അമ്മായിമ്മ
(രചന: Nisha L)
“ഞാൻ ചത്തു കഴിയുമ്പോൾ അറിഞ്ഞോളും എന്റെ വില… ”
അമ്മായിഅമ്മ മാധവി പതം പറഞ്ഞു കരയാൻ തുടങ്ങി. ഇതിപ്പോ സ്ഥിരം ഡയലോഗ് ആണ്.
കുറച്ചു നാൾ മുൻപ് വരെ മറ്റൊരു ഡയലോഗ് ആയിരുന്നു.
“എനിക്ക് നാല് ആങ്ങളമാരാ ഉള്ളത്. എന്നെ അവർ പൊന്നു പോലെ നോക്കി കൊള്ളും… ”
ഇപ്പോൾ ആ ഡയലോഗ് കേൾക്കാറേയില്ല .
എന്താണാവോ… ചിലപ്പോൾ ആങ്ങളമാരുടെ സ്നേഹം നന്നായി മനസിലായത് കൊണ്ടാകും…
ശാലു ഒരു ചെറു ചിരിയോടെ മനസ്സിലോർത്തു..
മാധവിക്ക് രണ്ടു മക്കളാണ്. മൂത്തവൾ സജിതയും ഇളയവൻ സതീഷും.
ഭർത്താവ് രാമൻ മുഴുക്കുടിയൻ ആയിരുന്നു. ജോലി ചെയ്തു കിട്ടുന്ന കാശു പോരാഞ്ഞിട്ട് കണ്ടവരോടൊക്കെ കടം വാങ്ങിയും,, കള്ളും കുടിച്ച് ചീട്ടും കളിച്ചു…
ഒടുവിൽ ഒരു സുപ്രഭാതത്തിൽ പരലോകത്തേക്കുള്ള വിസ കിട്ടി രാമൻ ഇഹലോക വാസം വെടിഞ്ഞു.. ഇപ്പോൾ രണ്ടു വർഷമായി അയാൾ മരിച്ചിട്ട്.
അച്ഛന്റെ കുടി കാരണം സ്വന്തമായി ഒരു സെൻറ് ഭൂമി പോലും അയാൾ ഉണ്ടാക്കിയില്ല. അതു കാരണം ഇരുപതാം വയസിൽ പ്രവാസിയായതാണ് സതീഷ്.
അങ്ങനെ അവന്റെ അധ്വാനത്താൽ അഞ്ചു സെൻറ് ഭൂമിയും വാങ്ങി ഒരു കുഞ്ഞു വീടും വച്ച്,, സജിതയുടെ വിവാഹവും നടത്തി ശേഷം സതീഷും വിവാഹിതനായി.
ശാലുവാണ് അവന്റെ ഭാര്യ. നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുമുണ്ട് .. ഇപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്വന്തമായി ഒരു വർക്ക് ഷോപ്പും തുടങ്ങി.
സതീഷും മാധവിയും തമ്മിൽ കലഹം പതിവാണ്. മാധവി അയൽ വീടുകളിൽ ഒക്കെ കയറിയിറങ്ങി പരദൂഷണം പറയാറുണ്ട്.
സതീഷിന് അവരുടെ ഈ സ്വഭാവം ഒട്ടും ഇഷ്ടമല്ല. എത്ര വഴക്ക് പറഞ്ഞാലും മാധവി ഈ സ്വഭാവം മാറ്റില്ല.
ഇന്നിപ്പോൾ തെക്കേലെ രമണിയുടെ കുറ്റം വടക്കേലെ സതിയോടു പറഞ്ഞു. സതി അത് അപ്പോൾ തന്നെ രമണിയോടും പറഞ്ഞു. അതു കേട്ട പാട് രമണി മുണ്ടും മുറുക്കിയുടുത്തു മാധവിയോട് ചോദിക്കാൻ വന്നു.
ഈ സമയം സതീഷ് വീട്ടിലുണ്ടായിരുന്നു. അവൻ തലവേദന കാരണം ജോലി ചെയ്യാൻ വയ്യാതെ വർക്ക്‌ഷോപ്പ്,, സഹായിയെ ഏൽപ്പിച്ചു ഒന്ന് വിശ്രമിക്കാൻ എത്തിയതായിരുന്നു.
അയൽക്കാരി വീട്ടിൽ കേറി വഴക്കിനു വന്നത് അവന് ഒട്ടും പിടിച്ചില്ല.
രമണിയെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ട ശേഷം അവൻ മാധവിയെ കുറെ ശകാരിച്ചു. അതിന്റെ ബാക്കിയാണ് ആദ്യം കേട്ട ഡയലോഗ്.
ശാലു ഈ വഴക്കിലൊന്നും ഇടപെടാതെ അടുക്കളയിൽ തന്നെ ചുറ്റി കറങ്ങി നിന്നു. ഇപ്പോൾ അങ്ങോട്ട് ചെന്ന് എന്തെങ്കിലും പറഞ്ഞാൽ തനിക്കും ചിലപ്പോൾ വയറു നിറയെ കിട്ടുമെന്ന് അവൾക്ക് തോന്നി.
കുറച്ചുസമയത്തേക്ക് അനക്കമൊന്നും കേട്ടില്ല. ശാലു പതിയെ അടുക്കളയിൽ നിന്ന് ഹാളിലേക്ക് ഇറങ്ങി.
അപ്പോൾ കണ്ട കാഴ്ച മാധവി ഒരു തുണി സഞ്ചിയിൽ എന്തൊക്കെയോ വാരി നിറച്ചു കയ്യിൽ ഒരു പാസ്ബുക്കുമായി സതീഷിന്റെ അടുത്തേക്ക് ചെല്ലുന്നതാണ്.
അവന്റെ അടുത്ത് എത്തിയ അവർ സിനിമാസ്റ്റൈലിൽ കയ്യിലിരുന്ന പാസ്ബുക്കും കുറച്ചു നോട്ടുകളും അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
സതീഷ് പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്നപ്പോൾ മാധവിയുടെ പേരിൽ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുകയും
അമ്പതിനായിരം രൂപ അക്കൗണ്ടിൽ ഇടുകയും അതിന്റെ പാസ്സ് ബുക്ക് മാധവിയെ എൽപ്പിക്കുകയും ചെയ്തിരുന്നു. അതാണ് ഇപ്പോൾ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞത്.
” ദേ കിടക്കുന്നു നിന്റെ കാശും പാസ്സ് ബുക്കും.. എനിക്ക് വേണ്ട ഞാൻ പോവുകയാണ്.. ”
പറഞ്ഞുകൊണ്ട് അവർ തൊട്ടു കിഴക്കേ വീട്ടിലേക്ക് നടന്നു. ശാലു അത് നോക്കി നിന്നു.
കിഴക്കേ വീട്ടിലെ ചേച്ചി രണ്ടു 100 രൂപ നോട്ടുകൾ മാധവിക്ക് കൈമാറുന്നത് കണ്ടു. അതും വാങ്ങി തിരിഞ്ഞുപോലും നോക്കാതെ അവർ റോഡിലേക്ക് ഇറങ്ങി നടന്നു.
മാധവി പിണങ്ങി പോയതാണ് എന്ന് മനസ്സിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു ശാലുവിന്.
അവൾ സതീഷിനെ നോക്കി. അവൻ കുലുക്കമില്ലാതെ അങ്ങനെ തന്നെ ഇരിക്കുന്നു.
അവൾക്ക് ആകെ വെപ്രാളമായി…
“സതീശേട്ടാ… അമ്മ ദേ പോകുന്നു. പിണങ്ങി പോകുകയാണ്… പോയി അമ്മയെ വിളിച്ചോണ്ട് വാ….”
” പിന്നെ എനിക്ക് അതല്ലേ പണി… എവിടെയാണെന്ന് വെച്ചാൽ പോകട്ടെ…”
സതീഷ് കൂസലില്ലാതെ പറഞ്ഞു.
ശാലുവിന്റെ മനസ്സിൽ കൂടി പല പല ചിന്തകൾ പാഞ്ഞുപോയി.
മാധവിയെ കാണാതാകുന്നു… പോലീസ് കേസ് ആകുന്നു… അന്വേഷണം ആകുന്നു… പോലീസ് വരുന്നു… സതീഷിനെയും തന്നെയും ചോദ്യം ചെയ്യുന്നു…
അവസാനം അമ്മ –മകൻ പ്രശ്നം,, മരുമകൾ– അമ്മായിയമ്മ പ്രശ്നമായി മാറുന്നു…സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങി താൻ നാണം കെടുന്നു…
ഇതൊക്കെ ഒരു സിനിമ പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. അവൾക്കാകെ ഭയമായി..
അവൾ വീണ്ടും വെപ്രാളത്തോടെ സതീഷിനെ സമീപിച്ചു.
“സതീശേട്ടാ പെട്ടെന്ന് ചെല്ലു.. എവിടെയെങ്കിലും പോകുന്നതിനുമുമ്പ് ചെന്ന് പിടിച്ചോണ്ട് വാ… ഇല്ലെങ്കിൽ പോലീസ് വരും..
പിന്നെ ഞാനും പോലീസ് സ്റ്റേഷനിൽ കേറിയിറങ്ങേണ്ടി വരും.. എനിക്ക് പേടിയാകുന്നു സതീഷേട്ട.. പ്ലീസ് ഒന്ന് പോയി വിളിച്ചോണ്ട് വാ… ”
ശാലു പറയുന്നത് കേട്ട സതീഷ് ഒന്ന് ആലോചിച്ചു. ശരിയാണ് ശാലുവിനെ കൂടി ബാധിക്കുന്ന പ്രശ്നമാണ്.
വിവാഹശേഷം അമ്മ പറഞ്ഞു തന്ന കള്ളത്തരങ്ങൾ കേട്ട് ശാലുവിനെ ഒരുപാട് ശാരീരിക– മാനസിക പീഡനങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.
സ്ഥിരമായി നാട്ടിൽ വന്നു നിൽക്കാൻ തുടങ്ങിയപ്പോഴാണ് പല കാര്യങ്ങളിലും ശാലു നിരപരാധിയാണെന്ന് അവന് മനസിലായത്.
തങ്ങളുടെ ജീവിതത്തിലെ നല്ല സമയം മുഴുവൻ തമ്മിൽ തല്ലിച്ചു മുതലെടുത്ത മാധവിയോട് അതിന്റെ നീരസം സതീഷിന് നന്നായിട്ടുണ്ട്.
അമ്മയുടെ ഇറങ്ങി പോക്ക് ശാലുവിനെയും ബാധിക്കുമെന്ന് തോന്നിയ അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു ബൈക്കുമെടുത്തു അവരെ അന്വേഷിച്ചിറങ്ങി.
അര മണിക്കൂറിനുള്ളിൽ തന്നെ അവൻ മാധവിയുമായി തിരികെയെത്തി.. വന്ന പാടേ അവൻ ഫോണെടുത്തു സജിതയെ വിളിച്ചു…
“ഡി… ഈ തള്ളയെ കൊണ്ട് എനിക്ക് വല്ലാത്ത തലവേദന ആയിട്ടുണ്ട്. നീ വന്ന് ഇവരെ കൂട്ടിക്കൊണ്ട് പൊയ്ക്കോ… എനിക്കിനി ഇവരെ നോക്കാൻ പറ്റില്ല…
ഇവരുടെ ചിലവിനുള്ള കാശു ഞാൻ മാസാമാസം അങ്ങെത്തിക്കാം… ഇവരും ഞാനും കൂടി ഇനി ഒരുമിച്ച് മുന്നോട്ട് പോകില്ല… ”
സന്ധ്യയോടെ സജിത ഭർത്താവുമൊന്നിച്ചു സതീഷിന്റെ വീട്ടിലെത്തി…
വന്നപ്പോൾ മുതൽ സജിതയുടെ വകയായി അവളും മാധവിയെ കുറ്റപ്പെടുത്തി വഴക്ക് പറഞ്ഞു…
“അത്.. ഞാൻ… നിന്റെ വീട്ടിലോട്ടു വരാനായിരുന്നു മോളെ… ”
“എന്തിന്… അങ്ങോട്ടെന്തിനാ വരുന്നത്..?? ഇവിടുന്നു പിണങ്ങി പെട്ടിയുമെടുത്തു അങ്ങോട്ട് വന്നാൽ ഞാൻ താലപ്പൊലിയെടുത്തു സ്വീകരിക്കുമെന്ന് വിചാരിച്ചു അങ്ങോട്ട് വരണ്ട… കേട്ടല്ലോ…
ഇപ്പോൾ വരുന്നത് പോലെ വല്ലപ്പോഴും വന്ന് കുറച്ചു ദിവസം നിന്നിട്ട് തിരികെ പൊയ്ക്കോണം… അല്ലാതെ അവിടെ സ്ഥിരതാമസമാക്കാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ അത് നടക്കില്ല.. ”
സജിത ചീറി കൊണ്ട് പറഞ്ഞു..
അതു കേട്ട മാധവി ഒന്നും മിണ്ടാതെ മൂകയായി നിന്നു..
“നിങ്ങൾക്ക് സമയത്തു വല്ലതും കഴിച്ച് സീരിയലും കണ്ട് വീട്ടിൽ ഇരുന്നാൽ പോരെ..
ചുമ്മാ ചെക്കനെ നാണം കെടുത്തുന്ന പരിപാടിയുമായി നടന്നിട്ടല്ലേ അവൻ ചീത്ത പറഞ്ഞത്.. ഇതിനൊന്നും എന്റെ ഒരു സപ്പോർട്ടും കിട്ടുമെന്ന് നിങ്ങൾ വിചാരിക്കണ്ട… ”
സജിത കടുപ്പത്തിൽ പറഞ്ഞു.
സീരിയലും സിനിമയും പോലല്ല ജീവിതം എന്ന് മനസിലാക്കിയ മാധവി എല്ലാം തല കുലുക്കി സമ്മതിച്ചു..”തല്ക്കാലം” ഒന്ന് ഒതുങ്ങുന്നതാണ് നല്ലതെന്നു അവർക്ക് തോന്നി.
ഇല്ലെങ്കിൽ അവിടെയും ഇവിടെയും കേറാൻ പറ്റാത്ത അവസ്ഥയാകുമെന്നു അവർക്ക് ഏറെക്കുറെ മനസിലായി…
ശാലു ഇതൊക്കെ കണ്ട് ചിരിയടക്കി നിന്നു.
ഒരിക്കൽ തനിക്ക് എട്ടിന്റെ പണികൾ തന്ന മാധവി എട്ടിന്റെയും പതിനാറിന്റെയും പണികൾ വാങ്ങി കൂട്ടുന്നത് കണ്ട അവൾ മനസ്സിൽ ആ പരസ്യത്തിന്റെ വരികൾ ഓർത്തു…
“ദൈവമുണ്ട്..”