എനിക്ക് അച്ഛനെ ധിക്കരിച്ച് ഇറങ്ങിപ്പോകമായിരുന്നു, ഒരിക്കൽ പോലും ഞാൻ അച്ഛനെ..

(രചന: Anandhu Raghavan)

ഇന്ന് വിവേകിന്റെ വിവാഹമാണ് , അച്ഛൻ സമ്മതിച്ചിരുന്നെങ്കിൽ നവ വധുവിന്റെ സ്ഥാനത്ത് ആ പന്തലിൽ നിൽക്കേണ്ടിയിരുന്നത് താനായിരുന്നു…

അത് ഓർത്തപ്പോൾ തന്നെ വീണയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അച്ഛാ… എനിക്ക് പോകണം , പോയേ പറ്റൂ..

മോൾ ഒരിടത്തും പോകണ്ട , ഇവിടിരുന്നാൽ മതി.. അവന് നിന്നെ ഇഷ്ടമായിരുന്നെങ്കിൽ വേറൊരു വിവാഹത്തിന് സമ്മതം മൂളുകയില്ലായിരുന്നു..

സാഹചര്യം കൊണ്ടായിരിക്കും അച്ഛാ അവൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്..

എല്ലാവരും കൂടെ അവനെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കുന്നതാണ് ഈ വിവാഹം… അവന്റെ സ്വന്തം ഇഷ്ടപ്രകാരം ഒരിക്കലും മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയില്ലെന്ന് എനിക്കുറപ്പാണ്…

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ വിടില്ല…

എന്തിനാണച്ഛാ എന്നെ ഇങ്ങനെ ഒരടിമയെപ്പോലെ വളർത്തുന്നത് , എനിക്കുമില്ലേ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും..

എന്ത് പഠിക്കണം എങ്ങനെ പഠിക്കണം ആരോടൊക്കെ മിണ്ടണം ഇതെല്ലാം അച്ഛന്റെ തീരുമാനങ്ങൾക്കനുസരിച്ചായിരുന്നില്ലേ..
എന്റെ ഇഷ്ടങ്ങളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും ഒരിക്കൽ എങ്കിലും അച്ഛൻ ചിന്തിച്ചിട്ടുണ്ടോ..?? അച്ഛന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു പാവ ആയിരുന്നില്ലേ ഞാൻ…

എനിക്ക് അച്ഛനെ ധിക്കരിച്ച് ഇറങ്ങിപ്പോകമായിരുന്നു , ഒരിക്കൽ പോലും ഞാൻ അച്ഛനെ കുറ്റപ്പെടുത്തിയിട്ടില്ല ,

അച്ഛന്റെ വാക്കുകളെ ധിക്കരിച്ചിട്ടില്ല.. കാരണം അച്ഛൻ എന്ന വാക്കിന്റെ അർത്ഥം എനിക്ക് അറിയാം.. എത്ര ശാസിച്ചാലും സ്നേഹത്തിന്റെ ഉറവ വറ്റാത്ത നദിയാണ് അച്ഛൻ എന്നെനിക്കറിയാം…

പല രാത്രികളിലും മയങ്ങിക്കിടക്കുന്ന എന്റെ അരികെ വന്ന് കണ്ണീർ പൊഴിക്കുന്ന അച്ഛനെ ഞാൻ കാണാറുണ്ട്…

പല രാത്രികളിലും ഞാനൊന്നു ചുമച്ചാൽ കൂടി ഞെട്ടി ഉണരാറുണ്ട് അച്ഛൻ…

എനിക്കൊരു ചെറു തലവേദന വന്നാൽ പോലും ഉറക്കമൊഴിച്ച് എനിക്ക് കൂട്ടിരിക്കാറുണ്ട് അച്ഛൻ..

എന്റെ ദേഹത്തൊരു പോറൽ വീണാൽ നെഞ്ചു നീറുന്ന അച്ഛനെ ഞാൻ കാണാറുണ്ട്..

പക്ഷെ ഒരച്ഛൻ മക്കളെ സ്നേഹിക്കുമ്പോൾ മക്കളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സ്നേഹിക്കണം…

എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്കീഗതി വരില്ലായിരുന്നു. കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ ജീവിക്കുന്നതിലും നല്ലത് മരണമാണ്…

എന്താ മോളെ നീ ഇങ്ങനൊക്കെ പറയുന്നത്..??

സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു വേദനയുണ്ട്.. കാലത്തിനും മായ്ക്കാൻ കഴിയാത്ത വേദന , അച്ഛൻ അനുഭവിക്കുന്ന വേദന..

നിനക്കറിയില്ല നിന്റെ അമ്മ , എന്റെ മീനാക്ഷി എങ്ങനാ മരിച്ചതെന്ന്.. , അച്ഛന് അത്യാവശ്യമായി ഒരു യാത്ര പോകേണ്ടി വന്നപ്പോൾ മീനാക്ഷി ഒറ്റക്ക് നിന്നെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയതാണ്..

ഞാൻ പറഞ്ഞതാണ് വീട്ടിൽ കൊണ്ടാക്കാം എന്ന് , എന്റെ തിരക്കുകാരണം സമ്മതിച്ചില്ല അവൾ..

തെരുവിൽ മ ദ്യ ത്തിന്റെയും മ യ ക്കു മ രു ന്നിന്റെയും ആലസ്യത്തിൽ കാമത്തിന്റെ ലഹരിപൂണ്ട് നിൽക്കുന്നവർക്ക് മുന്നിൽ പിച്ചിച്ചീന്തപ്പെട്ടവളാണ് എന്റെ മീനാക്ഷി…
കൊന്നു കളഞ്ഞു അവർ എന്റെ മീനുവിനെ…

പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലുകൾക്കൊടുവിൽ ഓടയിൽ നിന്നും ഒരിറ്റു ജീവനുമായി നിന്നെ തിരിച്ചു കിട്ടിയപ്പോൾ വേദനകൾ മറന്ന് ഞാൻ സന്തോഷിച്ചു.. ,

എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടല്ലോ എന്റെ മോൾ , അതു മാത്രമായിരുന്നു എന്റെ മനസ്സിലെ ഏക ആശ്വാസം…

എനിക്ക് പേടിയാണ്.. നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് നിന്നെ കൂടുതുറന്നു വിടുവാൻ എനിക്ക് പേടിയാണ്…

ഇരയെ തേടി കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ഈ ലോകത്തിൽ നിന്നെ സ്വതന്ത്രത്തോടെ തുറന്നു വിടുവാൻ എനിക്ക് പേടിയാണ്.. കാരണം ഞാൻ ഒരച്ഛനാണ്..

അച്ഛാ… ഇടറിയ സ്വരത്തിൽ അവൾ അച്ഛനെ വിളിച്ചപ്പോൾ കരഞ്ഞു പോയിരുന്നു അച്ഛൻ… ഒരു നിമിഷം എല്ലാം മറന്നവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് അയാൾ ഫോൺ എടുത്തു നോക്കിയത് , പരിചയമില്ലാത്ത നമ്പർ ആണ്..

കാൾ എടുത്തപ്പോൾ അപ്പുറത്ത് നിന്നും പരിഭ്രാന്തി നിറഞ്ഞ സ്വരം എത്തി..

ഹലോ സാർ.. , ഞാൻ വിവേകിന്റെ ഫ്രണ്ട് ആണ്.. അവൻ ചെറിയൊരു കയ്യബദ്ധം കാണിച്ചു.. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്… ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ്…

ഞെട്ടലോടെ നിന്ന അച്ഛനെ കണ്ടപ്പോൾ വീണക്ക് ഒരു പന്തികേട് തോന്നി..
എന്താണച്ഛാ… എന്താണെന്ന് പറ..

അത് മോളെ.. വിവേക്.., വിവേക് ചെറിയൊരു കയ്യബദ്ധം കാണിച്ചു.. ഇപ്പോൾ സിറ്റി ഹോസ്പിറ്റലിലാണ്…

കുറച്ചു സമയത്തേക്ക് ശബ്ധിക്കുവാനാകുമായിരുന്നില്ല വീണക്ക്.. കേട്ട വാർത്തയുടെ ഞെട്ടൽ അവളിൽ നിന്നും വിട്ടുമാറിയിരുന്നില്ല…

അച്ഛാ.. എനിക്ക് പോകണം.. എനിക്ക് കാണണം എന്റെ വിവേകിനെ..

ഹോസ്പിറ്റലിൽ എത്തുമ്പോൾ ജനറൽ വാർഡിലെ ഒരു ബെഡിൽ എഴുന്നേറ്റിരിക്കുകയായിരുന്നു വിവേക്.. വീണയെ കണ്ടതും ആ മുഖം പ്രകാശിച്ചു..

വിവേകിന് ചുറ്റുമുണ്ടായിരുന്ന കൂട്ടുകാരുടെ മുഖങ്ങളിലും സന്തോഷം നിറഞ്ഞു നിന്നിരുന്നു…

നിനക്ക് എന്താ പറ്റിയത് വിവേക്.. ?? വെപ്രാളത്തോട് കൂടി ഓടിവന്ന വീണയെ നോക്കി വിവേക് ചിരിക്കാൻ ശ്രമിച്ചു..

എനിക്ക് ഒന്നും പറ്റിയില്ല.. എല്ലാം ദാ ഇവരുടെ പ്ലാൻ ആണ്.. കൂട്ടുകാരെ ചൂണ്ടിക്കാണിച്ചു കൊണ്ട് വിവേക് പറഞ്ഞു..

പിന്നെ വീണയുടെ അച്ഛനെ നോക്കി പറഞ്ഞു അവസാന നിമിഷമെങ്കിലും ഇദ്ദേഹം സമ്മതിക്കുമെന്ന പ്രതീക്ഷ ഞങ്ങളിൽ ഉണ്ടായിരുന്നു..

അതുകൊണ്ടാണ് ഇന്ന് വിവാഹമാണെന്നും ഞാൻ ഹോസ്പിറ്റലിലാണെന്നും തെറ്റിദ്ധരിപ്പിച്ചത്… ഫോൺ വിളിച്ചതും ഇതെല്ലാം പ്ലാൻ ചെയ്തതും ഇവർ തന്നെയാണ്…

വിവേക് അതു പറഞ്ഞതും വീണ അവന്റെ കവിളിൽ വേദനിക്കാതെ സ്നേഹത്തിൽ ചാലിച്ച കുഞ്ഞൊരു അടി കൊടുത്തു…

ഞാൻ എത്ര ടെൻഷൻ അടിച്ചുവെന്നറിയോ വിവേകിന്… ന്റെ ഉള്ള ജീവൻ പോയി.. അപ്പോഴാണ് വീണക്ക് ശ്വാസം നേരെ വീണത്…

പക്ഷെ നിന്റെ അച്ഛന് മകളുടെ സ്നേഹം കാണാനും മനസ്സ് കാണാനും ഉള്ള കഴിവില്ല..

നിന്റെ അച്ഛന്റെ സമ്മതത്തോടെയും അനുവാദത്തോടെയും നമുക്ക് ഒന്നാവനുള്ള വിധിയില്ലെന്ന് കരുതിയാൽ മതി വീണ..

നമ്മൾ രണ്ടും ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും നിന്റെ മനസ്സ് എന്നും എന്റെ ഒപ്പം ആയിരിക്കും എന്നെനിക്കറിയാം.. , ഇനിയുള്ള കാലം ഓർത്തിരിക്കാനും ഓർമയിൽ സൂക്ഷിക്കാനും അതു മതി എനിക്ക്.. അതു മാത്രം മതി..

അതുവരെ അക്ഷമനായി എല്ലാം നോക്കി നിന്ന വീണയുടെ അച്ഛൻ അവരുടെ അരുകിലേക്ക് ചെന്നു. പിന്നെ വീണയുടെ കൈ എടുത്ത് വിവേകിന്റെ കയ്യിലേക്ക് ചേർത്തു വെച്ചു…

ഇവൾ നിന്റെ പെണ്ണാണ് , നിന്റെ മാത്രം പെണ്ണ്.. എന്റെ മോളുടെ സന്തോഷത്തേക്കാളും വലുതല്ല ഈ ഭൂമിയിൽ മറ്റൊന്നും എനിക്ക്..

വിശ്വാസം വരാതെ വീണ ആ മുഖത്തേക്ക് നോക്കിയപ്പോൾ ചരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.. നിറഞ്ഞ മനസ്സോടു കൂടിയാണ് അച്ഛൻ പറയുന്നത്..

വീണ അച്ഛന്റെ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ ഇതെല്ലാം കണ്ടുകൊണ്ട് വിവേകിന്റെ കൂട്ടുകാർക്കൊപ്പം വാർഡിലെ രോഗികളും അവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളും തിങ്ങിക്കൂടിയിരുന്നു…

ഒരാണിന് പെണ്ണിനോടും പെണ്ണിന് അണിനോടും പ്രണയം തോന്നുന്നത് സ്വാഭാവികം മാത്രമാണ്..

സ്വന്തം വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒന്നാകുമ്പോൾ ആണ് ജീവിതം ശരിക്കും കളർ ആവുന്നത്…

Leave a Reply

Your email address will not be published. Required fields are marked *