ചേട്ടാ ആ കുട്ടിയുടെ നോട്ടം കണ്ടില്ലേ, നല്ലോണം വിശക്കുന്നുണ്ടാകും ചേട്ടൻ അവനു കഴിക്കാൻ..

വിശപ്പിന്റെ നോട്ടം
(രചന: Prajith Surendrababu)

” ഹോ… ശല്യം.. ഇന്നും വന്ന് വായിനോക്കി നിൽക്കുന്നത് നോക്ക്യേ.. നശൂലം മനുഷ്യനെ മിനക്കെടുത്താനായിട്ട് “

ഹോട്ടൽ ഉടമയുടെ വെറുപ്പുളവാക്കുന്ന  ശബ്ദമാണ് ആഹാരം ഓർഡർ ചെയ്തിരുന്ന നന്ദന്റെ ശ്രദ്ധ അവനിലേക്കെത്താൻ കാരണം.

കാഴ്ചയിൽ രണ്ട് വയസോളം മാത്രം പ്രായം വാടിയ മുഖവും കീറി പറിഞ്ഞു ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങളും  ഒറ്റനോട്ടത്തിൽ ആരിലും അറപ്പുള്ളവാക്കുന്ന കോലം.

പക്ഷെ ആ നോട്ടം….. ഈ കുഞ്ഞു പ്രായത്തിൽ ആഹാര സാധനങ്ങൾക്ക് മേൽ അവൻ ഇപ്രകാരം നോക്കണമെങ്കിൽ ആ കുഞ്ഞു വയറ്റിലെ ആന്തൽ എത്രത്തോളമാകും എന്ന് നന്ദൻ ഊഹിച്ചു

” ചേട്ടാ.. ആ കുട്ടിയുടെ നോട്ടം കണ്ടില്ലേ.. നല്ലോണം വിശക്കുന്നുണ്ടാകും ചേട്ടൻ അവനു കഴിക്കാൻ എന്തേലും കൊടുക്ക്. ആ കാശ് കൂടി ഞാൻ തന്നേക്കാം”

അവന്റെ ദയനീയമായ ആ മുഖം നന്ദന്റെ ഉള്ളിലെവിടെയോ ഒരു നീറ്റലായി മാറി തുടങ്ങിയിരുന്നു.

“ഒന്ന് പോയെ സാറേ..  നിങ്ങൾക്ക് ഈ അസത്തുങ്ങളെ ഒക്കെ ഊട്ടണേൽ അത് പുറത്തെവിടെലും വച്ചു ആയിക്കോ.. ഇതിനകത്ത് വച്ച് കൊടുത്താൽ  പിന്നെ തലവേദന എനിക്ക് ആണ്. കണ്ടില്ലേ ബുദ്ധി ഉറയ്ക്കാത്ത പ്രായം ആണ്.

ഇന്ന് എന്തേലും ഇവിടെ വച്ചു തിന്നാൻ നിങ്ങൾ വാങ്ങി കൊടുത്താൽ നാളെ മുതൽ അവൻ ഇവിടെ വന്ന് എന്നോട്  കൈനീട്ടും. ചുമ്മാ നമ്മളെ എടങ്ങേറാക്കല്ലേ സാറേ… “

ഹോട്ടൽ ഉടമയുടെ മറുപടി നല്ല പോലെ ചൊടിപ്പിച്ചെങ്കിലും ആ കുട്ടിയുടെ കുഞ്ഞു മുഖത്തെ നിഷ്കളങ്കത   നന്ദനെ ശാന്തനാക്കി

“എന്താ ചേട്ടാ ഇങ്ങനെ.. അവനു വിശന്നിട്ടാകും ഇതേതാ ഈ കുട്ടി.. ഇവന് ആരും ഇല്ലേ “

ആ ചോദ്യം ഹോട്ടൽ ഉടമയ്ക്ക് അത്ര ദഹിച്ചില്ല.

” അങ്ങിനെ ഓസിനു എല്ലാരുടേം വിശപ്പ് മാറ്റാൻ നിന്നാൽ എന്റെ കുടുംബം പട്ടിണിയാകും സാറേ.. ഒരു മാസത്തോളമായി ഇവനെ ഒരു നാടോടി പെണ്ണിനൊപ്പം ഇവിടൊക്കെ കണ്ട് തുടങ്ങീട്ട്.. ചിലപ്പോ അതാകും ഇതിന്റെ തള്ള.

കഷ്ട കാലത്തിനു ഒരാഴ്ച മുന്നേ ഒരു രാവിലെ നോക്കുമ്പോ ആ പെണ്ണ് ദേ ആ ജംഗ്‌ഷനിലെ ഒരു കടേടെ മുന്നില് ചത്തു കിടക്കുന്നു. അതോടു കൂടി ഈ ചെക്കൻ ഇങ്ങനെ അലഞ്ഞു നടക്കാൻ തുടങ്ങി ബാക്കി ഉള്ളോനെ ബുദ്ധിമുട്ടിക്കാൻ”

അയാളുടെ മറുപടി കേൾക്കുമ്പോൾ നന്ദന്റെ നോട്ടം ആ കുട്ടിയിൽ തന്നെയായിരുന്നു. അവനാകട്ടെ കണ്ണാടിച്ചില്ലിലെ പലഹാരങ്ങളിലേക്ക് വിരൽ ചൂണ്ടി നിന്നു.

” നാശം… നോക്കി വെള്ളമിറക്കി ബാക്കി ഉള്ളോന് കൂടി ഓരോന്ന് വരുത്തി വയ്ക്കും.  മൊയ്‌തീനെ ഇന്നലെ ബാക്കി വന്ന ആ ബോണ്ട  .  കളഞ്ഞിട്ടില്ലേൽ ഒന്ന്  ഇങ്ങെടുത്ത് ഈ നാശത്തിന് കൊടുത്തേക്ക്. കൊണ്ട് പോയി തിന്ന് തുലയട്ടെ “

പിറു പിറുത്തു കൊണ്ട് ആ ഹോട്ടൽ ഉടമ അകത്തേക്ക് നോക്കി വിളിച്ചു കൂവുമ്പോൾ പതിയെ എഴുന്നേറ്റു നന്ദൻ

“അതെ… മിസ്റ്റർ.. നിങ്ങൾ ഈ കുഞ്ഞിന് ഒന്നും കൊടുത്തില്ലേലും സാരമില്ല. ഇങ്ങനെ പഴകിയത് കൊടുത്ത് അതിനു അസുഖമൊന്നും വരുത്തി വയ്ക്കാൻ നിൽക്കേണ്ട… നാളെ ഇവൻ ഈ ജംഗ്‌ഷനിൽ എവിടേലും ജീവനറ്റു കിടന്നാലും  നിങ്ങൾക്കൊന്നുമില്ലല്ലോ അല്ലെ.. “

ആ ചോദ്യം അയാളെ ഒരു നിമിഷം നിശബ്ദനക്കിയെങ്കിലും പെട്ടെന്ന് ആ മുഖത്ത് പുച്ഛം നിറഞ്ഞു

” ഓ… വല്യ മനുഷ്യ സ്നേഹി.. ഒരു കാര്യം ചെയ്യ് താൻ ഇതിനെ അങ്ങ് ഏറ്റെടുത്ത്  വളർത്തിക്കോ അപ്പോ പിന്നെ പ്രശ്നം ഇല്ലല്ലോ.. ഓരോരോ മാരണങ്ങൾ വന്നേക്കുന്നു…ഓർഡർ ചെയ്തത് എടുത്ത് തിന്നേച്ച് കാശും തന്ന് എണീറ്റ് പോ സാറേ..”

ആ വാക്കുകൾ നന്ദന്റെ ഉള്ളിൽ തീ പടർത്തി. പക്ഷെ മുഖത്തെ പുഞ്ചിരി മായാതെ തന്നെ പതിയെ എഴുന്നേറ്റു ചെന്ന് ചില്ലരമാരയിൽ നിന്നും ഒരു പലഹാരമെടുത്തു ആ കുഞ്ഞിന് നേരെ നീട്ടി അവൻ.

ആ കുഞ്ഞു മുഖത്തു തളർച്ചയെ മറികടന്നു കൊണ്ട് ആനന്ദത്തിരി തെളിയുന്നത്  അതിശയത്തോടെയാണ് അവൻ നോക്കി നിന്നത്.

ഓടിയെത്തിയ ആ കുട്ടി ആർത്തിയോടെ പലഹാരം തട്ടി പറിച്ചു കൊണ്ട്  തിരിഞ്ഞോടുമ്പോൾ നന്ദന്റെ മിഴികൾ ഒരു നിമിഷം ഈറനണിഞ്ഞു.

കുറച്ചകലേക്ക് പോയ ശേഷം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കുവാൻ അവൻ മറന്നില്ല. ആ മുഖത്തു അപ്പോൾ തളർച്ച കണ്ടിരുന്നില്ല. മറിച്ച് എന്തെന്നില്ലാത്ത ആനന്ദമായിരുന്നു.

“ടോ…താനെന്ത് പണിയാടോ ഈ കാണിച്ചേ..  ഞാൻ പറഞ്ഞതല്ലേ ഇവിടെ വച്ചു ആ ജന്തുവിന് ഒന്നും കൊടുക്കരുതെന്ന്. “

ഹോട്ടൽ ഉടമയുടെ രോക്ഷം കലർന്ന വാക്കുകൾ കേട്ട് അയാൾക്ക് നേരെ തിരിയുമ്പോൾ നന്ദന്റെ മുഖം കുറുകി തുടങ്ങി.

” നിങ്ങൾക്ക് എന്താണ് പ്രോബ്ലം. ഈ ആഹാര സാധനങ്ങൾ വിൽക്കുവാനല്ലേ ഉണ്ടാക്കി വച്ചേക്കുന്നേ. ഞാൻ എടുത്തതിനുള്ള കാശ് ഞാൻ തന്നെ തന്നേക്കാം. പിന്നെ…

ആ കുഞ്ഞു നാളെയും വരുമോ എന്നുള്ള സംശയം… അവൻ ഇനി തന്റെ മുന്നിൽ വന്ന് കൈ നീട്ടില്ല. അത് എന്റെ വാക്ക് നിങ്ങടെ എന്നല്ല ആരുടേയും മുന്നിൽ ഇനി അവൻ കൈ നീട്ടില്ല “

പേഴ്സിൽ നിന്നും കാശ്ശെടുത്ത് മേശപ്പുറത്തേക്ക് വച്ച ശേഷം വീണ്ടും ഹോട്ടലുടമയുടെ മുഖത്തേക്ക് നോക്കി നന്ദൻ

” ഈ പറയുന്ന എന്റെ പേര് ഒന്ന് ഓർത്തു വച്ചോ. നന്ദകുമാർ… പുതിയതായി ചാർജ് എടുത്ത ഫുഡ് ഇൻസ്‌പെക്ടർ ആണ് “

ആ വാക്കുകൾ കേട്ട് ഹോട്ടൽ ഉടമ വല്ലാതെ  പരുങ്ങുമ്പോൾ പതിയെ പുഞ്ചിരിച്ചു നന്ദൻ.

” തന്റെ ഇന്നത്തെ പ്രകടനം.. അതെനിക്കിഷ്ടമായി.. പിന്നെ ആ പഴകിയ ബോണ്ടയും….  കരുതി ഇരുന്നോ താൻ.. വരുന്നുണ്ട് ഞാൻ തനിക്കിട്ടുള്ള പണിയുമായി. “

ആ വാക്കുകൾ കൂടി കേൾക്കെ അയാളുടെ   തൊണ്ടയിലെ വെള്ളം വറ്റി.

” സാർ.. ഞാൻ.. ആളറിയാതെ… ഒരു അബദ്ധം പറ്റിയതാ  “.

വിറ പൂണ്ട ആ ശബ്ദത്തെ അവഗണിച്ചു കൊണ്ട് നന്ദൻ പതിയെ പുറത്തേക്കിറങ്ങി. മിഴികളാൽ ഒന്ന് തിരയവേ അവൻ കണ്ടു. അകലെ ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു താൻ കൊടുത്ത പലഹാരം രുചിയോടെ കഴിക്കുന്ന ആ കുട്ടിയെ..

ആ കാഴ്ച നോക്കി നിൽക്കേ അവന്റെ  മിഴികളിൽ നനവ് പടർന്നു. പതിയെ പോക്കെറ്റിൽ നിന്നും ഫോൺ കയ്യിലെക്കെടുത്ത് സിറ്റി എസ് ഐ നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു.

” ആ നന്ദൻ പറയ്.. നീ  എത്തിയോ സിറ്റിയിൽ.. “

മറു തലയ്ക്കൽ ഷെരീഫിന്റെ ശബ്ദം മുഴങ്ങുമ്പോൾ ഒരു നിമിഷം ആ കുട്ടിയെ തന്നെ നോക്കി നിന്ന ശേഷം പതിയെ സംസാരിച്ചു തുടങ്ങി നന്ദൻ.

” ഷെരീഫ് എനിക്കൊരു ഹെല്പ് വേണം. ഇവിടെ സിറ്റിയിൽ ഞാൻ ഒരു കുട്ടിയെ കണ്ടു ആരുമില്ലാത്ത ഒരു പാവം കുട്ടി. നിനക്കറിയാലോ  ആക്സിഡന്റിലൂടെ ശിവാനിയും മോളും എന്നെ വിട്ട് പോയെ പിന്നെ വല്ലാത്തൊരു എകാന്തതയിലായി പോയി ഞാൻ.

ഇവനെ കണ്ടപ്പോ എന്തോ ഒരിഷ്ടം. നിനക്ക് ഒന്ന് അന്യോഷിക്കാമോ അവനെ പറ്റി. ആരോരുമില്ലേൽ ഞാൻ ഏറ്റെടുത്തോളാം അവനെ എന്റെ മോനായിട്ട്.”

ആ വാക്കുകളിൽ നിറഞ്ഞ വേദന ഷെരീഫ് തിരിച്ചറിഞ്ഞിരുന്നു.

” നന്ദൻ.. നീ ഇപ്പോ എവിടെയാ ഉള്ളെ.. ലൊക്കേഷൻ എനിക്ക് സെൻറ് ചെയ്യ് ഞാൻ വരാം ഇപ്പോൾ തന്നെ… ഇന്ന് തന്നെ നമുക്ക് ഒരു തീരുമാനം ഉണ്ടാക്കാം “

ആ വാക്കുകൾ ഉള്ളിലൊരു കുളിർമയായി മാറവേ.. പതിയെ കോൾ കട്ടാക്കി ആ കുട്ടിക്ക് നേരെ നടന്നു നന്ദൻ. ഒന്നുമറിയാതെ അപ്പോഴുമവൻ ആ പലഹാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഒരു പക്ഷെ ഇനിയുള്ള നാളുകളിൽ ഇങ്ങനെ വഴിയോരത്തിരുന്ന് ആട്ടും തുപ്പുമേറ്റ് ഭക്ഷണം കഴിക്കേണ്ട അവസ്ഥ അവനുണ്ടാകില്ല….

Leave a Reply

Your email address will not be published. Required fields are marked *