മറ്റൊരുവന്റെ ഭാര്യയായ് കഴിഞ്ഞവളെ ഞാനെന്തിനോർക്കണം നന്ദനാ, അവളെന്റെ മനസ്സിലെന്നോ മരിച്ചിരിക്കുന്നു അവൻ..

(രചന: രജിത ജയൻ)

“ജിത്തു ഞാനെപ്പോഴെങ്കിലും തന്നോട് എനിക്ക് തന്നെ ഇഷ്ട്ടമാണെന്നോ നമ്മുക്ക് ഒരുമിച്ച് ജീവിക്കാമെന്നോ പറഞ്ഞിട്ടുണ്ടോ ?

കൈകൾ രണ്ടും മാറിന് കുറുകെ വെച്ച് കണ്ണിൽ നോക്കി ,ശബ്ദത്തിൽ യാതൊരു പതറലുമില്ലാതെ കാവ്യ ജിത്തുവിന്റെ മുഖത്ത് നോക്കി ചോദിച്ചതും ജിത്തു വിളറി പോയ് ..

തൊട്ടുമുമ്പു വരെ ഞാൻ നിന്റെയാണെടാ എന്ന് പറഞ്ഞവളാണ് ഇപ്പോൾ യാതൊരു പരിചയവും ഇല്ലാത്ത പോലെ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നത് …

അതും തന്നെക്കാൾ സമ്പത്തുള്ള ഒരുത്തനെ കണ്ടപ്പോൾ അവനെ കെട്ടാൻ വേണ്ടി തന്റെയും അവളുടെയും കുടുംബക്കാർക്കു മുമ്പിൽ വെച്ച്…

തനിക്ക് ചുറ്റുമായ് ഇരിക്കുന്നവരുടെ മുഖത്തേക്കവന്റെ കണ്ണുകൾ വീണു

എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുന്നു … അവനാകെ വിയർത്തു

“എന്താ ജിത്തു നീ കാവ്യ ചോദിച്ചത് കേട്ടില്ലേ ..?

അച്ഛന്റെ ശബ്ദമാണ്

തിരിഞ്ഞു നോക്കിയ അവൻ കണ്ടു ശാന്തമായ മുഖത്തോടെ അവനെ തന്നെ നോക്കിയിരിക്കുന്ന അവന്റെ അച്ഛനെ, ഒപ്പം അച്ഛനെ ചാരിയിരിക്കുന്ന അമ്മയേയും .. ആ മുഖവും ശാന്തമാണ്

“ജിത്തു നിനക്കൊന്നും പറയാനില്ലേ ..?

വീണ്ടും അച്ഛൻ

“അതച്ഛാ… ഞാൻ…

എന്തു മറുപടി പറയണമെന്നറിയാതെ അവനൊന്നു പതറി വീണ്ടും

തന്നെ വേണ്ടെന്ന് പറയാതെ പറഞ്ഞ അവളെ വേണോന്നാണ് അച്ഛൻ ചോദിക്കുന്നത്

“നീ ഒരുപാടൊന്നും ആലോചിക്കണ്ട ജിത്തു, നിന്നോട് കാവ്യ ചോദിച്ചതിനുള്ള മറുപടി മാത്രം പറയൂ ..

“അവൾ പറഞ്ഞിരുന്നോ നിന്നോട് നിന്നെ വിവാഹം കഴിക്കാമെന്ന് …?

ഇത്തവണ അച്ഛന്റെ ശബ്ദത്തിൽ ശാന്തതയ്ക്ക് പകരം അല്പം ദേഷ്യം കലർന്നുവെന്ന് മനസ്സിലായതും അവൻ വീണ്ടും കാവ്യയെ നോക്കി

യാതൊരു കുറ്റബോധവും തീണ്ടാത്ത മുഖഭാവത്തോടെയവൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു

“ഇല്ല അച്ഛാ.. കാവ്യ എന്നോട് വിവാഹത്തെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല എന്തിന് എന്നെ സ്നേഹിക്കുന്നുവെന്നു പോലും പറഞ്ഞിട്ടില്ല .. അവളുടെ സൗഹ്യദത്തെ ഞാൻ തെറ്റിദ്ധരിച്ചതാണ്

അച്ഛന്റെ മുഖത്തു നോക്കാതെ അങ്ങനെ പറയുമ്പോൾ ചുട്ടു നീറുന്ന തന്റെ നെഞ്ചകം ആകെ പുകയുന്നതായ് തോന്നി അവന്

“അപ്പോ ശരിട്ടോ ഞങ്ങൾ ഇറങ്ങുകയാണ് ,നിങ്ങളുടെ മകളുമായ് പ്രണയത്തിലാണെന്ന് ഇവൻ പറഞ്ഞതനുസരിച്ചാണ് ഞങ്ങളിവനു വേണ്ടി പെണ്ണ് ചോദിച്ചിവിടെ വന്നത് ..

“എല്ലാം ഇവന്റെ മാത്രം തോന്നലായിരുന്നെന്ന് മനസ്സിലായത് കാവ്യ പറഞ്ഞപ്പോഴാണ്..

“ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം …

ഒരു ചെറുചിരിയോടെ കാവ്യയുടെ മാതാപിതാക്കളോട് ക്ഷമ പറഞ്ഞ് അച്ഛനും അമ്മയും തങ്ങളുടെ കാറിലേക്ക് ജിതിനെയും കൂട്ടി കയറുമ്പോൾ ജിതിനൊന്നു കൂടി തിരിഞ്ഞു നോക്കി കാവ്യയെ ..

അവൾ യാതൊരു കൂസലുമില്ലാതെ അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരു ജിത്തുവിന്റെ ..

നാലു വർഷം പ്രാണനെ പോലെ കരുതി നെഞ്ചിൽ കൊണ്ടു നടന്നവളാണ്..

“നീയില്ലാതെ നിന്റെ ശ്വാസമേൽക്കാതെ ജീവിക്കാൻ കഴിയില്ലെന്നു പറഞ്ഞ് തന്റെ നെഞ്ചിൽ ചാരി നിന്നവളാണ് ഇന്നു യാതൊരു ബന്ധവുമില്ലാത്ത പോലെ തന്നോട് സംസാരിച്ചത്

ഓർക്കും തോറും അവന്റെ മനസ്സ് നീറി ,കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി

മോനെ.. ജിത്തൂട്ടാ …

തോളിലമർന്ന അച്ഛന്റെ കൈകൾ വിറക്കുന്നതു പോലെ ജിത്തുവിന് ..

” അച്ഛാ…

അവനൊരു പൊട്ടിക്കരച്ചിലോടെ അച്ഛനെ കെട്ടിപ്പുണർന്നപ്പോൾ അദ്ദേഹം തിരിച്ചറിയുകയായിരുന്നു തന്റെ മകനെത്രത്തോളം അവളെ സ്നേഹിച്ചിരുന്നെന്ന് …

ഒരു മാത്ര കാവ്യയോട് അദ്ദേഹത്തിന് നല്ല ദേഷ്യം തോന്നി അവന്റെ സ്നേഹത്തെ വളരെ നിസ്സാരമായ് കരുതി തന്റെ മകനെ ഒഴിവാക്കിയതിന് ..

ഒപ്പം തന്നെ അവളെ പോലൊരു നെറികെട്ട പെണ്ണ് തന്റെ മകന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയതിൽ സന്തോഷിക്കുകയും ചെയ്തു

“ഇനിയെന്റെ ജീവിതത്തിലൊരു പെണ്ണില്ലെന്ന് തീരുമാനിച്ചതാണ് ഞാൻ

“പക്ഷെ എന്റെ അമ്മയുടെ മുഖത്തെ സങ്കടം കണ്ടില്ലെന്ന് നടിക്കാനിനിയും വയ്യ..

” അതുകൊണ്ടാണ് ഞാൻ തന്നെ പെണ്ണ് കാണാൻ വന്നതും എല്ലാം തുറന്നു പറഞ്ഞതും ഇനി തനിക്ക് തീരുമാനിക്കാം എന്തു വേണമെങ്കിലും…

തന്റെ മുമ്പിൽ നിൽക്കുന്ന നന്ദനയോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് ജിത്തു അവളുടെ മുഖത്തേക്ക് നോക്കി മാറി നിന്നു ..

തന്നെക്കാൾ നല്ലൊരുവനെ കിട്ടിയപ്പോൾ നിസ്സാരമായ് തന്നെ വലിച്ചെറിഞ്ഞു പോയവൾക്ക് മുമ്പിൽ തോൽക്കാതെ ജിത്തു തന്റെ ജീവിതം തിരിച്ചു പിടിച്ചെങ്കിലും മറ്റൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടാനവൻ മടിച്ചിരുന്നു

ഒടുവിലവന്റെ അമ്മയുടെ കണ്ണുനീരിനു മുന്നിൽ കീഴടങ്ങിയാണീ പെണ്ണുകാണൽ

“എനിക്ക് ഈ വിവാഹം നടത്തുന്നതിന് യാതൊരു തടസ്സവുമില്ല ജിത്തേട്ടാ ..

‘ജിത്തേട്ടനെന്നെ ഇഷ്ട്ടമാണെങ്കിൽ..

” കാവ്യയെ പൂർണ്ണമായും മറന്നു കഴിഞ്ഞെങ്കിൽ .

നന്ദന പറഞ്ഞതും ജിത്തു അവളെ അമ്പരപ്പോടെ നോക്കി

“മറ്റൊരുവന്റെ ഭാര്യയായ് കഴിഞ്ഞവളെ ഞാനെന്തിനോർക്കണം നന്ദനാ ..?
അവളെന്റെ മനസ്സിലെന്നോ മരിച്ചിരിക്കുന്നു … അവൻ പറഞ്ഞു

അതു കേട്ടതും നിറഞ്ഞ സന്തോഷം മാത്രമായിരുന്നു അവളുടെ മുഖത്ത് തെളിഞ്ഞു നിന്നതപ്പോൾ ..

ജീവിതം എത്ര പെട്ടന്നാണ് മാറിമറിയുന്നത്

ഒരു പെണ്ണ് ചവിട്ടി കശക്കിയെറിഞ്ഞ തന്റെ ജീവിതത്തെ എത്ര പെട്ടന്നാണ് മറ്റൊരു പെണ്ണ് വന്ന് സാധാരണ നിലയിലാക്കിയത് ..

ജിത്തു അത്ഭുതത്തോടെ ഓർത്തു ..

നന്ദന ഇപ്പോൾ അവന്റെ ജീവന്റെ ഭാഗമാണ് ..

ഓരോ പുലരിയിലും അവൻ കണി കണ്ടുണരുന്ന അവന്റെ നേർ പാതി..

അവൾ വന്നതോടുകൂടി ഉറങ്ങി പോയ തന്റെ വീട് വീണ്ടും ഉണരുന്നതും അവിടെ കളിതമാശകൾ നിറയുന്നതും അവൻ അത്ഭുതത്തോടെ നോക്കി നിൽക്കും

എന്തിനും ഏതിനും അമ്മയെ വിളിച്ചുകൊണ്ടിരുന്ന അച്ഛൻ പോലും ഇപ്പോൾ ഒരാവശ്യം വന്നാൽ ആദ്യം വിളിക്കുക നന്ദനയെ ആണ് ..

ചിലപ്പോഴൊക്കെ നന്ദനയോട് വഴക്കിട്ട് തെറ്റി മാറി നിൽക്കുന്ന ജിത്തുവിനെ ഒരു ഇന്ദ്രജാലക്കാരിയെ പോലെ നന്ദന കീഴടക്കും

അവളുടെ സ്നേഹത്തിലലിഞ്ഞ് മനസ്സും ശരീരവും ഒന്നായ് അവരുടെ പരിഭവങ്ങൾ ഒരു നേർത്ത കാറ്റുപോലെ അലിഞ്ഞില്ലാതാവുമായിരുന്നു എപ്പോഴും ..

“നന്ദൂ നീയൊന്ന് വേഗം റെഡിയായ് വാ.. നമ്മുക്കൊരിടം വരെ പോകാം ..

ഒരു കുഞ്ഞു പിണക്കത്തിനു ശേഷമുള്ള ഇണക്കത്തിൽ അവന്റെ നെഞ്ചോരം ചാരിയിരുന്ന നന്ദനയോട് ജിത്തു പറഞ്ഞു

എങ്ങോട്ടാ ജിത്തേട്ടാ..?

അവൾ ചോദിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല

ജിതിന്റെ ബൈക്കിൽ അവനു പുറകിൽ അവനെയും പറ്റിച്ചേർന്നിരിക്കുമ്പോൾ ഈ യാത്ര എങ്ങോട്ടാണെന്ന് ഓർക്കുകയായിരുന്നു നന്ദന

പെട്ടന്നാണ് ഒരു വീടിനു മുമ്പിൽ ചെന്ന് ബൈക്ക് നിന്നത്..

അമ്പരന്ന് ചുറ്റും നോക്കി നന്ദന ബൈക്കിൽ നിന്നിറങ്ങി ..

“വാ… നന്ദനയോട് പറഞ്ഞിട്ടവൻ അവളെയും കൂട്ടി ആ വീട്ടിലേക്ക് കയറി

ജിത്തുവിനെ കണ്ടതും പൂമുഖത്തിരുന്ന മധ്യവയസ്സ് പ്രായമുള്ള മനുഷ്യന്റെ മുഖത്ത് സങ്കടം നിറയുന്നത് നന്ദന കണ്ടു..

കാവ്യ..?

ജിത്തു അയാളോട് ചോദിക്കുന്നത് കേട്ട് ഞെട്ടി നന്ദന

ഇതു കാവ്യയുടെ വീടാണോ..?

അവൾ ചിന്തിക്കുന്നതിനിടയിൽ ദുഃഖം കരിനിഴൽ വീഴ്ത്തിയ മുഖത്തോടെ മെലിഞ്ഞൊരു പെൺകുട്ടി അവരുടെ മുന്നിലേക്ക് അകത്തു നിന്നിറങ്ങി വന്നു

ജിത്തു…

ജിത്തുവിനെ കണ്ടവൾ വിളറി വെളുക്കുന്നത് നന്ദന കണ്ടു.. അവൾ ജിത്തുവിനെ തന്നെ നോക്കി കൊണ്ടിരിക്കേ ജിത്തുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു

“എന്തുണ്ട് കാവ്യ സുഖമാണോ ..? ജിത്തു ചോദിച്ചു

‘ഇതാണോ കാവ്യ..? നന്ദന പകച്ചെന്ന പോലെ കാവ്യയെ നോക്കി

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നന്ദന കണ്ടു.. അവളൊന്നും മിണ്ടാതെ നിന്നു

“കാവ്യ ഇതെന്റെ ഭാര്യ നന്ദന, വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായ് പക്ഷെ ഇങ്ങോട്ടൊന്നിറങ്ങാൻ പറ്റിയില്ല ഇതുവരെ

‘ഞാൻ തന്നോടൊരു നന്ദി പറയാൻവന്നതാണ് ,എന്നെ വേണ്ടാന്ന് വെച്ച് നീ പോയതുകൊണ്ടാണ് എനിക്കിവളെ കിട്ടിയത് ..

എന്റെ വീടും ജീവിതവും സന്തോഷം നിറഞ്ഞു ഇവൾ വന്നപ്പോൾ .. അതിന്റെ കാരണക്കാരിനീയല്ലേ..?

‘അതു കൊണ്ട് നിന്നെ കണ്ട് നന്ദി പറയാൻ വന്നതാ ഞാനും എന്റെ നന്ദുവും ..

കാവ്യയോട് പറയുന്നതിനിടയിൽ ജിത്തു തന്റെ വലം കയ്യാൽ നന്ദനയെ ചേർത്തു പിടിച്ചിരുന്നു അവന്റെ നെഞ്ചോരം ..

അതു കാൺകെ കാവ്യയുടെ മുഖം കുനിഞ്ഞു ..

“ആ ചോദിക്കാൻ മറന്നു എവിടെ നിന്റെ ഭർത്താവ് ഇവിടെ ഉണ്ടോ..?

ജിത്തു ചോദിച്ചതും കാവ്യ നിറമിഴികളോടെ അവനെ ഒന്നു നോക്കി …

ഓ… സോറി കാവ്യ.. അതും ഞാൻ മറന്നു, നീ ഇപ്പോൾ ബന്ധം പിരിഞ്ഞു നിൽക്കുകയാണല്ലോ ല്ലേ.. മറന്നു ഞാൻ എന്റെയൊരു മറവി ..

ജിത്തു പറഞ്ഞു കൊണ്ട് കാവ്യയെ നോക്കി

അവളുടെ കണ്ണുനീർ നിലത്ത് വീണു ചിതറുന്നുണ്ടായിരുന്നു

“അപ്പോൾ ശരി ഞങ്ങൾ പോട്ടെ ഒന്നു കാണണം എന്നു തോന്നി ,കണ്ടു ..ശരി അപ്പോൾ..

പരിഹാസത്തിലെന്ന പോലെ കാവ്യയോട് പറഞ്ഞിട്ട് ജിത്തു നന്ദനയെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു തിരിഞ്ഞു നടന്നു ..

ഒരിക്കൽ നെഞ്ചുനീറി പിടഞ്ഞിടത്ത് നിന്ന് നെഞ്ചു നിറയെ സ്നേഹമുള്ള അവന്റെ പെണ്ണിനൊപ്പം ….