രാവിലെ എഴുന്നേറ്റ അവൻ കഴിഞ്ഞ രാത്രിയെ കുറിച്ച് മറന്നു കൊണ്ട് അവളോട്‌ സ്നേഹത്തോടെ ഇടപഴകി..

(രചന: Nisha L)

“അമ്മേ… ഒന്ന് പെട്ടെന്ന് വാ.. എന്നെ ഇവർ കൊല്ലും.. എനിക്ക് പേടിയാകുന്നു.. ” ഫോണിലൂടെ തനുവിന്റെ കരച്ചിൽ കേട്ട് രമ ഭയന്നു..

“എന്താ.. എന്താ മോളെ… എന്തായിപ്പോ ഉണ്ടായത്..?? “

“അമ്മേ.. ഋഷി.. അവൻ മ ദ്യം മാത്രമല്ല മ യ ക്കു മരുന്നും ഉപയോഗിക്കുന്നുണ്ട്.. “

“അയ്യോ.. എന്താ മോളെ നീയി പറയുന്നത്..
നീ.. നീയെങ്ങനെ അറിഞ്ഞു.. “

“ഞാൻ കണ്ടു… ബെഡിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.. ഞാൻ അത് ചോദ്യം ചെയ്തപ്പോൾ ഇവിടെ ആകെ പ്രശ്നമായി.. അവൻ എന്നെ അടിച്ചു.. അമ്മയും അച്ഛനും അവന് സപ്പോർട്ട് ചെയ്തു അവന്റെ കൂടെ നിൽക്കുന്നു…

ഞാൻ ഒറ്റക്ക്… എനിക്ക് പേടിയാകുന്നു.. ഇവർ എന്നെ എന്തെങ്കിലും ചെയ്യും.. ഞാൻ റൂമിൽ കയറി കതകടച്ചു ഇരിക്കുവാ… എപ്പോഴാ പൊളിച്ചു അകത്തേക്ക് വരുന്നതെന്ന് അറിയില്ല.. ഒന്ന് പെട്ടെന്ന് വാ… അമ്മേ.. “

“മോളെ.. ഈ രാത്രി ഞാൻ ഒറ്റക്ക് വന്നിട്ട് ഒന്നും ചെയ്യാൻ പറ്റില്ല.. ഞാൻ സ്റ്റേഷനിൽ അറിയിച്ചു പോലീസിനേയും കൂട്ടി വരാം.. അച്ഛന്റെ പരിചയക്കാർ ആരെങ്കിലും അവിടെ ഉണ്ടാകാതിരിക്കില്ല.. “

രമയുടെ ഏക മകളാണ് തനു.. രമ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്നു. തനുവിന്റെ  അച്ഛൻ പോലീസ് ഡിപ്പാർട്മെന്റിൽ ആയിരുന്നു.  സെർവീസിൽ നിന്ന് വിരമിച്ചു ഏറെ കഴിയും മുൻപ് അദ്ദേഹം ഒരു അപകടത്തിൽ മരണപ്പെട്ടു. ആ സമയം തനു ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.

ഡിഗ്രി പാസ്സായ ശേഷം അവൾ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി.. മകളെ ആരുടെയെങ്കിലും കൈയിൽ പിടിച്ചു ഏൽപ്പിക്കണമെന്ന ചിന്തയിൽ രമ അവൾക്ക് വേണ്ടി വിവാഹ ആലോചനകൾ തുടങ്ങി.

അക്കൂട്ടത്തിൽ ബ്രോക്കർ കൊണ്ടു വന്ന ഒരു ആലോചനയായിരുന്നു ഋഷിയുടേത്.. വിദേശത്ത് ജോലി,, അച്ഛൻ അമ്മ ഒരു പെങ്ങൾ. പെങ്ങളുടെ വിവാഹം കഴിഞ്ഞ് അവൾ ഭർത്താവിന്റെ ഒപ്പം ബാംഗ്ലൂർ സെറ്റൽഡ് ആണ്. പെണ്ണുകാണൽ ചടങ്ങിൽ തനുവിന് ഋഷിയെ ഇഷ്ടമാകുകയും അങ്ങനെ ആ കല്യാണം നടത്തുകയും ചെയ്തു..

പക്ഷേ..

ആദ്യ രാത്രിയിൽ തന്നെ ഋഷി മ ദ്യ പിച്ചാണ് ബെഡ് റൂമിൽ എത്തിയത്. തനുവിന്റെ മനസ്സിൽ ഭയത്തിന്റെ ഒരു കണിക വീണു.. എങ്കിലും അവൾ ധൈര്യം സംഭരിച്ചു അവനോടു ചോദിച്ചു..

“ഋഷി.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്ക് അറിയില്ലേ.. ഇന്ന് തന്നെ നീ മ ദ്യ പിച്ചു വന്നത് എന്ത് ഉദ്ദേശത്തിലാണ്.. “???

“സോറി മോളെ.. ഞാൻ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു സന്തോഷത്തിന് അവരുടെ കൂടെ കൂടി.. കുറച്ചു… കുറച്ചു മാത്രം മ ദ്യ പിച്ചു.. ഇനി എന്റെ കൊച്ചിന് ഇഷ്ടമല്ലാത്തതോന്നും ഞാൻ ചെയ്യില്ല.. പ്രോമിസ്.. “

പറഞ്ഞു കൊണ്ട് അവൻ കട്ടിലിലേക്ക് വീണു…

തനുവിന്റെ മനസ്സ് പുകയാൻ തുടങ്ങി ..
കല്യാണത്തിന് മുൻപ് കണ്ട ഋഷിയേയല്ല ഇപ്പോൾ.. അല്ലെങ്കിലും കല്യാണത്തിന് മുൻപ് അവനോടു ഫോണിൽ കൂടി ഒരുപാട് സംസാരിച്ചിരുന്നെങ്കിലും നേരിട്ട് ഒന്നു രണ്ടു തവണ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു..

പെണ്ണുകാണൽ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹം നടന്നു. ഋഷിക്ക് ലീവ് ഇല്ല എന്ന കാരണത്താൽ..

ഋഷിയെ മനസ്സിലാക്കുന്നതിൽ എനിക്ക് തെറ്റ് പറ്റിയോ,, ഞാൻ എടുത്ത തീരുമാനം തെറ്റായി പോയോ,,

ഇനിയുള്ള ദിവസങ്ങൾ പരീക്ഷണത്തിന്റേതാണെന്നു മനസ്സിൽ ഇരുന്നു ആരോ പറയുന്ന പോലെ.. ആകെ ഒരു അസ്വസ്ഥത,, വെപ്രാളം,, പേടി…. ബോധം കെട്ടുറങ്ങുന്ന അവനെ നോക്കി ചിന്താഭാരത്തോടെ കട്ടിലിന്റെ ഒരരികിൽ അവൾ കിടന്നു… എപ്പോഴോ ഉറക്കം കണ്ണുകളെ മൂടി..

പിറ്റേന്ന്…

രാവിലെ എഴുന്നേറ്റ അവൻ കഴിഞ്ഞ രാത്രിയെ കുറിച്ച് മറന്നു കൊണ്ട് അവളോട്‌ സ്നേഹത്തോടെ ഇടപഴകി ..അവളെ കൂട്ടി പുറത്തു പോകുകയും സിനിമ കാണുകയും ഹോട്ടൽ ഫുഡ്‌ കഴിക്കുകയും ബന്ധു വീടുകൾ സന്ദർശിക്കുകയും ഒക്കെ ചെയ്തു..

അവൾ ആശ്വാസം കൊണ്ടു.. വിചാരിച്ചപോലെ പ്രശ്നക്കാരൻ അല്ലെന്ന് തോന്നുന്നു.. ഒക്കെ എന്റെ മനസിലെ പേടിയായിരുന്നു..

പക്ഷേ…. ആ മാറ്റം ഒരാഴ്ച മാത്രമേ നീണ്ടു നിന്നുള്ളൂ ..

വീണ്ടും അവൻ കൂട്ടുകാർക്കൊപ്പം കൂടുകയും മ ദ്യ പിച്ചു വരികയും ചെയ്തു… കൈകൾ പിടിച്ചു ഞെരിക്കുക, പിടിച്ചു തള്ളുക തുടങ്ങിയ ഉപദ്രവങ്ങൾ തുടങ്ങി.. പതിയെ പതിയെ അത് അടിയിലേക്കും ചവിട്ടിലേക്കും എത്തിയപ്പോൾ അവൾ അമ്മയെ വിളിച്ചു പറഞ്ഞു..

അന്നു മുതൽ രമയുടെ ഉറക്കവും നഷ്ടപ്പെട്ടു. ബ്രോക്കർ പറഞ്ഞത് മാത്രം കേട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്താതെ ഋഷിയുമായുള്ള കല്യാണം നടത്തിയത് തെറ്റായി പോയെന്ന ചിന്ത രമയിൽ വളർന്നു.

സാധാരണ കല്യാണആലോചനകൾ വരുമ്പോൾ കാരണവന്മാർ ചെക്കനേയും വീട്ടുകാരെയും കുറിച്ച് അന്വേഷിക്കുന്ന ഒരു സമ്പ്രദായം നാട്ടിൽ ഉണ്ടായിരുന്നു. പക്ഷേ തനുവിന്റെ കാര്യത്തിൽ എല്ലാത്തിനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും തിരക്കിയില്ല..

തെറ്റാണ്.. എന്റെ തെറ്റാണ്… എന്റെ മകളുടെ ജീവിതം വച്ചാണ് ഞാൻ പരീക്ഷണം നടത്തിയത്.. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയില്ല. എന്ത് ചെയ്യും,, ആരോട് സഹായം ചോദിക്കും എന്നറിയാതെ രമ ആകുലപ്പെട്ടു.

കാളിങ് ബെല്ലിന്റെ ഒച്ച കേട്ട് ഋഷിയുടെ അച്ഛൻ വാതിൽ തുറന്നു. പുറത്ത് പോലീസിനെ കണ്ട അയാൾ ഒന്ന് ഭയന്നു.

“എന്താ.. എന്താ.. സർ ഈ രാത്രിയിൽ.. “??

“തന്റെ മകൻ എവിടെ…?? “

“ഇവിടുണ്ട്.. എന്താ സർ കാര്യം..? “

“അയാൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്… അവൻ എവിടെ.. “??

“ആര്… ആര് പരാതി തന്നു… നിങ്ങൾക്ക് ആള് മാറിയതാകും.. “

“ഋഷി നിങ്ങളുടെ മകൻ തന്നെയല്ലേ.. “??

“അതേ.. “

“ദേ.. ഇവരാണ് പരാതി തന്നത്.. ഇവരുടെ മകളെ ഇവിടിട്ട് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു.. “

അപ്പോഴാണ് പുറത്ത് നിൽക്കുന്ന രമയെ അയാൾ കണ്ടത്..

“ഇല്ല… അവൻ ഇവിടില്ല.. ” വാതിൽ അടഞ്ഞു നിന്ന് അയാൾ പറഞ്ഞു.

“മാറി നിൽക്കേടോ അങ്ങോട്ട്… “

അപ്പോഴേക്കും തനു ഓടി അമ്മയുടെ അടുത്തേക്ക് വന്നു.

“അയ്യോ… എന്റെ മോളെ ഇതെന്തു കോലമാ … കണ്ടില്ലേ സാറെ… എന്റെ കുഞ്ഞ്.. “

“എവിടെ മയക്കു മരുന്ന്..? “” Si അവളോട്‌ ചോദിച്ചു.

“ഇതാ സർ… “

അവൾ കൈയിലിരുന്ന ചെറിയ രണ്ടു പൊതി കൊടുത്തു..  S I അത് വിശദമായി പരിശോധിച്ചു.. മയക്കു മരുന്നു ആണെന്ന് ഉറപ്പാക്കി. ..

“എവിടെ അവൻ..? “” അവൾ അകത്തേക്ക് കൈ ചൂണ്ടി..

അകത്തു കയറിയ പോലീസ് കണ്ടത് ഋഷിക്ക് ചോറ് വാരി കൊടുക്കുന്ന അവന്റെ അമ്മയെയാണ് . പോലീസിനെ കണ്ട അവർ പേടിച്ച് എഴുന്നേറ്റു..

“ഇതെന്താ ഇവന്റെ കൈയ്ക്ക് സ്വാധീനകുറവുണ്ടോ.. “??

“ഇല്ല.. ഇല്ല സർ… “

“പിന്നെന്തിനാ ഇവന് വാരി കൊടുക്കുന്നത്..?? “

“അത്.. അത് പിന്നെ.. “

“ഓഹ്… മരുമോളെ തല്ലാനുള്ള ശക്തി വേണ്ടേ.. അല്ലേ.. “

“ആ… നീയിങ്ങു പോരെ ബാക്കി നമുക്ക് സ്റ്റേഷനിൽ ചെന്ന് കഴിക്കാം.. “

“അയ്യോ സാറെ അതിന് എന്റെ കുഞ്ഞു തെറ്റൊന്നും ചെയ്തില്ലല്ലോ.. “

“ഇല്ലേ… നിങ്ങളുടെ മുന്നിൽ തന്നെയല്ലേ ഇവൻ നിങ്ങളുടെ മരുമകളെ ഉപദ്രവിച്ചത്.. ഗാർഹിക പീഡനമാ കേസ്… അതു കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണെന്നു നിങ്ങൾക്കറിയില്ലേ.. “

“ഇവൻ കുറച്ചു നാൾ അകത്തു കിടന്ന് ഒന്ന് മര്യാദ പഠിക്കട്ടെ… പിന്നെ ഏതെങ്കിലും ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടു പോയി ഇവനെ നേരെയാക്കാൻ പറ്റുമോന്നു നോക്കാം… “

“തനു… മോളെ… ഒന്ന് പറ അവനെ കൊണ്ടു പോകല്ലേ എന്ന്.. “

“ഇല്ലമ്മേ.. ഞാൻ പറയില്ല… ഇനി ഇവന്റെ കൂടെ ഒരു ജീവിതവും എനിക്ക് വേണ്ട… ഡിവോഴ്സ് നോട്ടീസ് അയക്കുമ്പോൾ ഇവനെ കൊണ്ട് ഒരു ഒപ്പ് അതിൽ ഇടീച്ചു തന്നാൽ മതി.. എനിക്ക് ഇനി ഇവനെ വേണ്ട.. “

“എടി അഹങ്കാരി… നീ ഈ ചെയ്യുന്നതിനൊക്കെ അനുഭവിക്കും… “

“നിങ്ങളുടെ മകൻ ക ള്ളും ക ഞ്ചാ വും വലിച്ചു കേറ്റി  എന്നെ ഉപദ്രവിക്കുമ്പോൾ നോക്കി നിന്ന് ചിരിച്ച സ്ത്രീയല്ലേ നിങ്ങൾ.. അന്ന് നിങ്ങൾക്ക് എന്നോട് തോന്നാത്ത സ്നേഹം ഞാൻ എന്തിന് കാണിക്കണം..??  നിങ്ങളോട് പച്ചക്ക് ഞാൻ ഒരു കാര്യം പറയട്ടെ.. “??

അവർ സംശയത്തോടെ അവളെ നോക്കി..

“നിങ്ങളുടെ മകന് ലൈംഗിക ശേഷി ഇല്ല… ”
അവന്റെ ആണത്തം തെളിയിക്കാൻ പറ്റാത്തതിന് രോഷം മൂത്ത് എന്റെ ഈ ശരീരം മുഴുവൻ അവൻ കീറി മുറിച്ച പാടുകളാ… “

അവൾ പറഞ്ഞത് കേട്ട് രമയും  ഋഷിയുടെ മാതാപിതാക്കളും  പോലീസുകാരും ഒരുപോലെ ഞെട്ടി..

ഋഷി അവളെ പകയോടെ നോക്കി…

“എന്താ.. എന്താ നീ പറഞ്ഞത്.. എന്റെ മോനെ കുറിച്ച് വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ.. “

“നിങ്ങളുടെ മുന്നിൽ തന്നെ നിൽക്കുന്നില്ലേ മകൻ.. അവനോടു ചോദിച്ചു നോക്ക് ഞാൻ പറഞ്ഞത് സത്യമാണോ എന്ന്..

ഈ ഇരുപത്തിയാറു വയസ്സ് ആയപ്പോഴേക്കും ഇവൻ ഈ വിധം നശിച്ചു പോയത്  നിങ്ങൾ കാരണമാ.. തുടക്കത്തിലേ നിയന്ത്രിക്കാൻ നോക്കാത്തതിന്റെ ഫലമാ..

ഇനി ഇവൻ നന്നായാലും എനിക്ക് വേണ്ട… ഈ ഒരു മാസം കൊണ്ട് അനുഭവിച്ചു മതിയായി എനിക്ക്.. നോക്ക് ഇപ്പോഴും അവൻ എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ… “

“ഞാൻ എന്റെ ശരീരത്തിലെ മുറിവുകളുടെ ഫോട്ടോ എടുത്തു,, തെളിവ് സഹിതം പരാതി കൊടുക്കാൻ പോവാ…

ഇതു പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാ… എന്റെ അമ്മ എനിക്ക് ആവശ്യത്തിന് വിദ്യാഭ്യാസം തന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ ഒരു ജോലിക്ക് പോയി എന്റെ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുമുണ്ട്.. “

ശേഷം… കുറച്ചു നാളുകൾ കാത്തിരുന്ന്
കുടുംബ കോടതി വഴി തനു ഡിവോഴ്സ് നേടി… കമ്പനിയുടെ ബാംഗ്ലൂർ ശാഖയിൽ ട്രാൻസ്ഫർ കിട്ടി  പോയി.. ഋഷിയെ ഡി അഡിക്ഷൻ സെന്ററിൽ എത്തിച്ചു.

രണ്ടു വർഷങ്ങൾക്ക് ശേഷം അവളുടെ ജീവിതത്തിൽ നടന്നതെല്ലാം അറിഞ്ഞു കൊണ്ട് അരുൺ എന്ന ചെറുപ്പക്കാരൻ അവളെ ജീവിത സഖിയാക്കി.. ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് തനു..കുറച്ചു നാളുകൾ മര്യാദയായി നടന്ന ഋഷി വീണ്ടും പഴയ ശീലങ്ങളിലേക്ക് പോയി.

N b : കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല..

Leave a Reply

Your email address will not be published. Required fields are marked *