ആവേശം മൂത്ത് അവന്റെ കൂടെ ഇറങ്ങി പോയിരുന്നു എങ്കിൽ ഹോ, എന്തു ചെയ്തേനെ..

ഇതെന്തു ലോകം
(രചന: Nisha L)

കട്ടിലിൽ കിടന്ന രവീണയുടെ ശരീരം അപ്പോഴും എന്തോ കണ്ടു പേടിച്ചത് പോലെ വിറച്ചു കൊണ്ടിരുന്നു.. പാവം ജിജൻ… ആ  സ്ത്രീയുടെ കൂടെ അവനെങ്ങനെ ഇത്രയും കാലം ജീവിച്ചു…

ഹോ… തലനാരിഴക്കാണ്‌ രക്ഷപെട്ടത്.. അച്ഛൻ കൂടെ വന്നില്ലായിരുന്നു എങ്കിൽ….ആവേശം മൂത്ത് അവന്റെ കൂടെ ഇറങ്ങി പോയിരുന്നു എങ്കിൽ…. ഹോ…  എന്തു ചെയ്തേനെ ഭഗവാനെ….

സ്വന്തം വീട്ടിൽ സ്വന്തം കട്ടിലിൽ ഇങ്ങനെ കിടക്കുന്നതിന്റെ ഒരു സുഖം.. രവീണ ഒന്നുകൂടി കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു…  അവളുടെ ചിന്ത കുറച്ചു മുൻപ് നടന്ന സംഭവങ്ങളിലേക്ക്  പോയി..

കോളേജിൽ പോകുന്ന വഴിയിൽ സ്ഥിരമായി കണ്ടു കണ്ടു പ്രണയം തോന്നിയതാണ് ജിജനോട്. ദൂരെ എവിടെ നിന്നോ കെട്ടിടം പണിക്കാരുടെ കൂടെ വന്നതാണ് അവൻ.

പ്രണയത്തിന് കണ്ണും മൂക്കും നാടും വീടും ഒന്നുമില്ലല്ലോ… അവൾ കേറിയങ്ങു പ്രേമിച്ചു. പിന്നെ അവളുടെ വീട്ടിൽ അറിഞ്ഞു.. അച്ഛനും അമ്മയും എന്തിന് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ വരെ എതിർത്തു…

“ഊരും പേരും അറിയാത്തവൻമാരെ കിട്ടിയുള്ളൂ നിനക്ക് പ്രേമിക്കാൻ… “

“വല്ലതും നാലക്ഷരം പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ നോക്കുന്നതിനു പകരം അവൾ പ്രേമിക്കാൻ പോയിരിക്കുന്നു.. “

“നിനക്ക് അത്രക്ക് പ്രേമിക്കാൻ തോന്നുന്നെങ്കിൽ അറിയുന്ന വല്ലവനേയും പ്രേമിച്ചു കൂടെടി ചേച്ചി… “

“എന്റെ അളിയൻ ആകാൻ പോകുന്ന ആളെ കുറിച്ച് എനിക്ക് ചില സങ്കല്പങ്ങൾ  ഒക്കെയുണ്ട്… ഇത് വേണ്ട ചേച്ചി.. ഇതൊരു മാതിരി എന്നേക്കാൾ കൊച്ചു ചെക്കൻ… “

അച്ഛനും അമ്മയും അനിയനും മാറി മാറി അവളെ ഉപദേശിച്ചു.. പക്ഷേ… അവളുടെ ചെവിയിൽ അതൊന്നും കയറിയില്ല..

“എനിക്ക് അവനെ തന്നെ മതി.. ” അവൾ നിരാഹാര സമരം ഉദഘാടനം ചെയ്തു പറഞ്ഞു.

സെന്റിമെന്റൽ അപ്പ്രോച്ചും ഭീഷണിയും ഒന്നും ഏൽക്കാതെ ആയപ്പോൾ രവീണയുടെ അച്ഛൻ ജിജനെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു.

“നിനക്ക് എത്ര വയസുണ്ട്.. “??

“ഇരുപത്തി മൂന്നു.. “

ആ ബെസ്റ്റ്… മുലകുടി പോലും മാറാത്ത ഇളംപയ്യൻ..  പത്തൊൻപതുകാരിയായ മകൾ.. ആലോചിക്കും തോറും ആ അച്ഛന്റെ തല കറങ്ങി..

ഈശ്വര.. ഇങ്ങനെ തല തിരിഞ്ഞ മക്കളുണ്ടായാൽ എന്നെപ്പോലുള്ള അച്ഛൻമാർ എന്തു ചെയ്യും..

എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാക്കിയല്ലേ പറ്റു…

“മോനെ ജിജാ… ഒരു കാര്യം ചെയ്യാം.. മറ്റന്നാൾ നമുക്ക് നിന്റെ വീട് വരെ ഒന്ന് പോകാം… നീ ഏത് നാട്ടുകാരൻ ആണെന്നോ ഏത് തരക്കാരൻ ആണെന്നോ അറിയാതെ മുന്നോട്ട് ഒന്നും ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല… “

“ആ ശരി അച്ഛാ… ” ജിജൻ തെല്ലൊരു നാണത്തോടെ പറഞ്ഞു..

രവീണയുടെ അച്ഛൻ അടുത്ത രണ്ടു ബന്ധുക്കാരെയും കൂട്ടി ജിജന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പോകുമ്പോൾ രവീണയെയും കൂടെ കൂട്ടണം അച്ഛൻ ഉറപ്പിച്ചു.

അങ്ങനെ തീരുമാനിച്ച ദിവസം രാവിലെ തന്നെ രവീണയെയും ജിജനെയും ബന്ധക്കാരേയും കൂട്ടി അവർ പോകാനിറങ്ങി..

വണ്ടിയിൽ ഇരുന്നു രവീണ സ്വപ്നം കാണാൻ തുടങ്ങി. അങ്ങനെ എന്റെ ആദ്യപ്രണയം തന്നെ പൂവണിഞ്ഞിരിക്കുന്നു. ജിജന്റെ വീട്ടുകാർ സമ്മതിക്കുമോ എന്നറിയില്ല.

എന്നാലും എങ്ങനെയെങ്കിലും അവരുടെ പ്രീതി പിടിച്ചു പറ്റണം. എന്നിട്ട് എനിക്ക് ജിജന്റെ ഭാര്യയായി ആ വീടൊരു സ്വർഗമാക്കി മാറ്റണം. അവർക്ക് എന്നോട് വിരോധം തോന്നിയാലും സ്നേഹം കൊണ്ട് അതൊക്കെ മാറ്റിയെടുക്കണം.

ഒടുവിൽ ഇവൾ എന്റെ സ്വന്തം മകളാണ് എന്ന് അവരെ കൊണ്ട് പറയിക്കണം. ഹോ… ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു. അങ്ങനെ ജിജനോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കണ്ട് അവൾ സന്തോഷപുളകിതയായി ഇരുന്നു. യാത്രയിലെ ദൂരങ്ങൾ പിന്നിട്ടതൊന്നും അവൾ അറിഞ്ഞതേയില്ല…

ശേഷം…

ജിജന്റെ വീടിനു മുന്നിലെ ഇടവഴി..

പണിക്ക് പോയ മകൻ ഏതോ ഒരു പെണ്ണിനേയും കൂട്ടി വന്നത് കണ്ട ജിജന്റെ അമ്മ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി.. അതു കണ്ട് ജിജന്റെ അച്ഛനും പെങ്ങളും ഒരു മൂലയിലേക്ക് പതുങ്ങി..

അമ്മയുടെ സരസ്വതി കേട്ട് അവിടവിടെയായി അയൽക്കാരുടെ തല പൊങ്ങി തുടങ്ങി..

“പണിക്കു പോകുവാന്ന് പറഞ്ഞു നീ പോയത് ഇതുപോലെ ഒരുത്തിയേയും കൊണ്ട് വരാനായിരുന്നോടാ എരണം കെട്ടവനെ… അയ്യേ… ഇതിനെ നിനക്കെങ്ങനെ കണ്ണിൽ പിടിച്ചെടാ…

കണ്ടില്ലേ അവളുടെ മുഖം നത്തിന്റെ പോലെയുണ്ട്.. കാണാനെങ്കിലും ഇത്തിരി മെനയുള്ള ഒന്നിനെ കിട്ടിയില്ലേടാ നിനക്ക്… ഇതിന് പെണ്ണിന്റെ രൂപം പോലും ഇല്ലല്ലോടാ… നാട്ടുകാരെ കൊണ്ട് പറയിക്കാനായിട്ട്… അയ്യേ… ” അവർ നിർത്താതെ അലറി കൊണ്ടിരുന്നു..

ഇതൊക്കെ കേട്ട് രവീണയുടെ തൊലി ഉരിഞ്ഞു.. അവളുടെ അച്ഛനും ബന്ധക്കാരും വാ പൊളിച്ചു നിന്നു.. എന്തിനാ തങ്ങൾ ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്ന് തന്നെ അവർ മറന്നു പോയി…

ഛെ.. എന്തൊരു സ്ത്രീയാ ഇത്… രവീണ  അവളുടെ തന്നെ രൂപം മനസിലേക്കെടുത്തു… ഇവർ പറയുന്നത് പോലെ അത്ര മോശമാണോ ഞാൻ..
അവൾക്ക് സങ്കടം വന്നു..

അപ്പോഴാണ് ചുറ്റും കൂടിയ ആൾക്കൂട്ടത്തിന്റെ മുറു മുറുപ്പ്  അവളുടെ ചെവിയിൽ വന്നു പതിച്ചത്.. ഇപ്പൊ പൊക്കും.. ഇപ്പൊ പൊക്കും.. കണ്ണ് നന്നായി തുറന്നു പിടിച്ചോടാ..

അവർ പറഞ്ഞു തീർന്നില്ല.. അതിന് മുൻപേ അത് സംഭവിച്ചു.. ജിജന്റെ അമ്മ ഉടുമുണ്ട് പൊക്കി ഒരു ഉളുപ്പുമില്ലാതെ കാണിച്ചു കളഞ്ഞു..

“അയ്യേ… “

രവീണ ആകെ ഞെട്ടി തരിച്ചു പോയി..

അവൾക്ക് സ്വന്തം കണ്ണ് പൊത്തണോ,, അച്ഛന്റെ കണ്ണ് പൊത്തണോ,, ജിജന്റെ കണ്ണ് പൊത്തണോ എന്നറിയാതെ വട്ടം കറങ്ങി.. ഇത്തിരി ബോധം വന്നപ്പോൾ അവൾ ഓടി അവർ വന്ന വണ്ടിയിൽ കയറി..

“അച്ഛാ.. ഓടി വാ.. നമുക്ക് പോകാം.. എനിക്ക് അവനെ വേണ്ട… അവന്റെ കൂടെ ജീവിക്കണ്ട… നമുക്ക് പോകാം.. “

അച്ഛനും സ്വന്തക്കാരും ഞെട്ടലിൽ നിന്ന് മുക്തരായി ഓടി വണ്ടിയിൽ കയറി കണ്ണിൽ കണ്ട വഴിയിലൂടെ വണ്ടി ഓടിച്ചു.. അവർക്ക് എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെട്ടു പോകണമേന്നെ ഉണ്ടായിരുന്നുള്ളൂ..

അവിടെ നിന്ന് വന്നു കയറി കിടന്നതാണ് രവീണ..

അവൾ ആലോചിച്ചു…

ചുമ്മാതല്ല ജിജൻ ഇത്രയും ദൂരെ വന്നു ജോലി ചെയ്യുന്നത്.. അമ്മയുടെ ഒച്ച ഉയർന്നപ്പോൾ തന്നെ ഒളിച്ച ജിജന്റെ അച്ഛനെയും പെങ്ങളെയും അവൾ ഓർത്തു.. പാവങ്ങൾ…

അവരുടെ കൂടെ എങ്ങനെ ജീവിക്കുന്നോ ആവോ… അവരുടെ സ്വഭാവം നാട്ടുകാർക്കും നന്നായി അറിയാം എന്നതിന് തെളിവാണ് അവിടെ കൂടി നിന്നവർ പറഞ്ഞു തീരും മുൻപേ ആ സ്ത്രീ അങ്ങനെയൊരു പ്രവൃത്തി ചെയ്തത്…

ഈശ്വര.. ഞാൻ വീട്ടുകാരെയും ഉപേക്ഷിച്ചു അവന്റെ കൂടെയെങ്ങാനും ഇറങ്ങി പോയിരുന്നു എങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു..??

അപ്പോഴാണ് തലയിൽ ആരോ തലോടുന്നത് പോലെ തോന്നി അവൾ മുഖം ഉയർത്തി നോക്കിയത്..

അച്ഛൻ…

“സോറി അച്ഛാ… സോറി.. ” അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.

“സാരമില്ല മോളെ.. ഇപ്പോൾ നിനക്ക് മനസിലായില്ലേ…മോളെ… പല തരം ആൾക്കാർ ഈ ലോകത്തുണ്ടെന്നു.. അതു കൊണ്ടാണ് മാതാപിതാക്കൾ കല്യാണ ആലോചനകൾ വരുമ്പോൾ  അവരെ കുറിച്ചും അവരുടെ വീട്ടുകാരെ കുറിച്ചും ഒക്കെ അന്വേഷിക്കുന്നത്…

സ്വന്തം മകൾ എവിടെ പോയാലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്… ഒക്കെനോക്കിയും കണ്ടും ചെയ്താലും എത്രയോ പെൺകുട്ടികൾക്ക് ചെന്നുകയറിയ ഇടം നരകമാകുന്നുണ്ട്.

മോൾ എന്തായാലും പഠിച്ചു ഒരു ജോലിയൊക്കെ നേടാൻ നോക്ക്.. എന്നിട്ട് അച്ഛൻ നമുക്ക് പറ്റിയ,,  നമ്മളെ പോലെ സാധാരണകാരനായ ഒരാളെ കണ്ടുപിടിച്ചു  മോളുടെ ഇഷ്ടം നോക്കി തന്നെ വിവാഹം നടത്താം..

“വേണ്ട അച്ഛാ… എനിക്ക് കല്യാണം തന്നെ വേണ്ട.. സന്യസിക്കാൻ പോയാലോ എന്ന് ആലോചിക്കുക…”

“ആഹാ അതൊക്കെ  നമുക്ക്  പിന്നെ ആലോചിക്കാം.. തൽക്കാലം മോള്  വല്ലതും കഴിക്ക്..

“രാധെ  ചോറ് വിളമ്പ്.. ” അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചു പറഞ്ഞു..

അവിടെ നടന്ന സംഭവങ്ങൾ ഒക്കെ അച്ഛനിൽ നിന്നറിഞ്ഞ അമ്മ ഇങ്ങനെയും സ്ത്രീകളുണ്ടോ എന്ന് ചിന്തിച്ചു..

എന്തായാലും മകൾക്ക് കാര്യങ്ങൾ മനസിലായല്ലോ… ഇനി ഇങ്ങനെയുള്ള ബന്ധങ്ങളിൽ പോയി ചാടാൻ അവൾ ഒന്ന് അറയ്ക്കും എന്ന് അവർക്ക്  മനസിയി…

അല്ലെങ്കിലും ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ…

ഹാ.. എന്തായാലും അവൾ രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ ആ അമ്മ ചോറ് വിളമ്പാൻ തുടങ്ങി.

Nb : കഥ അത്ര സാങ്കല്പികമല്ല.

Leave a Reply

Your email address will not be published. Required fields are marked *