നാട്ടുകാരുടെ മുൻപിൽ ഇനിയും ഒരു കുട്ടി, അതും ഡെലിവറി കഴിഞ്ഞാൽ കുട്ടി എന്തിയെന്നുള്ള ചോദ്യം..

മകൾ
(രചന: Rejitha Sree)

അമ്മയുടെ കയ്യിൽ തൂങ്ങി കയറിവന്ന ആ കുഞ്ഞുപാവടക്കാരിയെ ബസിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. കുഞ്ഞു നീലക്കണ്ണുകൾ ബസിലാകമാനം പരതിയപ്പോഴേ എനിക്ക് മനസിലായി യാത്രയുടെ പേടിയുടെ ഭാഗമായി സീറ്റ്‌ നോക്കിയതാണെന്ന്..

എന്തോ ഭാഗ്യം പോലെ അവളും അമ്മയും നിന്നത് എന്റെ അരികിലായും. സീറ്റിന്റെ സൈഡിൽ പിടിക്കുമ്പോൾ ആ കുഞ്ഞു കൈകൾ തെന്നിപോകുന്നുണ്ടായിരുന്നു.. ഞാൻ അവളെ വാരികോരി എന്റെ മടിയിൽ ഇരുത്തി..

ആ കണ്ണുകൾ എന്നെ ഒന്ന് തുറിച്ചു നോക്കി..ആ കണ്ണുകൾ ഉറക്കത്തിനായി ഒരുങ്ങുന്ന പോലെ എനിക്ക് തോന്നി..

“മോൾക്ക് ഉറക്കം വരുന്നുണ്ടോ..?

അവളുടെ ക്ഷീണത്തോടെയുള്ള മൂളൽ കേട്ടതും അവളുടെ മുഖം ഞാൻ എന്റെ മാറിലേക്ക് ചായ്ച്ചു. ഉറക്കത്തിൽ അറിയാതെ അവൾ എന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു.. ആ കുഞ്ഞു കൈകൾ എന്നെ കെട്ടിപിടിച്ചു..

എന്റെ കണ്ണുകൾ നിറഞ്ഞു.. അവളെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു വച്ചു.. എന്റെ പൊന്നുമോൾ… മനസിൽ എനിക്ക് എന്റെ പൊന്നുമോളെ ഓർമവന്നു…

“ഡോക്ടർ.. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നാമതൊരു പ്രെഗ്നൻസി.. “”?

“കുട്ടികൾ ഇല്ലാത്തവരുടെ മനസ്സ് നമ്മൾ ഒക്കെ അല്ലാതെ ആരാണ് നിത്യ മനസിലാക്കുക.

നിത്യ ധനീഷിന്റ മുഖത്തേയ്ക്കു നോക്കി. മടിയിൽ കിടന്നുറങ്ങിയ 3 വയസുള്ള നിധി മോനെ തോളിലേക്ക് കയറ്റി കിടത്തി.

“നിങ്ങൾക്ക് രണ്ടു ആൺകുട്ടികൾ ഉണ്ട്.. പക്ഷെ സാമ്പത്തികം കുറവാണ്. ഇന്നത്തെ കാലത്തെ ജീവിതവും ചുറ്റുപാടും ഒക്കെ അറിയാമല്ലോ.. “

“അവർക്കു കുട്ടികളേ ഇല്ല. ഒരുപാട് സാമ്പത്തികം ഉണ്ട്. Uk യിൽ സെറ്റിൽഡ് ആണ്.. സമ്പത്ത് കുമിഞ്ഞു കൂടിയിട്ടെന്തുകാര്യം.. ഒരു കുഞ്ഞിന്റെ കളിചിരി ഇല്ലാതെ എന്തു ജീവിതം..”

” ഇപ്പോഴേ അവർ മരവിച്ച അവസ്ഥയാണ്. ആ പെൺകുട്ടിയ്ക്കാണെൽ സമനിലപോലും തെറ്റിയ അവസ്ഥ.അവരെ കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും.. “

“എന്നാലും.. ഡോക്ടർ.. “

“ഒന്നുകൂടി ഒന്നു ആലോചിക്കൂ നിങ്ങൾ.. എന്നിട്ട് മറുപടി പറഞ്ഞാൽ മതി. “

ഡോക്ടറിനെ നോക്കി മനസ്സില്ലാമനസ്സോടെ അവർ ഇരുവരും പുറത്തേയ്ക്കിറങ്ങി.

ബൈക്കിലെ യാത്രയ്ക്കിടയിലും ഇരുവരും പരസ്പരം ഒന്നും മിണ്ടിയതേയില്ല. അവളെയും കുട്ടികളെയും വീട്ടിൽ ആക്കിയശേഷം ധനീഷ് പുറത്തേയ്ക്കു പോയി.

വൈകുന്നേരം ആയപ്പോൾ വെയിൽ കൊണ്ടു അലഞ്ഞ ക്ഷീണം മുഴുവൻ മുഖത്ത് കാണും വിധം ധനീഷ് ഉമ്മറപ്പടിയിൽ വന്നിരുന്നു. ബൈക്കിന്റെ കീ നിത്യയുടെ കയ്യിൽ കൊടുത്തിട്ടു ഒരു ചായ തരാൻ പറഞ്ഞു…

എന്തൊക്കെയോ കാര്യങ്ങൾക്കു പോയത് നടക്കാത്ത നിരാശ അവന്റെ മുഖത്തുണ്ടായിരുന്നു..
നിത്യ ചായയുമായി ധനീഷിന്റെ അടുത്തായി വന്നിരുന്നു..

“എന്തേ …മുഖത്തിനൊരു വിഷമം പോലെ.. എവിടെയാ പോയിട്ടു വന്നത്..?

ചൂട് ചായ ചുണ്ടോടു ചേർത്തു ഒരിറക്ക് കുടിച്ചു..
അവളുടെ മുഖത്തേയ്ക്കു നോക്കാതെ അവൻ പറഞ്ഞു..

“ഹൗസ് ഓണർ വിളിച്ചിരുന്നു.. ഈ മാസം കൂടി വാടക കുടിശിക ചേർത്തു കൊടുത്തില്ലെങ്കിൽ വേറെ വീട് നോക്കാൻ പറഞ്ഞു.. “അത് കേട്ട നിത്യയുടെ മുഖം വാടി..

“”അതിന് ധനീഷേട്ടൻ എവിടെപോയിട്ടു വരുവാ.. “

“ഒന്നുമില്ലെടി.. കൂട്ടുകാരുടെ അടുത്ത് പോയതാ.. എന്തേലും വഴി ഉണ്ടോന്നറിയാൻ.. ഒന്ന് മറിക്കാൻ കുറച്ചേലും കിട്ടുമോന്നറിയാൻ.. “

“എന്നിട്ട്.. “?

“എന്നിട്ട് എന്താ പഴയപോലെ.. സ്ഥിരമായി ജോലി ഇല്ലാത്തവന് എന്തു വിശ്വസിച്ചാടി കടം തരിക.. “

നിത്യയുടെ മനസ് നൊമ്പരപ്പെട്ടു.. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് കയറി പോയി..
വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..

കുടുംബ വീട്ടിൽ നിന്നും ഒന്നും കൊണ്ടുവരാത്ത ഒരു പെണ്ണിനെ കിട്ടിയതിന്റെ പേരിൽ അവഗണകൾ കൂടി സ്വസ്ഥത ഇല്ലാതായപ്പോഴാണ് വീട് വിട്ടു ,ഉള്ള വരുമാനത്തിൽ സമാധാനമായി ജീവിക്കാമെന്ന് പറഞ്ഞു വാടക വീട് നോക്കിയത്.. .

പക്ഷെ വീട്ടിൽ ആയിരുന്നപ്പോൾ ഇത്ര ചിലവ് അറിഞ്ഞിട്ടില്ല. ഇതിപ്പോ ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങണം. പിന്നെ വാടക, കറന്റ് ബില്ല് , വാട്ടർ ചാർജ്ജ് വേറെ.. വല്ലപ്പോഴുമുള്ള വരുമാനത്തിൽ ഏറിയ പങ്ക് കടക്കാര് കൊണ്ടുപോകും. പിന്നെ കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങാൻ പറ്റാറില്ല..

ഓരോന്നോർത്തു വാതിലിൽ പടിയിൽ ഇരുന്നപ്പോൾ അടുത്ത കൂട്ടുകാരി ജിൻസി യുടെ മുഖം ഓർമ്മ വന്നു. ഫോണിൽ അവളുടെ നമ്പർ എടുത്തു വിളിച്ചു.

“ആ ഡീ.. നീ എന്തെടുക്കുവാ..?

“ഒന്നുമില്ലെടി ഞാൻ അമ്മിണികുട്ടിക്കു പുല്ല് പറിച്ചിട്ടു കയ്യും കാലും കഴുകി ഇങ്ങോട്ട് കയറി. “

“നീ എന്താ വിളിച്ചത് കാര്യം പറ..? ”’

അത്… പിന്നെ.. ഇന്നലെ ആ സിന്ധു ഡോക്ടറിനെ പോയി കണ്ടിരുന്നു. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഡോക്ടർ കാണണമെന്ന് വിളിച്ചു പറഞ്ഞിരുന്നെന്നു… “

“ആം.. ന്നിട്ട്.. എന്തിനായിരുന്നു.?

“ഏതോ മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി ഈ വാടകയ്ക്ക് ഗർഭപാത്രം എന്നൊക്കെ പറയില്ലേ.. അത്.. “

“ന്നിട്ട് നീ എന്തുപറഞ്ഞു…?

“എന്തു പറയനാടി.. അപ്പോൾ സത്യം പറഞ്ഞാൽ എന്തുവന്നാലും ഇതിനുപോകണ്ടന്നായിരുന്നു..
പക്ഷെ ഇപ്പോൾ…

“ഇപ്പോൾ… ” ജിൻസി ആകാംഷയോടെ തിരക്കി..

“ഇപ്പോൾ തോന്നുന്നു നോക്കിയാലോ ന്ന്…
സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ തീരുമാനങ്ങൾ എടുപ്പിക്കുന്നതും മാറ്റിക്കുന്നതും.. “

നിത്യ ഒരു നീണ്ട മൗനത്തിനു ശേഷം ജിൻസിയോട് ചോദിച്ചു… അല്ല നിന്റെ അഭിപ്രായം ഒന്നും പറഞ്ഞില്ലാലോ..

“പെട്ടെന്ന് ഒരു തീരുമാനം പറയാൻ പറ്റിയ കാര്യമല്ലല്ലോ.. ന്നാലും ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. ധനീഷേട്ടൻ എന്തുപറയുന്നു.. “?

“എന്തുപറയാനാ.. ആളാകെ തകർന്ന അവസ്ഥയാണ്.. ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ചിലവുകളും കടവും.. എന്നോട് ഇപ്പോൾ അധികം സംസാരിക്കാറേയില്ല…

ഞാൻ കാരണമാണല്ലോ ഇങ്ങനൊക്കെ.. അതിന്റെ ദേഷ്യവും സങ്കടവുമെല്ലാം പുറത്തു കാണിച്ചില്ലെങ്കിലും മനസ്സിൽ കാണും.. ”
നിത്യയുടെ വാക്കുകൾ തൊണ്ടയിൽ ഇടറി..

“പോട്ടെടാ.. സാരമില്ല.. ഒന്നോർത്താൽ ഇത് ഒരു നല്ല കാര്യമാണ്. അത് പക്ഷെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അവര് തരുന്ന പേപ്പേഴ്സ് ഒക്കെ ഒപ്പിടും മുൻപ് ഡോക്ടറിനെ കൊണ്ട് ക്ലിയർ ചെയ്യണം.. പിന്നെ…. പിന്നെ നിന്റെ ഹെൽത്ത്‌.. അത് പെർഫെക്ട് ആയിരിക്കണം.. സൂക്ഷിക്കണം.. “

“ആ നോക്കാം.. ധനീഷേട്ടനോട് ഞാൻ ഒന്ന് സംസാരിച്ചുനോക്കട്ടെ.. നാളെ പറയാം.. “

“ആ ശെരിയെടി.. ഞാനും പോകട്ടെ ജോലിയുണ്ട്.. “

ജിൻസി ഫോൺ കട്ട്‌ ചെയ്തപ്പോൾ നിത്യ നിലവിളക്ക് കെടുത്തി അതുമായി അകത്തേയ്ക്കു കയറി.

രാത്രി കുട്ടികൾക്ക് ആഹാരം കൊടുത്തു നേരത്തെ ഉറക്കി.. കുളിച്ചു ഡ്രസ്സ്‌ മാറി ടിവി കാണുകയായിരുന്ന ധനീഷിന്റെ മുഖത്തുനോക്കി എന്തോ പറയാനായി വന്നെങ്കിലും കഴിക്കാൻ എടുക്കട്ടേന്നാണ് ചോദിച്ചത്.

ടിവി യിൽ നിന്നു കണ്ണെടുക്കാതെ എടുത്തോന്ന് മറുപടി വന്നു. രണ്ടുപേരും ഭക്ഷണം കഴിച്ചു കിടക്കാനായി വന്നപ്പോൾ നിത്യ ധനീഷിനോട് ഡോക്ടർ പറഞ്ഞ കാര്യത്തെ പറ്റി സംസാരിച്ചു.

“ഗർഭം ധരിക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടി വളർത്താനും എല്ലാ സ്ത്രീകൾക്കും ആശയുണ്ടാവും. പക്ഷെ എല്ലാവർക്കും എല്ലാം ദൈവം കൊടുക്കില്ലല്ലോ ഏട്ടാ….”

“നീയെന്താ നിത്യേ പറഞ്ഞു വരുന്നത്..? ””

“ഇന്ന് ഡോക്ടർ പറഞ്ഞത് ഏട്ടനും കേട്ടതല്ലേ…”

””എന്നു വെച്ചു വല്ല ആളുകളുടെയും ബീജത്തെ നീ ചുമക്കണമെണൊ…””

”’അത് ഒക്കെ ഡോക്ടേഴ്‌സ് അല്ലെ ഏട്ടാ…”

””’എന്നാലും അതോന്നും ശെരിയാകില്ല.. ””

നിത്യ മൗനം പാലിച്ചു.. ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.. ധനീഷ്. കിടക്കയിൽ നിന്നെഴുന്നേറ്റു അവളുടെ അരികിലായിരുന്നു.

””നിത്യേ… ഞാൻ പറയുന്നത് താൻ എന്താ മനസ്സിലാക്കാത്തത്. നാട്ടുകാരുടെ മുൻപിൽ ഇനിയും ഒരു കുട്ടി. അതും ഡെലിവറി കഴിഞ്ഞാൽ കുട്ടി എന്തിയെന്നുള്ള ചോദ്യം.. പിന്നെ കാലം എത്ര വളർന്നെന്നു പറഞ്ഞാലും ഇതൊക്കെ.. ””” നിത്യ കണ്ണുകൾ തുടച്ചു..

””’നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരുമാറ്റം ഉണ്ടാകുമെന്നു ഞാൻ കരുതി. പിന്നെ ഒരു കണക്കിന് പ്രസവിക്കാൻ കഴിയാത്ത അവർക്കും ഇല്ലേ സ്വപ്‌നങ്ങൾ.. സ്വന്തം കുഞ്ഞിനെ മാറോടുചേർക്കാനും അതിന്റെ കളി ചിരി കാണാനും. നമുക്ക് രണ്ടുപേരുള്ളതുകൊണ്ട് ആ വിഷമം മനസിലാകില്ല. ”””

”””മ്മ്.. നാളെ ഡോക്ടറിനെ വിളിച്ചു എന്താണ് വച്ചാൽ ചോദിക്ക്.. അതും പറഞ്ഞു നേരം വെളുപ്പിക്കേണ്ട.. ധനീഷ് ലൈറ്റ് ഓഫാക്കി കിടന്നു..”””’

പിറ്റേന്ന് സിന്ധു ഡോക്ടർ നൊപ്പം ആ പുതിയ ദമ്പതികളെ അവൾ കണ്ടു.

””” നിത്യ.. ഇതാണ് ലക്ഷ്മി.. ഞാൻ പറഞ്ഞിരുന്നില്ലെ …””’ ഡോക്ടർ ധനീഷിന്റെ മുഖത്തേയ്ക്കു നോക്കി.

””’ഹായ്.. ഞാൻ അരവിന്ദ്. ഹസ്ബൻഡ് ആണ്.””. ധനീഷ് കൈ കൊടുത്തു ചെയറിലേയ്ക്ക് വീണ്ടും ഇരുന്നു.

നിത്യ ലക്ഷ്മിയെ ആകമാനം നോക്കി. എന്തു ഭംഗിയാണ്. നല്ല തൂവെള്ള നിറം. ഐശ്വര്യമുള്ള മുഖം.. അലക്ഷ്യമായി ഇട്ടിരിക്കുന്ന പനങ്കുല പോലത്തെ ചുരുണ്ട മുടി. സാരിയാണ് വേഷം.. മുഖത്ത് വേദനയുടെ നിഴൽപാടുകൾ മാത്രം..
ആരോടും ഒന്നും മിണ്ടാതെ അവൾ മുഖം കുനിച്ചിരുന്നു..

അവർ നാലുപേരുടെയും മുഖത്ത് നോക്കി ഡോക്ടർ പറഞ്ഞു..

””’എത്ര മാത്രം റിസ്ക് ഉള്ളതാണ് ഈ ഒരു കാര്യമെന്ന് നിങ്ങൾ രണ്ടു കൂട്ടർക്കും അറിയാമല്ലോ.. കാര്യങ്ങൾ ഞാൻ രണ്ടു കൂട്ടരോടും വിശദമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ നെക്സ്റ്റ് വീക്ക്‌ മുതൽ നമ്മൾ സ്റ്റാർട്ട്‌ ചെയ്തു തുടങ്ങുന്നു..
സമ്മതമല്ലെ…. ?””” ധനീഷ് നിത്യയുടെ മുഖത്തേയ്ക്കു നോക്കി.. മനസ്സില്ലാമനസ്സോടെ..

നിത്യ ലക്ഷ്മിയുടെ മുഖത്തേക്കും.. ലക്ഷ്മിയുടെ ദയനീയമായ കണ്ണുകൾ.. അവളുടെ ശ്വാസം അടപ്പിച്ചപോലെ തോന്നി..  ഡോക്ടറിന്റെ മുഖത്ത് നോക്കി നിത്യ ഉറച്ച സ്വരത്തിൽ സമ്മതമാണെന്ന് പറഞ്ഞു..

അന്ന് വൈകിട്ട് ഓരോന്നാലോചിച്ചു നിത്യ അടുക്കള പടിമേൽ ഇരുന്നപ്പോൾ ഫോൺ ബെല്ലടിച്ചപോലെ തോന്നി.. ചെന്നു നോക്കിയപ്പോൾ പതിവില്ലാത്ത ഒരു നമ്പർ.. ഇതാരാ ഇപ്പൊ.. എന്ന് മനസ്സിൽ ഓർത്തു കാൾ എടുത്തപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം.

”’ഞാൻ ലക്ഷ്മിയാണ്.. ”’

പെട്ടന്ന് നിത്യയ്ക്കു അവളുടെ കരഞ്ഞു കുഴിഞ്ഞ കണ്ണുകളും അഴിഞ്ഞ മുടിക്കെട്ടും ഓർമ്മവന്നു..

രണ്ടുപേരും ഒരു തുടക്കം കിട്ടാതെ കുറച്ചു സമയം നിശബ്ദമായി നിന്നു… അടക്കിപ്പിടിച്ച തേങ്ങൽ മറുതലയ്ക്കൽ നിന്നുയർന്നപ്പോൾ നിത്യയുടെ നെഞ്ചിൽ ഒരു പിടച്ചിൽ.. നിത്യ വാക്കുകൾക്കായി പരതി..

””’അല്ല എന്തിനാ കുട്ടി ഇനിയും കരയുന്നത്…””

ലക്ഷ്മിയുടെ ഏങ്ങലുകൾക്കിടയിൽ നിന്നും പതിയെ ശബ്ദമുയർന്നു..

””നിങ്ങൾ.. നിങ്ങക്ക് വലിയ മനസ്സാണ്. ദൈവത്തോളം നിങ്ങൾ വലുതാണ് എനിക്ക്… ””
ലക്ഷ്മിയുടെ വാക്കുകൾ നിത്യയുടെ കണ്ണുകളെയും ഈറനണിയിച്ചു…

””’ഞങ്ങൾ ഒരുപാട് പേരെ സമീപിച്ചു.. പക്ഷെ നിരാശയും അവഗണനയും ആയിരുന്നു ഫലം..””’

“” മക്കൾ ഉണ്ടാകാത്തതാണെങ്കിൽ ഒന്നിനെ അങ്ങ് ദത്തെടുത്തു വളർത്തണം.. അല്ലാതെ ഇങ്ങനെ ആരാന്റെ വയറ്റിൽ ഉണ്ടാക്കാൻ നോക്കരുതെന്നു പറഞ്ഞുവരെ അപമാനിച്ചവർ ഉണ്ട്.. ‘

“”പക്ഷെ.. നിങ്ങൾ.. നിങ്ങൾ ഒന്നും പറഞ്ഞില്ല…. എന്റെ മനസ്സ് കണ്ടു…””

””എന്നും അരവിന്ദേട്ടന് തിരക്കുകൾ ആണ്.. ഒരുപക്ഷെ എന്റെ സങ്കടം കാണാൻ കഴിയാത്തതുകൊണ്ട് തിരക്കുകൾ പറഞ്ഞു എന്നിൽ നിന്നൊഴിയുന്നതാകാം.. പക്ഷെ എല്ലാവർക്കും ഒപ്പം സ്വന്തം അമ്മപോലും മക്കളില്ലാത്തവൾ.. മച്ചിയാണ് ന്നും പറഞ്ഞു അകറ്റിനിർത്തിയപ്പോൾ…””

””കുഞ്ഞുങ്ങളെ കാണുമ്പോൾ ആർത്തിയോടെ നോക്കുന്നതുകൊണ്ട് ബന്ധുക്കാരൊക്കെ കുഞ്ഞുങ്ങളെ കൊണ്ട് വീട്ടിൽ വരാതെയായി.”’

”മച്ചിയുടെ നോട്ടം കിട്ടിയാൽ പോലും കുഞ്ഞുങ്ങൾക്ക് കേടാണെന്നു പറയും..””’
“ദൈവങ്ങളല്ലേ ചേച്ചി കുഞ്ഞുങ്ങൾ.. അവർക്കു എങ്ങനെയാ അമ്മആകാൻ കഴിയാത്ത എന്റെ സങ്കടം ദോഷമായി വരുന്നെന്ന് ഒന്ന് പറഞ്ഞതാ ചേച്ചി… “.

ഏങ്ങലടിച്ചു കരയുന്ന ലക്ഷ്മിയുടെ വാക്കുകൾ നിത്യ നിശ്ശബ്ദയായി കേട്ടിരുന്നു . അവസാനം ലക്ഷമി പൊട്ടിക്കരഞ്ഞപ്പോൾ നിത്യയും കരഞ്ഞു പോയി .

..”ഒന്നുമില്ല മോളെ.. ഇനി മുതൽ നീ വിഷമിക്കരുത്..ഇനി മുതൽ ലക്ഷ്മിയും അമ്മയാണ്. അങ്ങനെ വിശ്വസിക്ക്.. ഇനി ഇതൊന്നും ഓർത്തു വിഷമിക്കരുത്.. ഞാനുണ്ട്..””” നിത്യ അവളെ ആശ്വസിപ്പിച്ചു..

ട്രീറ്റ്മെന്റ് തുടങ്ങി ആഴ്ചകളും മാസങ്ങളും കടന്നുപോയി… ദിവസങ്ങൾ കടന്നുപോകും തോറും നിത്യയും ലക്ഷ്മിയുമായുള്ള മാനസിക ബന്ധവും വളർന്നു.. ഒപ്പം എന്നും കുഞ്ഞിന്റെ അനക്കങ്ങളും വിശേഷങ്ങളും…

ആദ്യത്തെ. മാസത്തിലെ മാനസികമായി ലക്ഷ്മിയുടെ അവസ്ഥയിൽ ഒരുപാട് മാറ്റവും ഉണ്ടായി.. നിത്യയ്ക്കൊപ്പം ലക്ഷ്മിയും താമസമായി. ആദ്യത്തെ മൂന്നുമാസം ഛർദി വന്നു തളർന്നു കിടക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ലക്ഷ്മി വിഷമിച്ചു.. ഇതൊന്നും സാരമില്ല ഇതൊക്കെ ഇതിനു പറഞ്ഞിട്ടുള്ളതാ ന്ന് പറഞ്ഞു നിത്യ ലഷ്മിയെ സമാധാനിപ്പിച്ചു.

പിന്നീട് കുഞ്ഞിന്റെ വളർച്ചയ്‌ക്കൊപ്പം നിത്യയ്ക്കു ഇഷ്ടപെട്ട ആഹാരമുണ്ടാക്കാനും അവളുടെ വേദനകളിൽ താങ്ങായി കൂടെ നിൽക്കാനും ലക്ഷ്മി പഠിച്ചു.നിത്യയുടെ രണ്ടുമക്കൾക്കൊപ്പം അവളുടെ അരികിലായി ലക്ഷ്മിയും ഉറങ്ങി..

ഇതിനിടയിൽ വാടക വീട് മാറി നിത്യയ്ക് താമസിക്കാൻ ലക്ഷ്മി വീട് വാങ്ങി നിത്യയുടെ പേരിൽ എഴുതിച്ചു കൊടുത്തു…ടൗണിൽ നല്ല ഒരു സൂപ്പർമാർക്കെറ്റ്….എന്തുകൊണ്ടും സന്തോഷകരമായ നാളുകൾ….

ഡേറ്റ് അടുക്കാറായപ്പോൾ പ്രസവത്തിന്റേതായ ചില വിഷമങ്ങൾ തോന്നിയപ്പോഴേ നിത്യയെ ഹോസ്പിറ്റലിൽ എത്തിച്ചു…

””’ ഡേറ്റ് ആയില്ലേ അതിന്റെ അസ്വസ്ഥത ആണ്.ന്തായാലും വന്നതല്ലേ ഇനിയിപ്പോൾ ഡെലിവറി കഴിഞ്ഞു പോകാം.. ””’ ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നാലുപേരുടെ ഹൃദയത്തിലും എവിടെനിന്നോ പേടിയുടെ നാമ്പുകൾ പൊട്ടിമുളച്ചു..

”'”അധികം റിസ്ക് നമുക്ക് എടുക്കണ്ട സിസ്സേറിയൻ നോക്കാം.. “”’ ഡോക്ടറിന്റെ വാക്കുകൾ ധനീഷിന്റെ കണ്ണുകൾ നിറച്ചു.. . രണ്ടു മക്കളെ വേദന സഹിച്ചു പ്രസവിച്ചപ്പോൾ അവൾ പറഞ്ഞത് ഓപ്പറേഷൻ വേണ്ടന്നാണ്.. അവൾക്കു അത് എന്തോ ഭയം പോലെയാണ്..

ഡോക്ടറിന്റെ റൂമിൽ നിന്നും ആരോടും ഒന്നും പറയാതെ ധനീഷ് പുറത്തിറങ്ങി ജനൽ പാളിയുടെ മറവിൽ നിന്നു ആദ്യമായി പൊട്ടിക്കരഞ്ഞു.. ആണൊരുത്തന്റെ ജീവിതത്തിലെ കഴിവുകേടാണോ അതോ അവൾക്കു ഞാൻ ആണ് ഈ ഗതിയൊക്കെ കൊടുത്തതെന്ന ചിന്തയാണോ.. ആരോടും പറയാനാകാത്ത കുറ്റബോധത്തിന്റെ തീച്ചൂളയിൽ ആരും കേൾക്കാതെ അവൻ ഏങ്ങലടിച്ചു കരഞ്ഞു…

ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് പോകും മുൻപ് നിത്യയുടെ കയ്യിൽ ലക്ഷ്മി മുറുകെപ്പിടിച്ചു..

””ചേച്ചി.. വിഷമിക്കരുത്.. എന്റെ പ്രാത്ഥന ഉണ്ട്.. എന്റെ ചേച്ചി ആരോഗ്യവതിയായി തിരിച്ചു വരും.. “”ലഷ്മി നിത്യയുടെ  നെറുകയിൽ മുത്തമേകി..

” നീയും കാത്തിരുന്നോ നിന്റെ കുഞ്ഞിനുവേണ്ടി..”

ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ലക്ഷ്മി നിധിമോനെയും കൊണ്ട് പിന്നോട്ട് മാറി നിന്നു.. ആനന്ദ് അവളുടെ കയ്യിൽ നിന്നും മോനെ വാങ്ങി തോളിലേക്ക് ചായ്ച്ചു കിടത്തി..

സച്ചു മോന്റെ മുഖത്ത് അമ്മയ്ക്കെന്തോ വയ്യാഴിക വന്നതിന്റെ വിഷമം നല്ലപോലെ അറിയാം..

അച്ഛനോട് പറ്റിച്ചേർന്നു നിന്ന അവൻ “”’കുഞ്ഞു വാവ ഇപ്പൊ വരുമോ അച്ചാ” ”’ന്ന് ചോദിച്ചു..
ധനീഷ് നിത്യയുടെ മുഖത്തേയ്ക്കു നോക്കി..
ധനീഷിന്റെ കണ്ണുകൾ നിറഞ്ഞു.. നിത്യ പറഞ്ഞു
””കുഞ്ഞുവാവ ഇപ്പൊ വരും.. ചേട്ടന്മാർക്കു കളിക്കാൻ ഒരു കുഞ്ഞനിയത്തി.. “”

ധനീഷിന്റെ കൈ പിടിച്ചവൾ തന്റെ കവിളിൽ ചേർത്തു.. കൈവെള്ളയിൽ ഉമ്മ നൽകി.. ധനീഷ് തന്റെ വിറയാർന്ന ചുണ്ടുകളാൽ നിത്യയുടെ നെറുകയിൽ ചുംബിച്ചു..

നിത്യ കിടന്നിരുന്ന സ്ട്രക്ചർ ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് കയറി. ആ ചില്ലുഗ്ലാസ്സ് അവർക്കു മുൻപിൽ പ്രതീക്ഷയോടെ അടഞ്ഞു…

നീണ്ട രണ്ടു മണിക്കൂറുകൾക്കു ശേഷം വെള്ളയിട്ട ഒരു നേഴ്സ് ഓപ്പറേഷൻ വാതിൽ തുറന്നു കുഞ്ഞുമായി പുറത്തേയ്ക്കു വന്നു..

“”ആരാണ് നിത്യയുടെ ഹസ്ബൻഡ്..
നിത്യയ്ക്കു പെൺകുഞ്ഞാണ്.. “”

മൂവരും ആകാംഷയുടെ മുൾമുനയിൽ നിന്നും അവളുടെ കയ്യിലെ ആ പിഞ്ചോമനയുടെ മുഖം കാണാൻ അടുത്തുവന്നു..

ധനീഷ് കൈ നീട്ടി വാങ്ങാൻ ആഞ്ഞെങ്കിലും കുഞ്ഞിനെ വാങ്ങിയത് ആനന്ദ് ആയിരുന്നു..
ലക്ഷ്മിയുടെയും ആനന്ദിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി..
“”നിത്യയ്ക്കു എങ്ങനുണ്ട് സിസ്റ്റർ ?… “

“”സുഖമായിരിക്കുന്നു… “”

ധനീഷ് അത് കേട്ടതും ആ കുഞ്ഞു മുഖത്തേയ്ക്കു ഇമവെട്ടാതെ നോക്കി… അവളെ വാങ്ങി ആ കുഞ്ഞു മേനിയിലും കവിളിലും തെരുതെരെ ഉമ്മ വക്കാൻ തോന്നി.. “എന്റെ പൊന്നുമോളെ ന്ന് പറഞ്ഞു നെഞ്ചോട് ചേർക്കാൻ… “

ആനന്ദിന്റെ ശബ്ദം ധനീഷിന്റെ ചിന്തകളെ കീറിമുറിച്ചു.. “” ധനീഷ്.. മോളാണെന്ന് ഞങ്ങൾക്ക്..””’

യാന്ത്രികമായി ധനീഷ് ആനന്ദിന് നേരെ കൈ നീട്ടി.. കുഞ്ഞിനെ വാങ്ങി.. ഒന്നുമറിയാതെ ഉറങ്ങുന്ന അവളുടെ മുഖത്തുനോക്കി.. കുഞ്ഞുമക്കൾ രണ്ടുപേരും കുഞ്ഞു വാവയെ കണ്ടതിന്റെ സന്തോഷത്തിൽ അതിന്റെ കവിളിൽ ഒന്ന് തൊട്ടു നോക്കി.

””മതി മതി.. . ഇനി റൂമിൽ കൊണ്ടുവരുമ്പോൾ കണ്ടാൽ മതി.” നേഴ്സ് കുഞ്ഞിനെ വാങ്ങി അകത്തേയ്ക്കു കയറി.

മൂന്നുമാസം… നിത്യയുടെ കയ്യിൽ നിന്നു കുഞ്ഞ് ലക്ഷ്മിയുടെ കയ്യിലേക്ക് മാറുമ്പോഴേയ്ക്കും അവളുടെ കുഞ്ഞു കണ്ണുകൾ മെല്ലെത്തുറക്കും..

കൈ മാറിയതറിയുന്നപോലെ അവൾ കരഞ്ഞു തുടങ്ങും.. ലക്ഷ്മി അവളെ നെഞ്ചോട് ചേർത്തുപിടിയ്ക്കും.. കരച്ചിലടക്കാൻ കഴിയാതെ പാടുപെടും. പ്രസവിച്ചില്ലേലും ഒരിക്കലെങ്കിലും തന്റെ മുലയിൽ നിന്നും ഒരു തുള്ളി പാലെങ്കിലും അവൾക്കായി ചുരന്നെങ്കിലെന്നു ലക്ഷ്മി ആശിച്ചുപോയി….

ആ മൂന്നു മാസം അങ്ങനെ കടന്നുപോയി.. ഒടുവിൽ “അവൾ” യാത്ര പറഞ്ഞിറങ്ങുന്ന ദിനം വന്നു. എഗ്രിമെന്റ് കാലാവധി കഴിഞ്ഞു. മോളുടെ ഓരോ സാധനങ്ങളും നിത്യ ഭംഗിയായി പായ്ക്ക് ചെയ്തു വച്ചു. അവളുമൊത്തുള്ള അവസാന രാത്രിയാണ്.. അവൾ ആ കുരുന്നു മുഖം നോക്കി ഇരുന്നു.. നേരം പതിയെ വെളുത്തു..

ആരും ആരോടും ഒന്നും അധികം മിണ്ടിയില്ല. ആകെ ഒരു മരണ വീടുപോലെ.. മക്കളെ രണ്ടുപേരെയും ധനീഷ് നേരത്തെ വീട്ടിൽ നിന്നും മാറ്റി. മോൾടെ സാധനങ്ങൾ അടങ്ങുന്ന ബാഗ് ഭദ്രമായി ആനന്ദിന്റെ കാറിന്റെ ഡിക്കിയിൽ ധനീഷ് കൊണ്ടു വച്ചു.

ആര് ആരോട് യാത്ര പറയണമെന്നറിയാതെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.. നിത്യ മാത്രം കരഞ്ഞില്ല. ലക്ഷ്മിയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ടു നിത്യ അവളുടെ കുഞ്ഞു മുഖത്ത് തെരുതെരെ ഉമ്മ വച്ചു. ധനീഷ് കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചു. വിട്ടുപോകാൻ കഴിയാത്ത പോലെ ആ കുഞ്ഞു കൈകൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. ആ കുഞ്ഞു മുഖത്തായി ഒരായിരം ഉമ്മകൾ നൽകി..

ലക്ഷ്മിയുടെ മടിയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന മോളെയും കൊണ്ട് ആനന്ദിന്റെ കാർ ഗേറ്റ് കടന്നുപോകുമ്പോൾ വാതിലിൽ അവരെ യാത്രയാക്കാൻ നിന്ന നിത്യ സങ്കടം കൊണ്ട് ആരോടോ പറയും പോലെ വിക്കി വിക്കി പറഞ്ഞു..

“ആ കഴിഞ്ഞു കാലാവധി കഴിഞ്ഞു അല്ലെ . അവൾ.. അവൾ.. എന്റെ പൊന്നുമോൾ.. എന്റെ പൊന്നുമോൾ പോകുന്നത് കണ്ടില്ലേ.. ” അതും പറഞ്ഞുകൊണ്ട് നെഞ്ചുപൊട്ടും വിധം ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ധനീഷിന്റെ ഷർട്ടിൽ നിന്നും ആ കൈകൾ ഊർന്നു പതിയെ ആ കാൽക്കൽ അവൾ തളർന്നിരുന്നു.

””എന്റെ മോളാ അവൾ.. ഞാൻ ചുമന്നു എന്റെ സ്വപ്നങ്ങളും എന്റെ കണ്ണീരും എന്റെ ചോരയും കൊടുത്തു ഞാൻ പെറ്റ എന്റെ പൊന്നുമോൾ..” അവൾ കരച്ചിലൊന്നടക്കി കണ്ണീർ തുടച്ചു..

“”അയ്യോ.. എന്റെ മോൾക്ക് വിശക്കുന്നുണ്ടാകും ധനീഷേട്ടാ..എന്റെ നെഞ്ചിൽ പാല് വന്നു തിങ്ങി.. “”

” ഞാൻ ഇവിടെ എന്തെടുത്തിരിക്കുവാ.. “

പെട്ടന്ന് തോളിൽ കിടന്ന തോർത്തുകൊണ്ട് അവൾ മുഖവും കഴുത്തും ഒക്കെ തുടച്ചു. ഓടി മുറിയിൽ കയറി.. പക്ഷെ അവിടത്തെ ഒഴിഞ്ഞ തൊട്ടിൽ കണ്ടവൾ ഒരു ഭ്രാന്തിയെപ്പോലെ കട്ടിലിൽ പരതി..

“”എന്റെ മോളെവിടെ.. ധനീഷേട്ടാ.. ദേ.. അവളുടെ ഉടുപ്പ്.. നോക്കിക്കേ അവളുടെ മണം..””

“”’നമുക്ക് ഒന്നും വേണ്ട.. ഒന്നും വേണ്ട ഏട്ടാ.. “”

അവൾ അലമാരയുടെ ലോക്ക് തുറന്നു. എന്തൊക്കെയോ പേപ്പേഴ്സ് തപ്പി എടുക്കുന്നതിനിടയിൽ കുറെ സാധനങ്ങൾ തട്ടി താഴെയിട്ടു..

ഏതോ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ “ആ… ഇതാണ്.. ഇനിയും എന്തോ ഉണ്ട്..” എന്തോ ആലോചിച്ചുകൊണ്ട് അവൾ മെത്തയുടെ അടിയിലെ താക്കോൽ എടുത്തു. അഴിഞ്ഞുലഞ്ഞു വീണ മുടിക്കെട്ടുപോലും നോക്കാതെ അലമാരയുടെ മറ്റൊരു അറ തുറന്നു. കുറെ സ്വർണ ആഭരങ്ങൾ..

അതെല്ലാം വാരി എടുത്തു അവൾ ധനീഷിന്റെ മുന്നിൽ വന്നു നിന്നു…

റൂമിന്റെ വാതിലിൽ ജീവച്ഛവമായി നിൽക്കുന്ന അവന്റെ കയ്യിലേക്ക് അതെല്ലാം കൊടുത്തിട്ടു പറഞ്ഞു

“നമുക്ക് ഒന്നും വേണ്ട.. ഇതെല്ലാം തിരിച്ചുകൊടുക്കാം… എന്നിട്ട്.. എന്നിട്ട്.. എന്റെ പൊന്നുമോളെ ഇങ്ങു തിരിച്ചുതരാൻ പറ.. എനിക്ക് അവളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല… “” അലറി കരഞ്ഞു തളർന്ന അവളുടെ മുടിയിഴകളിൽ പതിയെ തലോടി അവൻ അവളെ തന്റെ മാറിലേക്ക് പിടിച്ചുനിർത്തി

“എന്റെ പോന്നു മോളെ…” ന്ന് വിളിച്ചുകൊണ്ട് അമർത്തി ചുംബിച്ചു.. കണ്ണുനീരിൽ കുതിർന്ന ആ ആലിംഗനത്തിനു ശേഷം ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.. പരസ്പരം ആശ്വസിപ്പിക്കുന്ന പൊട്ടിക്കരച്ചിൽ…

“”” അമ്മേ….”” കുഞ്ഞി കൈകൾ ചുറ്റിയപ്പോഴാണ് നിത്യ ഓർമയിൽ നിന്നുണ ർന്നത്.  അവൾ നെഞ്ചിൽ ചാരി കിടക്കുന്ന കുഞ്ഞിന്റെ നിറുകയിൽ ഉമ്മവെച്ചു

“” പേടികണ്ടട്ടോ… ബസ് ഗട്ടറിൽ ചാടിയതാ. മോൾടെ അമ്മ ഇവിടെ നിൽപ്പുണ്ട് “”

ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ്.. ക്ഷേത്രത്തിൽ അവൾക്കായി പുഷ്പാഞ്ജലി നടത്താൻ പോയിട്ടു വരുന്ന വഴിയാണ്. അന്ന് പോയ അവരെ പിന്നീട് കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടിലെ എല്ലാ ബന്ധങ്ങളും ഇല്ലാതാക്കിയാണ് അവർ uk യ്ക്ക് പോയത്. തന്റെ കണ്മുൻപിൽ കടന്നുപോകുന്ന ഓരോ പെൺകുഞ്ഞിനും അവളുടെ മുഖമായിരുന്നുന്നെന്ന്  തോന്നി…

വിശന്നുറങ്ങുന്ന ഓരോ കുഞ്ഞു മുഖം കാണുമ്പോഴും  നെഞ്ചിൽ പാലുവന്നു നിറയുന്നപോലെ തോന്നും… ഓരോ രാത്രിയും അവളുടെ മണമുള്ള ആ കുഞ്ഞുടുപ്പെടുത്തു ഒരായിരം മുത്തമേകും… എന്നെങ്കിലും അവൾ അവളുടെ അമ്മയെ തേടി വരുമെന്ന പ്രതീക്ഷയോടെ…..

Leave a Reply

Your email address will not be published. Required fields are marked *