ജോലിയും എല്ലാം. ഒരു പത്തു മിനിറ്റ് സംസാരത്തിനു ശേഷം ഞങ്ങൾ താഴേക്കു ഇറങ്ങി വന്നു.
സംസാരിച്ചു കഴിഞ്ഞോ മക്കളേ.? അവളുടെ അച്ഛൻ ചോദിച്ചു.
“ഞാൻ ചിരിച്ചു കൊണ്ട് കഴിഞ്ഞു എന്ന മട്ടിൽ ഒന്ന് മൂളി.!!”
അങ്ങിനെ അധിക നേരം അവിടെ നിന്നില്ല. ഞങ്ങൾ ഇറങ്ങി. കാർ ഓടിക്കുമ്പോൾ എന്റെ മനസ്സിൽ അവളുടെ ആ കണ്ണുകൾ നിറഞ്ഞു നിന്നു. അവൾ എന്റേതാകുമെന്നു എന്റെ മനസ് മന്ത്രിച്ചു.
പക്ഷെ …
എന്റെ കണക്കു കൂട്ടലുകൾ തെറ്റിയത് പെട്ടെന്ന് ആയിരുന്നു. കുട്ടിയുടെ ഏതോ ഒരു വല്യച്ചന് ചെക്കന്റെ വീട് ദൂരം വഴി ആണെന്നൊരു പരാതി.
കൂടെ വിദേശത്തു ജോലി കൂടി ആയതോണ്ട് മോളെ നാട്ടിൽ തനിച്ചാക്കി പോകുമോ എന്നൊരു പേടി. കൂടെ പൊരുത്തം അഞ്ചേ ഉള്ളു. മധ്യമത്തിൽ പൊരുത്തം എടുക്കാൻ അങ്ങേർക്കൊരു മടി. അതോണ്ട് ഈ വിവാഹം നടക്കില്ല എന്ന്.
അവളുടെ വീട്ടുകാർ ആര് പറഞ്ഞിട്ടും കാരണവർ അടുക്കുന്നില്ല. അവസാനം അത് നടക്കില്ല എന്ന് തന്നെ കാരണവർ എന്റെ വീട്ടുകാരോട് പറഞ്ഞു. നടക്കില്ല എന്ന് തോന്നിയപ്പോൾ ഞാനും മറക്കാൻ തീരുമാനിച്ചു.
ലീവ് ദിവസങ്ങൾ പെട്ടെന്നു പോയി കൊണ്ടിരുന്നു. തിരിച്ചു പോകാൻ ഒരാഴ്ച കൂടിയേ ഉള്ളൂ. കുറച്ചു ഡ്രെസ്സൊക്കെ വാങ്ങാൻ ഞാൻ ടൗണിലേക്ക് ഒന്ന് ഇറങ്ങിയതായിരുന്നു. ടൗൺ എത്താനായപ്പോൾ റോഡ് സൈഡിൽ ഒരാൾക്കൂട്ടം. ഭയങ്കര ബഹളം.
ഞാൻ കാർ സൈഡ് ആക്കി ചെന്ന് നോക്കിയപ്പോൾ നമ്മുടെ കഥാ നായികയതാ റോഡിൽ നിന്ന് കരയുന്നു. ഒരുത്തൻ അവളോട് ആക്രോശിച്ചു സംസാരിക്കുന്നതും കേട്ടു.
അവളുടെ ആ അവസ്ഥ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. എന്താ.. ഇവിടെ പ്രശ്‌നം. ഞാൻ അവനോടായി കേറി ചോദിച്ചു.
“അതേയ്.. ചേട്ടാ.. ഈ പെണ്ണ് ലെഫ്റ് സൈഡിലേക്ക് സ്കൂട്ടറിന്റെ ഇൻഡിക്കേറ്റർ ഇട്ടു റൈറ്റിലേക്കു തിരിഞ്ഞു എന്റെ വണ്ടിയുമായി തട്ടിച്ചു. എൻറെ വണ്ടി സ്കിഡ് ആയി ഹെഡ് ലാംപ് പൊട്ടി. അതിന്റെ കാശു വേണം. അവളുടേൽ കാശില്ല പോലും.. എന്നിട്ട് നിന്ന് മോങ്ങുന്നു.!!”
നിർത്തൂ.. നിങ്ങൾക്കു കാശ് അല്ലെ വേണ്ടേ. അപ്പോൾ തന്നെ ഞാൻ എന്റെ കൂട്ടുകാരനെ വിളിച്ചു ഹെഡ്‍ലാംപിന്റെ വില ചോദിച്ചു. എന്നിട്ട് നേരെ അതിന്റെ പകുതി പൈസയും എന്റെ വിസിറ്റിംഗ് കാർഡും അയാൾക്കു കൊടുത്തു പറഞ്ഞു.
“മാനേജർക്കു ഈ കാർഡ് കൊടുത്താൽ മതി. ബാക്കി പണം അവർ ഇൻഷുറൻസിൽ ചെയ്തോളും. താൻ ചെല്ല്.” ഞാൻ അല്പം കടുപ്പിച്ചു പറഞ്ഞു.
അത് കേട്ടപ്പോൾ എല്ലാരും പിരിഞ്ഞു പോയി അവനും.
“എന്റെ സ്വരാ.. വല്ല കാര്യവും ഉണ്ടായിരുന്നോ വണ്ടി തട്ടിക്കാൻ. ഇനി സാരമില്ല. ഇയാള് വാ. നമുക്കൊരു കോഫി കുടിച്ചിട്ട് പോകാം..!!” അവളുടെ വണ്ടി അവിടെ സൈഡ് ആക്കി.
ഒരു റിലാക്സിന് വേണ്ടിയാണു ഞാൻ വിളിച്ചതെങ്കിലും അന്നത്തെ രണ്ടു പേരുടെ ഷോപ്പിങ്ങും ഫുഡും എല്ലാം ഒരുമിച്ചായിരുന്നു. വൈകിട്ടു ബീച്ചിലും പോയി.
ഒരു 5 മണി കഴിഞ്ഞു തിരിച്ചു അവളെ യാത്രയാകുമ്പോൾ എനിക്ക് വല്ലാത്തൊരു ഫീലിംഗ് വന്നു. പിരിയാൻ ഒരു മടി. പക്ഷെ ആ സായാഹ്നത്തിൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു.
ഒരാഴ്ച കഴിഞ്ഞു. ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു പോകുന്ന ദിവസം.
അലൻ എന്നെ എയർപോർട്ടിൽ എത്തിച്ചു. ചെക്കിങ് ഒക്കെ കഴിഞ്ഞു ഞാൻ വെയ്റ്റിംഗ് ഹാളിൽ നിന്നും ഗ്ലാസിലൂടെ പുറത്തേക്കു ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതും പൊങ്ങി പറക്കുന്നതും നോക്കിയിരുന്നു. സ്വരയെ ഒന്നൂടി കണ്ടിരുന്നെകിൽ എന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ തിരിച്ചു പോകാതെ പറ്റില്ല.
അവളെ ഇനി ഒരിക്കലും കാണില്ല എന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു കൊണ്ടിരുന്നു. ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെടുബോൾ എല്ലാരും ഒന്ന് മനസ്സ് വിങ്ങി പൊട്ടി കരയും. എന്റെ മനസ്സും അവളെ നഷ്ടപെടുന്നതോർത്തു വിങ്ങാൻ തുടങ്ങി.
ഞാൻ ചെയറിൽ ഇരുന്നു തല കുമ്പിട്ടു മുഖം പൊത്തി എന്റെ വേദന ഉള്ളിൽ അടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളോട് എന്തൊക്കെയോ പറയാൻ ബാക്കി ഉള്ള പോലെ എനിക്ക് തോന്നി. പദ്മരാജന്റെ വരികൾ എന്റെ മനസിലേക്കു ഓടിയെത്തി.
“നിന്നെ ഞാൻ പ്രണിയിക്കുന്നു എന്നതിനേക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. വർഷങ്ങൾക് ശേഷം നീ അത് കേൾക്കുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കും. എനിക്കതു മതി.”
ഇത്രയും ചിന്ദിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ വലതു തോളിൽ ഒരു തണുത്ത കൈ പതിയെ അമർന്നു.മുഖത്തു നിന്നും പൊത്തിയ കൈകൾ മാറ്റി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സ്വരയതാ ഒരു ബാഗുമായി പിന്നിൽ നിൽക്കുന്നു. ഞാൻ ഞെട്ടി തരിച്ചു പോയി.
“പിരിയാൻ തോന്നുന്നില്ല അല്ലെ ചേട്ടാ.?? എന്തോ. എനിക്ക് അങ്ങിനെ തോന്നി. ഫ്ലൈറ്റ് ടൈമൊക്കെ അനിയത്തി പറഞ്ഞു തന്നിരുന്നു. മുംബൈ വഴി കണക്ഷൻ ഫ്ലൈറ്റ് ആണല്ലേ. മുംബൈ വരെ ഞാനും ഉണ്ടാകും. അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി ശരി ആയിട്ടുണ്ട്. കുറച്ചു നാളായി ഓഫർ ലെറ്റർ വന്നിട്ട്. ഇതാണ് പോകാൻ പറ്റിയ അവസരം എന്ന് തോന്നി.
അതാ ഞാനും ഈ സമയത്തു.” അത് വരെ എങ്കിലും ഒരുമിച്ചു കാണാലോ. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.!! എനിക്ക് പറയാൻ മറുപടി ഒന്നും കിട്ടിയില്ല.. എന്റെ മൗനത്തിൽ തന്നെ എനിക്ക് പറയാൻ ഉള്ളതൊക്കെ അവൾ വായിച്ചെടുത്തെന്നു എനിക്ക് തോന്നി.
പോകാൻ സമയമായി.. അങ്ങിനെ ഞങ്ങൾ ഒരുമിച്ചു അവിടുന്ന് പറന്നു.. മുംബൈയിലേക്ക്.. മുംബൈയിൽ വെച്ച് യാത്ര പിരിയാൻ നേരം അവൾ എന്റെ അടുത്ത് വന്നു മുന്നിൽ നിന്നു..!!!
എപ്പോളാ ചേട്ടാ ഇനി നമ്മൾ ഇങ്ങിനെ ഒരുമിച്ചു..?? അവൾ ചോദിച്ചു..
അവളുടെ രണ്ടു കൈകളും ഞാൻ ചേർത്തു പിടിച്ചു എന്നിട്ടവളുടെ ആ അഞ്ചടി രണ്ടിഞ്ചു ശരീരം എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു.. എന്നിട്ടവളുടെ ഇടതു ചെവിയോട് ചുണ്ടടുപ്പിച്ചു ഞാൻ പറഞ്ഞു..
“എനിക്ക് വേണ്ടി കാത്തിരിക്കണം.. ഏറി വന്നാൽ
ഒരു ആറു മാസം.. അതിനുള്ളിൽ ഞാൻ തിരിച്ചു വരും. കാരണവർമാരെ ഒക്കെ നമുക്കു ശരി ആക്കാം.
കൊട്ടും കുരവയുമായി എല്ലാരുടെയും സമ്മദത്തോടെ തന്നെ ഈ കഴുത്തിൽ ഒരു മിന്നും കെട്ടി ജീവിത കാലം മുഴുവൻ എന്റെ പെണ്ണായി കൂടെ വേണം എനിക്കീ ഉണ്ട കണ്ണിയെ.”
അത്രയും പറഞ്ഞു അടുത്ത ഫ്ലൈറ്റിനടുത്തേക്കു ഞാൻ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്നും അവളുടെ കണ്ണുകൾ സന്തോഷവും സങ്കടവും കൊണ്ട് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…