പക അത് വീട്ടാനുള്ളതാണ്
(രചന: Nisha L)
ഹോ.. പത്തു മിനിറ്റ് ലേറ്റ് ആയി. ഇന്ന് പെണ്ണുങ്ങളുടെ ഇര ഞാനായിരിക്കും.. അനിത ആഞ്ഞു നടന്നു.. രാവിലെ എഴുന്നേറ്റപ്പോൾ കറന്റ് ഇല്ല.. പിന്നെ മുപ്പത്തി രണ്ടു തൊടി താഴ്ച്ചയുള്ള കിണറ്റിൽ നിന്ന് വെള്ളം വലിച്ചു കോരേണ്ടി വന്നു..
അതുകാരണം മുഴുവൻ പണികളും താമസിച്ചു.. ഇന്ന് സുമതി ചേച്ചിടെ വീട്ടിലാണ് തൊഴിലുറപ്പ്.. ഹോ എല്ലാരും എത്തിയിട്ടുണ്ട്.. അനിത മനസ്സിലോർത്തു.
“ഹാ അനിതെ.. ഇപ്പോൾ സമയം എന്തായി.. നിനക്ക് തോന്നുമ്പോൾ ആണോ വരുന്നത്.. “?
മാധവി തുടക്കമിട്ടു..
“എന്റെ പൊന്നു ചേച്ചി രാവിലെ കറന്റ് ഇല്ലാത്തത് കാരണം വെള്ളം കോരേണ്ടി വന്നു.. അങ്ങനെ സമയം അങ്ങ് പോയി.. “
“ഓ പിന്നെ.. നിന്നെ പോലെ തന്നെ വീട്ടിലെ ജോലി ഒതുക്കിയിട്ട ഞങ്ങളും വരുന്നത്..നേരത്തെ കാലത്തെ എഴുന്നേൽക്കണം… ” മാധവി ഒന്നു കൂടി ചൊറിഞ്ഞു നോക്കി.
അനിത മറുപടി പറയാതെ തൂമ്പയുമെടുത്തു തെങ്ങിൻ ചോട്ടിലേക്ക് പോയി..
സുമതിയുടെ പറമ്പിലെ തെങ്ങിന് തടമെടുപ്പാണ് ഇന്നത്തെ പണി… മണ്ട പോയ രണ്ടു തെങ്ങ് ഉൾപ്പെടെ ആകെ എട്ടു തെങ്ങുണ്ട്.. തടമെടുക്കാൻ ഇരുപത് പെണ്ണുങ്ങളും… രണ്ടു മൂന്നു പേര് വീതം ഓരോ തെങ്ങിന്റെ ചുവട്ടിലായി പണിയായുധങ്ങളുമായി നിരന്നു..
ഈ സമയം അകത്തു സുമതി… ഹോ ജോലി ഒന്നും ഒതുങ്ങിയില്ല.. ഇത്രയും പെണ്ണുങ്ങളെ ഒരുമിച്ചു കണ്ടതല്ലേ.. കുറച്ചു പരദൂഷണം പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല..
ഇന്നലത്തെ മീൻ ചട്ടിയിൽ ഒരു മത്തിയുടെ തേമ്പിയ വാലും ഇത്തിരി ചാറും ഉണ്ട്… രണ്ടു കാന്താരി മുളകും കൊച്ചുള്ളിയും ഇട്ട് ഒരു ചമ്മന്തി കൂടി അരയ്ക്കാം..
ഗോപാലൻ ചേട്ടൻ മൈക്കാട് പണിക്കു പോയിരിക്കുകയാണ്.. ഉച്ചക്ക് ഉണ്ണാൻ വരും… പുള്ളിക്കാരന് അതും കൂട്ടി ചോറ് കൊടുക്കാം.. എന്ന് ചിന്തിച്ചു അവർ ഉള്ള മീൻ ചട്ടിയിൽ പൂച്ച തലയിടണ്ട എന്ന് കരുതി അടുക്കള വാതിൽ അടച്ചു പറമ്പിലേക്ക് ചെന്നു…
“സുമതി ചേച്ചിയെ കട്ടൻ ചായ ഒന്നുമില്ലേ…? “
“ആ തരാടി ഗീതേ… ഇത്തിരി കൂടി കഴിയട്ടെ.. “
സുമതി പതിയെ പരദൂഷണത്തിന്റെ കെട്ടഴിച്ചു..
“നിങ്ങൾ അറിഞ്ഞോടി.. ആ ആനന്ദിന്റെ കാര്യം.. “
“ഏത് ആനന്ദ്…? തൂമ്പയും കൊണ്ട് കളം വരച്ചു നിന്ന മാധവി പെട്ടെന്ന് ചാർജ് ആയി..
“ആ വിജയൻ ചേട്ടന്റെ മോൻ.. “
“ആ ചെക്കനോ..? “
“അതെടി അതു തന്നെ.. “
“ആ ചെക്കന്റെ ഭാര്യ പ്രസവിച്ചു അവളുടെ വീട്ടിൽ അല്ലെ.. “
“ആ അതു തന്നെ.. “
“എന്താ അവന് വല്ല ചുറ്റിക്കളിയും ഉണ്ടോ..? ”
ഗീത ഉത്സാഹത്തോടെ ചോദിച്ചു..
“ഓ അതൊന്നും അല്ലെടി.. “
“ഓ.. പിന്നെന്താ…”?
വിചാരിച്ച കാര്യം കേൾക്കാൻ പറ്റാത്തത്തിന്റെ വിഷമം ഗീതയുടെ വാക്കിൽ മുറ്റി നിന്നു.
“കൊച്ചിന്റെ പേരിടൽ ചടങ്ങിന് ലീവ് എടുത്തു വന്നതായിരുന്നു.. ആ ചെക്കൻ..
ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോയി വരുന്ന വഴി ബൈക്കിൽ നിന്ന് ഇറങ്ങി എന്തോ വാങ്ങാൻ കടയിലോട്ട് കേറിയതാ.. ബൈക്കിന്റെ താക്കോൽ എടുത്തിരുന്നില്ല… അവന്റെ കണ്മുന്നിൽ നിന്ന് ബൈക്ക് ആരോ അടിച്ചോണ്ട് പോയെന്ന്… “
“ങേ.. കലി കാലം അല്ലെ ഇങ്ങനെ ഒക്കെ നടക്കും…”
മണി ഞെട്ടലോടെ പറഞ്ഞു..
“അതൊന്നുമല്ല വലിയ കാര്യം.. “
“ങ്ഹേ… പിന്നെന്താ.. “
ചാർജ് പോയ ഗീത വീണ്ടും ചാർജ് ആയി…
“അവന്റെ തിരിച്ചറിയൽ കാർഡും വേറെ ഏതൊക്കെയോ വിലപ്പെട്ട രേഖകളും വണ്ടിയിൽ ഉണ്ടായിരുന്നു പോലും.. അതൊക്കെ നഷ്ടപെട്ടു.. കേസ് കൊടുത്തിട്ടൊന്നും കട്ടവനെ കിട്ടിയില്ല…
നാലു ദിവസം മുന്നേ ലീവ് തീർന്ന് ആ ചെക്കൻ തിരികെ പോയി… അവിടെ ചെന്നപ്പോഴാ ആകെ കഷ്ടത്തിലായതു… തിരിച്ചറിയൽ കാർഡ് ഇല്ലാതെ ചെന്നതിനു അവനെ പിടിച്ചു അവിടുത്തെ ജയിലിൽ ഇട്ടെന്ന്.. “
“അയ്യോ… കഷ്ടം…” പെണ്ണുങ്ങൾ എല്ലാം മൂക്കത്തു വിരൽ വെച്ചു…
“ഞാൻ ഇന്നലെ ഭാഗവതം വായിക്കുന്ന ആ കരുണൻ ചേട്ടനോട് ഇക്കാര്യം പറഞ്ഞു… അപ്പോൾ അയാൾ പറയുവാ… അവന്റെ കൊച്ച് ജനിച്ച സമയം മോശമാ… അതു കൊണ്ടാ അവന് കഷ്ടകാലം വന്നതെന്ന്.. “
“ആ ശരിയായിരിക്കും സുമതി… ” മാധവി ഒന്ന് കൂടി ഉഷാറായി..
“ചില പിള്ളേരുടെ ജനനം തന്നെ അച്ഛനമ്മമാർക്ക് കഷ്ടം കാലം കൊണ്ടായിരിക്കും.. “
ഇതൊക്കെ കേട്ടു നിന്ന അനിതക്ക് കണ്ട്രോൾ നഷ്ടപ്പെട്ടു.. കൂട്ടത്തിൽ ഇത്തിരി വകതിരിവ് ഉള്ളത് അവൾക്കാണ്..
“ഹാ.. ഒന്ന് നിർത്തു പെണ്ണുങ്ങളെ.. നിങ്ങൾക്കൊന്നും നാണമില്ലേ ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് ഇങ്ങനെയുള്ള അപവാദം പറഞ്ഞു പരത്താൻ… ജനിച്ചു വീണ ആ കുഞ്ഞു എന്ത് പിഴച്ചു…
അവന് ഇങ്ങനെ ഒക്കെ വന്നത് അവന്റെ സമയദോഷം കൊണ്ടായിരിക്കും… അല്ലാതെ കുഞ്ഞ് എന്ത് ചെയ്തുന്നാ നിങ്ങളീ പറയുന്നേ.. കൊച്ചു കുഞ്ഞുങ്ങളെ കുറിച്ച് പോലും അപവാദം പറഞ്ഞുണ്ടാക്കുന്ന നിങ്ങളെ ഒക്കെ പച്ച മടല് വെട്ടി അടിക്കണം.. അതാ വേണ്ടത്.. “‘
അനിത കോപം കൊണ്ട് വിറച്ചു… രണ്ടു മൂന്നു പെണ്ണുങ്ങൾ അനിതക്ക് സപ്പോർട്ട് ചെയ്തപ്പോൾ ബാക്കി എല്ലാരും ഒന്ന് അടങ്ങി..
“എന്നാൽ നിങ്ങളുടെ ജോലി നടക്കട്ടെ.. എനിക്കും അടുക്കളയിൽ ഇത്തിരി പണിയുണ്ട്… ” പറഞ്ഞിട്ട് സുമതി അടുക്കളയിലേക്ക് വലിഞ്ഞു..
രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു കൊറോണക്കാലം.. സുമതിയുടെ ഇളയ മകൾ പ്രസവിച്ചു സുമതിയുടെ വീട്ടിൽ നിൽക്കുന്നു..
“ആ സുമതി ചേച്ചി… അമ്മയും കുഞ്ഞും എവിടെ…?”
ചോദിച്ചു കൊണ്ട് ആനന്ദിന്റെ ഭാര്യ ശ്രീജ അകത്തേക്ക് വന്നു..
“ആ അകത്തുണ്ട്.. വാ ശ്രീജെ… “
കുഞ്ഞിനെ കണ്ട് ശ്രീജ കുറച്ചു നേരം സുമതിയോട് വിശേഷങ്ങൾ പറഞ്ഞിരുന്നു..
“മരുമോൻ നാട്ടിലുണ്ടോ ചേച്ചി..? “
“ആ ഉണ്ട് ശ്രീജെ… മോളുടെ പ്രസവത്തിനു വന്നതായിരുന്നു… അപ്പോഴല്ലേ ഈ കൊറോണ വന്നത്… കമ്പനിയിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഇനി അങ്ങോട്ട് ചെല്ലണ്ട എന്ന്… അതു കൊണ്ട് അവൻ നാട്ടിൽ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചോണ്ടിരിക്കുവാ… “
“കൊച്ചിന്റെ ജനന സമയം ഒന്ന് നോക്കാൻ വയ്യായിരുന്നോ ചേച്ചി.. “
“എന്തിന്..? “
“ചിലപ്പോൾ അച്ഛന് ദോഷം ഉണ്ടെങ്കിലോ…മുൻപ് എന്റെ കുഞ്ഞു ജനിച്ചപ്പോൾ അവന്റെ ദോഷം കൊണ്ടാ എന്റെ ഭർത്താവിന്റെ ബൈക്ക് മോഷണം പോയതെന്ന് ചേച്ചിയല്ലേ കണ്ടു പിടിച്ചത്…
അതുപോലെ ചേച്ചിക്ക് കൊച്ചു മോൻ ജനിച്ചത് കൊണ്ടാണോ മരുമോന്റെ ജോലി പോയതെന്ന് ഒന്ന് പ്രശ്നം വെപ്പിച്ചു നോക്ക്… “
വാ പൊളിച്ചു നിക്കുന്ന സുമതിയെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞിട്ട് ശ്രീജ തിരിഞ്ഞു നടന്നു..
പക അത് വീട്ടാനുള്ളതാണ്… ഹല്ല പിന്നെ…
Nb : അനിത, ഗീത, മാധവി, മണി ഇതൊക്കെ തൊഴിലുറപ്പ് ജോലിക്ക് വന്ന പെണ്ണുങ്ങളുടെ പേരാണ്… പേരുകൾ എല്ലാം കൂടി കൺഫ്യൂഷൻ ആക്കണ്ട..