ജീവിക്കാൻ ഉള്ള വക കൊടുത്താൽ നിങ്ങടെ മോൻ കാണിച്ച പോക്രിത്തരവും ആ പെൺകൊച്ച് മറക്കും. തന്ത കടബാധ്യത..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സാറേ… വെറുതെ വയ്യാവേലി ആക്കല്ലേ .. കൊന്നത് ഞാനാ… സമ്മതിക്കുന്നു. ഒരു കയ്യബദ്ധം പറ്റിയതാണ്. കൊല്ലാൻ വേണ്ടിയൊന്നും ചെയ്തതല്ല. സാറൊന്ന് കണ്ണടച്ചാൽ ഇതൊരു ആത്മഹത്യയായി തന്നെ അങ്ങ് പൊയ്ക്കോളും അതിനു വേണ്ടി എന്ത് ചെയ്യാനും ഞാൻ റെഡിയാണ്. ”

നകുലന്റെ വാക്കുകൾ കേട്ട് സി ഐ സാദിഖ് ഒരു നിമിഷം മൗനമായി.

“സമ്മതിക്ക് സാറേ.. ഭരണകക്ഷിയിൽ ഒക്കെ നല്ല പിടിയുള്ള
നാട്ടു പ്രമാണിയാണ് ഈ നകുലൻ. അയാളെ പിണക്കുന്നത് പന്തിയല്ല.. കൂടെ നിന്നാൽ നമുക്ക് നല്ല ഉപകാരം ആണ് ”

കോൺസ്റ്റബിൾ സഹദേവൻ നകുലന് പിന്തുണയുമായി എത്തിയതോടെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ കുഴഞ്ഞു സാദിഖ്. അതോടെ നകുലൻ വീണ്ടും മുന്നിലേക്ക് വന്നു.

” എന്റെ പൊന്ന് സാറേ.. ഞാൻ പറഞ്ഞില്ലേ വേണം ന്ന് വച്ച് ചെയ്തതല്ല. സംഭവിച്ചു പോയി.. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാ കെട്ടി തൂക്കിയതും ആ സ്റ്റൂൾ കൊണ്ട് അടുത്ത് ഇട്ടതും.

പക്ഷെ അപ്പോഴത്തെ വെപ്രാളത്തിൽ അതിനു പൊക്കം കുറവാണെന്നു അതിൽ കേറി നിന്നാൽ അയാൾക്ക് ഫാനിലെ കുടുക്കിൽ തലയിടുവാനുള്ള പൊക്കം കിട്ടില്ലെന്നുമൊന്നും ചിന്തിച്ചില്ല ഞങ്ങൾ അങ്ങിനെ പറ്റിപ്പോയതാ.. സാർ ഈ കാര്യം കണ്ടു പിടിച്ചെന്ന് മനസ്സിലായപ്പോ തന്നെ സഹദേവൻ എന്നെ വിളിച്ചു കാര്യം പറഞ്ഞു അതാ ഞാൻ പെട്ടെന്ന് ഇങ്ങ് ഓടി വന്നേ ”

ആ പറഞ്ഞത് കേൾക്കവേ സംശയത്തോടെ സഹദേവനെ ഒന്ന് നോക്കി സാദിഖ്.

” നിങ്ങൾക്ക് അപ്പൊ ഇത് കൊലപാതകം ആണെന്ന് മുന്നേ തന്നെ അറിയാമായിരുന്നു അല്ലെ ”

ആ ചോദ്യം കേട്ട് അയാൾ തല കുമ്പിടുമ്പോൾ മറുപടിയുമായി വീണ്ടും നകുലൻ എത്തി.

” സഹദേവൻ എന്റെ ആളാണ് സാറേ. മാസാ മാസം സർക്കാരു കൊടുക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം ഞാൻ ഇയാൾക്ക് കൊടുക്കുന്നുണ്ട്.. സഹകരിച്ചാൽ സാറിനും അത് പ്രതീക്ഷിക്കാം ”

” ആഹാ അത് കൊള്ളാലോ.. അപ്പോ ഇരട്ട ശമ്പളമോ.. ”

സാദിഖിനെ ആ ചോദ്യം കേട്ട് പതിയെ തല ചൊറിഞ്ഞു സഹദേവൻ

” പ്രാരാബ്ദം ഒക്കെ ആണ് സാറേ..”

” ആ കൊള്ളാം എന്തായാലും… ഞാനൊന്ന് ആലോചിക്കട്ടെ.. ”

അത്രയും പറഞ്ഞു പുറത്തേക്ക് നടന്നു സാദിഖ്.

” എടോ അയാള് സമ്മതിക്കോ… കണ്ടിട്ട് ഒരു മുട്ടാളൻ ടൈപ്പ് ആണെന്ന് തോന്നുന്നു. അങ്ങട് അടുക്കുന്നില്ലല്ലോ . ”

സംശയത്തോടെ നകുലൻ നോക്കി നിന്നു.

” എന്ത് മുട്ടാളൻ….മൊതലാളി ധൈര്യമായിരിക്ക് ഇതൊക്കെ വെറും ബിൽഡപ്പ് ആണ് പെട്ടെന്ന് കേറി ഓക്കേ പറഞ്ഞാൽ വില പോകില്ലേ.. അതുകൊണ്ട് ഇച്ചിരി ഷോ ഒക്കെ ഇറക്കി ഒടുക്കം നമ്മുടെ വഴിക്ക് വന്നോളും. കാശ്ശെന്ന് കേട്ടാൽ കമിഴ്ന്ന് വീഴാത്തവർ ഉണ്ടോ.”

ആ മറുപടി അല്പം ആശ്വാസം പകർന്നു നകുലന്.

സമയം പിന്നെയും നീങ്ങി. ഉച്ചയായപ്പോൾ വീണ്ടും നകുലൻ സാദിഖിനു മുന്നിൽ എത്തി.

” സാറേ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഞാൻ ഒതുക്കി. ആത്മഹത്യ തന്നെന്ന് എഴുതിക്കോളും ഡോക്ടർ. ഇനി സർ കൂടി അനുകൂലമായാൽ എല്ലാം ഓക്കേ.”

സ്റ്റേഷനിൽ ഓഫീസ് മുറിയിൽ നകുലനൊപ്പം സഹദേവനും ഉണ്ടായിരുന്നു. മുറിയുടെ വാതിൽ അടയ്ക്കാൻ കണ്ണ് കൊണ്ട് സഹദേവനോട് ആംഗ്യം കാട്ടി സാദിഖ്‌. വേഗം തന്നെ അയാൾ അത് ചെയ്തു.

” നകുലാ.. ഞാൻ സ്ട്രൈറ്റ് ഫോർവേഡ് ആണ്… അൻപത് ലക്ഷം.. അത് ഓക്കേ ആണേൽ കേസ് ഇപ്പോൾ സെറ്റിൽ ചെയ്യും ഞാൻ ”

ആ തുക കേട്ട് നകുലൻ ഒന്ന് ഞെട്ടി. അയാൾ മാത്രമല്ല ഒപ്പം നിന്ന സഹദേവനും

” സാർ അത്രയും തുകയോ… ഇതല്പം കൂടുതൽ ആണ് ”

ആ മറുപടി സാദിഖിന്റെ മുഖത്ത് പുഞ്ചിരി വിടർത്തി. പതിയെ എഴുന്നേറ്റു അവൻ. ശേഷം നടന്നു വന്നു അയാൾക്കരികിൽ ടേബിളിലായിരുന്നു.

” നകുലാ.. ഞാൻ ഇതിന്റെ പിന്നാലെ ഒന്ന് പോയി നോക്കി.. നിങ്ങടെ മോൻ കഴപ്പ് മൂത്ത് കോളേജിൽ കൂടെ പഠിക്കുന്ന പെണ്ണിനെ കേറി റേപ്പ് ചെയ്തു. ആ പാവം കൊച്ച് അവളുടെ അച്ഛനോട് ചെന്ന് കാര്യം പറഞ്ഞു. അത് ചോദിക്കാൻ വന്ന അങ്ങേരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കി നിങ്ങൾ.

അയാള് വഴങ്ങിയില്ല ഒടുവിൽ കേസ് കൊടുക്കുമെന്ന് ഉറപ്പായപ്പോ ബലമായി അയാളെ പിടിച്ചു വച്ച് ആ കൊച്ചിനെ ഭീഷണിപ്പെടുത്താൻ ഒരു ശ്രമം നടത്തി കഷ്ടകാലത്തിനു പിടിവലിക്കിടെ ശ്വാസം കിട്ടാതെ ആള് തട്ടിപ്പോയി. അതോടെ കെട്ടിത്തൂക്കിയിട്ട് കടബാധ്യത മൂലമുള്ള ആത്മഹത്യയാക്കി. ഇത്രയൊക്കെ ചെയ്ത് വച്ചിട്ട് എനിക്ക് വെറും നക്കാപ്പിച്ച തന്ന് ഇതെല്ലാം ഒതുക്കാമെന്നാണോ കരുതുന്നെ.. ”

സാദിഖിന്റെ വാക്കുകൾ കേട്ട് പരുങ്ങലോടെ സഹദേവനെ തിരിഞ്ഞു നോക്കി നകുലൻ. അത് കണ്ടിട്ട് ചിരിച്ചു പോയി സാദിഖ്‌.

” അയാളെ നോക്കേണ്ട… എന്നെ കൂടെ നിർത്തണേൽ കാര്യങ്ങൾ പറഞ്ഞെ പറ്റു ന്ന് മനസിലായപ്പോ പിന്നെ അയാൾക്ക് വേറെ വഴി ഇല്ലാരുന്നു. അങ്ങിനെ പറഞ്ഞതാ. ഉണ്ട ചോറിനുള്ള കൂറ്.. അതും തന്നോട്… തന്റെ ചെറുക്കനെ രക്ഷിക്കാൻ ”

അതെ എന്ന അർത്ഥത്തിൽ പതിയെ തലയാട്ടി നിന്നും സഹദേവൻ.
അത് കണ്ടിട്ട് വീണ്ടും തുടർന്നു സാദിഖ്‌

“താൻ ഈ തുക എനിക്ക് തന്നാൽ എന്റെ മാത്രം അല്ല ആ പെങ്കൊച്ചിന്റെയും വായടയും. ഇത് എന്റെ വാക്ക്… ഇതുവരെയും തന്ത ചത്തത് ആത്മഹത്യയാണെന്ന് ആണ് അവള് കരുതിയേക്കുന്നത്. അതും അവൾക്ക് ഇങ്ങനെ സംഭവച്ചതിന്റെ നാണക്കേട് ഭയന്നിട്ട്. ഏതോ ഒരു ബാങ്കിൽ ന്ന് പത്ത് ലക്ഷത്തിന്റെ ഒരു ലോൺ ഉണ്ട് അവർക്ക് അത് മുടങ്ങി ജപ്തിയുടെ വക്കിൽ ആണ്.

മരണ കാരണം അതാണെന്ന് പറയാം നമുക്ക്. പക്ഷെ അത് അയാളുടെ വീട്ടുകാർ കൂടി സമ്മതിക്കണേൽ കാശിറക്കണം. ആ ലോൺ ഒതുക്കി തീർത്തു ജീവിക്കാൻ ഉള്ള വക കൊടുത്താൽ നിങ്ങടെ മോൻ കാണിച്ച പോക്രിത്തരവും ആ പെൺകൊച്ച് മറക്കും. തന്ത കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന് അവള് തന്നെ പറയും.”

ഒന്ന് നിർത്തി നകുലന്റെ മുഖത്തേക്ക് നോക്കി സാദിഖ്‌. ശേഷം സഹദേവനെയും രണ്ടുപേരുടെയും മുഖഭാവം നോക്കി വീണ്ടും തുടർന്നു.

“ഇനി ഇത് കൊലപാതകം ആണെന്നെങ്ങാൻ ആ കൊച്ച് അറിഞ്ഞാൽ ചിലപ്പോ കത്തിയും എടുത്തു വന്നേക്കും തന്റെ പള്ള കീറാൻ …. ഈ ഡീലിന് താൻ ഓക്കേ ആണേൽ ഇതൊരു കൊലപാതകം ആണെന്ന് അവളൊരിക്കലും അറിയില്ല. ”

സാദിഖ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ആശ്വാസം നൽകുന്നവയാണെങ്കിലും ആ തുക അപ്പോഴും അംഗീകരിക്കുകാൻ കഴിഞ്ഞില്ല നകുലന്.

” സാറേ.. സാറ് പറഞ്ഞതൊക്കെ ഓക്കേ ആണ് അവളുടെ കൂടെ വായടഞ്ഞാൽ അത് സന്തോഷം പക്ഷെ അതിനു ഈ അൻപത് ലക്ഷം തന്നെ വേണോ.. കുറച്ചെങ്കിലും കുറയില്ലേ ”

അറച്ചറച്ചാണയാൾ ചോദിച്ചത്.

“കുറയ്ക്കാം ”

അത് പറഞ്ഞു കൊണ്ട് ടേബിളിൽ നിന്നും എഴുന്നേറ്റ് വീണ്ടും തന്റെ ചെയറിലേക്കിരുന്നു സാദിഖ്‌.

” ഈ അൻപതിൽ ഇരുപത്തഞ്ചു കേസിൽ നിന്നൂരി നിങ്ങടെ മാനം കാക്കാൻ ബാക്കി ഇരുപത്തഞ്ചു ആ പെങ്കൊച്ചിന്റെ വായടയ്ക്കാൻ.. അങ്ങിനെയാണ് ഞാൻ കണക്ക് കൂട്ടിയേക്കുന്നെ.. ഇതിൽ ഏതിൽ നിന്നുമാണ് ഞാൻ കുറയ്ക്കേണ്ടത് എന്ന് നിങ്ങൾ തന്നെ പറയ്.. പക്ഷെ കുറയുന്നതനുസരിച്ചു ഞാൻ തന്നേക്കുന്ന ഉറപ്പിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം അതൂടെ ഓർക്കണം കേട്ടോ.. ”

അവൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി മനസിലാക്കി നകുലൻ വിലപേശിയിട്ട് കാര്യമില്ല എന്ന് മനസിലാക്കി അയാൾ അതോടെ പതിയെ എഴുന്നേറ്റു .

” വേണ്ട സാറേ.. കുറയ്ക്കേണ്ട.. അൻപത്… ഉറപ്പിക്കാം.. കാശ് എപ്പോൾ വേണം.. അത് മാത്രം പറഞ്ഞാൽ മതി ”

” അങ്ങിനെ വഴിക്ക് വാ നകുലാ … കാശൊക്കെ ഈ സഹദേവൻ വന്നു കളക്ട് ചെയ്തോളും ഇരുപത്തഞ്ച് വീതം രണ്ട് ബാഗിൽ.. പിന്നെ നമ്മൾ ഇവിടെ കണ്ടിട്ടില്ല ഒന്നും മിണ്ടീട്ടും ഇല്ല… ഞാനപ്പോ ഹോപ്സിറ്റലിലേക്ക് പോകാ.. ആ ബോഡി റിലീസ് ചെയ്യാൻ വേണ്ട കാര്യങ്ങൾ ചെയ്യട്ടെ ”

വേഗത്തിൽ തൊപ്പിയുമെടുത്തു പുറത്തേക്ക് നടന്നു സാദിഖ്.

” സാറേ.. കാശ് തന്നാൽ പിന്നെ ഒരു പൊല്ലാപ്പും ഉണ്ടാകില്ലെന്ന് വിശ്വസിക്കാമോ… ”

പിന്നിൽ നിന്നും ഉള്ള നകുലന്റെ ആ ചോദ്യം കേട്ട് ഒന്ന് നിന്നു സാദിഖ്‌. ശേഷം പതിയെ തിരിഞ്ഞു.

” നകുലാ.. എനിക്ക് വാക്ക് ഒന്നേ ഉള്ളു. എന്നെ പറ്റി താൻ നല്ലോണം ഒന്ന് അന്യോഷിക്ക്.. അന്നേരം നിനക്ക് ഇതിനുള്ള ഉത്തരം കിട്ടും ”

അത്രയും പറഞ്ഞു വാതിൽ തുറന്ന് പുറത്തേക്ക് പോയി അവൻ.

” ഇതെന്ത്‌ ജാതിയാടോ..ഇയാൾ. ഒരു മയം ഇല്ലല്ലോ… ”

അറിയാതെ നോക്കി ഇരുന്ന് പോയി നകുലൻ.

” എനിക്കറിയില്ല മൊതലാളി .. ആദ്യം കരുതിയത് ആള് പക്കാ ഹരിശ്ചന്ദ്രൻ ആണെന്നാണ്. പക്ഷെ ഇപ്പോ അറിഞ്ഞിടത്തോളം ഇങ്ങേര് നമ്മളെ വെല്ലും.. കൂടെ കൂട്ടിയാൽ നമുക്ക് മെച്ചമായിരിക്കും ”

സഹദേവനും ഒന്നും മനസ്സിലാകാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു.

രാത്രിയോടെ സാദിഖിന്റെ വാടകവീട്ടിൽ കാശുമായി എത്തി സഹദേവൻ. പറഞ്ഞ പോലെ രണ്ട് ബാഗുകൾ. ടേബിളിലേക്ക് വച്ച് ആ ബാഗുകൾ തുറക്കവേ സാദിഖിന്റെ മിഴികൾ വിടർന്നു.

” സഹദേവോ.. നിങ്ങൾക്ക് ഈ ഡീലിൽ എത്ര കിട്ടി..”

ആ ചോദ്യം കേട്ട് പതിയെ തല ചൊറിഞ്ഞു അയാൾ

” അത് സാറേ.. അഞ്ച് ”

“ആഹാ.. അപ്പോ കൊള്ളാം കച്ചവടം. ഇനീം ഇതുപോലുള്ള കേസുകെട്ടുകൾ ഉണ്ടേൽ ധൈര്യമായി പിടിച്ചോ നമുക്ക് സെറ്റിൽ ചെയ്യാം.. ”

ആ കേട്ടത് സഹദേവനും സന്തോഷമുണ്ടാക്കി.

“സാറപ്പോ നമ്മുടെ ആളാണല്ലേ.. ആദ്യം ഞാനൊന്ന് സംശയിച്ചു ഒപ്പം നിൽക്കോ ന്നുള്ള കാര്യത്തിൽ ”

ആ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ സെറ്റിയിലേക്കിരുന്ന് മുന്നിലെ ടേബിളിൽ വച്ചിരുന്ന സ്ക്കോച്ച് കുപ്പിയിൽ നിന്നും അല്പം മദ്യം ഗ്ലാസ്സിലേക്ക് പകർന്നു സാദിഖ്‌. അതിൽ ഒരു സിപ്പ് നുണഞ്ഞ ശേഷം പതിയെ സഹദേവനെ നോക്കി.

” വാ ഇരിക്ക് ഒന്നടിക്ക് ”

” വേണ്ട സാറേ വണ്ടി ഓടിച്ചു തിരികെ പോകാൻ ഉള്ളതാ ഇന്നിനി വേണ്ട ”

സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു സഹദേവൻ…

” ആ വേണ്ടേൽ വേണ്ട ”

വീണ്ടും ഒരു സിപ്പ് കൂടി നുണഞ്ഞു സാദിഖ്‌.

” ഈ ഇരുപത്തഞ്ച് നാളെ തന്നെ ആ പെങ്കൊച്ചിന്റെ വീട്ടിൽ എത്തിക്കണം. എല്ലാം ഞാൻ സംസാരിച്ചു ഓക്കേ ആക്കീട്ടുണ്ട്. അവർക്ക് ഒരു പരാതിയും ഇല്ല. മാത്രമല്ല ഒരു മാസത്തിനുള്ളിൽ അവളും അമ്മയും ദുബായിലേക്ക് പറക്കും. അതിനുള്ള ഏർപ്പാടും ഞാൻ ചെയ്തിട്ടുണ്ട്. നാട്ടിൽ നിന്നാൽ അവര് ചിലപ്പോൾ വീണ്ടും തലവേദനയായേക്കും ”

ആ കേട്ടത് സഹദേവനും അതിശയമായി.

” സാറപ്പോ എല്ലാം ക്ലിയർ ആക്കും എന്ന് പറഞ്ഞത് നേരായിരുന്നു അല്ലെ. ഇത് പൊളിച്ചു. ഡീലിങ്‌സിൽ സാറ് ഒരു കാലൻ തന്നെ ”

അത് പറയുമ്പോൾ സാദിഖിനോട് വല്ലാത്ത മതിപ്പു തോന്നി സഹദേവന്.

” ജീവിക്കണ്ടെടോ..”

അത്രയും പറഞ്ഞു കൊണ്ട് പതിയെ എഴുന്നേറ്റു ഒരു ബാഗ് കയ്യിലെക്കെടുത്തു സാദിഖ്‌. ശേഷം സഹദേവന് നേരെ തിരിഞ്ഞു.

” അപ്പോ ശെരി താൻ വിട്ടോ. നാളെ കാണാം ”

” ഓക്കേ സാർ.. ”

മറ്റേ ബാഗുമെടുത്തു പോകാനായി പുറത്തേക്കിറങ്ങി സഹദേവൻ.

” ഒരഞ്ചു കൂടി തനിക്ക് വരും കേട്ടോ. അത് എന്റെ വക. നാളെ ആകട്ടെ.. ”

പിന്നിൽ നിന്നും സാദിഖ്‌ അത് വിളിച്ചു പറഞ്ഞത് കേട്ടിട്ട് ആകെ സന്തോഷമായി സഹദേവന്. അയാൾ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പോലീസ് ജീപ്പ് റോഡിലേക്ക് ഇറങ്ങി പോയതും മുൻവശത്തെ വാതിൽ അടച്ചു ബാഗും കയ്യിലെക്കെടുത്ത് ബെഡ് റൂമിലേക്ക് നടന്നു സാദിഖ്‌.

മുറിയിലെ ലൈറ്റ് ഓൺ ആക്കി പതിയെ ബെഡിലേക്ക് നോക്കി .

” എത്ര തടഞ്ഞു സി ഐ സാറേ.. ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൻ . ബെഡിൽ അവന്റെ ഭാര്യ ഷെറിൻ ഉണ്ടായിരുന്നു. അവൾക്കരികിലായി തന്നെ വീലചെയറും.

” ഓ ഒരു ഇരുപത്തഞ്ചു തടഞ്ഞു.. ”

ബാഗ് ബെഡിനടിയിലേക്ക് വച്ച് ആ വീൽ ചെയർ ഉരുട്ടി ഒരു സൈഡിലേക്ക് മാറ്റി വച്ച് പതിയെ ഷെറിനരികിലായി ഇരുന്നു അവൻ.

” ആ പെങ്കൊച്ചിന്റെ മാനത്തിന്റെ വില.അല്ലെ.. ”

ആ വാക്കുകൾ കേട്ട് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി സാദിഖ്.

” പിന്നെന്നതാ ചെയ്യേണ്ടേ.. നകുലനെ പോലൊരു കൊമ്പന്റെ മുന്നിൽ പിടിച്ചു നിൽക്കാനൊന്നും ആയിട്ടില്ല ആ കൊച്ച്. അവള് കേസിനു പോയാൽ ഒതുക്കികളയും അയാൾ ഇപ്പോ എന്നെ തന്നെ അയാൾ ഭയന്നത് ഈ കാക്കി ഇട്ടേക്കുന്നത് കൊണ്ട് മാത്രമാണ്.”

ആ പറഞ്ഞത് സത്യമാണെന്നു ഷെറിനും തോന്നി.പതിയെ അവളുടെ നെറുകയിൽ ഒന്ന് തലോടി സാദിഖ്‌.

“അയാളോട് ഫൈറ്റ് ചെയ്യാൻ പോയാൽ തന്തേടെ വിധി തന്നെ ആകും മകൾക്കും. അതിനേക്കാൾ നല്ലതല്ലേ ഈ കാശും വാങ്ങി നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കുക എന്നത്. പോയവരു പോയി ഉള്ളവരെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ.

കടമൊക്കെ തീർത്തു ദുബായിലേക്ക് പോയി സെറ്റിൽ ആകാൻ അവൾക്ക് ഈ തുക മതിയാകും പിന്നെ അവൾക്ക് ഒരു ജോലി കൂടി ഞാൻ സുഹൃത്ത്‌ വഴി റെഡിയാക്കിയിട്ടുണ്ട്. കുറച്ചു നാൾ മാറി നിന്നാൽ അവൾ വീണ്ടും ഓക്കേ ആകും. പിന്നെ ആ ചെറുക്കനോട് അവൾക്ക് പ്രതികാരം ചെയ്യണം എന്ന് തോന്നിയാൽ എന്താ ന്ന് വച്ചാൽ തിരിച്ചു വന്ന് ചെയ്‌തോട്ടെ.”

അവന്റെ വാക്കുകൾ കേട്ട് ചിരിച്ചു ഷെറിൻ.

” അപ്പോ നമുക്ക് കിട്ടിയ ഇരുപത്തഞ്ചോ ”

“അത് മനപൂർവം വാങ്ങിയതല്ലേ.. കുറച്ചധികം കാശ് കയ്യീന്ന് പോകുമ്പോ പിന്നെ ഇവനൊന്നും ഇത്തരം തെമ്മാടിത്തരം ആവർത്തിക്കാൻ തോന്നില്ല. പിന്നെ ഹരിശ്ചന്ദ്രൻ ആകാൻ എനിക്കും താത്പര്യം ഇല്ലെടോ.. ഉള്ളപ്പോ സമ്പാദിക്കണം അതാ എന്റെ ലൈൻ ”

അത്രയും പറഞ്ഞു കൊണ്ട് ഷെറിനു അരികിലായി കിടന്നു സാദിഖ്‌.

“കാശ് എത്ര സമ്പാദിച്ചാലും.. ഒന്നെഴുനേറ്റ് നടക്കാൻ പോലും പറ്റാത്ത എന്നെയും കൊണ്ട് അത് നല്ലത് പോലെ അനുഭവിക്കാൻ നിങ്ങൾക്ക് പറ്റില്ലല്ലോ ഇക്കാ.. ”

ആ വാക്കുകൾ കേട്ട് ഷെറിനെ മാറോടു ചേർത്തു സാദിഖ്‌

” സാരമില്ലടോ. താൻ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞു തന്നല്ലേ ഞാൻ തന്നെ ഒപ്പം കൂട്ടിയെ.. നമുക്ക് പറ്റുന്ന രീതിയിൽ അടിച്ചു പൊളിക്കാമെടോ ”

നിരമിഴികയോടെ അവന്റെ മാറിലേക്ക് ചാഞ്ഞു ഷെറിൻ. അപ്പോഴും ഒരു വിഷമം അവളെ അലട്ടി

” ഇക്കാ. എന്നാലും രണ്ട് ക്രിമിനൽസ് അല്ലേ പുല്ല് പോലെ പുറത്തുള്ളത് അവര് ചെയ്തത് ഓർക്കുമ്പോ.. ഈ കാശ്‌ ഇക്ക വാങ്ങിയതിൽ എനിക്കൊരു കുറ്റബോധം തോന്നുന്നുണ്ട്. ”

മറുപടി പറയാൻ അല്പം വൈകി സാദിഖ്‌.

” ഞാൻ കാശ്‌ വാങ്ങാറുണ്ട്. പലതും സെറ്റിൽ ചെയ്യാറും ഉണ്ട്. പക്ഷെ മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്യാറില്ല. നകുലനും മോനും ചെയ്തതിനുള്ള പ്രതിഫലം മറ്റൊരു വഴിക്ക് കിട്ടിക്കോളും ”

ആ മറുപടി കേട്ട് സംശയത്തോടെ തലയുയർത്തി ഷെറിൻ
അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു സാദിഖ്‌

” എടോ ലാലേട്ടൻ പറഞ്ഞത് അറില്ലേ.. നാർക്കോടിക്സ് ഈസ് എ ഡേർട്ടി ബിസിനെസ്സ്.. അത് ചെയ്യുന്നതിനുള്ള പ്രതിഫലം കൃത്യമായി നകുലനും മോനും കിട്ടാൻ വേണ്ടത് ചെയ്തിട്ടുണ്ട് ഞാൻ ”

തന്റെ മറുപടി ഷെറിന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നത് നോക്കി കിടന്നു സാദിഖ്‌. ശേഷം അവളെ വാരി പുണർന്നു.