പക്ഷേ ഞങ്ങൾ നോക്കിയപ്പോ അവർ അവർക്കും മക്കൾക്കും മാത്രം ആണ് വാങ്ങിയത്, ഞങ്ങൾ കുറേ നേരം കണ്ണും മിഴിച്ചു..

(രചന: പുഷ്യ വി സ്)

“”നടന്നു നടന്നു ഞാൻ തളർന്നു കേട്ടോ. ഇനി. എന്തേലും കഴിക്കാതെ ഞാൻ ഒരടി മുന്നോട്ട് വയ്ക്കില്ല “” പാർക്കിലെ ബെഞ്ചിൽ ചെന്ന് ഇരുന്ന് ദേവു ആണ് അത് പറഞ്ഞത്

“” ഓഹ് ഇവളെക്കൊണ്ട് തോറ്റു. ഒരു അഞ്ചു മിനുട്ട് കൂടുമ്പോൾ എന്തേലും ഭക്ഷണം കൊടുത്തു റീചാർജ് ചെയ്യണം.ഇല്ലേൽ ഇവളുടെ ബാറ്ററി ഡൌൺ ആകും “” റോഷൻ അവളെ കളിയാക്കി.

“” അവളെ മാത്രം കളിയാക്കണ്ട എനിക്കും വിശക്കുന്നുണ്ട്. നമുക്ക് എന്തേലും കഴിച്ചിട്ട് ബാക്കി നോക്കാം “” ഗംഗയും അത് പറഞ്ഞപ്പോൾ ദേവുവിന് ആശ്വാസമായി.

അവർ തൊട്ടടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് കയറി.

“”ഡാ ആദി. നീ പോയി നാല് ബിരിയാണി പറ “” റോഷൻ പറഞ്ഞു.

“” എനിക്ക് ചിക്കൻ നൂഡിൽസ് മതി “” ദേവു വിളിച്ചു പറഞ്ഞു.

നിമിഷങ്ങൾക്കകം മൂന്ന് ബിരിയാണിയും ദേവുവിന് നൂഡിൽസും എത്തി.

“” ഹോ എത്ര നാള് ആയി പ്ലാൻ ചെയ്യുന്നതാണ് ഇതുപോലെ ഒരു ഔട്ടിങ്. അതെങ്ങനെ എല്ലാർക്കും തിരക്ക് അല്ലേ. കോളേജിൽ ആയിരുന്നപ്പോ എന്തായിരുന്നു. ഇപ്പോൾ ആർക്കും ഒന്ന് വിളിക്കാൻ പോലും നേരം ഇല്ല “” ഗംഗയാണ് അത് പറഞ്ഞത്.

“” എടി ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ. പണ്ട് കോളേജിൽ ആയിരുന്നപ്പോൾ എക്സാം അടുക്കുന്ന കുറച്ചു ദിവസങ്ങൾ മാത്രേ എല്ലാവർക്കും  തിരക്കും ടെൻഷനും ഉത്തരവാദിത്തവും ഒക്കെ ഉണ്ടാകു.

ബാക്കി സമയം ഒക്കെ അടിച്ചു പൊളിച്ചു നടക്കാമായിരുന്നു. ഇന്ന് അതാണോ ഡീ അവസ്ഥ. ജോലി തിരക്ക് ഒഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും പാതി ചത്ത അവസ്ഥയിലാ.

കോളേജിൽ അറ്റന്റൻസ് തികയ്ക്കാൻ വേണ്ടി അവസാനം കുറച്ചു ദിവസം ക്ലാസ്സിൽ കയറിയാൽ മതി. ഇപ്പോൾ അങ്ങനെ അല്ല തോന്നിയ പോലെ ലീവ് എടുത്താൽ സാലറി കട്ട്‌ ആകും മോളെ “” റോഷൻ പറഞ്ഞു.

“” ദേവൂവും ഞാനും ഒരേ ഓഫീസിൽ തന്നെ കയറി പറ്റിയത് കൊണ്ട് ഞങ്ങളെങ്കിലും ഡെയിലി കാണുന്നുണ്ട്.

പക്ഷേ കോളേജിലെ പോലെ നമ്മുടെ ഗാങ് ഒന്നും അവിടെ വർക്ക് ആവില്ല കേട്ടോ. ആ തിരക്കിനിടയിൽ രണ്ട് നേരം ആളെ ഒന്ന് കണ്ട് കിട്ടിയാൽ തന്നെ ഭാഗ്യം. ശെരിക്കും കോളേജ് ലൈഫ് മിസ്സ്‌ ചെയ്തിട്ട ഇപ്പോൾ ഇങ്ങനൊരു ഔട്ടിങ് ഞങ്ങൾ പ്ലാൻ ചെയ്തേ. “” ആദി പറഞ്ഞു.

“” ഗംഗയ്ക്ക് പിന്നേ നമ്മുടെ ടെൻഷൻ ഒന്നും അറിയണ്ടല്ലോ. നിന്റെ പോസ്റ്റ്‌ ഗ്രേജുവേഷൻ ഈ വർഷം തീരില്ലേ. അത് കഴിഞ്ഞു ജോലിക്ക് കയറു മോളേ. അപ്പൊ അറിയാം സ്റ്റുഡന്റ് ലൈഫും ജോലിയും തമ്മിൽ ഉള്ള വ്യത്യാസം “” ദേവു പറഞ്ഞു.

“” ശെരി ശെരി. ഞാൻ ഒരു അബദ്ധം പറ്റി പറഞ്ഞതാണേ. ഇനി അതിന്റെ പേരിൽ നിങ്ങള് ജോലിക്കാർ എല്ലാവരും ചേർന്ന് ഈ പാവം വിദ്യാർത്ഥിനിയെ ക്രൂശിക്കണ്ട. “” ഗംഗ തമാശയായി പറഞ്ഞു.

അവർ അങ്ങനെ പഴയ കോളേജ് ഓർമ്മകൾ ഒക്കെ പങ്ക് വച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. “” എനിക്ക് ഐസ്ക്രീം വേണം “” പെട്ടന്നാണ് ഗംഗ അത് പറഞ്ഞത്.

“”അതിന് ഇങ്ങനെ നിലവിളിക്കണേ എന്തിനാ ഡീ. ഒരു മയത്തിൽ പറഞ്ഞാ പോരെ. ഇപ്പോൾ ബിരിയാണി നെറുകയിൽ കയറിയേനെ “” റോഷൻ പറഞ്ഞു. ഗംഗ ചമ്മലോടെ ഒന്ന് ഇളിച്ചു കാണിച്ചു.

“” ഇപ്പൊ ഐസ്ക്രീം വാങ്ങാനോ. എന്റെ വയറ് ഇപ്പൊ തന്നെ ഫുൾ ആയി. നമുക്ക് കുറച്ചൂടെ ചുറ്റിയടിച്ചിട്ട് വൈകുന്നേരം വാങ്ങിയാൽ പോരെ “” ദേവു ചോദിച്ചു.

“” ആഹ് മതി “” ഗംഗ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

“” അല്ലാ നിനക്ക് ഇപ്പൊ എവിടുന്നാ പെട്ടന്ന് ഐസ്ക്രീം കൊതി വന്നത്. “” ആദി ചോദിച്ചു.

“” അത് പിന്നെ…. ആഹ് ഞാൻ പറയാം. പക്ഷേ നിങ്ങള് എന്നെ കളിയാക്കരുത് “” ഗംഗ പറഞ്ഞു.

“” ആ അതൊന്നും ഉറപ്പ് പറയാൻ പറ്റില്ല. നീ കാര്യം പറ “” റോഷൻ പറഞ്ഞു

“” അല്ലേൽ വേണ്ട നിങ്ങൾ കളിയാക്കും എന്ന് ഉറപ്പാ “” ഗംഗ പറഞ്ഞു.

“” പിന്നെ ഞങ്ങൾ നിന്നെ ഇതുവരെ കളിയാക്കാത്ത പോലെ. കൊഞ്ചാതെ പറയെടി “” ആദിയും പറഞ്ഞു.

“” അത് ശെരിയാ.ഞാൻ പറയാം. ഇത് വർഷങ്ങൾക്ക് മുമ്പ് ഉള്ള കഥ ആണേ. പണ്ടെന്ന് പറഞ്ഞാൽ എത്താണ്ട് ഒരു ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ഉള്ള കഥ “” ഗംഗ വലിയൊരു സിനിമാക്കഥ പറയുന്ന പോലെ പറഞ്ഞു തുടങ്ങി.

“” നല്ല ഇൻട്രോ ആണല്ലോ.20 വർഷം മുമ്പ് ആണേൽ നിനക്ക് അതിന് അഞ്ചു വയസ് തികഞ്ഞിട്ടില്ലല്ലോ അന്ന് “” ദേവു ചോദിച്ചു.

“” ആഹ് ന്നേ… ഞാൻ അന്ന് യുകെജിയിലാ. ഞങ്ങൾ lkg & ukg കുട്ടികൾ മാത്രം ഉള്ള ഒരു സ്കൂൾ ട്രിപ്പ്‌ ആയിരുന്നു. ജസ്റ്റ്‌ ബീച്ചിലും പാർക്കിലും ഒക്കെ ആയിട്ട് ഒരു കറക്കം. അങ്ങനെ കറങ്ങി കറങ്ങി വൈകിട്ട് ആയപ്പോൾ ഞങ്ങൾ ഈ പാർക്കിൽ വന്നു. എന്നിട്ട് ഇതേ റെസ്റ്ററന്റിന്റിൽ കയറി. “” ഗംഗ പറഞ്ഞു.

“” എന്നിട്ട് “” ദേവു ആകാംഷയോടെ ചോദിച്ചു.

“” ഞങ്ങൾ മൊത്തത്തിൽ ഒരു പത്തിരുപതു കുട്ടികളെ ഉണ്ടായിരുന്നുള്ളു. ഞങ്ങളെ നോക്കാൻ മൂന്ന് ടീച്ചർമാരും ഒരു സാറും പിന്നെ ഡ്രൈവർ അങ്കിളും അങ്കിളിന്റെ ഭാര്യയും ഉണ്ടായിരുന്നു “” ഗംഗ പറഞ്ഞു

“”ഏഹ് ഡ്രൈവറും ഭാര്യയും ഒക്കെ വരാൻ ഇതെന്താ ഫാമിലി ട്രിപ്പ് ആണോ “” ആദി തമാശയായി ചോദിച്ചു

“” ആഹ് അതെന്താന്ന് വച്ചാൽ അവരുടെ രണ്ട് മക്കൾ lkg യിലും ukg യിലും ആയിട്ട് ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. പിന്നെ അവരുടെ ഹസ്ബൻഡും അവിടുത്തെ സ്റ്റാഫ്‌. അപ്പൊ അങ്ങനെ കൂടെ വന്നതാ “” ഗംഗ വിശദീകരിച്ചു.

“” ആഹ് മതി മതി നീ ബാക്കി പറ “” റോഷൻ പറഞ്ഞു

“” അങ്ങനെ ഞങ്ങൾ എല്ലാരും ഇവിടെ വന്നു ഇരിക്കുവാണേ. അന്നേരം ഞാൻ നോക്കിയപ്പോൾ ഡ്രൈവർ അങ്കിളും ഭാര്യയും ഐസ്ക്രീം മേടിച്ചോണ്ട് വരുന്നു.

അത് കണ്ട് ഞങ്ങൾ പിള്ളേർ എല്ലാം കരുതി ഐസ്ക്രീം വാങ്ങി തരാൻ വേണ്ടി ആണ് ഞങ്ങളെ ഇവിടെ  കൊണ്ട് വന്നത് എന്ന്. സത്യം പറയാല്ലോ ഞങ്ങൾ വായിൽ വെള്ളം എല്ലാം നിറച്ചു ഐസ്ക്രീം കഴിക്കാൻ റെഡി ആയി “” ഗംഗ പറയുമ്പോൾ തന്നെ അവളുടെ നാവിൽ വെള്ളമൂറി.

“” പക്ഷേ ഞങ്ങൾ നോക്കിയപ്പോ അവർ അവർക്കും മക്കൾക്കും മാത്രം ആണ് വാങ്ങിയത്. ഞങ്ങൾ കുറേ നേരം കണ്ണും മിഴിച്ചു ഇരുന്നത് മിച്ചം “” അവൾ പറഞ്ഞു നിർത്തി.

“” അയ്യേ ഇത്രയും കുഞ്ഞു പിള്ളേർ ഇരിക്കുമ്പോ അത് മോശമായിപ്പോയി ” റോഷൻ ആണ് അത് പറഞ്ഞത്.

“” എടാ അങ്ങനെ പറഞ്ഞാൽ… പത്തിരുപതു കുട്ടികൾക്ക് ഒക്കെ ഐസ്ക്രീം വാങ്ങുക എന്ന് പറഞ്ഞാൽ എത്ര രൂപ ആവും. എല്ലാരെക്കൊണ്ടും നടക്കോ അത് ” ദേവു ചോദിച്ചു

“” അവരുടെ മക്കളുടെ തൊട്ടടുത്തു അതേ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഇരിക്കുമ്പോ സ്വന്തം മക്കൾക്കു മാത്രം വാങ്ങി കൊടുക്കുന്നത് കുറച്ചു ക്രൂരത ആണെടി. ഫാമിലി ടൂർ ആയിരുന്നേൽ കുഴപ്പമില്ല. ഇത് എല്ലാ കുട്ടികളെയും പോലെ അവരുടെ മക്കളും സ്കൂൾ ടൂറിന് വന്നത് അല്ലെ.

പിന്നെ ചിലവിന്റ കാര്യം നോക്കിയാലും വേണമെന്ന് വച്ചാൽ എല്ലാ കുട്ടികൾക്കും ഒരു കുഞ്ഞു ബോൾ ഐസ്ക്രീം വാങ്ങി കൊടുത്താലും ഇരുന്നൂറ്‌ രൂപയിൽ നിന്നേനെ. ഒന്നുകിൽ എല്ലാവർക്കും വാങ്ങി കൊടുക്കണം അല്ലേൽ സ്വന്തം മക്കൾക്ക് മാത്രം വാങ്ങി കൊടുക്കരുതായിരുന്നു. നല്ല അച്ഛനമ്മമാർ അങ്ങനെയല്ലേ ചെയ്യേണ്ടത് “” റോഷൻ അവന്റെ കാഴ്ചപ്പാട് പറഞ്ഞു.

“” അതും ശെരിയാ. പിന്നെ നമുക്ക് കേൾക്കുമ്പോ നിസാരം ആയിട്ട് തോന്നും. എന്നാലും കുഞ്ഞു കുട്ടികളുടെ മനസ്സിൽ അത് എത്രത്തോളം പതിയും എന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ലല്ലോ. ദേ ഇപ്പോൾ ഇവൾ തന്നെ ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ കാര്യം ഓർത്തിരിക്കുന്നത് കണ്ടില്ലേ “” ആദി പറഞ്ഞു.

“” അതിൽ വല്യ അതിശയം ഒന്നും ഇല്ല. ഫുഡിന്റെ കാര്യം ഒന്നും ഇവൾ അങ്ങനെ മറക്കാറില്ലല്ലോ “” റോഷൻ ഗംഗയെ കളിയാക്കി

“” പോടാ ചുമ്മാ അവളെ കളിയാക്കാതെ. നീ പറ ഗംഗേ നിനക്ക് അന്ന് എന്താ ഫീൽ ചെയ്തത് ഐസ്ക്രീം കിട്ടാതിരുന്നപ്പോ “”ദേവു ചോദിച്ചു

“” അയ്യേ നിങ്ങൾ കരുതുമ്പോലെ ഞാൻ ഇത്രയും വർഷം ഓർത്തിരുന്നത് ഒന്നും അല്ല. പെട്ടന്ന് ഈ സ്ഥലം കണ്ടപ്പോ പണ്ട് വന്ന ഓർമ കിട്ടിയതാ. പിന്നെ ഐസ്ക്രീം കിട്ടാതിരുന്നപ്പോ എന്ത് തോന്നി എന്ന് ചോദിച്ചാൽ അപ്പൊ ഞാൻ ഓർത്തത് എന്റെ അമ്മേം കൂടി വന്നിരുന്നേൽ എനിക്കും ഐസ്ക്രീം കിട്ടിയേനെ എന്ന് ആയിരുന്നു.

പിന്നെ ഞങ്ങളുടെ കൂട്ടത്തിൽ മിക്ക കുട്ടികൾക്കും അറിയില്ല ഈ ആന്റി ഡ്രൈവറിന്റെ ഭാര്യ ആണെന്നും ആ പിള്ളേരുടെ അമ്മ ആണെന്നും ഒന്നും. കൊച്ചു കുട്ടികൾ അല്ലെ. ടൂറിനു കൂടെ വന്ന ഏതോ ഒരു ആന്റി. ഐസ്ക്രീം വാങ്ങണ കണ്ടപ്പോൾ എല്ലാരും ഓർത്തു അവർക്കും കിട്ടും എന്ന് “” ഗംഗ ചമ്മലോടെ പറഞ്ഞു.

“” എന്തായാലും മോശമായിപ്പോയി. പഴയ ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അനാഥകുഞ്ഞുങ്ങൾ കാണവേ സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന്. അതാ ഇപ്പോൾ ഓർമ വരുന്നത്.

“” അയ്യേ അവർ അത്രയൊന്നും ഓർത്തിട്ടുണ്ടാവില്ലെന്നേ. ചെറിയ വിഷയം അല്ലേ പറഞ്ഞു വലുതാക്കേണ്ട. അതും ഇരുപത് കൊല്ലം മുന്നേ ഉള്ള വിഷയം.ഞാൻ വെറുതെ പറഞ്ഞതാ വിട്ടേക്ക് “” ഗംഗ പറഞ്ഞു

എന്തായാലും നമ്മൾ നാല് കോൺ ഐസ്ക്രീം വാങ്ങി കഴിച്ചുകൊണ്ട് അവർക്കെതിരെ പ്രതിഷേധിക്കുന്നു. അത് ഓക്കേ അല്ലെ “” റോഷൻ ചോദിച്ചു

വീണ്ടും കളിചിരികൾ അവർക്കിടയിൽ നിറഞ്ഞപ്പോഴേക്കും ടേബിളിൽ ഐസ്ക്രീം എത്തി. “” ഈ ഐസ്ക്രീം അന്ന് താനുൾപ്പടെയുള്ള കുഞ്ഞുങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ ഇന്നത്തേക്കാളും രുചി തോന്നുമായിരിക്കും “”അത് നുണയവേ ഗംഗ മനസിലോർത്തു