അഭിയേട്ടന് വരാൻ പറ്റില്ല പാവം ഇന്ന് ഒറ്റക്ക് അവിടെ നിൽക്കേണ്ടി വരില്ലേ, അതിനു അവൻ..

(രചന: Nisha L)

“ശോ വരണ്ടായിരുന്നു.”…. അശ്വതി മനസ്സിൽ ഓർത്തു.

ഷോപ്പിൽ രണ്ടു ദിവസം അവധി പറഞ്ഞു,,  വേറൊരു പയ്യനെ പകരത്തിനു നിർത്തി,,  അശ്വതിയുടെ വീട്ടിലേക്ക് പോകാൻ ഇരുന്നതായിരുന്നു അശ്വതിയും ഭർത്താവ് അഭിജിത്തും മകൾ തുമ്പി മോളും.

രാവിലെ പോകാൻ ഒരുങ്ങിയപ്പോഴാണ്‌ ആ പയ്യൻ വിളിക്കുന്നത്…

“അഭിയേട്ട… ഞാൻ ഷോപ്പിലേക്ക് വരുന്ന വഴി വണ്ടി ഒന്ന് ചെറിയതായി മറിഞ്ഞു.. ചെറിയ പരിക്കുകളേയുള്ളു പക്ഷേ വൈകുന്നേരം വരെ ഷോപ്പിൽ നിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ചേട്ടൻ ഒന്ന് വരാമോ. “??…

“എന്നാൽ ഞാൻ ഷോപ്പിൽ പോയിട്ട് വൈകുന്നേരം വീട്ടിലേക്ക് എത്താം. നിങ്ങളെ ഒരു ഓട്ടോ വിളിച്ചു വിടാം”… എന്ന് പറഞ്ഞു രാജേട്ടന്റെ ഓട്ടോയിൽ അച്ചുവിനെയും തുമ്പി മോളെയും വീട്ടിലേക് പറഞ്ഞു വിട്ടു.

കഴിഞ്ഞ ആഴ്ച അഭിയേട്ടന്റെ വീട്ടിൽ പോയി രണ്ടു ദിവസം നിന്നപ്പോൾ…

“അടുത്ത ആഴ്ച നിന്റെ വീട്ടിൽ പോകാം”.. എന്ന് പറഞ്ഞിരുന്നു. തനിക്കു വിഷമം ആകേണ്ട എന്ന് കരുതിയാകണം പൊയ്ക്കൊള്ളാൻ പറഞ്ഞത്.

വീട്ടിൽ എത്തി അമ്മയെയും അച്ഛനെയും കണ്ട്….,, തുമ്പി മോളെ അവർ കളിപ്പിക്കുന്നതും ഒക്കെ കണ്ടു പകൽ നല്ല സന്തോഷത്തിൽ പോയി…

വൈകിയപ്പോൾ അഭി വിളിച്ചു…

“അച്ചു ആ പയ്യൻ നാളെയും വരില്ല അതുകൊണ്ട് എനിക്ക് നാളെയും ഷോപ്പിൽ പോകണം. ഇന്നിനി അങ്ങോട്ട്‌ വന്നാലും വെളുപ്പിനെ തിരിച്ചു പോരണ്ടേ. അതു കൊണ്ടു ഞാൻ വരുന്നില്ല. നീ രണ്ടു ദിവസം നിന്നിട്ട് വാ. “…

അതു കേട്ടപ്പോൾ ഒരു വിഷമം മനസ്സിൽ വന്നു മൂടുന്നത് അവൾ അറിഞ്ഞു.

പാവം അഭിയേട്ടൻ. ഒറ്റക്ക് എങ്ങനെ അവിടെ..

കുടുംബവീട്ടിൽ എല്ലാരും കൂടി താമസിക്കുമ്പോഴാണ് തന്നെ പ്രസവത്തിനു കൂട്ടി കൊണ്ടു പോയത്. അന്ന് വൈകിട്ട് അഭി തന്നെ  വിളിച്ചു പറഞ്ഞത് ഓർക്കുന്നു “നീയില്ലാതെ ഒരു ഉത്സാഹവും ഇല്ല അച്ചു. ഞാൻ ഒറ്റയ്ക്ക് ആയി പോയി. “

താൻ അപ്പോൾ കളിയാക്കി.

“അവിടെ അച്ഛൻ, അമ്മ,  ചേട്ടൻ,  ചേച്ചി കുട്ടികൾ എല്ലാരും ഇല്ലേ പിന്നെങ്ങനെ ഒറ്റക്ക് ആകുന്നത്? “….

“ആരൊക്കെ ഉണ്ടേലും നീ ഇല്ലല്ലോ അച്ചു”. എന്ന് പറഞ്ഞു വിഷമിച്ച ആളാ.. ഇപ്പൊ ആരും ഇല്ലാതെ ഒറ്റക്ക്…

പുതിയ വീട് വച്ചു മാറിയിട്ട് ഒരു വർഷമാകുന്നു. ഇതു വരെ ഒറ്റക്ക് ആക്കിയിട്ടില്ല. ഇന്ന് ആദ്യമായിട്ടാ…

അച്ചു ഒരു ഉഷാറില്ലാതെ ഇരിക്കുന്നത് കണ്ടു അച്ഛൻ ചോദിച്ചു “എന്താ മോളെ ഒരു വാട്ടം “?

“ഓ… അഭിയേട്ടന് വരാൻ പറ്റില്ല. പാവം ഇന്ന് ഒറ്റക്ക് അവിടെ നിൽക്കേണ്ടി വരില്ലേ? “..

“അതിനു അവൻ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ അച്ചു… “അമ്മ കളിയായി പറഞ്ഞു..

അവൾ അമ്മയെ കൂർപ്പിച്ചു നോക്കി.

“അച്ഛൻ കൊച്ചു കുട്ടി ആയിട്ടാണോ അമ്മ അച്ഛനെ ഒറ്റക്ക് ആക്കി എങ്ങോട്ടും പോകാത്തത്.?… എനിക്ക് ഓർമ വച്ച നാൾ മുതൽ അമ്മ ഈ വീട് വിട്ട് എങ്ങും പോയി നിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ…. “

“ആറു മാസം മുൻപ് എനിക്കൊരു പനി വന്നിട്ട് അമ്മയെ ഞാൻ വിളിച്ചത് ഓർക്കുന്നോ.? … അന്ന് അമ്മ രാവിലെ വന്നു രണ്ടു ദിവസത്തേക്ക് ആഹാരവും ഉണ്ടാക്കി വീടും പരിസരവും വൃത്തിയാക്കി വൈകിട്ട് പറഞ്ഞത് ഓർക്കുന്നോ?..”.

“മോളെ അച്ഛൻ ഒറ്റക്കല്ലേയുള്ളൂ. ഞാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നു ആഹാരം ഉണ്ടാക്കി തരാം. മോൾ ഒന്നും ചെയ്യാൻ നിക്കണ്ട എന്ന്… “

എന്നിട്ട് ഇപ്പൊ എന്റെ അഭിയേട്ടൻ ഒറ്റക്കെയുള്ളൂന്നു പറഞ്ഞപ്പോ അമ്മ എന്താ കളിയാക്കുന്നോ…? അവൾ മുഖം വീർപ്പിച്ചു പറഞ്ഞു..

“അതുശരിയാണല്ലോ ഭാമേ.. എന്റെ മോള് പറഞ്ഞത്..” അച്ഛൻ അമ്മയെ നോക്കി കണ്ണിറുക്കി പറഞ്ഞു..

“എന്നാൽ ഭാമേ നീയും ഒരുങ്ങു നമുക്ക് ഇന്ന് മോളുടെ വീട്ടിൽ പോകാം. രണ്ടു ദിവസം അവിടെ നിന്നിട്ട് വരാം..

എപ്പോഴും കുഞ്ഞുങ്ങൾ നമ്മളെ കാണാൻ ഇങ്ങോട്ടല്ലേ വരുന്നത്. ഇന്ന് ഒരു മാറ്റം ആയിക്കോട്ടെ. രമയോട് പറഞ്ഞാൽ നമ്മുടെ കോഴിക്കും താറാവിനും ഇത്തിരി തീറ്റ അവൾ സമയത്തു കൊടുത്തു കൊള്ളും… “

അച്ചു അച്ഛനെ സ്നേഹത്തോടെ നോക്കി.. “അച്ഛൻ ശരിക്കും പറഞ്ഞതാണോ “?…

“പിന്നല്ലാതെ.. “

“എന്നാ അമ്മേ ചോറും കറിയും കൂടി പൊതിഞ്ഞു എടുത്തോ. നമുക്ക് അവിടെ ചെന്ന് കഴിക്കാം “..

ഓട്ടോയിൽ ചെന്ന് ഇറങ്ങുമ്പോൾ മുറ്റത്തു വെട്ടം ഒന്നുമില്ല. ഹാളിലെ വെളിച്ചം ജനലിൽ കൂടി കാണാം.

അച്ചു കാളിങ് ബെല്ലടിച്ചു. സിറ്റ് ഔട്ടിൽ ലൈറ്റ് തെളിഞ്ഞു. വാതിൽ തുറന്ന അഭി അവരെ കണ്ടു അത്ഭുതപെട്ടു.. അച്ഛനെ കണ്ടതെ തുമ്പി മോൾ അച്ഛന്റെ കൈയിലേക്ക് ചാടി..

“നിങ്ങൾ എന്താ ഇങ്ങു പോന്നത്? “

“ഓ നിന്റെ കെട്ടിയോള് മുഖം വീർപ്പിച്ചു ഇരിക്കുന്നത് കണ്ടിട്ട് ഇങ്ങു പോന്നതാ…” അമ്മ ചിരിയോടെ പറഞ്ഞു..

വാങ്ങി കൊണ്ടു വന്ന ഊണു പൊതി ടേബിളിൽ ഇരിക്കുന്നത് കണ്ടു അച്ചു ചോദിച്ചു

“അഭിയേട്ടൻ എന്താ പൊതി വാങ്ങിയിട്ട് കഴിക്കാഞ്ഞത്.? “..

“ഓ വിശപ്പില്ലായിരുന്നു. നീയും മോളും ഇല്ലാതെ വീട് ഉറങ്ങി പോയത് പോലെ. വിശപ്പും തോന്നിയില്ല. എന്നാൽ ഉറങ്ങാം എന്ന് കരുതിയിട്ടു ഉറക്കവും വന്നില്ല.. “

“പക്ഷേ ഇപ്പോൾ നല്ല വിശപ്പുണ്ട്…. ” അഭി സന്തോഷത്തോടെ പറഞ്ഞു.

“എന്നാൽ എല്ലാരും കൈ കഴുകി വാ.. നമുക്ക് ഒരുമിച്ചു കഴിക്കാം…” അവർ സന്തോഷത്തോടെ ആഹാരം കഴിക്കാൻ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *