കെട്ടി ചെല്ലുന്നിടത്തു ഇതുപോലെ അടുക്കളപ്പണി ചെയ്യേണ്ടി വരും എനിക്കൊരു പരാതിയുമില്ല ഞാൻ..

അമ്മച്ചിയുടെ മരുമകൾ
(രചന: അച്ചു വിപിൻ)

യ്യോ ന്റമ്മച്ചി… ആരാത്? പുറകിൽ നിന്നാരോ തന്നെ  വരിഞ്ഞു പിടിച്ചിരിക്കുന്നു..

വിടെന്നെ അയ്യോ ആരേലും ഓടി വായോ.. ഞാനാ കയ്യിൽ കിടന്നലറി..

എന്റെ പൊന്നു മേരിപ്പെണ്ണേ കാറി കൂവാതെടി ഇത് ഞാനാടി നിന്റെ സണ്ണിച്ഛൻ..

എന്റെ കർത്താവെ..ഇച്ചായനിതെന്നാത്തിന്റെ കേടാ..ഞാനിപ്പോ പേടിച്ചു ചത്തൊടലോടെ അങ്ങ് സ്വർഗത്തി പോയേനെ..

അയ്യോടിയെ അങ്ങനിപ്പോ പെട്ടെന്ന് നീ സ്വർഗത്തി പോവണ്ട,പണിയൊക്കെ തീർത്തിട്ടകത്തേക്കു വന്ന സ്വർഗം ഒക്കെ ഞാൻ കാണിച്ചു തരാം…

അയ്യോടാ പൂതി കണ്ടില്ലേ അങ്ങനിപ്പോ എനിക്ക് സ്വർഗം കാണണ്ട..അങ്ങ് മാറിക്കെ
എനിക്കടുക്കളയിൽ മ്മിണി പണിയുണ്ട്..

നാളത്തേക്കുള്ള ദോശമാവ് അരച്ചു വെക്കാൻ ഉണ്ട് നിലം തുടക്കാൻ ഉണ്ട്  അതുമാത്രല്ല എല്ലാരും തിന്നിട്ടു ബാക്കി വെച്ച പാത്രം മൊത്തം അടുക്കളയിൽ ഇരുന്നെന്നെ നോക്കി പല്ലിളിക്കണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇവിടെ ഇതൊന്നും ചെയ്യാൻ വേറെ പെണ്ണുങ്ങൾ ഇല്ലേ? ഒക്കെ നീ ഒറ്റയ്ക്ക് ചെയ്യുന്നത് വന്നപ്പോ മുതൽ ഞാൻ കാണുന്നതാണ്, ഇനിയത് പറ്റില്ല ഞാൻ അമ്മച്ചിയേം സോഫിയെo പോയി വിളിക്കട്ടെ എന്ന് പറഞ്ഞു പോകാൻ തുടങ്ങിയ ആ മനുഷ്യന്റെ കയ്യിൽ കയറി ഞാൻ പിടിച്ചു..

വേണ്ടിച്ചായാ… പോകണ്ട ഞാൻ കാരണം ഇവിടെ ഒരു വഴക്ക് വേണ്ട ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേ ഉള്ളു അല്ലേലും  കയ്യിലും കാലിലും നിറച്ചു സ്വർണം ഇട്ടോണ്ട് ചെന്നില്ലേ

കെട്ടി ചെല്ലുന്നിടത്തു ഇതുപോലെ  അടുക്കളപ്പണി ചെയ്യേണ്ടി വരും എനിക്കൊരു പരാതിയുമില്ല ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..ഇച്ചായൻ ചെല്ല് ഞാൻ ഒക്കെ തീർത്തിട്ടു വരാം..

ആ മനുഷ്യൻ അവിടെ നിന്നും പോകുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു..

ആഹാ നീയിവിടെ കിനാവ് കണ്ടു നിക്കാണോ മേരി  നാളത്തേക്കുള്ള ദോശമാവ് അരച്ചു വെച്ചോ?

അമ്മച്ചി കണ്മുന്നിൽ എളിക്കു കയ്യും കൊടുത്തു കൊണ്ട് നിക്കുന്നു…

ഇല്ലാ അത് ഞാൻ.. വാക്കുകൾ കിട്ടാതെ ഞാൻ നിന്നു പരുങ്ങി..

അല്ലെങ്കിലും സണ്ണി ലീവിന് വന്നേ പിന്നെ പെണ്ണീ ലോകത്തൊന്നുമല്ല വശീകരിച്ചു വീഴ്ത്തി കയ്യിൽ വെച്ചേക്കുവല്ലേ അവനെ…

അവർ നിന്നു പല്ലിറുമ്മി അതേയ് മാവ് പുളിച്ചില്ലേ സോഫിമോള് കഴിക്കത്തില്ലെന്ന് നിനക്കറിഞ്ഞൂടെ കൊച്ചേ?വായ് നോക്കി നിക്കാതെ വേഗം അരച്ചു വെക്കാൻ നോക്ക് ഇല്ലെങ്കി എന്റെ കൊച്ച് നാളെ പട്ടിണിക്കു കോളേജിൽ പോകേണ്ടി വരും അത്രയും പറഞ്ഞവർ അകത്തേക്ക് പോയി..

സ്വന്തം മോളോട് എന്തൊരു സ്നേഹമാണ് ഞാനും ഇവിടെ ജീവിക്കുന്നതല്ലേ അവളോട്‌ കാണിക്കുന്ന നൂറിൽ ഒന്ന് എന്നോട് കാണിച്ചൂടെ ഞാൻ മനസ്സിൽ ഓർത്തു..സോഫി ആണേൽ ഒരു പണിയും ചെയ്യില്ല തിന്നുക ഉറങ്ങുക കോളേജിൽ പോവുക ഇതന്നെ എന്നും…

അരിയും ഉഴുന്നും അമ്മച്ചിക്ക് അരക്കാവുന്നതേ ഉള്ളു പക്ഷെ ചെയ്യില്ല പാവപ്പെട്ട വീട്ടിൽ നിന്നും ഒരുത്തിയെ മോൻ സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ ദേഷ്യമാണ് ഈ കാണിക്കുന്നത് മുഴുവൻ..

മാവരച്ചു വെച്ച ശേഷം എല്ലാരും കഴിച്ചിട്ടിട്ടു പോയ എച്ചിൽപ്പാത്രങ്ങൾ  കഴുകുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. നടു കഴക്കുന്ന വരെ  പണിയെടുക്കുന്നതിൽ  ഒരു പരാതിയുമില്ല പക്ഷെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാതെ ഒരു നല്ല വാക്ക് പറയാല്ലോ എന്ന് ഞാൻ ഓർത്തുപോയി..

എനിക്കെന്റെ അമ്മച്ചിയെ ഒന്ന്  കാണാൻ തോന്നി ആ മടിയിൽ തല വെച്ചു കിടക്കാൻ എന്റെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു..

പാവം എന്നെക്കാണാൻ അമ്മച്ചിക്കും ആഗ്രഹമുണ്ടെന്നറിയാം പക്ഷെ എന്നെ വിടില്ല ഒക്കെ  മനപ്പൂർവം ആണ് എന്നെ നോവിക്കാൻ വേണ്ടി മാത്രം..എന്റെ നെഞ്ച് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു

രാത്രി ഇച്ചായന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുമ്പോൾ അടക്കി വെച്ച സങ്കടങ്ങൾ മുഴുവൻ അണപൊട്ടിയൊഴുകി..

എന്താടി എന്തിനാ കരയുന്നെ അമ്മച്ചി വല്ലതും പറഞ്ഞോ?

കണ്ണീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു, എന്നെ എന്ത് വേണേൽ പറഞ്ഞോട്ടെ ഒക്കെ ഞാൻ സഹിച്ചോളാം പക്ഷെ എന്റെ വീട്ടുകാരെ കാണാൻ വിടാത്തത് കഷ്ടമല്ലേ ഇച്ചായ.. എന്റമ്മച്ചിക്കു സുഖമില്ലാത്തതാ അവരെ ഒന്ന് കാണാൻ എനിക്ക് ആഗ്രഹമില്ലാണ്ടിരിക്കോ?

നീ കരയാതെ ആകെ ഒരു മാസമേ എനിക്ക് ലീവുള്ളു നിന്നെ കാണാനാ ഞാൻ ഓടി വരുന്നേ അപ്പൊ ഈ കരച്ചിലും പിഴിച്ചിലുമായ ഞാൻ എങ്ങനെ സമാധാനത്തോടെ തിരിച്ചു പോകും.. നാളെ നേരം വെളുക്കട്ടെ ഞാൻ കൊണ്ട് പോകാം ആ മനുഷ്യൻ എന്നെ ചേർത്തു പിടിച്ചു..

വീട്ടിൽ പോയി അമ്മച്ചിയെ കാണാല്ലോ എന്നാഗ്രഹത്തോടെ ഞാൻ കിടന്നുറങ്ങി..

രാവിലെ നേരത്തെ എഴുന്നേറ്റു എല്ലാ പണിയും വേഗത്തിൽ തന്നെ തീർത്തു വെച്ചു ഇന്നു വെള്ളിയാഴ്ചയാണ് രണ്ടു ദിവസം വീട്ടിൽ നിക്കാം ഞായറാഴ്ച പള്ളിയിലെ കുർബാനയും കൂടി തിരിച്ചു പോരാം,മനസ്സ് വീട്ടിലേക്കു പോകാനായി വെമ്പൽ കൊണ്ടു..

ഇച്ചായൻ കുളിച്ചു ഭക്ഷണം കഴിച്ചു തയ്യാറായി വന്നു… ഇളം നീല നിറത്തിൽ ഉള്ള സാരിയുമുടുത്തു ഞാനും ഒപ്പം  ഇറങ്ങി..

മ്മ് എങ്ങോട്ടാ രണ്ടാളും?

ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന അമ്മച്ചി തലയുയർത്തിക്കൊണ്ടു ചോദിച്ചു..

ഒന്നിവളുടെ വീടു വരെ പോകുവാ കല്യാണം കഴിഞ്ഞു വിരുന്നിനു പോയ ശേഷം പിന്നങ്ങോട്ട് പോയിട്ടില്ലല്ലോ ഇച്ചായൻ മറുപടി പറഞ്ഞു..

പിന്നെ പിന്നെ പോണം പോണം  പോകാൻ പറ്റിയ സ്ഥലം ആണല്ലോ? പോകുന്നതൊക്കെ കൊള്ളാം അതൊക്കെ നിങ്ങടെ ഇഷ്ടം പക്ഷെ ഞായറാഴ്ച  സോഫിയുടെ കല്യാണം ഉറപ്പിക്കാൻ വരുന്നവരോട് പെണ്ണിന്റെ ചേട്ടൻ എവിടെയെന്നു ചോദിച്ചാൽ ഞാൻ എന്ത് മറുപടി കൊടുക്കണം എന്നൂടി പറഞ്ഞു തന്നിട്ട് പോണo..

അവരു വിരുന്നിനു അടുത്തയാഴ്ചയല്ലേ അമ്മച്ചി വരുന്നത് ഞാൻ വെപ്രാളപ്പെട്ടു ചോദിച്ചു..

ആഹാ നീ കൊള്ളാല്ലോടി കൊച്ചേ.. അല്ലെങ്കിലും നിനക്കൊന്നും എന്റെ മോൾടെ കാര്യത്തിൽ വല്യ ഓർമ കാണത്തില്ലെന്നറിയാം.

നാളെ കഴിഞ്ഞു  തീയതി 18 നിങ്ങളോർത്തില്ലെങ്കിലും എനിക്കത്  മറക്കാൻ പറ്റുമോ?നിനക്ക് ഇന്നു തന്നെ നിന്റെ വീട്ടിലേക്കു കെട്ടിയെടുക്കണം എന്നിട്ട് അവരുടെ മുന്നിൽ എന്നെ നാണം കെടുത്തണം,എന്റെ മോള് നല്ലൊരു സ്ഥലത്ത് കെട്ടി പോണത് നിനക്ക് സഹിക്കുന്നില്ല അല്യോടി..

ചങ്കിൽ കൊള്ളുന്ന വർത്താനം പറയാതമ്മച്ചി ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു…

അമ്മച്ചി ഇതെന്തൊക്കെയാ ഈ പറയുന്നത്  ഞങ്ങൾ മനഃപൂർവം അവളുടെ കാര്യം മറക്കോ ഇച്ചായൻ ദേഷ്യത്തോടെ ചോദിച്ചു..

ആഹാ നിനക്കെന്നെ തല്ലണോ തല്ലെടാ ചോദിക്കാൻ നിന്റെ അപ്പൻ ജീവനോടെ ഇല്ലല്ലോ?അമ്മച്ചിയെ അങ്ങ് തല്ലിക്കൊല്ലു  ഇനി അതേ ബാക്കിയുള്ളു ഇവൾ പറയുന്നതാണല്ലോ നിനക്കിപ്പോ വേദവാക്യം..

ഇവള് വന്നു കയറിയെ പിന്നെ നിനക്ക് അമ്മച്ചിയും വേണ്ട പെങ്ങളും വേണ്ട…ഇന്നലെ കണ്ട ഇവൾക്ക് വേണ്ടി നീ നിന്റെ പെങ്ങളെ മറക്കരുതെടാ സണ്ണി..

അമ്മച്ചി കൂടുതൽ പറയുന്നത് കേൾക്കാൻ ഉള്ള ശക്തിയില്ലാതെ ഞാൻ മുറിയിലേക്കോടി…

ഇച്ചായൻ എന്റെ പുറകെ വന്നു…

നാളെ കഴിഞ്ഞു സോഫിക്കൊച്ചിന്റെ അവിടുന്ന് ആള് വരുന്ന കാര്യം ഞാൻ ഓർത്തില്ലിച്ചായാ ഇവിടെ കിടന്നു ചത്തു മരിച്ചു പണിയെടുക്കുമ്പോ ഏതാ ദിവസം ഏതാ തീയതി എന്ന് കലണ്ടർ നോക്കാൻ പോലും എനിക്ക് നേരമില്ല അല്ലാണ്ട് അമ്മച്ചി കരുതും പോലെ ഞാൻ മനപ്പൂർവം മറക്കുമോ?അവളെനിക്ക് അനിയത്തിയല്ലേ?

അവൾക്കൊരു നല്ല ജീവിതം വരുന്നതല്ലേ എനിക്കും സന്തോഷം അതില്ലാണ്ടാക്കാൻ ഞാൻ ശ്രമിക്കോ ഇച്ചായ?ഞാനാ മനുഷ്യനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

നീ കരയാതെ മോളെ അമ്മച്ചിയെ നിനക്കറിഞ്ഞൂടെ പെട്ടെന്ന് വന്ന ദേഷ്യത്തിൽ എന്തോ വിളിച്ചു പറഞ്ഞെന്നു കരുതിയ മതി വിട്ടുകള,എന്നെ സമാധാനിക്കാൻ ഇച്ചായൻ നന്നേ പാടുപെട്ടു…

സോഫിയുടെ കല്യാണം ഉറപ്പിച്ചു..വടക്കൻവീട്ടിൽ മാത്തുക്കുട്ടിയുടെ മോൻ തോമസ് എഞ്ചിനീയർ ആണ് വരൻ വല്യ തറവാടികൾ വേണ്ട സ്വത്തുക്കൾ അമ്മച്ചി അതും പറഞ്ഞു ഇടക്കെന്നെ കുത്തിനോവിക്കും..

കല്യാണപ്പെണ്ണിനെ കൊണ്ട് ഒന്നും ചെയ്യിക്കരുതെന്നു അമ്മച്ചിയുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ അവളുടെ വസ്ത്രം വരെ ഞാൻ അലക്കി കൊടുത്തു യാതൊരു ദയയുമില്ലാതെ ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ അലക്കാൻ അവൾ എന്റെ നേർക്കെറിഞ്ഞു തരുമ്പോൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരയായിരുന്നു…

ഈസ്റ്റർ കഴിഞ്ഞു പിറ്റേ ഞായറാഴ്ച സോഫി തോമസിന്റെ മണവാട്ടിയായി..അവൾ പോയതോടെ വീട്ടിലെ പണി കുറച്ചു കുറഞ്ഞു…ഒരു സ്‌ട്രോക് വന്നു മരുന്നുകൾ കഴിക്കുന്ന കൊണ്ടാവാം അമ്മച്ചി പഴയ പോലെ ബഹളത്തിന് വരാതായി.. ലീവ് തീർന്നു ഇച്ചായൻ ഗൾഫിനു പോയി…

കല്യാണം കഴിഞ്ഞു ആഴ്ചയിൽ വീട്ടിൽ വന്നിരുന്ന സോഫി പിന്നെ വീട്ടിലേക്കു വരാതായി അമ്മച്ചി വിളിക്കുമ്പോൾ ഇന്നു വരാം നാളെ വരാം എന്ന് പറയുന്നതല്ലാതെ അവൾ വീട്ടിലേക്കു വന്നതേയില്ല..

ഒരു ദിവസം പണി കഴിഞ്ഞു ഇറയത്തു എന്തോ ആലോചിച്ചിരിക്കുന്ന എന്റടുത്ത് വന്നു അമ്മച്ചി പറഞ്ഞു ടീ കൊച്ചേ നിനക്ക് ഡ്രൈവിങ് അറിയില്ലേ ആ കാറെടുത്തു എന്നെ സോഫിയുടെ വീടു വരെ ഒന്ന് കൊണ്ട് പോ അവൾക്കിങ്ങോട്ടു വരാൻ അല്ലെ മടി എന്നാ പിന്നെ അങ്ങോട്ട്‌ പോയി കണ്ടേക്കാം അവരു പിറുപിറുത്തു..

എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചപ്പോ ഇച്ചായനെ ചീത്ത വിളിച്ച അമ്മച്ചിക്ക് അതുകൊണ്ട് ഇപ്പഴെങ്കിലും  ഒരുപകാരം ഉണ്ടായല്ലോ എന്നോർത്തു ഞാൻ സ്വയം അങ്ങ് സമാധാനിച്ചു..

അമ്മച്ചിയെ മുന്നിലിരുത്തി വണ്ടി ഓടിക്കുന്നതിനിടയിൽ അവരു മകളെ പറ്റി ഓരോന്ന് പറയുന്നുണ്ടായിരുന്നു..

അവൾ അവിടെ രാജകുമാരിയെ പോലെ ആണ് ജീവിക്കുന്നെ ഒന്നുമല്ലെങ്കിലും പേര് കേട്ട കുടുമക്കാരല്ലേ? ഇഷ്ടം പോലെ വേലക്കാരുണ്ടവിടെ..പെണ്ണായി ജനിച്ച പോരടി മേരി  യോഗം വേണo യോഗം അമ്മച്ചി എന്നെ കുത്തിക്കൊണ്ട് പറഞ്ഞു..

ഞാൻ ഒന്നും പറയാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.

അമ്മച്ചി മനസ്സിൽ കണ്ട കാഴ്ചകൾ ഒന്നും വടക്കൻ വീട്ടിൽ കാണാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം ഞങ്ങൾ അവിടെ ചെന്നപ്പോൾ സോഫി നിലം തുടക്കുകയായിരുന്നു അവിടത്തെ എല്ലാപണിയും സോഫി ഒറ്റക്കാണ് ചെയ്യുന്നതെന്നവൾ പറഞ്ഞത് ഞെട്ടലോടെയാണമ്മച്ചി കേട്ടത്..

അമ്മച്ചിയെ കാണാൻ കൊതിയുണ്ടെങ്കിലും വീട്ടിൽ വരാത്തത് തോമസ് സമ്മതിക്കാത്തത്  കൊണ്ടാണെന്നു സോഫി പറയുമ്പോൾ അമ്മച്ചിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

നമ്മള് ചേട്ടത്തിയോടു ചെയ്ത ദ്രോഹങ്ങൾക്ക് പകരമാണമ്മച്ചി ഞാൻ ഇവിടെ കിടന്നനുഭവിക്കുന്നത് അവൾ അമ്മച്ചിയുടെ മുന്നിൽ നിന്നും വിതുമ്പി.

എന്നോട് ക്ഷമിക്കേട്ടത്തി കൃത്യ സമയത്തു തിന്നാൻ ഊണ് മേശക്ക് മുന്നിൽ വന്നിരിക്കുമ്പോൾ അതിനു പുറകിലെ അധ്വാനം ഞാൻ അറിഞ്ഞിരുന്നില്ല ഇപ്പൊ എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് അവൾ എന്റെ കൈകൾ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു.. അവളോടെനിക്ക് സഹതാപം തോന്നി…

ഒരു ചായ പോലും കുടിക്കാതെ അവിടുന്നിറങ്ങി പോരുമ്പോൾ ഞാൻ കണ്ടത് അങ്ങോട്ട്‌ തലയുയർത്തി അഹങ്കാരത്തോടെ പോയ അമ്മച്ചിയെ ആയിരുന്നില്ല..

അവരാകെ തകർന്നു പോയിരുന്നു ഒരു പ്ലാവില പോലും കൈ കൊണ്ട് മാറ്റിയിടാത്ത സോഫി ചത്തുമരിച്ചാ വീട്ടിലെ പണികൾ ചെയ്യുന്നത് കണ്ടപ്പോൾ അവരുടെ മനസ്സ് നല്ലപോലെ നൊന്ത് കാണും അല്ലെങ്കിലും സ്വന്തം മോള് വേദനിക്കുന്നത് ഏതെങ്കിലും അമ്മമാർ സഹിക്കുമോ?

എനിക്കെന്റെ സ്വന്തം അമ്മച്ചിയെ ഓർമ വന്നു ഞാൻ കഷ്ടപ്പെടുന്നത് കണ്ടു അവരും എത്രമാത്രം ദണ്ണിച്ചിരിക്കണം.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് എത്ര ശരിയാണെന്നത് അനുഭവത്തിലൂടെ  അമ്മച്ചിയറിഞ്ഞു

രണ്ട് ദിവസത്തേക്ക് അമ്മച്ചിയൊന്നും എന്നോട്  മിണ്ടിയില്ല..മൂന്നാം ദിവസം പതിവു പോലെ അടുക്കളയിൽ പണിയെടുത്തോണ്ടിരിക്കുന്ന എന്റടുത്തു വന്നവർ പറഞ്ഞു വേഗം പോയി റെഡിയാവു കൊച്ചേ നമുക്കൊരിടം  വരെ പോകാം…

എവിടെക്കായിരിക്കും എന്ന് മനസ്സിൽ ഓർത്തോണ്ടു ഞാൻ ചെയ്തുകൊണ്ടിരുന്ന പണി നിർത്തി അവരുടെ കൂടെ പോകാൻ റെഡിയായി..

അവർ എന്നെ കൊണ്ടുപോയത് വേറെ എങ്ങോട്ടുമല്ല എന്റെ വീട്ടിലേക്കു തന്നെ ആയിരുന്നു..മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ വീടു കണ്ടു…എന്റമ്മച്ചിയെ കണ്ടതും ഞാനോടി  ചെന്നവരെ  കെട്ടിപ്പിടിച്ചു കരഞ്ഞു…

അകത്തേക്ക് കയറാൻ നേരം ഞാൻ സണ്ണിച്ചന്റെ അമ്മച്ചിയെ വിളിച്ചു…

വേണ്ട മേരി ഞാൻ വരുന്നില്ല നിങ്ങള് സംസാരിച്ചിരിക്കു പിന്നെ അടുത്തെങ്ങും ഇനി അങ്ങോട്ട്‌ വരണ്ട  മതിയാവണ വരെ നീ  ഇവിടെ നിന്നോ നിനക്കിഷ്ട്ടമുള്ളപ്പോ ഇനി അങ്ങോട്ട്‌ വന്ന മതി..കൂടുതലൊന്നും പറയാതെ അവരവിടെ നിന്നും ഇറങ്ങി പോയി..

എന്റമ്മച്ചിയുടെ കൂടെ അന്ന് രാത്രി കെട്ടിപ്പിടിച്ചു ഞാൻ കിടന്നുവെങ്കിലും എന്റെ മനസ്സ് മുഴുവൻ ഇച്ചായന്റെ അമ്മച്ചിയായിരുന്നു..

രണ്ടു ദിവസം വീട്ടിൽ നിന്നിട്ടു പിന്നെ വരാം എന്നമ്മച്ചിയോട് പറഞ്ഞു കൊണ്ട് ഞാൻ തിരികെ ഇച്ചായന്റെ വീട്ടിലേക്കു പോന്നു…

വീട്ടിൽ ചെന്നപ്പോ ഉമ്മറത്തു തന്നെ എന്തോ ആലോചിച്ചമ്മച്ചി ഇരിക്കുന്നുണ്ടായിരുന്നു..

മ്മ് എന്തെ ഇത്ര പെട്ടെന്ന് പോരാൻ?അവർ ആകാംഷയോടെ ചോദിച്ചു..

അത് പിന്നെ,എനിക്ക് പോരണം എന്ന് തോന്നി അമ്മച്ചി ഇവിടെ തനിച്ചല്ലേ അപ്പൊ മനസ്സമാധാനത്തോടെ ഞാൻ അവിടെ നിക്കുന്നതെങ്ങനെ?

മനസ്സമാധാനക്കേട്‌ തോന്നാൻ ഞാൻ നിന്റെ സ്വന്തം അമ്മച്ചിയൊന്നുമല്ലല്ലോ കൊച്ചേ?

അമ്മച്ചി…..അവിടെയാണമ്മച്ചിക്കു തെറ്റിയത് ഞാൻ അമ്മച്ചിക്ക് സ്വന്തം മോളെ പോലെ ആയിരുന്നില്ലെങ്കിലും എനിക്ക്

പക്ഷെ അങ്ങനെ ആയിരുന്നില്ല അമ്മച്ചിയെ ഞാൻ എന്റെ സ്വന്തം അമ്മച്ചിയെ പോലെയാണ് കണ്ടതും സ്നേഹിച്ചതും അതുകൊണ്ടാണ് അമ്മച്ചി എന്നെ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ തിരിച്ചൊരക്ഷരം പറയാതെ ഇരുന്നത്..

കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക്‌ കെട്ടിക്കയറി ചെല്ലുന്ന വീടാണ് സ്വർഗം..അമ്മായിഅമ്മമാർ മരുമക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചാൽ നരകം പോലെ തോന്നുന്ന മിക്കവീടുകളും സ്വർഗതുല്യമാകും..

അമ്മച്ചിക്കെന്നോടിപ്പൊ സ്നേഹമുണ്ടോ എന്നെനിക്കറിഞ്ഞൂടാ പക്ഷെ എനിക്കൊന്നറിയാo ഇപ്പൊ വയ്യാതെ ഇരിക്കുന്ന അമ്മച്ചിയെ വിട്ടെന്റെ വീട്ടിൽ പോയി സുഖിച്ചു നിക്കാൻ മാത്രം മനസാക്ഷി  ഇല്ലാത്തവൾ അല്ലമ്മച്ചി ഈ മേരി,നിറകണ്ണുകളോടെ ഞാൻ പറഞ്ഞു…

അവർ എണീറ്റു വന്നെന്റെ തോളിൽ  കൈകൊണ്ടൊന്നമർത്തി…

“മോളെ” എന്ന് വിളിച്ച ശേഷം അവരെന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി…

അവർക്കെന്തൊക്കെയോ എന്നോട് പറയണം എന്നുണ്ടായിരുന്നു പക്ഷെ വാക്കുകൾക്കായവർ പരതി അൽപനേരത്തെ മൗനത്തിനു ശേഷമവർ  അകത്തേക്ക് കയറി പോയി…അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…

അമ്മച്ചി  എന്നോടൊന്നും പറഞ്ഞില്ലെങ്കിലും ആ മനസ്സ് ഞാൻ വായിച്ചു,അതേ അവർ എന്നെ മരുമകൾ അല്ല മകളായി തന്നെ അംഗീകരിച്ചിരിക്കുന്നു അവരെന്നെ  സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *