മടിയിൽ തലവെച്ച് അവളുടെ വയറ്റിൽ വളരുന്ന തന്റെ മക്കളോട് ഓരോരോ കിന്നാരങ്ങൾ..

പുരുഷൻ
(രചന: Rajitha Jayan)

“”ഈ ലോകത്ത് എന്താ ഇവൻ  മാത്രമേ ഉള്ളോ ഭർത്താവായിട്ട്…? ഓന്റെ പ്രവർത്തിയും വർത്തമാനവും കണ്ടാൽ ലോകത്ത് ആദ്യമായി ഗർഭിണി ആവുന്നതവന്റെ ഭാര്യ മാത്രമാണെന്ന് തോന്നുമല്ലോ….?

ഓരോരോ പുതുമകളെ… വെറുതെ നാട്ടാരെ കൊണ്ട് പറയ്യിപ്പിക്കാൻ…

ഓന്റെ തോന്ന്യവാസത്തിനൊക്കെ ഇങ്ങള് ഉപ്പയും ഉമ്മയും അരിക് നിൽക്കുന്നതുകൊണ്ടാണ് ഓനീ തന്നിഷ്ട്ടം ചെയ്യണത്…ഇവിടെന്ന്  ഓൻ പോയിട്ട് അഞ്ചാറ് മാസല്ലേ ആയുളളൂ….?

ഷാനിയുടെ മടിയിൽ തലവെച്ച് അവളുടെ വയറ്റിൽ വളരുന്ന തന്റെ  മക്കളോട്  ഓരോരോ കിന്നാരങ്ങൾ പറഞ്ഞുകൊണ്ട് കിടക്കുന്ന  സമയത്താണ്…

ഫറൂഖിന്റെ കാതിലേക്ക് അടുക്കളപുറത്തുനിന്ന്  ദേഷ്യത്തോടെ സംസാരിക്കുന്ന  താത്തയുടെ ശബ്ദം എത്തിയത്. …

അവൻ മെല്ലെ അടുക്കള  പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ അവന്റെ കയ്യിൽ ഷാനി പിടിമുറുക്കി…,

അരുതെന്ന ഭാവം അവളുടെ കണ്ണുകളിലൊരു യാചന പോലെ തെളിഞ്ഞു നിൽക്കുന്നത് ഒരുനിമിഷം  ഫാറൂഖ് നോക്കി നിന്നു.

പിന്നെ മെല്ലെ അവളെ കൈപിടിച്ചുയർത്തി അവളൊരുമ്മിച്ചവൻ അടുക്കളയിൽ എത്തുമ്പോഴും അവന്റെ താത്ത പാത്തുമ്മ അവനെതിരെയുളള പരാതികൾ തുടരുകയായിരുന്നു….

പെട്ടെന്ന് അവിടേക്ക് കടന്നു ചെന്ന ഫാറൂഖിനെ കണ്ടവർ ഒരു നിമിഷം സംസാരം നിർത്തിയെങ്കിലും പെട്ടെന്ന് തന്നെ മുഖത്തൊരു പുച്ഛം വരുത്തി വീണ്ടും അവരെ നോക്കി. …

“ഓ….മണിയറേന്ന് എറങ്ങാൻ ഇപ്പോഴെങ്കിലും തോന്നീലോ ഇന്റെ പുന്നാര ആങ്ങളയ്ക്ക്….
വന്നപ്പോൾ അതിന്റെ ഉളളിക്ക് കയറീതാ….പിന്നെ ഓനെ പുറത്തേക്ക് കണ്ടിട്ടില്ല…. …കഷ്ടം …

“അല്ല ഇത്താ ഇങ്ങള് കുറെ നേരായീലോ  ആട് പ്ളാവില ചവക്കണപോലെ  വാപൂട്ടാണ്ട്  ഓരോന്ന് പറയണ്….,ഞാൻ ഇപ്പോ ഇതിനു മാത്രം എന്താ ചെയ്തത്. …?

“ആ…പഷ്ടചോദ്യം. …,,ഇയ്യ് ഒന്നും ചെയ്യാണ്ടാണോ ഇന്നലെ വരെ ഗൾഫിൽ ഉണ്ടായിരുന്ന ഇയ്യ് ഇപ്പോൾ ഇവിടെ കുത്തിയിരിക്കുന്നത്…? വെറുതെ നാട്ടുകാരെ കൊണ്ട് പറയ്യിപ്പിക്കാൻ…

“ആ…ഞാൻ എന്റെ വീട്ടിൽ വന്നു, അതിനിപ്പോ നാട്ടുക്കാർക്കിത്ര പറയാനെന്താ….? ഞാനാരുടെയും ഒന്നും കട്ടെടുത്തിട്ടോ ,ആരെയും കൊന്നിട്ടോ ഒന്നുമല്ല വന്നിരിക്കുന്നത് നാട്ടുകാർക്കിത്രമാത്രം പറയാൻ. …,

ഞാൻ എന്റെ ഭാര്യയുടെയുംഎന്റ്റെ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്കാണ് വന്നത് …അല്ലാതെ, എന്റെ രഹസ്യക്കാരിയുടെ അടുത്തേക്ക് അല്ല…..

ഫാറൂഖിന്റ്റെ ശബ്ദം പരിധിവിട്ടുയരുമ്പോൾ ഷാനി അവന്റെ കയ്യിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു അരുതെന്ന ഭാവത്തിൽ….

“ഇയ്യ് വെറുതെ എന്നോട്  ഒച്ചയെടുക്കണ്ട ഫറൂഖെ…., ….അന്നെ ഈ ഷാനി വിളിച്ചു വരുത്തീതല്ലേടാ  ….?

ഓള്ടെ പേടി കാരണം…. ഓൾക്ക് മാത്രമൊരു പേടി….

ഞാനും നാല് പെറ്റത് തന്നെയാണ് ഇനിക്കൊരു പേടിയും ഉണ്ടായിട്ടില്ല… അപ്പോഴാണിവിടെ ഒരുത്തൻ  ഭാര്യയ്ക്ക് കൂട്ടിരിക്കാൻ നല്ല ഒരു പണിയും കളഞ്ഞ് ഗൾഫിൾ നിന്നും വന്നേക്കണത്..

ഇനി അതുപോലെ നല്ല ഒരു പണി അനക്ക് വേറെ കിട്ടുവോടാ….?

നല്ല ശബളം ഉള്ള പണീംവലിച്ചെറിഞ്ഞ് ഇവിടെ വന്നതുപോര ,ഓൻ  ന്യായം വെക്കുന്നത് കേട്ടില്ലേ. …?

എന്താ ഇപ്പോഴും ഓനോടൊന്നും   പറയാൻ ഉപ്പാക്ക് ഇല്ലേ…? ഓനെന്ത് ചെയ്താലും അല്ലെങ്കിലും ഇങ്ങളൊന്നും പറയൂലല്ലോ ..?

പാത്തുമ്മ  ദേഷ്യത്തിൽ  മാതാപിതാക്കളെ നോക്കുമ്പോഴും അവരുടെ നോട്ടം ഫറൂഖിലായിരുന്നു….

“ഇത്താ. …ഇപ്പോൾ എനിക്ക് മനസ്സിലായി എന്താണ് അന്റെ പ്രശ്നമെന്ന്. .

ഞാൻ ജോലി കളഞ്ഞു വന്നതുകൊണ്ടിനി അനക്ക് അന്റെ ഓരോരോ കാര്യങ്ങൾക്ക്  എന്നോട് പൈസ ചോദിക്കാൻ പറ്റൂലല്ലോ എന്ന  വിഷമം ആണ് ല്ലേ അനക്ക്…?

കഷ്ടം ഉണ്ട് താത്താ…  നീ ഇത്രയും  സ്വാർത്ഥ ചിന്താക്കാരിയാണെന്ന് ഞാൻ അറിഞ്ഞില്ല. ….
എന്റെ പൈസയുടെ കണക്കുനോക്കിയിരുന്ന അനക്ക് എന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ലല്ലോ താത്താ…

ഞാൻ ഇവിടെന്ന് ഗൾഫിൽ എത്തികഴിഞ്ഞാണ് ഉമ്മ എന്നെ വിളിച്ച് ഷാനി ഗർഭിണി ആണെന്ന് പറയുന്നത്,

അപ്പോൾ മുതൽ ഓരോ നിമിഷവും അവളെ കാണാൻ, അവളുടെ കൂടെയിരിക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അനക്കറിയോ….?

പക്ഷേ ഇവിടെ നിന്ന് അപ്പോൾ പോയ എനിക്ക് അതുപോലെ ഒരു തിരിച്ചു വരവ് പറ്റില്ലല്ലോ. …?

ഓളുടെ വയറ്റിലിന്റെ രണ്ട് കുട്ടികൾ ആണ് വളരുന്നതെന്ന് ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ എന്റെ മനസ്സിലെന്തായിരുന്നെന്ന് നിനക്കൊന്നും ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല താത്താ, കാരണം നീ സ്നേഹമില്ലാത്ത വെറുമൊരു കൂടപ്പിറപ്പ് മാത്രമാണ്….

പൈസയുടെ കണക്കു വെച്ച് സ്നേഹിക്കാനെ നിനക്ക് അറിയൂ അല്ലാതെ ചോരയുടെ ബന്ധം വെച്ച് സ്നേഹികാൻ നിനക്ക് അറിയൂലല്ലോ…?

ഫാറൂഖേ ഇയ്യ് എന്താടാ പറഞ്ഞത്. ..? എനിക്ക് നിന്നോട് സ്നേഹം ഇല്ലാന്നോ….? നിന്റെ മനസ്സ് കാണാൻ കഴിയൂലാന്നോ..?

ഞാൻ പറഞ്ഞതിലെന്താ താത്താ തെറ്റ്. .. ? നീ നേരത്തേ പറഞ്ഞല്ലോ നീയ്യും നാല് പെറ്റിട്ടുണ്ടെന്ന്. ..,

ശരിയാണ് പക്ഷെ നിന്റെ ഓരോ പ്രസവത്തിനും അളിയൻ  നിന്റെ കൂടെ തന്നെയുണ്ടായിരുന്നു  നിന്റെ മനസ്സ് മനസ്സിലാക്കീട്ട്…,

പക്ഷേ എനിക്ക് എന്റെ  ഭാര്യയുടെ കൂടെ ഒന്നിരിക്കാൻ പോലും പറ്റാതെ ,അവളുടെ വയറ്റിലുളള എന്റ്റെ കുട്ടികളുടെ അനക്കമോ വളർച്ചയോ അടുത്ത് നിന്നൊന്നു കാണാൻ പോലും പറ്റാത്തത്ര ദൂരെയായിരുന്നു ഞാൻ. ..

ഗർഭാവസ്ഥ എന്റെ ഷാനിയിൽ മാറ്റങ്ങളോരോന്നും വരുത്തുന്നത് നമ്മുടെ ഉമ്മ എന്നെ വിളിച്ചു പറയുമ്പോൾ ഞാൻ കണ്ണിൽ കാണുകയാവും ഉമ്മയുടെ വാക്കുകളിലൂടെ അവളെ…..

ഫോണും  സംവിധാനങ്ങളുമെല്ലാം ഇല്ലേന്ന് നീചോദിക്കും പക്ഷേ അതൊന്നും അല്ല താത്ത പലപ്പോഴും  ജീവിതം… …

പിന്നെ ഇപ്പോൾ ഞാനീ വന്നത് അതെന്റെ ഉമ്മയും ഉപ്പയും പറഞ്ഞിട്ട് തന്നെയാണ്. ….

ഫാറൂഖ് പറഞ്ഞത് കേട്ട  പത്തുമ്മ  അമ്പരപ്പോടെ ഉപ്പയെ നോക്കി ..

“കുറച്ച് ദിവസം മുമ്പ് ഷാനിയെയും കൂട്ടി ഉമ്മ ആശുപത്രിയിൽ പോയപ്പോൾ അവിടെ, ഭാര്യമാരുടെ കൂടെ വന്നിരിക്കുന്ന ഭർത്താക്കന്മാരെയും അവർ ഭാര്യമാർക്ക് നൽക്കുന്ന സംരക്ഷണവും…

എന്റ്റെ ഷാനി കണ്ണെടുക്കാതെ  നോക്കിയിരിക്കുകയായിരുന്നൂന്ന് ഉമ്മ പറഞ്ഞപ്പോൾ  നീറിയത് എന്റെ നെഞ്ചാണ് ,

എനിക്ക്  വിഷമം ആവുമെന്ന് വിചാരിച്ച് സ്വന്തം ആഗ്രഹങ്ങൾ മറച്ചു വെച്ച്  അവളുടെ മനസ്സ് ഞാൻ   ഉമ്മയുടെ വാക്കുകളിലൂടെ കണ്ടൂ……,

അവളുടെ അടുത്തെത്താൻ ഞാൻ കൊതിച്ചുപോയ ആ നേരത്താണ് ഉപ്പ എന്നെ വിളിച്ചു  പറഞ്ഞത് ,

ബാധ്യതകൾ തീർത്തിട്ട് ജീവിക്കാൻ തീരുമാനിച്ചാലൊടുവിൽ നമ്മൾ കണേണ്ടതും അറിയേണ്ടതുമായ പലതും പിന്നീട് കാണാനോ അറിയാനോ പറ്റീന്നു വരൂലാന്ന്. ..

ഉപ്പയുടെ ആ വാക്കിലുണ്ടായിരുന്നു എല്ലാം… …
ഇനി നീ അല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മക്കൾ ഈ മണ്ണിൽ പിറന്നു വീഴുന്നത് വരെ ഞാൻ ഇവിടെ തന്നെ ഉണ്ടാവും,

പിന്നെയൊരുപക്ഷേ അവരുടെ നല്ല ഭാവിക്ക് വേണ്ടി ഞാൻ വീണ്ടുമൊരു പ്രവാസിയായേക്കാം എന്നാലും  ശരി ഇപ്പോൾ ഒരു മടക്കം ഞാൻ ആഗ്രഹിക്കുന്നില്ല  താത്താ…

നിവൃത്തിക്കേടുകൊണ്ട്, സ്വന്തം കുടുംബത്തിലെ പ്രാരാബ്ദം കാരണം പ്രാണന്റെ പാതിയായ ഭാര്യയുടെ കൂടെ അവൾ സ്വന്തം കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന സമയത്തു പോലും…

ഇതുപോലെ  ഒന്ന് ചേർത്ത് പിടിച്ചിരിക്കാൻ പറ്റാത്ത ,അവളെ ഒന്ന് നെഞ്ചോട് ചേർത്ത് നിർത്താൻ പറ്റാതെ വിഷമിക്കുന്ന എത്രയോ പ്രവാസികളെ ഞാൻ കണ്ടിട്ടുണ്ട്…

സ്വന്തം സ്വപ്നങ്ങളെ ഒരു പുഞ്ചിരിയിലൊതുക്കി ഉള്ളു കൊണ്ട് നീറി നീറി തീരുന്ന അനേകം പ്രവാസികളെ ..

അവരിലൊരാളാവാൻ ഇപ്പോൾ എനിക്ക് വയ്യ താത്താ. …

പറഞ്ഞു തീർന്നതും ഫാറൂഖ് ഷാനിയുമൊന്നിച്ച് തിരിച്ചു  മുറിയിലേക്ക് നടന്നു .

“”മോളെ ഒരുപെണ്ണിന് മറ്റൊരു പെണ്ണിന്റെ മനസ്സ് കാണാൻ കഴിയണം ,അതുപോലെ സ്വന്തം കൂടപ്പിറപ്പിന്റ്റെയും,

ഒപ്പംമറ്റുളളവരുടെയും അപ്പോൾ മാത്രമേ അവളൊരു നല്ല പെണ്ണാവുകയുളളു…, ഒരു നല്ല കൂടപ്പിറപ്പാകുകയുള്ളൂ ..

കാതിനരികെ കേട്ട ഉമ്മയുടെ വാക്കുകൾ  പാത്തുമ്മയുടെ  ഹൃദയത്തിൽ പതിയവേ അവൾ കുറ്റ ബോധത്താൽ അവളുടെ തല കുനിഞ്ഞിരുന്നു …

അവളുടെ മനസ്സ് തിരിച്ചറിയുകയായിരുന്നപ്പോൾ ഫാറൂഖിനെ, അവനിലെ  പുരുഷനെ… ഭർത്താവിനെ…

Leave a Reply

Your email address will not be published. Required fields are marked *