ആ വിവാഹം നടക്കില്ലെന്നു അന്നു ദയ അറിയിച്ചു, കാരണം അന്വേഷിച്ച എല്ലാരോടും അവൾ അന്നു..

ദയ
(രചന: Rivin Lal)

കീർത്തൻ ബാംഗ്ലൂരിലാണ് M.Tech ഫൈനൽ ഇയറിനു പഠിക്കുന്നത്. ഒരു വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞു വൈകിട്ടു ചായ കുടിക്കാൻ ആരവുമൊത്തു കോളേജിന്റെ അടുത്തുള്ള ബേക്കറിയുടെ മുൻപിൽ നിൽക്കുമ്പോളാണ് കീർത്തൻ അവളെ ശ്രദ്ധിച്ചത്.

ആംഗ്യ ഭാഷയിൽ അവളുടെ കൂട്ടുകാരനുമൊത്തു എന്തൊക്കെയോ അവർ രണ്ടു പേരും സംസാരിക്കുന്നുണ്ട്.

ആ വലിയ ക്യാമ്പസ്സിൽ തന്നെ വികലാംഗരായ കുട്ടികൾ പഠിക്കുന്ന പോളിടെക്നിക് കോളേജിലാണ് അവൾ പഠിക്കുന്നത്  എന്ന് മനസിലാക്കാൻ കീർത്തന്  അധികം സമയം വേണ്ടി വന്നില്ല.

കാരണം ആ വലിയ ക്യാമ്പസ്സിലെ രണ്ടു കോളേജിലും പഠിക്കുന്ന എല്ലാ കുട്ടികളും ആ മലയാളി ബേക്കറിയിൽ നിന്നായിരുന്നു വൈകിട്ടു ചായ കുടിച്ചിരുന്നത്.

കീർത്തൻ ശ്രദ്ധിച്ചത് അവളുടെ വലിയ കണ്ണുകളും ഭംഗിയുള്ള ചിരിയും ആയിരുന്നു. ഇത്രയും സുന്ദരിയായിട്ടും ദൈവം അവൾക്കു എന്തെ സംസാര ശേഷി മാത്രം കൊടുത്തില്ല എന്നപ്പോൾ അവൻ ചിന്ദിച്ചു.

ഇടക്കെപ്പോളോ അവൾ അറിയാതെ തിരിഞ്ഞപ്പോൾ കീർത്തൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.

അവളും കുറച്ചു നേരം അന്താളിച്ചു നോക്കി, പിന്നെ കൂട്ടുകാരനോട് അവനെ കുറിച്ച് എന്തോ അവരുടെ ഭാഷയിൽ പറഞ്ഞു. പിന്നെ അവളുടെ ആ കൂട്ടുകാരനും തന്നെ നോക്കി തുടങ്ങിയത് കണ്ടപ്പോൾ കീർത്തന് കാര്യം മനസ്സിലായി.

തന്റെ ഏട്ടനും അല്പമേ സംസാര ശേഷി ഉള്ളു. ഏട്ടനോട് ആംഗ്യ ഭാഷയിൽ സംസാരിച്ചു ശീലം ഉള്ളത്‌ കൊണ്ട് അവരുടെ ഭാഷ കീർത്തന് വേഗം മനസിലാക്കാൻ പറ്റി. കീർത്തൻ അവളോട് ചിരിച്ചു.. പക്ഷെ അവൾ മുഖം തിരിച്ചു മിണ്ടാതെ നിന്നു.

അന്നു അവിടുന്ന് റൂമിലെത്തീട്ടും അവന്റെ മനസ്സിൽ ആ കണ്ണും ചിരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ദിവസവും അവൻ ആ ബേക്കറിയിൽ പോയി. അന്നും അവളെ കണ്ടു. പക്ഷെ അന്നും അവൾ ചിരിച്ചില്ല.

അങ്ങിനെ ഒരു രണ്ടു ആഴ്‌ചയോളം ഇത് തുടർന്നു. അന്നൊക്കെ അവളുടെ പ്രതികരണം അതേ പോലെ തന്നെ ആയിരുന്നു. എന്നാൽ പതിനഞ്ചാം നാൾ അവളെ അവൻ കണ്ടില്ല. കുറേ നോക്കി പക്ഷെ അവൾ ഇല്ല.

“ഡാ.. ചായ കുടിച്ചു കഴിഞ്ഞില്ലേ.?? പോകണ്ടേ.??” ആരവ് തോളിൽ തട്ടിയപ്പോളാണ് അവൻ ചുറ്റുപാടും ശ്രദ്ധിച്ചത്. അവൻ നിരാശയോടെ പോകാൻ ഒരുങ്ങിയപ്പോൾ കണ്ടു ബേക്കറിയുടെ സൈഡിലെ കൂൾ ബാർ സെക്ഷനിലെ ചെയറിലിരുന്നു ഗ്ലാസിലൂടെ അവൾ അവനെ തന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുന്നത്.

അവന്റെ മുഖത്തു ഒരായിരം നക്ഷത്രം വിടർന്ന സന്തോഷം നിറഞ്ഞതു കണ്ടപ്പോൾ ആദ്യമായി അവളും തിരിച്ചു ചിരിച്ചു. ആ ആദ്യത്തെ ചിരി കിട്ടിയത് കൊണ്ടാവാം അന്നു കീർത്തനു ശരിക്കും ഉറങ്ങാൻ  കഴിഞ്ഞില്ല.

പിന്നീട് ചിരികൾ മാത്രമായി ഒരു ആഴ്ച കൂടി കടന്നു പോയി. ആ ആഴ്ച ദീപാവലി വന്നു അടുപ്പിച്ചു മൂന്ന് ദിവസം അവധി കിട്ടിയപ്പോളാണ് കീർത്തൻ നാട്ടിൽ പോകാൻ തീരുമാനിച്ചത്.

ബാംഗ്ലൂർ ബസ്റ്റാന്റിൽ നിന്നും വോൾവോ ബസിൽ രാത്രി നാട്ടിലേക്ക് പോകാൻ  കയറി ഇരിക്കുമ്പോളും അവന്റെ മനസ്സ് ആ ബേക്കറിയിൽ തന്നെ ആയിരുന്നു. ഫോണിലെ പാട്ടുകൾ ഓൺ ആക്കി ഹെഡ് സെറ്റ് വെച്ച് കണ്ണുമടച്ചു അവൻ സീറ്റിലേക്ക് ചായ്ഞ്ഞു കിടന്നു.

ബസ് നീങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞു കാണും, കണ്ടക്ടറുടെ വിളി കേട്ടപ്പോളാണ് മയക്കത്തിൽ നിന്നും കീർത്തൻ  ഉണർന്നത്‌.

ടിക്കറ്റ് എടുക്കാൻ നോക്കുമ്പോളാണ് തന്റെ ഷോൾഡറിൽ ചായ്ഞ്ഞു കിടന്നുറങ്ങുന്ന ബേക്കറിയിലെ നായികയെ അവൻ ശ്രദ്ധിച്ചത്.

അവളും ഉണർന്നു. അവിചാരിതമായി അവർ അടുത്തടുത്ത സീറ്റിൽ റിസർവ്‌  ചെയ്തു  പോയതായിരുന്നു. രണ്ടു പേരും ടിക്കറ്റ് കാണിച്ചു കഴിഞ്ഞപ്പോൾ അവനു എങ്ങിനെ തുടങ്ങണം എന്ന് മനസിലായില്ല.

സന്തോഷമാണോ അതോ സ്വപ്നമാണോ എന്നവന് അപ്പോളും വിശ്വസിക്കാൻ പറ്റീല. എങ്കിലും ആംഗ്യ ഭാഷയിൽ അവനവളുടെ പേര് ചോദിച്ചു തുടക്കമിട്ടു.

“ദയ.” അതായിരുന്നു അവളുടെ പേര്.

രണ്ടു പേരും ഒരേ ജില്ലയിലെ നാട്ടുകാർ കൂടി ആണെന്നറിഞ്ഞതോടെ കേരള അതിർത്തിയിലേക്ക് ബസ് കടക്കുമ്പോളേക്കും അവർ സൗഹൃദപരമായി അല്പം അടുത്തിരുന്നു. സംസാരിക്കാൻ കഴിയാത്തോണ്ടു അവൾ ഫോൺ നമ്പർ കൊടുത്തു.

എല്ലാം വാട്ട്സ് അപ്പ് ചാറ്റിലൂടെ പറയാനേ കഴിയൂ വിളിക്കാനോ വോയിസ് മെസേജ്  അയക്കാനോ കഴീലാ എന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു അവൾ.

അവളുടെ മൂന്ന് വർഷത്തെ പഠിത്തം കഴിയുന്ന വരെ പിന്നെ അതൊരു ഗാഢമായ പ്രണയമായി മാറിയിരുന്നു. പലപ്പോഴും അവൾ ചാറ്റിലൂടെ ചോദിക്കുമായിരുന്നു എന്നെ എന്ത് കണ്ടിട്ടാണ് ഏട്ടൻ ഇഷ്ടപ്പെടുന്നത്.?? ഞാൻ ഒരു ഊമയാണ്.

എനിക്കു സംസാര ശേഷി ഇല്ലാ. “ഏട്ടനെ ഒരുപാട് ഇഷ്ടമാണ്” എന്നൊന്ന് ഉറക്കെ വിളിച്ചു പറയാൻ പോലും കെല്പില്ലാത്തവളാണ് ഞാൻ. പിന്നെ എന്തിനാ എന്നെ ഇഷ്ടപെടുന്നേ.??

“നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ ഇഷ്ടപെട്ടത് നിന്റെ കണ്ണുകളും ചിരിയും ആയിരുന്നു. പിന്നെ നിന്നെ അടുത്തറിഞ്ഞപ്പോൾ ഞാൻ ഇഷ്ടപെട്ടത് നിന്റെ നിഷ്കളങ്കമായ മനസിനെയാണ്”.
കീർത്തന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്കു എന്നും അവനെ സ്നേഹിക്കാൻ.

പഠിത്തം കഴിഞ്ഞു കീർത്തൻ ബാംഗ്ലൂരിൽ തന്നെ ഒരു കോളേജിൽ ലെക്ചറർ ആയി ജോലിക്കു കയറി. അതിനു ശേഷം  വീട്ടുകാരുമായി ദയയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. പക്ഷെ കണക്കു കൂട്ടലുകൾ എല്ലാം അവിടെയാണ് തെറ്റിയത്.

ആ വിവാഹം നടക്കില്ലെന്നു അന്നു ദയ അറിയിച്ചു. കാരണം അന്വേഷിച്ച എല്ലാരോടും അവൾ അന്നു ദേഷ്യത്തോടെയാണ്‌ പെരുമാറിയത്. ദയയുടെ അന്നത്തെ പെരുമാറ്റം കീർത്തന്റെ വീട്ടുകാരിൽ എല്ലാ രീതിയിലും അപമാനം ഉണ്ടാക്കി.

“അല്ലെങ്കിലേ മിണ്ടില്ല.. കൂടെ അഹങ്കാരവും. വീട്ടിൽ വരുന്ന അതിഥികളോട് എങ്ങിനെയാ പെരുമാറണ്ടേ എന്ന് പോലും അറിയാത്ത ഇങ്ങിനത്തെയൊരു പെണ്ണിനെ കെട്ടേണ്ട ഗതികേട് എന്റെ മോനില്ല..

ഈ കല്യാണം ഇനി ഒരിക്കലും നടക്കില്ല.” അവിടുന്ന് ഇറങ്ങാൻ നേരം കീർത്തന്റെ അമ്മ ദേഷ്യത്തോടെ അവരോടായി തറപ്പിച്ചു പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ ദയ കീർത്തനെ നന്നായി ഒഴിവാക്കാൻ ശ്രമിച്ചു. ഒരിക്കൽ കീർത്തൻ ദയയെ വഴിയിൽ വെച്ച് കയ്യോടെ പിടിച്ചു.

“ദയാ.. ഈ കല്യാണം നീ മുടക്കിയതിന്റെ കാരണം എന്നോട് പറഞ്ഞിട്ടു നീ ഇന്ന് ഇവിടുന്നു പോയാൽ മതി. അത്‌ പറയാതെ നിന്നെ ഞാൻ വിടുമെന്നും നീ വിചാരിക്കണ്ട.!!” കീർത്തന്റെ സ്വരം കടുത്തതായിരുന്നു.

ആദ്യമൊക്കെ അവൾ മടിച്ചെങ്കിലും അവസാനമവൾ അവളുടെ ഭാഷയിൽ ചോദിച്ചു.

“ഏട്ടന് എന്റെ മാറിടം ഇഷ്ടമാണോ.??”

“ദയേ..” അവളുടെ ഇടത്തെ കരണ കുറ്റിക്കു ആഞ്ഞൊരടി ആയിരുന്നു കീർത്തന്റെ മറുപടി.
“നിന്റെ ശരീരം കണ്ടല്ല ഞാൻ നിന്നെ സ്നേഹിച്ചെ എന്ന് എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്..?!”

എന്നാൽ ഏട്ടൻ അറിയണം.. ഒരു മാറിടം ഇല്ലാത്ത സ്ത്രീ.. ചിന്ദിച്ചിട്ടുണ്ടോ.?? സൂർപ്പണഖയെ പോലെ ഒരു സ്ത്രീ.. അതെ അതാണ് ഞാൻ ഇപ്പോൾ.. ഇടത്തേ നെഞ്ചിൽ കണ്ട ഒരു ചെറിയ തടിപ്പ്..

എന്റെ ഡോക്ടർ സുഹൃത്തിനോട് പറഞ്ഞപോളാണ് ഒരു ക്യാൻസറിന്റെ ലക്ഷണമാണ് അതെന്നു ഞാൻ മനസിലാക്കിയത്.

റേഡിയേഷൻ ആണ് ആദ്യത്തെ കടമ്പ.. മാറിയില്ലേൽ ചിലപ്പോൾ മുറിച്ചു മാറ്റേണ്ടി വരും.. മുടിയില്ലാത്ത .. മാറിടം ഇല്ലാത്ത..

സംസാരിക്കാൻ കഴിയാത്ത അഹങ്കാരിയായ ഏട്ടന്റെ വീട്ടുകാർ  വെറുക്കുന്ന ഒരു പെൺകുട്ടി.. എന്തിനാ ഏട്ടന്റെ ജീവിതത്തിൽ അങ്ങിനെ ഒരു പെണ്ണ്.. എന്നെ വെറുത്തേക്കു.. ഞാൻ വേണ്ട ഇനി ഏട്ടന്റെ ജീവിതത്തിൽ.. അതല്ലേ നല്ലത്.?? ദയ ആംഗ്യ ഭാഷ  മുഴുമിപ്പിക്കാതെ പൊട്ടി കരഞ്ഞു തുടങ്ങി..

കീർത്തൻ അവളെ നെഞ്ചോടു ചേർത്തു കെട്ടി പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. എന്നിട്ടു അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു…

“നിനക്ക് എന്ത് കുറവുണ്ടെലും നിന്റെ ഉള്ളിൽ ജീവൻ ഉള്ള കാലത്തോളം നിനക്ക് ഞാൻ ഉണ്ടാവും ദയാ.. ഞാൻ മാത്രം.. നിന്നെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല… ഒന്നിന്റെ പേരിലും.”

പിന്നീടുള്ള ദിവസങ്ങൾ ചികിത്സയുടേത് മാത്രമായിരുന്നു. ചികിത്സയുടെ ഭാഗമായി ദയയുടെ തല മുടി എല്ലാം കളഞ്ഞു. നീണ്ട ചികിത്സയുടെ ഭാഗമായി ഒരു മാറിടം മുറിച്ചു മാറ്റേണ്ടി വന്നു. എങ്കിലും അവൾ കാല ക്രമേണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

മൂന്ന് വർഷത്തിന് ശേഷമുള്ള ഒരു ദിവസം…

ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്ററിന് പുറത്തു  അക്ഷമനായി കീർത്തൻ ഇരിക്കുമ്പോൾ ആരവ് അവന്റെ തോളിൽ തട്ടി.. പേടിക്കണ്ട ഡാ.. ഒന്നും സംഭവിക്കില്ല.. ആ ഒരു ആശ്വാസ വാക്കിൽ കീർത്തൻ  ധൈര്യം സംഭരിച്ചു..

“എന്നാലും ഡാ.. അവൾ.. ദയ.. അമ്മേ എന്ന് ഉറക്കെ നില വിളിക്കാൻ പോലും പറ്റാതെ അകത്തു.. സഹിക്കണില്ലെടാ..” കീർത്തന്റെ കണ്ണുകൾ നിറഞ്ഞു..

“നീ ഇങ്ങിനെ വിഷമിക്കല്ലേ. ഞാൻ ഇല്ലേ കൂടെ.. ധൈര്യമായിരിക്കു.” ആരവ് അവനെ ആശ്വസിപ്പിച്ചു.

അപ്പോൾ ഒരു നേഴ്സ് ഒരു ചോര കുഞ്ഞുമായി ഡോർ തുറന്നു പുറത്തേക്കു വന്നു..

“മോളാ..”

നഴ്സിന്റെ കയ്യിൽ നിന്നും സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങി അവൻ ആരവിനോട് പറഞ്ഞു..
“ഡാ.. എന്റെ പൊന്നു മോൾ..” കുഞ്ഞിനെ വാങ്ങി

ആരവിന്‌ കാണിച്ചു കുഞ്ഞിനെ ഉമ്മ വെച്ച്  നഴ്സിന് തിരിച്ചു കൊടുക്കുമ്പോൾ
ആരവ് അവനോടു പറഞ്ഞു.

നിനക്കൊരു ഇരട്ടി സന്തോഷം കൂടിയുണ്ട് ഈ നിമിഷത്തിൽ. അങ്ങോട്ടു നോക്കൂ, പുറത്തെ വാതിലിലേക്ക് വിരൽ ചൂണ്ടി ആരവ് പറഞ്ഞു.
കീർത്തൻ അങ്ങോട്ടു ആശ്ചര്യത്തോടെ നോക്കിയപ്പോൾ നിറ കണ്ണോടെ വരുന്ന തന്റെ അച്ഛനും അമ്മയും ആയിരുന്നത്.

അവരെ എതിർത്താണ് ദയയെ വിവാഹം കഴിച്ചു രണ്ടു പേരും ബാംഗ്ലൂരിൽ സെറ്റ്‌ലായത്. ദേഷ്യമെല്ലാം മാറി ഇപ്പോൾ അവർ വീണ്ടും തങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു.

അമ്മയുടെ പിണക്കമെല്ലാം മാറ്റി കുറച്ചു സമയത്തിന് ശേഷം കീർത്തൻ ദയയുടെ അടുത്തേക്ക് ചെന്നു. ബെഡിൽ അവളുടെ തൊട്ടടുത്തു കുഞ്ഞിന്റെ അടുത്തായി അവനിരുന്നു. അവളുടെ നെറ്റിയിൽ അവൻ മെല്ലെ തലോടി നെറ്റിയിൽ ചുംബിച്ചു.

“നമ്മുടെ കുഞ്ഞു ദയ മോൾ. നിന്നെ പോലെ തന്നെ ഉണ്ട കണ്ണുള്ള നമ്മുടെ  പൊന്നു മോൾ.”
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി സ്നേഹത്തോടെ മന്ദ്രിച്ചു.

അപ്പോളും അവൾ സന്തോഷത്തിന്റെ നിറകണ്ണുകളോടെ ആംഗ്യ ഭാഷയിൽ അവനോടു ധൃതിയിൽ പറയുന്നുണ്ടായിരുന്നു

“നമ്മുടെ പൊന്നു മോൾ അവളുടെ അമ്മയെ പോലെ മിണ്ടാ പ്രാണിയല്ല. മറിച്ചു ഈ ലോകത്തോട്  ഉറക്കെ ശബ്ദത്തിൽ സംസാരിക്കാൻ ഒരുപാട് കെല്പുള്ളവൾ ആണെന്ന്…”

Leave a Reply

Your email address will not be published. Required fields are marked *