താലോലം
(രചന: Raju Pk)
സുധിയേട്ടാ…?
എന്തിനാടോ ഒച്ച വയ്ക്കുന്നത് ഞാനിവിടെ ഉണ്ട്.
മോനവിടെ പുസ്തകവും വായിച്ചിരുന്നോ എൻ്റെ കുളി തെറ്റിയിട്ട് ദിവസം പതിമൂന്നായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലചുറ്റുന്നതു പോലെ എനിക്കാകെ പേടിയായിട്ട് വയ്യ. മകന് വയസ്സ് ഇരുപതായി ഈശ്വരാ അരുതാത്തതൊന്നും സംഭവിക്കല്ലേ..
നീ പേടിക്കാതെ പെണ്ണേ ഞാനിവിടെ ഇല്ലേ…
എന്നെക്കൊണ്ടൊന്നും പറയിക്കരുത് രാവിലെ. ഓരോന്ന് ഒപ്പിച്ച് വച്ചിട്ട് മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ച് നിൽക്കുവാ അപ്പോഴാ ഒരു തമാശ..
ആശുപത്രിയിൽ എത്തിയതും വലിയ തിരക്കൊന്നും ഇല്ല കോവിഡിനെ ആളുകൾ വല്ലാതെ ഭയപ്പെടുന്നതുകൊണ്ടാണെന്ന് തോന്നുന്നു ഒപിയിലും വളരെ കുറച്ച് പേർ മാത്രം.
ഹേമ സുധി… പേര് വിളിച്ചതും അടുത്തേക്ക് ചെന്നതും സിസ്റ്റർ ചിരിച്ച് കൊണ്ട് പറഞ്ഞു.
അകത്തുള്ള ആൾ ഇറങ്ങുമ്പോൾ കയറിക്കോട്ടൊ.
നിറവയറുമായി ഒരു പെൺകുട്ടി പുറത്തേക്കിറങ്ങിയതും മനസ്സിൽ എല്ലാ ഈശ്വരന്മാരേയും വിളിച്ച് അകത്തേക്ക് കടന്നു.
ചെക്കപ്പിന് ശേഷം ചെറിയ ഒരു പുഞ്ചിരിയോടെ ഡോക്റ്റർ ഗർഭിണിയാണെന്ന കാര്യം പറഞ്ഞു. കേട്ടതും ബാഗിൽ കരുതിയിരുന്ന കുപ്പിയിലെ വെള്ളം ഒറ്റ വലിക്ക് കുടിച്ച് തീർത്തു.
നാൽപ്പത് വയസ്സ് ആകുന്നതല്ലേ ഉള്ളൂ പേടിക്കുകയൊന്നും വേണ്ട മരുന്നൊക്കെ കഴിച്ച് നന്നായി റെസ്റ്റ് എടുത്തോളൂ..
ചിരിച്ചു കൊണ്ട് അടുത്തിരിക്കുന്ന ഏട്ടനോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത്.. ഡോക്റ്റർ കുറിച്ച മരുന്നുകൾ ഒന്നും വാങ്ങാതെ തിരികെ വീടെത്തി..
നിങ്ങൾ ചിരിച്ചോ അപ്പൂപ്പൻ ആകേണ്ട പ്രായത്തിൽ അപ്പനാകുന്നതിൻ്റെ സന്തോഷം..
ഈശ്വരാ മകനറിഞ്ഞാൽ..
എന്തായാലും അമ്മയെ വിളിച്ച് പറയാം അവൻ അമ്മയുടെ അടുത്തുണ്ടല്ലോ അമ്മ പറയട്ടെ അവനോട്. അമ്മയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മക്കും വലിയ സന്തോഷം.
അമൽ എവിടെ അമ്മേ..?
അവൻ അപ്പുറത്തെവിടെയോ ഉണ്ട്.
അവനറഞ്ഞിട്ടില്ല അറിയുമ്പോൾ എന്ത് പറയുമോ എന്തോ..?
നീ വിഷമിക്കാതെ ഞാൻ സമാധാനത്തിൽ പറയാം അവനോട്. അമ്മ അത്രയും പറഞ്ഞ് ഫോണും വച്ചു.. അല്പസമയത്തിനുള്ളിൽ ഫോൺ വീണ്ടും ബല്ലടിച്ചു ഈശ്വരാ ഉണ്ണിയാണ് എടുത്തില്ല ഫോണുമായി നേരെ ഏട്ടൻ്റെ അടുത്തെത്തി.
ഏട്ടാ അമലാണ്…
ഏടുക്ക്…
ഫോൺ എടുത്ത ഏട്ടനോട് ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞ് പെട്ടന്ന് ഫോൺ കട്ട് ആയി.
എന്താ ഏട്ടാ അവൻ പറഞ്ഞത്..?
അമ്മയായിരുന്നു വിവരം അവനോട് പറഞ്ഞതും ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് പോരുന്ന തിരക്കിൽ അവൻ്റെ ഫോണെടുക്കാൻ മറന്നെന്ന് അത് പറയാനാ അമ്മ വിളിച്ചത്.
നെഞ്ചിടിപ്പോടെയാണ് മകൻ്റെ വരവിനായി കാത്തിരുന്നത്. എൻഫീൽഡിൻ്റെ ശബ്ദം മുറ്റത്ത് കേട്ടതും പോയി വാതിൽ തുറന്നു അകത്തേക്ക് കയറിയ മകൻ ഒരു വാക്കു പോലും മിണ്ടാതെ മുകളിലെ അവൻ്റെ മുറിയിലേക്ക് പോയി.മാസ്ക് വച്ചിരിക്കുന്നത് കൊണ്ട് മുഖഭാവങ്ങളും വ്യക്തമല്ല.
ഇനി എന്തറിയാൻ അത്രക്ക് വെറുത്തു കാണും അമ്മയെ. സങ്കടം സഹിക്കാൻ വയ്യാതെ പെട്ടിക്കരഞ്ഞുകൊണ്ടാണ് ഏട്ടനടുത്തെത്തിയത്.
ഏട്ടാ നമുക്ക് വേ ണ്ട ഈ കു ഞ്ഞ്.
അവൻ വല്ലതും പറഞ്ഞോ…?
ഇല്ല..
നീ ഒന്ന് വിഷമിക്കാതെ ഇരിക്ക് ഏട്ടൻ്റെ ആശ്വാസവചനങ്ങൾക്കൊന്നും മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല.
അല്പസമയത്തിനകം മകൻ കുളിയും കഴിഞ്ഞ് താഴെ എത്തി. കരഞ്ഞ്തളർന്ന് കിടന്ന എൻ്റെ മുഖം കൈകളിൽ കോരിയെടുത്ത് ഇരു കവിളിലും മാറി മാറി ഉമ്മകൾ നൽകി. പൊന്നമ്മ എന്തിനാ കരയുന്നത്.
പിറന്നാൾ ദിനത്തിൽ എന്ത് ഈശ്വരനോട് ചോദിച്ചാലും നടത്തിത്തരും എന്ന് എൻ്റെ അമ്മ പറയാറില്ലേ എൻ്റെ വർഷങ്ങളുടെ പ്രാർത്ഥനയാണ് നമ്മുടെ വീട്ടിൽ വരാൻ പോകുന്ന കുഞ്ഞ്.
കൂട്ടുകാരെല്ലാം കൂടപ്പിറപ്പുകളോടൊപ്പം അടിപിടിയുമായി സ്നേഹത്തോടെ എൻ്റെ മുന്നിലൂടെ പോകുന്നത് കാണുമ്പോൾ കണ്ണ് നിറയാറുണ്ട് പലപ്പോഴും അച്ഛനോട് പരാതിയും പറഞ്ഞിട്ടുണ്ട്.
അല്പം വൈകിയാണെങ്കിലും എൻ്റെ പ്രാർത്ഥന ദൈവം കേട്ടല്ലോ..? അമ്മൂമ്മ പറഞ്ഞപ്പോൾ തന്നെ പെട്ടന്ന് പോന്നതുകൊണ്ട് ഫോണെടുക്കാൻ മറന്നു.
ഇനി മുതൽ വീട്ടുജോലിയൊന്നും അമ്മ തനിയെ ചെയ്യണ്ട ഞാൻ ഉണ്ട് ഇനി എല്ലാത്തിനും. സത്യം പറഞ്ഞാൽ ഇപ്പോഴാണ് മനസ്സൊന്ന് ശാന്തമായത്.
അകത്തേക്ക് ചെല്ലുമ്പോൾ ഏട്ടൻ പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നുണ്ട്. മുഖത്ത് വല്ലാത്തൊരു ചിരിയും.
മകനേയോർത്തുള്ള നിൻ്റെ വിഷമമൊക്കെ മാറിയോ..?
ഹേമാ നമുക്ക് ഈ കു ഞ്ഞ് വേ ണ്ടാ അല്ലേ. എന്നെ കളിയാക്കിക്കൊണ്ടുള്ള ചോദ്യം കേട്ടത്തും ഞാൻ കലി തുള്ളി അടുത്തേക്ക് ചെന്നു.
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു അമ്മയുടെ അടുത്ത് നിന്നും യാത്ര കഴിഞ്ഞ് വന്ന അവൻ ഒന്ന് കുളിക്കാതെ എങ്ങനെ നിൻ്റെ അടുത്ത് വരും നീ കോവിഡ് കാലത്തേയും മറന്നു അല്ലേ..?
എൻ്റെ മോനെ തെറ്റിദ്ധരിച്ചതിൽ മനസ്സിൽ വല്ലാത്ത നൊമ്പരം തോന്നി
ആൺമക്കൾക്ക് അമ്മമാരോട് പ്രത്യക സ്നേഹം ഉണ്ടാകും എന്ന് പറയുന്നതൊക്കെ ശരിയാണ്. പക്ഷെ ഇവിടെ മകൻ്റെ മനസ്സറിയാവുന്നത് അവൻ്റെ അച്ഛനും.
എട്ടാ ഞാൻ ഇവിടെ ഇട്ടിരുന്ന മരുന്നിൻ്റെ.
ആഹാ ഇട്ടിരുന്നതോ വലിച്ചെറിഞ്ഞതെന്ന് പറ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ വാങ്ങിയിട്ട് വരാം..
ഏട്ടൻ പുറത്തേക്കിറങ്ങുമ്പോൾ മകൻ വിളിക്കുന്നുണ്ട് അമ്മേ കുളിമുറിയിൽ ചൂടുവെള്ളം വച്ചിട്ടുണ്ട് വീഴാതെ സൂക്ഷിച്ച് കുളിച്ചിട്ട് വയോ..