ഇഷ്ടപ്പെട്ടു തന്നെയല്ലേ ഏട്ടൻ എന്നെ കല്യാണം കഴിച്ചത്, രണ്ടു കുട്ടികൾ ആയപ്പോൾ അതെല്ലാം അബദ്ധം..

ഓർമ്മകൾ
(രചന: രാവണന്റെ സീത)

ബൈക്കിൽ പോകുമ്പോൾ പോലും അയാൾ അവളെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു … പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ്‌ വെക്കണമെന്ന് അവൾ പറഞ്ഞപ്പോൾ,

അയാൾ പുച്ഛത്തോടെ പറഞ്ഞു നിനക്ക് തിന്നാൻ തരുന്നത് തന്നെ വേസ്റ്റ്, ഇതിൽ ഇനിയും ചിലവ് ചെയ്യാൻ എനിക്കെന്താ പ്രാന്താണോ …

അത് കേട്ട് അവൾ കണ്ണീരുടെ പറഞ്ഞു … എന്തിനാ ഏട്ടാ ഇത്രയും കഷ്ടപ്പെട്ട് എന്നെ സഹിക്കുന്നത്… പറഞ്ഞു വിട്ടേക്ക് എന്നെ… എന്നിട്ട് ഏട്ടന്റെ ആഗ്രഹം  പോലെ,ഭംഗിയുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചു ജീവിച്ചൂടെ..

അതിനയാൾ മറുപടി പറഞ്ഞു … എങ്ങനെ ഒഴിവാക്കാനാ .. അബദ്ധം പറ്റി, രണ്ടു കുട്ടികൾ ആയല്ലോ….

അബദ്ധമോ അവൾ ആശ്ചര്യത്തോടെ ചോദിച്ചു, ഇഷ്ടപ്പെട്ടു തന്നെയല്ലേ ഏട്ടൻ എന്നെ കല്യാണം കഴിച്ചത് ?രണ്ടു കുട്ടികൾ ആയപ്പോൾ അതെല്ലാം അബദ്ധം ആയോ…

അയാൾക്കത് കേട്ട് ദേഷ്യം വന്നു … നിർത്ത് നിന്റെ പ്രസംഗം… ആ ഒരു നിമിഷത്തിൽ അയാളുടെ ശ്രദ്ധ തെറ്റി റോഡിലേക്ക് മറിഞ്ഞു വീണു … ഹെൽമെറ്റ്‌ വെച്ചിരുന്നത് കൊണ്ട് അയാൾക്കൊന്നും പറ്റിയില്ല .  പക്ഷെ അവൾ തെറിച്ചു വീണത് പോസ്റ്റിലേക്കായിരുന്നു, അതിലേക്ക് അവളുടെ തലയിടിച്ചു…

അയാൾ ഹെൽമെറ്റ്‌ അഴിച്ചു അവളുടെ അടുത്തേക്ക് ഓടി, ഒരു ഓട്ടോറിക്ഷ വന്നതും കൈ കാണിച്ചു നിർത്തി…

അവളെ വാരിയെടുത്തു അതിലേക്ക് കയറുമ്പോൾ അയാൾ കളിയാക്കിയ അവളുടെ അമിതഭാരം അയാൾ കണക്കാക്കിയില്ല…. ഒരിക്കൽ അഴുക്ക് പോയില്ലെന്ന് പറഞ്ഞു വീണ്ടും കഴുകിച്ച ഷർട്ട്‌ മുഴുവൻ അവളുടെ രക്തമായിരുന്നു  അതും അയാൾക്കൊരു പ്രശ്നമായിരുന്നില്ല ..

അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അയാളുടെ ബോധം മറഞ്ഞിരുന്നു,

അയാൾ കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റും ഉണ്ടായിരുന്നു, അയാളുടെ അച്ഛനുമമ്മയും അയാളുടെ രണ്ടു പെണ്മക്കളും . അയാൾ അവളെ അന്വേഷിച്ചു, ഗുരുതരമാണ് എന്ന് അവരുടെ വാക്കുകളിൽ നിന്നും അയാൾക്ക് മനസ്സിലായി .

കൈതണ്ടയിൽ നിന്നും ഗ്ളൂക്കോസ് ന്റെ സൂചി അഴിച്ചു വലിച്ചെറിഞ്ഞു അയാൾ അവളുടെ അടുത്തേക്ക് ഓടി . കണ്ടു അവളെ, ചില്ലുവെച്ച കതകിനും അപ്പുറം ബെഡ്‌സിൽ അവൾ കിടക്കുന്നു ..

പലപ്പോഴും തൊടാനറച്ചു മാറ്റി നിർത്തിയിരുന്നു അവളെ, ഇന്നവളുടെ അരികിൽ ചെല്ലാൻ ആരും സമ്മതിച്ചില്ല ..

ശിവൻ, ഭദ്രയെ പ്രണയിച്ചു തന്നെയാണ് കല്യാണം കഴിച്ചത്, എന്നിട്ടും രണ്ടുമക്കൾ ഉണ്ടായപ്പോൾ അവളുടെ ഇടിഞ്ഞ ശരീരത്തെ വെറുത്തു… പ്രണയിക്കുമ്പോൾ നിന്റെ മനസ്സാണ് എനിക്ക് വേണ്ടത് എന്ന് നൂറുപ്രാവശ്യം പറഞ്ഞിരിക്കും ..

ശരിക്കും അവളുടെ ശരീരത്തെയാണോ ഞാൻ മോഹിച്ചത് …. പാവപെട്ട വീട്ടിലെ പെണ്ണായതു കൊണ്ട് അവളുടെ വീട്ടിൽ നിന്നും സഹായം ഒന്നും കിട്ടിയില്ല… തന്റെ സുഹൃത്തുക്കൾ അവരുടെ ഭാര്യമാരെ പുകഴ്ത്തുമ്പോൾ തന്റെ മനസ്സിൽ വന്നത് വെറുപ്പായിരുന്നു..

പിറ്റേന്ന് അവൾ കണ്ണുതുറന്നു .. അവളുടെ നോട്ടം കണ്ടു ശിവൻ ഡോക്ടറെ നോക്കി.അദ്ദേഹം പറഞ്ഞു.. ഭദ്രയ്ക്ക് മറ്റുകുഴപ്പങ്ങൾ ഒന്നുമില്ല .. പക്ഷെ അവളുടെ ഓർമ്മകൾ മരിച്ചു ..

ഇപ്പൊ പിറന്നു വീണ കുഞ്ഞിനെ പോലെയാണവൾ, എല്ലാരേം വേഗം മനസ്സിലാക്കാൻ കഴിയില്ല , പലതും ഉൾകൊള്ളാനും..നിങ്ങളുടെ സഹകരണം വേണം  എങ്കിൽ എത്രയും പെട്ടന്ന് അവളെ പഴയത് പോലെ ആക്കുവാൻ കഴിയും …

എല്ലാവരും ഒരുപോലെ ഞെട്ടി,ഭദ്ര എല്ലാവരെയും നോക്കി ഇരിക്കുവാണ്  ആരെയും മനസ്സിലാവാതെ ..

ഭദ്രയ്ക്ക് ഇപ്പൊ ആവശ്യം വീടും പരിസരവുമാണ് .. അവളുടെ ജീവിതം മുക്കാലും അവിടെ ആയിരുന്നല്ലോ . അപ്പോൾ വേഗം ഓർമ്മകൾ തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് അവളെ വീട്ടിലേക്ക് കൊണ്ട് പോയി.

ആരെയും അവൾ തിരിച്ചറിഞ്ഞില്ല, എങ്കിലും അവൾ ആരോടും നീരസം കാട്ടിയില്ല . അവളുടെ അച്ഛനെയും അമ്മയെയും ശിവൻ  തിരിച്ചയച്ചു … മക്കൾ ശിവന്റെ അമ്മയുടെയും അച്ഛന്റെയും കൂടെയാണ് കിടപ്പ്…

തിരിച്ചു വന്ന ദിവസം രാത്രിയിൽ ശരിക്കും അവൾക്ക് ആദ്യരാത്രി ആയിരുന്നു എന്ന് തന്നെ പറയാം

ഭയത്തോടെ അവൾ പോയപ്പോൾ അയാൾ അവളെ അടുത്തിരുത്തി കുറച്ചു നേരം സംസാരിച്ചു .. അവളുടെ ടെൻഷൻ കുറയ്ക്കാൻ .. അവൾ ചോദിച്ചു … ശരിക്കും നിങ്ങളെല്ലാം എന്റെ കുടുംബം ആണോ…

എല്ലാവരും എന്നോട് സ്നേഹം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നുണ്ട് .. എന്നിട്ടുമെന്താ എനിക്ക് ഒന്നും ഓർമയില്ലാത്തത്… ശിവൻ അതിനു മറുപടി, ആക്‌സിഡന്റ് ആയതു പറഞ്ഞു.

കൊച്ചു കുട്ടി കഥ കേൾക്കുന്നത് പോലെ അവൾ ഇരുന്നു കേൾക്കുന്നത് കണ്ടു അയാൾക്ക് ചിരി വന്നു.

അവൾക്ക് അതിന്റെ കൂടെ ഒരുപാട് സംശയം വന്നു . എങ്കിലും മിണ്ടാതെ ഇരുന്നു. കട്ടിലിന്റെ രണ്ടു ഭാഗത്തായി കിടക്കുമ്പോഴും അവൾക്കെന്തോ ഒരു സുരക്ഷിതത്വം തോന്നി.

പിറ്റേന്ന് നേരത്തെ ഉണർന്നപ്പോൾ എല്ലാവരും വഴക്ക് പറഞ്ഞു, കുറച്ചു ദിവസം കൂടെ റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു …

മക്കൾ സ്കൂളിൽ പോയി, ശിവൻ ജോലിക്കും… അച്ഛന്റെ കൂടെ തൊടിയിലും പറമ്പിലും ചുറ്റി നടന്നു, അമ്മയെ അടുക്കളയിൽ സഹായിച്ചു .. എല്ലാവരോടും സംസാരിക്കുമ്പോൾ അവർക്കെല്ലാം തന്നോട് എന്ത് സ്നേഹമാണെന്ന് അവൾക്ക് തോന്നി.

ശിവൻ ആയിരുന്നു അവളെ നോക്കിയിരുന്നത്, ഒരിക്കൽ അവൾ മരുന്ന് കഴിച്ചു ഛർദിച്ചപ്പോൾ ഒരു അറപ്പും കൂടാതെ വൃത്തിയാക്കി.

അവൾ വേണ്ടെന്ന് പറഞ്ഞപ്പോൾ, ഞാനും ഇതുപോലെ വയ്യാതെ കിടന്നു ഛർദിച്ചിട്ടുണ്ട്.. അപ്പോഴും നീയേ ഉണ്ടായിരുന്നുള്ളൂ..
എന്നയാൾ മറുപടി നൽകി

അവൾ കാണുകയായിരുന്നു, അയാളെ… അയാളിൽ ഉള്ള പല ഭാവങ്ങളെ, അച്ഛനായി സംരക്ഷിക്കുന്നു, സഹോദരനായി ശാസിക്കുന്നു, ഒരു അധ്യാപകനായി ഓരോന്ന് പറഞ്ഞു കൊടുക്കുന്നു, കൂട്ടുകാരനായി കൂടെ നിൽക്കുന്നു,

അവൾക്ക് വേണ്ടത് ചെയ്തു കൊടുത്തും വാങ്ങിക്കൊടുത്തും കൂടെ നിർത്തി.

ശിവൻ വൈകിട്ട് നേരത്തെ വരുന്നുണ്ടായിരുന്നു .. അവളുടെ കൂടെ സമയം ചിലവഴിക്കൻ . എന്നും ഇങ്ങനെ നേരത്തെ വരാറുണ്ടോ  അവൾ ചോദിച്ചു. എല്ലാവരും മറുപടി പറയാതെ പരസ്പരം നോക്കി നിന്നു, അയാൾ ഒന്നും പറയാതെ റൂമിലേക്ക് പോയപ്പോൾ അവൾ പിന്നാലെ പോയി .

അയാളവിടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു, അവളെ കണ്ടതും അയാൾ പറഞ്ഞു, ഇല്ല, ഞാൻ എന്നും വൈകിട്ടെ വരാറുള്ളൂ,കൂട്ടുകാരുടെ കൂടെ കൂടും, ലീവ് ദിവസങ്ങളിൽ പോലും അവരുടേകൂടെയാവും..

അവൾ അതിനു മറുപടി പറഞ്ഞില്ല .

ഓരോ ദിവസവും അവൾക്ക് ഓരോ സംശയമാണ് … നമുക്ക് രണ്ടു പെൺകുട്ടികളാ അല്ലെ ഏട്ടാ  അവർ ആരെപോലെയാ
അയാളൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു  അതെ പെൺകുട്ടി എന്നാൽ നിനക്ക് ഒരുപാട് ഇഷ്ടമാണ്,

അമ്പലത്തിൽ പോയി അന്നൊക്കെ നീ പ്രാർത്ഥിച്ചത് തന്നെ പെൺകുട്ടി വേണമെന്നായിരുന്നു .. നിന്റെ പ്രാർത്ഥന പോലെ തന്നെ കിട്ടി, അവർ നിന്നെ പോലെ തന്നെ.

നമ്മളുടേത്‌ പ്രണയ വിവാഹമായിരുന്നോ, വീണ്ടും സംശയം. അയാൾ അതേയെന്ന് തലയാട്ടി, എന്നിട്ട് പ്രണയിച്ചതും കല്യാണം കഴിഞ്ഞതുമെല്ലാം അവളോട് വിവരിച്ചു.

അപ്പോൾ അവളുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു… പ്രണയിക്കുന്ന സമയത്താണ് അവളുടെ നാണവും അപ്പോൾ വിരിയുന്ന പുഞ്ചിരിയും, കവിളിൽ വരുന്ന നുണക്കുഴിയും ശ്രദ്ധിച്ചത്, അത് വീണ്ടും കണ്ടപ്പോൾ അയാളിൽ ആ പഴയ കൗമാരക്കാരൻ ഉണർന്നു.

ആവേശത്തോടെ അവളെ അയാൾ വാരിപ്പുണർന്നു, ചുണ്ടുകളിൽ ചുംബിച്ചു.. അവൾ പെട്ടന്ന് ഞെട്ടിയെങ്കിലും,അയാളെ തള്ളിമാറ്റി ചിരിച്ചു കൊണ്ട് അവിടെ നിന്നും ഓടി,. അപ്പോൾ  അയാൾ കണ്ടത് ആ പഴയ ദാവണിക്കാരിയെയാണ്.

അവൾ ഉണ്ടാക്കിയിരുന്ന ഭക്ഷണം അയാൾ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു, മുൻപ് അവൾ കൃത്യമായി എല്ലാ ജോലിയും  ചെയ്യുമായിരുന്നു, എന്നാലും തനിക്ക് തൃപ്തി ആവില്ല… വൃത്തി ആയില്ലെന്നും പറഞ്ഞു വഴക്കിടും, ഇപ്പൊ അവൾ എന്ത് ചെയ്യുമ്പോഴും പൂർണത ഇല്ല  പഴയ ഭദ്ര അല്ലല്ലോ…

പിറ്റേന്ന് അവൾ  അയാളോട് ചോദിച്ചു  ഏട്ടാ ഒരു കാര്യം ചോദിച്ചോട്ടെ, എന്റെ ഭദ്രെ നിന്റെ സംശയം ഇനിയും തീർന്നില്ലേ… ഇന്നെന്താ..

അതുകേട്ടു അവൾ ദേഷ്യത്തോടെ പോകാനൊരുങ്ങി, ഒരു ചെറുചിരിയോടെ അയാൾ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു ചോദിച്ചു, പറയെടോ ഇന്നെന്താ സംശയം.

അവൾ അയാളുടെ കണ്ണിൽ തന്നെ നോക്കി… എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നല്ലേ,
അയാൾ മറുപടി പറഞ്ഞു, ആയിരുന്നു എന്ന് മാത്രമല്ല എപ്പോഴും ആണ് . അടുത്ത സംശയം കൂടെത്തന്നെ വന്നു.. അപ്പോൾ ഏട്ടനോ ..

അവളുടെ മേലെയുള്ള അയാളുടെ പിടി അയഞ്ഞു.. അവൾ അയാളുടെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുകയാണ്. അയാളുടെ ഭവമാറ്റം അവൾ ശ്രദ്ധിച്ചു.. അയാൾ ഒന്നും പറയാതെ അവളിൽ നിന്നകന്ന് പോയി .. അവൾ ആ നിൽപ്പ് തുടർന്നു.

അയാൾ നേരെ ബാത്‌റൂമിൽ കയറി, എന്താണ് താൻ അവൾക്ക് മറുപടി കൊടുക്കുക  പ്രണയിച്ചു കയ്യിൽ വന്നപ്പോൾ ആ പ്രണയം പോയെന്നോ.. അവളോട് വെറും ശരാശരി ഭർത്താവ് മാത്രമായി മാറിയെന്നോ, അതോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രം മാത്രമായി തോന്നിയെന്നോ.. അതോ തന്റെ വികാരം ശമിപ്പിക്കാൻ ഉള്ള ……

ഇല്ല അവൾക്ക് കൊടുക്കാൻ എന്റെ കയ്യിൽ മറുപടി ഇല്ല .. പക്ഷെ ഒന്നുണ്ട്, എത്രയൊക്കെ തള്ളി പറഞ്ഞാലും തനിക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു…

അയാൾ കുളി കഴിഞ്ഞു വന്നപ്പോൾ അവൾ അവിടെ ഇല്ല, കഴിക്കാൻ പോയപ്പോൾ അവൾ അയാൾക്ക് മുഖം കൊടുക്കാതെ ഇരുന്നു.
രാത്രിയിൽ കിടന്നപ്പോഴും അവൾ ഒന്നും മിണ്ടിയില്ല എന്നത് അയാളെ വേദനിപ്പിച്ചു.

കുറച്ചു കഴിഞ്ഞു അയാൾ ഉറങ്ങിയെന്നു തോന്നിയപ്പോൾ അവൾ കട്ടിലിൽ നിന്നുമിറങ്ങി അയാളുടെ അരികിൽ ചെന്നിരുന്നു,അയാളോടെന്ന പോലെ പറഞ്ഞു,

എല്ലാരും പറയുന്നു  ഏട്ടൻ എന്റെ ഭർത്താവ് ആണെന്ന്… ഞാനും അത് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു, ഒരു ആണിൽ നിന്നും ഒരു പെണ്ണിന് കിട്ടുന്ന  സ്നേഹം, കരുതൽ, പ്രണയം, എല്ലാം എനിക്ക് തന്നിട്ടുണ്ട് ഏട്ടൻ എനിക്കത് മനസ്സിലാവുന്നുണ്ട്…

ശരിക്കും എനിക്ക് ഇപ്പോഴും അറിയില്ല സത്യമാണോ എന്ന്.. പക്ഷെ ഞാൻ ഇന്ന് പ്രണയിക്കുന്നു, ഈ ഭദ്രയുടെ ശിവനെ,പ്രാണനോളം..

അതും പറഞ്ഞു അവൾ അയാളുടെ നെറ്റിയിലെക്ക് വീണുകിടക്കുന്ന മുടി മാടിയൊതുക്കി, അവിടം മുത്തം കൊടുത്തു . വീണ്ടും തന്റെ സ്ഥാനത്തു വന്നു കിടന്നു.

അപ്പോൾ ശിവന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു, അയാൾ ഉറങ്ങിയില്ലായിരുന്നു..
ഇനിയൊരിക്കലും അവളെ വേദനിപ്പിക്കരുതെന്ന് അയാൾ തീരുമാനിച്ചിരുന്നു.. അവൾ ആഗ്രഹിക്കുന്നത് പോലെ, വീണ്ടും ഭദ്രയുടെ ശിവൻ ആവാൻ അയാൾ തയ്യാറെടുത്തു ..

nb:അല്ലേലും ആണിന്റെ ആത്മാർത്ഥ സ്നേഹത്തിന് പെണ്ണ് എന്നും അടിമയാണല്ലോ, ആത്മാർത്ഥത ഇല്ലെങ്കിൽ പിന്നെ അത് സ്നേഹവും  അല്ലല്ലോ ..

Leave a Reply

Your email address will not be published. Required fields are marked *