പുതു പെണ്ണാണെന്ന് പറഞ്ഞെത്ര ദിവസം പണിയെടുക്കാതെ തിന്നാൻ പറ്റും, പക്ഷേ എനിക്ക്..

പുതുപെണ്ണ്
(രചന: Rajitha Jayan)

കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട്  മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ  ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ….

ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ വയനാട്ടീന്ന് തന്നെയൊരു ചെക്കൻ മതീന്ന്… ന്നിട്ട് അതുകേൾക്കാതെ എന്നെയീ കണ്ണൂരിലേക്ക് കെട്ടിച്ച് വിട്ടിട്ട് ഇപ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടോ….?

എന്റെ മോളെ  ഈ കല്യാണം , വീടുവെക്കല് ഒക്കെ ദൈവത്തിന്റെ തീരുമാനങ്ങൾ ആണ്. ..നീ വയനാട്ടീന്ന് മതി ചെക്കൻ എന്ന് പറഞ്ഞത് കൊണ്ടു മാത്രം കാര്യമില്ല നിനക്ക് ഈശ്വരൻ കരുതിവെച്ചവൻ കണ്ണൂരിൽ ആയി പോയീലേ….

അതുകൊണ്ട് അമ്മയുടെ കുട്ടി അവിടത്തെ സാഹചര്യത്തിനനുസരിച്ച് ജീവിക്കാൻ പഠിക്ക്. …

ഓരോ പെണ്ണിന്റെയും വിവാഹ  ജീവിതം തുടങ്ങുന്നത് ഇങ്ങനെയൊക്കെതന്നെയാണ്… പിന്നെ ഇടയ്ക്കിടെ അവിടത്തെ പോരായ്മകൾപറഞ്ഞുളള ഈ സംസാരം നീ ഇതോടെ നിർത്തണം.

ഒന്നുമില്ലെങ്കിലും നല്ല ഒരുത്തനെ തന്നെയല്ലേ നിനക്ക് ഈശ്വരൻ ഭർത്താവായി തന്നത്..

അമ്മ ആ പറഞ്ഞത് ശരിതന്നെയായതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അമ്മയുമായുളള ഫോൺ സംഭാഷണം അവസാനിപ്പിച്ച് മെല്ലെ അടുക്കളയിലേക്ക് നടന്നു. …

മനസ്സിലൊരൊറ്റ പ്രാർഥന മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ ,,,ഈശ്വരാ അവരെന്നോട് പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് മനസ്സിലാവണേന്ന്…..

ഇപ്പോൾ നിങ്ങളുടെ മുഖത്തുവിരിയുന്ന  പുച്ഛവും, പരിഹാസവും, ചോദ്യങ്ങളുമെല്ലാം എനിക്ക് ഇവിടെ നിന്ന് കാണാം ട്ടോ….

“”ഇവളെന്താ മനുഷ്യൻമാരുടെ ഇടയിലല്ലേ ജീവിക്കുന്നത് ഇത്ര ഭയക്കാൻന്ന്…

ആ നിങ്ങൾക്ക് അങ്ങനെയൊക്കെ ചിന്തിക്കാം പക്ഷേ കൃത്യമായ ഒരു  ഭാഷയോ സംസ്കാരമോ ഇല്ലാത്ത വയനാട്ടിൽ ജനിച്ച് ജീവിച്ച എനിക്ക് ഇവിടുത്തെ  സംസാരരീതിയൊരു കീറാമുട്ടി തന്നെയാണ്. ..

പലപ്പോഴും ഇവരു പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റാതെ ഞാനിവരുടെ ഓരോരുത്തരുടെയും മുഖത്തേക്ക് സൂക്ഷിച്ച് നോക്കും….

കാരണം അവർ പറഞ്ഞ കാര്യത്തിന് കൊടുക്കേണ്ട ഭാവങ്ങൾ അവരുടെ മുഖത്ത് നിന്നല്ലേ മനസ്സിലാക്കാൻ പറ്റൂ…..

കഴിഞ്ഞ ദിവസം ഏട്ടന്റ്റെ അച്ഛൻ ഇവിടുത്തെ അമ്മയോട് ചോദിക്കണത് ഞാൻ കേട്ടതാ നമ്മുടെ  വേണൂന്റ്റെ ഭാര്യക്ക് ചെവികേൾക്കലിത്തിരി കുറവാണോന്ന്. ..

ആദ്യം ഒന്ന് പകച്ചുപോയെങ്കിലും അച്ഛന്റെ സംശയം ന്യായമായതുകൊണ്ട് ഞാനൊന്നും മിണ്ടീല കാരണം അവരുടെ പല ചോദ്യങ്ങളും എനിക്ക് മനസ്സിലായിരുന്നില്ല അതുകൊണ്ട് ഞാൻ ഉത്തരം പറയാതെ  കേൾക്കാത്ത ഭാവത്തിലങ്ങനെ നിൽക്കും,, അപ്പോൾ പിന്നെ അച്ഛന്റെ ചോദ്യം  ന്യായം. ..

പറഞ്ഞു പറഞ്ഞു ദേ  അടുക്കളയിൽ എത്തിയല്ലോ…. എന്റെ അമ്മായി അമ്മയും  നാത്തൂനുമെല്ലാം ഗംഭീര പണികളിലാണല്ലോ…. ഞാൻ ഇപ്പോൾ എന്താ ചെയുക….?

പുതു പെണ്ണാണെന്ന് പറഞ്ഞെത്ര ദിവസം പണിയെടുക്കാതെ തിന്നാൻ പറ്റും…? പക്ഷേ എനിക്ക് പറ്റുന്ന പണികളൊന്നും കാണുന്നില്ലല്ലോ ഈശ്വരാ…

ആകെ അറിയുന്നത് പാത്രങ്ങൾ കഴുക്കാനും പച്ചക്കറി അരിയാനുമാണ്… അതെല്ലാം ഇവിടെ ആരോ ചെയ്തിരിക്കുന്നു..ഇനിയെന്ത് ചെയ്യും. ..?

ഇപ്പോഴാണ് അമ്മയുടെ വാക്കുകളുടെ വില മനസ്സിലാക്കാൻ പറ്റുന്നത്…

”ഒരു പണിയും പഠിക്കാതെ ഇങ്ങനെ കുതിരകളിച്ച് നടന്നോ വല്ലവനും കെട്ടിക്കോണ്ട് പോവുമ്പോൾ കാണാം,അവിടെ ഉളളവരുടെ മുന്നിൽ നാണം കെടുമ്പോഴേ നീയൊക്കെ പഠിക്കൂ…അപ്പോഴും നിന്നെയൊക്കെ നേരെ വളർത്തീലാന്നുളള കുറ്റം  എനിക്ക് തന്നെയാവും….

അമ്മേ ,അമ്മ പറഞ്ഞത് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. ..പക്ഷേ ഞാനൊരിക്കലും എന്റ്റെ അമ്മയെ പറയിപ്പിക്കില്ല സത്യം. ..

മനസ്സിൽ അമ്മയ്ക്ക് വാക്കുംകൊടുത്ത് ഇനിയെന്ത് എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ അമ്മായിഅമ്മ ഒരു പാത്രത്തിൽ മീനുമായ് പുറത്തേക്ക് പോവുന്നത്  കണ്ടത്. …

അമ്മേ. …മീൻ ഞാൻ വെട്ടി കഴുകി വൃത്തിയാക്കാം…

എന്റ്റെ  സംസാരംകേട്ട  അമ്മായിഅമ്മയുടെ മുഖത്തെ സന്തോഷം എത്രയാണെന്ന് നിങ്ങൾ കണ്ടു തന്നെ അറിയണം…..

വേണ്ട മോളെ മോളിതൊന്നും ചെയ്യണ്ട എന്ന് പറഞ്ഞ അമ്മയുടെ  കയ്യിൽ നിന്ന് നിർബന്ധപൂർവ്വം ഞാനാ പാത്രം പിടിച്ചു വാങ്ങി മീൻ വൃത്തിയാക്കുമ്പോൾ അമ്മ അകത്തുപോയി എന്നെ പറ്റി അച്ഛനോട് സന്തോഷത്തോടെ പറയുന്നത് ഞാനീ അടുക്കളപുറത്തിരുന്ന് കേട്ടൂ…

”’നമ്മുടെ  വേണൂന് തെറ്റ് പറ്റീട്ടില്ല ട്ടോ….നല്ല ഒരു മരുമകളെതന്നെയാണവൻ നമ്മുക്ക് തന്നിരിക്കുന്നത്….

അമ്മയുടെ വാർത്തകൾ കേട്ട സന്തോഷത്തിൽ മീൻ എത്രപെട്ടന്നാണ് ഞാൻ വെട്ടികഴുകിയത്…. ഹോ എന്നെ സമ്മതിക്കണം. ..

ഇനി  ഈമീൻ വേസ്റ്റ് എവിടെയെങ്കിലും കളഞ്ഞ് മീൻ കഴുകിയാൽ തീർന്നു.പക്ഷേ വേസ്റ്റ് എവിടെ കളയും. ..?

വയനാട്ടിൽ ആയിരുന്നപ്പോൾ  പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ഇവിടെ എങ്ങനെ ആവോ ..?

അമ്മയോട് ചോദിക്കാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ്  ഒരു  ചിരിയോടെ എന്നെ നോക്കി അതിലെ വേണുവേട്ടൻ പോയത്. .  ഭാര്യ ജോലി ചെയ്യുന്നത് കണ്ട ഭർത്താവിന്റെ സന്തോഷം… …ഹോ….എനിക്ക് ഇനി മരിച്ചാലും വേണ്ടില്ല ,,പക്ഷേ അതിനുമുൻപ് ഈ മീൻ വേസ്റ്റ് എവിടെ ഇടും….?

ആ ദേ അമ്മ വരുന്നുണ്ട്  കൂടെയാരാ കുറച്ചു സ്ത്രീകൾ.. ..ഓ എന്നെകാണാൻ വന്ന അയൽവാസികളാവും, പുതിയ  പെണ്ണല്ലേ…..?

മോളെ. …ദാ ,ഇവരു മോളെ കാണാൻ  വന്നതാ മോള് വേഗം കൈകഴുകി വന്നേ ….

ദാ ഇപ്പോൾ വരാം അമ്മേ അതിനു മുമ്പ് ഈ വേസ്റ്റ് ഒന്ന് കളയണം. ..ഇതെവിടെയാ അമ്മേ  കളയുക …

അതാ തൊടിയിലേക്ക്  ”ചാടികള” മോളെ ,വല്ല പൂച്ചയോ പട്ടിയോ തിന്നോളും…

അതും പറഞ്ഞമ്മ പോയമ്പോൾ ഈശ്വരാ പെട്ടത് ഞാനാണല്ലോ. ..അമ്മ പറഞ്ഞതെന്താണെന്ന് സത്യം പറഞ്ഞാലെനിക്ക് മനസ്സിലായില്ല…. ..തൊടിയിലേക്ക് ചാടിക്കള എന്ന് പറഞ്ഞാലെന്താണീശ്വരാ….

ഇനി ആരോടാണൊന്ന് ചോദിക്കുക കൃഷ്ണാ… അമ്മയോട് ചോദിക്കാമെന്ന് വെച്ചാൽ അയൽപക്കത്തെ സ്ത്രീകൾ എല്ലാം ഉണ്ട്… എന്റെ അജ്ഞത അവർക്കൊരു തമാശ ആയാലോ….?

വേണ്ട, അതു വേണ്ട. ..പക്ഷേ  ഇതുകളയണമല്ലോ. ..അമ്മ ഇപ്പോൾ വിളിക്കും കണ്ടില്ലെങ്കിൽ. …

ആ ചാടികളയാനല്ലേ പറഞ്ഞത്. ..തൊടി എന്ന് പറഞ്ഞാൽ പറമ്പ് ആണ്  അപ്പോൾ. ……..ചാടി പോയി  പറമ്പിലൊഴിക്കാനാണ്…..എന്തിനാണാവോ ചാടി പോയി കളയുന്നത്. …..ഇവിടെ അങ്ങനെ ആവും. ..

ഓ ഇത്ര നിസ്സാരമായൊരു കാര്യം അറിയില്ല എന്ന് പറഞ്ഞു ചോദിക്കാൻ പോയിരുന്നെങ്കിൽ മാനം പോയേനെ….

ഓരോരോ നാട്ടിലെ ഓരോ കാര്യങ്ങൾ. …
ഒന്നിത്തിരി ചാടണംന്നല്ലേ ഉളളൂ…. അതെന്തിനാവോ… ആ പിന്നീട് ആരോടെങ്കിലും ചോദിക്കാം ഇപ്പോൾ വേഗം ഇതു ചെയ്യാം. ..

പ്രശ്നം പരിഹരിച്ച ഞാൻ മീൻ വേസ്റ്റ് അടങ്ങിയ പാത്രം കയ്യിലെടുത്ത്  പറമ്പിലേക്കൊന്നു നോക്കി കുറച്ചപ്പുറത്താണ് … സാരമില്ല. ഞാൻ മെല്ലെ മീൻ വേസ്റ്റ് നിറഞ്ഞ പാത്രം  കയ്യിലെടുത്ത് ചാടാൻ തുടങ്ങി

വിചാരിച്ചപോലെ അത്രയെളുപ്പമല്ല ട്ടോ കാര്യങ്ങൾ. .മീൻ വെള്ളം തുള്ളി തെറിച്ച് എന്റെ ചുരിദാറിലാകെ വീണു… ഇനിയിപ്പോൾ വസ്ത്രം മാറ്റാതെ എങ്ങനെയാ …

ആ എന്തെങ്കിലും ആവട്ടെ ഇതൊന്നാ പറമ്പിലൊഴിച്ചാൽ മതി…ഇതെന്തിനാണാവോ ഇങ്ങനെ ചാടി ചാടി കൊണ്ട് കളയുന്നത്. ശൊ.

ചിന്തിക്കാൻ സമയമില്ല ഞാൻ വീണ്ടും സർവ്വശക്തിയുമെടുത്ത് ചാടാൻ തുടങ്ങി ഓരോ പ്രാവശ്യവും വെള്ളം തെറിച്ചു ദേഹത്ത് വീണെങ്കിലും ദേ  ഞാൻ വിജയിച്ചു. ..പറമ്പിന്റ്റെ അടുത്തെത്താനിനി ഒരു ചാട്ടംകൂടി മതി…അതിതാ  റെഡീ വൺ ടൂ …ത്രീ. …

ഷീനേ. …..ത്രീ പറയുന്നതിന് മുമ്പ് കേട്ട ഈ ദേഷ്യത്തിലുളള വിളിയൊച്ച എന്റ്റെ ഭർത്താവിന്റെ ആണല്ലോ  ഭഗവാനെ ഞാൻ ചാടിയത് ശരിയായില്ലേ ആവോ….

പേടിയോടെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു അമ്മയുംഅയൽക്കാരുമെല്ലാം എന്നെ എന്തോ അത്ഭുത ജീവിയെ പോലെ തുറിച്ച് നോക്കുന്നു ഏട്ടന്റ്റെ കണ്ണുകളിലെ ഭാവം മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ. …

ഷീനേ നിനക്കെന്താ ഭ്രാന്തുണ്ടോ. ..നീയെന്താ ഈ കാട്ടുന്നത്. …വേണുവേട്ടന്റ്റെ ചോദ്യത്തിനെത്തുത്തരം പറയണമെന്നറിയാതെ ഞാൻ പകച്ചവിടെ തന്നെ നിന്നു. ..

എന്താ വേണുവേട്ടാ ഞാൻ ചാടിയത് ശരിയായില്ലേ…..എന്റെ ചോദ്യം ഏട്ടന്റ്റെ സമനില തെറ്റിച്ചോ. …ഏട്ടൻ പാഞ്ഞു വന്നെന്റ്റെ കയ്യിൽ നിന്ന് വേസ്റ്റ് വാങ്ങി വലിച്ചെറിഞ്ഞു…. …

ഇപ്പോൾ എന്നെ നോക്കുന്ന എല്ലാ മുഖത്തും എന്നോട് സഹതാപമാണ്. ..പക്ഷേ എന്തിനാണെന്ന് എനിക്ക് അറിയുന്നില്ല

മോളെ. .മോളെന്താണീ ചെയ്തത്…ഇതെന്തിനാ ആ വെള്ളവും കൊണ്ട് ഇങ്ങനെ ചാടി ചാടി  പോയത്…

അമ്മയുടെ ചോദ്യം കേട്ട എനിക്ക് ഇപ്പോൾ കിളിപ്പോയി

അമ്മേ അമ്മയല്ലേ പറഞ്ഞത്  മീൻ വേസ്റ്റ് തൊടിയിൽ  ചാടികളയാൻ. ..അതുകൊണ്ടാ  ഞാൻ. ….

എന്റെ ഉത്തരമൊരു നിമിഷമവിടെ നിശബ്ദത നിറച്ചുവെങ്കിലും പെട്ടന്നതൊരു പൊട്ടിച്ചിരിയും കൂട്ടച്ചിരിയുമായ് മാറിയപ്പോഴാണ് ഞാനെനിക്ക് പറ്റിയ  വിഡ്ഢിത്തം തിരിച്ചറിഞ്ഞത്….

അവിടെനിന്നോടി അകത്തു കയറുമ്പോൾ ഈ ലോകം ഇപ്പോൾ അവസാനിച്ചിരുന്നെങ്കിലെന്ന ഒറ്റ ചിന്തയേ എനിക്ക് ഉണ്ടായിരുന്നുളളൂ….

Leave a Reply

Your email address will not be published. Required fields are marked *