ഞാനും നിന്റെ കൊച്ചച്ഛനും അടക്കം എല്ലാരും പറഞ്ഞിട്ടും അച്ഛൻ വേറൊരു കല്ല്യാണം പോലും കഴിക്കാത ജീവിച്ചത്..

തെറ്റും ശരിയും
(രചന: Kannan Saju)

“ജനിപ്പച്ചതിന്റേം നോക്കിയെന്റേം കണക്കൊന്നും ഇവിടാരും വിളമ്പണ്ട ചുമ്മാ ഒന്നും അല്ലല്ലോ രണ്ട് പേരും സുഖിക്കുന്നതിനിടയിൽ അറിയാതെ ഉണ്ടായി പോയതല്ലേ ഞാൻ? അപ്പൊ എന്നെ നോക്കണ്ടേം വളർത്തണ്ടേം ഉത്തരവാദിത്വം എന്റെ അപ്പന് ഒള്ളത് തന്നാ “

മീരയുടെ വാക്കുകൾ കേട്ടു കൊച്ചച്ഛനും അമ്മാവനും അമ്മായിയും വാ പൊളിച്ച് നിന്നു.

” നീ എന്തൊക്കയാ മോളേ ഈ പറയുന്നേ? കാർന്നൊന്മാരുടെ മുഖത്ത് നോക്കി പറയാവുന്ന കാര്യങ്ങളൊക്കെ ആണോ നീ ഞങ്ങളോട് പറയുന്നേ? നിന്റെ അച്ഛനെങ്ങാനും കേട്ടാ ചങ്കു പൊട്ടി ചാവും ” അമ്മായി ആശ്ചര്യത്തോടെ പറഞ്ഞു

” അതെ മോളേ… നിന്റമ്മ മരിച്ചത് നിനക്ക് ഓർമ്മ പോലും കാണില്ല.. ഞാനും നിന്റെ കൊച്ചച്ഛനും അടക്കം എല്ലാരും പറഞ്ഞിട്ടും അച്ഛൻ വേറൊരു കല്ല്യാണം പോലും കഴിക്കാത ജീവിച്ചത് നിനക്ക് വേണ്ടിയാ…

അമ്മയുടെ സ്ഥാനത്തു മറ്റാരു വന്നാലും നിന്റമ്മയെ പോലെ നിന്നെ നോക്കിയില്ലെങ്കിലോ എന്ന പേടിയായിരുന്നു അച്ഛന്റെ ഉള്ളില്… ആ മനസ്സ് വേദനിപ്പിച്ചാ ദൈവം പോലും പൊറുക്കില്ല ” അമ്മാവന്റെ വാക്കുകൾ കേട്ട മീരയുടെ തല പൊട്ടി തെറിക്കും പോലെ അവൾക്കു തോന്നി…

” മതി നിർത്തു… ഓർമ വെച്ച അന്ന് മുതല് കേക്കുന്നതാ ഈ ത്യാഗത്തിന്റെ കഥ… മടുത്തു… ഞാൻ പറഞ്ഞോ അയാളോട് എനിക്ക് വേണ്ടി ജീവിതം ഹോമിക്കാൻ…

അതിനു ഞാൻ ഇനി എന്റെ ജീവിതം ബലിയാടാക്കാണോ? അയാൾക്ക്‌ എന്നോട് അത്ര സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ ഇഷ്ടത്തിന് കുറച്ചെങ്കിലും വില തരില്ലായിരുന്നോ? “

” മോളേ, നിന്നെ ഇത്രേം കഷ്ട്ടപ്പെട്ടു എഞ്ചിനീയറിംഗ്യും പിജിയും പഠിപ്പിച്ചത് ഓട്ടോക്കാരന് വിവാഹം കഴിച്ചു കൊടുക്കാനാണോ? “

” അതെന്താ ഓട്ടോ ഓടിക്കുന്നത് മോശം തൊഴിലാണോ? ” അവൾ കൊച്ചച്ചനോട് തട്ടി കയറി

” ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ മോളേ.. എല്ലാ തൊഴിലിനും അതിന്റെതായ അന്തസ്സുണ്ട്.. പക്ഷെ മക്കളെ പഠിപ്പിച്ചു ജോലി മേടിച്ചു കൊടുത്തു അവർക്കൊരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു മത പിതാക്കളുടെയും ഉള്ളിൽ അവർ കഷ്ടപ്പാടും ദുരിതവും അനുഭവിക്കാതെ,

സമൂഹത്തിൽ എല്ലാവരും ബഹുമാനത്തോടെ കാണുന്ന ഒരു ജീവിതം ജീവിച്ചു കാണാൻ അല്ലേ ആഗ്രഹിക്കു.. മാത്രല്ല കണ്ണൻ.. അവന്റെ സ്വഭാവം അറിയാലോ? അങ്ങാനുള്ള ഒരാൾക്ക് നിന്നെ എങ്ങനാ മോളേ ഞങ്ങൾ ഏല്പിക്കുക? “

” കൊച്ചചാ പ്ലീസ്… അച്ഛന്റെ ഭാഗത്തു നിന്നു നിങ്ങൾ ചിന്തിക്കുമ്പോൾ അതൊക്കെ ശരിയായിരിക്കും.. പക്ഷെ എന്റെ ഭാഗത്തു നിന്നു കൂടി ചിന്തിക്കാത്തത് എന്താ? എനിക്ക് കണ്ണനെ അത്രക്കിഷ്ടമാണ്..

എന്നെ ഇഷ്ട്ടപെട്ടത് മുതൽ അവന്റെ സ്വഭാവം തന്നെ മാറി.. അവന്റെ കൂടെ ജീവിക്കുമ്പോഴേ ഞാൻ സന്തോഷമായിരിക്കു കൊച്ചചാ.. “

” മോളേ… കൊച്ചച്ഛനും അമ്മാവനും പറയുന്നത് നീ ഒന്ന് കേക്ക്… ഞങ്ങൾ സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതങ്ങളും ഒരുപാടു കണ്ടു വന്നതാ.. നീ ആ ഇടത്തിലേക്കു കയറുന്നതേ ഉളളൂ.. ആദ്യം ഒരു ആവേശം കാണും..

പക്ഷെ നിന്റെ വിദ്യാഭ്യാസവും ജോലിയും നീ വളർന്ന സാഹചര്യങ്ങളും അവന്റെ വീടും ചുറ്റുപാടും എല്ലാം കുറച്ചു കഴിയുമ്പോൾ നിനക്കൊരു ഭാരമായി മാറാൻ തുടങ്ങും… അപ്പൊ നീ ഒരുപാടു ദുഖിക്കും “

” കണ്ണന്റെ കൂടെ ജീവിക്കാൻ ഇറങ്ങുമ്പോൾ ഉള്ള വരും വരായ്കകൾ എല്ലാം മുന്നിൽ കണ്ടു കൊണ്ടു തന്നെയാണ് അമ്മാവ ഞാനീ തീരുമാനാം എടുത്തത്… ഇതിൽ ഇനി ഒരു മാറ്റവും ഉണ്ടാവില്ല” മീര അകത്തേക്ക് നടന്നു… ഒന്നും മിണ്ടാനാവാതെ മൂവരും പരസ്പരം നോക്കി നിന്നു.

ജനലിലൂടെ പാടവരമ്പത്തെ മഴത്തുള്ളികൾ പോസ്റ്റിലെ ലൈറ്റിന്റെ വെളിച്ചത്തിൽ മായാജാലം തീർക്കുന്നതും നോക്കി നിന്ന അച്ഛൻ ആ ദിവസം ഓർത്തു…മുറ്റത്തെ പ്ലാവിന്റെ കൊമ്പിൽ തൊട്ടിൽ കെട്ടി അതിൽ മകളെയും കിടത്തി തൂമ്പയുമായി മണ്ണിനോട് യുദ്ധം ചെയ്ത കാലം…

അച്ഛനായിരിക്കുക പാടാണ്… പക്ഷെ മക്കൾക്കു ഒരേ സമയം അച്ഛനും അമ്മയും ആയിരിക്കുക അതിലും പാടാണ്… പ്രത്യേകിച്ചും പെൺമക്കൾക്ക് അമ്മയുടെ സ്ഥാനം കൂടി വഹിക്കുക അസാമാന്യ മണക്കാട്ടിയുള്ളവർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്…

ഓരോ നിമിഷവും അദ്ധ്വാനിക്കുമ്പോളും മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു… അവളെ തോളിൽ കിടത്തി താരാട്ടു പാടി ഉറക്കുമ്പോഴും മുന്നിൽ അവളുടെ ഭാവി മാത്രമായിരുന്നു.. തന്റെ കൈകലുകൾക്ക് ശക്തി കുറയും മുന്നെ അവളുടെ ഭാവി സുരക്ഷിതമാക്കണം…

രാത്രികളിൽ ഉറക്കമില്ലാതെ പഠിച്ചു അദ്ധ്യാപകനാകുമ്പോഴും പിന്നീട് തൊട്ടതിൽ എല്ലാം പൊന്നു വിളയിക്കുമ്പോഴും അവൾ മാത്രമായിരുന്നു മനസ്സിൽ..

ഇതിനിടയിൽ പലപ്പോഴും വിശപ്പും ദാഹവും അറിഞ്ഞില്ല… രതിയും ലൈംഗീകതയും ചിന്തകളിൽ നിന്നും പോയ് മറഞ്ഞിരുന്നു… പക്ഷെ ഇന്ന് എല്ലാം വ്യര്ഥമായിരിക്കുന്നു..

” അച്ഛാ ” അവൾ പിന്നിൽ നിന്നും വിളിച്ചു

തിരിഞ്ഞു നോക്കാതെ അയ്യാൾ മൂളി ” ഉം “

” കണ്ണൻ വരും … ഞാൻ പോവാണ് “

അയ്യാൾ മൗനം പാലിച്ചു

” എന്റെ സന്തോഷമാണ് അച്ഛന് വലുതെങ്കിൽ ഞങ്ങളെ ഉപദ്രവിക്കരുത് “

അയ്യാൾ വീണ്ടും മൗനം പാലിച്ചു…

” എനിക്കറിയാം അച്ഛൻ എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയുണ്ടെന്നു… പക്ഷെ അതൊരച്ഛന്റെ കടമയായി മാത്രമേ ഞാൻ കാണുന്നുള്ളൂ.. അതൊരു കടപ്പാടാക്കി എന്റെ ജീവിതം പകരം തരാൻ എനിക്ക് കഴിയില്ലച്ചാ..

അച്ഛൻ തന്നെയല്ലേ പറയാറ് ജീവിതം ഒന്നേ ഉളളൂ എന്ന്.. അത് എങ്ങനെ ജീവിക്കണം എന്നതു അവരവരുടെ ഇഷ്ടം അല്ലേ അച്ഛാ? “

” ലോകത്തൊരു മാതാ പിതാക്കളും തങ്ങളുടെ മക്കൾ ജീവിക്കാൻ കഷ്ടപ്പെടുന്നത് കാണാൻ ആഗ്രഹിക്കില്ല.. ഞാനും അത്രയേ പറയുന്നുള്ളു.. ഒരു മനുഷ്യന്റെ ജാതിയോ നിറമോ തൊഴിലോ ഒരിക്കലും ഞാൻ പ്രശ്നമായി കാണുന്നില്ല..

പക്ഷെ നീ ഇപ്പൊ ജീവിക്കുന്ന ജീവിതം, നിനക്ക് ഞാൻ തന്ന ജീവിതം, അതെങ്കിലും നിനക്ക് തരാൻ കഴിവുള്ള ഒരാളെ നിന്റെ ഭർത്താവായി കാണണം എന്ന് അച്ഛൻ ആഗ്രഹിക്കുന്നത് തെറ്റാണോ? “

” എനിക്കറിയില്ല അച്ഛാ…. എന്റെ മനസ്സിൽ ഇപ്പൊ കണ്ണൻ മാത്രമേ ഉളളൂ… എന്റെ ശരി അതാണ് “

അയ്യാൾ ചിരിച്ചു….

” ചില കാര്യങ്ങൾ നമുക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയാൻ ചിലപ്പോ അത് നഷ്ടമാവണം… സാരില്ല.. നീ ഒരു പെൺകുട്ടിയാണ്…

നിന്റെ വുദ്യാഭ്യാസം അവനെ വച്ചു നോക്കുമ്പോൾ ഒരുപാടു മേലെയാണ്.. നാളെ നീ ജോലിക്കു പോണം എന്ന് പറഞ്ഞാലും അവൻ നിന്നെ വിടില്ല മോളേ… “

” കണ്ണന് വരുമാനം കുറവായിരിക്കും.. പക്ഷെ അത് ധാരാളം മതി അച്ഛാ ഞങ്ങക്ക് ജീവിക്കാൻ “

അയ്യാൾ ചിരിച്ചു…

” സ്വന്തം കാലിൽ നിക്കാൻ കഴിയാത്ത പെണ്ണും വളർത്തു നായയും ഭർതൃ വീട്ടുകാർക്ക് ഏതാണ്ട് ഒരുപോലെ ആയിരിക്കും മോളേ… തിരിച്ചറിവുകൾ ഉണ്ടാവുമ്പോളേക്കും ചിലപ്പോ സമയം ഒരുപാടു അതിക്രമിച്ചിട്ടുണ്ടാവും “

” എനിക്ക് അച്ഛനെ പോലെ ബുദ്ധി ജീവി കണക്കുകൾ ഒന്നും പറയാൻ അറിയില്ല… എന്റെ മനസ്സ് എത്ര പറഞ്ഞാലും മാറില്ല… ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാവണം എങ്കിൽ അച്ഛന്റെ മനസ്സ് മാറണം… ഞങ്ങളെ സ്വീകരിക്കാൻ തയ്യാറാവുമ്പോ അച്ഛന് വരാം… ഞാൻ പോവുന്നു “

മീര ബാഗുമായി ഇറങ്ങി… കണ്ണൻ ഓട്ടോയുമായി വന്നു…

” നെഞ്ചിൽ തീ കോരി ഇട്ടു കാക്കക്കും കഴുകനും കൊടുക്കാതെ നോക്കി വളർത്താൻ മാതാപിതാക്കളും പ്രായമാകുംപോ വന്നു വളച്ചോണ്ട് പോവാൻ കുറെ അവന്മാരും ” കൊച്ചച്ചൻ പിറുപിറുത്തു

“സാധാരണ പെൺകുട്ടികളെ വളർത്തുമ്പോലെ അടച്ചിട്ടു വളർത്തിയതാണെങ്കിൽ കുഴപ്പില്ലായിരുന്നു…

എല്ലാ കാര്യങ്ങൾക്കും അവൾക്കു വ്യക്തമായ സ്വാതന്ത്ര്യം നൽകിയതല്ലേ… പക്ഷെ ജർവിതത്തിൽ അവളിങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് കരുതി കാണില്ല ” അമ്മാവൻ ഏറ്റു പറഞ്ഞു…

” ഇറങ്ങി പോവുന്ന പിള്ളേർക്കറിയില്ലല്ലോ കാരണവന്മാരുടെ നെഞ്ചിലെ തീ ” അമ്മായി വിഷമം പറഞ്ഞു

” അറിയും ചേച്ചി.. അറിയാതെ എവിടെ പോവാൻ?…. എല്ലാവര്ക്കും പ്രായം ആവും.. ഇന്നത്തെ പിള്ളേരാണ് നാളത്തെ മാതാ പിതാക്കൾ… ഒരു ദിവസം അവളുടെ ജീവിതത്തിലും വരും ” കൊച്ചച്ചൻ കണ്ണീരോടെ പറഞ്ഞു…

” ആരാന്റെ വീട്ടിനു വിളിച്ചിറക്കിക്കൊണ്ടു വരുമ്പോ എല്ലാവര്ക്കും നല്ല ആവേശ… സ്വന്തം കുടുംബതീന്ന് ഒരാൾ ഇറങ്ങി പോവുമ്പോഴേ അതിന്റെ വിഷമം അറിയൂ.. “

” ഇനി ഇപ്പൊ അത് വിടടി… അളിയൻ പറഞ്ഞതല്ലേ അവൾ അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെന്ന്… പോട്ടെ ” അമ്മാവൻ അകത്തേക്ക് നടന്നു…

ഇരുപത്തിനാലു വര്ഷങ്ങള്ക്കു ശേഷം.
പോലീസ് സ്റ്റേഷനിൽ.

” ചേച്ചി, ആ കുട്ടിക്ക് നിങ്ങളോടു സംസാരിക്കാൻ താല്പര്യമില്ലെന്ന പറയുന്നേ… “

മീരയുടെ കണ്ണുകൾ നിറഞ്ഞു…

” സർ… അപ്പനില്ലാതെ ഒറ്റയ്ക്ക് ഞാൻ വളർത്തിയ കുട്ടിയാണ്…. എനിക്കൊന്നു മിണ്ടാൻ പോലും പറ്റില്ലേ? “

” പ്രായ പൂർത്തിയായ കുട്ടിയല്ലേ… അവൾക്കു അങ്ങനൊരു ജീവിതം മതി എന്ന് പറയുമ്പോൾ ഞങ്ങളെന്തു ചെയ്യാനാ.. പിന്നെ ചേച്ചിയോട് മിണ്ടണോ വേണ്ടയോ അതൊക്കെ അവളുടെ ഇഷ്ടം അല്ലേ? “

” അപ്പൊ ഇതുവരെ ഞാൻ സഹിച്ച കഷ്ടപ്പാടൊ സാറേ? “

” ചേച്ചീടെ വിഷമം എനിക്ക് മനസ്സിലാവും.. പക്ഷെ ഞങ്ങൾ നിസ്സഹായരാണ്… മനസ്സിലാക്കണം.. “

നിറ കണ്ണുകളോടെ മീര സ്റ്റേഷനിൽ നിന്നും ഇറങ്ങി… ആകാശം കറുത്തിറുണ്ടിരുന്നു…. അന്ന് താൻ വീട്ടിൽ നിന്നിറങ്ങുമ്പോഴും ഇതുപോലെ മഴ പെയ്തിരുന്നു… അവൾ മുറ്റത്തേക്ക് കാൽ വെച്ചതും മഴ ആർത്തു പെയ്തു… പിന്നിൽ നിന്നും അച്ഛൻ വിളിക്കുന്നത്‌ പോലെ അവൾക്കു തോന്നി ” മീരേ.. മോളേ “

ഉറക്കത്തിൽ നിന്നും അച്ഛാ എന്ന് വിളിച്ചുകൊണ്ടു അവൾ ഞെട്ടി എണീറ്റു.. അടുത്ത റൂമിൽ നിന്നും മകൾ ഓടി വന്നു

” എന്താമ്മേ… ഇന്നും സ്വപ്നം കണ്ടോ? “

മീര കിതച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു… മകൾ അടുത്തു വന്നിരുന്നു

“എന്താമ്മേ ഇത്? ഞാൻ പറഞ്ഞിട്ടില്ലേ അമ്മയോട് ആവശ്യില്ലാത്തതൊന്നും ഓർത്തു കിടക്കരുതെന്നു?”

” നിന്റെ അച്ഛൻ പോയ പോലെ നീയും എന്നെ ഇട്ടിട്ടു പോവോ മോളേ “

” എന്റെ അമ്മയെ വിട്ടിട്ടു ഞാൻ എങ്ങും പോവില്ല.. അമ്മ കിടന്നേ.. സമാധാനായി ഉറങ്ങിക്കെ ” അവൾ മീരയെ കിടത്തി.. പുതപ്പു പുതപ്പിച്ചു മുറിക്കു പുറത്തേക്കു പോയി.. മുറിയിൽ ചെന്നു ഫോണെടുത്ത അവൾ പതിയെ പറഞ്ഞു ” ഹെലോ”

” എന്താടി ഒച്ചപ്പാട് കേട്ടത്? “

” വേറെന്തു.. പതിവ് സ്വപ്നം തന്നെ “

” ശോ പാവം “

” ഇങ്ങനെ നമ്മുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞ കാര്യം അറിയുമ്പോ മൂപ്പത്തിക്ക് വട്ടാവുന്ന തോന്നണേ “

ഇരുവശത്തും ചിരി നിറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *