അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്റെ കല്യാണം, ഇപ്പൊ ആ പ്രതീക്ഷ എനിക്കില്ല ഞാൻ ഇങ്ങനെ..

അങ്ങനെ ഞാനും
(രചന: Ammu Santhosh)

“ഡാ എന്റെ കല്യാണം നിശ്ചയിച്ചു ” കൂട്ടുകാരൻ സുധി എന്റെ തോളിൽ അടിച്ചു പറഞ്ഞു.

ഈശ്വര ഇവനും പെണ്ണ് കിട്ടിയോ? ഞാൻ ഇളിച്ചു കാണിച്ചു. ഉള്ളിൽ നെഞ്ചത്തടിച്ചു കരയുവാണെന്നു ഇവൻ അറിയാൻ പാടില്ല. ഇവന് വരെ കല്യാണം ആയി.

ഇവന് വരെ എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ വിചാരിക്കും അതെന്താ എന്ന്? ഇവൻ എന്നേക്കാൾ രണ്ടു വയസ്സിന് ഇളപ്പമാണ്. പ്രത്യേകിച്ച് ഒരു പണീമില്ല. തിന്നുക,  ഏമ്പക്കം വിടുക. തിന്നുക, വീണ്ടും ഏമ്പക്കം വിടുക. അങ്ങനെ ഒരു തീറ്റ മത്തായി.

അവന് സ്വന്തം വീട്ടിൽ നിന്നു തിന്നു ബോറടിക്കുമ്പോൾ എന്റെ വീട്ടിൽ വന്നു തിന്നും. അതിന് ഒരു ഉളുപ്പുമില്ല. എന്റെ അമ്മയെ സോപ്പിട്ടു അടുക്കളയിൽ ഉള്ള സകലവസ്തുക്കളും തിന്നു തീർക്കും. ഒരു ചിതലിന്റ ജന്മം.

എനിക്ക്  ഇരുപത്തിയാറു  വയസ്സായി. എന്റെ പ്രധാന ശത്രു എന്റെ അമ്മയാണ്. അമ്മക്ക് ഞാൻ ഇന്നും തക്കുടു ആണ്. എന്നെ തക്കുടു എന്ന് വിളിക്കരുത് എന്ന് പറഞ്ഞാൽ അമ്മ കേൾക്കത്തില്ല.

അമ്മേ എനിക്ക് മനീഷ് എന്ന നല്ല പേരില്ലേ അല്ലെങ്കിൽ മനു എന്ന് വിളിക്ക്. പോടാ ചെക്കാ കുഞ്ഞിലേ നിന്നേ  എന്റെ തക്കുടുവേ എന്ന് വിളിച്ചില്ലെങ്കിൽ നീ കരയുമായിരുന്നു.. വിളി കേൾക്കത്തില്ലായിരുന്നു എന്നമ്മ. വെറുതെയാ എനിക്കോർമ്മ പോലുമില്ല.

എന്നെ വളർത്താതിരിക്കാൻ പറയുന്നതാ. ഈശ്വര ഞാൻ ആരോട് പറയും. അച്ഛൻ ആണെങ്കിൽ ഒരു ഉത്തരവാദിത്തം ഇല്ലാത്ത ഒരു ജന്മം. അതെങ്ങനെ എന്റെ അച്ഛൻ അല്ലെ? ഇത്രയും പ്രതീക്ഷിച്ചാൽ മതി.

ഒരിക്കൽ ഞാൻ പറഞ്ഞു നോക്കിയതാ
“അച്ഛാ എന്റെ കൂട്ടുകാരന്റെ കല്യാണം ആയിരുന്നു”

“ആഹാ ആണോ? സദ്യ എങ്ങനെ ഉണ്ടായിരുന്നു “?

സദ്യ.. എല്ലാത്തിനും തീറ്റിയുടെ വിചാരമേ ഉള്ളു. കെട്ടുപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നിന്നു പോകുന്നവന്റെ  അന്തരാത്മാവിന്റെ ആളൽ ഇവർക്ക് വല്ലോം മനസിലാകുമൊ? അച്ഛൻ ആണത്രേ അച്ഛൻ. ഇരുപത്തിമ്മൂന്നു വയസ്സിൽ പെണ്ണ് കെട്ടിയ മൊതലാണ്. എന്നിട്ട് മോന്റെ കാര്യം വന്നപ്പോൾ ശ ഷ സ ഹ.

“അതല്ല അച്ഛാ എന്റെ കൂടെ പഠിച്ച അവസാനത്തെ ആളും  കല്യാണം കഴിച്ചു. അത് പറഞ്ഞതാ “

“ആഹാ അത് കൊള്ളാമല്ലോ വല്ല ഒളിച്ചോട്ടം ആണോടാ..?  അതോ വിളിച്ചോണ്ട് വന്നോ? “

എനിക്ക്  ചൊറിഞ്ഞു വന്നു.  പിന്നെ സ്വന്തം അച്ഛന്റെ മുഖത്ത് നോക്കി തന്തക്ക് വിളിക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ.

അപ്പൊ ഞാൻ  പറഞ്ഞു വന്നത് എന്റെ കല്യാണം. ഇപ്പൊ ആ പ്രതീക്ഷ എനിക്കില്ല. ഞാൻ ഇങ്ങനെ കണ്ടവന്റെ കല്യാണചോറുണ്ടിരുന്നു നരച്ചു ചത്തു പോകുകേയുള്ളു.

ഓരോന്ന് ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല…

“തക്കുടുവേ റേഷൻ കടയിൽ പോയിട്ട് വാ മോനെ. എന്നെത്തേ പോലെ റേഷൻ കാർഡ് മറന്നാൽ നല്ല തല്ലു കിട്ടുമേ ” അമ്മയുടെ കയ്യിൽ നിന്നു ഒരക്ഷരം മിണ്ടാതെ സഞ്ചിയും കാർഡും വാങ്ങി ഞാൻ  നടന്നു തുടങ്ങി.

നിങ്ങൾക്ക് അറിയാമോ എന്നെ ഇപ്പോഴും തല്ലും.

റേഷൻ കാർഡ് മറന്നാൽ തല്ലും .

വീട്ടിൽ വരുന്നോർക്കു കൊടുക്കാൻ വെച്ചിരിക്കുന്ന മിക്സർ തിന്നു തീർത്താൽ തല്ലും .  അമ്മ തിരുമ്മുന്ന തേങ്ങ കയ്യിട്ട് വാരിയാൽ തല്ലും .

മഴ പെയ്യുമ്പോൾ തുണി എടുക്കാൻ മറന്നാൽ തല്ലും .

അങ്ങനെ ഇന്നത് എന്നില്ല.

“അമ്മേ ഞാൻ വളർന്നു. ഇനി ഇങ്ങനെ തല്ലല്ലേ “

“അയ്യടാ അവൻ വളർന്നു പോലും.  സത്യം പറയടാ നീ ഇപ്പോഴും കിടന്ന് മുള്ളുകെലെ? “

എന്റെ തൊലി ഉരിക്കും അമ്മ…

കഷ്ടകാലത്തിനു ഒരു ഇംഗ്ലീഷ് ഹൊറർ പടം കണ്ടിട്ട് കിടന്നപ്പോൾ ഉറക്കത്തിൽ പറ്റിപ്പോയി. ഒറ്റ തവണ.  അയിനാണ്..

റേഷൻ കടയിൽ ചെന്നപ്പോൾ പുതിയ ഒരു പെണ്ണ്. ഞാൻ നോക്കാൻ പോയില്ല. എന്തിന് വെറുതെ?

“തക്കുടു അല്ലെ? “

“ങേ? “ഞാൻ ചുറ്റും നോക്കി. ദൈവമേ റേഷൻ കാർഡിൽ അമ്മ എന്റെ പേരിങ്ങനെ ആണോ എഴുതി വെച്ചേക്കുന്നേ? “

“അല്ല.. ജാനകിയമ്മയുടെ മോൻ തക്കുടു അല്ലെ? “

“എന്റെ അമ്മ അത് തന്നെ. പക്ഷെ പേര് അതിൽ ഉണ്ട്. മനീഷ് “

“പക്ഷെ തക്കുടു ആണ് ഭംഗി.. “

ഞാൻ അവളെ  ഇപ്പൊ ഒന്ന് നോക്കി. വിശദമായി തന്നെ നോക്കി. പെണ്ണ് കൊള്ളാം. മിടുക്കിയാണ്. കിട്ടിയിരുന്നെങ്കിൽ നന്നായേനെ.

പക്ഷെ കെട്ടിയതാണോ എന്ന് അറിഞ്ഞൂടാല്ലോ. ഞാൻ എന്റെ കഴിവിന്റെ പരമാവധി എത്തി നോക്കി. വേറെ ഒന്നുമല്ല. താലി ഉണ്ടോന്നാ.. ഒരു കുഞ്ഞ് മാല ഉണ്ട്..  ഇനി പരിഷ്‌കാരം കൊണ്ട് താലി  ഊരി വെച്ചു കാണുമോ?

ആ പോട്ടെ കുന്തം. അല്ലെങ്കിലും വെറുതെ നോക്കണ്ട.. കിട്ടൂല.

“അമ്മയെ അന്വേഷണം പറയണം കേട്ടോ “

ഞാൻ തലയാട്ടി…

തക്കുടു നല്ല പേര് ആണ് എന്ന്. അമ്മ പറഞ്ഞു കൊടുത്തതാ. ഉറപ്പ്.. നാട്ടുകാരും കൂടി അങ്ങനെ വിളിച്ചു തുടങ്ങിയാൽ ഞാൻ രാജ്യം വിടേണ്ടി വരും. എന്റെ ഒരു കൂട്ടുകാരനുണ്ട്.

അവന്റെ അമ്മ അവനെ വാവേ എന്നാ വിളിക്കുന്നെ. അവനിപ്പോ മൂന്ന് വാവകൾ  ഉണ്ട് എന്നാലും അവന്റെ അമ്മ അവനെ വാവേ എന്ന് തന്നെ ആണ് വിളിക്കുക ഈ അമ്മമാരൊക്ക എന്താ ഇങ്ങനെ? വളർന്നു എന്ന് അങ്ങ് അംഗീകരിച്ചു കൂടെ?

അല്ല എന്റെ തെറ്റാണ്. ഇടിയും മിന്നലും ഉണ്ടാകുമ്പോൾ   ഇപ്പോഴും എന്റമ്മോ എന്നും വിളിച്ചു അമ്മേനേം കെട്ടിപ്പിടിച്ചു അച്ഛന്റെയും അമ്മയുടെയും ഇടയ്ക്ക് കിടക്കുന്ന  എനിക്കിതു വേണം.

കാര്യം എന്തൊക്ക ആണെങ്കിലും നമ്മൾ ആണ്മക്കൾക്കു അമ്മ ഒരു വീക്നെസ്സാ അല്ലെ ? അമ്മയുടെ മടിയിൽ തല വെച്ചു കിടന്ന് ടീവി കാണണം..

ആഹാ എന്താ സുഖം. അമ്മ അപ്പൊ തലമുടിയുടെ ഇടയിലൂടെ ഇങ്ങനെ മസ്സാജ് ഒക്കെ ചെയ്ത് ഇടയ്ക്ക് ചെവിയിൽ നോവാതെ ഒന്ന് നുള്ളി..

നമ്മെ കുറിച്ച് മറ്റുള്ളവരോട് പറയുമ്പോഴ രസം.  എന്റെ കുഞ്ഞിന് ഞാൻ ഇല്ലാതെ പറ്റുകേല. അവനെന്നെ കാണാതെ ഇരിക്കുകേല..വല്ലോം കഴിക്കണമെങ്കിൽ ഞാൻ ഉണ്ടാക്കി കൊടുക്കണം.  എന്നെ ജീവനാ..  അപ്പൊ സ്നേഹം കൊണ്ട് ആ കണ്ണ് നിറഞ്ഞിട്ടുണ്ടാകും.പാവം

നടന്നു വീട്ടിൽ എത്തിയപ്പോൾ അമ്മ.. മുറ്റത്തു നിൽപ്പുണ്ട് വിത്ത്‌ ചൂൽ.

“ഡാ പൊന്നു.. ദേ ഇത്രയും ഭാഗമൊന്നു. തൂക്കടാ “

“അയ്യടാ ഞാൻ ഇപ്പൊ വന്നല്ലേയുള്ളു.. “

“എന്റെ തക്കുടു അല്ലെ.. ഞാൻ ഇലയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്റെ പൊന്നുമോനല്ലേ ഇച്ചിരി ഉള്ളു “

ആരായാലും ചൂൽ വാങ്ങിച്ചു തൂത്തു പോകും. അമ്മാതിരി പതപ്പിക്കൽ ആണ്

“ഡാ റേഷൻ കടയിലെ കൊച്ച് കൊള്ളാമോ? “

“ഞാൻ കൊള്ളാം എന്ന് പറഞ്ഞിട്ടെന്താ?  “ഞാൻ തൂത്തു വാരുന്നതിനിടയിൽ ചോദിച്ചു

“നിനക്ക് ഇഷ്ടപ്പെട്ടോ? “

“അമ്മക്കിത് എന്താ? ” അമ്മയുടെ മുഖത്ത് കള്ളച്ചിരി

“എന്നാ അമ്മേ? “

“നീ പെണ്ണ് കാണാൻ പോയതാടാ” അച്ഛന്റെ ശബ്ദം.

അച്ഛൻ ചിരിക്കുന്നു.. ഇതെവിടെ നിന്നു വന്നു.? .. ഒരു അത്യാവശ്യത്തിന് സാധാരണ കാണാത്ത മനുഷ്യനാ.

” ആ പെണ്ണ് ആ  റേഷൻ കട നടത്തുന്ന സജീവിന്റെ ചിറ്റപ്പന്റെ മോളാ. നിന്നേ എവിടെയൊക്കെയോ വെച്ചു കണ്ടു ഇഷ്ടപ്പെട്ടു. ഇപ്പൊ ആ പെണ്ണിന് നിന്നെ മതി എന്ന്. ഇനി നിനക്ക് ഇഷ്ടമായോ എന്ന് അറിയാനാ അങ്ങോട്ട് വിട്ടത്? “

ഈശ്വര.. പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ഹൈദ്രാബാദി ബിരിയാണി കൊണ്ട് തന്ന പോലെയായല്ലോ.. നിന്നേ ചുമ്മാതല്ല ഈശ്വരാ എന്ന് വിളിക്കണേ…എന്നാലും ആക്രാന്തം നമ്മൾ പുറത്തു കാണിക്കരുത്.

“ഇനി എവിടെ എങ്കിലും തൂക്കാൻ ഉണ്ടൊ അമ്മേ? “വിനയകുനിയനായി ഞാൻ

വേണെങ്കിൽ അപ്പുറത്തെ വീടിന്റെ മുറ്റം കൂടി തൂക്കാൻ അപ്പൊ ഞാൻ തയ്യാറായിരുന്നു. . അമ്മ ചിരിച്ചു കൊണ്ട് ചൂല് വാങ്ങി ഒതുക്കി വെച്ചു തിണ്ണയിൽ ഇരുന്നു.

“എന്നാലും ആ പെണ്ണ് ഒരു പൊട്ടിയാ കേട്ടോ തക്കുടു ” ഞാൻ അമ്മയുടെ മുഖത്ത് നോക്കി അടുത്ത് ചേർന്ന് ഇരുന്നു.

“അല്ല നിന്നേ ഇഷ്ടപ്പെടുക എന്ന് ഒക്കെ വെച്ചാൽ മിനിമം ബുദ്ധി ഉള്ള പെൺപിള്ളേർക്ക് തൊന്നുമോടാ?  “അമ്മ പൊട്ടിച്ചിരിക്കുന്നു

അച്ഛനും ഉണ്ട് ഒരു ആക്കിയ ചിരി. ഇങ്ങേര് പണ്ടേ എനിക്കിട്ട് എപ്പോ പണി തരാം എന്ന് നോക്കി നടക്കുന്ന കക്ഷിയാ.

“എന്നാലും ഇവൻ കല്യാണം കഴിക്കാൻ ഒക്കെ വളർന്നല്ലേ?  എനിക്ക് വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാ കുഞ്ഞുങ്ങൾ  വളരുന്നത്? ” അമ്മ അച്ഛനോട്…

“വയസ്സ് ഇരുപത്തി അഞ്ചു കഴിഞ്ഞു.. കുഞ്ഞ് പോലും. ഡാ ഇനി ഇടിയും മിന്നലും വരുമ്പോൾ സ്വന്തം ഭാര്യയെ കെട്ടിപ്പിടിച്ചു കിടന്നോണം. ഞാൻ എന്റെ ഭാര്യയെ ഇനിയെങ്കിലും ഒന്ന് കെട്ടിപിടിച്ചു കിടന്നോട്ടെ.വർഷം പത്തിരുപത്തഞ്ചു കഴിഞ്ഞു ഒരു മഴ കണ്ടിട്ട് ” അച്ഛൻ എഴുനേറ്റു പോയി.

“അയ്യേ കൾച്ചർ ഇല്ലാത്ത മനുഷ്യൻ. ഒരച്ഛനാ ഇത്.? എങ്ങനെ സഹിക്കുന്നമ്മേ? “ഞാൻ അച്ഛനെ നോക്കി അമ്മയോട് ചോദിച്ചു.

“പോടാ “അമ്മയുടെ മുഖത്ത് ഒരു നാണം

“അമ്പടി കൊച്ച് ഗള്ളി ” ഞാൻ ആ കവിളിൽ ഒന്ന് നുള്ളി അമ്മയുടെ മടിയിലേക്ക് ഒന്ന്  നീണ്ടു നിവർന്നു കിടന്നു.

അങ്ങനെ എന്റെയും  കല്യാണം ആയി… ഞാൻ പൊളിക്കും…

Leave a Reply

Your email address will not be published. Required fields are marked *