പിന്നെ വിശ്വാസമുണ്ടേൽ കൂടെ വരാം, ഇന്നത്തെ രാത്രി കഴിഞ്ഞ് കൂടാനുള്ള സൗകര്യം ചെയ്തു തരാം അയാളോടൊപ്പം ചെന്ന്..

വിജനതയിലൊരാൾ
(രചന: Nisha Pillai)

ഒറ്റക്കു കാറുമെടുത്തു മടങ്ങുമ്പോൾ ഇങ്ങനെയൊരു അവസ്ഥയിലാകുമെന്ന് തോന്നിയില്ല. പകുതി വഴി വരെ എത്തിയപ്പോൾ കാർ നിന്നു പോയി.പെട്രോൾ തീർന്നു.

പിണങ്ങിയിറങ്ങുമ്പോൾ ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചതുമില്ല. എട്ടിന്റെ പണിയെന്നു വച്ചാൽ ഇതാണ്. പാർവതി ഡോർ തുറന്നു പുറത്തിറങ്ങി.

വന്മരങ്ങൾ ഇടതൂർന്ന് വളർന്ന പാതയോരങ്ങൾ, അടുത്തെങ്ങും ഒരു മനുഷ്യ ജീവിയെ പോലും കാണുന്നില്ല . ചെറുതായി ഭയം അരിച്ചരിച്ച് കയറുന്ന പോലെ തോന്നി.കാർ ലോക്ക് ചെയ്തു മുന്നോട്ടു നടന്നു.

വന്യ മൃഗങ്ങളെങ്ങാനും ഉണ്ടാകുമോ ,തന്റെ മൊബൈൽ ഫോൺ ആണ് ചതിച്ചതാണ് .ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര തിരിച്ചത് .ഇടക്കെവിടെ വച്ചോ വഴി തെറ്റി , അവളത് തിരിച്ചറിയാതെ നല്ല സ്പീഡിൽ വച്ച് പിടിക്കുകയായിരുന്നു .

വഴിയുടെ സ്വഭാവം മാറി തുടങ്ങിയപ്പോഴാണ് മാപ്പിന്റെ ചതി മനസിലായത് .വഴിയും തെറ്റി നെറ്റ് വർക്കും ഇല്ലാതായി .ഇപ്പോൾ ദേ പെട്രോളും തീർന്നു വഴിയിൽ കിടപ്പായി .

“എന്തൊരു ഗതികേടാണ്?”

അവൾ ആത്മഗതം പറഞ്ഞു കൊണ്ട് നടന്നു .കുറെ ദൂരം മുന്നോട്ട് നടന്നപ്പോൾ ദൂരെയൊരു വഴിയരികിൽ ചെറിയ ഏറുമാടം കണ്ടപ്പോൾ പ്രതീക്ഷ തോന്നി.

അവിടെ മനുഷ്യരെങ്ങാനും ഉണ്ടാകുമോ ? ഉണ്ടെങ്കിൽ ചെറുപ്പക്കാരിയായ ഒരു സ്ത്രീയെ അവർ വെറുതെ വിടുമോ?
വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവൾ നടന്നു. പുറത്തെങ്ങും ആരേയും കണ്ടില്ല.ഉള്ളിൽ കയറി നോക്കി.

താടിയും മുടിയും നീട്ടി വളർത്തിയ ഒരു യുവാവ് കിടന്നുറങ്ങൂന്നുണ്ടിയിരുന്നു. ശബ്ദമുണ്ടാക്കി അയാളെ ഉണർത്താതെ നാലുപാടും വീക്ഷിച്ച ശേഷം അവൾ പുറത്തിറങ്ങി.

“ആരാ എന്തായിവിടെ? ”

അവൾ തിരിഞ്ഞു നിന്നു.അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“പെട്രോൾ തീർന്നു.രാത്രിയ്ക്ക് മുൻപ് എനിക്ക് അടിവാരത്തെത്തണം.എന്തെങ്കിലും മാർഗ്ഗം.ഇന്ന് രാത്രിയ്ക്ക് മുൻപ് ഹോസ്റ്റലിൽ എത്തിയില്ലെങ്കിൽ താമസിക്കാൻ വേറെ ഇടം തേടേണ്ടി വരും.”

“വന്ന വഴി കണ്ടില്ലാരുന്നോ,റോഡ് ക്ലോസ്ഡ് എന്ന് ബോർഡ് ഉണ്ടാരുന്നല്ലോ .വഴി മൊത്തം പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ഈ വഴി ആരുമധികം ഉപയോഗിക്കാറില്ല.

മണ്ഡലകാലത്ത് അയ്യപ്പന്മാർ മാത്രമാണീ വഴി പോകുന്നത് ഇങ്ങോട്ടേക്കു വരുന്നതിന് മുൻപ് ഒരു മുപ്പത് കിലോമീറ്റർ മുൻപ് കണ്ട് കാണുമല്ലോ, അതാണ് ലാസ്റ്റ് പമ്പ്.ഇനി അടിവാരമെത്തണം.”

” എന്നെ സഹായിക്കാൻ പറ്റില്ലേ ?”

“ക്ഷമിക്കണം ഇല്ലായെന്ന് പറയേണ്ടി വരും.നാളെ ഉച്ചയോടെ അടിവാരത്ത് നിന്നും കാട്ടിലേക്ക് ഒരു ലോറി വരും,അവർ മടങ്ങി അടിവാരത്ത് എത്തിച്ചേരാൻ നാളെ സന്ധ്യയാകും.അത് വരെ ക്ഷമിക്കാമെങ്കിൽ ലോറിയിൽ കെട്ടി സുരക്ഷിതമായി കാറവിടെ എത്തിച്ചു തരാം.”

“അയ്യോ അത് പറ്റില്ല.എനിക്കിന്ന് പോകണം.”

“എന്നാൽ ശരി പൊയ്ക്കോ, ഞാൻ സംഗതികളുടെ നടപ്പുവശമാണ് പറഞ്ഞത്.വേറെ വഴികളൊന്നും തെളിയുന്നില്ല.”

അയാളവളെ ഗൗനിക്കാതെ റോഡിലൂടെ നടന്നു.അവളൊന്നും മിണ്ടാതെ അയാളുടെ പിറകേയും.

“കാറിന്റെ ഗ്ലാസ് ഉയർത്തി വയ്ക്കൂ,ഇവിടെ വാനര ശല്യം കൂടുതലാണ്.”

അവൾ ഗ്ലാസ്സുയർത്തി, കാറിൽ നിന്നും അവളുടെ ബാഗെടുത്ത് കാർ ലോക്ക് ചെയ്തു.ബാഗിൽ നിന്നും അവളുടെ വിലകൂടിയ സ്മാർട്ട് ഫോൺ എടുത്ത് കയ്യിൽ പിടിച്ചു.

ഈ നിമിഷം വരെ തൻ്റെ ജീവനും പ്രാണനുമായ ഫോണാണ്,ഇപ്പോൾ നിർജീവമായി കയ്യിലിരിക്കുന്നത്.അവൾ ദേഷ്യത്തോടെ ഫോൺ ബാഗിലേയ്ക്ക് തന്നെ വലിച്ചെറിഞ്ഞു.

“ഇനി ചുരം ഇറങ്ങുന്നത് വരെ അതിന്റെ ഉപയോഗമില്ല.”

അയാൾ തിരിഞ്ഞ് നോക്കാതെ പറഞ്ഞു.

“വഴക്കിട്ടിറങ്ങേണ്ടിയിരുന്നില്ല,ഒരു പക്ഷെ താൻ ഇങ്ങനെ കടന്ന് കളയുമെന്ന് അയാളറിഞ്ഞിരുന്നുവെങ്കിൽ ഒറ്റയ്ക്ക് കുട്ടിയെ വിടില്ലായിരുന്നു.”

“ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാം .ട്രാപ്പ് ആണോ,എന്നെ ചതിച്ചതാണോ. ശരിക്കും നിങ്ങളാരാണ്? ”

അയാൾ പൊട്ടിച്ചിരിച്ചു.

“പേടിയ്ക്കണ്ട,ഞാൻ വെറുതെ ഊഹിച്ചതാണ്. എനിയ്ക്ക് അയാളെ അറിയില്ല.

ഞാൻ മന്ത്രവാദിയൊന്നുമല്ല.ചെറിയ രീതിയിൽ മെൻ്റെലിസം പ്രാക്ടീസ് ചെയ്യുന്നുണ്ട്. കുട്ടിയുടെ മനസിലെ സങ്കടവും വിരഹവും ദേഷ്യവും ഒക്കെ കൂട്ടി വായിച്ചപ്പോൾ തോന്നിയത് പറഞ്ഞുവെന്ന് മാത്രം.”

അയാൾ റോഡിൽ നിന്നും കാട്ടുപാതയിലേയ്ക്ക് തിരിഞ്ഞു നടന്നു.തിരിഞ്ഞു നിന്നുകൊണ്ട് അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“പിന്നെ വിശ്വാസമുണ്ടേൽ കൂടെ വരാം,ഇന്നത്തെ രാത്രി കഴിഞ്ഞ് കൂടാനുള്ള സൗകര്യം ചെയ്തു തരാം.”

അയാളോടൊപ്പം ചെന്ന് കയറിയത് ഒരു ചെറിയ കുടിലിലാണ്.ഏതോ കാട്ട് പുല്ല് കൊണ്ട് മേഞ്ഞത്.

“ഇതെന്റെ കുടിലല്ല,വേലൻ്റെയാണ്.ഒരു കാട്ടുവാസി.ഇപ്പോളെൻ്റെ ഗുരുവാണ്.ഒരു അതീന്ദ്രിയ സിദ്ധി പരിശീലിക്കാൻ തൊണ്ണൂറ് ദിവസത്തെ ബ്രഹ്മചര്യം.സാത്വിക ഭക്ഷണം.നിശബ്ദമായ ചുറ്റുപാടും,പ്രകൃതിയും ഞാനും മാത്രം.

ഇപ്പോൾ നിങ്ങളുടെ സാമീപ്യം.ഇന്നത്തെ പരിശീലനം പുറത്ത് വച്ചാക്കണം.കുറച്ച് കഴിഞ്ഞ് ഞാൻ പുറത്തേക്ക് പോകും രാവിലെ മടങ്ങും.പേടിയ്ക്കണ്ട.നിങ്ങൾക്ക് വേലൻ സംരക്ഷണം തരും.”

അയാളവൾക്ക് കഴിക്കാൻ മുളയരി ചോറും തേനും കൊടുത്തു.അവളതു കഴിക്കാത്തത് കൊണ്ട് അയാൾ പുറത്തു പോയി കുറച്ചു കാട്ടുപേരയ്ക്ക പൊട്ടിച്ചു കൊടുത്തു.

ചെറുതെങ്കിലും മാംസളമായ പേരക്കകൾ. അവളതു വയറു നിറയെ കഴിച്ചു .മധുരമുള്ള ചുവന്ന പേരക്കകൾ .അവൾ ഫോണിൽ നോക്കി നെടുവീർപ്പിട്ടു.പേപ്പർ വെയിറ്റ് ആയി പോലും ഉപയോഗിക്കാൻ പറ്റില്ല .

“പേടിക്കണ്ട ,ഇവിടെ വന്യ മൃഗങ്ങൾ വരില്ല ,അവയെ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ് വേലൻ .”

അവൾ ബാഗ് വച്ച് പുറത്തിറങ്ങി .അയാൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല .കുറെ നടന്നപ്പോൾ ഒരു പുഴ .ചുറ്റും നോക്കി. ആരുമില്ല .

നീന്തൽ അറിയാവുന്നത് കൊണ്ട് പുഴയിലിറങ്ങി നീന്തി തുടിച്ചു .ഇത്രയും സന്തോഷം മുൻപെങ്ങും അനുഭവിച്ചിട്ടില്ല .സമയം കുറെ കഴിഞ്ഞപ്പോഴാണ് കരയിൽ കയറിയത് .വെയിൽ മങ്ങി തുടങ്ങി .

അടുത്ത് കണ്ട വലിയൊരു പാറയിൽ കയറി നിന്ന്,മങ്ങിയ വെയിലിലും കാറ്റിലും വസ്ത്രങ്ങൾ ഉണങ്ങാൻ കാത്ത് നിന്നു .ലോലമായ ടോപ് ഉണങ്ങി കിട്ടിയെങ്കിലും നനഞ്ഞ ജീൻസ്‌ അനങ്ങിയില്ല .

സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ കുടിലിൽ കയറി .അയാൾ അവളുടെ മനസ്സ് വായിച്ചതു പോലെ ഒരു ലുങ്കി വച്ച് നീട്ടി .രാവിലെ ആകുമ്പോൾ ഉണങ്ങി കിട്ടും .

രാത്രി ഭക്ഷണമായി അവൾക്കു നൽകിയത് കാട്ട് പഴങ്ങളാണ് .രാത്രിയിൽ കുടിലിന്റെ പുറത്തു അവളിരുന്നു വാന നിരീക്ഷണം നടത്തി .അയാൾ അവൾക്കു വേണ്ടി പാട്ടുകൾ പാടി .

സമയം പോയതറിഞ്ഞില്ല ഉറക്കം വന്നപ്പോൾ അവൾ കുടിലിൽ പോയി കിടന്നു .കൊതുകിന്റെ മൂളനിടയിലും അവൾ ഉറക്കമായി .ആരോ തന്നെ ഒരു കരിമ്പടം പുതപ്പിച്ചിരിക്കുന്നു .അതിന്റെ നനുത്ത ചൂടിൽ അവളുറങ്ങി .

രാവിലെ ഉണർന്നപ്പോൾ കുറെ വൈകി .പുറത്തവളെയും കാത്ത് അയാളിരുന്നിരുന്നു . അവൾ വസ്ത്രം മാറി പുറത്തു ചെന്നു.അയാളുടെ അടുത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു വൃദ്ധനും നിന്നിരുന്നു .വൃദ്ധൻ മോണ കാട്ടി ചിരിച്ചു

“ഇതാണ് വേലൻ ,എന്റെ ഗുരു ,രാത്രി താൻ കൊതുകു കടി കൊണ്ട് ഉറങ്ങാതിരുന്നപ്പോൾ തനിക്ക് കരിമ്പടം പുതക്കാൻ കിട്ടിയില്ലേ , തനിക്കു കാവലായി പുറത്തു വേലൻ ഉണ്ടായിരുന്നു .

തനിക്കു പ്രാഥമിക കൃത്യങ്ങൾ പുഴയരികിൽ ചെയ്യാം .അത് കഴിഞ്ഞു ലഘു ഭക്ഷണം ,വേലന്റെ മകൾ കുറച്ചു ചൂടുപാൽ കൊണ്ട് വച്ചിട്ടുണ്ട് .

ഉച്ചയാകുമ്പോൾ തനിക്ക് പോകാനായി കരുതിയിരുന്ന ലോറി വരും .അതിൽ മടങ്ങാം .അടിവാരം വരെ ഞാനും വരാം .ലോറിക്കാർ പലതരക്കാരല്ലേ.തന്റെ സുരക്ഷ ഇപ്പോൾ എന്റെ കയ്യിലാണ് .

അവൾ വേലനോട് യാത്ര പറഞ്ഞു.അയാളവളെ കാറിന്റെ അടുത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി .

കുറെ കാത്ത് നിന്നപ്പോൾ ലോറി വന്നു .വടം കൊണ്ട് അവളുടെ കാർ ലോറിയിൽ കെട്ടി .ലോറിയുടെ പുറകിൽ, കാറിൽ അവരും കയറി .അവൾക്കു വേണ്ടി സ്റ്റിയറിങ് അയാൾ തിരിച്ചു .ചുരങ്ങളിറങ്ങി .

ഇടക്കെപ്പോഴോ അയാളവളെ നെറ്റ് വർക്ക് വന്ന കാര്യം ഓർമിച്ചപ്പോഴും അവൾ ഫോൺ നോക്കിയില്ല .ഒരു ദിവസം കൊണ്ട് ഫോൺ അവൾ മറന്നിരുന്നു .

“നിങ്ങളുടെ പേര് ?

“അർഷാദ് ”

“നമ്പർ തരാമോ ”

“എനിക്ക് ഫോണില്ല ,നമ്മളിനിയും കാണും .”

അവൾ അയാളോട്‌ യാത്ര പറഞ്ഞ് മടങ്ങി .അടിവാരത്ത് അവളെ കാത്ത് അവളുടെ സ്നേഹിതൻ നിൽക്കുന്നുണ്ടായിരുന്നു .അയാൾ അവൾ പറഞ്ഞ കാര്യങ്ങൾ അവിശ്വസനീയതയോടെ കേട്ടു .

ഫോണും നെറ്റ് വർക്കുമില്ലാതെ ഒരു ദിനം. അങ്ങനെയൊരു ദിനം ജീവിതത്തിലുണ്ടാകുമെന്നവൾ സ്വപ്നേപി പോലും നിരീക്ഷിച്ചില്ല.

ഒരാളുടെ പ്രാഥമിക ആവശ്യമല്ല ഫോൺ എന്ന് ഒരു ദിവസം കൊണ്ട് മനസിലാക്കി .ഫോൺ പിടിച്ചു വച്ചതിനു മാതാപിതാക്കളോടും അധ്യാപകരോടും മെക്കിട്ടു കയറുന്ന കുട്ടികളെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുക .

ഫോണും നെറ്റ് വർക്കും ഒന്നുമില്ലാതെ പ്രധാനപ്പെട്ട കാര്യങ്ങളും സന്തോഷിക്കാനുള്ള മാർഗങ്ങളും പ്രകൃതി നമുക്കായി ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ എല്ലാവർക്കും ഉള്ളൂ. തിരിച്ചറിവിന് ആ മനുഷ്യനോടാവൾ മനസ്സിൽ നന്ദി പറഞ്ഞു.