(രചന: Rajitha Jayan)
മോനെ നീ അറിഞ്ഞോടാ… നമ്മുടെ വാവത്തിലെ സുരേഷിന്റെ മോളില്ലേ… രേവതി ,,അവളെ ഇന്നലെ മുതൽ കാണാനില്ലെടാ… എവിടെപോയൊന്നോ എന്താ പറ്റിയതെന്നോ ആർക്കും അറീല…
പത്തു പതിനേഴ് വയസ്സുള്ള പെൺകുട്ടിയല്ലേ ഇനിആരുടെയെങ്കിലും കൂടെ പോയതാണോ എന്നൊന്നുംആർക്കും അറിയില്ല. ..
ഇതിപ്പോൾ നമ്മുടെ ഇവിടെന്ന് തന്നെ കാണാതാവണ മൂന്നാമത്തെ കുട്ടിയാണ്. ..
ഈ കുട്ടികൾക്കെല്ലാം ഇതെന്താണാവോ പറ്റണത്.?
ഇവരെല്ലാം എങ്ങോട്ടാണ് പോയ്മറയണതാവോ…??
പതിവുപത്രം വായനയുമായ് ഉമ്മറത്തിരിക്കുപ്പോഴാണ് രാവിലെ തന്നെ അമ്മയുടെ ഈ സംസാരം. ..
എന്റെ അമ്മേ ഇപ്പോഴത്തെ പെൺകുട്ടികളല്ലേ….
അവരുടെ ഒന്നും ഒരു കാര്യവും ഇപ്പോൾ നമ്മുക്കാർക്കും മുൻക്കൂട്ടി പറയാനോ ചിന്തിക്കാനോ പറ്റില്ല. ..
ആ ഇനിയിപ്പോൾ കുറച്ചു ദിവസം കഴിയുമ്പോൾ കാണാം ഇതുങ്ങളുടെ ഒക്കെ തിരിച്ചു വരവെങ്ങനാന്ന്…
വേണുവിനുളള പതിവു ചായയുമായ് പൂമുഖത്തേയ്ക്ക് വന്ന കവിത അമ്മയുടെയും ഭർത്താവിന്റ്റെയും സംസാരംകേട്ടൊരു നിമിഷം നിന്നു. ..
ആ മോളെ കവിതേ. … നീയറിയില്ലേ നമ്മുടെ വാവത്തിലെ സുരേഷിനെ…
അവന്റെ മോള് രേവതിയില്ലേ….അവളെ…….
അമ്മ കാര്യങ്ങൾ വിശദീകരിച്ചു പറയുമ്പോഴും അവയൊന്നും ശ്രദ്ധിക്കാൻ കഴിയാതെ കവിത ഭർത്താവായ വേണുവിനെ തന്നെ നോക്കി നിന്നു.
അവളുടെ നോട്ടം നേരിടാനാവാതെ വേണു ചായയുമായ് മെല്ലെ അകത്തേക്ക് നടന്നു. ..
വേണുവേട്ടാ ഒന്നവിടെ നിൽക്കൂ….
നിക്കൊരുക്കൂട്ടം ചോദിക്കാനുണ്ട്… അമ്മ ഇപ്പോൾ പറഞ്ഞ ആ രേവതി വേണുവേട്ടനോട് സ്ഥിരമായി ഫോണിൽ സംസാരിക്കാറുളള ആ കുട്ടിയല്ലേ….
ആണെങ്കിൽ. …??
ആണെങ്കിൽ അവളെ കാണാതായതിന് പിന്നിൽ വേണുവേട്ടനും പങ്കുണ്ട്…
അതിൽ മാത്രമല്ല ഇവിടെ നിന്ന് പലപ്പോഴായി കാണാതായിട്ടുളള പല പെൺകുട്ടികളും വേണുവേട്ടന്റ്റെ ഫോണിലേക്ക് പലപ്രാവശ്യം വിളിച്ചവരാണ്…എനിക്കറിയാം….
നിനക്കെന്തറിയാമെന്ന്….?? നിന്നോടാരാടീ ശവമേ ഞാനറിയാതെ എന്റ്റെ ഫോണെടുക്കാനും പരിശോധിക്കാനും പറഞ്ഞത്..??
ആണുങ്ങളാവുമ്പോൾ അങ്ങനെ പലചുറ്റികളികളുമുണ്ടാവും…
എന്നു കരുതി നാട്ടിലെ വേലിച്ചാടുന്ന പെൺപിള്ളേരെല്ലാം എന്റ്റെ പുറകെ ആണെന്ന് പറഞ്ഞാൽ ഉണ്ടല്ലോ പത്തും തികഞ്ഞു നിൽക്കുകയാണെന്നൊന്നും ഞാൻ നോക്കൂല വലിച്ചു കീറും ഞാൻ. …
അറിയാം വേണുവേട്ടാ…നിങ്ങളെന്നെ കൊല്ലാനും മടിക്കില്ലാന്ന്…
ആ…അറിയാലോ. ….കാണാനൊരു ഭംഗിയുമില്ലാത്ത എല്ലുന്തിയ നിന്നെ ഞാൻ കല്ല്യാണം കഴിച്ചത് നീയെന്റ്റെ അമ്മാവന്റെ മകളായത് കൊണ്ടൊന്നുമല്ല…. നിന്നെ കെട്ടിയാൽ കിട്ടുന്ന കോടികൾ കണ്ടിട്ടുതന്നെയാണ്….
പിന്നെ ഈമാതിരി വർത്തമാനം ഇപ്പോൾ പറഞ്ഞത് പറഞ്ഞു ഇനിമേലാൽ പറഞ്ഞാൽ അറിയാലോ എന്നെക്കുറിച്ച്..
നിൽക്കും നീ നിറവയറുമായ് മുട്ടുക്കാലിൽ നേരം വെളുക്കണത് വരെ നമ്മുടെ മുറിയിൽ… അറിയാലോ. .
അറിയാം….നിങ്ങളൊരു പിശാച്ച് ആണെന്ന്. ..
അതറിയുന്ന ഏക ആളും ഞാനാണല്ലോ… പുറത്തേക്ക് നിങ്ങൾ മാന്യൻ. ..സർവ്വ ഗുണസമ്പന്നൻ….
അമ്മയുടെ സാരിതുമ്പിൽ നിന്നു പിടിവിടാത്ത നാട്ടുകാരുടെ ഏതുക്കാര്യത്തിനും കൂടെ നിൽക്കുന്ന പൊതു പ്രവർത്തകൻ..എല്ലാം ശരിയാണ്. ..പക്ഷേ നിങ്ങളുടെ ഉള്ളിലെ പിശാച്ചിനെ അതിവർക്കാർക്കും അറിയില്ല.
നോക്കിക്കോളൂ ഈ കാണാതായ പെൺ കുട്ടികൾ നിങ്ങളുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് തെളിയുന്ന അന്ന്. ..
അന്ന് തീരും നിങ്ങളുടെ ഈ നായാട്ട്….അന്നറിയും എല്ലാവരും നിങ്ങളാരാണെന്ന്….അന്ന് പോലീസിനോട് മാത്രമല്ല പെറ്റതളളയോടും പറയേണ്ടിവരും എല്ലാത്തിനും മറുപടി. ..
ടീ…നാശം പിടിച്ചവളെ അടയ്ക്കെടീ നിന്റ്റെ വായ. …ഇനിയൊരക്ഷരം മിണ്ടിയാൽ….
എന്താണവിടെ രാവിലെ തന്നെ രണ്ടാളും കൂടി. ..??
ഇന്ദിര ടീച്ചർ വരുന്നത് കണ്ടപ്പോൾ പറയാൻ വന്നത് വേണു പകുതിയിൽ നിർത്തി. ഒന്നുമില്ലമ്മേ… ഇവളെ ഡോക്ടറെ കാണിക്കാറായീലേ അതിനെപ്പറ്റി ചോദിക്കായിരുന്നു….
ശരിയാണ് കുട്ട്യേ….രണ്ടീസം കഴിഞ്ഞാൽ പോണം. ….നീയിനി ഇന്ന് തോട്ടത്തിൽ പോണുണ്ടോ വേണൂ…
ഇവളിങ്ങനെയിവിടെ നിൽക്കുമ്പോൾ നിനക്കിനി കുറച്ചു ദിവസത്തേക്കെങ്കിലും അങ്ങോട്ട് പോവാതിരുന്നൂടേ..??
തോട്ടം നോക്കാനും വിളവെടുക്കാനുമെല്ലാം അവിടെ പണിക്കാരില്ലേടാ..??
ഏയ് അതൊന്നും ശരിയാവില്ലമ്മേ ..ഇപ്പോൾതന്നെ ഏലക്ക വിളവായി….ഇനികുറച്ചീസം ആ തിരക്കാണ്. .
ഇന്നു പോയാലിനി രണ്ടു ദിവസം കഴിയും ഞാൻ വരാൻ ഇവിടെ മനു ഉണ്ടല്ലോ.??
എന്തെങ്കിലും അത്യാവശ്യം വന്നാൽ അവൻ നോക്കിക്കോളും. ..പിന്നെ ഏടത്തിയമ്മ എന്ന് വെച്ചാൽ അവനത്ര ജീവനല്ലേ….
അതൊക്കെ ശരിയാണ്. ..മനു നിന്റ്റെ അനിയനാണ്…അവനൊരു പരിധിയുണ്ട് ഇവളുടെ കാര്യത്തിൽ. .നീ വരണം ആശുപത്രിയിൽ പോവാറാവുമ്പോഴേക്കും…
ശരിയമ്മേ…സമ്മതിച്ചു. ..കവിതേ നീയെനിക്ക് പോവാനുള്ള കാര്യങ്ങൾ ചെയ്യ്. ..
വേണുവിന്റ്റെ പെട്ടെന്ന് പെട്ടെന്നുള്ള ആൾമാറാട്ടം കണ്ടു പകച്ച നിന്ന കവിത ഒന്നും പറയാതെ അകത്തേക്ക് നടന്നു. ..ആ പോക്ക് നോക്കി നിൽക്കവേ വേണുവിന്റ്റെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിടർന്നു…
മകരമഞ്ഞു വീണറഞ്ഞുപോയ പുല്ലുകളിലൂടെ വേഗത്തിൽ സൈക്കിൾ ചവിട്ടവേ ബെന്നി ആകെ വിയർത്തു കുളിച്ചിരുന്നു…
എടാ ബെന്നിയേ..
ഇതെങ്ങോട്ടാണ് നീയിങ്ങനെ വേഗത്തിൽ. ..??
അപ്പോൾ ഇങ്ങളൊന്നും അറിഞ്ഞില്ലേ രാമേട്ടാ..
നമ്മുടെ ഇന്ദിര ടീച്ചറുടെ മോൻ വേണുവിനെ കാണാനില്ല രണ്ടു ദിവസായിട്ട്… തോട്ടത്തിലാവുന്ന് കരുതിയിരിക്കുകയായിരുന്നു ഇതുവരെ. .പക്ഷെ അവിടെയൊന്നും ഇല്ലാന്ന്…
അവരൊക്കെ അവിടെ തോട്ടത്തിലേക്ക് പോയിരിക്കുകയാണ് ഞാനും അങ്ങോട്ടേക്കാണ്.. പോലീസൊക്കെ ഇപ്പോൾ വരും.
ഈശ്വരാ…ഇതെന്തൊക്കയാ കേൾക്കണത്…
ഇത്രയും കാലം പെൺ കുട്ടികളെ ആയിരുന്നു കാണാതായിരുന്നത്. ഇപ്പോ.. വാർത്ത കാട്ടു തീ പോലെ നാടെങ്ങും പരക്കാൻ അധികസമയം വേണ്ടി വന്നില്ല…
ഇന്ദിര ടീച്ചറുടെ മകൻ വേണുവിനെ കാണാൻ ഇല്ലാത്രേ….
അപ്പോൾ. .
അങ്ങവിടെ ഏലത്തോട്ടത്തിനുളളിലെ മറ്റാർക്കും എത്തിപ്പെടാനോ കണ്ടെത്താനോ സാധിക്കാത്ത പഴയ മച്ചിനുളളിലെ നിലവറയിൽ അവനുണ്ടായിരുന്നു…വേണു.. ഒപ്പം ഇന്ദിര ടീച്ചറും. ..
അമ്മേ ഞാൻ പറയണതൊന്ന് കേൾക്കൂ…
ഇനിയീ തെറ്റ് ഞാൻ ആവർത്തിക്കില്ല.. അമ്മ എന്റെ കൈകാലുകളിലെ കെട്ടുകൾ അഴിച്ചു വിടൂ. ..
അമ്മാ. .മാപ്പ്.. ഇനിയാവർത്തിക്കില്ല…
ഇല്ലെടാ ഇനിനിനക്കൊരു മാപ്പില്ല …
അന്ന് നീ യും കവിതയുമായുളള സംഭാഷണങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായെടാ എന്റ്റെ മകൻ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന്. ..
അതാണ് ഞാൻ നീയറിയാതെ നിന്നെ പിൻതുടർന്നു വന്നതുംഒടുവിൽ ആരും കാണാത്ത ഈ നിലവറയ്ക്കുളളിൽ നീ കാമം തീർത്ത് കൊന്നു കളഞ്ഞ പെൺകുട്ടികളെ കണ്ടെത്തിയതും
എനിക്ക് മുൻപിൽ ചീഞ്ഞളിഞ്ഞ പെൺശരീരങ്ങളിൽ പോലും കാമം കണ്ടെത്തുന്ന നിന്നെ എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു.. അതാണ് നിന്നെ ഞാൻ പുറകിൽ നിന്നും അടിച്ചുവീഴ്ത്തി കൈകാലുകൾ കെട്ടിയിടത്ത്…
നിന്നെ എന്തു ചെയ്യണമെന്ന് കവിതയോട് ഞാൻ ചോദിച്ചു അതിനവൾ തന്ന ഉത്തരമാണ് ഇതാ എന്റെ ഈ ഉള്ളം കയ്യിലിരിക്കണത് കണ്ടോ….
അമ്മയുടെ കൈയിലേക്ക് നോക്കിയ വേണു കണ്ടു താൻ കവിതയുടെ കഴുത്തിൽ അണിയിച്ച താലി മാല അമ്മയുടെ കൈക്കുള്ളിൽ…
അതേടാ നിനക്കവളും വിധിച്ചത് മരണശിക്ഷയാണ്… പണ്ടു മുൻതലമുറക്കാർ ആരും കാണാതെ പണിത്തിട്ട ഈ നിലവറ നീയൊരു ശവപറമ്പാക്കി മാറ്റിയില്ലേ..
ഊരും പേരും പോലും അറിയാത്ത ആറോ ഏഴോ പെൺശരീരങ്ങൾ കണ്ടു ഞാനിവിടെ…കാണാത്തത് എത്രയോ ഉണ്ടാവും. .
നിന്നെ നിയമത്തിനു വിട്ടു കൊടുത്താൽ നാളെ നിനക്ക് പിറക്കുന്ന ആ കുട്ടി പോലും നിന്റ്റെ ക്രൂരതയുടെ വിഴുപ്പുഭാണ്ഡം ചുമന്ന് ജീവിക്കേണ്ടിവരും…കൂടെയീ ഞങ്ങളും. ..
ഒടുവിൽ ജയിലിൽ നിന്ന് നിന്നെ മോചിപ്പിക്കാനും കാണും കുറെ മനുഷ്യാവകാശ സ്നേഹികൾ. ..
വേണ്ട. ..നീ അങ്ങനെ ഒന്നും രക്ഷപ്പെടരുത്…
നിനക്ക് ജന്മം തന്ന ഞാൻ തന്നെ വേണം നിനക്കുളള ശിക്ഷയും നൽക്കാൻ. ..
പറഞ്ഞു നിർത്തിയതും ടീച്ചർ പെട്ടെന്ന് നിലത്ത് കിടന്നിരുന്ന തുണികഷ്ണം വേണുവിന്റ്റെ വായിൽ തിരുക്കി. ….
ഇനി നീ ഇവിടെ നീ തന്നെ കൊന്നുകൂട്ടിയിട്ടിരിക്കുന്ന ഈ ശവശരീരങ്ങൾക്കൊപ്പം കഴിഞ്ഞീടുക നിന്റ്റെ മരണം വരെ..
വിശപ്പും ദാഹവും നിന്നെ മരണത്തിലേക്ക് കൊണ്ടു പോവുമ്പോൾ നിനക്ക് ഓർത്ത് പശ്ചത്തപിക്കാൻ ഈ താലിയിവിടെ ഞാൻ വെയ്ക്കുന്നു…കാരണം നിനക്ക് ഈ ശിക്ഷ വിധിച്ചത് അവൾ കൂടി ചേർന്നാണ് . ..
കഴിഞ്ഞു പോയ വർഷങ്ങളിൽ നീ കൊല്ലാതെ കൊന്ന നിന്റ്റെ ഭാര്യയും ചേർന്ന്…
ഇനിയെനിക്കില്ല നിന്നെയോർത്തൊരു കണ്ണുനീർതുളളി പോലും .. പോകണം നീ പിച്ചിചീന്തിയെറിഞ്ഞ ജന്മങ്ങളുടെ വീട്ടിൽ…
മനസ്സുകൊണ്ട് മാപ്പപേക്ഷിക്കാൻ….. പറ്റുന്ന സഹായങ്ങൾ ചെയ്യാൻ. ..
അപ്പോൾ ഇനിയൊരു കാഴ്ച ഇല്ല നമ്മളീ ഭൂവിൽ. . പോട്ടെ…
നിലവറയുടെ വാതിലുകളെല്ലാം വലിച്ചടച്ച് ടീച്ചർ അവിടെ നിന്ന് നടന്നകലവേ തനിക്കു ചുറ്റും ചിറക്ക് വീശിയടുക്കുന്ന മരണത്തെ നോക്കി ഒന്നുറക്കെ കരയാൻ പോലുമാവാതെ വേണു ആ ഇരുട്ടുമുറിയിൽ ചീഞ്ഞളിഞ്ഞ ശവശരീങ്ങൾക്കൊപ്പം മരണവും കാത്തുകിടന്നു…