ഇനിക്കറിയാടീ, ഇപ്പോഴത്തെ അവളുടെ അവസ്ഥക്കനുസരിച്ചൊരു നല്ല ബന്ധം നമ്മൾ കണ്ടെത്തുമ്പോൾ..

വിജയി
(രചന: Rajitha Jayan)

”താനാള്  മിടുക്കനാണ് ട്ടോ യൂസഫ്……”’ തോളിൽ കൈപ്പത്തി അമർത്തി  മധു അത് പറഞ്ഞപ്പോൾ  സന്തോഷത്താൽ യൂസഫ് തന്റെ തലയൊന്ന് മെല്ലെയിളക്കി ,

എന്നിട്ടടുത്ത് നിൽക്കുന്ന നൂർജിയെ ഒന്നു നോക്കി… അവനൊപ്പം നിൽക്കുമ്പോഴും നൂർജഹാന്റ്റെ കണ്ണുകൾ കുറച്ചപ്പുറത്ത് ഭക്ഷണം വിളമ്പുന്നിടത്തായിരുന്നു….

കാരണം ഇപ്പോൾ ഇവിടെ ഈ കൂടിയിരിക്കുന്നവരെല്ലാം തന്നെ പ്രത്യേകം ക്ഷണിച്ചിട്ട് വന്ന അയൽക്കാരും കുടുംബക്കാരും കൂട്ടുക്കാരുമാണ്….

അവരെ നല്ല രീതിയിൽ സൽകരിച്ച് ഭക്ഷണം നൽകി മടക്കിയില്ലെങ്കിൽ നാളെ നേരം പുലരുമ്പോൾ ഇന്ന് ഇവിടെ നടന്ന ഈ സന്തോഷ ചടങ്ങെല്ലാം പൊങ്ങച്ചം കാണിക്കലായ്  നാളെ മാറുമെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു

സൽക്കാരം സ്വീകരിച്ച് സന്തോഷം പങ്കിട്ട്  വന്നവരെല്ലാം മടങ്ങി പോയപ്പോൾ വീട്ടിൽ യൂസഫും നൂർജിയും മക്കളും മാത്രം അവശേഷിച്ചു. …

ക്ഷീണത്താലൊരു കസേരയിൽ ശിരസ്സും താങ്ങിയിരിക്കുന്ന നൂർജിയെ കണ്ടപ്പോൾ എന്തിനെന്നറിയാതെ യൂസഫിന്റ്റെ മിഴികൾ നിറഞ്ഞു. …

ഉപ്പാ… ”പരിപാടി ഗ്രാന്റ്റ് ആയെന്നാണ് വന്ന എല്ലാവരും പറഞ്ഞത് ട്ടോ….

സന്തോഷത്തോടെ അതും പറഞ്ഞു കൊണ്ട്  പത്തൊൻപത്ക്കാരനായ മകൻ ഷാഹുൽ അടുത്ത് വന്നിരുന്നപ്പോൾ സ്നേഹത്താലവനെയൊന്ന് ചേർത്ത് പിടിച്ചു യൂസഫ്. …

“”അത് പിന്നെ കേമമാക്കാതെ പറ്റുമോടാ….??

നിന്റ്റെ താത്ത എന്റ്റെ ഷാഹിന മോൾ പഠിച്ച് സർക്കാർ ജോലി മേടിച്ച് അവൾക്ക് കിട്ടിയ ആദ്യത്തെ ശബളം കൊണ്ട് നടത്തിയ പാർട്ടി അല്ലേ. ..?

അത് കേമമാകണം… മറ്റെത്തിനെക്കാളും…
അതെനിക്ക് നിർബന്ധം ആയിരുന്നു…

അതുപറയുമ്പോൾ  ഒരു അച്ഛന്റെ സന്തോഷത്തിനപ്പുറം മറ്റേതോ ലോകത്തായിരുന്നു യൂസുഫ് അപ്പോൾ

”എനിക്കറിയാം ഉപ്പയുടെ ഉളളിൽ വാശിയായിരുന്നു ഇന്നിവിടെ വന്നു പോയ പലരോടും , ശരിയല്ലേ ഉപ്പാ..??

ഷാഹുലിന്റ്റെ  ചോദ്യത്തിനൊരു പുഞ്ചിരിയിൽ ഉത്തരം നൽക്കുമ്പോഴും യൂസഫിന്റ്റെ മനസ്സിൽ അതുതന്നെയായിരുന്നു ചിന്ത എന്ന്  നൂർജഹാന് മനസ്സിലായ്.. …..

കാരണം ഷാഹിനമോൾ ജനിച്ചപ്പോൾ യൂസഫിന്റ്റെ കഷ്ടകാലം വീണ്ടും  ആരംഭിച്ചു എന്ന് പറഞ്ഞവരായിരുന്നു ഇന്നിവിടെ വന്നു പോയ കുടുംബക്കാരിൽ പലരും…

ചെറുപ്പത്തിലേ വാപ്പ ഉപേക്ഷിച്ച് പോയപ്പോൾ താഴെയുള്ള രണ്ട് പെങ്ങൻമാർക്കും  ഉമ്മയ്ക്കും വേണ്ടി ജീവിച്ച്  അവരെ ഒരു കരപറ്റിച്ചു കഴിഞ്ഞപ്പോഴാണ് യൂസഫ് ഒരു  പെൺകുട്ടിയുടെ ഉപ്പ ആയത്. ..

പെണ്ണെന്നാൽ വിവാഹം കഴിപ്പിച്ച് ബാധ്യത തീർത്ത് വിടേണ്ട ഒരു  കടവസ്തുമാത്രമായ് കാണുന്നവരുടെ ആ ചിന്താഗതിയെ വെല്ലുവിളിക്കുന്നതായിരുന്നു പിന്നീടുള്ള യൂസഫിന്റ്റെ ഓരോ പ്രവർത്തിയും…..

നാല് വയസ്സായപ്പോഴേക്കും ഷാഹിനയെ നാട്ടിലെ നല്ല സ്കൂളിൽ ചേർത്തൂ. .അവളുടെ പഠനത്തിനാവശ്യമായതെല്ലാം വാങ്ങി നൽകി. ..

ഷാഹിന വളരും തോറും വർദ്ധിച്ചു വരുന്ന അവളുടെ വിദ്യാഭ്യാസചിലവും വീടുപണിയും ഷാഹുലിന്റ്റെ ജനനവുംമെല്ലാം നാട്ടിലെ ചെറിയ പണികൾ കൊണ്ട് നികത്തിപോവാൻ സാധിക്കാതെ വന്നപ്പോൾ യൂസഫ് ആദ്യമായൊരു പ്രവാസിയായ്…..

അന്ന് തൊട്ട് ഇന്നുവരെയും അവനൊരു പ്രവാസിയാണ്…

പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പേ തന്നെ , കാണാൻ സുന്ദരിയായ ഷാഹിന മോൾക്ക് ധാരാളം വിവാഹാലോചനകൾ വന്നു തുടങ്ങിയെങ്കിലും യൂസഫ് അതൊന്നും ശ്രദ്ധിച്ചില്ല

പെൺകുട്ടികളെ പഠിപ്പിക്കുന്നത് വെളളത്തിൽ വരക്കുന്ന വരപോലെ പാഴായി പോകുമെന്ന് പറഞ്ഞവരോടെല്ലാം ഒരു പുഞ്ചിരിയാൽ മറുപടി നൽകി. …

ഉപ്പയുടെ കഷ്ടപാടും  ആഗ്രഹവും നന്നായി അറിയുന്ന മോൾ പഠിച്ച ക്ളാസിലെല്ലാം ഒന്നാമതായിരുന്നു…. ഇപ്പോഴിതാ എൻജീനിയറിംഗ് കഴിഞ്ഞിറങ്ങി നാല് മാസമായപ്പോഴേക്കും  അവൾക്ക് സർക്കാർ സർവീസിൽ ജോലി കിട്ടിയിരിക്കുന്നു….

ആദ്യത്തെ ശമ്പളം കൊണ്ട് വേണം എല്ലാവർക്കും  ചിലവ് നൽക്കാനെന്ന യൂസഫിന്റ്റെ ആഗ്രഹമാണിന്നിവിടെ  നിറവേറിയത്….

” എന്താണ് എല്ലാവരും ചിന്തിച്ച് നിൽക്കുന്നത് പോയി കിടക്കാൻ നോക്കിക്കോളൂ…

”മോളെ ഷാഹിന നിനക്ക് നാളെ ഡ്യൂട്ടി ഉളളതല്ലേ… ചെല്ല് ചെന്ന് കിടന്നുറങ്ങൂ….

യൂസഫിന്റ്റെ ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്ന നൂർജഹാൻ   ഉറങ്ങാനായ് മക്കൾ പോയപ്പോൾ  മെല്ലെ യൂസഫിന്റ്റെ  കയ്യിൽ കൈവിരലുകൾ കോർത്ത് അവന്റെ മുഖത്തേക്ക് നോക്കി…

ഒരു ഉപ്പ എന്ന നിലയിൽ മോളുടെ കാര്യത്തിൽ ഇങ്ങള് പകുതി ജയിച്ചു ഇക്കാ…,, പക്ഷേ അവളെ നല്ലൊരു കയ്യിലേൽപ്പിച്ചാൽ മാത്രമേ ഒരു ഉപ്പ എന്ന നിലയിൽ ഇങ്ങളുടെ കടമ പൂർത്തിയാക്കൂ…… അറിയാലോ….?

ഇനിക്കറിയാടീ…. ഇപ്പോഴത്തെ  അവളുടെ അവസ്ഥക്കനുസരിച്ചൊരു നല്ല ബന്ധം നമ്മൾ കണ്ടെത്തുമ്പോൾ അതിനനുസരിച്ച്  മോൾക്ക് സ്ത്രീധനം നൽക്കേണ്ടിവരും … ഇപ്പോൾ നമ്മൾ നീക്കിവച്ച തുകയിലൊതുങ്ങൂല അത്.

പിന്നെ ഷാഹുലിന്റ്റെ പഠനത്തിനാവശ്യമായ പണവും കണ്ടെത്തണം…അതിന്. ..അതിന്. ….

അതിനിങ്ങള് വീണ്ടും ഒരു പ്രവാസിയാവണം അല്ലേ ഇക്കാ. …

ഉം……ഇനിയൊരു അഞ്ചു വർഷം കൂടി അവിടെ നിൽക്കാതെ പറ്റൂല നൂർജി… ഓരോ പ്രാവശ്യവും പ്രവാസിയായ് ഇവിടെ നിന്നു പോവുമ്പോൾ ഞാനൊരായിരം വട്ടം നിന്നോട് മനസ്സിൽ മാപ്പ് ചോദിക്കാറുണ്ട്….

ഇങ്ങളെന്താണ് ഇക്കാ ഈ പറയുന്നത്. ..? ഇങ്ങളെന്തിനാ ഇന്നോട് മാപ്പ് പറയുന്നത്. ..?

കെട്ടി കൂടെ കൂട്ടിയ അന്നു മുതൽ ഇങ്ങള് സ്നേഹിച്ചിട്ടല്ലേ ഉളളൂ ന്നെ…പിന്നെ എന്തിനാ. …?

സ്നേഹം. …ഞാൻ അന്നെ സ്നേഹിച്ചിരുന്നൂന്ന് നിനക്കെങ്ങനെ പറയാൻ സാധിക്കുന്നു നൂർജി…..

ഇന്റ്റെ ഭാര്യായ് ഇവിടെ വരുമ്പോൾ ഒരു ചെറിയ കുട്ടിയുടെ മനസ്സായിരുന്നു നിനക്ക്. ..

ധാരാളം ആഗ്രഹങ്ങളുളള ഒരു ചെറിയ കുഞ്ഞ് കുട്ടി. …അന്റ്റെ ഇഷ്ടങ്ങളിലൊന്നുപോലും ഇന്നേവരെ നടത്തിതരാൻ ഇനിയ്ക്ക് പറ്റീട്ടില്ല….

”അങ്ങനെ ഒന്നും  ചിന്തിക്കല്ലേ ഇക്കാ. … അറിവില്ലാത്ത പ്രായത്തിൽ അങ്ങനെ കുറെ ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവും. .എനിക്കും ഉണ്ടായി. ..

പക്ഷേ എന്റെ ഇക്കാ ഇത്രയും കാലം സ്വന്തം നാടും വീടും കുടുംബവും വിട്ടൊരു പ്രവാസി ആയതുകൊണ്ടല്ലേ നമ്മുടെ മോൾക്ക് നല്ലൊരു ജോലി നേടാനുളള വിദ്യാഭ്യാസം കിട്ടീത്. .

നമ്മുടെ ഷാഹുലിനെ പഠിപ്പിക്കാൻ പറ്റിയത്…

എനിക്കതൊക്കെ മതിയിക്കാ….ഇങ്ങളുടെയും നമ്മുടെ മക്കളുടെയും സന്തോഷങ്ങൾക്കപ്പുറം  ഇനിക്കൊരു സന്തോഷം ഇല്ല…

നിറഞ്ഞ ചിരിയോടെ അതുപറയുമ്പോഴും നഷ്ടസ്വപ്നങ്ങളുടെ ഒരു കുഞ്ഞു നക്ഷത്രം അവളുടെ കണ്ണുകളിൽ നിറം മങ്ങി നിൽപ്പുണ്ടായിരുന്നപ്പോഴും യൂസഫ് കാണാതെ…

ഇക്കാ…….ഇക്കാ…..

ഇങ്ങളിത് കണ്ടോ….

രാവിലെ  വാതിലിൽ തട്ടി   നൂർജി വിളിക്കുന്നത് കേട്ടാണ് യൂസഫ് ഉണർന്നത്. …

വാതിൽ തുറന്ന് പുറത്ത് ഇറങ്ങിയ  യൂസഫ് കാര്യം എന്താണെന്ന ഭാവത്തിൽ ഭാര്യേയെ നോക്കി എങ്കിലും   അവരിൽ നിന്ന്  മറുപടി ഒന്നും കിട്ടീല

അപ്പോൾ ആണ് മുറ്റത്തിനരിക്കിൽ പറമ്പിലെ പണികൾക്കായ് ഇടയ്ക്ക് വരാറുളള രവി യോടും കൂട്ടരോടും സംസാരിച്ച് നിൽക്കുന്ന ഷാഹിനമോളെ  യൂസഫ് കണ്ടത്….

എന്താ മോളെ..?

എന്താണിവരിവിടെ…?

ഇപ്പോൾ പറമ്പിൽ പണിയൊന്നും ഇല്ലല്ലോ…

അയാൾ മകളുടെ ഭംഗിയാർന്ന മുഖത്തേക്ക് നോക്കി. ..

”അപ്പോൾ ശരി രവിയേട്ടാ… ഇങ്ങള് ഞാൻ പറഞ്ഞത് പോലെ ജോലി തുടങ്ങിക്കോളൂ… എന്തെങ്കിലും വേറെ ഉണ്ടെങ്കിൽ ഞാൻ അപ്പപ്പോൾ പറയാട്ടോ….

എന്ത് പണിയാണ് മോളെ….??

ആ… അത് ഞാനെന്റ്റെ ഉപ്പാക്ക് പറ
ഞ്ഞു തരാം. .. ഇങ്ങള് വരീം. ….

ഒരു പ്രവാസിയായ് മാറുന്നതിന് മുമ്പ് എന്റ്റുപ്പ ജീവിതം ചിലവഴിച്ചതീ തൊടിയിൽ പണിയെടുത്തും കൃഷികൾ ചെയ്തുമല്ലേ….?? എന്നെങ്കിലും ഇവിടെ  ഉപ്പയുടെ ആഗ്രഹമനുസരിച്ചൊരു ഫാം പണിയണമെന്ന്  ഇങ്ങളാഗ്രഹിച്ചിരുന്നില്ലേ…??

അതിനുള്ള പണികൾ ചെയ്യാനാണ് രവിയേട്ടനും കൂട്ടരും വന്നത്. ..

നീയെന്താണ് മോളെ ഈ പറയുന്നത്. ..ഇപ്പോൾ ഇവിടെയൊരു ഫാം പണിഞ്ഞാൽ അത് നോക്കിനടത്താനാരാണ്…..??

ഉപ്പ….

ഒട്ടും ആലോചിക്കാതെയുളള ഷഹിനയുടെ മറുപടിയിൽ യൂസഫ് അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. ..

ഇങ്ങളിങ്ങനെ നോക്കണ്ട ഉപ്പാ….ഇങ്ങളിനി ഗൾഫിലേക്ക് തിരിച്ചു പോണില്ല. ….

ഹേയ്. …അത് ശരിയായില്ല മോളെ….ഉപ്പാക്ക് എന്തായാലും ഒരു പ്രാവശ്യം കൂടി പോയേ പറ്റൂ….

എന്നെ വിവാഹം കഴിപ്പിച്ചയക്കാൻ വേണ്ടി… ഷാഹുലിന്റ്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി… അല്ലേ ഉപ്പാ. ..??

ഷാഹിനയുടെ ചോദ്യത്തിനുത്തരമില്ലാതെ യൂസഫ് നിൽക്കുമ്പോൾ അവൾ തുടർന്നു. ..

”ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ വേണ്ടതിലേറെ ചിലവാക്കിയാണ് ഉപ്പ എന്നെ പഠിപ്പിച്ചൊരു ജോലിക്കാരിയാക്കിയത്…

എന്റെ ജോലിയേയും പണത്തെയും സ്നേഹിക്കാതെ എന്നെ യും എന്റെ കുടുംബത്തെയും സ്നേഹിക്കുന്ന ഒരാൾ മതിയെനിക്കെന്റ്റെ ഭർത്താവായ്….

എന്റെ ഉപ്പയുടെ ചോര നീരാക്കി എനിക്ക് കിട്ടിയ ഈ ജോലിയുടെ  കൂലി യുടെ യഥാർത്ഥ അവകാശി എന്റ്റെ ഉപ്പയാണ്….

അത് മനസ്സിലാക്കുന്ന ഒരാൾ വരും അപ്പോൾ മതിയെനിക്ക് നിക്കാഹ്…. അതുകൊണ്ട്  ഷാഹുലിന്റ്റെ പഠന കാര്യങ്ങൾ   ഞാൻ നോക്കും അവനൊരു ജോലി നേടുന്നതുവരെ…പിന്നെയീ കുടുംബം വഴിപിഴയ്ക്കാതെ നേരെയവൻ നോക്കും ഉപ്പാ. …

മോളെ… മോള് പറഞ്ഞതെല്ലാം ഇനിയ്ക്ക് സന്തോഷം ഉള്ള കാര്യങ്ങൾ ആണ്. .

പക്ഷേ പെണ്ണിന്റെ മൂല്യംകൂടും തോറും ചെക്കന്റ്റെ സ്ത്രീ ധനം കൂടും…അതിനിയ്ക്ക് പോയെ പറ്റൂ….

ഇല്ല ഉപ്പാ. ..ആ ചിന്താഗതി പോലും  തെറ്റാണ്. ..

ഇന്നത്തെ ചെറുപ്പക്കാർ ഒരു പാട് മാറിയിരിക്കുന്നു…. എന്നെ മാത്രം  സ്വത്തായികരുതിയൊരുത്തൻ വരും അപ്പോൾ മതി എനിക്ക് കല്യാണം. ..

”ഞങ്ങൾക്ക് വേണ്ടി ജീവിതം തുടങ്ങിയപ്പോൾ ഉമ്മയും ഉപ്പയും മാറ്റിവെച്ചിരുന്ന കുറെ സ്വപ്നങ്ങൾ ഇല്ലേ….??

ആഗ്രഹങ്ങളില്ലേ…???

അതെല്ലാം ഇങ്ങള് നേടണം ഇന്നുമുതൽ…. മറ്റുളളവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ച് ഒടുവിലീമണ്ണ് വിട്ടു നാം പോവുമ്പോൾ  നമ്മുടേതായ് കുറെ സ്വപ്നങ്ങൾ മാത്രം ഇവിടെ അവശേഷിക്കരുത് ഉപ്പാ…..

അതിന് ഞാൻ പറയണത് എന്റ്റെ ഉപ്പയും ഉമ്മയും കേൾക്കണം. …കേട്ടേ പറ്റൂ….

ഒരു യാചനയോടെ ഷാഹിനയതുപറയുമ്പോൾ ഒരു വിജയിയുടെ യഥാർത്ഥ ചിരി യൂസഫിന്റ്റെ  ചുണ്ടുകളിൽ വിരുന്നെത്തിയിരുന്നു….

മക്കളെ  മനുഷ്യരായി വളർത്തി വിജയിച്ച പിതാവിന്റ്റെ ചിരി……

Leave a Reply

Your email address will not be published. Required fields are marked *