ഒരിക്കലും ഒരു ഭർത്താവിനെ പോലെ പൂർണ സ്നേഹത്തോടെ സ്വാതന്ത്ര്യത്തോടെ വിനോദേട്ടൻ..

ആരംഭം
(രചന: Rajitha Jayan)

ഇതാരുടെ  കൂടെ ഇറങ്ങി പോവാനാടീ നീയ്യ് ഈ ബാഗെല്ലാം തയ്യാറാക്കി വെച്ചിരിക്കുന്നത്… സത്യം പറഞ്ഞോളണം  ഏതവന്റ്റെ കൂടെ പോവാനാണെടീ….

ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായ് പല്ലുകൾ  കടിച്ചമർത്തി കൈകൾ ബാഗിനു നേരെ ചൂണ്ടി  വിനോദ്   ചോദ്യം ചെയ്യാൻ തുടങ്ങിപ്പോൾ  പറയാൻ ഒന്നുമില്ലാത്തവളായ്…, ഉത്തരങ്ങൾ നഷ്ടമായവളെപോലെ  കവിത  തലയും താഴ്ത്തി നിന്നു. …..

വിനോദിന്റ്റെ ആക്രോശങ്ങളും  കവിതയുടെ  നിസ്സഹായതയും കണ്ട് സന്തോഷിച്ചുനിന്നിരുന്ന പാറുവമ്മയ്കും പെൺമക്കൾക്കും കവിതയുടെ ഉത്തരമില്ലാത്ത നിൽപ്പ് കണ്ടിട്ട്  ദേഷ്യം ഇരച്ചുകയറി…..

കാരണം  അവളെന്തെങ്കിലുമൊരു മറുപടി പറഞ്ഞാൽ ഇന്നിവിടെയൊരു അടി കാണാമായിരുന്നു….

പൊതുവെ വളരെ ചൂടനാണ് വിനോദ്. ..

ദേഷ്യം കയറിയാൽ പിന്നെ പറയുകയും വേണ്ട….. അപ്പോൾ പിന്നെ അവന്റ്റെ സുന്ദരിയായ ഭാര്യ  ഒരുത്തന്റ്റെ കൂടെ ഒളിച്ചോടാൻ നോക്കി  അവനത് കയ്യോടെ പിടിച്ചാൽ  എന്താവും  അവസ്ഥ. ….

“”കവിതേ  ഞാൻ  നിന്നോടാണ്  ചോദിക്കുന്നത്. …??

എന്റെ  ക്ഷമ യുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോൾ  നിൽക്കുന്നത്. .. വേഗം  പറഞ്ഞോ  നീ….’

ഇതാരുടെ കൂടെ പോവാൻ വേണ്ടി  നീ ഒരുക്കി  വെച്ചതാണെന്ന്… ??

ചോദ്യങ്ങൾ  തുടരുന്നതിനിടയിൽ തന്നെ വിനോദ്  ആ ബാഗ് തുറന്നു നോക്കി. .. അതിൽ അവളുടെ കുറച്ചു തുണികളും  പിന്നെ ഏതാനും  സർട്ടിഫിക്കറ്റുമായിരുന്നു. ..

കവിതേ  ഇനിയെനിക്ക്  നിന്നോടൊന്നും പറയാനില്ല…, …ചോദിക്കാനും… നിനക്ക് പോവാം  എവിടേക്കാണെങ്കിലും ഇപ്പോൾ തന്നെ. ..

ഒരു ഞെട്ടലോടെ  കവിത മുഖമുയർത്തി വിനോദിനെ നോക്കിയപ്പോൾ ഒരടി കാണാൻ  പറ്റാത്ത വിഷമത്തിലായിരുന്നു പാറുവമ്മയും  മക്കളും

നിനക്കെടുക്കാനുളളത് ഈ ബാഗല്ലേ വേഗം  അതെടുത്തോ എന്നിട്ട് എന്റ്റെ കൂടെ വാ. ….

എങ്ങോട്ട്. …??

വിറയാർന്ന ശബ്ദത്തിൽ ആ ചോദ്യം  അവനോട് ചോദിക്കുമ്പോൾ അവളുടെ  ഉള്ളിൽ ഭയമായിരുന്നു…..

എങ്ങോട്ടെന്നോ…നിന്നെ  എനിക്കെവിടെ നിന്നാണോ കിട്ടിയത് അവിടേക്ക് തന്നെ….. ….നിന്റ്റെ വീട്ടിലേക്ക് …

എനിക്കൊപ്പം   എന്റെ  വീട്ടിൽ ഉണ്ടായിരുന്നവൾ  വേറൊരുത്തന്റ്റെ കൂടെ പോയെന്ന്  നാട്ടുക്കാരും നിന്റ്റെ  വീട്ടുകാരും  നാളെ പറയുമ്പോൾ എനിക്ക് പറയണം അവരോട്

ചാടിപോവാൻ നോക്കിയവളെ  ഞാനവളുടെ വീട്ടിലാ  കൊണ്ടു ചെന്നാക്കിയത്  ….അവൾ പോയതെനിക്കരിക്കിൽ നിന്നല്ലാന്ന്….

എന്തോ മറുപടി  പറയാൻ  തുടങ്ങിയ കവിതയെ അതിനനുവദിക്കാതെ വിനോദ്  അവളെയും പിടിച്ചു വലിച്ചാ ബാഗുമായി പുറത്തേക്ക്  നീങ്ങിയപ്പോൾ ആ കാഴ്ച നോക്കി രസം പൂണ്ട് ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു  മറ്റുള്ളവർ. ….

തലയും താഴ്തിപിടിച്ചൊരു തെറ്റുക്കാരിയായ്  അവിടെ നിന്നിറങ്ങുമ്പോൾ ഒട്ടും വേദന തോന്നിയില്ല കവിതക്ക്. ….

ഈ ഇറങ്ങി പോക്ക് താൻ  കരുതിയതാണല്ലോ നാളെ….. അതൊരുദിവസം  നേരത്തെ ആയെന്ന് മാത്രം. .

ടിപ്പറിൽ  വിനോദിനൊപ്പം  വീട്ടിലേക്ക് മടങ്ങുമ്പോൾ  ചെറിയ ഒരു ഭയമായിരുന്നവളുടെ മനസ്സിൽ. ..

കാരണം  രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു ആ വീട്ടിൽ നിന്നും വിനോദേട്ടന്റ്റെ ഭാര്യയായ്  പടിയിറങ്ങി വന്നത്. ..

പിന്നീടങ്ങോട്ടു പോയത് ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു. ..

തനിക്ക്  കാണുവാനും തന്നെ  കാത്തിരിക്കാനും ആരുമില്ലാത്ത ആ വീട്ടിലേക്ക്  ഏട്ടന്റ്റെയും ഏട്ടത്തിയമ്മയുടെയും കറുത്ത മുഖം  കാണാൻ വേണ്ടി  മാത്രം പോയിരുന്നില്ല. ..

കുട്ടിക്കാലത്തേ അച്ഛനെയും അമ്മയെയും ഒരപകടത്തിൽ നഷ്ടപ്പെട്ടപ്പോൾ ആകെ തുണയായവശേഷിച്ചത് ഏട്ടനായിരുന്നു..

എന്നാൽ നിയന്ത്രിക്കാൻ ആരും ഇല്ലാത്തതിനാൽ  ചളികുഴികളിലൂടെയായിരുന്നു വളർന്നു വരും തോറും ഏട്ടന്റ്റെ യാത്ര. ..

ആ യാത്രയിൽ ഇരുപ്പത്തി മൂന്നാം വയസ്സിൽ ഏട്ടൻ കൂടെ കൂട്ടിയതാണ്  അവനെക്കാൾ പ്രായ കൂടുതൽ ഉള്ള   ഷീന എന്ന തന്റെ ഏടത്തിയമ്മയെ..

ദുരിതങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്ക് വഴിമാറിപോവേണ്ട തന്റ്റെ  ജീവിതത്തിലേക്കപ്പോഴാണ് വിനോദേട്ടൻ കയറി വന്നത്….

തന്റെ മുഖഭംഗി കണ്ടിഷ്ടമായ വിനോദേട്ടൻ സ്ത്രീധനം  വേണ്ടാന്നു  പറഞ്ഞു തന്നെ  കല്യാണം ആലോചിച്ചപ്പോൾ  താനെന്ന് ഭാരത്തെ  ,,,ഏട്ടനും  ഏട്ടത്തിയമ്മയും  വിനോദെന്ന ടിപ്പർ  മുതലാളിക്ക് നൽകി കടമ കഴിച്ചു. ….

വറചട്ടിയിൽ നിന്നും എരിത്തീയ്യിലേക്ക്  വീണപോലെയായ് താൻ…

പരുക്കൻ സ്വഭാവമുള്ള,,  സ്നേഹത്തോടെ ഇന്നേവരെ ഒരു വാക്കുപോലും തന്നോട്  പറയാത്ത വിനോദേട്ടൻ തന്നെ എപ്പോഴെങ്കിലും ഒരു ഭാര്യയായ്  കണ്ടിരുന്നോ….? ??

വിനോദേട്ടന്റ്റെ അമ്മ  പാറുവമ്മയ്ക്കും രണ്ട് പെങ്ങൻമാർക്കും തട്ടിരസിക്കാനുളള കളിപ്പാട്ടമായിരുന്നു പലപ്പോഴും താൻ ആ വീട്ടിൽ. ….

കെട്ടിച്ചുവിട്ടതാണവരെ രണ്ടാളെയും…പക്ഷേ  തെറ്റിപിരിഞ്ഞ്  വീട്ടിൽ വന്നു നിൽപ്പാണവർ…

നാട്ടിൽ പല കഥകളും അവരെ പറ്റി കേൾക്കുന്നുണ്ട്.

കേട്ടത്തിൽ പലതും ശരിയായിരുന്നു എന്നതിന് താൻ സാക്ഷിയായിരുന്നല്ലോ…

അവരുടെ  മുറിയിൽ നിന്നിറങ്ങി പോയിരുന്നവൻമാരുടെ മുന്നിൽ പെടാതെ താനെത്രയോ പ്രാവശ്യം ഒഴിഞ്ഞു മാറിയിരുന്നു. .

തനിക്കൊന്നും  ആരോടും  പറയാനില്ലായിരുന്നു…അല്ലാ  തനിക്ക് പറയാനുള്ളത് കേൾക്കാൻ ആരുമില്ലായിരുന്നു…..

പലരാത്രികളിലും വിനോദേട്ടൻ വീട്ടിലേക്ക് വന്നിരുന്നില്ലല്ലോ. ..??

അവനു വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്ന് എത്രയോ പ്രാവശ്യം  ആരെല്ലാമോ പറഞ്ഞിരിക്കുന്നു.

ശരിയായിരിക്കുമത് കാരണം  ഒരിക്കലും ഒരു ഭർത്താവിനെ പോലെ  പൂർണ സ്നേഹത്തോടെ  സ്വാതന്ത്ര്യത്തോടെ വിനോദേട്ടൻ തന്നെ  സ്പർശിച്ചിട്ടില്ല.. മനസ്സുപോലെതന്നെ ശരീരങ്ങളും  പലപ്പോഴും വളരെ ദൂരെയായിരുന്നു

തന്റെ  ഏകാന്തകളിലേക്കും ഒറ്റപെടലിലേക്കും  ഒരു കുളിരായ് വന്ന  സ്വാന്തനമായിരുന്നു  ആ സുഹൃത്ത്. ..

ഇന്നേവരെ പേര് പോലും ചോദിച്ചിട്ടില്ല ആ സുഹൃത്തിനോട്.. സംസാരമെല്ലാം അക്ഷരങ്ങളിലൂടെ സന്ദേശങ്ങളായിട്ടായിരുന്നു…

എപ്പോഴോ തനിക്കരിക്കിലേക്കെത്തിയ തന്റ്റെയാ മുഖപുസ്തക സുഹൃത്തായിരുന്നു പിന്നീടിന്നുവരെ തന്റ്റെ  വഴികാട്ടി. …

തന്റ്റെ വിഷമങ്ങളെല്ലാം ഏറ്റുവാങ്ങി തന്നെ ആശ്വസിപ്പിക്കുമ്പോൾ തനിക്കയാൾ ബാല്യത്തിൽ മരിച്ചു പോയ തന്റ്റെ  അച്ഛനായിരുന്നു…

കുസൃതികൾ പറഞ്ഞ് വിഷമങ്ങൾ മാറ്റുമ്പോൾ കൂടെ പിറന്ന  സഹോദരനായിരുന്നു…

ഒരിക്കലും താൻ അയാളിൽ ഒരു ഭർത്താവിനെയോ കാമുകനെയോ കണ്ടിരുന്നില്ല…

കുട്ടികാലത്ത് നഷ്ടമായ സ്നേഹതണലിലേക്ക് നടന്നുപോവാൻ ആഗ്രഹിച്ച  ഒരു കുട്ടി മാത്രമായിരുന്നു താനയാൾക്കും…

തന്റെ  സ്പ്നങ്ങളിലെ  ചെറിയ വീടിനെപറ്റി അവിടെ  നട്ടുവളർത്തേണ്ട പൂവുകളെയും കോഴികളെയും മൃഗങ്ങളെയും പറ്റി  അയാളോട്  പറയുമ്പോൾ താൻ മനസ്സിൽ കണ്ടിരുന്നത് തനിക്ക് നഷ്ടമായ തന്റെ കുഞ്ഞു സ്വപ്നങ്ങൾ ആയിരുന്നു. ….

പിന്നെ ഇപ്പോൾ  വിനോദേട്ടൻ  കയ്യോടെ പിടിച്ച  ഈ ഒളിച്ചോട്ടം. .അതൊരിക്കലും  ആ സുഹൃത്തിനോടൊപ്പം അല്ല…

ആരുടെ കൂടെയും അല്ല. ..

ഇവിടെ  വന്നുപോവുന്ന  നാത്തൂന്മാരുടെ ജാരൻമാരുടെ കണ്ണുകൾ തന്നിലേക്കും  നീണ്ടിരിക്കുന്നിപ്പോൾ…

തടയുവാനാളില്ലിവിടെ…പരിഭവങ്ങളും പരാതികളും കേൾക്കാൻ  താലികെട്ടിയവനു സമയമോ നേരമോയില്ല..

അതുകൊണ്ട്  തന്നെ പോലെയുള്ള  സാധുപെൺക്കുട്ടികൾക് താമസിക്കാനൊരിടം..,, ആരെയും ഭയക്കാതെ അന്തസ്സായി ജോലിയെടുത്ത് കഴിയാൻ  ഒരു അഗതിമന്ദിരം ഉണ്ടെന്നറിഞ്ഞപ്പോൾ അങ്ങോട്ടേക്കുളള  ഒരുക്കത്തിലായിരുന്നു…

പക്ഷേ ഇതൊന്നും പറഞ്ഞാൽ  വിശ്വസിക്കാൻ ആരുമില്ല…

ബന്ധങ്ങൾ ഒഴിവാക്കി  കാമുക്കൻമാരെ തേടി  പെണ്ണുങ്ങൾ പോവുന്നത്  മന: സുഖം  തേടിയല്ലല്ലോ ? ശരീര സുഖം  തേടിയാവുന്ന ഈ കാലത്ത് തന്റ്റ  വാക്കുകൾക്ക് പ്രസക്തിയില്ല…

വലിയ ഒരു മുരൾച്ചയോടെ ടിപ്പർ  പെട്ടെന്ന് നിന്നപ്പോൾ  കവിത  തന്റെ  ചിന്തകളിൽനിന്നുണർന്ന് ചുറ്റും  നോക്കി. …

വണ്ടി നിന്നത് ഒരു പുതിയ  ചെറിയ വീടിന്റെ  മുന്നിലാണ്… ..അവളുടെ  സ്വപ്നത്തിൽ അവൾക്കാണാറുളള നീല പെയ്ന്റ്റടിച്ച മുറ്റത്തിനരികിൽ പൂക്കളും   കോഴികളും എല്ലാമുളള  ഒരു  കുഞ്ഞു വീട്

കാര്യങ്ങൾ മനസ്സിലാവാതെ  അമ്പരന്നവൾ  വിനോദിനെ  നോക്കിയപ്പോൾ കണ്ടു അവന്റെ മുഖത്തും  കണ്ണിലും  നിറയെ അവളോടുളള  സ്നേഹം. . ..

അമ്പരന്നു തന്നെ നോക്കുന്ന  കവിതയുടെ നേർക്കയാൾ ഒരു ഫോൺ  നീട്ടിപിടിച്ചു ..,, അതിലുണ്ടായിരുന്നു കവിത  ഇന്നേവരെ  നേരിട്ട്   കാണാത്ത അവളുടെ  സുഹൃത്തിനയച്ച സന്ദേശങ്ങൾ മുഴുവനും. …അപ്പോൾ ആ സുഹൃത്ത്  വിനോദേട്ടനായിരുന്നോ…??

രാവിന്റെ  നേർത്ത അന്ത്യ യാമങ്ങളിൽ  വിനോദിനോടൊട്ടി കിടക്കുമ്പോളവളറിയുകയായിരുന്നു ഇന്നേവരെ  കാണാത്ത  അവനെ….

അമ്മയുടെയും കൂടപ്പിറപ്പുകളുടെയും അബദ്ധസചാരംമൂലം നാട് വിട്ടു പോയ അച്ഛനെപറ്റി….

നാണക്കേട് കാരണം  കൂട്ടുകാർക്കിടയിൽ തലയുയർത്താതെ ജീവിച്ച  നാളുകളെപറ്റി….

ഒടുവിൽ  ആശിച്ചു  സ്വന്തമാക്കിയവൾക്കായ് അവളറിയാതെ രാവും പകലും കഷ്ടപ്പെട്ട് അവളുടെ  ഈ കുഞ്ഞു സ്വപ്നങ്ങൾ  നേടിയത്….

അതിനായ്  അവളുടെ അഞ്ജാത സുഹൃത്തായ്  മാറിയതിനെപറ്റി…

നേരം പുലരാറായപ്പോൾ  അവർ ആരംഭിക്കുകയായിരുന്നു അവരൊന്നിച്ചുളള സ്വപ്നത്തിലേക്കുളള യാത്ര. ..അതൊരിക്കലും അവസാനീക്കാതിരിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *