എന്നിട്ടിപ്പോൾ അവനൊരു പെണ്ണ് കിട്ടണമെങ്കിലും വേണം ല്ലേ എന്റെ വിയർപ്പു പറ്റിയ, ഞാനുണ്ടാക്കിയ ഈ വീട്, കൊള്ളാം…

(രചന: രജിത ജയൻ)

“ടാ… ബാലു… അപ്പോ നീ പോവാൻ തന്നെ തീരുമാനിച്ചോ ..?

ഷെഫീക് തോളിൽ തട്ടി ബാലുവിനോടു ചോദിച്ചതും തന്റെ സാധനങ്ങൾ പായ്ക്ക് ചെയ്യുകയായിരുന്ന ബാലു അതു നിർത്തി ഷെഫീക്കിനെ നോക്കി ..

ഈ മരുഭൂമിയിലെ തന്റെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ആത്മമിത്രം..

ഒരു മുറിയിൽ ഉണ്ടുറങ്ങി പരസ്പരം സ്വപ്നങ്ങൾ പങ്ക് വെച്ചവൻ ..

അവന്റെ മുഖത്തെ വാട്ടം ശ്രദ്ധിച്ചു ബാലു ..
താൻ പോവുന്നതിന്റെയാണ് ..

“ഒക്കെ തീരുമാനിച്ചെടാ ഷെഫീ ..ഇനിയതിലൊരു മാറ്റം ഇല്ല..

“ശരിക്കും പറഞ്ഞാൽ മടുത്തെടാ.. ഇരുപതാമത്തെ വയസ്സിൽ വന്നതാ ഈ ഗൾഫിൽ ഇപ്പോ വയസ്സ് മുപ്പത്തി അഞ്ചായ്..

“കെട്ടിയ പെണ്ണിനൊപ്പം മതിയാവുവോളം ഒന്നുറങ്ങാൻ പോലും പറ്റിയിട്ടില്ലിതുവരെ,എന്തിന് അവൾക്കൊരു കുഞ്ഞിനെ കൊടുക്കാൻ പോലും പറ്റീട്ടില്ല …
എല്ലാമൊന്ന് ശരിയാക്കണം ടാ…

ബാലു പറഞ്ഞു

“നീ പറഞ്ഞതൊക്കെ എനിക്കറിയാവുന്നതാടാ .. എന്നാലും ഒന്നൂടിയൊന്ന് ആലോചിച്ചിട്ട് പോരേടാ ഇവിടം മതിയാക്കി പോവുന്നത് ..?

ഷെഫീക് വീണ്ടും ബാലുവിനോട് ചോദിച്ചു ..

“ഇനിയൊന്നും ആലോചിക്കാനില്ലെടാ ..

” ആദ്യമായി ഇങ്ങോട്ടു വരുമ്പോ കയറി കിടക്കാനൊരു വീടു പോലും ഉണ്ടായിരുന്നില്ല സ്വന്തമായിട്ട് ..

ഉണ്ടായിരുന്നത് അച്ഛൻ വരുത്തിവെച്ച കുറച്ചു കടങ്ങളും പറക്കമുറ്റാത്ത ഒരനിയനും കല്യാണപ്രായമെത്തിയ ഒരു ചേച്ചിയും മുന്നോട്ടെങ്ങനെ ജീവിക്കുമെന്നറിയാതെ പകച്ചു നിന്നൊരമ്മയും മാത്രമാണ് ..

“ഇപ്പോൾ അതിൽ നിന്നെല്ലാം കരകയറീലേ ഞാൻ..?

“ചേച്ചിയെ വിവാഹം കഴിപ്പിച്ചയച്ചു
അനിയനെ പഠിപ്പിച്ചു പണം നൽകിയിട്ടാണെങ്കിലും അവനു നല്ലൊരു ജോലി മേടിച്ചു കൊടുത്തു.

“സ്വന്തമായ് ഇത്തിരി ഭൂമിയും അതിലൊരു വീടും വെച്ചു..ഇത്രയൊക്കെ മതിടാ..

“അത്യാവശ്യം എല്ലാവരോടുമുള്ള എല്ലാ കടമയും ചെയ്തു, ഇനിയുള്ളത് എന്റെ ലക്ഷ്മിയോടുള്ള കടമകളാണ്…

“ഒന്നുമില്ലാത്തവനാണെന്നറിഞ്ഞിട്ടും ഒരു പരാതിയും പറയാതെ എന്റെ ജീവിതത്തിലേക്ക് കയറി വന്നവൾ …

“അവളോടുള്ള കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റികൊടുക്കണമെങ്കിൽ ഞാനിവിടെ നിന്നിട്ട് കാര്യമില്ല മോനെ..

” അതിനവിടെ നിൽക്കണം ഞാൻ …
എന്റെ ലക്ഷ്മിയുടെ അടുത്ത് ഏത്.. ഏ… മനസ്സിലായോടാ മണ്ടാ…

നിറഞ്ഞ സന്തോഷത്തോടെ ബാലു പറഞ്ഞപ്പോൾ ഷെഫീക്കിനുള്ളിലൊരു പുഞ്ചിരി വിരിഞ്ഞു ..

“ഓ… എനിക്ക് മനസ്സിലായ് നീ പോയ് നിന്റെ കടമയും ഉത്തരവാദിത്തങ്ങളും ഒക്കെ നിറവേറ്റ്..

” ഒടുക്കം ആ പാവം പെണ്ണ് എനിക്കിനി പ്രസവിക്കാൻ വയ്യാന്ന് പറഞ്ഞ് നിലവിളിക്കരുത് ട്ടോ നിന്റെ കടമ കൂടീട്ട് …

“പോട തെണ്ടീ ..

ഒരു ചിരിയോടെ ഷെഫീക്ക് പറഞ്ഞതും ബാലു അവനു നേരെ കയ്യോങ്ങി

“ആ..ചോദിക്കാൻ മറന്നു ബാലൂ ,നീ നാട്ടിലെത്തിയാലുടനെ തന്നെ നിന്റനിയൻ അപ്പൂന്റെ കല്യാണം ഉണ്ടാവും ല്ലേ ..?

“ഉണ്ടാവും ഷെഫീ .. അവനെന്തായാലും ബാക്കി കാര്യങ്ങളിലെല്ലാം എന്നെ ബുദ്ധിമുട്ടിച്ചെങ്കിലും സ്വന്തം പെണ്ണിനെ കണ്ടെത്തുന്ന കാര്യത്തിൽ മാത്രം ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല ..

ഒരു ചിരിയോടെ ബാലു മറുപടി പറഞ്ഞ് തന്റെ പായ്ക്കിംങ്ങ് തുടർന്നു ..

” അപ്പു കല്യാണം കഴിക്കുന്നതും ഞാൻ തിരിച്ച് ഗൾഫിൽ പോവുന്നതും തമ്മിലെന്ത് ബന്ധമാണ് അമ്മേ ..?

അനിയന്റെ വിവാഹകാര്യം സംസാരിക്കുന്നതിനിടയിൽ പെട്ടന്നമ്മ തന്നോട് വീണ്ടും ഗൾഫിലേക്ക് മടങ്ങി പോവാൻ പറഞ്ഞതെന്തിനാണെന്നറിയാതെ ബാലു അമ്മയേയും അനിയനെയും മാറി മാറി നോക്കി ..

ഒടുവിലവന്റെ നോട്ടം വാതിലിനരികെ നിൽക്കുന്ന ലക്ഷ്മിയിൽ ചെന്ന് നിന്നു ,

അവളുടെ മുഖത്തെ ഭാവമെന്തെന്ന് തിരിച്ചറിയാൻ സാധിക്കാതെയവന്റെ നോട്ടം വീണ്ടും അമ്മയിലേക്കായ് ..

“അമ്മയെന്താ ഒന്നും പറയാത്തത് ..?

“ഇനിയൊരു തിരിച്ചു പോക്ക് ഗൾഫിലേക്കില്ലാന്ന് കരുതി തന്നെയാണ് ഞാനീ തവണ എല്ലാം അവസാനിപ്പിച്ചിട്ട് ഇങ്ങോട്ടു വന്നത്..
ഞാൻ പറഞ്ഞതല്ലേ അത് ..?

” അതെങ്ങനെ ശരിയാവും ബാലു, നിനക്കിനിയും ആവശ്യങ്ങളില്ലേ മുന്നോട്ട്.. അതിനെല്ലാം പണം വേണ്ടേ..?

അമ്മ ചോദിച്ചു

“അതിനൊരു പ്ലാൻ മനസ്സിൽ തയ്യാറാക്കിയിട്ടു തന്നെയാണമ്മേ ഞാൻ ഗൾഫ് വിട്ടത് ..

“എന്തു പ്ലാൻ .. എന്തു പ്ലാനായാലും ഇവിടെയൊരു പണിയെടുത്ത് നിനക്ക് നിന്റെ കുടുംബത്തെ പോറ്റാൻ പറ്റില്ല, നല്ല ജോലി കിട്ടാനുള്ള പഠിപ്പൊന്നും നിനക്കില്ലല്ലോ ബാലൂ അപ്പൂനെ പോലെ …

ചെറിയൊരു കുറ്റപ്പെടുത്തലോടുകൂടി അമ്മ പറഞ്ഞപ്പോൾ അറിയാതെ ബാലുവിന്റെ കണ്ണൊന്ന് നിറഞ്ഞു

തന്റെ പ0നം പാതിയിൽ നിർത്തിയാണ് താൻ കുടുംബം നോക്കാൻ ഇറങ്ങി പുറപ്പെട്ടതെന്ന് അമ്മ മറന്നു പോയോ ..?

തന്റെ അദ്ധ്വാനമാണ് അനിയന് പഠിപ്പുണ്ടാവാനുള്ള വഴിയൊരുക്കിയതെന്ന് അമ്മ മറന്നോ..?

അവൻ വേദനയോടെ അമ്മയെ നോക്കിയെങ്കിലും അവര തൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല

“ബാലു നീ എടുത്ത് ചാടിയൊരു തീരുമാനം എടുക്കുന്നതിനു മുമ്പ് കുറെ ആലോചിക്കണം, കാരണം
നിനക്കിനിയൊരു വീടും കൂടി വേണ്ടേ ..നിന്റെതായിട്ട് ..?
അതിനിവിടെ നിന്നിട്ട് വല്ല കാര്യവുമുണ്ടോ ..?

അമ്മ പെട്ടെന്ന് ചോദിച്ചതും ബാലു ഞെട്ടിയെന്നവണ്ണം അമ്മയെ നോക്കി .

അമ്മ അവനെ നോക്കാതെ തല കുമ്പിട്ടിരിരുന്നപ്പോൾ..

“വേ… വേറെ, വേറെ വീടോ..? അമ്മ എന്താണീ പറയുന്നത് ..?

“ഇതല്ലേ എന്റെ വീട് ..? ഇനി പിന്നെന്തിനാ എനിക്ക് വേറൊരു വീട് …?

” അതു നടക്കില്ല ഏട്ടാ.. ഈ വീട് ഏട്ടനു തരാൻ പറ്റില്ല ..

അതുവരെ മിണ്ടാതിരുന്ന അപ്പു ശബ്ദമുയർത്തി പറഞ്ഞതും ബാലു അനിയനെ നോക്കി ..

“നീയെന്താ അപ്പു ഈ പറയുന്നത് ..?
എനിക്കൊന്നും മനസ്സിലാവുന്നില്ല ..?

“കൂടുതൽ മനസ്സിലാക്കാനൊന്നും ഇല്ല ഏട്ടാ.. ഈ വീട് ഏട്ടന്റെ പേരിൽ എഴുതി തരാൻ പറ്റില്ല ഇതെനിക്ക് വേണം അത്ര തന്നെ ..

തനിക്ക് ഇതുവരെ പരിചയമുള്ള തന്റെ അനിയൻ അപ്പുവിൽ നിന്ന് മാറി വേറൊരു ശബ്ദവും മുഖവുമായ് നിൽക്കുന്ന തന്റെ അനിയനെ ബാലു പകച്ചു നോക്കി ..

“അതെങ്ങനെ ശരിയാവും ടാ .. അങ്ങനെ അല്ലല്ലോ നമ്മൾ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് …?
അതു കൊണ്ടല്ലേടാ ഞാൻ …….

“ഏട്ടൻ കൂടുതൽ ഒന്നും പറയണ്ട, ഇനിയിതിലൊരു സംസാരം ഇല്ല ഈ വീടെനിക്ക് വേണം..

“അമ്മേ ഇവനെന്താണ് ഈ പറയുന്നത് …? അമ്മയ്ക്കൊന്നും പറയാനില്ലെ..?

വേദനയോടെ ബാലു അമ്മയോട് ചോദിച്ചതും അവന്റെ സങ്കടം കാണാൻ വയ്യാതെ ലക്ഷ്മി മുറിക്കുള്ളിലേക്ക് കയറി പോയി..

“ബാലു… അവൻ കെട്ടാൻ പോവുന്ന കുട്ടിയുടെ വീട്ടുകാർക്ക് നിർബന്ധമുണ്ട് ചെക്കന്റെ പേരിൽ വീടും സ്ഥലവും വേണമെന്ന് അതുകൊണ്ട് ഞാനിത് ഇവന്റെ പേരിലെഴുതാനാ തീരുമാനിച്ചിരിക്കുന്നത് …

നിനക്കൊന്നു കൂടി ഗൾഫിൽ പോയി വന്നാൽ ഇതിനെക്കാൾ നല്ലൊരു വീട് ഉണ്ടാക്കാലോടാ…

വളരെ നിസ്സാരമായിട്ടെന്ന പോലെ അമ്മ പറയുന്നതു കേട്ടപ്പോൾ ബാലുവിന്റെ നെഞ്ച് പൊടിഞ്ഞു പോയി ..

താനിത്രയും കാലം ചോര നീരാക്കി പണിയെടുത്താണ് ഇവിടുത്തെ ഓരോ കാര്യവും നടത്തിയത്.. എന്നിട്ടുമവസാനം തനിക്ക് കിട്ടിയത് വേദനകളാണല്ലോ ..?

“അല്ലമ്മേ പഠനം കഴിഞ്ഞിറങ്ങിയ അപ്പുവിന് ലക്ഷങ്ങൾ മുടക്കിയൊരു ജോലി ഞാൻ വാങ്ങി കൊടുത്തപ്പോൾ അമ്മ പറയുന്നത് കേട്ടല്ലോ ഇനി അവന്റെ കാര്യങ്ങൾ അവൻ നോക്കി നടത്തണമെന്ന് …?

“എന്നിട്ടിപ്പോൾ അവനൊരു പെണ്ണ് കിട്ടണമെങ്കിലും വേണം ല്ലേ എന്റെ വിയർപ്പു പറ്റിയ ,ഞാനുണ്ടാക്കിയ ഈ വീട്.. കൊള്ളാം… പക്ഷെ ഒരു കാര്യം ഞാനിപ്പഴേ പറഞ്ഞേക്കാം ഈ വീട് ഞാനാർക്കും തരാൻ കരുതിയിട്ടില്ല ,പ്രത്യേകിച്ച് നന്ദിയില്ലാത്ത നിനക്ക്

ദേഷ്യത്തിൽ ബാലു പറഞ്ഞു

“അതിനെനിക്ക് നിന്റെ സമ്മതം വേണ്ട ടാ, ഇതെന്റെ പേരിലുള്ള പറമ്പും വീടുമാ… അതാർക്ക് കൊടുക്കണമെന്ന് ഞാനാ തീരുമാനിക്കുന്നത്..

“നിനക്കും നിന്റെ ഭാര്യയ്ക്കും വേണമെങ്കിൽ നീ വേറെ ഉണ്ടാക്കിക്കോ .. അല്ലെങ്കിൽ തന്നെ മക്കളില്ലാത്ത നിനക്കെതി നാടാ വീടും കുടിയും.. ഏ ..

വാശിയോടെ പറഞ്ഞു കൊണ്ടമ്മ അപ്പുവിനടുത്തേക്ക് ചേർന്നു നിന്നു ..

അപ്പു ഒരു വിജയിയെ പോലെ ഏട്ടനെ നോക്കുമ്പോൾ അമ്മയുടെ പുതിയ മുഖം കണ്ടമ്പരന്നു നിൽക്കുകയായിരുന്നു ബാലു

ഒരമ്മയ്ക്കിങ്ങനെ മാറാൻ പറ്റുമോ..? നൊന്തു പ്രസവിച്ച മക്കളെ രണ്ടു തട്ടിലിട്ട് തൂക്കാൻ പറ്റുമോ ..?

അവനോർത്തൂ ,അതോടൊപ്പം തന്നെ അവന്റെ ഉള്ളിലൊരു വാശി ഉടലെടുത്തു ..

”ആയ്ക്കോട്ടെ അമ്മയുടെ പേരിലുള്ള പറമ്പും വീടും അമ്മ ആർക്കാണെന്ന് വെച്ചാൽ കൊടുത്തോളൂ എനിക്ക് പ്രശ്നമില്ല …

ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടവൻ അവരെ നോക്കി അകത്തേയ്ക്ക് നടന്നു ..

അവന്റെ ചിരിയുടെ പൊരുളറിയാതെ മറ്റുള്ളവർ അമ്പരന്നു നിന്നപ്പോൾ ബാലു മുറിയിൽ സങ്കടത്തോടെ ഇരിക്കുന്ന ലക്ഷ്മിയെ തന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയായിരുന്നു ..

രണ്ട് ദിവസങ്ങൾക്കു ശേഷമൊരു ദിവസം …

“ബാലു… ടാ.. നീയിത്ര നന്ദികെട്ടവനാണെന്ന് ഞാനറിഞ്ഞില്ലെടാ ….

നീയെന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടാ..

“എന്നാലും എങ്ങനെ ചെയ്യാൻ തോന്നിയെടാ ഞങ്ങളോട് ഈ ചതി..?

ഉമ്മറത്ത് നിന്നമ്മ ഉച്ചത്തിൽ കരഞ്ഞുപറയുമ്പോൾ ലക്ഷ്മിയേയും ചേർത്ത് പിടിച്ച് അങ്ങോട്ടു ചെന്നു ബാലു

അവിടെ അമ്മയ്ക്ക് പുറകിൽ തല താഴ്ത്തി നിൽക്കുന്ന അപ്പുവിനെ കണ്ടതും അവന്റെ ചുണ്ടിലൊരു പരിഹാസ ചിരി വിരിഞ്ഞു

“എന്താ അമ്മേ..? എന്തു പറ്റി..?

അവൻ ചോദിച്ചു..

“എടാ… നീയല്ലേ ഈ സ്ഥലം മേടിക്കുമ്പോൾ എന്റെ പേരിലാണ് വാങ്ങിയതെന്ന് പറഞ്ഞത് …?

“എന്നിട്ടത് നിന്റെ പേരിലാണല്ലോ ..? നീ ചതിക്കുവായിരുന്നല്ലേ …?

“എന്തു ചതി അമ്മേ.. ?എന്റെ വിയർപ്പൊഴുക്കി ഞാൻ വാങ്ങുന്നത് എന്റെ പേരിലല്ലേ ഉണ്ടാവേണ്ടത് ..?

“പക്ഷെ നീയന്ന് പറഞ്ഞത് എന്റെ പേരിലാണെന്നല്ലേ..?

“അതു ചുമ്മാ.. അമ്മയെ സന്തോഷിപ്പിക്കാൻ … ഇപ്പോ പഴയ കാലമൊന്നും അല്ല അമ്മേ ..

“നന്മ ചെയ്താലും തിന്മ തിരിച്ചു കിട്ടുന്ന കാലമാ … അതു ശരിക്കും മനസ്സിലാക്കി കൊണ്ടു തന്നെയാണ് ഞങ്ങളോരോ പ്രവാസിയും ജീവിക്കുന്നത്

”എന്തായാലും അന്നങ്ങനെ ഒരു ബുദ്ധി തോന്നിയതുകൊണ്ട് ഇന്നു ഞാൻ നിങ്ങളുടെ മുമ്പിൽ വെറും മണ്ടനായ് മാറീല..

“കാര്യങ്ങളെല്ലാം ശരിക്കും നിങ്ങൾക്ക് മനസ്സിലായ സ്ഥിതിക്ക് ഞാനൊന്ന് പറയാം ഇതു ഞാൻ എനിക്കും എന്റെ ഭാര്യയ്ക്കും താമസിക്കാൻ പണിത വീടാണ് ,ഇവിടെ ഞങ്ങളെ കൂടാതെ മറ്റൊരാൾ താമസിക്കുന്നത് എനിക്കിഷ്ട്ടമില്ല … ഞാൻ പറഞ്ഞത് ….

“ഞങ്ങളോട് ഇവിടുന്ന് മാറണം എന്നാണോ ബാലു നീ പറയുന്നത്..?

ഞെട്ടലോടെ അമ്മ ചോദിച്ചതും അപ്പു പകച്ചവനെ നോക്കി

“തീർച്ചയായും അതേ അമ്മേ… നിങ്ങൾ ഇനി ഞങ്ങൾക്കൊപ്പം വേണ്ട കാരണം നിങ്ങൾ സ്നേഹിച്ചത് നിങ്ങളുടെ ചെറിയമകനേയും എന്റെ പണത്തേയുമാണ്..

“നിങ്ങൾക്കു വേണ്ടി ചിലവാക്കാൻ ഇനിയെന്റെ കയ്യിൽ പണമില്ല, അതു കൊണ്ട് നിങ്ങൾ സ്നേഹിച്ച മകനുമായ് നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോവാം..

“അവന്റെ അമ്മയെ സംരക്ഷിക്കാനുള്ള പഠിത്തവും ജോലിയുംമൊക്കെ അവനുണ്ട് അല്ലേടാ..

പരിഹാസത്തിലവരെ നോക്കി പറഞ്ഞിട്ട് ബാലു ലക്ഷ്മിയേയും കൂട്ടി വീടിനകത്തേയ്ക്ക് നടന്നു … ഇനിയെന്ത് എന്നറിയാതെ മറ്റുള്ളവർ മുറ്റത്തും …

ജീവിതത്തിൽ പലപ്പോഴും മുൻ കരുതലുകൾ ആവശ്യമാണ്.. സ്വയം വിഡ്ഢിയായ് മാറാതിരിക്കാനെങ്കിലും …