വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ, ഇരുപത്തി നാല് മണിക്കൂറും..

മുത്തശ്ശി
(രചന: Kannan Saju)

” വയസ്സായാൽ എവിടേലും ഒതുങ്ങി കൂടി ഇരുന്നൂടെ തള്ളേ..?  ഇരുപത്തി നാല് മണിക്കൂറും ഞങ്ങടെ പിന്നാലെ നടന്നു ഇങ്ങനെ ശല്യം ചെയ്യല്ലേ പ്ലീസ്.. ” കലിയോടെ കണ്ണൻ മുത്തശ്ശിയോട് അലറി

” നിന്റെ പ്രായത്തിലു മുത്തശ്ശി ഒന്നും ഇങ്ങനെ ഫോണും പിടിച്ചോണ്ട്…

” എന്റെ തള്ളേ ഒന്ന് നിർത്തു…. എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കല്ലേ പ്ലീസ്… “

തലയിൽ കൈ വെച്ചു കൊണ്ടു കണ്ണൻ അലറുന്ന കണ്ടു മുത്തശ്ശിക്ക് വിഷമായി…

” നിന്റെ നല്ലതിന് വേണ്ടി അല്ലേ ഞാൻ”  മുത്തശ്ശി വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി..

” പിന്നെ നല്ലത്… നിങ്ങള് കാരണം എനിക്ക് ഹോസ്റ്റലിൽ നിന്നു പഠിക്കാൻ പറ്റാത്തത്..

നിങ്ങൾ ഇവിടെ ഉണ്ടെന്നുള്ള കാരണം എന്നെ എങ്ങും പോവാൻ അച്ഛനും അമ്മേം സംമ്മതിക്കാത്തതു.. കൂട്ടുകാർ ആരെങ്കിലും എന്നെ കാണാൻ വന്നാലോ അപ്പൊ ഒളിഞ്ഞു നോട്ടം തുടങ്ങും..

എന്തൊരു ശല്യ നിങ്ങള് ???  വെല്ല വൃദ്ധസദനത്തിലും കൊണ്ടു പോയി ആക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല… നാശം ചാവത്തും ഇല്ല എപ്പോഴും ഇങ്ങനെ ശല്യമായിട്ടു… “

പിറു പിറുത്തു കൊണ്ടു കണ്ണൻ പുറത്തേക്കു പോയി….. കുളക്കടവിലെ പടികളിൽ വെള്ളത്തിലേക്ക് കല്ലും എറിഞ്ഞു കൊണ്ടു അവൻ ഇരുന്നു..

” എന്നെ എവിടെങ്കിലും കൊണ്ടാക്കിക്കോ.. ഞാൻ പൊക്കോളാം ” പിന്നിൽ വന്നു മുത്തശ്ശി വീണ്ടും പറഞ്ഞു..

” ഓഹ്  ഈ തള്ള ഇവിടേം വന്നോ ?  ” കണ്ണൻ കലിയോടെ ചാടി എണീറ്റു….

” ഞാൻ ആർക്കും ശല്ല്യവുന്നില്ല… ” മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു…

” നിങ്ങളിങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കല്ലേ പ്ലീസ്… ഹോ എന്തൊരു ശല്യ ഇത്… വെറുതെ അല്ല മുത്തശ്ശൻ നേരത്തെ പോയത്.. ചെവിക്കു സ്വൈര്യം കൊടുത്തു കാണില്ല തള്ള “

” എന്തിനാ കണ്ണാ അമ്മംമേനെ എപ്പോഴും തള്ളാ തള്ളാന്നു വിളിക്കുന്നെ?  ” മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു…

” മനുഷ്യനെ ഇട്ടു വട്ടാക്കുകയും ചെയ്യും എന്നിട്ടു മുതലക്കണ്ണീരും ഒലിപ്പിച്ചോളും.. ശല്യം ” കണ്ണൻ കുളിക്കടവിൽ നിന്നും ഇറങ്ങി പോയി….

” ഇനിയും എന്റെ പിറകെ നടന്നു ശല്യം ചെയ്താൽ മുത്തശ്ശി ആണെന്നൊന്നും നോക്കില്ല… ” അവർ മുഖം താഴ്ത്തി നിന്നു…..

” കണ്ണാ… ശാന്തി വന്നു… ” കുളിക്കടവിൽ ഓരോന്ന് ആലോചിച്ചിരുന്ന കണ്ണനെ അച്ഛൻ വന്നു വിളിച്ചു.. കണ്ണൻ മെല്ലെ എഴുന്നേറ്റു

” ബലിയിടാൻ സമയമായി “

” ഉം “

ബലിയിടാൻ ആയി ഇരിക്കവേ മുത്തശ്ശിയുടെ കരച്ചിൽ അവനു ഓർമ വന്നു…..  തള്ളേ തള്ളേ എന്ന് വിളിച്ച നാവുകൊണ്ട് അമ്മേ എന്ന് ഇനി വിളിച്ചാൽ കേൾക്കുവോ ?

സത്യത്തിൽ ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ മരിച്ചു പോയവരോട് ചെയ്ത പാപങ്ങളുടെ കുറ്റബോധം മനസ്സിൽ നിന്നും പോകുവാൻ അല്ലേ ബലി?

ചിന്തയിൽ മുഴുകിയ കണ്ണനെ ശാന്തി തട്ടി വിളിച്ചു…. ഹോസ്റ്റൽ മുറിയിൽ സ്വപ്നം കണ്ടു ഉറങ്ങുവായിരുന്ന കണ്ണനെ കൂട്ടുകാരൻ തട്ടി വിളിച്ചു…

” എന്തൊരു ഉറക്കമാടെ ഇത്?  “

കണ്ണൻ മെല്ലെ കണ്ണുകൾ തുറന്നു…. കുറച്ചു നേരം അനങ്ങാതെ കട്ടിലിൽ ഇരുന്നു…

” എനിക്കെങ്ങും വേണ്ട നിന്റെ കാപ്പിയൊന്നും “

മുത്തശ്ശി മേശ പുറത്തു വെച്ച കാപ്പിയിൽ നിന്നും മുഖം തിരിച്ചു കൊണ്ടു കണ്ണന്റെ അമ്മയോട് പറഞ്ഞു…

” അത് ശരി… ആ ചെറുക്കൻ പോവുന്നവരെ അവനോടായിരുന്നു.. ഇപ്പൊ എന്നോടായി…. ഇനി ഞാനും ഇവിടന്നു പോണോ?  “

” ആരും പോവണ്ട.. ഞാൻ പൊയ്ക്കോളാം.. പോരെ?  ” മുത്തശ്ശി പിണങ്ങി കുളക്കടവിലേക്കു നടന്നു….

കുളിക്കടവിൽ വെള്ളത്തിലേക്കും നോക്കി തടക്കും കൈ കൊടുത്തു കാർത്യായനി മുത്തശ്ശി ഇരുന്നു…

” എന്നതാ കാർത്യായയ്‌നി പിണക്കമാണോ?  ” വെള്ളത്തിൽ കണ്ണന്റെ പ്രതിബിംബം മുത്തശ്ശിയോട് ചോദിക്കുന്ന പോലെ അവർക്കു തോന്നി “

” അല്ലേലും അവൻ പോയേ പിന്നെ ഇങ്ങനാ.. എവിടെ നോക്കിയാലും അവൻ ഓരോന്ന് എന്നെ നോക്കി പറയുന്ന പോലെ എനിക്ക് തോന്നും ” തടക്കും കൈ കൊടുത്തു വെള്ളത്തിൽ നോക്കി കാർത്യായനി ആത്മഗതം പറഞ്ഞു…

” തോന്നുന്നതല്ല ഞാൻ ശരിക്കും ഉണ്ട് ” പിന്നിൽ നിന്നും കണ്ണന്റെ ശബ്ദം കേട്ടു മുത്തശ്ശി ചാടി എണീറ്റു.. സന്തോഷവും ചിരിയും പെട്ടെന്ന് വന്നെങ്കിലും അത് കടിച്ചമർത്തി പരിഭവം കാണിച്ചു കൊണ്ടു ” നീ വന്നെങ്കിൽ എന്താ വന്നാൽ എന്താ… “

” ഓഹോ.. കാർത്യായനി പിണക്കത്തിൽ ആണല്ലോ.. പിണക്കം മാറ്റാൻ എന്താണാവോ വേണ്ടേ?  “

” എന്റെ ശല്യം കാരണം പോയതല്ലേ.. പിന്നെ എന്തെ ഇപ്പ ഇങ്ങോട് വരാൻ തോന്നിയെ ?  “

” ഓഹ്.. അവിടെ എന്നെ തെറി പറയാൻ ആരും ഇല്ലന്നെ… ചീത്ത കേട്ടു കേട്ടു ഇപ്പൊ രാവിലെയും കാർത്യായനീടെ കയ്യീന്ന് രണ്ടെണ്ണം കേട്ടില്ലേൽ ഒരു സുഖോം ഇല്ലെന്നേ.. ” മുത്തശ്ശിയുടെ താടയിൽ പിടിച്ചു കൊണ്ടു അവൻ പറഞ്ഞു

” പോടാ അവിടുന്ന്…  ” കൈ തട്ടി മാറ്റി മുത്തശ്ശി നട കയറാൻ തുടങ്ങി…

” ആഹാ.. പോവാണോ.. പിണക്കാം മാറ്റാൻ ഞാനൊരു സാധനം കൊണ്ടു വന്നിട്ടുണ്ടായിരുന്നു…”

” ആ എനിക്കറിയാം.. വെല്ല ലെഡ്ഡും തന്നു എന്ന പറ്റിക്കാൻ അല്ലേ?  ” മുത്തശ്ശി തിരിഞ്ഞു നോക്കാതെ നട കയറി. ബാഗിൽ നിന്നും കള്ള് കുപ്പിയിൽ എടുത്തു കൊണ്ടു

” ഷാജി ചേട്ടന്റെ കയ്യീന്ന് വാങ്ങിയ ഇപ്പൊ ചെത്തി ഇറക്കിയ പനങ്കള്ളാ “

മുത്തശ്ശി ഒന്ന് നിന്നു… തിരിഞ്ഞു നോക്കി

” ശരിക്കും ‘

” ആന്നെ…  “

മുത്തശ്ശി നട ഇറങ്ങി വന്നു കുപ്പി വാങ്ങി.. ” ഒരു കുപ്പിയെ ഉള്ളോട ? ” സങ്കടത്തോടെ ചോദിച്ചു..

” അല്ല.. മൂന്ന് കുപ്പി ഉണ്ട്… ഇന്ന് അടിച്ചു പൊളിക്കണം.. “

മുത്തശ്ശിയും കണ്ണനും ഒരു കുപ്പി തീർത്തു… കണ്ണന്റെ തോളിൽ ചാരി കിടന്നു കൊണ്ടു മുത്തശ്ശി വെള്ളത്തിൽ നോക്കി ചിരിച്ചു…

” സോറി കാർത്യായനി.. “

” വരവ് വെച്ചിരിക്കുന്നു ” കുഴയുന്ന നാക്കോടെ മുത്തശ്ശി പറഞ്ഞു..

” ആഹാ.. പൂസായല്ലോ.. ഇന്നാളത്തെ പോലെ വീട്ടിൽ പോയി അമ്മേനേം തെറി വിളിച്ചു അപ്പനേം കഴുത്തിനു പിടിച്ചു എന്നെ വെട്ടിലാക്കരുത് “

” നീയല്ല നിന്റെ അപ്പൻ വിചാരിച്ചാലും കാർത്യായനിയെ തളച്ചിടാൻ പറ്റില്ല “

” ആഹാ… തലയ്ക്കു പിടിച്ചല്ലോ “

” എത്ര നാളായി നിന്റെ കാർത്യായനി എന്നുള്ള വിളി കേട്ടിട്ടു… ഞാൻ കരുതി നീ ഇനി വരില്ലെന്ന്… ഉറക്കോം ഇല്ല ഒന്നും കഴിക്കാനും തോന്നണില്ല.. നീ ഇനിയും ഇതുപോലെ പിണങ്ങി പോവോ… ” എക്കിൾ എടുത്തു കൊണ്ടു മുത്തശ്ശി ചോദിച്ചു….

” ഇല്ലല്ലോ.. എന്റെ കാർത്യായനിയെ വിട്ടു ഞാൻ എങ്ങും…

അത്രയും പറഞ്ഞു തോളിൽ കയ്യിടാൻ വന്നതും മുത്തശ്ശി മുന്നോട്ടു മറിഞ്ഞു വെള്ളത്തിലേക്ക് വീണു…..

ചിതയിലേക്ക് എടുത്തു കിടത്തുമ്പോൾ ” മരിക്കും മുന്നേ എന്നെ കാണാൻ നീ വന്നല്ലോ എന്ന് പറയുമ്പോലെ അവനു തോന്നി..

ഉരുട്ടി വെച്ച ഉരുളക്കോ എരിഞ്ഞടങ്ങിയ ചിതക്കോ പക്ഷെ കണ്ണൻ പറഞ്ഞു പോയ വാക്കുകളെ എരിച്ചു കളയാൻ ഉള്ള ശക്തി ഇല്ലായിരുന്നു… താൻ പിറക്കാൻ കാരണമായവൾക്കു നൽകിയ വേദന നിറഞ്ഞ വാക്കുകൾ….

പ്രായമാവും തോറും അവർക്കു കുട്ടികളുടെ മനസ്സവും എന്നും അവർ ജീവിച്ചു വളർന്ന സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നും മനസ്സിലാക്കിയപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു…

ജീവിതം അങ്ങനാണ്… ഒന്നിനെ കൊന്നു മറ്റൊന്നിനു വളമിട്ട് തരും.. തിരിച്ചറിവുകൾ തേടി എത്തുമ്പോൾ വിലപ്പെട്ട പലതും എന്നെന്നേക്കുമായി നഷ്ടമായിട്ടുണ്ടാവും..

അപ്പോഴേക്കും വാരുകാലം ജീവിക്കാൻ നമ്മൾ പഠിക്കുകയും ചെയ്യും….

Leave a Reply

Your email address will not be published. Required fields are marked *