നീ പറഞ്ഞതൊക്കെ ശരിയാണ്, എനിക്ക് നിന്നോട് മനസ്സ് തുറക്കാൻ സാധിച്ചില്ല നിന്നെക്കാൾ കാണാൻ..

(രചന: അച്ചു വിപിൻ)

ഞാൻ വിളിച്ച താൻ ഇറങ്ങി വരുമോ?

വിവേക് എനിക്കയച്ച വാട്സ്ആപ് മെസ്സേജ് മൊബൈലിന്റെ  സ്‌ക്രീനിൽ കണ്ടതും ഞാനതിന് സമയം പാഴാക്കാതെ തന്നെ  റിപ്ലൈ ടൈപ്പ് ചെയ്തു…..

അതെന്താ വിവേക് നിനക്കിപ്പഴും എന്നെ വിശ്വാസമില്ലേ? നീ വിളിച്ചാൽ എങ്ങോട്ട് വേണങ്കിലും ഞാൻ ഇറങ്ങി വരും.എനിക്ക് മടുത്തു ഈ ശ്വാസo മുട്ടിയുള്ള ജീവിതം.

ഇനിയും എന്നോട് സ്നേഹമില്ലാത്ത ഒരാളുടെ ഭാര്യ ആയി കഴിയാനെനിക്ക് വയ്യ.ഒക്കെ നമ്മൾ തീരുമാനിച്ച പോലെ തന്നെ നടക്കും. ഇന്ന് രാത്രി രണ്ടു മണിക്ക് ശേഷം വീടിന്റെ പുറകിലുള്ള മതിലിന്റെ സൈഡിൽ നീ കാറുമായി കാത്തു നിന്നാൽ മതി ഞാൻ ഇറങ്ങി വരാം.

അവനുള്ള റിപ്ലൈ സെൻഡ്  ചെയ്യുമ്പോൾ എനിക്കൊട്ടും തന്നെ കുറ്റബോധം തോന്നിയിരുന്നില്ല.

ഫേസ്ബുക് മുഖേനയാണ് ഞാനും വിവേകും പരിചയപ്പെട്ടത്. ഒരിക്കൽ ഒരു എഴുത്തുകൂട്ടായ്മയുടെ സംഗമത്തിലൂടെയാണ് ഞാനവനെ നേരിട്ട് കാണുന്നത്.

സത്യം പറഞ്ഞാൽ എഴുത്തുകളാണ് ഞങ്ങളെ തമ്മിൽ പരസ്പരം അടുപ്പിച്ചത്. മുരടനായ എന്റെ ഭർത്താവിനെപ്പോലെയായിരുന്നില്ല വിവേക്. എന്നോട് വളരെ സ്നേഹത്തിലാണവൻ പെരുമാറിയിരുന്നത്.ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറി.

ഞങ്ങളുടെയാ സൗഹൃദം പിന്നീട് പ്രണയമായി മാറാൻ അധികം താമസം  വന്നില്ല.ഇപ്പോൾ അവനില്ലാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയ്‌കൊണ്ടിരിക്കുന്നത്.

എത്രയും പെട്ടെന്ന് തന്നെ അവനോടൊപ്പമുള്ള ഒരു ജീവിതം സാധ്യമാകണേ എന്ന് ഞാൻ മനസ്സിൽ  പ്രാർത്ഥിച്ചു.

അന്ന് പതിവിലും നേരത്തെ സുരേഷേട്ടൻ വീട്ടിൽ വന്നു.പതിവിനു വിപരീതമായി എനിക്കൊരു മസാലദോശയും മേടിച്ചു കൊണ്ടാണാളു വന്നത്.

മസാലദോശ എന്റെ നേരെ നീട്ടിയ ശേഷം ചൂടാറും മുൻപേ ഇത് കഴിച്ചോ എന്ന് പറഞ്ഞുകൊണ്ടാളകത്തേക്ക് കയറിപ്പോയി.
എന്താണെന്നറിയില്ല അന്നേരമെനിക്കെന്തോ വല്ലായ്ക തോന്നി.

ഞാൻ പോയാൽ സുരേഷേട്ടൻ എങ്ങനെയാകും പ്രതികരിക്കുക എന്നോർത്തപ്പോൾ എനിക്ക് മനസ്സിൽ ഒരാശങ്ക തോന്നിയിരുന്നു.എന്തായാലും എന്നോട് വല്യ സ്നേഹമൊന്നും  പ്രകടിപ്പിക്കാത്ത മനുഷ്യൻ ഇത്രയൊക്കെയേ പ്രതികരിക്കൂ എന്നെനിക്കു നല്ല ബോധ്യമുണ്ടായിരുന്നു.

ഞാനാ ചൂട് മസാലദോശ പ്ലേറ്റിൽ ഇട്ടു കഴിച്ചെന്നു വരുത്തിയ ശേഷം എണീറ്റു പോയി ഒരു ഗ്ലാസ്‌ ചായ തിളപ്പിച്ചു ടേബിളിലിൽ കൊണ്ട് വെച്ചു.അല്പം കഴിഞ്ഞപ്പോൾ മുറ്റത്തു കിടന്ന തുണികൾ പെറുക്കി അകത്തു കൊണ്ട് വെച്ച ശേഷം ഞാൻ സീരിയൽ കാണാനായിരുന്നു.

എന്റെ മുന്നിലൂടെ രണ്ടുമൂന്നു വട്ടം പോയ സുരേഷേട്ടനെ ഞാൻ മനപ്പൂർവം അവഗണിച്ചു.

രാത്രി ഞാൻ ഒന്നും തന്നെ കഴിച്ചില്ല. പത്തര കഴിഞ്ഞപ്പോൾ ടീവി ഓഫ്‌ ചെയ്തു ഞാൻ  കിടക്കാനായി മുറിയിലേക്ക് പോയി.

സുരേഷേട്ടൻ ഉറങ്ങിയിരുന്നില്ല.

ഞാൻ പതിവ് പോലെ കട്ടിലിന്റെ ഒരു വശത്തായി ചെന്നു  കിടന്നു.

എന്താ ഉറങ്ങുന്നില്ലേ? ആ  മനുഷ്യനെന്റെ നേരെ തലയുയർത്തി ചോദിച്ചു.

ഉറങ്ങാൻ പോകുവാ.ഞാൻ മറുപടി പറഞ്ഞു.

ആളെന്റെ നേരെ തന്നെ നോക്കി തന്നെ  കിടന്നു സാവധാനം കണ്ണുകളടച്ചു.

ഞാൻ തലയിണയുടെ അടിയിൽ വെച്ചിരുന്ന മൊബൈൽ എടുത്തു വിവേകിനു മെസ്സേജ് അയച്ചു.

മറക്കരുത് രണ്ടു മണി.ഞാൻ ഇവിടെ നിന്നും ഇറങ്ങാൻ നേരം നിനക്ക് മെസ്സേജ് അയക്കാം,അന്നേരം  നീ കാർ സ്റ്റാർട്ടാക്കി നിന്നോ..

അല്പം കഴിഞ്ഞപ്പോൾ അവന്റെ  “ഓക്കെ” എന്നുള്ള  റിപ്ലൈ വന്നു

ഏകദേശം ഒരു മണി ഒക്കെ ആയപ്പോൾ ഞാൻ ഒച്ചയുണ്ടാക്കാതെ അടുത്ത മുറിയിലേക്കെണീറ്റു പോയി. കട്ടിലിന്റെ അടിയിൽ ഉടുപ്പുകൾ വെച്ചിരുന്ന ഒരു  ഭാഗുണ്ടായിരുന്നു അതെടുത്തു ഞാൻ ടേബിളിൽ വെച്ച ശേഷം അലമാരയിൽ നിന്നുമൊരു  ചുരിദാറെടുത്തിട്ടു.

സമയം ഒന്നരയായി. വിവേക് പുറത്ത് വന്നു കാണുമെന്നെനിക്കുറപ്പായിരുന്നു. ഞാൻ ബെഡ്‌റൂമിൽ ചെന്നു സുരേഷേട്ടൻ ഉറങ്ങിയോ എന്നെത്തി നോക്കി .ആളങ്ങോട്ടു തിരിഞ്ഞു കിടക്കുവായിരുന്നു.ഉറങ്ങിക്കാണും ഞാൻ മനസ്സിൽ ചിന്തിച്ചു.

“ഞാൻ വരുവാട്ടോ” വിവേകിനു ഞാൻ വാട്സ്ആപ്പ് മെസ്സേജ് അയച്ചു. അകത്തധികം റേഞ്ച് ഇല്ലാത്ത കാരണം അത് ഡെലിവേഡായില്ല. പുറത്തിറങ്ങുമ്പോ ആയിക്കോളും എന്ന് ഞാൻ മനസ്സിൽ കരുതി.

ഞാൻ ഒച്ചയുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി. മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു.പുറകു വശത്തെ മതിൽ ലക്ഷ്യമാക്കി ഞാൻ നടന്നു.

മതിലിന്റെ അടുത്തെത്തിയപ്പോൾ പുറത്ത് കാറിൽ ഇരുന്നു വിവേക് ആരോടോ ഒച്ച താഴ്ത്തി സംസാരിക്കുന്നത് ഞാൻ കേട്ടു.അവനെന്താണ് പറയുന്നതെന്ന് കേൾക്കാനായി ഞാൻ കാതോർത്തു.

നീ എന്തിനാ ഏതു നേരവും ഇങ്ങോട്ട് വിളിക്കുന്നത്, അവള് രണ്ടു മണിയാകുമ്പോൾ ഇറങ്ങി വരാമെന്നു  പറഞ്ഞിട്ടുണ്ട് .ഇതുവരെ അവളുടെ മെസ്സേജ് ഒന്നും കണ്ടില്ല.എന്തായാലും നീ വീടൊക്കെ സെറ്റ് ആക്കി വെച്ചോ ഒരു മാസം  നമുക്ക് പൊളിക്കാനുള്ള മുതലുണ്ട്.

അവൾക്കു സംശയത്തിനുള്ള യാതൊരു പഴുതും കൊടുക്കരുത്, കഷ്ടപ്പെട്ട് ഒപ്പിച്ച മൊതലാണളിയാ അത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്യ്താൽ ഞാൻ അങ്ങോട്ടു വിളിക്കാതെ നീ എന്നെ ഇങ്ങോട്ട് വിളിക്കരുത്.അപ്പൊ ശരി ഒക്കെ പറഞ്ഞ പോലെ.

മതിലിന്റെ അപ്പുറത്ത് നിന്നും ഒച്ചയൊന്നും കേൾക്കാതായപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തെന്നെനിക്കു മനസ്സിലായി.

അവൻ പറഞ്ഞതെല്ലാം കേട്ട ശേഷം കാലിന്റെ പെരുവിരലിൽ നിന്നുമൊരു തരിപ്പെനിലേക്ക് ഇരച്ചു കയറി. വീഴാതിരിക്കാൻ ഞാൻ മതിലിൽ കൈ കൊണ്ട് പിടിച്ചു നിന്നു .നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

ഫേസ്ബുക്കിലെ ചതികളെ പറ്റി എനിക്ക് നല്ലപോലെ അറിയാമായിരുന്നെങ്കിലും അതിൽ പോയി ഞാനും പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

വിവേക് എന്നെ  ആത്മാർത്ഥമായി സ്നേഹിക്കുകയാണെന്നാണ് ഞാൻ വിചാരിച്ചത്. ഇല്ല അവന്റെ സ്നേഹം സത്യമായിരുന്നില്ല. അവനെന്റെ ശരീരം മാത്രം മതിയായിരുന്നു. ശ്വാസത്തിന്റെ ശബ്ദം  പുറത്ത് കേൾക്കാതിരിക്കാൻ ഞാനെന്റെ  വായ കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചു.

ദൈവമേ ഒരല്പം ഞാൻ  വൈകിയിരുന്നെങ്കിൽ എനിക്കിത് കേൾക്കാൻ പറ്റുമായിരുന്നോ? അവനെ വിശ്വസിച്ചു ഞാൻ കൂടെ പോകില്ലായിരുന്നോ? എനിക്കെന്റെ കയ്യും കാലുo വിറച്ചു.

ഒടുക്കം ധൈര്യം വീണ്ടെടുത്തു ഞാൻ വീട്ടിലേക്കു തിരിച്ചു നടന്നു. ഒച്ചയുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നകത്തു കയറി ഫ്രിഡ്ജിൽ നിന്നും  ഒരു ഗ്ലാസ്‌ തണുത്ത  വെള്ളമെടുത്തു കുടിച്ച ശേഷം തറയിലേക്കൂർന്നിരുന്നു.

ബാഗിൽ നിന്നും മൊബൈൽ എടുത്ത ശേഷം അവന്റെ മൊബൈലിൽ  നേരത്തെ അയച്ച ഡെലിവേർഡ് ആകാത്ത  മെസ്സേജ് ഞാൻ ഡിലീറ്റ് ചെയ്ത ശേഷം മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു.

അൽപ സമയം കഴിഞ്ഞ  ശേഷം തറയിലിരുന്ന ബാഗു കൊണ്ട് ഞാൻ മുറിയിൽ വെച്ചു.ഇട്ടിരുന്ന ചുരിദാർ മാറ്റി ഞാൻ നേരത്തെ ധരിച്ച നൈറ്റി എടുത്തിട്ടു.പിന്നീടൊന്നും സംഭവിക്കാത്ത പോലെ ബെഡ് റൂമിലേക്ക്  ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച കണ്ടു ഞാൻ ഞെട്ടി.

സുരേഷേട്ടൻ ബെഡ്‌ലാമ്പിട്ട് എന്തോ ഇരുന്നെഴുതുന്നു.ദൈവമേ ഞാനിറങ്ങി പോയതാ  മനുഷ്യൻ അറിഞ്ഞു കാണുമോ? ആളീ നട്ടപ്പാതിരക്ക് എന്തായിരിക്കും ഇരുന്നെഴുതുന്നത്?.

ഞാൻ ധൈര്യം സംഭരിച്ചു മുറിയിലെ ലൈറ്റിട്ടു.

സു..രേ..ഷേ..ട്ടാ…

ഞാൻ ആ മനുഷ്യനെ പതറുന്ന ശബ്ദത്തോടെ വിളിച്ചു.

എന്റെ ശബ്ദം കേട്ടതും ആ മനുഷ്യൻ മേശയുടെ മുകളിലേക്കു  കമിഴ്ന്നു കിടന്നു.

ഞാൻ വെപ്രാളപ്പെട്ടങ്ങോട്ടേക്ക് ഓടി ചെന്നു.എന്റെ കണ്ണുകൾ ആ എഴുത്തിലേക്കുടക്കി…

ഞാനത് വായിച്ചു..

എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയിരിക്കുന്നു. അവളില്ലാത്ത ഒരു ജീവിതം എനിക്കിനി വേണ്ട. ഞാൻ ആത്മഹത്യ ചെയ്യുന്നു എന്റെ മരണത്തിനാരും ഉത്തരവാദിയല്ല.
എന്ന് സുരേഷ്..

സുരേഷേട്ടാ… ഞാൻ അലറി വിളിച്ചു കൊണ്ടാ മനുഷ്യന്റെ കാലിലേക്ക് വീണു.

എനിക്ക് കരച്ചിൽ വരുന്നതല്ലാതെ ഒരു വാക്ക് പോലും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.

എന്റെ എങ്ങലടിച്ചുള്ള കരച്ചിൽ കണ്ടിട്ടാവണം ആ മനുഷ്യൻ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റ ശേഷം എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

ഒക്കെ അറിയാമായിരുന്നല്ലേ? എന്നിട്ടെന്തേ എന്നെ തടഞ്ഞില്ല?പറയു….

ദേഷ്യം വന്നപ്പോൾ ഒരടിയെങ്കിലും എനിക്ക്  തരാമായിരുന്നില്ലേ മനുഷ്യാ  നിങ്ങൾക്ക്? ഒക്കെ അറിഞ്ഞിട്ടും പോകരുതെന്ന് പറഞ്ഞെന്നെ എന്തുകൊണ്ട് നിങ്ങൾ  വിലക്കിയില്ല…വാക്കുകൾ കിട്ടാതെ ഞാൻ വിതുമ്പി..

അൽപ നേരത്തെ മൗനത്തിന് ശേഷം ആളു തുടർന്നു..

ഒക്കെ നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് സുമേ…നിനക്കെന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ലെ നീ വേറൊരുത്തന്റെ കൂടെ പോകാൻ തീരുമാനിച്ചത്. നിന്റെ സന്തോഷം അതാണെങ്കിൽ നീ  പോയി സന്തോഷിക്കട്ടെ എന്ന് കരുതി.

ഓഹോ ഭാര്യയെ കാമുകന്റെ കൂടെ സന്തോഷിച്ചു  ജീവിക്കാൻ വിട്ട ശേഷം നിരാശനായി  ആത്മഹത്യ ചെയ്യുന്ന ഭർത്താവ്. കൊള്ളാം….

ഞാൻ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു, ആട്ടെ നിങ്ങളെന്തിനാണ് വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയ എനിക്കു വേണ്ടി  ചാകാൻ പോയത്?

എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല സുമേ..നീയില്ലാത്ത വീടെനിക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല.അതുകൊണ്ടാണ് ഞാൻ…

ഇത്തവണ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ കൈകൾ ഉയർത്തി ആ മനുഷ്യന്റെ മുഖത്തുo ശരീരത്തും തലങ്ങും വിലങ്ങുമടിച്ചു.

സുമേ നീ എന്താണീ കാണിക്കുന്നത് നിർത്തൂ..
ആ മനുഷ്യനെന്റെ കൈകൾ കൂട്ടിപ്പിടിച്ച ശേഷം നെഞ്ചോട്‌ ചേർത്ത് പിടിച്ചു.

നിങ്ങൾക്കെന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നെങ്കിൽ എന്തെ  അതെന്നോട് നിങ്ങൾ  പ്രകടിപ്പിച്ചില്ല.ഒരിക്കലെങ്കിലും സ്നേഹത്തോടെ നിങ്ങളെന്നോട് പെരുമാറിയിട്ടുണ്ടോ? കുറെ കാശ് കൊണ്ടെന്റെ കയ്യിൽ തരും,

ഞാൻ ഉണ്ടാക്കുന്നതെല്ലാം  ഒന്നും മിണ്ടാതെ വന്നിരുന്നു കഴിക്കും അതുകഴിഞ്ഞെണീറ്റു പോകുo, രാത്രികളിൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിങ്ങൾ  മാറിക്കിടക്കും. ഇതായിരുന്നോ നിങ്ങൾക്കെന്നോടുണ്ടായിരുന്ന സ്നേഹം?

ഒരു സിനിമക്ക് നിങ്ങളെന്നെ കൊണ്ടുപോയിട്ട് നാളെത്രയായെന്നു വല്ല ഓർമയുമുണ്ടോ ?വണ്ടിക്കൂലിക്കു കാശ് തരുന്നതല്ലാതെ ആ ബൈക്കിനു പുറകിൽ എന്നെയൊന്നു കയറ്റിയിട്ടുണ്ടോ നിങ്ങൾ ?

രാവിലെ എണീക്കുന്നു നിങ്ങൾ ജോലിക്കു പോകുന്നു വൈകിട്ട് വരുന്നു അതല്ലാതെ നീ വല്ലതും കഴിച്ചോ? നിനക്കിവിടെ സുഖാണോ? എന്നൊരു വാക്ക് നിങ്ങളെന്നോട്  ചോദിച്ചിട്ടുണ്ടോ?

ഇപ്പൊ ഞാൻ വേറൊരുത്തന്റെ കൂടെ പോകുവാണെന്നറിഞ്ഞപ്പോളെനിക്കു മസാല ദോശയുമായി വന്നിരിക്കുന്നു.

ഈ മസാല ദോശ നിങ്ങളാദ്യം എനിക്ക് തന്നിരുന്നെങ്കിൽ അതിന്റെ കൂടെ അല്പം സ്നേഹമെന്റെ നേരെ നീട്ടിയിരുന്നെങ്കിൽ നിങ്ങൾക്ക് പകരമെന്റെ മനസ്സിൽ വേറൊരാൾ കയറിക്കൂടുമായിരുന്നോ? പറയൂ…

അല്പനേരം തല കുനിച്ചു നിന്ന ശേഷം ആ മനുഷ്യൻ എന്റെ നേരെ നോക്കി പറഞ്ഞു…

സുമേ നീ പറഞ്ഞതൊക്കെ ശരിയാണ്.. എനിക്ക് നിന്നോട് മനസ്സ് തുറക്കാൻ സാധിച്ചില്ല.നിന്നെക്കാൾ കാണാൻ ഭംഗി കുറവുള്ള എന്നോട്  നിനക്കിഷ്ട്ടമല്ലായിരിക്കും എന്നാണ് ഞാൻ കരുതിയത്.

നീ എന്നെ അവഗണിക്കുന്നത് പോലെയാണ് എനിക്കും തോന്നിയത്.ഞാൻ നിന്നോട് അകൽച്ച കാണിച്ചപ്പോൾ നീയതിനെയൊന്ന് ചോദ്യം ചെയ്തുപോലുമില്ല.

ഞാൻ നിന്റെ ശരീരത്തിൽ തൊടുമ്പോൾ ജീവനില്ലാത്ത ശരീരം പോലെയാണ് നീ കിടന്നു തന്നത് ഞാൻ നിന്നെ തൊടുന്നത് നിനക്കിഷ്ടമില്ലേ എന്ന് പോലും ഞാൻ സംശയിച്ചു.നിന്റെ മൊബൈലിൽ വിവേക് എന്ന് പറയുന്ന വ്യക്തി അയച്ച മെസ്സേജ് അവിചാരിതമായി  കണ്ടപ്പോൾ ഞാൻ തകർന്നു പോയി.

നിന്നോടതിനെ പറ്റി ചോദിക്കാനുള്ള ധൈര്യം പോലുമെനിക്കില്ലായിരുന്നു.ഉള്ളത് പറഞ്ഞാൽ എന്റെ ഗൾഫിലെ ജോലി പോയതല്ല നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ കളഞ്ഞിട്ടു പോന്നതാണ് സുമേ..

അതും കൂടി കേട്ടതോടെ എന്റെ സമനില തെറ്റി.

എന്റെ മനുഷ്യാ നിങ്ങളെന്നെ ഇത്രയും സ്നേഹിക്കുന്നുവെന്നറിഞ്ഞിരുന്നെങ്കിൽ നിങ്ങളല്ലാതെ മറ്റൊരു പുരുഷനെ പറ്റി ഞാൻ ചിന്തിക്കുക കൂടിയില്ലായിരുന്നു.

നിങ്ങള് പറഞ്ഞല്ലോ നിങ്ങൾക്ക് സൗന്ദര്യമില്ലാത്ത കൊണ്ടാണ് ഞാൻ നിങ്ങളെ അവോയ്ഡ് ചെയ്തതെന്നു ഒരിക്കലുമല്ല ഞാനങ്ങനെ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല. നിങ്ങളെന്നെ ഒഴിവാക്കുന്നത് കണ്ടപ്പോൾ നിങ്ങൾക്കെന്നെടു  ഇഷ്ടമില്ലാത്തത് കൊണ്ടാകുമെന്നാണ് ഞാനും  കരുതിയത്. അത് തുറന്നു ചോദിക്കാനുള്ള ധൈര്യം എനിക്കും ഇല്ലാതെ പോയി.അതെന്റെ തെറ്റ്.

എന്നാലും പരസ്പരമൊന്നു  തുറന്നു സംസാരിക്കാത്തിതിന്റെ  പേരിൽ ഒന്നും രണ്ടുമല്ല വിലയേറിയ നമ്മളുടെ 5വർഷമാണ് വെറുതെ പോയത്.

ഒറ്റക്കായിപ്പോയെന്നു കരുതിയ എന്റെ നേർക്കൊരാൾ  സ്നേഹം വെച്ചു നീട്ടിയപ്പോൾ അറിയാതെന്റെ മനസ്സങ്ങോട്ട് ചാഞ്ഞു പോയി. തെറ്റാണു ഞാൻ ചെയ്തത്, എന്തുചെയ്യാം  പറ്റിപ്പോയി ചോരയും നീരുമുള്ള  മനുഷ്യനായിപ്പോയില്ലേ….

കുറ്റബോധം താങ്ങാനാകാതെ ഞാൻ നിലത്തു മുട്ട് കുത്തിയിരുന്നു.നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ച ശേഷം ഞാൻ പറഞ്ഞു, ഇനിയെനിക്കിവിടെ നിൽക്കാൻ പറ്റില്ല സുരേഷേട്ടാ നിങ്ങള് കെട്ടിയ താലിയും കഴുത്തിലിട്ടോണ്ട്  മനസ്സ് കൊണ്ട് വേറെയാളെ വരിച്ചവളാണ് ഞാൻ.

എന്റെ നല്ല സമയമായത് കൊണ്ടവനൊരു വൃത്തികെട്ടവനാണെന്നെനിക്ക് ബോധ്യപ്പെട്ടു,അത്കൊണ്ടവന്റെ ചതിയിൽ ചാടാതെ ഞാൻ രക്ഷപെട്ടു….

ഇല്ലായിരുന്നെങ്കിലോ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും റെയിൽവെ ട്രാക്കിൽ ഞാൻ ചത്തു കിടന്നേനെ. ഞാൻ കൈകൾ കൊണ്ടെന്റെ കണ്ണുകൾ പൊത്തി….

സുമേ ഞാൻ പറയട്ടെ…

വേണ്ട സുരേഷേട്ടാ നിങ്ങളിനി ഒന്നും പറയണ്ട. ഇനി നിങ്ങളെന്നെ തടയരുത് എനിക്ക് മനസ്സിൽ നല്ല  കുറ്റബോധമുണ്ട്. ഞാൻ നാളെയെന്റെ വീട്ടിലേക്കു പോകുവാണ്.ഒരു വഞ്ചകിയായെനിക്കിവിടെ ജീവിക്കാൻ വയ്യ.

സുമേ അങ്ങനത്തെ തീരുമാനമൊന്നുമെടുക്കാതെ…
എന്തായാലും ഇത്രയൊക്കെ ആയില്ലേ?കഴിഞ്ഞതൊക്കെ നീ  മറക്കാൻ ശ്രമിക്കൂ .

ഈശ്വരന്റെ കൃപയാൽ നിനക്കൊന്നും സംഭവിച്ചില്ലല്ലോ.. അബദ്ധത്തിൽ പറ്റിയൊരു തെറ്റ് അതെല്ലാം  മറക്കാൻ ഞാൻ  തയ്യാറാണ്. എന്തായാലും ആപത്തൊന്നും കൂടാതെ നീ  തിരിച്ചു വന്നില്ലേ.ഇനിയും വൈകിയിട്ടില്ല സുമേ.. നിനക്ക് പോകാതിരുന്നൂടെ…

ഒക്കെ പരസ്പരം തുറന്നു പറഞ്ഞ സ്ഥിതിക്കു നമുക്കൊരു പുതിയൊരു ജീവിതം തുടങ്ങിക്കൂടെ?

എന്നെ പിടിച്ചെഴുന്നേൽപ്പിച്ചെന്റെ കൈകളിൽ പിടിച്ചു കൊണ്ടാ മനുഷ്യൻ പറഞ്ഞു,എനിക്ക് വേണമെടൊ തന്നെ. അത്രക്കും തന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്.

അതുകൂടി കേട്ടപ്പോൾ വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
പോട്ടെ സാരോല്ല ആ മനുഷ്യനെന്റെ കണ്ണുനീർ  തുടച്ചു.

എന്റെ നേർക്കു വെച്ചു നീട്ടിയാ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ എനിക്കായില്ല.

എനിക്ക് കുറച്ചു സമയം വേണം സുരേഷേട്ടാ…

ആയിക്കോ…പക്ഷെ അധികം വൈകരുത്. ഒരുപാട് കാത്തിരിക്കാൻ എനിക്കാവില്ല സുമേ..

ശരിയെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.

എല്ലാം പറഞ്ഞു ധാരണയാക്കിയതിനു ശേഷം മുറിയിലെ ലൈറ്റ് ഓഫ് ആക്കി കട്ടിലിന്റെ ഇരുവശത്തുമായി പുതിയൊരു ജീവിതവും കാത്തു ഞങ്ങൾ കിടക്കുമ്പോൾ പുറത്ത് കാറിൽ ഇതൊന്നുമറിയാതെ ഞാൻ ഇറങ്ങി ചെല്ലുന്നതും സ്വപ്നം കണ്ടിരിക്കുകയായിരുന്നു  വിവേക്.

Leave a Reply

Your email address will not be published. Required fields are marked *