നീ ഇങ്ങനെ നോക്കണ്ട, നിനക്ക് കല്യാണം ആലോചിച്ച് തുടങ്ങിയപ്പോഴേ അപ്പു എന്നോട്..

(രചന: ദേവാംശി ദേവ)

“അപ്പു….. അപ്പുവെ……” അനക്കം ഒന്നും ഇല്ലല്ലോ… ആരും ഇല്ലേ ഇവിടെ..

“അല്ല ആരിത് ദേവമോളോ….കയറിവാ…. എന്താ രാവിലെ തന്നെ…”

“ഞാൻ അപ്പൂനെ ഒന്ന് കാണാൻ വന്നതാ അമ്മേ…”

“അവൻ ഇത് വരെ എഴുന്നേറ്റിട്ടില്ല മോളെ..”

“ഇത്ര നേരം ആയിട്ടോ…. ഞാൻ വിളിക്കാം…”

“ഇന്നാ…ഈ ചായ കൂടി കൊടുത്തേക്ക്..” ഞാൻ ചിരിച്ചു കൊണ്ട് ചായ വാങ്ങി..

“എന്താ അമ്മേ ഒരു ബൂസ്റ്റിന്റെ മണം..”

“അവന് കവർ പാലിന്റെ ചുവ പിടിക്കില്ല മോളെ… അത് കൊണ്ട് ബൂസ്റ്റ് ചേർത്തേക്കുവാ…”

ആ പോത്തിന് ബൂസ്റ്റാ…വല്ല കാടി വെള്ളത്തിൽ പിണ്ണാക്കും കലക്കി കൊടുക്കണം…

മനസ്സിലാ പറഞ്ഞത്….ഉറക്കെ പറയാൻ പേടി ആയിട്ടല്ല… പക്ഷെ ആവശ്യം നമ്മുടേത് ആയി പോയില്ലേ… റൂമിൽ ചെന്നപ്പോ ആള് മൂടിപുതച്ച് സുഖ ഉറക്കം… കണ്ടിട്ട് തലവഴി വെള്ളം കോരി ഒഴിക്കാനാ തോന്നുന്നേ.. പക്ഷെ നേരത്തെ പറഞ്ഞ പോലെ ആവശ്യം നമ്മുടേത് ആയിപോയില്ലേ..

“അപ്പു… അപ്പു…എഴുന്നേൽക്കേടാ…നേരം വെളുത്തു..” കണ്ണു തുറന്ന അവൻ മുന്നിൽ എന്നെ കണ്ട് ഒന്ന് ഞെട്ടിയോ…

“നീ എന്താടി ഇവിടേ… ദൈവമേ…ഈ പിശാശിനെ അണല്ലോ ഞാൻ കണികണ്ടത്… ഇന്നത്തെ എന്റെ ദിവസം പോക്കാ…”

വോ…പിന്നെ ഇല്ലെങ്കിൽ ഇവൻ എന്നും ഐശ്വര്യറായിയെ ആണ് കണി കാണുന്നത്..

“എന്തിനാടി രാവിലെ തന്നെ ഇങ്ങോട്ടേക്ക് എഴുന്നള്ളിയത്..”

“ഞാൻ നിനക്ക് ദേ ചായ തരാൻ വന്നതാ..”

“എനിക്ക് ചായ തരാൻ അവിടുന്ന് ഇവിടെ വരെ നീ വന്നു..അതും ഞായാറാഴ്ച ഉച്ചയായാൽ പോലും ബെഡിൽ നിന്ന് പൊങ്ങാത്ത നീ… ഇത് ഞാൻ വിശ്വസിക്കണം… മോളെ ദേവേ…കാര്യം പറ മുത്തേ…”

“അതൊക്കെ പറയാം..ആദ്യം നീ പല്ല് തേച്ച് ഈ ചായ കുടിക്..”

“പല്ല് ഞാൻ ഇന്നലെ തേച്ചതാ… ഇനി നാളെ തേക്കാം… നീ കാര്യം പറയ്..” ഞാൻ ചായ മേശപ്പുറത്ത് വെച്ച് കട്ടിലിൽ അവന്റെ അടുത്ത് ചെന്നിരുന്നു..

“അതേ…അപ്പുവെ… നീ എന്റെ കൂടെ വീട് വരെ ഒന്ന് വരണം.”

“എന്തിന്… തമ്പുരാട്ടി ഇന്ന് എന്ത് പ്രശനം ആണ് ഉണ്ടാക്കിയത്..”

“ഞാൻ ഒന്നും ചെയ്തില്ല… ഏട്ടൻ പറഞ്ഞു ഇന്ന് എന്നെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ടെന്ന്.”

“അത് എന്തായാലും ഞാൻ അല്ല.. അത്രയും വലിയ ഗതികേട് ഒന്നും എനിക്ക് വന്നിട്ടില്ല..”

വോ….ചങ്ക് ആയി പൊയി അല്ലെ ചവിട്ടി കൊല്ലാമായിരുന്നു.

“എന്റെ പൊന്ന് അപ്പുവല്ലേ.. നീ വന്ന് ദത്തേട്ടനോട് സച്ചേട്ടനെ പറ്റി ഒന്ന് സംസാരിക്കണം…പ്ളീസ്..”

“നിന്റെ ഏട്ടനോട് ഞാൻ നിന്റെ പ്രേമത്തെ കുറിച്ച് സംസാരിക്കണം…അല്ലെ..”

“അതേ…അത്രയേ ഉള്ളു..സിംപിൾ..” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒഞ്ഞു പോടി…എന്നിട്ട് വേണം അങ്ങേരെന്നെ തല്ലി കൊല്ലാൻ. അല്ലെങ്കിൽ തന്നെ നിന്റെ തോന്നിവാസങ്ങൾക്ക് ഒക്കെ ഞാൻ ആണ് കൂട്ട് എന്ന പറയുന്നേ.. ഇത് കൂടി അറിഞ്ഞാൽ തികഞ്ഞു.”

“നീ എന്റെ ചങ്ക് അല്ലെടാ…”

“എന്നിട്ട് ആണോ എന്റെ ചങ്കിടിപ്പ് നിലക്കാൻ ഉള്ള ഐഡിയയും ആയി രാവിലെ തന്നെ മോളിറങ്ങിയത്..”

“അപ്പു…പ്ലീസ്..”

“ഒരു പ്ലീസും ഇല്ല…നീ പോയേ..”

“ടാ…”

“നോ..”

“ഉറപ്പാണോ..”

“എസ്…”

“പോടാ പട്ടി… അല്ലെങ്കിൽ തന്നെ ആർക്ക് വേണം നിന്റെ സഹായം…എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം..”

“എന്നാ പോയി ചെയ്യ്..”

“ഓ…ചെയ്തോളം.”

അവനോട് ദേഷ്യപ്പെട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് മേശപ്പുറത്ത് ഇരിക്കുന്ന ചായ എന്നെ നോക്കി ചിരിച്ചത്… അവന്റെ ഒരു ബൂസ്റ്റ് കലക്കിയ ചായ… അതെടുത്ത് ഒറ്റവലിക്ക് കുടിച്ചു..

“ടി മരപ്പട്ടി..എന്റെ ചായ…”

“പോടാ മാക്രി…”

തിരിച്ച് വീട്ടിൽ വരുമ്പോൾ പുറത്ത് തന്നെ ഉണ്ടായിരുന്നു അമ്മ..

“കുരുത്തം കെട്ടവളെ. …എവിടെ ആയിരുന്നെടി ഇത് വരെ..”

“ഞാൻ അപ്പുവിനെ കാണാൻ പോയതാ…”

“ഇങ്ങോട്ട് വാ… അവരൊക്കെ വന്നു…”

‘അമ്മ എന്റെ കയ്യും പിടിച്ച് അടുക്കള വശത്തേക്ക് നടക്കുമ്പോൾ ആണ് മുറ്റത്ത് കിടക്കുന്ന കാർ ഞാൻ കണ്ടത്..

“ദൈവമേ…ഇതിൽ നിന്നും ഞാൻ എങ്ങനെ രക്ഷപ്പെടും… മൂന്ന് വർഷം ആയി സച്ചേട്ടനുമായി ഇഷ്ടത്തിൽ ആയിട്ട്…

ദത്തേട്ടൻ അറിഞ്ഞാലുള്ള കാര്യം ഓർക്കാൻ കൂടി വയ്യ… ഇന്നത്തെ പെണ്ണ് കാണലിന്റെ കാര്യം സച്ചേട്ടനും അറിഞ്ഞിട്ടില്ല.. അറിഞ്ഞാൽ തീർന്നു…എല്ലാം കൊണ്ടും ആകെ ഭ്രാന്ത് പിടിക്കുവാ. ആകെ ഉള്ള പ്രതീക്ഷ അവനായിരുന്നു…

“ടി…എന്ത് ആലോചിച്ച് നിൽക്കുവ..ഇത് കൊണ്ട് അവർക്ക് കൊടുക്ക്.”

അമ്മ തന്ന ചായയും വാങ്ങി അവരുടെ മുന്നിലേക്ക് നടക്കുമ്പോൾ ഇത് എങ്ങിനെ മുടക്കാം എന്ന ചിന്ത ആയിരുന്നു മനസ്സ് നിറയെ…. പക്ഷെ അവിടെ ഇരിക്കുന്നവരെ കണ്ടപ്പോ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.. സച്ചേട്ടനും കുടുംബവും… ഞാൻ അമ്പരന്ന് എല്ലാവരെയും മാറി മാറി നോക്കി…

“നീ ഇങ്ങനെ നോക്കണ്ട…. നിനക്ക് കല്യാണം ആലോചിച്ച് തുടങ്ങിയപ്പോഴേ അപ്പു എന്നോട് എല്ലാം പറഞ്ഞു… ഇന്ന് നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് തരന്ന് പറഞ്ഞതും അവൻ ആണ്…” ദത്തേട്ടൻ എന്നെ ചേർത്ത് നിർത്തി പറഞ്ഞു.

ഞാൻ സച്ചേട്ടനെ നോക്കി അപ്പൊ ആൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല.. അപ്പൊ ആൾക്കും ഇതിൽ പങ്കുണ്ട്… ശരിയാക്കി തരാം.. എന്റെ പരീക്ഷ കഴിഞ്ഞ് വിവാഹം നടത്താം എന്ന് ഉറപ്പിച്ച് ആണ് അവർ പോയത്.. ഞൻ റൂമിൽ എത്തുമ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ട്..

‘ഒരു കാണ നൂലിൽ ദൈവം കോർത്തു നമ്മെ
ഇനി എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ..’

അത് അപ്പു ആണെന്ന് നോക്കാതെ തന്നെ അറിയാം… കാരണം അത് അവന് വേണ്ടി മാത്രമുള്ള പാട്ടാണ്.. അവന്റെ ഫോണിലും എനിക്ക് വേണ്ടി ഇതേ പാട്ടാണ്… ഞാൻ കാൾ അറ്റൻഡ് ചെയ്തു.

“ദേവൂസേ…”

“അപ്പൂട്ടാ..”

“സന്തോഷം അയോ…”

“ഒത്തിരി..”

“എന്നാൽ എന്റെ ദേവൂട്ടൻ പെട്ടെന്ന് ഇങ്ങ് വന്നേ…”

“എന്തിനാട…”

“വന്ന് ചായ ഉണ്ടാക്കി താടി പുല്ലേ… രാവിലെ വന്ന് എന്റെ ചായയും എടുത്ത് കുടിച്ചിട്ട്….”

“ഒന്നു പോടപ്പാ…നിനക്ക് ചായ ഉണ്ടാക്കൽ അല്ലെ എന്റെ പണി…”

“മര്യാദക്ക് വരുന്നതാ നിനക്ക് നല്ലത്…. ഇല്ലെങ്കിൽ നിന്റെ സപ്ലികളുടെ എണ്ണം ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും..”

“ഹാ… ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ.
നിനാക്ക് ഒരു ചായ അല്ല ഒൻപത് ചായ ഉണ്ടാക്കി തരും ഞാൻ..”

“എന്നാൽ വേഗം വന്നോ.”

“ദേ എത്തി…” ഞാൻ പോയി അവന് ഒരു ചായ ഉണ്ടാക്കി കൊടുത്തിട്ട് വരാം.. അല്ലെങ്കിൽ ആ ചെകുത്താൻ എന്ത് പണിയ തരുന്നത് എന്ന് അറിയില്ല..

Leave a Reply

Your email address will not be published. Required fields are marked *