വന്നു കയറുമ്പോൾ മുതൽ ഇവൾ എന്റെ അച്ഛന്റെയും അമ്മയുടെയും കുറ്റവും ചെയ്തു തീർക്കുന്ന..

ശുഭം
(രചന: Remya Vijeesh)

അവർ രണ്ടു പേരും തങ്ങളുടെ വാദങ്ങളിൽ ന്യായം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു…

വാർഡ് മെമ്പർ മുതൽ പരിഹരിക്കാൻ പറ്റാത്ത പ്രശ്നം അതിപ്പോൾ കോടതിയിൽ എത്തി നിൽക്കുന്നു…

ഭാര്യയും ഭർത്താവും അവരുടെ മൂന്നു മക്കളും ആയിട്ടാണ് വിവാഹബന്ധം വേർപെടുത്താൻ കോടതിയിൽ എത്തിയിരിക്കുന്നതു…

പാറമട തൊഴിലാളിയായ ഭർത്താവ് നിരന്തരം മ ദ്യപിച്ചു വരുന്നതായിരുന്നു ഭാര്യ അയാളിൽ ആരോപിക്കുന്ന കുറ്റം..

“രണ്ടു പേരും പിരിയാൻ തന്നെ തീരുമാനിച്ചോ “? ചോദ്യം ജഡ്ജിയുടേത് ആയിരുന്നു…

” അതേ ” എന്നവർ ഉറച്ചു പറഞ്ഞപ്പോൾ ജഡ്ജിയുടെ നോട്ടം പോയതത്രയും ആ കുഞ്ഞു മക്കളുടെ മുഖത്തേക്കായിരുന്നു..

മൂത്തത് ഒരു പെൺകുട്ടി   ഏകദേശം ആറു വയസ്സ് കാണും… ഇളയത് ഒരാൺകുട്ടി…മൂന്നു വയസ്സ് തോന്നിക്കും..  പിന്നെയും ഒരു പെൺകുട്ടി  കഷ്ടിച്ച് ഒരു വയസ്സ് ഉണ്ടാകും..

“ഏമാനെ  ഞാൻ പുലർച്ചെ നാലു മണിക്ക് എണീക്കും.. പശുവിനെ കുളിപ്പിക്കും.. പശുക്കൂട് വൃത്തിയാക്കും… ഇതിയാനും മക്കൾക്കും ഇതിയാന്റെ അച്ഛനും അമ്മയ്ക്കും ഉള്ള ഭക്ഷണം വച്ചു വിളമ്പണം….

ഒരു വീട്ടിലെ പണികൾ മുഴുവനും ചെയ്യണം… മക്കളെ ഒരു കുറവും വരുത്താതെ നോക്കണം.. ഇതിയാന്റെ അമ്മയുടെ വായിൽ ഇരിയ്ക്കുന്ന വേണ്ടാധീനം മൊത്തോം കേൾക്കണം….

പണികൾ ഒക്കെ തീർത്തു ഒന്നു നടു നിവർക്കാനും ഇതിയനോട് എന്റെ വിഷമം പറഞ്ഞു തീർക്കാനും ഞാൻ കാത്തിരിയ്ക്കും… എന്നാൽ ഇതിയാൻ വന്നു കയറുന്നതോ മൂക്കു മുട്ടെ കുടിച്ചിട്ടും…

എന്നോടൊന്നു സ്നേഹത്തോടെ സംസാരിച്ചിട്ട് കാലങ്ങളായി…. എനിക്കു വയ്യാണ്ടായിരിക്കുന്നു… എന്നിട്ടും ചോദ്യം നിനക്കിവിടെ എന്താ ഇതിനും മാത്രം പണി എന്നാ… മറ്റെവിടെയെങ്കിലും അടുക്കള പണിക്കു പോയാലും ഇതിന്റെ പകുതി പണി കാണില്ല…

മാസം കയ്യിൽ നല്ലൊരു തുക ശമ്പളമായി കിട്ടുകയും ചെയ്യും…. ഇതിയാനെ എനിക്കിനി വേണ്ട… അവരുടെ ശബ്ദം ഇടയ്ക്ക് ഇടറിയും പിന്നെ ദൃഢമായും ഘനീഭവിച്ചു…

ഇത്രയും കേട്ടപ്പോൾ ഭർത്താവിന്റെ ക്ഷമ ആകെ നശിച്ചു…

“ഏമാനെ…. ഞാൻ ജോലി ചെയ്യുന്ന പാറമടയിലേക്കു കുറെ ദൂരം യാത്ര ചെയ്യണം.. അതിനാൽ എനിക്കു പുലർച്ചെ തന്നെ പോകേണ്ടതുണ്ട്….

അതിനാൽ എനിക്കിവളെ സഹായിക്കാൻ ഒന്നും പറ്റില്ല… പിന്നെ പകൽ മുഴുവൻ ചുട്ടു പൊള്ളുന്ന വെയിൽ കൊണ്ടു ഇരുമ്പ് കൂടം താഴെ വയ്ക്കാതെ കല്ലിനോട് പടവെട്ടുമ്പോൾ ശരീരം ആസകലം വേദനയാണ്…

പിന്നെ വന്നു കയറുമ്പോൾ മുതൽ ഇവൾ എന്റെ അച്ഛന്റെയും അമ്മയുടെയും കുറ്റവും ചെയ്തു തീർക്കുന്ന പണിയെക്കുറിച്ചും മാത്രം സംസാരിക്കും…

എത്രയെന്നു വച്ചിട്ടാ ഇതു കേട്ടോണ്ടിരിയ്ക്കുന്നത്… എന്തൊക്കെ ആയാലും അവർ എന്റെ അച്ഛനും അമ്മയും അല്ലെ… ഏമാനറിയുമോ വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങിയാ ഞാൻ വീട്ടിൽ എത്തുന്നത്…

കുറച്ചു സ്ഥലം വാങ്ങി… അതിൽ ഒരു നല്ല വീട് വയ്ക്കണം… കുറെ കടം വീട്ടാനുമുണ്ട്… അതിനൊക്കെ ഞാൻ പണിയ്ക്കു പോകേണ്ടേ.. ഇവളെ സ്നേഹിച്ചോണ്ടിരുന്നാൽ മതിയോ…

ഇവൾ പോട്ടെ.. അതാണ് നല്ലത്… സമാധാനം കിട്ടുമല്ലോ… അതിനു വിവാഹ മോചനം തന്നെ ആണ് നല്ലത്….അയാളും തീരെ വിട്ടുകൊടുക്കാൻ തീരെ തയ്യാറല്ല…

എന്നാൽ ജഡ്ജി ആകട്ടെ വിധി പറയുവാൻ മറ്റൊരു ദിവസം തീരുമാനിച്ചു..

“നിങ്ങൾ രണ്ടു പേരും പറയുന്നത് എനിക്കു മനസിലായി… എന്നാൽ നിങ്ങൾ പരസ്പരം ഇതുവരെ മനസ്സിലാക്കിയില്ല എന്നും എനിക്കു മനസിലായി… ഒരു കാര്യം  ചെയ്യുക… ജഡ്ജി ഭാര്യയോടായി പറഞ്ഞു..”

നിങ്ങൾ നാളെ രാവിലെ നിങ്ങളുടെ ഭർത്താവിന്റെ ജോലി സ്ഥലത്തു പോവുകയും അയാളുടെ സഹപ്രവർത്തകർ ചെയ്യുന്നത് നിരീക്ഷിക്കുകയും ചെയ്യുക “

“നിങ്ങളുടെ ഭാര്യ ചെയ്യുന്ന ജോലികൾ നാളെ ഒരു ദിവസം നിങ്ങൾ വീട്ടിലിരുന്നു ചെയ്യുക… അടുത്ത ആഴ്ച കേസിന്റെ വിധി പറയുന്നതാണ് “

ഒരു ദിവസം ഭർത്താവിന്റെ ജോലി സ്ഥലത്തു ചിലവഴിച്ച അവർക്കു അയാളുടെ അരികിൽ ഓടിയെത്താനും കെട്ടിപിടിച്ചു ഒന്നു പൊട്ടിക്കരയാനും ഹൃദയം തുടിയ്ക്കുന്നുണ്ടായിരുന്നു.

അപ്പോൾ അവൾ വരുമ്പോൾ അവളെ മാറോടു ചേർത്തു ഉമ്മകൾ കൊണ്ടു മൂടാൻ വെമ്പുന്ന മനസ്സുമായി അയാളും കാത്തിരിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *