നീയൊരു തിരിച്ചു പോക്കില്ലാന്ന് പറഞ്ഞു ഭർതൃ വീടുപേക്ഷിച്ചു വരുമ്പോൾ അതിന്റെ കാരണം ഞങ്ങൾ..

ശീലങ്ങൾ
(രചന: Rajitha Jayan)

നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി  ഞാനിനി ആ വീട്ടിലേക്ക് പോവുന്നില്ല. ….

ജീനയുടെ ഉറച്ച ശബ്ദത്തിലുള്ള മറുപടി കേട്ട്  ജോയിമാഷും മേരി ടീച്ചറും അമ്പരപ്പോടെ അവളെ നോക്കി. …

”ഡാഡിക്കും മമ്മിക്കും ഇപ്പോൾ സന്തോഷമായല്ലോ ല്ലേ….? എന്തായിരുന്നു മകളുടെ ഇഷ്ടം നോക്കി അവൾ സ്നേഹിച്ചവനെ തന്നെ അവൾക്ക് കല്ല്യാണം കഴിച്ചുകൊടുത്തപ്പോഴുളള  നിങ്ങളുടെ സന്തോഷം…

അത് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ  ഈ പട്ടണ്ണത്തിൽ  ജനിച്ച് വളർന്ന ഇവൾക്കൊരിക്കലും  ഒരു ഗ്രാമത്തിൽ പോയി താമസിക്കാനൊന്നും പറ്റില്ലാന്ന്. .

പ്രണയം തലയ്ക്ക് പിടിക്കുമ്പോൾ ഇവൾക്ക് തോന്നുന്ന ഈ തന്റ്റേടമൊന്നും അവിടെ പോയി ജീവിക്കുമ്പോൾ കാണില്ലാന്ന്.. ഇപ്പോഴെന്തായി …?
ഞാൻ പറഞ്ഞത് പോലെ തന്നെ നടന്നില്ലേ…?

ഇനി നിങ്ങളപ്പനും അമ്മയും മകളും കൂടി തീരുമാനിക്ക് ബാക്കി കാര്യങ്ങൾ കൂടി… എന്നെ ഇതിന്റെ ഇടയിലേക്ക് വിളിക്കരുത്  കേട്ടല്ലോ….?

തനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞു കഴിഞ്ഞതുപോലെ  ജിതിൻ ഡാഡിയേയും മമ്മിയേയും പെങ്ങളെയുമൊന്ന് നോക്കി…

ജിതിന്റ്റെ നോട്ടം നേരിടാനാവാതെയെന്നവണ്ണം  ജീന വേഗം തലതാഴ്ത്തി…..

എടീ,  ചേച്ചീ എന്താടീ ശരിക്കും നിന്റ്റെ പ്രശ്നം…? ഞാൻ അളിയനെ വിളിച്ചു ചോദിച്ചു ,അവിടെ നിങ്ങൾക്ക് ഇടയിൽ എന്തെങ്കിലും വഴക്ക് ഉണ്ടായോന്ന്..?

അളിയൻ പറഞ്ഞത് അവിടെ ആരും തമ്മിലൊരു പ്രശ്നവുമില്ല പക്ഷേ നീ എല്ലാവരിൽ നിന്നും അകലം പാലിക്കുകയാണെന്നാണ്….

കാരണം എന്താണെന്ന് അളിയനോ അവിടത്തെ അച്ഛനോ അമ്മയ്ക്കോ ഒന്നും അറിയില്ല. ..
എന്താടീ ചേച്ചീ നിന്റ്റെ പ്രശ്നം. .എന്നോട് പറ ഞാൻ നിന്റ്റെ അനിയനല്ലേ…?

നീയല്ലേടീ ഞങ്ങളുടെ എല്ലാം ഇപ്പോൾ തന്നെ നീ തിരികെ വരാനുള്ള കാരണമെന്താണെന്ന് പോലും അറിയാതെ വിഷമിച്ചിരിപ്പാണ് ഇവിടെ നമ്മുടെ ഡാഡിയും മമ്മിയും…,അവിടെ  കരുവാറ്റയിൽ അളിയന്റ്റെയും വീട്ടുക്കാരുടെയും അവസ്ഥയും  ഇതുതന്നെയാണ്… ..

നീ നിന്റ്റെ ഇഷ്ടപ്രകാരം  സ്നേഹിച്ച് വിവാഹം കഴിച്ചതാണ് ചേച്ചീ… ..നിന്റ്റെ ഇഷ്ടമാണ് വലുതെന്ന് കരുതിയല്ലേടീ ചേച്ചീ ഒരുപാടന്തരങ്ങൾ ഇരുകുടുംബങ്ങൾ തമ്മിലുണ്ടായിട്ടും ഞങ്ങളീ കല്ല്യാണം നടത്തീത്…

അപ്പോൾ നീയൊരു തിരിച്ചു പോക്കില്ലാന്ന് പറഞ്ഞു ഭർതൃ വീടുപേക്ഷിച്ചു വരുമ്പോൾ അതിന്റെ കാരണം ഞങ്ങൾ വീട്ടുകാർ അറിയണ്ടേടീ….പറ  ചേച്ചീ….??

യാചനപോലെ തന്റ്റെ ഇരുകൈകളിലും പിടിച്ചു കൊണ്ട് ജിതിനതു ചോദിച്ചപ്പോൾ ജീന അവന്റെ കണ്ണുകളിലേക്ക് നോക്കി….

എത്ര ദേഷ്യംകാണിച്ചാലും പ്രാണനാണവന് താൻ…തന്റ്റെ കണ്ണൊന്ന് നിറഞ്ഞാലവന് സഹിക്കില്ല അതാണ് ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നീടുവന്നു കാരണം ചോദിക്കുന്നത്..

ഇവനോട് എന്ത് കാരണം പറയും കർത്താവേ..? പറഞ്ഞാൽ ഇവൻ തന്നെ പരിഹസിച്ചാലോ…?

ടീ ചേച്ചീ പറയെടീ…എന്താ ഇത്ര ചിന്തിക്കാൻ… അത്രയും വലിയ വല്ലപ്രശ്നവുംമാണോടീ…? അവന്റെ മുഖത്ത് ആശങ്ക നിറഞ്ഞു

ടാ മോനെ ഞാൻ അവിടെ നിന്ന് പോരാനുളള കാരണം നിന്നോടു പറയാം ,നീ ചിരിക്കരുത്..
ഇതിന്റെ പേരിലെന്നെ പരിഹസിക്കുകയും ചെയ്യരുത് സമ്മതിച്ചോ…?

ആ…സമ്മതിച്ചു. ..കാര്യം മനസ്സിലാവാതെ സമ്മതം പറയുമ്പോഴും  ജിതിന്റ്റെ മുഖത്ത് ആശങ്കയായിരുന്നു…

ടാ  ജിതിനെ നീയെങ്ങോട്ടാ  ഈ ബാഗെല്ലാമായിട്ട്. …?

അമ്പരന്ന മുഖത്തോടെ തന്നെ പകച്ചുനോക്കുന്ന ജോയിമാഷിന്റ്റെ മുഖത്തേക്ക് ജിതിൻ ഒരു കുസൃതിയോടെ നോക്കി. ..

ഞാൻ കരുവാറ്റയിലേക്ക് അളിയന്റ്റെ വീട്ടിലേക്ക്. .

ജിതിന്റ്റെ മറുപടി മാഷിലും ടീച്ചറിലും ആകാംക്ഷയും അമ്പരപ്പും വർദ്ധിപ്പിച്ചപ്പോൾ ജീനയൊരു ചെറുചിരിയോടെ  അവരെ നോക്കി. …

അപ്പോൾ കാര്യങ്ങളെല്ലാം ഞാൻ പോയി വന്നിട്ട്. ..ബൈ ..

വസ്ത്രങ്ങളടങ്ങിയ വലിയ ബാഗ് തോളത്തിട്ട് ജിതിൻ ഗേറ്റ് കടന്ന് മറയുന്നത് മാഷും ടീച്ചറും നോക്കി നിന്നു

അല്ലാ  …ഇതാര് ജിതിനോ. .?

പാടവരമ്പിലൂടെ  നടന്നു വരുന്ന ജിതിനെ കണ്ട് ഗോപൻ ആദ്യമൊന്നമ്പരന്നു, പിന്നെയവൻ പ്രതീക്ഷയോടെ ജിതിന്റ്റെ പുറകിലെ വഴിയിലേക്ക് കണ്ണുകൾ പായിച്ചു….

അളിയോ. ..അളിയൻ നോക്കുന്നത് ചേച്ചിയെ ആണെങ്കിൽ അവള് വന്നിട്ടില്ല… ഞാൻ മാത്രം. ..അളിയൻ പേടിക്കണ്ട രണ്ട് ദിവസം കഴിഞ്ഞവള് ഇങ്ങോട്ടു തന്നെ പോരും. …പോരെ….?

ജിതിന്റ്റെ ചോദ്യത്തിനൊരു പുഞ്ചിരി മറുപടി നൽകുമ്പോഴും  ഗോപന്റ്റെ മുഖത്ത് വേദന നിഴലിച്ചിരുന്നു…

പ്രാണനെപോലെ സ്നേഹിച്ച് കൂടെകൂട്ടിയവൾ കാരണം പറയാതെ തനിച്ച് വിട്ട്  പോയതിന്റ്റെ വേദന അളിയന്റ്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നത് ജിതിനും ശ്രദ്ധിച്ചു. ..

ജിതിന്റ്റെ വരവിനു പിന്നിലെ കാരണം തിരക്കീലെങ്കിലും ഗോപന്റ്റെ മാതാപിതാക്കൾ അവനെ നല്ല രീതിയിൽ സൽകരിച്ചൂ. ..

അവനായി ഓരോന്നും ചെയ്തു നൽകുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷം അതീ ഗ്രാമത്തിന്റെ മാത്രം നിഷ്കളങ്കതയാണെന്നവനു തോന്നി. .

മോനെ ജിതിനെ വരൂ….ഊണെടുത്ത് വെച്ചൂ…

ഗോപന്റ്റെ അമ്മയുടെ ശബ്ദം കേട്ട ജിതിൻ വേഗം കയ്യിലെ മൊബൈൽ ഓഫാക്കി ഭക്ഷണം കഴിക്കാൻ ചെന്നു….അവനൊപ്പം തന്നെ കൈ കഴുകി ഗോപന്റ്റെ അച്ഛനും ഗോപനും ഊണുകഴിക്കാൻ ഇരുന്നു. ..

എല്ലാവരും ഭക്ഷണം കഴിക്കൽ തുടരവേ പെട്ടെന്ന് ജിതിൻ ഭക്ഷണം കഴിക്കുന്നത് നിർത്തി  ഗോപന്റ്റെ അച്ഛനെ ശ്രദ്ധിച്ചു…,

വളരെ ആസ്വദിച്ച് ചോറിൽ കറിയൊഴിച്ചുരുട്ടി കഴിക്കുന്ന അദ്ദേഹത്തിൽ നിന്ന് ഭക്ഷണം ചവക്കുമ്പോഴുയരുന്ന ശബ്ദം അവിടെയാക്കെ മുഴങ്ങുന്നതായ് തോന്നി ജിതിന്,

കയ്യിലൂടൊലിച്ചിറങ്ങിയ കറിയെ നാവുനീട്ടിയദ്ദേഹം തടഞ്ഞു പിടിക്കുന്നതും വിരലുകളിൽ പറ്റിപിടിച്ച  ഭക്ഷണാവശിഷ്ടങ്ങളെ നാവിനാൽ വൃത്തിയാക്കി യും അദ്ദേഹം ഭക്ഷണം കഴിക്കൽ തുടരവേ…

വീണ്ടും വീണ്ടും അതുതന്നെ നോക്കിയ ജിതിന്റ്റെ അടിവയറ്റിലൊരു ഛർദ്ദിയുടെ മേളം പൊട്ടിപ്പുറപ്പെട്ടതും അവൻ വേഗം ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേറ്റൂ….

മോനെ മോനെന്താ നിർത്തീതെന്ന ,അവരുടെ ചോദ്യത്തിന് മതി എന്നുമാത്രം പറഞ്ഞു കൊണ്ടവൻ അവിടെ നിന്നെഴുന്നേറ്റൂ ….

കിടക്കാനായ് രാത്രി ജിതിനു മുറികാണിച്ചു കൊടുക്കവേ  ഗോപൻ ജിതിനരിക്കിലായ് ഇരുന്നു

”ജിതിനെ നിന്നെഞാൻ എന്റ്റെ   അനിയനായിട്ടാണ് കണ്ടിട്ടുള്ളത്, ഒരു ചേട്ടനോടുളള സ്നേഹം നീ എനിക്കും നൽകീട്ടുണ്ട്.. അതുകൊണ്ട് ചോദിക്കാണ് ജീന ഇവിടെയുപേക്ഷിച്ച് പോവാനുള്ള കാരണം മോനറിയുമെങ്കിൽ പറഞ്ഞു താ. ..

ഇവിടെ ഞങ്ങളുടെ കയ്യിൽ നിന്ന് വന്ന തെറ്റാണെങ്കിലത് തിരുത്താൻ ഞങ്ങൾ തയ്യാറാണെടാ മോനെ.. ..അവളെ അത്രയ്ക്ക് ഇഷ്ടമാണെടാ ഇവിടെ എല്ലാവർക്കും. ..

എന്റെ ഈ ഗ്രാമത്തെയും തനി ഗ്രാമീണരായ എന്റ്റെ മാതാപിതാക്കളെയും ഇഷ്ടപ്പെട്ടെന്റ്റെ കൂടെ വന്നവളാണവൾ. ..വന്ന അന്നുമുതലീ വീട്ടിലെ മകളായിരുന്നവൾ. ..

പക്ഷേ പിന്നെ പിന്നെ അവൾ അമ്മയിൽ നിന്നും  ഞങ്ങളിൽ നിന്നുമെല്ലാം അകന്നു. ..നിനക്ക് അതിന്റെ കാരണം അറിയാമോ.?

പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന അളിയന്റ്റെ മുഖത്തേക്ക് ഒരു നിമിഷം ജിതിൻ നോക്കി നിന്നു. ..

അറിയാം …എനിക്ക് അറിയാം ചേച്ചീ ഇവിടെ നിന്ന് പോരാനുളള കാരണം ….

എന്താണത് …പറയെടാ മോനെ…

അത് അളിയാ അതു പിന്നെ…. എന്തുപറഞ്ഞു തുടങ്ങുമെന്നറിയാതൊരു നിമിഷം ജിതിൻ പരുങ്ങി. ..

ഹ പറയെടാ എന്താണെങ്കിലും…. ..

അതുപിന്നളിയാ ഞാനും ചേച്ചിയും ചെറുപ്പംമുതലേ കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്…അവിടെ ഭയങ്കര ചിട്ടകളും നിയമങ്ങളുമാണെന്നളിയനറിയാലോ….?

ആ…അതെ…അതിനെന്താ…അതും ജീനയുടെ …..

ബന്ധമുണ്ടളിയാ. ..ഇവിടെ ഈ ഗ്രാമത്തെയും നിങ്ങളുടെ മാതാപിതാക്കളെയുമെല്ലാം അവൾക്ക് ഇപ്പോഴും ജീവനാണ്. ..പക്ഷേ അളിയന്റ്റെ അച്ഛന്റ്റെയും അമ്മയുടേയും ചില സ്വഭാവങ്ങൾ അവൾക്ക് ഉൾക്കൊള്ളാൻ വയ്യ…. ..അതാണ്. .

അച്ഛന്റെയും അമ്മയുടെയും എന്ത് സ്വഭാവം. …?

അതുപിന്നെ ഭക്ഷണ സമയത്ത് അദ്ദേഹം ഉണ്ടാക്കുന്ന ശബ്ദവും. ..ഭക്ഷണ ശേഷം പല്ലുകൾക്കിടയിൽ ഈർക്കിൽ കൊണ്ട് കുത്തി ശബ്ദമുണ്ടാക്കി തുപ്പുന്നതും ഒക്കെ അവളിൽ പ്രശ്നം സൃഷ്ടിക്കുന്നു…

ടേബിൾ മാനേഴ്സെന്ന് ചിട്ടയിൽ ജീവിതം ശീലിച്ച അവൾക്ക് അച്ഛന്റെ ആ ശീലവും എപ്പോഴും മൂക്കിനുളളിൽ വിരലുകൾ ഇട്ടുകൊണ്ട് നടക്കുന്ന ഇവിടുത്തെ അമ്മയുടെ സ്വഭാവവും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ..

കുറെ ശ്രമിച്ചു അവൾ…ആരോടും അത് തുറന്നു പറയാനും പറ്റാതെ നിങ്ങളിൽ നിന്നകലം പാലിച്ചവൾ….

കേൾക്കുന്നവർക്ക് നിസാരമാണളിയാ ഇതൊക്കെ… ..ചെറുപ്പംതൊട്ടേ കാണുന്നത് കൊണ്ട് അളിയനിതൊന്നും പ്രശ്നമായി തോന്നില്ല. ..പക്ഷേ….?

ആരോടും ഒന്നും പറയാൻ പറ്റാതെയവൾ അറിയാതെ ഇവിടെ നിന്നകന്നും. .കേട്ടാൽ എല്ലാവരും ചിരിക്കുമെന്ന് പേടിച്ച് ആരോടും ഒന്നും പറഞ്ഞില്ല…

ജിതിന്റ്റെ വാക്കുകൾക്കൊരു  മറുപടി പറയാനില്ലാതെ ഗോപൻ ആ മുറി വിട്ട് പുറത്തിറങ്ങിയപ്പോൾ…

ഉമ്മറപടിയിൽ പല്ലിൽകുത്തി കൊണ്ടച്ഛനും സംസാരത്തിനിടയിൽ അറിയാതെയെന്നവണ്ണം  മൂക്കിനുളളിൽ വിരലുകൾ ഇട്ട് അമ്മയും ഇരിപ്പുണ്ടായിരുന്നു…

ആദ്യമായി കാണുംമ്പോലെ അവരെ സൂക്ഷിച്ച് നോക്കവേ അവരുടെ പ്രവർത്തി ഗോപനിൽ അസഹ്യത നിറച്ചു… …

എന്നാലും എന്റെ മോളെ… ഇങ്ങനെ ഒരു കാരണം കൊണ്ട്  നീയ്യാ വീട് വിട്ടു പോന്നല്ലോ കഷ്ടം. …

മേരിടീച്ചറൊരു കുറ്റപ്പെടുത്തൽ പോലത് ജീനയെ നോക്കി പറയവേ ഗോപന്റ്റെ അമ്മ വേഗം അവരെ തടഞ്ഞു. …

ജീനയുടെ അമ്മ അങ്ങനെ പറയരുത്. ..അതത്ര നിസാരമായൊന്നല്ല…ചെയ്തിരുന്ന ഞങ്ങൾ അതിന്റെ വൃത്തിക്കേട് ഓർക്കാതിരുന്നപ്പോൾ കാഴ്ചകാരിൽ എത്ര പേർക്ക് അത് അരോചകമായീ തീർന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയാം. .

നാം അറിയാതെ ചെയ്യുന്ന അത്തരം പ്രവർത്തികൾ കാഴ്ചകാരിൽ നമ്മളോട് സൃഷ്ടിക്കുന്ന വെറുപ്പെത്രയെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം. .

ഞങ്ങളുടെ മോള് കാരണം. …വാ മോളെ ഇനിയങ്ങനൊരവസ്ഥ ഞങ്ങളുടെ കുട്ടിക്ക് ഉണ്ടാവില്ല…. …

സ്നേഹത്തോടെ ജീനയെ ചേർത്ത് പിടിച്ചത് ഗോപന്റ്റെ അമ്മ പറയുമ്പോൾ ജിതിൻ ചിന്തിച്ചത് ഇതുപോലെ നിസാരമായഎത്രയോ പ്രശ്നങ്ങളിൽ തട്ടിയാണല്ലോ പലപ്പോഴും  പല  കുടുംബബന്ധവും തകരുന്നതെന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *