പക്ഷെ വിവാഹം എന്നത് എന്റെ പൂർണ്ണ ഇഷ്ട്ടത്തോടെ മാത്രം നടക്കേണ്ട ഒന്നാണച്ഛാ..

മനം പോലെമാംഗല്യം
(രചന: Rajitha Jayan)

ദേ ,വറീതേ നീയൊന്നവിടെ  നിൽക്ക് ട്ടോ ,എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് ..

പെണ്ണുകാണാൻ വന്നവർക്കൊപ്പം തിരിച്ചു പോവാനിറങ്ങിയ ബ്രോക്കർ വറീതേട്ടനെ അച്ഛൻ പിൻവിളി ,വിളിച്ചു നിർത്തു മ്പോഴും കാർത്തികയുടെ നോട്ടം പടികളിറങ്ങി പോവുന്ന ചെക്കൻകൂട്ടരുടെ പിന്നാലെയായിരുന്നു ..

അവളെ പെണ്ണുകാണാൻ വന്ന ഗിരീഷ് തനിക്കൊപ്പമുള്ള അമ്മയെ വളരെ ശ്രദ്ധാപൂർവ്വം പടി യുടെ പടവുകളിറങ്ങാൻ സഹായിക്കുന്ന തൊരു നിമിഷമവൾ കൗതുകത്തോടെ നോക്കി നിന്നു …

ടാ വറീതേ…..,,

ഗിരീഷും കൂട്ടരും വന്ന വണ്ടി പടി കടന്നു മറഞ്ഞതും പെട്ടെന്ന് ഗോവിന്ദൻ നായർ വറീതിനെ വിളിച്ചു ,കാർത്തിക ഞെട്ട ലോടെ അച്ഛനെ നോക്കി

എന്താ ഗോവിന്ദേട്ടാ ..? എന്തിനാ നിങ്ങൾ എന്നെ  പിടിച്ചു നിർത്തിയത് ..?

നിങ്ങൾക്കീബന്ധം ഇഷ്ട്ടമായില്ലേ ..?

ടാ നിന്നോടു ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് കണ്ട അണ്ടനെയും അടങ്ങോടനെയുമൊന്നും എന്റെ മോൾക്ക് ആലോചനയായി കൊണ്ടുവരരുത് എന്ന് ..

അല്ല ,ഗോവിന്ദേട്ടാ ,അതു പിന്നെ ഇപ്പോ വന്ന ഗിരീഷും കൂട്ടരുമൊന്നും നിങ്ങൾ വിജാരിക്കുന്ന പോലെ മോശക്കാരല്ല ,നല്ല തറവാട്ടുക്കാരാണവർ …

പിന്നെ …വലിയ തറവാട്ടുകാർ ,പണ്ടു നാലാന ഉണ്ടായിരുന്നുവെന്നും കുറെ നിലം ഉണ്ടായിരുന്നു എന്നും പറയുന്നതാണോടാ തറവാട്ടു മഹിമ …?

ഇപ്പോൾ എന്തുണ്ട് എന്നതാണ് കാര്യം ,ഒരു ഉയർന്ന സർക്കാർ ജോലിയോ അല്ലെങ്കിൽ  സ്വന്തമായി വലിയ ബിസിനസ്സ് സാമ്രാജ്യമോ ഉള്ള വരുടെ ആലോചനകൾ മാത്രം കൊണ്ടു വന്നാൽ മതി എന്റെ മോൾക്ക് ,

അല്ലാതെ ഗിരീഷിനെ പോലൊരു സാധാരണക്കാരന്റെ ആലോചന വേണ്ട… എന്റെ മകളേ ഒരു സർക്കാരുദ്യോഗസ്ഥയാണ് അതും  ഒരു ഹൈസ്‌കൂൾ ടീച്ചർ മനസ്സിലായോ നിനക്ക് …?

മനസ്സിലായി ഗോവിന്ദേട്ടാ എന്നും പറഞ്ഞ് ഇന്നത്തെ ബ്രോക്കർ ഫീസു തടഞ്ഞില്ലല്ലോ എന്ന് മനസ്സിലോർത്ത് വറീത് പടികളിങ്ങി പോയതും കാർത്തിക അച്ഛന്റെ സമീപമെത്തി…

അച്ഛാ…അവൾ വിളിച്ചതും അയാളവളെ നോക്കി

എന്താ മോളെ …?

അച്ഛാ എനിക്കച്ഛനോടൊരു കാര്യം പറയാനുണ്ട്

പറഞ്ഞോ …,,,

ഇന്നു വന്നതsക്കം ഇപ്പോൾ എത്ര പേരാണച്ഛാ എന്നെ പെണ്ണുകാണാനായി വന്നു പോവുന്നത്, ഓരോരുത്തർ വന്നു പോവുമ്പോഴും അച്ഛൻ ഓരോരോ കാരണങ്ങൾ കണ്ടെത്തി പറഞ്ഞതെല്ലാം മുടക്കും …

ഞാൻ മുടക്കും ,എന്റെ മകളെ ഇത്രയും കാലം നോക്കി വളർത്തി പഠിപ്പിച്ചൊരു ജോലിക്കാരിയാക്കിയെങ്കിൽ എനിക്കിയാം ആ മകളെ അവൾക്കു ചേർന്ന ഒരുത്തനെ കൊണ്ട് കെട്ടിക്കാൻ…,,

ഇന്നു വന്നവനെയടക്കം ഇതു വരെ വന്ന ഒരാളെയും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല ,

പക്ഷെ എനിക്ക് ഇഷ്ട്ടമായിരുന്നു അച്ഛാ ആ വന്നവരിൽ പലരെയും ,പക്ഷെ ഒരിക്കൽ പോലും അച്ഛനെന്റെ ഇഷ്ട്ടം ചോദിച്ചില്ലല്ലോ …?

മോളെ നീ പറയുന്നത് ….

അതേ അച്ഛാ, എന്റെ ഇഷ്ട്ടങ്ങൾ നോക്കാതെ അച്ഛൻ വേണ്ട എന്നു പറഞ്ഞ പലതും പലപ്പോഴും എനിക്കേറ്റവും പ്രിയപ്പെട്ടവയായിരുന്നു അതീ വിവാഹകാര്യത്തിൽ മാത്രമല്ല…

കാർത്തികയുടെ തുറന്നു പറച്ചിൽ ഗോവിന്ദൻ നായരെ ഒരു മാത്ര സ്തംഭിപ്പിച്ചു .. തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി താൻ ചെയ്തതു പലതും …..?

മോളെ നിന്റെ നല്ല ഭാവിയുടെ സുരക്ഷയെ കരുതിയാണച്ഛൻ ഓരോ കാര്യങ്ങളും ചെയ്യുന്നത് … എന്നിട്ട് ….

എനിക്കറിയാം അച്ഛാ.. അമ്മയില്ലാത്ത കുറവറിയിക്കാതെ എന്നെ വളർത്തിയ എന്റെ അച്ഛൻ എന്റെ നന്മ മാത്രമേ ആഗ്രഹിക്കുകയുള്ളൂന്ന് ,

എങ്കിലും അച്ഛനറിയാതെ പോയ ഒന്നുണ്ട് എന്റെ ജീവിതത്തിൽ ഇന്നേ വരെ അച്ഛൻ എനിക്ക് നേടി തന്നതെല്ലാം യാതൊരു മടിയും കൂടാതെ സ്വീകരിച്ചവളാണ് ഞാൻ… പക്ഷെ വിവാഹം എന്നത് എന്റെ പൂർണ്ണ ഇഷ്ട്ടത്തോടെ മാത്രം നടക്കേണ്ട ഒന്നാണച്ഛാ ..

അവിടെ സമ്പത്തൊരു ചോദ്യമോ പ്രശ്നമോ ആവരുത് …

നിന്റെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് മോളെ അച്ഛൻ നിനക്ക് വേണ്ട ഭർത്താവിന് സമ്പത്ത് വേണമെന്നാഗ്രഹിച്ചത് …

എന്റെ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയല്ലേ അച്ഛനെന്നെ പഠിപ്പിച്ചൊരു സർക്കാർ ഉദ്യോഗസ്ഥ ആക്കിയത് ,സ്വന്തം കാലിൽ നിൽക്കാൻ  കഴിവുള്ള എനിക്ക് എന്തിനാണച്ഛാ ഭർത്താവിന്റെ സമ്പത്തിന്റെ പിൻബലം …

എന്നെ വിവാഹം കഴിക്കുന്നവനൊരു കുടുംബം നോക്കാൻ ത്രാണിയുണ്ടെങ്കിൽ ഞാൻ സന്തോഷവതിയാണച്ഛാ …

എനിക്കാവശ്യം എന്നെ മനസ്സിലാക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരാളെയാണ്… എല്ലാവരും എന്നെ പോലെ ആയിരിക്കണമെന്നില്ല ,ഇതെന്റെ ഇഷ്ട്ടമാണ് ..

നീ പറഞ്ഞു വരുന്നത് …?

ഇപ്പോൾ എന്നെ പെണ്ണു കണ്ടു പോയ ഗിരീഷിനെ എനിക്ക് ഇഷ്ട്ടമായ ച്ഛാ , സ്വന്തം കാലിൽ നിൽക്കാനും ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോവാനുമുള്ള കഴിവും പ്രാപ്തിയും ഗിരീഷിനുണ്ടച്ഛാ …

ഈ വിവാഹം അച്ഛൻ നടത്തി തരണം .. തന്റെ മുഖത്തു നോക്കി കാർത്തിക പറഞ്ഞതു വിശ്വസിക്കാൻ കഴിയാതെ ഗോവിന്ദൻ നായരവളെ നോക്കി …

അച്ഛാ മക്കളുടെ നല്ല ഭാവിയെ കരുതി സമ്പത്തു മാത്രം നോക്കി മാതാപിതാക്കൾ മക്കളുടെ വിവാഹം നടത്തിയാൽ പലപ്പോഴും തകരുന്ന അത്തരം ബന്ധങ്ങളിൽ അവശേഷിക്കുക ആ സമ്പത്തിന്റെ കണക്കുകൾ മാത്രമാവും…

ഇന്നെന്നെ കാണാൻ വന്ന ഗിരീഷിനോടു സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് എനിക്ക് അയാളുമായെന്റെ  ജീവിതം പങ്കുവെക്കാൻ സാധിക്കുമെന്ന് ..

വിവാഹം കഴിക്കാൻ പോവുന്നവർക്കാദ്യം ഉറപ്പുണ്ടാകേണ്ടത് ആ കാര്യത്തിലാണ്, സ്വന്തം മനസ്സും,

ശരീരവും സ്വപ്നങ്ങളും, ചിന്തകളും പൂർണ്ണമായും രണ്ടു കൂട്ടർക്കും പങ്ക് വെക്കാൻ സാധിക്കുന്നിടത്ത് മാത്രമേഒരു  വിവാഹ ജീവിതം ആരംഭിക്കാവൂ എന്നത്,പിന്നെ ഗിരീഷിന് സ്വന്തം അമ്മ പ്രാണനാണച്ഛാ ..

സ്വന്തം അമ്മയെ ജീവനായി കരുതുന്ന അയാൾക്കരികിൽ ഞാനെന്നും സുരക്ഷിതയായിരിക്കുമച്ഛാ … എന്റെ ഭാവിയും ഭദ്രമായിരിക്കും.

കാർത്തികയുടെ തുറന്നു പറച്ചിലിലൂടെ ഗോവിന്ദൻ നായർ തിരിച്ചറിയുകയായിരുന്നു വിവാഹ ജീവിതത്തിൽ മാതാപിതാക്കളുടെ ഇഷ്ട്ടങ്ങളെക്കാൾ പ്രാധാന്യം മക്കളുടെ ഇഷ്ട്ടങ്ങൾക്കാണെന്ന് …

കാരണം പങ്കുവെക്കപ്പെടേണ്ടത് അവരുടെ മനസ്സും ശരീരവും സ്വപ്നങ്ങളുമാണ്

മാംഗല്യം മനംപോലെയാവുന്നതപ്പോൾ മാത്രമാണ് …

Leave a Reply

Your email address will not be published. Required fields are marked *