പിന്നെ കണ്ട പെണ്ണുങ്ങളെ കുറിച്ച് പൊക്കി പറയുന്നത് ഞാൻ കേട്ടോണ്ട് നിക്കണോ അതും..

എന്റെ മീരമ്മ
(രചന: ശിവാനി കൃഷ്ണ)

ഈ വൺ വേ പ്രണയത്തിന് ഒരു കുഴപ്പൊണ്ട് എന്താന്ന് അറിയോ… നമ്മൾ ഇങ്ങനെ വെറുതെ ഇരുന്ന് എന്തെല്ലോ അങ്ങ് ചിന്തിച്ചു കൂട്ടും…

അങ്ങേര് എന്നെങ്കിലും എന്നെ മനസിലാക്കൊ.. ഇനി അങ്ങേർടെ ഉള്ളിൽ വേറെ ആരെങ്കിലും ഉണ്ടാവോ… അതോ ഞാൻ ഇനി കാണാൻ അത്ര പോരാഞ്ഞിട്ടാണോ…

അങ്ങനങ്ങനെ അവസാനം ചെവിയിൽ രണ്ട് ചെമ്പരത്തി പൂവും വെച്ചിട്ട് വീടിന്റെ ചുറ്റും ഇറങ്ങി ഓടാൻ തോന്നും… പക്ഷേ ഇതിൽ ഏറ്റവും മെയിൻ എന്താ ന്ന് അറിയോ…

കാത്തിരിക്കണോ വേണ്ടേ എന്നറിയാതെ അതിനിടയിൽ ഇങ്ങനെ സ്റ്റക്ക് അടിച്ചു നിക്കേണ്ടി വരുമ്പോ ഉണ്ടാവുന്ന ഒരു വേദന ഉണ്ട്‌ ന്റെ മോനെ…

എന്നും വച്ചു അതിന്റെ ഉത്തരം വേണ്ടന്ന് ആണെങ്കിൽ പോലും ചിലപ്പഴൊക്കെ നമ്മൾ അവിടെ തന്നേ അങ്ങ് നിന്ന് പോകും…

അങ്ങനെ ഞാൻ നിന്ന നിപ്പാണ് ഈ മൂന്ന് കൊല്ലത്തിനു ഇപ്പുറവും നിക്കുന്നത്… ഈ മൂന്ന് കൊല്ലത്തിനിടയ്ക്ക് എന്തോരം തല പുകച്ചിട്ടുണ്ട് ന്ന് അറിയാവോ…. എന്നെങ്കിലും മനസിലാക്കിയാലോ ന്ന് എവിടെയോ വല്യ അർഥം ഒന്നുമില്ലാത്ത ഒരു കുഞ്ഞ് പ്രതീക്ഷ മയങ്ങി കിടപ്പുണ്ട്…

എത്രന്നും വെച്ചാ നമ്മൾ ഇങ്ങനെ തീ തിന്നുന്നത്.. നിങ്ങൾ തന്നേ പറ… ചില സമയം അറിയാതെ ഇരുന്നു മോങ്ങും..അപ്പോ സെഡ് പാട്ടിട്ട് മോങ്ങിക്കൊണ്ട് കൂടെ പാടും…അപ്പോ ഒരാശ്വാസം ഹിഹി….

ഇതൊക്കെ നിങ്ങക്കും അറിയാവുന്നത് ആരിക്കൊല്ലോ..ഒരു വട്ടം പോലും പ്രേമിക്കാത്ത ആരാ ഉള്ളത്… അതിങ്ങനെ അങ്ങ് തോന്നി പോവില്ലേ… വേണ്ടാന്ന് വെച്ചാലും ഇടിച്ചിട്ട് കേറികളയും.. പിന്നെ ഇറങ്ങി പോവില്ല…

അപ്പോ ഞാൻ പറഞ്ഞു വന്നത് ഇതൊന്നുമല്ല… അങ്ങനെ ന്റെ നീണ്ട മൂന്ന് വർഷത്തെ പ്രണയം കാരണം ഞാനിപ്പോ എത്തി നില്കുന്നത് എവിടാന്ന് അറിയോ….

മഞ്ഞു പെയ്യും കാനഡ….വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് ഭൂമിയിലെ മാലാഖ ആയിട്ട് ഇങ് കേറി… ഇതാവുമ്പോ ഒരു വെടിക്ക് രണ്ട് പക്ഷി… ഒന്ന്…

അമ്മച്ചിയും അപ്പച്ചനും കൂടി തലയിൽ എടുത്തു വച്ച തന്ന ലക്ഷകണക്ക് പെട്ടെന്ന് തീർക്കാം… രണ്ട് അങ്ങേരെ എന്നും കണ്ടോണ്ട് എങ്കിലും ഇരിക്കാം… പറ്റിയാൽ ഒന്ന് വളയക്കാം.. മടക്കാം.. പെട്ടിയിലാക്കാം..ഈൗ

മതി കഥ കേട്ടത്.. നെൻ പോയി റെഡി ആവട്ടെ…ഇന്ന് ലീവ് ആണു.. അതോണ്ട് ഒന്ന് ഷോപ്പിങ്ങിനു പോണം.. ന്നിട്ട് രണ്ട് പന്നിപടക്കം കൂടി വാങ്ങണം…. അങ്ങേർടെ വായിൽ ഇട്ട് പൊട്ടിക്കാൻ..

അങ്ങനെ റെഡി ആയി മാളിൽ ചെന്ന് അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങീട്ട് ഒരു ടവൽ മേടിക്കാൻ കേറിയപ്പോ അവിടെ നിക്കുന്നു മുരട്ട് കാള…കാലൻ ദിവസം ചെല്ലുന്തോറും ഗ്ലാമർ ആയികൊണ്ട് വരുവോ…

ഇത്തിരി പോന്നത്തെ മൂക്ക് കാണുമ്പോ ഇടിച്ചു ചപ്പിക്കാൻ തോന്നും… അഹങ്കാരം പിടിച്ച കിളവൻ… പുതിയ ഷർട്ട്‌ വാങ്ങാൻ വന്നതാകും… എന്നാലല്ലേ കണ്ട മദാമ്മ സിസ്റ്റർമാരുടെ മുന്നിൽ ഷോ കാണിക്കാൻ പറ്റു..

രണ്ടൂസം മുന്നേ ഒന്ന് ബീച്ചിൽ പോയപ്പോ അവിടെ പായും വിരിച്ചു കിടക്കുന്നു… സായിപ്പന്മാർ വെയിൽ കൊള്ളാൻ കിടക്കുന്നതും കണ്ട് ഇങ്ങേര് ആരെ കെട്ടിക്കാനാ അവിടെ പോയി കിടക്കുന്നത്…നോക്കിയപ്പോ നിക്കറിട്ട കുറെ പെണ്ണുങ്ങളുടെ സംഗമം…

പിറകിൽന്ന് ഓടി ചെന്ന് നെഞ്ചാംകൂട് നോക്കി ഒരു ചവിട്ട് കൊടുക്കാൻ തോന്നിയതാണ്.. പിന്നെ കുറച്ച് നാൾ കഴിഞ്ഞു ഞാൻ ഇരിക്കാനുള്ള നെഞ്ചണല്ലോ ന്ന് ഓർത്ത് വെറുതെ വിട്ടു…

ഇന്നിനി മാളിലേക്ക് കെട്ടി എടുത്തിട്ടുണ്ട്…ആരെ കാണിക്കാൻ ആണോ…

കാൾ വന്നതും സംസാരിച്ചിട്ട് തിരിച്ചു ചെന്ന് നോക്കിയപ്പോ ഒരു പെണ്ണ് അങ്ങേർടെ കൂടെ… എന്നാ ഗ്ലാമർ ആന്നേ..

മലയാളി ആന്ന് ഉറപ്പാണ്.. അല്ലാതെ മദാമ്മമാർ സാരിയും ഉടുത്ത് ഇങ്ങേർടെ കൂടെ ഇവിടെ വന്നു നിക്കില്ലല്ലോ… എന്ത് മുടിയാ… മൂക്കുത്തിയും എല്ലാമായിട്ട് ഒരു കിടുക്കാച്ചി ഐറ്റം..

എന്താ നടക്കുന്നെ ന്ന് അറിയാൻ അടുത്തേക്ക് പോയി നിന്നപ്പോൾ അല്ലേ മനസിലായത്.. അങ്ങേർക്ക് ഷർട്ട്‌ എടുക്കാൻ വന്നതാ.. അതിന് ഇവള് എന്തിനാ… അങ്ങേര് കൊച്ച് കുഞ്ഞാണോ.. ഒറ്റയ്ക്ക് വന്നു എടുക്കാൻ മേലെ…

“ഇത് കൊള്ളാം അല്ലേ കിച്ചുവേട്ടാ.. ബ്ലൂ ഏട്ടന് നന്നായി ചേരും..”

കിച്ചുവേട്ടനോ… പ്ഫാ… അവൾടെ ഒരു കിച്ചു ചോട്ടൻ.. ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും..

“മ്മ് കുഴപ്പമില്ല…”

“കുഴപ്പമില്ല ന്നൊ.. ന്താ ഇപ്പോ ഇതിനൊരു കുഴപ്പം..”

“എനിക്ക് ബ്ലൂ കളറിനോട് വല്യ താല്പര്യമില്ല ആമി ..”

ബ്ലൂ കളർ പിടിക്കില്ല പോലും… പിന്നെ ഏത്‌ കളർ വേണോ ആവോ കിളവന്.. കറുപ്പായിരിക്കും കാലൻ..

പെട്ടെന്നാണ് എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ചെകുത്താൻ ചാടി എഴുന്നേറ്റത്…പണ്ടെങ്ങോ അങ്ങേര് പറഞ്ഞ ആ ആമി ആണോ ഇനി ഈ ആമി… എന്തായിരുന്നു ആ കിളവിടേ പേര്… ആ. അഭിരാമി.. ഇങ്ങേര് സ്നേഹത്തിൽ ആമി ന്ന് വിളിക്കും പോലും.. ഹും..

ഈശ്വര ഇത് ആ ആമി ആയിരിക്കല്ലേ… കുറച്ച് നാളായിട്ട് ലേശം സമാധാനം ഉള്ളതാ.. അത് നീ കളയല്ലേ…

“എന്നാ ദേ ഈ യെല്ലോ എടുക്കാം..”

“ഓക്കേ..”

“ഹോ ഭാഗ്യം.. ഇതെങ്കിലും ഇഷ്ടമായല്ലോ…”

അവൾടെ ചിരി കണ്ടില്ലേ.. ഇഷടായെങ്കി നിനക്ക് ന്ത്‌…ഇറങ്ങി പോടീ മറുതെ… നിന്റെ പശു മേഞ്ഞ പുല്ല് പോലത്തെ സൗന്ദര്യോമ് കൊണ്ട് അങ്ങേരെ മയക്കാൻ ചെല്ലണ്ട..

അതേ എന്റെ വലയിൽ കുടുങ്ങാനുള്ള മീനാണ്… അതിന്റെടേൽ കേറി ആരെങ്കിലും വല ഇട്ട വലിച്ചു കീറി ഉപ്പിലിടും ഞാൻ…

ഇതെന്ത് കഷ്ടവാ കർത്താവേ…എന്നും ഇങ്ങനെ ഇൻവെസ്റ്റിഗേഷനും നടത്തി കുശുമ്പും കാട്ടി നടക്കാൻ ആണോ ന്റെ വിധി…

ഓരോന്ന് ഓർത്തിട്ട് നോക്കിയപ്പോ അവരെ രണ്ട് പേരേം കാണാനില്ല… ഇതെവിടെ പോയി…

“നീ എന്താ ഇവിടെ ..”

തിരിഞ്ഞു നോക്കാതെ തന്നേ ആ പോത്ത് കുത്താൻ വരുന്ന പോലത്തെ സൗണ്ട് കേട്ടപ്പോഴേ മനസിലായി പോത്തിനടിയിൽ പെട്ട മാൻപേട ആണു ഞാൻ ന്ന്…

ഒന്ന് ഇളിച്ചോണ്ട് തിരിഞ്ഞപ്പോ ഉണ്ടക്കണ്ണും വച്ചു നോക്കി പേടിപ്പിക്കുന്നു..

“അതോ.. ഞാൻ ഒരു ബിരിയാണി കഴിക്കാൻ വന്നതാ..”

“ഇവിടെയോ..”

“ആ… ന്താ ഇവിടെ ഇരുന്നു ബിരിയാണി കഴിച്ചൂടെ.. ഞാൻ ചിലപ്പോ ഇവിടെ ഇരുന്നു കഴിക്കും..ചിലപ്പോ ഇതിന്റെ ഉത്തരത്തിൽ കേറി തൂങ്ങി കിടന്ന് കഴിക്കും… ചിലപ്പോ ദേ ആ റോഡിൽ ഇറങ്ങി ഇരുന്നു കഴിക്കും.. നിങ്ങക്ക് എന്നാ… ഇത് നിങ്ങടെ തറവാട്ടു സ്വത്താണോ…”

“ആണെങ്കി…”

“ആണെങ്കി അങ്ങോട്ട് മാറി നിക്ക്.. ഞാൻ പോട്ടെ..”

“ആ പോ… അത് തന്നെയാ നല്ലത്…”

“എന്നാ പോണില്ല…”

“ഇതെന്ത് ശല്യവാ..”

“അത് കൊള്ളാം.. ഇവിടെ വെറുതെ നിന്ന എന്നെ ഇങ്ങോട്ട് വന്നു ചൊറിഞ്ഞിട്ട് ഞാൻ ശല്യം ആണെന്നോ… ദേ കുറെ തിന്ന് ഉണ്ടാക്കി വച്ചിരിക്കുന്ന ശരീരം ആണെന്ന് നോക്കില്ല… ഒരു വീക്ക് വച്ചു തന്നാൽ അപ്രത്ത സെപ്റ്റിക് ടാങ്കിൽ പോയി കിടക്കും…”

“ടീ…”

“ഒന്ന് പോ കിളവ.. അത് പോട്ടെ… ഏതാ ആ പെണ്ണ്..”

“ഏത്‌ പെണ്ണ്..”

“നിങ്ങടെ കൂടെ നിന്നത്..”

“ആ അതോ.. പണ്ട് ഞാൻ ഒരു ആമിയെ പറ്റി പറഞ്ഞിട്ടില്ലേ..”

“ഓ നിങ്ങടെ പിറകേ നടന്ന ഒരു പ്രാന്തി…”

“എന്തായാലും നിന്നെക്കാളും വെളിവ് ഉണ്ട്‌..”

“ആ എനിക്ക് വെളിവ് കുറച്ച് കുറവാണു.. അതോണ്ട് സാർ മിണ്ടണം ന്ന് ഇല്ല.. ശരി പോട്ടെ..”

“ടീ.. നിക്ക് പോകാതെ..”

എന്റെ പട്ടി നില്കും… പിന്നെ കണ്ട പെണ്ണുങ്ങളെ കുറിച്ച് പൊക്കി പറയുന്നത് ഞാൻ കേട്ടോണ്ട് നിക്കണോ.. അതും അങ്ങേർടെ പിറകേ നടക്കുന്ന ഒരു പെണ്ണ്..

അവൾടെ കൂടെ ഷോപ്പിംങിനും വന്നു… ആയകാലത്ത് ഒന്നും ഇങ്ങേര് ചിരിച്ചു ഞാൻ കണ്ടിട്ടില്ല… അവൾടെ കൂടെ നിക്കുമ്പോൾ ന്താ ഇത്ര ചിരിക്കാൻ.. അല്ലങ്കിലും ഞാൻ എന്തിനാ ഓരോന്ന് ഓർക്കുന്നത്..

അതിന് ഞാനാരാ… ശ്രീകൃഷ്ണന്റെ കാമുകിമാരുടെ കൂട്ടത്തിൽ ഒന്ന്… രാധ ആണെന്ന് സ്വയം അങ്ങ് പ്രഖ്യാപിച്ചു… ന്നിട്ട് ഇപ്പോ ന്തായി… കരഞ്ഞു മൂക്കും പിഴിഞ്ഞ് പോയി റൂമിലിരിക്കാം…

കുറച്ച് കഴിഞ്ഞ് അങ്ങേരും ആ പെണ്ണുമ്പിള്ളേം കൂടി അടുത്ത ഒരു ജ്വല്ലറിയിൽ കേറി പോണ കണ്ടു… പിന്നെ അവിടെ നിക്കാൻ തോന്നിയില്ല… ടാക്സി വിളിച്ചു നേരെ റൂമിലേക്ക് വന്നു…

അങ്ങേരോടുള്ള ദേഷ്യത്തിനു നാളേക്ക് വാങ്ങിക്കൊണ്ടു വന്ന ഒരു കിലോ ചിക്കൻ എടുത്തു ചില്ലി ചിക്കനും വച് ഓരോന്ന് ഓർത്ത് കരഞ്ഞോണ്ട് തിന്നോണ്ട് ഇരുന്നപ്പോൾ കാളിങ് ബെൽ അടിച്ചു.. നാശം.. എൻറെ മൂഡ്‌ കളയും… എഴുന്നേറ്റ് പോകാനും വയ്യ.. ആ ബെൽ അടിച്ചിട്ട് കുറച്ച് നേരം നിന്നിട്ട് പോട്ടെ…

ചിക്കൻറെ കാലെടുത്തു ഊറിക്കൊണ്ട് ഇരുന്നപ്പോ കതക് തുറന്ന് കേറി വന്ന ആളെക്കണ്ട് വായിലിരുന്ന കാൽ തെറിച്ചു പോയി…

“ഓഹോ.. നീ ഇവിടെ ഇരുന്നു കാൽ കടിച്ചു പറിക്കുവാണോ.. ഞാൻ ഓർത്ത് മാനസമൈന പാടി ഇരിക്കുവാന്ന്…”

“അതേ നിർത്ത് നിർത്ത്.. മനുഷ്യനായാൽ കുറച്ച് manners വേണം.. ഇങ്ങനെ ആണോ പെമ്പിള്ളേർ ഒറ്റയ്ക്ക് താമസിക്കുന്ന റൂമില് കയറി വരുന്നത്..”

“ഓ… Manners ഉള്ളത് കൊണ്ടാകും അന്ന് നീ എന്റെ changing റൂമില് കേറി വന്നത്..”

“അ.. അത് പിന്നെ ഞാൻ അറിഞ്ഞോ നിങ്ങൾ അതിനകത്തു ഉണ്ട്‌ ന്ന് ”

“ആ ഞാനും അറിഞ്ഞില്ല.. നീ ഇതിന്നാത്തിരുന്നു അരപാവാടയും ഇട്ട് വെട്ടി വിഴുങ്ങുവാന്നു..”

“ടോ.. തന്നേ ഞാൻ.. ഞാൻ ചിലപ്പോ അര പാവാട ഇടും കാൽ പാവാട ഇടും.. ചിലപ്പോ ഒന്നുമില്ലാതെ നടക്കും.. തനിക്കെന്താ..”

“സന്തോഷം…”

“പ്ഫാ… ന്തോന്ന് വേണം നിങ്ങക്ക്.. ഇവിടെ എന്നാ എടുക്കുവാ… നിങ്ങടെ ആമിമോൾടെ അടുത്ത് ചെല്ല്… പാവം..”

“മ്മ്.. അവൾ ഉറങ്ങുവാ.. അതാ വന്നത്..”

“അവൾ ഉറങ്ങുന്നെങ്കിൽ രാരീരാരം പാടി കൊടുക്കണം..ഇവിടെ വന്ന എന്തിന്..”

“അവൾക് കണ്ണ് തട്ടാതിരിക്കാൻ റൂമിന്റെ മുന്നിൽ ഒരു കോലം വെയ്ക്കണം.. അതെടുക്കാൻ വന്നതാ..”

“ഇവിടെ കോലം ഒന്നുമില്ല..”

“ഏയ്‌.. നീ പകൽ വന്നൊന്ന് അവിടെ നിന്നാമതി..”

“ടോ… ആ ഞാൻ കൊള്ളില്ല..അതിന് തനിക് ന്താ.. ഏഹ്… ആയിക്കോട്ടെ… നാളെ മുതൽ തന്റെ ആമി മോൾക്ക് കണ്ണ് തട്ടാതിരിക്കാൻ വന്നു നിന്നേക്കാം.. ഓക്കേ.. ഇവിടെ എന്റെ മോന്ത കണ്ട് ബുദ്ധിമുട്ടണം ന്ന് ഇല്ല.. ഇയാൾ പോയാട്ടെ..”

ദേഷ്യവും വിഷമവും എല്ലാം കൂടെ വന്നിട്ട് സ്റ്റൂൾ പിടിച്ചിട്ട് ഇരുന്നു വീണ്ടും വാരി കുത്തികേറ്റി…

ഇനി എന്തിനാണോ പോവാതെ നിക്കുന്നത്.. ഇഷ്ടല്ല നിക്ക്…

അപ്പോഴേക്കും വായിലേക്ക് വെയ്ക്കാൻ കയ്യിലെടുത്ത ചിക്കൻറെ പീസ് അങ്ങേര് വന്നു വായിലാക്കി…

“അതേ ഇത് ഹിന്ദി സീരിയൽ അല്ല മിസ്റ്റർ..”

“പിന്നെ…”

“ഇത് റിയാലിറ്റി ആണു..സീരിയൽ ചിലപ്പോ കണ്ണും കണ്ണും നോക്കും വീഴുമ്പോ പിടിക്കും പ്രേമിക്കും കെട്ടും ഡിവോഴ്സ് ചെയ്യും.. ചിലപ്പോ കെട്ടുന്നതിന് മുൻപ് കൊച്ചുണ്ടാവും.. എന്തൊക്കെയോ പൂരങ്ങൾ നടന്ന് അവസാനം എങ്ങനെ എങ്കിലും അവർ ഒന്നിക്കും…”

“ഇവിടെയോ..”

“ഇവിടെ ഇവിടെ സ്നേഹം കൂടി തോന്നണം… ഒരാൾക്ക് മാത്രം തോന്നിയാൽ പോരാ.. രണ്ടാൾക്കും തോന്നണം…”

“അങ്ങനെ തോന്നിയാൽ?”

“അങ്ങനെ തോന്നിയാൽ there is a chance ഈ relation മുന്നോട്ട് പോകാൻ… നിങ്ങൾ ചെല്ല്.. ആമികൊച്ചു ഉണർന്നു കാണും..”

“എന്തൊരു കുശുമ്പാടീ നിനക്ക്… ”

“ദേ എന്റെ മൂക്കിൽ ആരും പിടിക്കുന്നത് എനിക്ക് ഇഷ്ടമല്ല..”

“എങ്കിൽ ഇനിയും പിടിക്കും…”

“അതിന് നിങ്ങൾ എന്റെ ആരാ…”

“ഞാൻ നിന്റെ പുതുമാപ്പള…”

“ഒന്ന് പോയേ കിച്ചാ… നിക്ക് കഴിച്ചിട്ട് ഉറങ്ങണം..”

“നിനക്ക് എപ്പോഴും ഈ തിന്നുന്ന ചിന്തയേ ഉള്ളു..”

“ആ ഉള്ളു.. നിങ്ങക്ക് എന്നാ…”

“ഓ നിക്ക് ന്ത്‌.. ഇനി മുതൽ എനിക്കും കഴിക്കാല്ലോ..”

“എന്തോ.. എങ്ങനെ…”

“ഇനി ഡയറക്റ്റ് ആയിട്ട് പറഞ്ഞാലേ നിനക്ക് മനസ്സിലാവുള്ളു?”

“ആഹ്..”

“എന്നാ കേട്ടോ…. ഹരികൃഷ്ണൻ എന്ന ഈ എനിക്ക് ദേ ഇവിടെ ഇരുന്നു ചിക്കനിൽ മൂക്ക് കുത്തി കിടക്കുന്ന മീരമ്മ ഇല്ലാതെ ഇനി വയ്യെന്ന്…”

“ഏഹ്…”

“ഇനി എനിക്ക് അഭിനയിക്കാൻ വയ്യ ന്ന് പോത്തേ…നാൻ ഉന്നെ കാതലിക്കറേ… ഐ…ലവ്… യു..”

“ഇത് ഞാൻ വിശ്വസിക്കണമായിരിക്കും..”

“ആഹ് വേണമെങ്കിൽ ഒരു താലി വാങ്ങിയിട്ടുണ്ട്.. ഇപ്പോ തന്നേ കെട്ടി തരാം.. എന്തെ വേണോ..”

“ഓഹ് വേണ്ട.. നിങ്ങടെ ആമിക്ക് കൊണ്ട് കെട്ടികൊടുക്ക്..”

“എന്ന ഓക്കേ…”

“ദേ നില്ല് നില്ല് പോവല്ലേ…”

“മ്മ്.. എന്താ..”

“ശരിക്കും ഇഷ്ട്ടം ഉണ്ടോ..”

“ആഹ് കുറച്ച്..”

“അപ്പോ ബാക്കിയോ..”

“കളഞ്ഞു പോയി…”

“ഉള്ള ഇഷ്ട്ടം വച് താലി കെട്ട് വരെ എത്തോ..”

“ങ്ങും..”

“അപ്പോ ആമിയോ..”

“നിന്റെ ഒരു ആമി.. അവൾടെ കല്യാണം കഴിഞ്ഞു ഇപ്പോ ഒരു കൊച്ചും ഉണ്ടെടി പോത്തേ…”

“ഉയ്യോ.. കൊച്ചോ.. ന്നിട്ടും എന്നാ ഗ്ലാമർ ആണു..”

“ഓ ന്റെ മീരമ്മയുടെ അത്രേ ഒന്നും വരില്ല..”

“സോപ്പ് ഇടണ്ട.. ഹും. മൂന്ന് കൊല്ലം ആണു നിങ്ങളെന്നെ തീ തീറ്റിച്ചത്… നിങ്ങക്ക് ഇത് അന്നേ പറഞ്ഞിരുന്നെങ്കിൽ ന്തായിരുന്നു…”

“പറഞ്ഞിരുന്നെങ്കിൽ എന്റെ മീരകൊച്ചിന് ഇടയ്ക്ക് ഇടയ്ക്ക് കാണാൻ ഒക്കെ തോന്നുകേലേ… ഇതിപ്പോ ഇവിടേം വരെ എത്തീലെ..”

“ഹും… എന്നാലേ ഒരു കാര്യമുണ്ട്..”

“അസിസ്റ്റന്റ് ആയിട്ട് നിർത്തിയേക്കുന്ന ആ മഡോണയെ അങ്ങ് മാറ്റിയെര്”

“അതെന്നാത്തിനാ..”

“നിക്ക് അവളെ ഇഷ്ടല്ല..”

“നിനക്ക് കാണാൻ കൊള്ളാവുന്ന ഏതെങ്കിലും പെണ്ണുങ്ങളെ അതിനെ ഇഷ്ടാണോ..”

“ആം..”

“ആരെ..”

“എന്നെ..”

“അയ്യടാ… മ്മ്.. വാ റൂമില് പോവാം.. ആമി അവിടെ കാത്തിരിക്കുവാ..”

“ഓഹ് ഹും.. ഞാൻ എന്റെ ഫുഡ് കഴിച്ചു തീർന്നിട്ടെ വരൂ..”

“അവൾ അവിടെ kfc ഒക്കെ order ചെയ്തിട്ട് ഇരിക്കുവാ…”

“ശൊ പാവം.. എന്നാ വരാം.. ഹിഹി.. ഇത് നാളെ തിന്നാം കൊണ്ട് വെക്കട്ടെ..”

“ഈ കുരുപ്പ്…”

“ഈൗ…” ചട്ടിയും എടുത്തു കിച്ചനിലോട്ട് നടന്നപ്പോൾ അങ്ങേര് കുണുങ്ങി കുണുങ്ങി പിറകേ വരുന്നു..

“അതേ…”

“മ്മ്…”

“എങ്ങോട്ടാ..”

“എന്റെ മീരകൊച്ചിന് ഒരു കമ്പനിക്ക്..”

“അത്ര കമ്പനി ഒന്നും വേണ്ട…”

“ഓഹ് വേണ്ടേൽ വേണ്ട…”

“പിന്നൊരു കാര്യം..”

“എന്നാ..?”

“നിങ്ങൾ നേരത്തെ എന്റെ കയ്യിന്ന് വാങ്ങി വിഴുങ്ങിയ ആ കാർട്ടിലേജ് പീസ് ഉണ്ടല്ലോ.. അതെനിക് അത്ര ഇഷ്ടപ്പെട്ടില്ല..ഹും..”

Leave a Reply

Your email address will not be published. Required fields are marked *