പിന്നെ ദാമ്പത്യജീവിതം സുഖകരം അല്ലെങ്കിൽ അയാളെ ഡിവോഴ്സ് ചെയ്തിട്ട് സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ കല്യാണം കഴിക്കുക..

(രചന: അംബിക ശിവശങ്കരൻ)

‘2010-13 Batch Re union’.

വാട്സ്ആപ്പ് നോട്ടിഫിക്കേഷനിൽ കാണിച്ച പുതിയ ഗ്രൂപ്പ് കണ്ടതും നിത്യയുടെ കണ്ണിൽ പ്രകാശം തെളിഞ്ഞു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സമയം തള്ളി നീക്കി കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഗ്രൂപ്പിന്റെ രൂപീകരണം. അവൾ അതിലെ ഓരോ മെമ്പേഴ്സിന്റെ പേരുകളിലൂടെയും കണ്ണോടിച്ചു.

അവരുടെ പേരുകൾ കാണുമ്പോൾ പോലും അന്നൊരുമിച്ച് പങ്കുവെച്ച നിമിഷങ്ങളാണ് ഓർമ്മ വന്നത്. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും തമാശകളും കളിയാക്കലുകളും അങ്ങനെ എത്ര സുന്ദരമായിരുന്നു ആ ദിവസങ്ങൾ… പിന്നീട് എന്താണ് സംഭവിച്ചത്? എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ചത് താൻ തന്നെയല്ലേ? അതെ താൻ തന്നെയാണ്…

അവൾ ഓരോരുത്തരുടെയും പ്രൊഫൈൽ പിക്ച്ചറുകളിലൂടെ വെറുതെ കണ്ണുകൾ ഓടിച്ചു. പലർക്കും തിരിച്ചറിയാൻ ആകാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.തന്റെ കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി എല്ലാവരും സന്തുഷ്ട ജീവിതം മുന്നോട്ടു നയിക്കുന്നുണ്ടാകും. തിരഞ്ഞു തിരഞ്ഞ് ഒടുക്കം അവൾ ആഗ്രഹിച്ച ഒരു പേരിൽ തന്നെ കണ്ണുകൾ എത്തിപ്പെട്ടു.

‘ഹരികൃഷ്ണൻ.’

ആ പേര് കണ്ടതും മനസ്സിനുള്ളിൽ എന്തോ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയായിരുന്നു. അപ്പോഴും ആ ഒരു ചെറിയ നോവ് കുറ്റബോധം എന്ന രൂപത്തിൽ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

അവൾ നിറഞ്ഞ അകാംക്ഷയോടെ തന്നെ ആ പ്രൊഫൈൽ തുറന്നു നോക്കി. ഹരികൃഷ്ണനോട് ചേർന്ന് നിൽക്കുന്ന അവന്റെ ഭാര്യയും കുട്ടികളും. അവൾ ആ ഫോട്ടോയിലേക്ക് തന്നെ കുറച്ച് അധികനേരം നോക്കിയിരുന്നു.

ശരീരത്തിന് ഒരല്പം തടി വെച്ചു എന്നല്ലാതെ ഹരികൃഷ്ണന്റെ മുഖത്തിന് യാതൊരു മാറ്റവും ഇല്ല. ഹരികൃഷ്ണനോട് ചേർന്ന് നിൽക്കുന്ന പെൺകുട്ടി ഇരുനിറം ആണെങ്കിലും മുഖത്ത് നല്ല തേജസ് ഉണ്ട്.മക്കൾ രണ്ടും ഹരികൃഷ്ണനെ വാർത്തെടുത്തത് പോലെ തന്നെ.. അവൻ എത്ര സന്തോഷവാൻ ആണെന്ന് ഈ ഒരു ചിത്രം കൊണ്ട് തന്നെ മനസ്സിലാക്കാം പക്ഷേ താനോ…?”

അവൾ ഫോൺ കട്ടിലിന്റെ സൈഡിലേക്ക് വച്ചുകൊണ്ട് തലയിണയിൽ മുഖം അമർത്തി കിടന്നു. എന്തുകൊണ്ടോ അവളുടെ മിഴികൾ നിർത്താതെ തുളുമ്പുന്നുണ്ടായിരുന്നു. അപ്പോഴാണ് പുറത്ത് കോളിംഗ് ബെൽ കേട്ടത് അവളോടി ചെന്ന് ഡോർ തുറന്നു.

ഭർത്താവ് സുധീർ ആണ്.

അയാളപ്പോഴും ഫോണിൽ തന്നെയായിരുന്നു. വീട്ടിൽ വന്നാലും ഓഫീസിലെ കാര്യങ്ങൾ തന്നെയാണ് പ്രാധാന്യം.

“ഫ്രഷ് ആയി വാ…നമുക്ക് ഭക്ഷണം കഴിക്കാം.”

“ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു ഒരു കൊളീഗിന്റെ വക ഞാൻ കഴിച്ചു. താൻ കഴിച്ചു കിടന്നോളൂ എനിക്ക് കുറച്ചു വർക്കുണ്ട് ലേറ്റ് ആകും…”

എന്നത്തേയും സ്ഥിരം പല്ലവി. അതിശയം ഒന്നുമില്ല.

“പുറമേന്ന് കാണുന്നവർക്ക് താൻ ഒരു ഭാഗ്യവതിയാണ് ഒരു സമ്പന്നന്റെ ഭാര്യ ഒന്നിനും ഒരു കുറവുമില്ല. പക്ഷേ താൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ തനിക്ക് മാത്രമേ അറിയുകയുള്ളൂ..

പരസ്പരം മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താത്തവർക്കിടയിൽ എന്ത് ദാമ്പത്യം?കിടപ്പറ പങ്കിട്ടത് കൊണ്ട് മാത്രം ഒരു സ്ത്രീയും പുരുഷനും യഥാർത്ഥ ദമ്പതികൾ ആകുമോ? ഒളിഞ്ഞും തെളിഞ്ഞും വ്യഭിചരിക്കുന്നവരും ഇതുതന്നെയല്ലേ ചെയ്യുന്നത്?”

അവൾ തനിച്ചിരുന്ന് ആഹാരം കഴിച്ചു. ശേഷം വന്ന് കിടന്നപ്പോഴാണ് ഫോണിൽ തുരു തുര നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരുന്നത് കണ്ടത്.

അവൾ അതെടുത്തു നോക്കിയതും ഗ്രൂപ്പിൽ വീണ്ടും വീണ്ടും നിർത്താതെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു.

അവളെല്ലാം വെറുതെ വായിച്ചു നോക്കി എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇത്ര നാളത്തെ വിശേഷങ്ങൾ ആർക്കും പറഞ്ഞിട്ടും മതി വരുന്നില്ലത്രേ..

പെട്ടെന്നാണ് ഹരികൃഷ്ണൻ അയച്ച വോയിസ് ക്ലിപ്പുകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത് അവൾ അത് പ്ലേ ചെയ്തു നോക്കി.

എത്രകാലത്തിനുശേഷമാണ് ഈ ശബ്ദം വീണ്ടും കേൾക്കുന്നത്… അന്നും ഈ ശബ്ദത്തോട് തോന്നിയ ഒരു ഇഷ്ടമാണ് പിന്നീട് പ്രണയത്തിൽ ചെന്നെത്തിച്ചത്….

“താനപ്പോൾ ഹരികൃഷ്ണനെ പ്രണയിച്ചിരുന്നുവോ?”

“ഉവ്വ് പ്രണയിച്ചിരുന്നു.”

” ഹരികൃഷ്ണൻ അപ്പോൾ തന്നെ പ്രണയിച്ചിരുന്നുവോ? ”

“പ്രണയം എന്ന വാക്കിൽ ആ ഇഷ്ടത്തെ ഒതുക്കിയാൽ അത് കുറഞ്ഞുപോകും. താൻ സ്നേഹിച്ചതിനേക്കാൾ ഒരായിരം ഇരട്ടി ഹരികൃഷ്ണൻ… അല്ല തന്റെ ഹരി തന്നെ സ്നേഹിച്ചിരുന്നു.

ഒരുപക്ഷേ ജീവിതത്തിൽ ഇന്നോളം ഹരി മറ്റാരെയും ഇത്ര സ്നേഹിച്ചു കാണില്ല…ഹരിയെ സംബന്ധിച്ചിടത്തോളം താൻ മാത്രമായിരുന്നു അവന്റെ ലോകം. മറ്റെന്ത് പകരം നൽകിയാലും തന്നെ വിട്ടു നൽകാൻ ഹരി തയ്യാറായിരുന്നില്ല. പക്ഷേ പൈസക്കാരനായ സുധീറിനെ വെച്ച് വീട്ടുകാർ തന്റെ മനസ്സിന്റെ ത്രാസ് അളന്നപ്പോൾ താൻ പോലും അറിയാതെ തന്റെ മനസ്സ് വ്യതിചലിച്ചു പോയി.”

” ഹരി…. അത് തനിക്കൊരു നഷ്ടം തന്നെ ആയിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം. ആ കുറ്റബോധം മനസ്സിൽ കിടന്ന് നീറിയിരുന്നത് കൊണ്ട് തന്നെയാണ് ഇത്രയും വർഷങ്ങൾ ഹരിയോട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കാതിരുന്നതും. പക്ഷേ വർഷങ്ങൾക്കുശേഷം വീണ്ടും ആ ശബ്ദം കേട്ടപ്പോൾ… ഒരുപക്ഷേ ഹരി സ്നേഹിച്ച പോലെ ഇനി തന്നെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ആണോ? അറിയില്ല. ”

അവൾ കണ്ണുകൾ അടച്ച് വെറുതെ കിടന്നു.

പിറ്റേന്ന് രാവിലെ ഉണർന്നതും അവൾ നേരെ ഫോണെടുത്ത് ഗ്രൂപ്പാണ് നോക്കിയത്. അവന്റെ വോയിസ് ഒന്നും ഇല്ലെന്ന നിരാശയിൽ തിരികെ സ്റ്റാറ്റസുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു കാര്യം അവളെ അതിശയിപ്പിച്ചത്.

ഹരിയുടെ സ്റ്റാറ്റസ് തനിക്ക് കാണാൻ സാധിക്കുന്നു എന്ന കാര്യം!.അപ്പോൾ ഹരി തന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നു. എന്ത് പേരിൽ ആയിരിക്കും ഹരി തന്റെ നമ്പർ സേവ് ചെയ്തു വച്ചിട്ടുണ്ടാവുക? പണ്ട് വിളിക്കാറുള്ളത് പോലെ കുഞ്ഞു എന്ന് തന്നെയായിരിക്കുമോ?എന്നാലും ഒരു മെസ്സേജ് പോലും അയക്കാതെ ഹരി തന്റെ നമ്പർ സേവ് ചെയ്യണമെങ്കിൽ തന്നോട് ഇപ്പോഴും ഇഷ്ടമുണ്ടെന്ന് തന്നെയല്ലേ അതിനർത്ഥം? അല്ലെങ്കിലും ഹരിക്ക് ഒരിക്കലും തന്നെ വെറുക്കാൻ കഴിയില്ല…. ”
അവളുടെ ഹൃദയം കോരിത്തരിച്ചു

അവൾ അവന്റെ സ്റ്റാറ്റസിന് ഒരു ലൗ റിയാക്ഷൻ അയച്ചു.

അല്പസമയത്തിനകം തന്നെ മറുപടിയും വന്നു.

“എന്താ സുഖമാണോ?”

അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

തിരിച്ച് അവൾ മറുപടിയയക്കും മുന്നേ ഹസ്ബൻഡ് എഴുന്നേറ്റിരുന്നു. അവൾ വേഗം ഫോൺ മാറ്റിവെച്ച് ബാത്റൂമിലേക്ക് പോയി. അയാൾ ഓഫീസിലേക്ക് പോയതിനുശേഷം ആണ് വീണ്ടും ഫോൺ എടുത്തത്.

“സോറി കുറച്ചു തിരക്കായിരുന്നു. സുഖം.” അവൾ മറുപടി നൽകി.

പിന്നീട് ആ സംഭാഷണങ്ങൾ ദിവസങ്ങളോളം നീണ്ടു. അതിൽ നിന്നും ഹരിക്ക് ഇപ്പോഴും മനസ്സിൽ എവിടെയൊക്കെയോ തന്നോട് ഇഷ്ടം ഉണ്ടെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

ഹരി തന്റെ ഭാര്യയോടൊപ്പം ഉള്ള ഫോട്ടോകൾ ഇടുമ്പോൾ നിത്യയുടെ മനസ്സിൽ ഒരു അനിഷ്ടം തോന്നിത്തുടങ്ങി. ഹരി വേറൊരാളുടേതാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവളുടെ മനസ്സിന് കഴിഞ്ഞില്ല.

“പാവം ഹരി.. തന്നെപ്പോലെ തന്നെ വിവാഹ ജീവിതത്തിൽ സന്തോഷം അഭിനയിക്കുകയായിരിക്കും. തന്നെ സ്നേഹിച്ച പോലെ ഹരിയ്ക്ക് വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല. ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിന് നിന്ന് കൊടുക്കേണ്ടി വന്നതാകും. ഹരിയുടെ മനസ്സിൽ ഇപ്പോഴും താൻ തന്നെയാകും അല്ലെങ്കിൽ വർഷങ്ങൾക്കുമിപ്പുറം ഇത്ര അടുപ്പത്തോടെ ഹരി ഒരിക്കലും തന്നോട് സംസാരിക്കില്ല. അങ്ങനെ വിട്ടുകളയാൻ മാത്രമുള്ള ബന്ധമായിരുന്നില്ലല്ലോ തങ്ങളുടേത്.”

അവൾ മനസ്സുകൊണ്ട് പഴയകാല ഓർമ്മകൾ അയവിറുത്തു. അതൊക്കെ ഓർക്കുമ്പോൾ ഹരിയോട് ഇപ്പോഴും പ്രണയം തോന്നുന്നുണ്ട്.

ഹരിയോട് ഒന്നു മിണ്ടാൻ… കൈകോർത്തു നടക്കാൻ… തോളിൽ ചാരിയിരുന്നു കാഴ്ചകൾ കാണാൻ… ഇപ്പോഴും തന്റെ മനസ്സ് വെമ്പുന്നുണ്ട്.

അവളുടെ ഉള്ളം ഹരിയുടെ ചിന്തകളാൽ പ്രണയാർദ്രമായി. അന്നേരമാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്.

‘നമ്മുടെ ബാച്ചിന്റെ റീയൂണിയൻ ഈ മാസം 15ന് തീരുമാനിച്ചിട്ടുണ്ട് എല്ലാവരും എത്തിച്ചേരില്ലേ?’

എല്ലാവരും ഓക്കെ പറയുന്ന കൂട്ടത്തിൽ ഹരിയുടെ മെസ്സേജ് കണ്ടതും അവൾ അതിരില്ലാതെ സന്തോഷിച്ചു. അപ്പോൾ ഈ വരുന്ന 15ആം തീയതി ഹരിയെ കാണാം… തന്റെ ഭർത്താവ് വരില്ല എന്ന് ഉറപ്പുള്ള കാര്യമാണ്. ഹരിയും ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ ഉറപ്പാണ് ഇപ്പോഴും ഹരിയുടെ മനസ്സിൽ താനുണ്ടെന്ന കാര്യം. തന്നോട് തനിച്ചൊന്നു സംസാരിക്കാൻ ഹരിയും കൊതിക്കുന്നുണ്ടാകും. ”

റീയൂണിയൻ ദിവസം ഹരിയുടെ പ്രിയപ്പെട്ട നീല കളർ സാരിയാണ് അവൾ ധരിച്ചത്. എത്രയൊരുങ്ങിയിട്ടും മതിയാകാത്തത് പോലെ… കോളേജിൽ എത്തിച്ചേരുമ്പോൾ ആർക്കും അറിയാത്ത തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചത് ഈ കോളേജ് ആണല്ലോ എന്ന് അവൾ മനസ്സിൽ ഓർത്തു.

സുഹൃത്തുക്കളെ കണ്ടതും അവൾ സന്തോഷം കൊണ്ട് വാരിപ്പുണർന്നു. എങ്കിലും കാത്തിരുന്നത് ഹരിയുടെ വരവിനായാണ്. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ഹരി വന്നെത്തി. താൻ ആഗ്രഹിച്ചതുപോലെ തനിച്ചാണ് വന്നിരിക്കുന്നത്.അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അവളെ കണ്ടതും അവൻ ഹസ്തദാനം നൽകി. അവൾ ആകെ കോരിത്തരിച്ചു.

ആഘോഷവേളയിൽ അവൾ ആകെ ശ്രദ്ധിച്ചത് അവനെ മാത്രമായിരുന്നു. എല്ലാവരും തങ്ങളുടെ ഫാമിലിയെ പരസ്പരം പരിചയപ്പെടുത്തി കൊണ്ടിരുന്നു.

പരിപാടികൾ എല്ലാം അവസാനിക്കാറായിട്ടും ഹരി തന്നോട് തനിച്ച് സംസാരിക്കാൻ വരാത്തതിൽ അവൾക്ക് നിരാശ തോന്നി.ഒടുക്കം ക്ഷമ നശിച്ച് അവൾ തന്നെ ഹരിയുടെ അരികിൽ ചെന്നു.

“ഹരി എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”

അവളുടെ നിർദ്ദേശപ്രകാരം അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച ആ വലിയ ആൽമരച്ചുവട്ടിലേക്ക് ആണ് അവർ പോയത്.

“ഈ മരം ഹരിക്ക് ഓർമ്മയില്ലേ?”

അവൾ പ്രണയപൂർവ്വം ചോദിച്ചു.

“ഓർമ്മയുണ്ട്. മറന്നിട്ടില്ല.”

“എനിക്കും ഒന്നും മറക്കാൻ കഴിയുന്നില്ല ഹരി… കുറ്റബോധം കൊണ്ട് നീറി ജീവിക്കുകയായിരുന്നു ഇത്രനാളും. ഒരു മാപ്പ് പോലും പറയാൻ കഴിയാതെ മനസ്സ് വേദനിച്ചിരുന്നത് കൊണ്ടാണ് ഞാൻ വിളിക്കാതിരുന്നത്. വർഷങ്ങൾക്കുശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.”

“വീണ്ടും സ്നേഹത്തോടെ ഹരി എന്നോട് സംസാരിച്ചപ്പോൾ ഞാൻ അറിയാതെ പഴയതെല്ലാം ഓർത്തുപോയി. എനിക്കറിയാം ഹരിക്ക് ഒരിക്കലും എന്നെ മറക്കാൻ കഴിയില്ലെന്ന്..

ഹരിയെ വേദനിപ്പിച്ചത് കൊണ്ടാവണം സന്തോഷമുള്ള ഒരു ദാമ്പത്യജീവിതം എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല. വേറൊരാളോടൊപ്പം കഴിയുന്നു എന്നേയുള്ളൂ എന്റെ മനസ്സിൽ ഇപ്പോഴും ഹരി തന്നെയാണ്. എനിക്കറിയാം ഹരിയുടെ ഉള്ളിലും ഞാനുണ്ടെന്ന്..ഇന്ന് തനിച്ചു വന്നതുപോലും അതാണല്ലോ…”

അവൾ അല്പം ചമ്മലോടെ പറഞ്ഞു.

“അയ്യോ നിത്യ….വർഷങ്ങൾക്കുശേഷം എല്ലാവരെയും ഗ്രൂപ്പിൽ കണ്ടപ്പോൾ എല്ലാവർക്കും മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ തനിക്കും അയച്ചതാണ്. അതും ഞാനല്ല എന്റെ ഭാര്യയാണ് എല്ലാവരുടെയും നമ്പർ സേവ് ചെയ്തത്. തനിക്ക് മെസ്സേജ് അയക്കാറുള്ളതും അവളാണ്.”

“തന്റെ കാര്യം എനിക്കറിയില്ല എന്റെ ദാമ്പത്യം വളരെ വിജയകരമായി തന്നെയാണ് മുന്നോട്ടുപോകുന്നത് ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണ് എന്റെ ഭാര്യ.”

“പിന്നെ തനിക്ക് ഇപ്പോഴും എന്നോട് തോന്നുന്നത് പ്രണയമല്ല.ദാമ്പത്യം പരാജയമായപ്പോൾ പകരം വയ്ക്കാൻ ഒരാൾ അത് മാത്രമാണ് ഞാൻ…പ്രണയം എന്ന വാക്കിന്റെ അർത്ഥം അറിയാമായിരുന്നെങ്കിൽ ഒരിക്കലും താൻ അന്ന് പണത്തിനു പുറകെ പോകില്ലായിരുന്നു. എന്റെ മനസ്സിലെ പ്രണയം അന്ന് മരിച്ചതാണ്.”

“പിന്നെ ദാമ്പത്യജീവിതം സുഖകരം അല്ലെങ്കിൽ അയാളെ ഡിവോഴ്സ് ചെയ്തിട്ട് സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ കല്യാണം കഴിക്കുക. അല്ലാതെ ഇത്തരത്തിൽ അവിഹിതം ഉണ്ടാക്കുകയല്ല വേണ്ടത്. അത് എങ്ങനെയാ…

അപ്പോൾ പണച്ചാക്ക് കയ്യിൽ നിന്ന് പോകും അല്ലേ? ഇത് കാരണവന്മാർ ഒരു ചൊല്ല് പറയും പോലെ ആണ് ഉത്തരത്തിലുള്ളത് വേണം താനും കക്ഷത്തിലുള്ളത് പോകാനും പാടില്ല. ” അവൻ നല്ലൊരു പരിഹാസത്തോടെ പറഞ്ഞു.

“ഒരു കാര്യം കൂടി പറഞ്ഞോട്ടെ.. തന്നോട് തനിച്ച് സംസാരിക്കാൻ അല്ല ഞാൻ എന്റെ ഭാര്യയെ കൊണ്ടുവരാഞ്ഞത്. അവൾക്ക് റസ്റ്റ് ആണ് അവൾ മൂന്നാമതും ഗർഭിണിയാണേ… ഇഷ്ടമില്ലാത്ത പെണ്ണിന്റെ കൂടെ കിടന്നു 3 കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഞാനെന്താ വല്ല വികാര ജീവിയാണോ?എനിക്ക് എന്റെ കെട്ടിയോള് എന്ന് വെച്ചാൽ ജീവനാണ്.

എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നോടൊപ്പം തന്നെ നിന്ന് എന്നെ സ്നേഹിച്ച അവളെ ഞാൻ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ ആണ്… ഇന്നെനിക്ക് അവൾ കഴിഞ്ഞിട്ടേയുള്ളൂ ഈ ലോകത്ത് മറ്റെന്തും എന്റെ കുഞ്ഞുങ്ങൾ പോലും. കഴിഞ്ഞുപോയ അദ്ധ്യയം ചികഞ്ഞെടുക്കാൻ എനിക്ക് താല്പര്യമില്ല. വിശ്വാസം… ഒരുവട്ടം തകർക്കപ്പെട്ടാൽ വീണ്ടും പഴയപോലെയാകാൻ ഇത്തിരി പാടാണ്. പോട്ടെ അവിടെ എല്ലാവരും തിരക്കുന്നുണ്ടാകും.”

നിറഞ്ഞ പുഞ്ചിരിയോടെ അവനത് പറഞ്ഞകലുമ്പോൾ അവൻ അവസാനമായി പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു.

“വിശ്വാസം… ഒരുവട്ടം തകർക്കപ്പെട്ടാൽ വീണ്ടും പഴയതുപോലെയാകാൻ കുറച്ചു പാടാണ്.”