കണ്ടോടാ നീ നിന്റ്റെ ഭാര്യ നീയറിയാതെ എന്നെ തേടി വരുന്നത് ഇപ്പോൾ എങ്ങനെയുണ്ട്..

ഭാര്യ
(രചന: Rajitha Jayan)

ഓട്ടോയിൽ നിന്നിറങ്ങി പാർക്കിനുളളിലേക്ക് നടക്കുമ്പോൾ  ശാരിക ചുറ്റുപാടും  നോക്കുന്നുണ്ടായിരുന്നു

കുറച്ചു ദൂരെ  ഒരു ചെമ്പകചുവട്ടിലായ് ഹരി  ഇരിക്കുന്നതവൾ  കണ്ടു. ..

തനിക്കു നേരെ നടന്നുവരുന്ന ശാരികയെ  നോക്കിയപ്പോൾ ഹരിയുടെ ചുണ്ടുകളിൽ ഒരു പുച്ഛഭാവം വന്നു നിറഞ്ഞു.

അവൻ പാർക്കിനു കുറച്ചപ്പുറത്തായ് നിർത്തിയിട്ടിരുന്ന ചുവന്ന  കാറിലേക്ക് നോക്കി,അതിനുളളിൽ അവനുണ്ടായിരുന്നു   നന്ദൻ, ശാരിയുടെ ഭർത്താവ്. ..

“കണ്ടോടാ നീ നിന്റ്റെ  ഭാര്യ  നീയറിയാതെ എന്നെ തേടി വരുന്നത് ഇപ്പോൾ എങ്ങനെയുണ്ട്.. ..??

കയ്യിലിരിന്ന ഫോൺ ചുണ്ടോട് ചേർത്ത്  ഹരിയത് ചോദിക്കുമ്പോൾ തനിക്ക് മുമ്പിലെ കാഴ്ച  വിശ്വസിക്കാനാവാതെ ഹരിയുടെ അടുത്തേക്ക് നടന്നു നീങ്ങുന്ന  ഭാര്യയിൽ  ആയിരുന്നു നന്ദന്റ്റെ കണ്ണ്. ..

“ഇനി  നീ കേട്ടോടാ, നിന്റ്റെ  ഭാര്യ  എന്നോട് നടത്തുന്ന  സ്നേഹ സംഭാഷണങ്ങൾ….

ഇതും പറഞ്ഞ് ഹരി ഫോൺ കട്ടാക്കാതെ  ഷർട്ടിന്റ്റെ പോക്കറ്റിലേക്ക് വെച്ചു…

ഹരിയുടെ പുച്ഛത്തേക്കാൾ അപ്പോൾ നന്ദനെ വേദനിപ്പിച്ചത് ശാരികയായിരന്നു…

കുഞ്ഞുനാൾമുതൽ തനിക്കൊപ്പം കളിച്ചുവളർന്ന തന്റെ  കളിക്കൂട്ടുക്കാരിയാണ് ശാരിക…

പ്രായപൂർത്തിയായപ്പോൾ തങ്ങൾക്കൊരിക്കലും പിരിഞ്ഞു ജീവിക്കാൻ സാധിക്കില്ലാന്നറിഞ്ഞപ്പോൾ ഇരുവീട്ടുക്കാരും  സന്തോഷത്തോടെ  വിവാഹം നടത്തിതരികയായിരുന്നു..

അന്നുമുതലിന്നുവരെ പരസ്പരം മത്സരിച്ചു സ്നേഹിച്ചിട്ടേയുളളു രണ്ടാളും…, തുറന്നു പറയാത്ത ഒരു കാര്യവും തങ്ങൾക്കിടയിലിലായിരുന്നു…

പക്ഷേ  ഇപ്പോഴിതാ തന്റ്റെ ശാരി. …താനറിയാതെ തന്റ്റെ  കൂട്ടുക്കാരനെ തേടി. ….,,

എന്നും  പ്രശ്നങ്ങൾ ആണ് ഹരിയുടെയും അനിതയുടേയും ജീവിതത്തിൽ, നിസ്സാര കാര്യങ്ങൾ പോലും വലുതാക്കിയുളള അവരുടെ  കുടുംബ വഴക്കിനിടയിൽ പലപ്പോഴും  ഒരു ഇടനിലക്കാരനായ് മാറേണ്ടി വന്നിട്ടുണ്ട് നന്ദന്…

ഹരിക്കെപ്പോഴും എല്ലാവരും സ്ത്രീകളെയും  സംശയമാണ്. ..,

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ്  നന്ദൻ  ഹരിയോട് തന്റ്റെയും ശാരികയുടെയും സ്നേഹപൂർണ്ണമായ കുടുംബ ജീവിതത്തെ പറ്റി പറഞ്ഞത്…

അപ്പോൾ  നന്ദനെ വെല്ലുവിളിച്ചു കൊണ്ടാണ്  ഹരി  പറഞ്ഞത്  എല്ലാ  ഭാര്യമാരും  ഭർത്താവിനു മുന്നിൽ പതിവ്രതകളും അവരില്ലാത്തപ്പോൾ, ചീത്തയും  അന്യ പുരുഷനെ ആഗ്രഹിക്കുന്നവരും ആയിരിക്കും എന്ന്…താനവൻ പറഞ്ഞതിനെഎതിർത്തു..

വാദപ്രതിവാദങ്ങൾക്കൊടുവിൽ നിന്റ്റെ  ശാരികയെ ഞാനെന്റ്റെ കാമുകിയാക്കി കാണിച്ചുതരാമെന്നവൻ വെല്ലുവിളിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് പണ്ടെങ്ങോ കണ്ടു മറന്ന  ഏതോ സിനിമയിലൂടെ രംഗങ്ങൾ ആയിരുന്നു. .

ഒരു ചിരിയോടെ അവന്റെ വെല്ലുവിളി തളളികളയുമ്പോൾ അവൻ പറഞ്ഞു തനിക്ക് ശാരിയെ  വിശ്വാസം ഇല്ലെന്ന്,അവളും ചീത്തയാണെന്ന്. ..

ഒടുവിലവന്റ്റെ വെല്ലുവിളി ഏറ്റെടുക്കുമ്പോൾ മനസ്സുനിറയെ കണ്ണുനീരിനെക്കാൾ തെളിമയുളള ശാരിയുടെ മുഖമായിരുന്നു.

ഹരി  കരുതുംപോലൊരു പെണ്ണല്ല അവളെന്ന്,എല്ലാ  സ്ത്രീകളും ഒരുപോലെയല്ലെന്ന് തെളിയിക്കാൻ  അവൾക്ക് ആവുമെന്ന തന്റെ വിശ്വാസം ആണ്  ഇപ്പോൾ  തകരുന്നത്… ..

” ഒരുപാട്  നേരമായോ ഹരി  വന്നിട്ട്. .?

ശാരിയുടെ ശബ്ദം  ഫോണിലൂടെ കേട്ടപ്പോൾ നന്ദൻ ചിന്തയിൽ നിന്നുണർന്നു കാതോർത്തു..

‘കുറച്ചു നേരമായി വന്നിട്ട്…കാത്തിരിപ്പ്  ശാരിക്ക് വേണ്ടിയായത് കൊണ്ട്  ബോറടിച്ചില്ല …ഈ ജന്മം  മുഴുവൻ  തനിക്കായ് കാത്തിരിക്കാൻ ഞാൻ  തയ്യാറാടോ… ‘

തേൻ പുരട്ടിയ ഹരിയുടെ വാക്കുകൾക്ക്  ചിരിച്ചു കൊണ്ട് നിൽക്കുന്ന ശാരിയെ നന്ദൻ  വിഷമത്തോടെ നോക്കി…

തീരുകയാണിവിടെ എല്ലാ ബന്ധങ്ങളും. .,കാരണം ശാരിക, അവൾ ഹരി  പറഞ്ഞത് പോലൊരു ചീത്ത  പെണ്ണാണ്  എന്ന് തെളിഞ്ഞിരിക്കുന്നു…

ഇനി. ..ഇനിയെന്താണ്  ബാക്കി. .??

“”ഹരി  നമുക്ക്  കുറച്ചങ്ങോട്ട് മാറി നിന്നാലോ ??

ഇവിടെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നത് പോലൊരു തോന്നൽ. ..””

“”തോന്നലല്ലെടീ ശരിതന്നെയാണ് , നിന്റ്റെ  നന്ദേട്ടൻ നിന്റ്റെയീ  പ്രണയനാടകം  കണ്ടും കേട്ടും നിൽക്കാടീയെന്ന് മനസ്സിൽ പറഞ്ഞ് ഹരി  ശാരികയെയും കൂട്ടി ഒരു മരത്തിനു മറവിലേക്ക് മാറി…

കൺമുന്നിൽ കണ്ടതും കേട്ടതും ഇപ്പോൾ നന്ദനെ ഭ്രാന്തിന്റ്റെ വക്കിൽ എത്തിച്ചിരുന്നു…

അവൻ കാറിന്റ്റെ  ഡോർ തുറന്നു പുറത്തേക്കിറങ്ങി അവർക്കരിക്കിലേക്ക് ധൃതിയിൽ നടന്നു

പ്ടേ …

പെട്ടന്നാണ്  ഫോണിലൂടെ ഒരടി ശബ്ദം നന്ദനിലേക്കെത്തിയത് . കൂടെ തീ പാറും പോലെ മൂർച്ചയോടെ ശാരികയുടെ ശബ്ദവും. ..

ഫ്ഭ പട്ടീ… നീയെന്താണ് കരുതിയത്  നിന്റ്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചു  നിന്നെ കാണാൻ  വിർപ്പു മുട്ടി വന്നതാണ് ഞാനെന്നോ… ?

വന്നപ്പോൾ തന്നെ നിന്റ്റെ മുഖമടച്ചൊന്ന് തരണമെന്ന് കരുതിയതാണ് പക്ഷെ… അവിടെ വച്ചായാൽ അത് എന്നെയും ബാധിക്കും അതാണ് മാറി നിൽക്കാമെന്ന് പറഞ്ഞത്. ..

പിന്നെ  ഈ അടി അതെന്റ്റെ നന്ദേട്ടനൊപ്പം നടന്ന്  അദ്ദേഹം അറിയാതെ എന്നെ വിളിക്കുന്നതിനോ    പ്രണയം പറഞ്ഞതിനോ ഒന്നും അല്ല. ..

നിന്റ്റെ  കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി  നീ എന്റെ നന്ദേട്ടനെ മോശക്കാരനാക്കി സംസാരിച്ചതിനും അദ്ദേഹത്തെ പറ്റി അനാവശ്യങ്ങൾ പറഞ്ഞു പരത്തുന്നതിനുമാണ്..,

പിന്നെ  ഈ ജന്മം അല്ല ഇനി വരുന്നോരോ ജന്മങ്ങളിലും ഈ ശാരിക  ആ നന്ദന്റ്റേത് തന്നെയാവും..

നിന്നെ  ആ മനുഷ്യൻ എത്രത്തോളം സ്നേഹിക്കുന്നു എന്നറിയാവുന്നത് കൊണ്ടാണ്  നീ എന്നെ ശല്യപ്പെടുത്തുന്നത് ഞാനദ്ദേഹത്തോട് പറയാത്തിരുന്നത്..,

പക്ഷേ  ഇന്ന്,  ഈ നിമിഷം വരെ സംഭവിച്ചത് ഞാൻ  അദ്ദേഹത്തോട് പറയും കാരണം  നീ ആട്ടിൻ തോലണിഞ്ഞ ചെന്നായ  ആണെന്ന്  അദ്ദേഹം ഇനിയറിയണം…

പിന്നെ അന്യന്റെ  ഭാര്യമാരെ വളയ്ക്കാൻ പോവുമ്പോൾ  ഇടയ്ക്കിടെ  സ്വന്തം ഭാര്യയെകൂടി നോക്കുന്നത് നന്നായിരിക്കും കാരണം  നിന്നെപോലൊരുത്തനെക്കാൾ നല്ലത് ഒരു തെരുവ് തെണ്ടിയാണെന്നങ്ങാനും നിന്റ്റെ  ഭാര്യ  കരുതിയാൽ….

അടികൊണ്ട കവിളും പൊത്തി തരിച്ചു നിൽക്കുന്ന  ഹരിയെ വെറുപ്പിൽ നോക്കിയിട്ട്  പുറത്തേക്ക് വന്ന ശാരിക തൊട്ടുമുമ്പിൽ നന്ദനെ കണ്ടൊരു നിമിഷം പകച്ചുപോയ്….

നന്ദേട്ടാ..അത് ….ഹരി. …

കാര്യങ്ങൾ  പറയാനായ്  ശാരിക  വാ തുറന്നപ്പോഴേക്കും ഒരു ചുംബനത്തിലൂടെ നന്ദനവളെ തന്നിലേക്കമർത്തി പുണർന്നിരുന്നു..

പിന്നെ മെല്ലെ  ഇരുകൈകളും കൂപ്പിയവൻ അവളുടെ  പാദങ്ങളിലേക്ക് കുനിഞ്ഞപ്പോൾ കൺമുന്നിൽ കാണുന്നതെന്താണെന്നറിയാതെ ശാരിക അമ്പരന്നു നിന്നു. …

ഹരിയപ്പോഴും അടികൊണ്ട കവിൾത്തടങ്ങളുമായ് അവിടെ  തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
ഒരു അപരാധിയായ്…

Leave a Reply

Your email address will not be published. Required fields are marked *