രാത്രിയിൽ ഒറ്റക്ക് വീട്ടിലേക്ക് നടക്കുന്നതിനെ കുറിച്ചോർത്തപ്പോൾ തന്നെ മനസ്സിൽ ആകെ..

ഭ്രാന്തൻ
(രചന: രഞ്ജിത ലിജു)

സ്നേഹ നാട്ടിലേക്കുള്ള അവസാന ബസ്സിൽ കയറി. നല്ല തിരക്കായിരുന്നെങ്കിലും,
എങ്ങനെയൊക്കെയോ ഒരു സീറ്റ് ഒപ്പിച്ചു. കയ്യിൽ ഇരിക്കുന്ന സാധനങ്ങൾ ഒന്നും പരിക്ക് പറ്റാതെ മടിയിലും കാലിലുമായി ഒതുക്കി വച്ചു.

കുറെ നാളുകൾക്ക് ശേഷമാണ് നാട്ടിലേക്ക് ഇങ്ങനെ ഒരു രാത്രി യാത്ര.അതും ഒറ്റക്ക്. സ്നേഹ ബാംഗ്ലൂരിൽ ഐ റ്റി പ്രൊഫഷണലാണ്.

രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് സാധാരണ വീട്ടിലേക്ക്‌ വന്ന് പോകാറ്. അല്ലെങ്കിൽ കുറച്ചു ദിവസം ഒന്നിച്ച്‌ അവധി കിട്ടണം.ഇതിപ്പോൾ വീട്ടുകാരെ  അറിയിക്കാതെയുള്ള വരവാണ്.

രണ്ടു ദിവസത്തെ ലീവും എടുത്ത് അച്ഛന്റെയും അമ്മയുടെയും ഇരുപത്തഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ.അനിയൻ വിദേശത്തായത് കൊണ്ട്‌ എല്ലാ ഏർപ്പാടുകളും സ്നേഹ തന്നെ ചെയ്യണം.

കഴിഞ്ഞ ലീവിന് നാട്ടിൽ വന്നപ്പോൾ വിവാഹ വാർഷികം ആഘോഷിക്കുന്നതിനെക്കുറിച്ച്‌ അച്ഛനോടും അമ്മയോടും സംസാരിച്ചതാണ്.

പക്ഷെ അവർക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. അവർ എപ്പോഴും അങ്ങനെ ആണ്.പുത്തൻ രീതികളോടൊന്നും പൊരുത്തപ്പെടാൻ പറ്റാത്തവർ.

നിഷ്കളങ്കരായ തനി നാട്ടിൻപുറത്തുകാർ. അപ്പോൾ തന്നെ സ്നേഹയും അനുജനും കൂടി അവർക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് കരുതിയാണ് എല്ലാം രഹസ്യമായി പ്ലാൻ ചെയ്തത്.

അതിനായി അടുത്ത ബന്ധുക്കളെയും, അയൽക്കാരെയും ,ചില സുഹൃത്തുക്കളെയും ഒക്കെ ക്ഷണിച്ചു. അത്‌ അച്ഛനും അമ്മയും അറിയാതിരിക്കാൻ അവരെ പ്രത്യേകം ചട്ടം കെട്ടി.

ഒരുപാട് വൈകുന്നതിന് മുൻപ് വീട്ടിൽ എത്തണമെന്ന് കരുതിയാണ് അവൾ തിരിച്ചത്. പക്ഷെ  ഇടക്ക് വച്ചു ബസ്സ് ബ്രേക്ഡൗണ്  ആയതുകൊണ്ട് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും എട്ടു മണിയുടെ നാട്ടിലേക്കുള്ള വണ്ടി പോയിരുന്നു.

ബസ്സ്സ്റ്റാൻഡിൽ നിന്ന് ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട് അവളുടെ നാട്ടിലേക്ക്. അവസാന ബസ്സ് എത്തുമ്പോഴേക്കും പത്തര മണി കഴിയും.

ബസ്സിലേക്ക് കയറുമ്പോൾ തന്റെ സ്റ്റോപ്പിൽ ഇറങ്ങാനുള്ള ആരെങ്കിലും ഉണ്ടാവും എന്ന ആശ്വാസത്തിലായിരുന്നു അവൾ. യാത്ര പകുതി കഴിഞ്ഞപ്പോൾ തന്നെ ബസ്സിലെ തിരക്കൊന്നു കുറഞ്ഞു.

പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നറിയാൻ സ്നേഹ ആകെ ഒന്ന് കണ്ണോടിച്ചു.പക്ഷെ നിരാശയായിരുന്നു ഫലം.

രാത്രിയിൽ ഒറ്റക്ക് വീട്ടിലേക്ക് നടക്കുന്നതിനെ കുറിച്ചോർത്തപ്പോൾ തന്നെ മനസ്സിൽ ആകെ ഒരു ഭയം നിറഞ്ഞു.വീട്ടിലേക്ക് വിളിക്കാമെന്ന് കരുതി ബാഗിൽ നിന്നും ഫോൺ എടുക്കുമ്പോൾ അത് സ്വിച്ച് ഓഫ് ആയി കഴിഞ്ഞിരുന്നു.

ജംഗ്ഷനിൽ ഉള്ള കടകൾ എല്ലാം പത്തു മണിക്ക് മുൻപേ അടയ്ക്കും, വീടുകളുടെ സ്ഥിതിയും മറിച്ചല്ല. സ്ട്രീറ്റ് ലൈറ്റ് ഒക്കെ കത്തിയാൽ കത്തി. അതാണ് അവളുടെ നാട്ടിലെ അവസ്ഥ.പൊതുവെ സ്ത്രീകൾ ആരും രാത്രിയിൽ ഒറ്റക്ക് യാത്ര ചെയ്യാറുമില്ല.

ബാംഗ്ലൂർ നഗരത്തിലൊക്കെ അർദ്ധരാത്രിയിൽ പോലും ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഈ വിജനമായ വഴിയിലൂടെ ഒറ്റക്ക് നടക്കുന്നത് അവൾക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

ബസ്സിറങ്ങി തന്റെ വീട്ടിലേക്കുള്ള പത്തുമിനിറ്റ് ദൂരം ആരെങ്കിലുമൊക്കെ ഉണ്ടാകണേ എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു.

ആ ഭയത്തിന് ആക്കം കൂട്ടാനെന്ന പോലെ ഭ്രാന്തൻ പത്രോസിനെ കുറിച്ചുള്ള ചിന്തകൾ എങ്ങനെയോ മനസ്സിൽ കടന്നു കൂടി.

അവളുടെ നാട്ടിൽ കുറേക്കാലമായി അലഞ്ഞു തിരിയുന്ന ആളാണ് പത്രോസ്.സ്നേഹയുടെ സ്കൂൾ കാലഘട്ടത്തിൽ എപ്പോഴോ ആണ്  അയാൾ ആ നാട്ടിലേക്ക് വീണ്ടും വന്നത്.

അയാൾ അവരുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു പലിശക്കാരനായിരുന്നു. നല്ല പ്രായത്തിൽ തന്റെ പണക്കൊഴുപ്പിൽ അഹങ്കരിച്ചിരുന്ന ഒരുവൻ.

ഒടുവിൽ ഭാര്യയുടെ കൊലപാതിയായി ജയിലിലും കഴിയേണ്ടി വന്നു.

ഭാര്യയോടുള്ള സംശയമാണ് അയാളെകൊണ്ടു അങ്ങനെ ചെയ്യിച്ചതെന്നും മറിച്ച് അയാൾക്ക്‌ പല സ്ത്രീകളുമായി ഉള്ള ബന്ധം ചോദ്യം ചെയ്തത് കൊണ്ടാണ് ഭാര്യയെ കൊന്നതെന്നും രണ്ടു തരം വാർത്തകൾ നാട്ടിൽ പ്രചരിച്ചിരുന്നു.

എന്തായാലും ജയിൽ ശിക്ഷ കഴിഞ്ഞു തിരിച്ചു വന്ന പത്രോസിനെ മക്കളും ബന്ധുക്കളും
വീട്ടിൽ കയറ്റിയില്ല.

അല്പം വിഭ്രാന്തിയുള്ള അയാൾ അന്ന് മുതൽ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു കടത്തിണ്ണയിൽ കിടന്നുറങ്ങി ജീവിതം കഴിക്കുന്നു.

വന്ന നാൾ മുതൽ ആരോടും ഒന്നും മിണ്ടാത്ത, സ്വയം സംസാരിച്ചു നടക്കുന്ന അയാളെ എല്ലാവരും അവഗണിച്ചിരുന്നു.

നീണ്ടു മെലിഞ്ഞ എല്ലുന്തിയ ശരീരവും ജടക്കെട്ടിയ താടിയും മുടിയും നീണ്ടു വളർന്ന നഖങ്ങളുമുള്ള അയാളുടെ കണ്ണുകളിൽ എപ്പോഴും ആരോടോ ഉള്ള പ്രതികാരത്തിന്റെ അഗ്നി ജ്വലിക്കുന്നതായി
തോന്നും. കുട്ടികൾക്ക് അയാൾ  അന്നും ഇന്നും ഒരു പേടിസ്വപ്നമാണ്.

പക്ഷെ സ്ത്രീകളെ കാണുമ്പോഴുള്ള അയാളുടെ കഴുകൻ നോട്ടത്തെക്കുറിച്ചു അവിടെയുള്ള സ്ത്രീകൾ പലരും പറഞ്ഞു കുട്ടിക്കാലത്തെ സ്നേഹ കേട്ടിട്ടുണ്ട്.

പെണ്കുട്ടികളോടൊക്കെ അയാളെ സൂക്ഷിക്കണമെന്ന് പറഞ്ഞു പഠിപ്പിച്ചിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ അറിയാതെ പോലും അയാളെ നോക്കാതിരിക്കാൻ അവൾ മനപ്പൂർവം ശ്രമിച്ചിരുന്നു.

രാത്രികാലങ്ങളിൽ സ്ത്രീകൾ വീടിന്റെ പരിസരങ്ങളിൽ കാണുന്ന നിഴലും കാലനക്കവും ഒക്കെ പത്രോസിന്റേതാണെന്നു എല്ലാവരും വിശ്വസിച്ചു.

അതുകൊണ്ടു തന്നെ സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒറ്റക്ക് വീടിനു പുറത്തിറങ്ങാൻ തന്നെ പേടിയാണ്.

ഇതൊക്കെ ആലോചിച്ചിരിക്കുമ്പോഴേക്കും സ്നേഹക്കിറങ്ങാൻ ഉള്ള സ്റ്റോപ്പ് എത്തി. കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിർത്തുമ്പോൾ അവളുടെ മനസ്സിൽ വല്ലാതെ ഭയം വന്ന് നിറയുകയായിരുന്നു.

പേടിച്ച് ബസ്സിന്റെ പടികൾ ഇറങ്ങുമ്പോൾ കടകളെല്ലാം അടച്ചു കഴിഞ്ഞിരുന്നു.

ബസ്സ് തന്നെ ഇറക്കി മുന്നിലേക്ക് നീങ്ങുമ്പോൾ, കയ്യിൽ നിന്ന് ഊർന്നു വീഴാറായ സാധനങ്ങൾ കയ്യിലൊതുക്കുന്നതിനിടയിൽ അവൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.

ആ നോട്ടം ചെന്നു പതിച്ചത്,പലചരക്ക് കടയുടെ അരഭിത്തിയിൽ ചുണ്ടിൽ കത്തുന്ന ബീഡിയുമായി ഒരു കാല് തറയിൽ ഊന്നി തന്നെ തന്നെ നോക്കിയിരിക്കുന്ന ഭ്രാന്തൻ പത്രോസിലാണ്.

നിലാവിന്റെ വെളിച്ചത്തിൽ അവൾ അത് കാണുമ്പോൾ  ശരീരമാകെ ഒര് തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു.

അടുത്ത നിമിഷം ധൈര്യം സംഭരിച്ച് സർവ്വ ശക്തിയുമെടുത്തു ഓടാൻ ശ്രമിച്ചെങ്കിലും കയ്യിലെ സാധനങ്ങളുടെ ഭാരവും കാലിന്റെ തളർച്ചയും കൊണ്ട് അവൾക്ക് അതിനു സാധിച്ചില്ല.എങ്കിലും തന്നാൽ കഴിയുന്ന വേഗത്തിൽ അവൾ നടന്നു.

പതിവ് പോലെ സ്ട്രീറ്റ് ലൈറ്റുകൾ കത്തിയിട്ടില്ല, അങ്ങിങ്ങായി ഉള്ള ചുരുക്കം ചില വീടുകൾ ഒഴിച്ചാൽ ബാക്കി എല്ലാവരും ലൈറ്റുകൾ അണച്ചിരുന്നു.ഇടവഴികൾ എല്ലാം വിജനമായിരുന്നു.

ഒന്ന്‌ ഉറക്കെ വിളിച്ചാൽ പോലും പെട്ടെന്ന് ആരും ഓടി വരാത്ത അവസ്ഥ.പിറകിലേക്ക് തിരിഞ്ഞു നോക്കരുതെന്ന് കരുതിയെങ്കിലും,ഭയം അവളെ ഒന്നു കൂടി നോക്കാൻ പ്രേരിപ്പിച്ചു.

പത്രോസ് തന്നെ പിന്തുടരുന്നത് വേദനയോടെ അവൾ തിരിച്ചറിഞ്ഞു. അയാളുടെ ചുണ്ടിലെരിയുന്ന ബീഡിയേക്കാൾ വേഗത്തിൽ സ്നേഹയുടെ മനസ്സെരിയാൻ തുടങ്ങി.അലറി വിളിച്ച് കൊണ്ട് ഓടണമെന്നുണ്ടായിരുന്നു.

പക്ഷെ തൊണ്ടക്കുഴിയിൽ നിന്ന് ശ്വാസം പോലും പുറത്തേക്ക് വരാത്ത അവസ്‌ഥ.

അവളുടെ ചിന്തകൾ കാട് കയറി. ഏതു നിമിഷവും ഒരു ഭ്രാന്തനാൽ താൻ പിച്ചി ചീന്തപ്പെടും.നാളെ നാട് ഉണരുന്നത് ആ വാർത്ത കേട്ട് കൊണ്ടായിരിക്കും.

ഒരു പക്ഷെ കുറച്ച് ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ ‘ജസ്റ്റിസ് ഫോർ സ്നേഹ’ എന്ന ഹാഷ്ടാഗോട് കൂടി ആളുകൾ തനിക്ക്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ചേക്കാം,

അല്ലെങ്കിൽ ചാനൽ അന്തി ചർച്ചകളിൽ ജാതി മത രാഷ്ട്രീയ ചേരിതിരുവുകളിൽ പരസ്പരം ചെളിവാരി എറിയാൻ തന്നെ കരുവാക്കിയേക്കാം.

അതുമല്ലെങ്കിൽ ആയിരത്തിൽ ഒരുവളായി ആരുടെയും ശ്രദ്ധ പതിയാതെ ഏതെങ്കിലും പത്ര താളുകളിൽ ചുരുങ്ങിയേക്കാം.

മറ്റുള്ളവരെ പോലെ തന്നെ സമൂഹത്തിന് ആഘോഷിക്കാൻ ഒരു വാർത്ത കൂടി.എന്തായാലും നഷ്ടം ഇരയ്ക്കു തന്നെ.തന്റെ ജീവിതം, സ്വപ്നങ്ങൾ, അച്ഛൻ, അമ്മ, അനിയൻ എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാൻ പോകുന്നു.

ഓരോ പെണ്ണും താൻ ഇരയാകാൻ പോകുന്നു എന്ന് മനസ്സിലാകുമ്പോഴുള്ള പിടപ്പ് അതു എത്ര വലുതാണെന്ന് സ്നേഹക്ക് മനസ്സിലായി. അപ്പോഴും വേഗത്തിൽ അവളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയായിരുന്നു ആ ഭ്രാന്തൻ.

എന്ത് വന്നാലും താൻ കീഴ്പ്പെടില്ല എന്ന നിശ്ച്ചയ ദാർഢ്യം നൽകിയ ഊർജത്തിൽ അവളുടെ കാലുകൾ വേഗത്തിൽ ചുവട് വച്ചു.എങ്കിലും തൊട്ടു തോട്ടില്ല എന്ന മട്ടിൽ അയാൾ പിറകെ തന്നെ ഉണ്ടായിരുന്നു.

നടന്നും ഓടിയും ഏന്തി വലിഞ്ഞും എങ്ങനെയൊക്കെയോ സ്നേഹ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന്  കോളിംഗ് ബെല്ല് അമർത്തി.

മനസ്സിലെ പേടി അപ്പോഴും വിട്ടുമാറാതെ തിരിഞ്ഞു നോക്കുമ്പോൾ , തുറന്നിട്ട ഗേറ്റിൽ ചാരി അവളെ തന്നെ നോക്കി കൊണ്ട്  നിൽക്കുകയായിരുന്നു പത്രോസ്.

അമ്മ വന്ന് ‌കതക് തുറന്നതും,അമ്മയുടെ അതിശയത്തോടെയുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ വേഗം കതകടച്ചു ജനലിന്റെ കർട്ടൻ മാറ്റി നോക്കുമ്പോൾ,ഗേറ്റ്  ചേർത്തടച്ചു
നടന്നകലുന്ന പത്രോസിനെ അവൾ കണ്ടു.

ഒരു ദീർഘ നിശ്വാസത്തോടെ മേശമേലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിക്കുമ്പോൾ സ്നേഹ ഒരു കാര്യം തീരുമാനിച്ചു.ഇനി ഒരാളെയും മറ്റുള്ളവരുടെ വാക്കുകളിലൂടെ അറിയാൻ ശ്രമിക്കുകയോ മുൻവിധിയോടെ കാണുകയോ ചെയ്യില്ല എന്ന്‌.

അപ്പോഴും ഒന്നും മനസിലാകാതെ നിന്ന അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയുമ്പോൾ, തങ്ങളുടെ മകളെ സുരക്ഷിതമായി വീട്ടിൽ എത്തിച്ച പത്രോസിനോട് അവർക്കും സ്നേഹം തോന്നി.

ഒരു പെണ്ണിനെ കണ്ടാൽ അത്‌ ഒരവസരമായി കരുതുന്ന പകൽ മാന്യൻമാരെക്കാളും എത്രയോ ഭേദമാണ് ആ ഭ്രാന്തൻ എന്ന് അച്ഛൻ പറയുമ്പോൾ സ്നേഹയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉയർന്നു

“ആരാണ് യഥാർത്ഥ ഭ്രാന്തൻ”.

Leave a Reply

Your email address will not be published. Required fields are marked *