ദൈവം കൂട്ടിയിണക്കിയ ചങ്ങലകൾ
(രചന: Pradeep Kumaran)
“സിസ്റ്ററെ ക്യാഷ്യലിറ്റിയിൽ പുതിയൊരു പേഷ്യന്റ് വന്നിട്ടുണ്ട്. ഒന്നങ്ങോട്ട് ചെല്ലു.”
വൈകുന്നേരം സ്റ്റാഫ് റൂമിൽ ചായ കുടിച്ചുകൊണ്ടിരുന്ന ശാലിനിയോട് ഹെഡ്നേഴ്സ് ബീന സിസ്റ്റർ പറഞ്ഞപ്പോൾ ചായ കുടി മതിയാക്കി ശാലിനി വേഗം അങ്ങോട്ട് നടന്നു.
ക്യാഷ്യലിറ്റിയുടെ മുൻപിലെത്തിയപ്പോഴാണ് വിഷണ്ണനായ് നിൽക്കുന്ന ശേഖരൻമാഷേ കണ്ടത്.
“എന്താ മാഷേ ഇവിടെ?. എന്ത് പറ്റി? ”
“ടീച്ചർക്ക് ചെറിയൊരു തലകറക്കം . പിന്നെയൊന്നും നോക്കിയില്ല മോളെ. ഇങ്ങോട്ട് കൊണ്ട് വന്നു.”
” ആണോ?, ഞാനൊന്ന് നോക്കട്ടെട്ടോ മാഷേ.”
ശേഖരൻ മാഷിനോട് സംസാരിച്ചു കഴിഞ്ഞ് ക്യാഷ്യലിറ്റിയിലേക്ക് കയറാൻ വാതിൽ തുറന്ന ശാലിനിയുടെ കൈ കാലുകളിലൊരു വിറയൽ അനുഭവപെട്ടു. ശാരദടീച്ചർ ,
ജീവിതത്തിൽ വെറുക്കപ്പെട്ട ഒരു സ്ത്രീ. വർഷങ്ങൾ കുറച്ച് കഴിഞ്ഞെങ്കിലും തന്നോടുള്ള അവരുടെ സമീപനത്തിൽ മാറ്റം വന്നു കാണുമോ?. എന്തായാലും അവർ ഇന്നൊരു പേഷ്യന്റാണ്.
തന്നെയുമല്ല മൂന്ന് വർഷം തന്നെ പഠിപ്പിച്ച ക്ലാസ്സ് ടീച്ചറും , ശേഖരൻ മാഷിന്റെ ഭാര്യയുമാണ്. മനസ്സിലെ വെറുപ്പും ദേഷ്യവും മാറ്റിവച്ചു ശാലിനി ടീച്ചറുടെ ബെഡിനടുത്തെത്തി.
പ്രതീക്ഷിച്ച പോലെ തന്നെ ശാലിനിയെ കണ്ട ശാരദ ടീച്ചർ മുഖം തിരിച്ചു. വാർദ്ധക്യം ബാധിച്ചെങ്കിലും ടീച്ചറുടെ മുഖഭാവത്തിൽ ആ പഴയ അവജ്ഞ മാറിയിട്ടില്ലെന്ന് കണ്ട ശാലിനി അത്ഭുതപെട്ടു.
ഫയൽ പരിശോധിച്ച ശാലിനി ടീച്ചർക്ക് ഡ്രിപ്പ് ഇടാനുള്ള ഡോക്ടറുടെ നിർദേശപ്രകാരം അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ടീച്ചറുടെ കയ്യിൽ IV ക്യാന്നുല ( i v canuala ) ചെയ്യാൻ സൂചി എടുത്തപ്പോൾ ടീച്ചറുടെ മുഖത്ത് ഭയമേറുന്നത് കണ്ടപ്പോൾ ശാലിനിക്ക് ചിരി വന്നു.
മൂന്ന് വർഷം തന്നെ വേദനിപ്പിച്ചപ്പോൾ കണ്ടിരുന്ന ഭീകരമായ മുഖഭാവത്തിൽ നിന്നും ടീച്ചറുടെ ദയനീയ ഭാവത്തിലേക്കുള്ള ഭാവം മാറ്റം മനസ്സിനൊരു കുളിർമ്മ നൽകുന്നു. എന്നിന്നാലും താനൊരു നേഴ്സ് ആണ്.
ടീച്ചർക്ക് വേദന ഉണ്ടാവാൻ പാടില്ല. കയ്യിലെ ഞെരമ്പിലേക്ക് സൂചി കയറ്റിയപ്പോൾ കണ്ണടച്ചിരുന്ന ടീച്ചർ പതുക്കെ കണ്ണുകൾ തുറന്നു , ആശ്വാസത്തോടെ.
“മാഷേ , പേടിക്കാനൊന്നുമില്ലാട്ടോ. ഡോക്ടറോട് ഞാൻ സംസാരിച്ചു. BP കുറഞ്ഞതാ. ഡ്രിപ്പ് ഇട്ടിരിക്കുകയാ ഇപ്പോൾ. ഒബ്സെർവേഷൻ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.
വേറെ ബുദ്ധിമുട്ടില്ലെങ്കിൽ നാളെ തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന ഡോക്ടർ പറഞ്ഞിരിക്കുന്നത്.”
ക്യാഷ്യലിറ്റിക്ക് പുറത്ത് വന്ന ശാലിനി ശേഖരൻ മാഷിനോട് ടീച്ചറുടെ അവസ്ഥ വിവരിച്ചപ്പോൾ മാഷിന്റെ കണ്ണുകളിലിലും ആശ്വാസത്തിന്റെ മിന്നലാട്ടങ്ങൾ കണ്ടു.
“മാഷേ എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞല്ലോ? ടീച്ചർക്കുള്ള റൂം ശരിയാക്കിയിട്ട് ഞാൻ പൊയ്ക്കോട്ടേ?. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എന്നെ വിളിക്കണോട്ടോ.”
“ശരി മോളെ. മോള് പൊയ്ക്കോ. ഞാനിവിടെയുണ്ടല്ലോ?. എന്തെങ്കിലും ആവശ്യമുണ്ടായാൽ ഞാൻ വിളിച്ചോളാം കേട്ടോ. ”
ടീച്ചർക്ക് കിടക്കുവാനുള്ള റൂം റെഡിയാക്കി , ബെഡ് മേക്കിങ് കഴിഞ്ഞ്, ടീച്ചറെ ഒന്നും കൂടി പരിശോധിച്ച് , മാഷിനോട് യാത്രയും പറഞ്ഞ് ശാലിനി ബസ്സ്റ്റാൻഡ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
സന്ധ്യദീപം തെളിയിച്ച് അച്ഛന്റെയും അമ്മയുടെയും ഛായചിത്രത്തിൽ തിരിയും തെളിയിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞ് കസേരയിൽ ഇരുന്ന ശാലിനിയുടെ മനസ്സ് കലുഷിതമായിരുന്നു.
വർഷങ്ങൾക്ക് ശേഷവും ശാരദ ടീച്ചർക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്താണ്?.
അല്ലെങ്കിലും ടീച്ചറോട് ഇതുവരെ താൻ മോശമായി പെരുമാറിയിട്ടില്ലല്ലോ?. ടീച്ചറെ ആദ്യമായി കണ്ടത് ഇന്നും മനസ്സിലുണ്ട്.
എട്ടാം ക്ലാസ്സിൽ ആദ്യമായി ചെന്നപ്പോൾ ക്ലാസ്സ് ടീച്ചറായി ശാരദടീച്ചർ ഇരിക്കുന്നു. തടിച്ച് പൊക്കം കുറഞ്ഞ് ടീച്ചർ കണ്ണടയും വച്ച് കയ്യിലൊരു ചൂരലും കൊണ്ട് ക്ലാസ്സിൽ വരുമ്പോഴേ ഭയം കൊണ്ട് വിറക്കുമായിരുന്നു.
ആദ്യമൊന്നും കുഴപ്പമില്ലാതെ ഇരുന്നെങ്കിലും പതുക്കെ ടീച്ചർ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
തന്റെ ഇല്ലായ്മമകളെ പരിഹസിക്കുകയും ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷയും നൽകിയിരുന്ന ടീച്ചറോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല അച്ഛനില്ലാത്ത കുട്ടിയാണെന്നും അമ്മ അടുത്ത വീടുകളിൽ ജോലി ചെയ്താണ് തന്നെ പഠിപ്പിക്കുന്നതെന്നും.
തന്റെ ദാരിദ്രം കണ്ടറിഞ്ഞ ഹെഡ്മാഷ് ശേഖരൻമാഷ് ഒരു ദിവസം ഓഫിസിൽ വിളിച്ച് വരുത്തി തന്റെ പഠനചിലവുകൾ ഏറ്റെടുക്കാൻ ഒരു വ്യക്തി തയ്യാറാണെന്ന് പറഞ്ഞപ്പോൾ അമ്മയോട് അനുവാദം വാങ്ങി അതിന് സമ്മതിച്ചത്.
പുതിയ ഉടുപ്പുകളും പുസ്തങ്ങളും തലമുടിയിൽ കെട്ടാനുള്ള റിബൺ വരെ തനിക്ക് തന്നിരുന്ന ആ ദൈവദൂതൻ ആരെന്ന തന്റെ ചോദ്യത്തിന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി എന്ന് മാത്രമാണ് മാഷ് പറഞ്ഞത്.
എട്ടാം ക്ലാസ്സിൽ മുതൽ ശാരദ ടീച്ചർ ക്ലാസ്സ് ടീച്ചറായി മാറുന്ന ക്ലാസ്സ് റൂമികളിലേക്ക് തന്നെയും മാറ്റിയിരുന്നു.
മറ്റുള്ളവരുടെ മുൻപിൽ തന്നെ അധിഷേപിച്ചിരുന്ന ശാരദടീച്ചറോടുള്ള വാശിയായിരുന്നു പിന്നീട്. ജയിച്ചു കയറണമെന്ന വാശി.
ശരാശരിയിൽ താഴെയായിരുന്ന താൻ പറത്താം ക്ലാസ്സ് പരീക്ഷയിൽ ഡിസ്റ്റിങ്ഷനോട് കൂടി മികച്ച വിജയം നേടിയപ്പോൾ നല്ലൊരു വാക്ക് പോലും പറയാത്ത ഒരേ ഒരു ആള് ശാരദ ടീച്ചർ മാത്രമായിരുന്നു.
പത്താം ക്ലാസ്സ് പരീക്ഷയുടെ മാർക്ക്ലിസ്റ്റും വാങ്ങി സ്കൂളിൽ നിന്നും മടങ്ങാൻ നേരം ശേഖരൻമാഷ് ഓഫിസ് റൂമിൽ വിളിച്ച് വരുത്തി ഒരു പേനയും വാച്ചും സമ്മാനമായി തന്നപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ബുക്ക് നോക്കിയിരുന്ന ടീച്ചറും അവിടെയുണ്ടായിരുന്നു.
നേഴ്സ് ആകണമെന്ന തന്റെ ലക്ഷ്യത്തെ കുറിച്ച് സൂചന നൽകിയപ്പോൾ തലയിൽ തൊട്ട് അനുഗ്രഹിച്ച മാഷ് തുടർന്നും തന്റെ പഠന ചിലവുകൾ വഹിക്കാൻ ആ വ്യക്തി സന്നദ്ധയാണെന്ന് അറിയിച്ചു.
മാസ മാസം കൃത്യമായി തന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയിരുന്ന തുക പഠന ചിലവും ജീവിത ചിലവും നടത്താൻ പ്രാപ്തമായിരുന്നു. പ്ലസ് ടു റിസൾട്ട് വരാൻ കാത്തിരുന്ന ദിവസമാണ് അമ്മയും തളർന്നു വീണത്.
അമ്മയുടെ പരിചരണവും പഠനവും ഒരുമിച്ച് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ശാരദ ടീച്ചറുടെ മുഖം മനസ്സിൽ തെളിഞ്ഞ് വരുമ്പോൾ അതെല്ലാം നിസ്സാരമായിരുന്നു.
വാശിയായിരുന്നു , ലക്ഷ്യത്തിലേക്കെത്താനുള്ള വാശി. ആഗ്രഹിച്ച പോലെ നഴ്സിംഗ് പാസായി ജോലിയും കിട്ടിയിരിക്കുന്നു.
പക്ഷെ തനിച്ചുള്ള ഈ ജീവിതം മടുത്തു തുടങ്ങി. അടച്ചുറപ്പില്ലാത്ത വീടും ജീവിതവും. അമ്മ മരണപെട്ടിട്ട് നാളേക്ക് ഒരു മാസം തികയുന്നു.
ശേഖരൻ മാഷിനോട് സംസാരിച്ചിട്ട് ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറണം. പിന്നെ തന്നെ ഇത്രയും നാൾ സഹായിച്ച ആ വ്യക്തി ആരെന്നറിയണം. അവർ ചിലവാക്കിയ തുക കഴിയും പോലെ തിരിച്ചു കൊടുക്കണം.
അന്നെന്തോ വിശപ്പ് തോന്നത്തിരുന്ന ശാലിനി വാതിലുകടച്ചു ലൈറ്റ് ഓഫ് ചെയ്തു ഉറങ്ങാൻ കിടന്നു.
” മാഷേ , ഈ മരുന്നുകളെല്ലാം മുടങ്ങാതെ കഴിപ്പിക്കണം കേട്ടോ. പ്രിസ്ക്രിപ്ഷൻ ഇതിലെഴുതിയിട്ടുണ്ട്. പിന്നെ എങ്ങനെയാ വീട്ടിലേക്ക് പോകുന്നത്?.”
ശാരദടീച്ചറെ ഡിസ്ചാർജ് ചെയ്ത് ഇനിയുള്ള ദിവസങ്ങളിൽ കഴിക്കാനുള്ള മെഡിസിൻ മാഷിന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ മാഷ് പുഞ്ചിരിച്ചു. കയ്യിലിരിക്കുന്ന മാസിക വായിച്ചുകൊണ്ട് ടീച്ചർ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു.
” കാറ് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് മോളെ. എന്തായാലും മോളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.”
” ഞാനും മാഷിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. എനിക്കൊരു കാര്യമാറിയണം മാഷേ. എന്നെ പഠിപ്പിച്ച , എന്റെ ഹൃദയത്തിൽ ദൈവത്തിന്റെ സ്ഥാനമുള്ള ആ വ്യക്തി ആരാണ് മാഷേ?.
ആ കാലുകൾ തൊട്ടൊന്ന് നമസ്ക്കരിക്കണം. പിന്നെ എനിക്ക് വേണ്ടി ചിലവാക്കിയ പണം കഴിയും പോലെ തിരിച്ചും കൊടുക്കണം.”
ശാലിനിയുടെ ചോദ്യം കെട്ട മാഷ് കുറച്ച് നേരം മൗനത്തിലിരുന്നു. റൂമിന്റെ വാതിലുകൾ അടക്കുന്ന മാഷിനെ കണ്ട് ശാലിനിക്ക് അമ്പരപ്പ് തോന്നി.
” മോൾക്ക് വേണ്ടി ചിലവാക്കിയ തുക തിരിച്ചു വാങ്ങുമോയെന്ന് എനിക്കറിയില്ല. നമ്മൾ ചിലവാക്കുന്ന പണത്തിന് പല അർത്ഥങ്ങളുമുണ്ട് മോളെ. പിന്നെ ആ വ്യക്തിയുടെ കാല് തൊട്ട് നമസ്കരിക്കണമെങ്കിൽ ദാ ആ കാലുകൾ തൊട്ട് നമസ്കരിച്ചോളൂ.”
ടീച്ചറുടെ കാലുകൾ ചൂണ്ടി കാണിച്ചുകൊണ്ട് മാഷ് പറഞ്ഞപ്പോൾ ശാലിനിയുടെ ഹൃദയത്തിലൊരു മിന്നലുണ്ടായി. കൈകാലുകൾ തളർന്നു പോകും പോലെ.
വീണു പോകാതിരിക്കാൻ ഭിത്തിയിൽ പിടിച്ചു നിന്ന് പോയി ശാലിനി. ആർദ്രമായി തന്നെ നോക്കുന്ന ടീച്ചറെ കണ്ടപ്പോൾ മനസ്സിന്റെ സകല നിയന്ത്രണങ്ങളും നഷ്ട്ടപെട്ടു. ടീച്ചറുടെ കാലിൽ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.
” ന്താ ന്റെ കുട്ടി ഈ കാണിക്കുന്നേ?.”
ശാലിനിയെ ചുമലിലിൽ പിടിച്ച് എഴുനേൽപ്പിച്ച ടീച്ചർ കണ്ണുകൾ തുടച്ചു കൊടുത്തപ്പോൾ ഭ്രാന്തമായ ആവേശത്തോടെ ശാലിനി ടീച്ചറെ കെട്ടിപിടിച്ചു.
” ഞാനെന്തൊരു പാപിയാണ്. ഞാനറിഞ്ഞില്ലല്ലോ ടീച്ചറെ?. ഈ നിമിഷം വരെ എന്റെ മനസ്സിൽ ടീച്ചറോട് ദേഷ്യമായിരുന്നു. ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ടീച്ചറെ? ”
കരഞ്ഞുകൊണ്ട് ടീച്ചറോട് ചോദിച്ചപ്പോളാണ് ശാലിനി ശ്രദ്ധിച്ചത് , തന്റെ പുറം ചുമൽ നനയുന്നു. ഞെട്ടിപ്പോയ ശാലിനി ടീച്ചറുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകളിൽ കൂടി ധാരയായി ഒഴുകുന്ന കണ്ണുനീർ.
” ഇനിയും പിടിച്ച് നിൽക്കാനെനിക്ക് കഴിയില്ലെന്റെ കുട്ട്യേ. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ന്റെ മോളെ. ”
” എന്തായി പറയുന്നേ ടീച്ചറെ?. എനിക്കൊന്നും മനസിലാകുന്നില്ലല്ലോ?. ”
” ടീച്ചർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഞാൻ പറയാം മോളെ.”
ശാലിനിയുടെ ചുമലിൽ കൈ വച്ച് ശേഖരൻ മാഷ് പറഞ്ഞു തുടങ്ങി.
” മോളെ ആദ്യം കണ്ടപ്പോൾ തന്നെ ടീച്ചർ ശ്രദ്ധിച്ചിരുന്നു. ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന നന്ദിനിമോൾ നഷ്ട്ടപെട്ടു രണ്ട് വർഷം കഴിഞ്ഞപ്പോളാണ് അതെ പ്രായമുള്ള മോളെ ടീച്ചർ കാണുന്നത്.
മോളുടെ രൂപസമാനതകൾ ടീച്ചർക്ക് നഷ്ട്ടപെട്ടു പോയ നന്ദിനിയെ തിരിച്ചു കിട്ടിയ പോലെയായിരുന്നു. ദിവസവും മോളുടെ കാര്യങ്ങൾ പറയുവാനേ നേരമുണ്ടായിരുന്നുള്ളു ടീച്ചർക്ക്.
പക്ഷെ മോളെ അടുത്തറിഞ്ഞപ്പോൾ വാത്സല്യം മാറി ഒരമ്മയുടെ കരുതലിലേക്ക് ടീച്ചർ മാറി. മോള് ജീവിതത്തിലേക്ക് തനിച്ച് പടവെട്ടി ലക്ഷ്യത്തിലേക്ക് നടന്ന് കയറാൻ വാശി വേണമെന്ന് തോന്നിയത് കൊണ്ടാണ് ടീച്ചർ വെറുപ്പിന്റെ മുഖംമുടി അണിഞ്ഞത്.
മോളുടെ മനസ്സിൽ വാശിയുടെ തീപ്പൊരി വാരിയിട്ടത്. സമയം കിട്ടുമ്പോളെക്കെ ആ തീ ഊതി കത്തിക്കാൻ ശ്രമിച്ചത്. മോളെ വേദനിപ്പിക്കുന്നതോർത്തു പല രാത്രികളിലും കരഞ്ഞിരുന്ന ടീച്ചറെ ഞാൻ കണ്ടിട്ടുണ്ട്.”
“എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല മാഷേ.”
” വിശ്വാസിക്കണം മോളെ. ഇത് ജീവിതമാണ്. മോളുടെ മേലെ കണ്ണ് വേണമെന്നും പറഞ്ഞു മൂന്ന് വർഷവം ടീച്ചർ മാറുന്ന ക്ലാസ്സ് റൂമിലേക്ക് മോളെയും മാറ്റിയിരുന്നത്.
മോളെ പ്രത്യേകം ശ്രദ്ധിക്കാൻ സഹപ്രവർത്തകരെ ടീച്ചർ ചട്ടം കെട്ടിയിരുന്നു . മോൾക്ക് അറിയുമോ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് മാർക്ക് ലിസ്റ്റ് വാങ്ങി മോള് പോയ രാത്രി ടീച്ചർ ഉറങ്ങിട്ടില്ല.”
” ഇതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത് ടീച്ചറെ? ”
” മാഷ് പറഞ്ഞതെല്ലാം ശരിയാണ് മോളെ. ഞങ്ങൾ മോളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. മോള് കാണാതെ ഞങ്ങൾ കോളേജിൽ വന്ന് അകലെ നിന്ന് മോളെ കണ്ട് സംതൃപ്തി അടഞ്ഞു തിരിച്ചു പോരുമായിരുന്നു. ”
” ഒരുപക്ഷെ ടീച്ചർക്ക് ഇപ്പോൾ അസുഖം വരാൻ മോള് കാരണമായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”
” മനസിലായില്ലല്ലോ മാഷേ? ”
” മോള് തനിച്ചായ അന്ന് മുതൽ ഉറക്കമില്ലയിരുന്നു ടീച്ചർക്ക്. തനിച്ച് ജീവിക്കുന്ന മോളെ കുറിച്ചുള്ള ആകുലത , വേവലാതി ഒക്കെയുണ്ടായിരുന്നു.
മോളെ കാണാൻ തന്നെയാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. കണ്ടു മനസ്സ് നിറഞ്ഞു. ഇനി ഞങ്ങൾ പൊയ്ക്കോട്ടേ മോളെ?.”
പെയ്തൊഴിഞ്ഞ മഴയെ പോലെ മനസ്സിലെ ഭാരങ്ങൾ ഇറക്കിവച്ചു മാഷും ടീച്ചറും പുറപ്പെടാൻ തയ്യാറായി.
ബാഗിലേക്കു ടീച്ചറുടെ ഡ്രെസ്സും മറ്റ് സാധനങ്ങളും അടക്കി വയ്ക്കുന്നതിനിടയിൽ മാഷും ടീച്ചറും കണ്ണുകൾ കൊണ്ട് സംസാരിക്കുന്നതു ശ്രദ്ധിച്ച ശാലിനിക്ക് ആകാംഷയേറി.
“എന്താ മാഷേ?. എന്തോ എന്നോട് പറയാനുണ്ടല്ലോ? ”
“ശരിയാ മോളെ. ഞങ്ങൾക്ക് മോളോട് ഒരു അഭ്യർത്ഥനയുണ്ട്. മോള് ഞങ്ങളുടെ കൂടെ വരുമോ?.
വായോധിക്കാരായ ഞങ്ങളെ ശ്രുഷുശിക്കാനുള്ള നേഴ്സ് ആയിട്ടല്ല, മറിച്ച് ഞങ്ങളുടെ സ്വന്തം മകളായിട്ട്. നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ മോളെ ക്ഷണിക്കുന്നത് ”
ആകാംഷയുടെ നിമിഷങ്ങൾ കടന്ന് പോകുന്നു. പ്രതീക്ഷയോടെ നാല് കണ്ണുകൾ തന്നെ നോക്കുന്നത് കണ്ട ശാലിനി പതുക്കെ മുഖമുയർത്തി മാഷിന് നേരെ കൈ കൂപ്പി.
“ജീവിതത്തിൽ ഇതുവരെ ഞാൻ അച്ഛായെന്ന് വിളിച്ചിട്ടില്ല. ഞാനൊന്ന് അച്ഛായെന്ന് വിളിച്ചോട്ടെ? ”
കൈകൾ കൂപ്പി വിതുമ്പിക്കൊണ്ട് ശാലിനി പറഞ്ഞപ്പോൾ മാഷ് അവളെ ചേർത്ത് പിടിച്ചു. കണ്ണട മാറ്റി കണ്ണ് തുടക്കുന്ന മാഷിനെ കണ്ടപ്പോൾ ടീച്ചറുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങി, ആനന്ദകണ്ണുനീർ…….
“മോളെ, എനിക്കൊരു കാര്യമറിയാനുണ്ട്. എന്നെ രണ്ട് വട്ടവും ഇൻജെക്ഷൻ എടുത്തിട്ടും എനിക്ക് വേദനിച്ചില്ലല്ലോ?. അതിന്റെ രഹസ്യമെന്താണ്? ”
വീട്ടിലേക്കുള്ള യാത്രയിൽ കാറിന്റെ പിൻ സീറ്റിൽ തന്റെ തോളിൽ തലചായ്ച്ച് കിടന്നിരുന്ന ശാലിനിയോട് ശാരദടീച്ചർ ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചു.
“ടീച്ചറമ്മയെ പേടിച്ച് ചെറുപ്പത്തിലെ ചെയ്യുന്ന കാര്യങ്ങളിൽ മനസ്സ് അർപ്പിച്ചു ചെയ്യാൻ ശ്രമിക്കാറുണ്ട്. അത്രയേ ഒള്ളു.”
ശാലിനിയുടെ മറുപിടി കേട്ട് ടീച്ചർ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. നഷ്ടപ്പെടുത്താലുകളല്ല മറിച്ച് ചേർത്ത് നിർത്താലുകളാണ് ജീവിതത്തിന്റെ ഭംഗിയെന്ന് തിരിച്ചറിഞ്ഞ അവർ യാത്ര തുടർന്നു , പുതിയ ജീവിതത്തിലേക്ക്…