ഇന്നിനിയെന്തായാലും ഊടായ്പ്പ് കാണിച്ചാൽ ഉച്ചയ്ക്ക് പട്ടിണിയാവും, എന്നാൽ പിന്നെ..

(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

രാവിലെ കെട്ട്യോള് കൊണ്ടുവന്നു വച്ച പഴംകഞ്ഞിയിൽ അടുത്ത വീട്ടിലെ തൊടിയിൽ നിന്നും അവര് കാണാതെ പറിച്ചു കൊണ്ടുവന്ന കാന്താരി മുളക്

നന്നായി ഞരടി അല്പം തൈരുമൊഴിച്ചു പാത്രത്തേപ്പാടി വലിച്ചു കുടിച്ചുകുടിച്ച് ഏമ്പക്കവും വിട്ട്പുറത്തിറങ്ങിയപ്പോൾ വല്ലാത്ത ക്ഷീണം.

അടുത്ത പരിപാടിയായ മൊബൈൽ നോട്ടത്തിന് മുൻപ് ഒന്നു പെടുക്കാമെന്നു കരുതി വേലിക്കരികിലേക്ക് ചെന്നപ്പോഴാണ് മുറ്റമടിക്കുന്ന ചൂലുമായി വാമഭാഗം മുന്നിൽ.

നിങ്ങളിന്ന് മൊബൈലില് കുത്തിയിരിക്കാതെ ആ ചട്ടീലൊള്ള ചെടികൾക്കൊക്കെ വളമിടണം.

രാവിലെ മുതൽ ഫോണും നോക്കിയിരുന്നാലെ ഉച്ചക്ക് പച്ചവെള്ളം കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.

സംസാരത്തിൽ പതിവില്ലാത്ത
ഗാംഭീര്യം.

ഓള് മുറ്റത്തെ ചവറടിച്ചു തുടങ്ങിയപ്പോഴാണ് ചൂലു കൊണ്ടുവന്നത് എന്നെ തല്ലാനല്ല മുറ്റമടിക്കാനാണ് എന്നു ബോധ്യമായത്.

വല്ലാത്തൊരാശ്വാസം.

ഓള് പറഞ്ഞതിലും കാര്യമില്ലാതില്ല. നല്ലൊരു പൂന്തോട്ടം ഉണ്ടായിരുന്നതാണ്.

മൊബൈൽ ഭ്രമം കൂടിയതോടെ വിയർപ്പിന്റെ അസുഖം കലശലായി.

ചെടികൾക്കിടാനായി ‘മടമ്പുള്ള’ ചെരിപ്പിട്ടു നടക്കുന്ന പെങ്കൊച്ചിന്റെ ‘കടയിൽ നിന്നും ഇടക്കിടക്ക് മേടിച്ചുകൊണ്ടു വരാറുള്ള ചാണകവും വളവും ചകിരിച്ചോറുമെല്ലാം

ചാക്കിലിരുന്നു ബോറടിച്ചു ഞങ്ങളെ പ്രയോഗിക്കൂ എന്ന മട്ടിൽ നിലവിളി തുടങ്ങിയിട്ട് കാലങ്ങളായി.

ഇതുവരെ ഓരോരോ മുട്ടായുക്തികൾ പറഞ്ഞു നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇന്നിനിയെന്തായാലും ഊടായ്പ്പ് കാണിച്ചാൽ ഉച്ചയ്ക്ക് പട്ടിണിയാവും.

എന്നാൽ പിന്നെ ഉദ്യാന പരിപാലനമാവാം.

ഒരുമാതിരി കോണ്ക്രീറ്റ് പോലെ ഉറച്ചിരുന്ന റോസാചട്ടിയിലെ മണ്ണൊക്കെ ഒന്നിളക്കി കുറച്ചു ചാണകവും ചകിരിച്ചോറും മുട്ടത്തോട് പൊടിച്ചതുമെല്ലാം കൂടി മിക്സ് ചെയ്ത് ഇട്ടു കൊടുത്തു.

തലേന്ന് മാറ്റി വച്ചിരുന്ന മീൻ കഴുകിയ വെള്ളം കൂടി ചുവട്ടിലേക്കൊഴിച്ചു കൊടുത്തപ്പോൾ റോസ ചെടികൾ നന്ദിയോടെ തലയാട്ടി.

തൂക്കു ചട്ടിയിൽ മണിപ്ലാന്റ് ഉണ്ട്. ഓളുടെ വീട്ടിൽ നിന്നും അതു കൊണ്ടുവന്ന് നട്ടതിന് ശേഷമാണ് ഇവിടത്തെ ദാരിദ്യം മാറിയതെന്ന് കേട്ട്യോള് ഇടയ്ക്കൊക്കെ രഹസ്യമായി സൂചിപ്പിക്കാറുണ്ട്.

അപ്പൊ പിന്നെ അവയെ പരിചരിക്കാതിരിക്കാൻ ആവില്ല. കയ്യിലെടുത്ത ചാണകപ്പൊടി ഇലകൾ വകഞ്ഞു മാറ്റി ചട്ടിയിലേക്കിട്ടതേ ഓർമയുള്ളൂ.

അപ്രതീക്ഷിതമായിരുന്നു ആക്രമണം.
അതുകൊണ്ടു തന്നെ ഞാനൊന്നു പതറി. ഒന്നോ രണ്ടോ പേരൊക്കെ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.

ഇത് ചുരുങ്ങിയത് പത്തിരുപത് പേരെങ്കിലുമുണ്ടായിരുന്നു. അതും നല്ല പ്രായപൂർത്തിയായവർ.

കയ്യിൽ അവിടവിടെ കുത്തു കൊണ്ടു. അലറി കരഞ്ഞു കൊണ്ട് ഒരൊറ്റയോട്ടമായിരുന്നു.

അടിച്ചുകൂട്ടിയ ചവറിന് തീയിടാനൊരുങ്ങുകയായിരുന്ന കേട്ട്യോൾ കാണുന്നത് നിലവിളിച്ചു കൊണ്ട് ഓടുന്ന എന്നെയും പിന്നാലെ ആക്രമണ ത്വരയോടെ വച്ചു പിടിക്കുന്ന കടന്നൽ കൂട്ടങ്ങളെയുമാണ്.

കാര്യം ഭർത്താവാണെങ്കിലും ആ കാര്യം കടന്നലുകൾക്കറിയില്ലല്ലോ എന്ന ഉത്തമബോദ്ധ്യത്താൽ അവൾ തന്റെ തടി സുരക്ഷിതമാക്കുന്നത് ഓട്ടത്തിനിടയിലും തിരിച്ചറിഞ്ഞു.

പേ പിടിച്ച പട്ടിയെ പോലെ ഓടി വരുന്ന എന്നെ കണ്ട് ബ്രെയ്ക്കിടാനൊരുങ്ങിയ റേഷൻകട നടത്തുന്ന സുധാകരൻ കടന്നലുകളെ കണ്ടപ്പോൾ വന്നതിലും വേഗത്തിൽ വണ്ടി ചവിട്ടി വിട്ടു.

“ചേട്ടാ അമ്പലക്കുളത്തിൽ ചാടിക്കോ.ആ കുട്ടയെടുത്ത് തല മൂടിക്കോ”

അതിനിടയിൽ ചെത്തുകാരൻ ദാമുവിന്റെ ശബ്ദം തെങ്ങിൻ മുകളിൽ എവിടെയോ നിന്ന് അശരീരി പോലെ മുഴങ്ങി.

പിന്നെയൊട്ടും അമാന്തിച്ചില്ല. ഐഡിയ തന്നതിൽ ദാമുവിനോട് മനസ്സാ നന്ദിയും പറഞ്ഞ് കല്പടവിൽ കഴുകാൻ വച്ചിരുന്ന കുട്ടകളിൽ ഒന്നെടുത്ത്‌ തലമൂടി കുളത്തിലേക്കൊരു ചാട്ടം.

കടന്നലുകളുടെ ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം തലക്കു മുകളിൽ. കുറച്ചു കഴിഞ്ഞപ്പോൾ കടന്നലുകൾ ക്ഷീണിച്ചു മടങ്ങിയതറിഞ്ഞു.

തിരിച്ചൊരു ഒന്നര കിലോമീറ്റർ നടക്കണമല്ലോ വീടെത്താൻ
എന്ന വിഷമത്തോടെ ഞാൻ നീരുവന്നു വീർത്ത ശരീരവുമായി കുളത്തിൽ നിന്നും കരക്ക് കയറി.

കടന്നലുകൾ പ്രതികാര ദാഹികളായി വീട്ടിൽ കാത്തിരിക്കുന്നുണ്ടോ എന്തോ?

Leave a Reply

Your email address will not be published. Required fields are marked *