പെട്ടന്നെന്തോ ഒാർത്തെടുത്ത പോലെ അവനെ ബലമായി തള്ളി മാറ്റി അവൾ ബെഡ്ഡിൽ നിന്നു ചാടിയെഴുന്നേറ്റു കൊണ്ട് സാരിയെല്ലാം നേരേയാക്കി..

(രചന: Pratheesh)

ഇൻസ്റ്റയിൽ ചുമ്മാ ഒരു നേരം പോക്കിനായി പോസ്റ്റു ചെയ്ത നീലാഞ്ജന ടീച്ചറുടെ ചില റീൽസ് അവരുടെ പ്രതീക്ഷകളെ പോലും മറി കടന്നു ജനപ്രീതിയാർജിച്ചതിനേ തുടർന്ന് കുറച്ചൊക്കെ അറിയപ്പെടുന്ന ഒരു ഒാൺലൈൻ മോട്ടിവേഷൻ സ്പീക്കറായി ടീച്ചർ പെട്ടന്നങ്ങു മാറി,

പുലി വേഷം കെട്ടി തുടങ്ങിയാൽ പിന്നെ പുലിയായി തന്നെ തുടരേണ്ടി വരും എന്നു പറഞ്ഞതു പോലെ അതോടെ ടീച്ചറുടെ ജീവിതവും പതിയേ മാറി മറിഞ്ഞു,

അതോടൊപ്പം പലരും പല തരത്തിലുള്ള സംശയങ്ങളും ചോദിക്കാൻ തുടങ്ങിയതോടെ ടീച്ചർക്കു ചുറ്റും നിറയെ സംശയങ്ങളും ചോദ്യങ്ങളും മാത്രമായി,

ഒരധ്യാപികയായി പതിനഞ്ചു വർഷത്തിലധികം ജോലി ചെയ്തിട്ടും ലഭിക്കാത്ത തരം ഒരു താരപരിവേഷവും ജനശ്രദ്ധയും വളരെ കുറഞ്ഞ സമയം കൊണ്ട് ഈ മാറ്റത്തിലൂടെ അവർക്കു ലഭ്യമായി എന്നതു കൊണ്ടു തന്നെ ടീച്ചറതു ഉള്ളാലെ ശരിക്കുമത് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു,

ജീവിതത്തിൽ ഇത്ര വേഗത്തിൽ ഈ തരത്തിലൊരു മാറ്റം ടീച്ചറും പ്രതീക്ഷിച്ചതായിരുന്നില്ല,

നമ്മുടെ അറിവുകൾ പങ്കുവെച്ചു കൊടുക്കുകയെന്നത് അത്ര വലിയ ബുദ്ധിമുട്ടില്ലാത്ത പണിയല്ലാതിരുന്നതു കൊണ്ട് ടീച്ചറുടെ കാര്യങ്ങളും വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു,

അതിനിടയിലായിരുന്നു,
50 കീലോമീറ്റർ ദൂരം സഞ്ചരിച്ച്
ഒരു സ്ത്രീയും അവരുടെയൊരു ചോദ്യവും ടീച്ചറേ തേടിയെത്തിയത് !

അവർക്കു ചോദിക്കാൻ ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ,

എന്നാൽ അവർ ചോദിച്ച ആ ചോദ്യത്തിനു പെട്ടന്നൊരുത്തരം കൊടുക്കാൻ പക്ഷേ ടീച്ചർക്കു സാധിച്ചില്ല,
അവർ ആ ചോദ്യം ചോദിച്ചപ്പോൾ തന്നെ ആ ചോദ്യം ടീച്ചറിൽ ചെറിയൊരു ഭയം നിറക്കുകയാണ് ചെയ്തത്,

കാരണം,
ടീച്ചർ തന്നെ പലപ്പോഴായി സ്വയം ചോദിച്ചിട്ടുള്ളതും എന്നാൽ ഇതുവരെയും ടീച്ചർക്കു കൃത്യമായൊരുത്തരം ലഭിച്ചിട്ടില്ലാത്തതുമായ അതേ ചോദ്യം തന്നെയാണ് ആ സ്ത്രീയും ടീച്ചറോടു ചോദിച്ചത് !

എങ്കിലും അവിടെ ടീച്ചറിലെ സൂത്രശാലി ഉണർന്ന് ആ സ്ത്രീയുടെ ഫോൺ നമ്പറും വാങ്ങി വെച്ച് തൽക്കാലത്തേക്ക് അവരെ ചില ഒഴിവുകൾ പറഞ്ഞു വിട്ടു,

അവർ മടങ്ങി പോയതും ആ ചോദ്യം പിന്നെയും ടീച്ചറുടെ മനസ്സിലേക്ക് കടന്നു വന്നു,

” എന്തു കൊണ്ടാണ് നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിന് തടസ്സമായി നമ്മൾ തന്നെ സ്വയം മാറുകയോ ?
വീഴ്ച്ചകൾ വരുത്തുകയോ ചെയ്യുന്നത് ? ”

കേൾക്കുമ്പോൾ സിംപിളായി തോന്നുമെങ്കിലും അതിനുള്ള ഉത്തരം അത്ര നിസാരമായ ഒന്നല്ലെന്ന് ടീച്ചർക്കറിയാം ഒരു സമയത്ത് ടീച്ചറുടെ ചിന്തകൾക്ക് ഒരുപാടു ചൂടുപിടിപ്പിച്ച ഒരു ചോദ്യം കൂടിയായിരുന്നു ഇത് !

അതിനൊക്കെ അപ്പുറത്ത്
കൈയ്യെത്തു ദൂരത്ത് ഇതുപോലെ പലതും നഷ്ട്ടപ്പെടുത്തുക എന്നത് ഒരു പരിധി വരെ ടീച്ചറുടെയും പ്രശ്നമായിരുന്നു !

അതോടെ ടീച്ചർക്കു ആകെ ടെൻഷനായി,
മറുപടി കൊടുത്തേ പറ്റൂ,
എന്നാൽ ടീച്ചർക്കതിനുള്ള ഉത്തരം അറിയില്ലതാനും,
ടീച്ചർ വീണ്ടും ചിന്താധീനയായി,

അപ്പോഴാണ് നാട്ടുകാരനായ മറ്റൊരു മോട്ടിവേഷൻ സ്പീക്കറുടെ കാര്യം ടീച്ചറുടെ മനസിലേക്കു കടന്നു വന്നത്,

ഒരു വേദിയിൽ ഒരിക്കൽ ഒന്നിച്ചുണ്ടായിരുന്നതിന്റെ ധൈര്യത്തിൽ ഉടനെ അയാളുമായി ബന്ധപ്പെട്ടു പേർസണലായിട്ടു സംസാരിച്ചതും അയാൾ പറഞ്ഞു,

” ന്റെ പൊന്നു ടീച്ചറേ,
എന്റെ കാര്യവും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ ബന്ധമൊന്നുമില്ല, ”

എന്റെ കാര്യത്തിലാണെങ്കിൽ മോട്ടിവേഷനേക്കാളേറെ അതിനിടയിൽ അതുമായി ഇടകലർത്തി ഞാൻ പറയുന്ന തമാശ കേൾക്കാനാണോ ആളുകൾ എന്നെ കേട്ടിരിക്കുന്നത് ?
അതോ ഞാനിപ്പോ സ്റ്റാന്റപ്പ് കോമഡിയാണോ ചെയ്യുന്നതെന്നും ബലമായ സംശയം എനിക്കു തന്നെയുണ്ട് !

അതും കൂടി കേട്ടതോടെ ടീച്ചറുടെ ഉള്ള ശ്വാസം കൂടി ഇല്ലാതാവുന്ന പോലെയായി,
ഇതിയെന്ത് എന്ന ചോദ്യം ടീച്ചറേ വട്ടമിട്ടു പറക്കാൻ തുടങ്ങി,
ഈ ഒറ്റ ചോദ്യം കൊണ്ട് അതുവരെ ഉണ്ടായിരുന്ന സന്തോഷങ്ങളെല്ലാം അവസാനിക്കുകയാണോ എന്നു പോലും ടീച്ചർക്കു തോന്നി,

ചിന്തകളെല്ലാം തന്നെ അവസാനമില്ലാതെ നീളുന്നതിനിടയിലാണ് യാദൃശ്ചീകമായി മറ്റൊരു സംഭവം നടന്നത്,

ഒരു സുഹൃത്തിന്റെ അനിയന്റെ കല്യാണത്തിനു പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അവിചാരിതമായി കൂടെ പഠിച്ച നിഹീർ ഐവാൻ എന്ന മറ്റൊരു സുഹൃത്തിനെ ടീച്ചർ കാണുന്നത്,

അവൻ ഒരു സൈക്കാട്രിസ്റ്റ് ആണെന്നറിഞ്ഞതോടെ ടീച്ചർക്കുള്ളിലെവിടെയോ ഒരാശ്വാസം നിറയുന്നത് ടീച്ചർ തിരിച്ചറിയുന്നുണ്ടായിരുന്നു,
പിന്നെ അമാന്തിച്ചില്ല വേഗം തന്നെ ചെന്ന് അവനോടു കാര്യം പറഞ്ഞു,

എന്നാലതിനു മറുപടി കൊടുക്കുന്നതിനു പകരം അവളെ വിളിച്ചു മാറ്റി നിർത്തി അവന്റെ മുന്നിലേക്കു വന്ന മറ്റൊരു പേഷ്യന്റിനെ കുറിച്ചാണ് അവൻ ടീച്ചറോടു സംസാരിച്ചത് !!

ഒരിക്കൽ 40 വയസ്സു പ്രായമുള്ള ഒരു സ്ത്രീ അവനെ കാണാൻ വന്നു,
അവർക്ക് ഭർത്താവും എട്ടും പത്തും വയസ്സുള്ള രണ്ടു മക്കളുമുണ്ടായിരുന്നു,
എന്നാൽ ഭർത്താവുമായി അവർ അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല,

മാനസീകമായും, ശാരീരികമായും കഴിഞ്ഞ കുറച്ചധികം കാലമായി അവർ ഭർത്താവുമായി ഒരേ വീട്ടിൽ ഒരേ മുറിയിൽ അകന്നു കഴിയുകയായിരുന്നു,

അവർക്കിടയിൽ മക്കൾ ഉണ്ടായിരുന്നതു കൊണ്ടു മാത്രം വേർപ്പെടാതെ നിലനിന്ന ഒരു ബന്ധമായിരുന്നു അവരുടെത്,

അയാൾക്കാണെങ്കിൽ ഭാര്യയിലുള്ള ഒരേയൊരു താൽപ്പര്യം ഉയർന്ന ജോലിക്കാരിയായിരുന്ന അവരുടെ അഞ്ചക്ക ശമ്പളത്തിൽ മാത്രമായിരുന്നു,

വിധിയേ പഴിച്ച് ജീവിതം തള്ളി നീക്കുന്നുണ്ടായിരുന്നെങ്കിലും അയാളുമായി ശാരീരികമായി ഉണ്ടായിരുന്ന അകൽച്ച അവരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്ന ഒന്നായിരുന്നു,
ശാരീരികമായി അറിഞ്ഞു പോയ ഒരു സുഖത്തേ വീണ്ടും നുകരാനുള്ള ത്വര നീരാളിക്കുരുക്ക് പോലെ മിക്കപ്പോഴും ആ സ്ത്രീയേ വല്ലാതെ പിടിമുറുക്കാറുണ്ടായിരുന്നു,
പ്രത്യേകിച്ചും ഒറ്റക്കാവുന്ന രാത്രികളിൽ,

ഇനിയും പഴയപോലെ ഭർത്താവുമായി സ്നേഹവും, ഇഷ്ടവും, താൽപ്പര്യവും, പ്രണയവും, കാമവും നിറഞ്ഞ ആ രാപകലുകൾ സംഭവിക്കില്ലെന്നു ഉറപ്പായതും അതേ സുഖം ഒരിക്കൽ കൂടി അനുഭവിക്കണമെന്ന ചിന്ത അവരിലേക്ക് കടന്നു വന്നിട്ട് കുറച്ചേറേ നാളായി,

ഒാഫീസിലുള്ള പലർക്കും അവരോട് അത്തരത്തിൽ താൽപ്പര്യം ഉണ്ടായിരുന്നെന്ന് അവർക്കറിയാമായിരുന്നെങ്കിലും അതൊരിക്കലും വേണ്ടന്നു അവർ ആദ്യമേ തീരുമാനിച്ചിരുന്നു,

അവർക്കറിയാം എത്രയൊക്കെ വിശ്വാസം വെച്ചു പുലർത്തിയാലും ഒരിക്കൽ അനുവദിച്ചു കൊടുത്താൽ പിന്നീടത് അധികാരമായി മാറുമെന്നും “സാർ “എന്നത് ഒറ്റയടിക്ക് എടീ ” എന്നാവുമെന്നും അവർക്കറിയായിരുന്നു,

അവരിൽ ഇത്തരം ചിന്ത കടന്നു കൂടിയിട്ട് കുറച്ചായെങ്കിലും അതിലേക്ക് പൂർണ്ണമായും എത്തിപ്പെടുന്നതിൽ നിന്ന് എന്തോ ഭയം മിക്കപ്പോഴും അവരെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു,

അവരിലുണ്ടായിരുന്ന ആ ഭയത്തെ അവർ തരണം ചെയ്തതും
ഒരാൾ ഫേസ്ബുക്കിൽ കുറിച്ച ഒരു ചെറിയ കുറിപ്പിലൂടെയായിരുന്നു,

അയാൾ എഴുതിയ കുറിപ്പ് ഇപ്രകാരമായിരുന്നു,
” നമ്മളൊരു ബസ്സിൽ യാത്ര ചെയ്യുകയും ടിക്കറ്റെടുക്കാനായി ചില്ലറയില്ലാത്തതിനാൽ അഞ്ഞൂറു രൂപയുടെ ഒരു നോട്ടു കണ്ടക്ടർക്കു കൊടുക്കുകയും ചെയ്യുന്നു,
എന്നാൽ കണ്ടക്ടറുടെ അടുത്തും ബാക്കി തരാൻ അപ്പോൾ ചില്ലറ ഇല്ലാത്തതിനാൽ ഇറങ്ങാനുള്ള സ്റ്റോപ്പാവുമ്പോൾ ബാക്കി തരാമെന്നും പറഞ്ഞയാൾ പോകുന്നു ,

അതോടെ നിങ്ങളിൽ അതുവരെയുണ്ടായിരുന്ന ആ ബസ്സ് യാത്രയുടെ സർവ്വസുഖങ്ങളും പുറം കാഴ്ച്ചകളുടെ ഭംഗിയും ഒക്കെ പെട്ടന്ന് തന്നെ അവസാനിക്കും,
പിന്നെ നിങ്ങളെ ഭരിക്കാൻ പോകുന്ന ഒരേയൊരു ചിന്ത,

കണ്ടക്ടർ ആ പൈസ തരാൻ മറക്കോ ?

നിങ്ങൾ അഞ്ഞൂറാണോ തന്നത് ? നൂറല്ലെ ? എന്നെങ്ങാനും ചോദിക്കോ ?

അതോ ഇനി ബാക്കി തന്നെന്നു പറയോ ?

അതോ ഇനി സ്റ്റോപ്പെത്തുമ്പോൾ പൈസയുടെ കാര്യം മറന്ന്
നമ്മൾ തന്നെ ഇറങ്ങി പോകോ ?

അങ്ങിനെ മറന്നു പോയാൽ നാളെ പൈസ തിരിച്ചു വാങ്ങാൻ ആ ബസ്സ് എങ്ങനെ തിരിച്ചറിയും ?
എന്നതൊക്കെയായിരിക്കും !

അതു പോലെ ഇടക്കെ കണ്ടക്ടർ അടുത്തു കൂടി കടന്നു പോകുമ്പോൾ അയാളെ അതൊന്നു ഒാർമ്മിപ്പിച്ചാലോ എന്നും നിങ്ങൾക്കു തോന്നും എന്നാലും അയാളിനി വഴക്കു പറഞ്ഞാലോ എന്നു കരുതി നിങ്ങളതും ചെയ്യില്ല,

ഇതിനോടൊക്കെ ഒപ്പം തന്നെ നാളെ ആ കണ്ടക്ടറേ തിരിച്ചറിയാനും അയാളുടെ മുഖം ഒാർമ്മിക്കാനും നിങ്ങളുടെ ഹൃദയം ഒരു ശ്രമം നടത്തും,
കൂടെ ആ ബസ്സ് തിരിച്ചറിയാൻ വേണ്ടി അതിനകത്തുള്ള ഒരോ ചെറിയ വലിയ കാര്യങ്ങളിലേക്കും നിങ്ങളുടെ കണ്ണു കടന്നു ചെല്ലുകയും,
എല്ലാം ഒന്നൊന്നായി നിങ്ങൾ മനസിനകത്തു അടയാളപ്പെടുത്തി വെക്കുകയും ചെയ്യും,

ഒരു കാര്യത്തിൽ ഇത്രയും കരുതലോടെ ശ്രദ്ധ ചെലുത്തിയിട്ടില്ലാത്ത വിധം ആ അഞ്ചൂറു രൂപയുടെ കാര്യത്തിൽ മനസിൽ ആ സമയം കൊണ്ട് നിങ്ങൾ പലതും ആസൂത്രണം ചെയ്യും !

അങ്ങിനെ നമ്മൾ എല്ലാം സെറ്റാക്കി വെച്ചിരിക്കുന്ന സമയത്തായിരിക്കാം കണ്ടക്ടർ നിങ്ങളെ തോണ്ടി ബാലൻസ് പൈസ നിങ്ങളുടെ കൈയ്യിൽ വെച്ചു തരുക,

അതോടെ അതുവരെ ആലോജിച്ചു വെച്ചിരുന്ന ചിന്തകളെല്ലാം ഒരു പൂമ്പാറ്റയേ പോലെ നിങ്ങളെ വിട്ട് പാറിപറന്നു പോകും,

ഇവിടെ നിങ്ങൾ കാണിച്ച അതെ ആസൂത്രണശൈലി തന്നെ നിങ്ങളുടെ ഏറ്റവും അത്യാവശ്യമെന്നും വേണ്ടുന്നതെന്നും തോന്നുന്ന ഏതൊരു കാര്യങ്ങളിലും പിൻതുടരാനായാൽ തന്നെ നിങ്ങൾ അതിൽ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് !

എന്ന ആ കുറിപ്പ് വായിച്ചു കഴിഞ്ഞതു മുതൽ ആ കുറിപ്പിലെ ഒരോ വരിയും വളരെ ആഴത്തിലവരെ സ്വാധീനിച്ചു,

അതോടെ ഒറ്റപ്പെടലിന്റെ വേദനകളും,
ഉള്ളിൽ ഉറഞ്ഞു കൂടി കിടക്കുന്ന സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ത്വരയും,
തന്നെ മനസിലാക്കുകയും ഇഷ്ടപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളുടെ കരുതലിന്റെ കരങ്ങളിലമർന്ന് അതേ നെഞ്ചോടു ചേർന്നു നിൽക്കണമെന്ന വർഷങ്ങളുടെ പഴക്കമുള്ള നിരന്തര ആശകളും ചേർന്ന് പെട്ടന്നു തന്നെ അവർക്കുള്ളിലെ ആ ആഗ്രഹങ്ങളെ അവരിൽ നിർബന്ധിതവും അത്യാവശ്യവുമാക്കി മാറ്റി,

എന്നാലത് എങ്ങിനെ ?
ആരുമായി ?
എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമൊന്നും അവരിലുണ്ടായിരുന്നില്ല,
അവരേപ്പോലെയുള്ളവരെ പോലെ ആഗ്രഹം മാത്രമേ അപ്പോഴും അവരിലും ഉണ്ടായിരുന്നുള്ളൂ,

അങ്ങിനെയിരിക്കേ ഒരു ദിവസം മെസഞ്ചറിൽ അവർക്കൊരു മെസേജ് വന്നു അവർ എഴുതിയ ഒരു കവിതയേ പ്രകീർത്തിച്ചു കൊണ്ടായിരുന്നു ആ മെസേജ് വന്നത്,
എന്നാൽ അവരെ അത്ഭുതപ്പെടുത്തിയത് ഏഴു മാസം മുന്നേ എഴുതി പോസ്റ്റു ചെയ്ത വെറും 23 ലൈക്ക് മാത്രമുണ്ടായിരുന്ന ആ കവിതക്ക് ഇപ്പോൾ ലഭിച്ച അനുമോദനമായിരുന്നു,

അവർ അതിനെ കുറിച്ചു അവനോടു തന്നെ ചോദിച്ചപ്പോൾ
” ഇപ്പോഴെങ്കിലും അതു വായിക്കാൻ കഴിഞ്ഞല്ലോ ?”
എന്നൊരു ആത്മഗതമായിരുന്നു അതയച്ച അവന്റെ മറുപടി,

അഭിനന്ദനങ്ങൾ ഇഷ്ടപ്പെടാത്തവരില്ലല്ലോ ?
അതു തന്നെയായിരുന്നു ആ ബന്ധത്തിന്റെ തുടക്കവും,

വളരെ പെട്ടന്നു തന്നെ എല്ലാം പങ്കുവെക്കാനാവും വിധം ആ ബന്ധം ദൃഢമായി,
അവളൊരു നാൽപ്പത്തഞ്ചുകാരിയും അവനൊരു ഇരുപത്തഞ്ചുക്കാരനാണെന്നും മനസ്സിലാക്കിയിട്ടും പ്രായമൊന്നും അവർക്കിടയിൽ ഒന്നിനും തടസ്സമായില്ല, വർഷങ്ങളോള്ളം പരിചയമുള്ളവരെ പോലെ അവർ അടുത്തു,
അതുപോലെ വിശ്വാസവും അവരിൽ ഉടലെടുത്തു,

ആ വിശ്വാസത്തിന്റെ പുറത്ത് അവൾ തന്നെയായിരുന്നു തമ്മിൽ ഒന്നു നേരിൽ കണ്ടാലോ എന്നൊരാവശ്യം ആദ്യം മുന്നോട്ടു വെച്ചത്,
നേരിൽ കാണുമ്പോൾ ഇഷ്ടം കൂടിയാലോ ?
എന്ന അവന്റെ ഒരു ചോദ്യത്തിൽ
” എങ്ങാനും അതിരു കടന്നാലോ ?”
എന്നൊരു രണ്ടാം ചോദ്യം കൂടി അതിനുള്ളിലുണ്ടായിരുന്നു,
അതു മനസിലാക്കി തന്നെയാണവളും അതിന്
” ആലോചിക്കാം ”
എന്നൊരു മറുപടി മാത്രം നൽകിയത്,

പിന്നെയെല്ലാം പെട്ടന്നായിരുന്നു ഇരുവർക്കും എത്തിപ്പെടാൻ സൗകര്യമുള്ള ഒരിടം അതിനായി തിരഞ്ഞെടുക്കുകയും,
നേരത്തെ തന്നെ റൂം ബുക്ക് ചെയ്യുകയും ചെയ്തു, അതു കൊണ്ടു തന്നെ ഹോട്ടൽ റിസപ്പ്ഷനിൽ അഡ്രസ്സ് എഴുതുന്നതിനുള്ള സമയം മാത്രമേ അവർക്കു ചിലവഴിക്കേണ്ടി വന്നുള്ളൂ,
അതോടെ മുറിയിലെത്താനുള്ള വ്യഗ്രതയായി,

ഹോട്ടൽ മുറിയിലെത്തിയതും നേരിട്ടുള്ള പരിചയ കുറവും തുടക്കത്തിലെ ചമ്മലും അവർക്കിടയിൽ ഒരു തടസ്സമാവുമോ എന്നു കരുതിയെങ്കിലും,
ഇരുവരിലും ആവശ്യവും ആവേശവും ആഗ്രഹവും ഒരെയളവിൽ സന്നിവേശിച്ചിട്ടുണ്ടായിരുന്നതിനാൽ അതെല്ലാം വളരെ പെട്ടന്നു തന്നെ അവസാനിക്കുകയും,

മുറിയുടെ വാതിലടഞ്ഞതും അവർ തമ്മിൽ ആഗ്രഹിച്ച വിധം അഭിനിവേശത്തോടെയും പിരിമുറുക്കത്തോടെയും ആലിംഗനബദ്ധരാവുകയും അതിന്റെ നിറവിലും ആലസ്യത്തിലും കുറച്ചധികം നേരം ആ ആലിംഗനത്തിൽ അവർ പരസ്പരം മുഴുകി പോകുകയും ചെയ്തു,

ചുറ്റുമുള്ളതെല്ലാം വിസ്മൃതിയിലാണ്ടു പോകും വിധം ചർമ്മം ചർമ്മത്തോടു ചേർന്നുരയാൻ തുടങ്ങിയതും ഉടുത്തിരിക്കുന്ന വസ്ത്രം പോലും അവരുടെ മുന്നോട്ടുള്ള കാര്യങ്ങൾക്കു തടസ്സവും അനാവശ്യവുമായി തോന്നുകയും ചെയ്തതോടെ അതിന്റെ ആദ്യപടിയെന്നോണം ഒപ്പം കിടക്കുകയായിരുന്ന അവളുടെ നെഞ്ചിൽ നിന്നു പതിയേ സാരിയെടുത്തു മാറ്റുകയും രണ്ടാമത്തെ പടിയെന്നോണം ബ്ലൗസ്സിന്റെ ഒരോ ഹുക്കുകളും അവൻ അഴിക്കാൻ തുടങ്ങി,

ഒരു സ്പർശമോ, ചുംബനമോ ഇനി മറ്റെന്തെങ്കിലുമോ ആയാലും ശരി
ആ കാര്യം ഉറപ്പായും സംഭവിക്കും എന്നതിനു തൊട്ടു മുന്നേയുള്ള ആ ഒരു നിമിഷം,
അവിടെ സംഭവിക്കാൻ പോകുന്നതൊക്കയും ഒരു നിർവൃതി പോലെ നമ്മുടെ കൺമുന്നിലേക്കും മനസ്സിലേക്കും വന്നങ്ങിനെ നിറയും !
കണ്ണടച്ച് ആ നിർവൃതിയേ വരവേൽക്കാൻ തയ്യാറാവുന്ന ആ അപൂർവ്വ നിമിഷമാണ് അവിടെ നടക്കാനിരിക്കുന്ന ആ കാര്യത്തേക്കാൾ കൂടുതൽ അതിനെ മനോഹരമാക്കുന്നത് എന്നു അവരുടെ മുഖത്തു നിന്നു വായിച്ചെടുത്ത അവൻ മൂന്നാമത്തെ ഹുക്ക് അഴിച്ചതും,

പെട്ടന്നെന്തോ ഒാർത്തെടുത്ത പോലെ അവനെ ബലമായി തള്ളി മാറ്റി അവൾ ബെഡ്ഡിൽ നിന്നു ചാടിയെഴുന്നേറ്റു കൊണ്ട് സാരിയെല്ലാം നേരേയാക്കി മാറിലേക്കിടുകയും സാരിക്കടിയിലൂടെ ബ്ലൗസ്സിന്റെ അഴിഞ്ഞ ഹുക്കുകൾ ചേർത്തിടുകയും ചെയ്തു,

അവനൊന്നും മനസിലായില്ലന്നു മാത്രമല്ല അപ്രതീക്ഷിതമായതു സംഭവിച്ചതിന്റെ ഭയം അന്നേരം അവനിലും നിറഞ്ഞു,

എങ്കിലും അവരെ സമാധാനിപ്പിച്ച് തിരിച്ചതേ കാര്യങ്ങൾക്ക് പ്രാപ്തയാക്കാൻ ശ്രമിക്കണമെന്നുമുള്ള ആഗ്രഹം അവനിൽ ഉടലെടുത്തെങ്കിലും എന്താണു സംഭവിക്കുന്നതെന്നറിയാൻ അവളെ നോക്കിയതും അവനെ നോക്കി “വേണ്ടായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി കാണിക്കുകയും, ”
ഒപ്പം അവൾക്കു തിരിച്ചു പോകണമെന്നു പറയുകയും ചെയ്തു,

അതേ സമയം തന്നെ അവളുടെ മുഖത്ത് എന്തോ അപരാധം ചെയ്തതു പോലെയുള്ള ഭാവങ്ങൾ വന്നു നിറയുകയും ചെയ്തതോടെ പിന്നവനും അവളെ നിർബന്ധിച്ചില്ല, വേണ്ടായെന്നുള്ള അവളുടെ തീരുമാനത്തെ മാനിച്ച് അവനും അതിനു സമ്മതമായി തലകുലുക്കിയതോടെ,
അടുത്ത പതിനഞ്ചു മിനുട്ടിനകം അവർ ഹോട്ടൽ മുറി വിട്ടിറങ്ങി,

ശേഷം ബസ്റ്റാന്റിലെത്തിയതും സീറ്റുള്ള ബസ്സിനു പോലും കാത്തു നിൽക്കാതെ അവൾ കിട്ടിയ ബസ്സിൽ കയറി നാട്ടിലെക്ക് തിരിച്ചു പോവുകയും ചെയ്തു !

തെറ്റു ചെയ്യുന്നതിൽ നിന്നു രക്ഷപ്പെട്ടതിന്റെ സമാധാനം മനസിനു ലഭിച്ചെങ്കിലും,
ആ സംഭവത്തിനു ശേഷമായിരുന്നു എല്ലാം തീർത്തും മാറി മറിഞ്ഞതും അവരുടെ മനസ്സിന് ഏറ്റവും വലിയ മങ്ങലേറ്റതും,

അവർ അത്രയേറെ ആഗ്രഹിച്ച ആ അവസരം തൊട്ടടുത്തു വന്നിട്ടും
അതിനു സാധിച്ചില്ലല്ലോ ?
എന്ന ചിന്ത അവരെ മൃഗീയമായി വേട്ടയാടാൻ തുടങ്ങി,

ആദ്യത്തേ രക്ഷപ്പെട്ടല്ലൊ എന്ന ചിന്തയേക്കാൾ ആ അവസരം നഷ്ടപ്പെടുത്തിയല്ലൊ എന്ന ചിന്തയാണ് അവരെ കഠിനമായ രീതിയിൽ സ്വാധീനിച്ചത് !

കൈയ്യെത്തും ദൂരത്തു വെച്ച് ആഗ്രഹിച്ചതിനെ നഷ്ടപ്പെടുത്തേണ്ടി വന്നതിനെ ഒാർത്തുള്ള വേവലാതിയും നഷ്ടബോധവും അവളുടെ മനോനിലയെ സാരമായി ബാധിച്ചു,

അത്രയേറെ ആഗ്രഹിച്ചിട്ടും ആ അവസാന നിമിഷം ആ സാഹചര്യത്തെ വെട്ടിമുറിച്ചു തിരിച്ചു പോരാനുണ്ടായ കാരണം എന്താണെന്ന് എത്ര ആലോജിച്ചിട്ടും അവൾക്കു പിടി കിട്ടിയില്ല അതു തന്നെ ഒാർത്തോർത്ത് അതവളെ തീർത്തും മനോവിഭ്രാന്തിയിലേക്ക് നയിക്കാൻ തുടങ്ങുന്നുണ്ടെന്നു മനസ്സിലായതോടെയാണു അതിന്റെ കാരണവും അതിനുള്ള രക്ഷയും തേടി അവർ എന്റെ അടുത്തു വന്നത് !

ഞാനവർക്ക് അതിനുള്ള ഉത്തരവും കൊടുത്തു, ഇന്നവർ ഹാപ്പിയാണ് !
പക്ഷേ അവരോടു ഞാൻ പറഞ്ഞു കൊടുത്തത് എന്താണെന്നു ഞാൻ നിന്നോടു പറയുന്നില്ല, പകരം അതിനുള്ള ആ ഉത്തരം നീ സ്വയം കണ്ടു പിടിക്ക് !!

അതും പറഞ്ഞു നിർത്തി അവൻ വീണ്ടും അവളോടു പറഞ്ഞു,

നിന്റെ റീൽസ് ഒക്കെ ഞാനും കാണാറുണ്ട് നീ പരമാവധി ശ്രമിക്കുന്നതായും തോന്നിയിട്ടുണ്ട് അതു കൊണ്ടു തന്നെ ഈ പ്രൊഫഷൻ തുടരാനാണു നിന്റെ പ്ലാനെങ്കിൽ ഈ കാര്യങ്ങൾക്ക് ഒരു ഉത്തരം കണ്ടെത്താനായാൽ നിന്റെ ഇപ്പോഴത്തെ പ്രശ്നത്തിനുള്ള ഉത്തരവും അതിലൂടെ നിനക്കു കിട്ടും എന്ന് !

അതും പറഞ്ഞ് അങ്ങേര് സ്ഥലം വിട്ടു,

അവനതു പറഞ്ഞു ടീച്ചറേ വിട്ടു പോയെങ്കിലും ടീച്ചർക്ക് അതൊരു തപസ്യയായി മാറി അങ്ങിനെ മൂന്നു രാത്രികൾ തീർത്തും ഉപയോഗിച്ചാണ് അവരതിനുള്ള ഉത്തരങ്ങൾ ടീച്ചർ കണ്ടെത്തിയത് !

അതിനടുത്ത ദിവസം തന്നെ ടീച്ചർ ആ സ്ത്രീയെ വിളിച്ചു വരുത്തി അവരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു,

നിങ്ങൾ ചോദിച്ച ആ ചോദ്യം അത്ര എളുപ്പത്തിൽ ഉത്തരം തരാൻ കഴിയുന്ന ഒന്നായിരുന്നില്ല,

അതുപോലെ ഈ ചോദ്യത്തിനുത്തരം കേട്ടു കഴിയുമ്പോൾ
ഇത്രയേയുള്ളോ ?
ഇതിത്ര നിസാരമായിരുന്നോ ?
എന്നൊക്കെ നിങ്ങൾക്കു തോന്നാം,
പക്ഷേ ഒരുത്തരവും അതു രൂപപ്പെട്ടു വരുന്നതുവരെ അത്ര എളുപ്പമല്ല,

ഭൂമിയുടെ ഗുരുത്വാഘർഷണം കൊണ്ടാണ് മുകളിലേക്കിടുന്നതെല്ലാം താഴെക്കു പതിക്കുന്നതെന്ന ഉത്തരം ന്യൂട്ടൻ കണ്ടെത്തും വരെ എന്തു കൊണ്ടാണവ താഴെക്കു വരുന്നതെന്ന ചോദ്യം വലുതായിരുന്നു,

ഇനി മറ്റൊരു സത്യം എന്താണെന്നു വെച്ചാൽ ഇതേ ചോദ്യം ഞാനും സ്വയം ചോദിക്കാൻ തുടങ്ങിട്ട് കുറച്ചു കാലമായിരുന്നു എന്നതാണ്,

ഇവിടെ ഇതേ ചോദ്യം നിങ്ങളും കൂടി ചോദിച്ചതോടെ ഈ ചോദ്യം എന്റെതു മാത്രമല്ല എന്നു മനസിലായതോടെയാണ് ഞാനീ ചോദ്യത്തിനുള്ള ഉത്തരത്തിനായി കഠിനമായി ശ്രമിച്ചത്,

അതോടൊപ്പം ഒറ്റ ഉത്തരം കൊണ്ടു മാത്രം പൂർണ്ണമായും പരിഹരിക്കാവുന്ന ചോദ്യവുമല്ലിത്,
സാധാരണഗതിയിൽ മാനസീകപ്രയാസങ്ങൾ നമ്മളെ പല കാര്യങ്ങളിൽ നിന്നും പിൻവലിക്കുന്നത് ഒരു പതിവാണ്,

അതിന്റെ കാരണം
ഏതു മനസ്സിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ നമ്മൾ ആദ്യം മനസ്സിലാക്കണം എന്നണ്,
അതിൽ തന്നെ ഏറ്റവും പ്രധാന കാര്യം,

നമ്മുടെ സ്മൃതിപഥത്തിൽ മറഞ്ഞു കിടക്കുന്ന വൈകാരിക അവചയത്തിന് കാരണമായ സംഭവങ്ങൾ അനുകൂല സാഹചര്യമുണ്ടാവുമ്പോൾ സ്മരണയിലേക്ക് സ്വമേധയാ കടന്നുവരും എന്നതാണ് !

മറ്റൊന്ന് ഇഷ്ടങ്ങൾ ആഭരണങ്ങൾ പോലെയാണ് അതണിയാനുള്ള വെമ്പൽ നമ്മളെ സദാ പിൻതുടർന്നു കൊണ്ടേയിരിക്കും അതിനായുള്ള ത്വര നമ്മളെ എളുപ്പത്തിൽ വിട്ടു പോവുകയുമില്ല !

കൂടാതെ അതോടൊപ്പം മറ്റൊരു പ്രധാനമായ കാര്യമാണ്,
” പ്രായം എല്ലാ വികാരങ്ങളെയും ആഴത്തിലാക്കും എന്നതും !

ഇതൊക്കെ ഇത്തരം ആഗ്രഹങ്ങൾ കടന്നു വരുന്നതിനും അതിലേക്ക് മനസ്സു കടന്നു ചെല്ലുന്നതിനും കാരണമായെക്കാം,

എന്നിട്ടും നമ്മൾ തന്നെ എന്തു കൊണ്ടാണ് നമ്മുടെ ആവശ്യങ്ങൾക്കു സ്വയം വിലങ്ങുതടിയാവുന്നതെന്നു ചോദിച്ചാൽ
അതിന്റെ കാരണം,

” പല മനസ്സുകളിലും ഇന്നും നിറയെ പഴയ ഫർണ്ണീച്ചറുകളാണ് നിലനിൽക്കുന്നത് എന്നതാണ്,
അതിനെ പൂർണ്ണമായും പെട്ടന്ന് ഒഴിവാക്കാനാവില്ല,
മനസ്സിലെ ഒാരോ മൂലകളായി വൃത്തിയാക്കി തുടങ്ങുക എന്നേ നമുക്കു
ചെയ്യാനുള്ളൂ,

അതിനോടൊപ്പം തന്നെ
“പഴയ ഞാൻ ഇങ്ങനല്ലല്ലോ ?”
എന്ന ചിന്തയും നമ്മളെ നിയന്ത്രിക്കുന്നുണ്ട് !
അതിൽ കാര്യമില്ലെന്നും എല്ലാം മാറുകയാണെന്നും നമ്മൾ സ്വയം മനസ്സിലാക്കി വേണം ഈ കാലത്തു മുന്നോട്ടു നീങ്ങാൻ എന്നതാണ് !

ലക്ഷ്യത്തിലെത്തിയാൽ ഉള്ള ഗുണമറിയാമായിരുന്നിട്ടും താൽകാലിക പ്രയാസം നിങ്ങളെ പിന്നോട്ടു വലിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ തന്നെ അനാവശ്യമായ സംശയങ്ങൾ സൃഷ്ടിച്ച് നമ്മളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് !

അതിനുള്ള പോംവഴി
നിഷേധചിന്തകളെ തിരിച്ചറിഞ്ഞ് ബോധപ്പൂർവ്വം അവയെ അവഗണിക്കാൻ നമുക്ക് കഴിയണമെന്നതാണ് !

കാര്യങ്ങളോടടുക്കും മുന്നേ പിൻമാറണമെന്ന തോന്നൽ ഉണ്ടാവുമ്പോൾ നമ്മളാണ് നമ്മുടെ യഥാർത്ഥ ഉടമസ്ഥരെന്ന ബോധ്യവും നമ്മളിലെപ്പോഴുമുണ്ടാവണം !

മറ്റു പലരുടെ ശരികളും നമ്മുടെ ഇഷ്ടങ്ങളിൽ നമുക്ക് എതിരായി വരാറുണ്ട് എന്നാൽ അവരുടെ ആ ശരികൾ നമ്മുടെ കാര്യത്തിൽ ചിലപ്പോൾ ശരിയാവണമെന്നില്ല,

എല്ലാവർക്കും പറ്റിയ ഷൂ ഇല്ലാ എന്നതു പോലെ തന്നെ !

അതുപോലെ താൽപ്പര്യമുണ്ടായിട്ടും ചെറിയ റിസ്ക്കുള്ള പലതും പലരും വേണ്ടന്നു വെക്കുന്നതു സ്വഭാവീകമാണ്,

എന്നാൽ,
തെല്ലെങ്കിലും അപായസാധ്യതയുള്ള യാതൊന്നും ചെയ്യില്ലെന്നു ശപഥം ചെയ്തൽ അർഹമായ പലതും നമുക്ക് നഷ്ടപ്പെടാനതു കാരണമാകും !

അവിടെ സ്വന്തം പരിമിതികളെ അതിശയോക്തിയോടെ ചിന്തിച്ച് അവയെ പ്രയോജനപ്പെടുത്തി ആവശ്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ നമുക്ക് സാധിക്കണം !

എളുപ്പം നോക്കി ഭാരം കുറഞ്ഞ ചുമടല്ല ശക്തിയേറിയ മുതുകാണ് നമ്മൾ ആഗ്രഹികേണ്ടത് എന്നു ചുരുക്കം !

എല്ലാറ്റിനും അപ്പുറത്ത് നമ്മളായിട്ട് ഒരോ അവസരങ്ങൾ നഷ്ടപ്പെടുത്തുമ്പോഴും അതു നമുക്ക് നമ്മളെ സ്വയം സ്നേഹിക്കാനുള്ള അവസരം കൂടിയാണ് നമ്മൾ സ്വയം ഇല്ലാതെയാക്കുന്നത് എന്നു കൂടി നമ്മൾ മനസ്സിലാക്കണം !

നമ്മളെ മനസിലാക്കി നമ്മുടെ ആവശ്യങ്ങളിലൂന്നി നമ്മളെ സ്നേഹിക്കാൻ നമ്മളെ പോലെ മറ്റാർക്കും സാധിച്ചെന്നു വരില്ല,

സ്വയം സ്നേഹിക്കുകയെന്നത് നമ്മളുടെ നിലനിൽപ്പിന്റെ ആവശ്യകത കൂടിയാണ് !

എല്ലാറ്റിനും നല്ല ധൈര്യം വേണമെന്ന ചിന്ത ആദ്യമേ ഒഴിവാക്കുക,
ദൗത്യം കഠിനമാണെന്ന് ആദ്യമേ ചിന്തിച്ചു പോയാൽ അതു നിർവഹിക്കാൻ കഴിയാതെ പോകുന്നതിനു സാധ്യതയേറേയാണ് !

എന്തായി തീരാനാണോ നമ്മൾ ആഗ്രഹിക്കുന്നത് നമ്മളിൽ എപ്പോഴും നിലനിൽക്കുന്നത് അതു മാത്രമാണ് !

നമ്മളെ പലപ്പോഴും കൂടുതലായി നിയന്ത്രിക്കുന്ന മറ്റൊന്ന്
” ഇതൊക്കെ മതി ”
” എനിക്കിതൊക്കയേ വിധിച്ചിട്ടുള്ളൂ ” എന്നൊക്കെയുള്ള ചിന്ത മടിയും കൂടിയാണ് !

തലച്ചോറിന്റെ ഇടതുവശം കൈകാര്യ ചെയ്യുന്ന യുക്തിക്കും വലതു വശം കൈകാര്യം ചെയ്യുന്ന വികാരത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്.

ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം തോന്നുന്ന കാര്യങ്ങളിലേർപ്പെടുമ്പോൾ പോലും മനം മടുപ്പിക്കുന്ന നിഷേധവചസ്സുകൾ കേൾക്കാനിടയായേക്കാം എതിരഭിപ്രായങ്ങൾ പരിഗണിക്കാം എന്നാൽ അതിനപ്പുറത്താണു നമ്മൾ കാണുന്ന വെളിച്ചമെങ്കിൽ അതിനെ മറികടക്കാനുള്ള കെൽപ്പു നമ്മൾ തന്നെ തീർച്ചയായും കാണിക്കണം !

നമ്മുടെതു മാത്രമായ ആവശ്യങ്ങൾക്കു വേണ്ടി ശ്രമിക്കുമ്പോൾ അനാവശ്യചിന്തകൾ പലതും നമ്മളെ പിന്നോട്ടു വലിക്കും അവിടെ ചെയ്യാൻ സാധിക്കുന്ന കാര്യം ആവശ്യക്കാർ നമ്മളും കൂടിയാണെന്നു മനസിലാക്കുക എന്നതാണ് !

അസ്ഥാനത്തു പൊങ്ങി കിടക്കുന്ന ആണിയെ അടിച്ചു താഴ്ത്തുന്നതു പോലെ.

ആഗ്രഹങ്ങൾ ഉണ്ടായതു കൊണ്ടു മാത്രം ഒന്നും നമ്മൾ കരുതും പോലെ നമുക്കനുകൂലമായി വരണമെന്നില്ല,
അതിന് പിൻകാഴ്ച്ചയും, മുൻകാഴ്ച്ചയും, ഉൾക്കാഴ്ച്ചയും ഒന്നിച്ചു വേണം !

ചെറുതായിട്ടാണെങ്കിൽ പോലും എഴുതുന്ന പലരുടെയും ആഗ്രഹമാണ് മാധവിക്കുട്ടിയേ പോലെ എല്ലാം തുറന്നെഴുതാൻ കഴിയുന്ന ഒരാളാവുക എന്നത്,
എന്നാൽ അവരെപ്പോലെ എതിർപ്പുകളെ നേരിടാനോ പഴി കേൾക്കാനോ ആരും ഇഷ്ടപ്പെടുന്നുമില്ല,

അതു രണ്ടും തമ്മിൽ എങ്ങിനെ ചേർന്നു പോകും ?

മാധവിക്കുട്ടി എന്നത്
അവർ എന്തനുഭവിച്ചുവോ അത് അക്ഷരങ്ങളാക്കി മാറ്റാനും അതിന്റെ പൂർണ്ണത ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ അതു നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരാനും കഴിവുള്ള അപൂർവ്വ വ്യക്തിത്വമാണ് !!

ഇനി എന്റെ സ്വന്തം കാര്യം പറയുകയാണെങ്കിൽ ഇൻസ്റ്റാഗ്രാം റീൽസും അതിലേക്ക് പകർത്തി വെക്കാൻ എന്റെതായ ആശയങ്ങളും ഇല്ലായിരുന്നെങ്കിൽ ഞാനിന്നും ഒരു ഫിസിക്സ് ടീച്ചർ മാത്രമായിരുന്നേനെ….!

ഹെൻറി ഫോർഡ് പറഞ്ഞ ഒരു കാര്യം ഇവിടെ വളരെ പ്രസക്തമാണ്,
“ഒരു കാര്യം നമ്മൾക്കു ചെയ്യാൻ കഴിയുമെന്നു വിചാരിച്ചാലും അതു തന്നെ കഴിയില്ലെന്നു വിചാരിച്ചാലും നമ്മൾ വിചാരിക്കുന്നതു ശരിയാവും ! ” എന്നത് !

അതിനെല്ലാം ശേഷം ടീച്ചർ അവരോട് നിഹീർ പറഞ്ഞ മറ്റേ സ്ത്രീയുടെ കഥ കൂടി അവരോടു പറഞ്ഞു,
ടീച്ചർ ആ പ്രശ്നത്തിനു കണ്ടെത്തിയ ഉത്തരവും !

ടീച്ചർ അതിനു മുന്നേ തന്നെ നിഹീറുമായും അവർ കണ്ടെത്തിയ കാര്യം സംസാരിച്ചിരുന്നു അപ്പോൾ അവൻ പറഞ്ഞു,
എടോ നീ എന്റെ പ്രതീക്ഷകളെക്കാൾ വളരെയധികം മുന്നോട്ടു പോയിരിക്കുന്നു,
എനിക്കു തോന്നുന്നു നമ്മൾ ഇരുവരുടെയും ചിന്തകൾ സമാനമായ വഴിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് !

ആ സ്ത്രീയുടെ കഥയിൽ അവരുടെ മാനസീകനില ഇത്രയധികം തകരാറിലാവാൻ കാരണം അത്രയേറെ ആഗ്രഹിച്ചിട്ടും കൈയ്യെത്തും ദൂരത്ത് അവർ നഷ്ടപ്പെടുത്തിയ അവസരത്തേ ഒാർത്താണ്,
രണ്ടു ഹുക്കുകളുടെ മാത്രം അകലത്തിൽ വെച്ച് എങ്ങിനെ അന്നങ്ങിനെ സംഭവിച്ചു എന്നോർത്ത് അവർ വല്ലാതെ വേവലാതിപ്പെട്ടു !

അവിടെ അവരെ പറഞ്ഞു മനസിലാക്കേണ്ടിയിരുന്ന രണ്ടു കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ,

അതിലൊന്ന്,
അവരെന്തു കൊണ്ടു പെട്ടന്നതിൽ നിന്നു പിൻമാറി എന്നത് !
എന്നാലതിനു നമ്മുടെ കൈയ്യിൽ അവർക്കുള്ള ഉത്തരമുണ്ട് !

അതിനുള്ള ഉത്തരം,
അതുവരെയും അവർ ചെയ്യാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു കാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർക്കത്ര ആഗ്രഹമുണ്ടായിരുന്നിട്ടും അവരെ പിന്നോട്ടു വലിച്ചിരുന്ന ചിന്തകളിൽ നിന്ന് ആ സാഹചര്യത്തേയും, ആവശ്യത്തേയും, അവസ്ഥയേയും, വേർതിരിച്ചെടുത്തു കാര്യങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതിലും,

കാര്യങ്ങൾ അത്രത്തോള്ളം എത്തിയിട്ടും അതേ സന്ദർഭം സ്വന്തം താൽപ്പര്യങ്ങൾക്കു കൂടി യോജിക്കുന്ന തരത്തിൽ രൂപപ്പെടുത്തുന്നതിലും,

ഒപ്പം ഒരത്യാവശ്യഘട്ടത്തിൽ ധൈര്യപ്പൂർവ്വം അവർക്കനുകൂലമായ ഒരു തീരുമാനം എടുക്കുന്നതിലും അവർ പൂർണ്ണമായും പരാജയപ്പെട്ടു എന്നതാണ്,

പകരം മുന്നിൽ കണ്ട എളുപ്പവഴിയാണ് ആ സമയം അവർ തിരഞ്ഞെടുത്തത്,
അതു കൊണ്ടാണ് അന്നവിടെ നഷ്ടപ്പെടുത്തിയ അവസരം പിന്നീട് അവർക്കു തന്നെ വിനയായതും !

അതിന്റെ ഒരു കാരണം കാര്യങ്ങൾ പൂജ്യത്തിൽ നിന്നു അത്രത്തോള്ളം എത്തിക്കാൻ തന്നെ അവർ വല്ലാതെ പണിപ്പെട്ടിരുന്നു എന്നതാണ് അതു കൊണ്ടു തന്നെയാണ് അതവരിൽ മാനസീകമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതും !

രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം തരേണ്ടത് അവരാണ് ആ ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ട് അവരുടെ എല്ലാ സംശയത്തിനും വേവലാധിക്കും മുന്നേ തകർന്നു വീണ അതേ ആഗ്രഹത്തേ വീണ്ടും തിരിച്ചു പിടിക്കണോ എന്നതിനൊക്കെയുള്ള ഉത്തരവും !

ആ ചോദ്യം,

ഉള്ളിൽ അത്രയൊക്കെ പിരിമുറുക്കങ്ങളും നിഷേധചിന്തകളും ഒക്കെയുണ്ടായിരുന്നിട്ടും,
അത്രയും കാലമായി അവർ നേരിട്ടു കൊണ്ടിരുന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കൊണ്ടും അവരെങ്ങിനെ അവനോടൊപ്പം ആ ഹോട്ടൽ മുറി വരെയെത്തി ? ”
എന്നതാണ്.

അവർ വളരെ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും കുറെയധികം സമയം ആ കാര്യത്തെ ചുറ്റി പറ്റി ആലോജിച്ചെങ്കിലും അവർക്കതിനും ഉത്തരമില്ലായിരുന്നു,
എന്നാൽ അവരോടു പറയാൻ ഞങ്ങൾക്കൊരു ഉത്തരമുണ്ടായിരുന്നു,

” നമുക്കതു വേണമെന്നു മനസ്സിനറിയാമല്ലോ !”
എന്നതുതന്നെ !!!!!

അങ്ങിനെ അവർക്കു വേണ്ടുന്ന ആ ഉത്തരവും അവർക്കു കൊടുത്തു,

കാര്യങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞതോടെ അവരിലെ പ്രതീക്ഷകൾ വീണ്ടും തളിർക്കാൻ തുടങ്ങുന്നുണ്ടെന്ന് മനസിലായതും അവർ പുഞ്ചിരിച്ച മുഖത്തോടെ അവിടുന്ന് മടങ്ങി,

നിങ്ങളോടു പറയാനുള്ളതും എനിക്ക് എന്നോടു സ്വയം പറയാനുള്ളതും ഇതാണ് !

“വേണമെന്നുണ്ടായിട്ടും വേണ്ടായെന്നു തോന്നുന്നത് ചെയ്യാനാണു നമ്മൾ ശ്രമിക്കുന്നത് !”

അതു കൊണ്ടു തന്നെ മുന്നോട്ടുള്ള പാതയിൽ എന്തെങ്കിലും തടസ്സം കടന്നു വരുക തന്നെ ചെയ്യും,
അവിടെ അതു നമ്മുടെ ആവശ്യം എന്നതിലുപരി അതാണു നമ്മുടെ അത്യാവശ്യമെന്നു മനസിലാക്കി മുന്നോട്ടു പോകുക എന്നതു മാത്രമാണ് അതിനുള്ള പോംവഴി,
കാരണം,
നമ്മുടെ മനസ്സു തന്നെയാണ് നമ്മൾ !!!