ഇത് തന്നെ വേണമെങ്കിൽ ജൂലി മോളെ പപ്പയെ നീ മറന്നേക്കണം ഈ വീടും, ജൂലി കണ്ണീരോടെ പപ്പയെ നോക്കി..

അത്ര മേൽ ആർദ്രമായി
(രചന: Ammu Santhosh)

“ഇത് തന്നെ വേണമെങ്കിൽ ജൂലി മോളെ പപ്പയെ നീ മറന്നേക്കണം. ഈ വീടും.”

ജൂലി കണ്ണീരോടെ പപ്പയെ നോക്കി.
പിന്നെ അമ്മയെ, അച്ചായനെ അനിയത്തിയെ.. സ്വർഗം പോലെയുള്ള തന്റെ കുടുംബത്തെ.. പുറത്ത് ശ്രീ ഉണ്ട്. താൻ ഇറങ്ങി വരുന്നത് കാത്ത്.

“അവനെ തല്ലുമെന്നോ കൊല്ലുമെന്നോ ഓർത്ത് എന്റെ മോള് പേടിക്കണ്ട. നിന്റെ പപ്പാ അത്രക്ക് ദുഷ്ടനല്ല .നിന്റെ അച്ചായനും അവനെ തൊടുകേല. കാരണം തെറ്റ് ഞങ്ങളുടെ കൊച്ചിന്റെ ഭാഗത്തായിപ്പോയി..

നീ അവനൊപ്പം പോകുമ്പോൾ കൊണ്ട് പോകുന്നത് എന്റെ അഭിമാനം കൂടിയാണ്.. പക്ഷെ സാരോല്ല.
നീ പൊയ്ക്കോ.സ്നേഹിച്ചവന് നീ വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ആ വാക്കാണ് വലുത്. പപ്പയല്ല.. എന്റെ മോള് മരിച്ചു പോയി. അങ്ങനെ പപ്പാ അങ് കരുതും “

ജൂലി അയാളുടെ കാൽക്കൽ വീണു.

“ശപിക്കല്ലേ പപ്പാ.. ശ്രീ നല്ലവനാ പപ്പാ.. എന്നെ ജീവനാ.. അവന് ആരൂല്ല.. ഞാൻ ഇപ്പൊ ചെന്നില്ലെങ്കിൽ.. പിന്നെ എനിക്ക് സമാധാനം കിട്ടുകേല. സ്നേഹത്തിനു എന്തിനാ പപ്പാ ജാതിയും മതവും..? ശരിക്കും ഉള്ള സ്നേഹത്തിനു.. മതം ഇല്ല പപ്പാ.. പ്ലീസ് എനിക്ക് എല്ലാരും വേണം..”

അയാൾ പെട്ടെന്ന് പിന്നിലേക്ക് നടന്നു മുറിയിൽ കയറി വാതിലടച്ചു.

“അമ്മേ ഒന്ന് പറ അമ്മേ… പ്ലീസ്.. അച്ചായാ… ലിനിമോളെ.. നീയെങ്കിലും പറ…”അവൾ ഓരോരുത്തരുടെയും അടുത്ത് ചെന്നു കെഞ്ചി. അമ്മ കണ്ണീരോടെ അകത്തേക്ക് പോയി

“ജൂലി പോകുന്നെങ്കിൽ നീ ഇപ്പൊ പോകണം. പിന്നെ ഒരു ചാൻസ് ചിലപ്പോൾ നിനക്ക് കിട്ടുകേല. പപ്പാ ക്ഷമിക്കും..പക്ഷെ സമയം കൊടുക്കണം..”അച്ചായൻ അവളെ ചേർത്ത് പിടിച്ചു..

“അച്ചായനുണ്ടാവും മോൾക്ക്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം..സ്നേഹിച്ചവന്റ ഒപ്പം കഴിയാൻ പറ്റുന്നതാ ഏറ്റവും വലിയ ഭാഗ്യം..”

അവൾ കണ്ണ് തുടച്ചു തലയാട്ടി

ലിനിമോളവളുടെ മാല ഊരി കയ്യിൽ വെച്ചു കൊടുത്തു

“സ്വർണത്തിന് ഇപ്പൊ നല്ല വിലയുണ്ട്. ചേച്ചി ഇത് വിറ്റോ. പേടിക്കണ്ട ഇത് അമ്മാമ്മ എനിക്ക് തന്നതാ “

“ഇതൊന്നും വേണ്ട മോളെ “

“വേണം.. ഒരു ജീവിതം തുടങ്ങാൻ പോവല്ലേ.. . ശ്രീയേട്ടന് ജോലി ഉണ്ടെങ്കിലും ചേച്ചിക്കായി എന്തെങ്കിലും വേണ്ടേ?അഞ്ചു പവനുണ്ട്.. ചേച്ചിക്ക് എന്റെ സമ്മാനമാ ഇത് “

ജൂലി അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു

ശ്രീക്കൊപ്പം അവൾ നടന്നു നീങ്ങുന്നത് നോക്കി അമ്മ അടുക്കളപ്പുറത്തു നിൽപ്പുണ്ടായിരുന്നു.

“മാല അവൾ കൊണ്ട് പോയോ മോളെ?”

“ഉം “

“ഞാൻ തന്നതാണെന്നു പറഞ്ഞോ?”

“ഇല്ല. അമ്മമ്മ തന്നതാണെന്ന പറഞ്ഞെ.. “

“പപ്പാ അറിയണ്ട കേട്ടോ “

അവർ മുഖം അമർത്തി തുടച്ചു.

“പാവം.. എന്റെ മോള്..”അവർ തേങ്ങലോടെ പറഞ്ഞു.

അതൊരു നല്ല വീടായിരുന്നു. നഗരത്തിൽ തന്നെ.. എന്നാൽ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലം.

“ഇഷ്ടായോ?” ശ്രീ അവളെ ചേർത്ത് പിടിച്ചു.

അവൾ മങ്ങിയ ഒരു ചിരി ചിരിച്ചു.. അവനവളെ മനസിലാകുന്നുണ്ടായിരുന്നു. അവൻ അവളുടെ പപ്പയോടും അമ്മയോടും സംസാരിച്ചു നോക്കിയിരുന്നു. അപേക്ഷിച്ചിരുന്നു. പൊന്നു പോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിരുന്നു. ഫലമുണ്ടായില്ല.

രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ ആരും മിണ്ടുന്നുണ്ടായിരുന്നില്ല. പപ്പാ അവളിരിക്കുമായിരുന്ന സ്ഥലത്തേക്ക് നോക്കി. ഒരു പൊട്ടിച്ചിരി കാതിൽ വീണ പോലെ.

“പപ്പയുടെ ആദ്യ ഉരുള എനിക്കാണെ” അയാൾചോറ് ഇറക്കാൻ കഴിയാതെ പാത്രത്തിൽ തന്നെ ഇട്ട് എഴുനേറ്റു..

“വിശപ്പില്ല “

വിശപ്പില്ലാഞ്ഞത് അയാൾക്ക് മാത്രം ആയിരുന്നില്ല.
വിശപ്പില്ലാത്ത ദിവസങ്ങളായിരുന്നു പിന്നെ ജൂലിക്കും.

“എന്തെങ്കിലും കുറച്ചു കഴിക്ക് ജൂലി “ശ്രീ വേദനയോടെ പറയും

“എന്റെ പപ്പാ കഴിച്ചു കാണുമോ?”
അവൾ വിങ്ങലോടെ ചോദിക്കും.

“ഞാൻ പോയി സംസാരിക്കാം കാലു പിടിക്കാം പോരെ?”
അവൾ പെട്ടെന്ന് കണ്ണ് തുടച്ചു

“എന്റെ ശ്രീ ആരുടെയും കാലു പിടിക്കേണ്ട. ഞാനെന്തു തെറ്റാ ചെയ്തത്‌? ആരുമറിയാതെ ഒളിച്ചോടിയൊന്നുമില്ലല്ലോ.. പപ്പാ ക്കു എന്നെ മനസിലാകും.. അന്ന് വരും. അപ്പൊ പിണക്കമൊന്നും കാണിച്ചേക്കല്ലേ..ചോറ് വിളമ്പിക്കോ ഞാൻ കഴിച്ചോളാം “

അവൾ ചിരിക്കാൻ ശ്രമിച്ചു

അവളെ പിജിക്ക് ചേർത്തു ശ്രീ. അവൻ ബാങ്കിൽ പോകുമ്പോൾ അവളെ കോളേജിൽ വിടും. വൈകുന്നേരം അവൾ ബസിൽ പോരും.ശ്രീ ജീവനെ കണക്ക് സ്നേഹിക്കുമ്പോളും പപ്പയുടെ സ്നേഹക്കടലിലെ ഒരു തുള്ളി മാത്രം ആയിരുന്നു അത്. അല്ലെങ്കിൽ അങ്ങനെയാണവൾക്ക് തോന്നിയിരുന്നത്.

“ഈ ഫോം ഒന്ന് ഫിൽ ചെയ്യണമായിരുന്നു.”

ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് ശ്രീ തലയുയർത്തി മുന്നിൽ നിന്ന ആളെ നോക്കി.

“പപ്പാ ”
അവൻ ചാടിയെഴുനേറ്റു

“പപ്പാ ഇരിക്കു..ഇത് ഞാൻ ഇപ്പൊ ചെയ്തു തരാം “

ഫിക്സഡ് ഡെപ്പോസിറ്റിന്റെ ഫോം ആയിരുന്നു അത്.

“” .എന്റെ അക്കൗണ്ടിൽ നിന്നു  ക്യാഷ് മാറ്റണം നിന്റെ അക്കൗണ്ടിലേക്ക് .. ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി എഫ്ഡി ഇടാം ഇതാണ് എന്റെ പാസ്സ് ബുക്ക്‌ “

അവൻ വല്ലായ്മയോടെ അയാളെ നോക്കി.

“നമുക്ക് ഒരു ചായ കുടിച്ചാലോ നിനക്ക് സമയം ഉണ്ടാകുമോ?”പപ്പാ പിന്നെയും ചോദിച്ചു

അവൻ സമയം നോക്കി. ഉച്ചഭക്ഷണത്തിനുള്ള സമയം ആയി.

ക്യാന്റീനിൽ തിരക്കുണ്ടായിരുന്നില്ല. രണ്ടു ചായയ്ക്ക് പറഞ്ഞു അവൻ.

“എന്റെ കൊച്ച് ബസിലാ അല്ലിയോ പോകുന്നെ..?”പെട്ടെന്ന് പപ്പാ ചോദിച്ചു

“പോകുമ്പോൾ ഞാൻ കൊണ്ടാക്കും. വരുമ്പോൾ..അവൻ മെല്ലെ പറഞ്ഞു

“അത് വേണ്ട..അവൾക്ക് ഡ്രൈവിംഗ് അറിയാം.. ഒരു കാർ വാങ്ങിച്ചു കൊടുക്കണം.. സ്കൂട്ടർ വേണ്ട.എനിക്ക് പേടിയാ..

ഇത് അവൾ അറിയുകയും വേണ്ട.. എന്റെ കൊച്ചിനെ ഞാൻ അങ്ങനെയല്ല വളർത്തിയെ… നീ നല്ല പോലെ നോക്കുന്നുണ്ടെന്നൊക്കെ അറിയാം എനിക്ക്. പക്ഷെ..”അയാൾ കണ്ണ് നിറഞ്ഞത് കൊണ്ടും ഒച്ചയടച്ചത് കൊണ്ടും നിർത്തി

“ഉറങ്ങാനൊന്നും പറ്റുന്നില്ലിപ്പൊ. കണ്ണിന്റെ മുന്നില് എന്റെ കൊച്ച് അങ്ങനെ അങ്ങ് ചിരിച്ചു നിക്കുവാ.. വല്ലാത്ത ഒരവസ്ഥയാ അത്.. നിനക്ക് പറഞ്ഞാ ചിലപ്പോൾ മനസ്സിലാവുകേല..അതിന് നീ ഒരു പെങ്കൊച്ചിന്റെ അപ്പനാവണം..”

ശ്രീ സങ്കടത്തോടെ ആ കൈയിൽ പിടിച്ചു..

“പപ്പാ. അവളുടെ അവസ്ഥ ഇതിലും മോശമാ.അവൾ ഇത് വരെ ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല. കരയാതെ ഉറങ്ങിയിട്ടില്ല.. ചിലപ്പോൾ തോന്നും ഞാൻ കാരണം അല്ലെ ഇതൊക്കെ? വേണ്ടായിരുന്നു എന്ന്..?”

“അങ്ങനെ ആണെങ്കിലും അവൾക്ക് സമാധാനം ഉണ്ടാകുമോ? നിനക്ക് വേണ്ടിയും അവൾ പട്ടിണി കിടന്നിട്ടുണ്ട് ഉറങ്ങാതെ എന്റെ കാല് പിടിച്ചു കെഞ്ചിയിട്ടുണ്ട്..

എന്റെ ശ്രീ നല്ലവനാ പപ്പാ എന്ന് കരഞ്ഞിട്ടുണ്ട്… ഞാൻ പഴയ ആളല്ലേ. പള്ളിയും ഇടവകയും.. അവരൊക്കെ എന്നോട് ചോദിക്കുകേലെ? ഇളയ ഒരു കൊച്ചും കൂടിയില്ലേ എനിക്ക് കെട്ടിക്കാൻ?”

ശ്രീ നിശബ്ദനായി..

“നിന്നോട് എനിക്ക് ദേഷ്യമൊന്നുമില്ലടാ ഉവ്വേ… എന്റെ കൊച്ച് കരയരുത്. കരയിക്കരുത്.. അത്രേം ഉള്ളു..”

“ഞാൻ കാരണം അല്ല ഇപ്പൊ അവൾ…”ശ്രീ പാതിയിൽ നിർത്തി..

പപ്പാ മുഖം തുടച്ചു..

“പപ്പക്ക് അവളെ കാണാൻ തോന്നുന്നില്ലേ?”

“എന്റെ ഉള്ളിലുണ്ടല്ലോ എപ്പഴും…”അയാൾ കണ്ണീരിനിടയിലൂടെ ചിരിച്ചു..

“പോട്ടെ “പപ്പാ കാറിൽ കയറി പോകുന്നത് നോക്കി അവൻ നിന്നു

“പപ്പാ വന്നിരുന്നു ഇന്ന് ബാങ്കിൽ..”

ഒരു തിരമാല നെഞ്ചിൽ അടിച്ച പോലെ.. ജൂലി അവനെ ഇമ വെട്ടാതെ നോക്കിയിരുന്നു.

“നിന്നേ ബസിൽ വിടരുത് എന്ന് പറഞ്ഞു… കാർ വാങ്ങി തരണം എന്നൊക്കെ പറഞ്ഞു..എന്റെ അക്കൗണ്ടിലേക്ക് കുറെ പണവും അയച്ചു.. എന്നോട് സ്നേഹമായിട്ട സംസാരിച്ചേ…”

അവൾ കാൽമുട്ടിൽ മുഖം അമർത്തി…

“ഞാൻ നിന്നേ എത്ര സ്നേഹിച്ചാലും നിന്റെ പപ്പയുടെ മുന്നിൽ ഞാൻ തോറ്റു പോകും മോളെ..
ആ ഉള്ളു നിറച്ചും നീയാ…നീ ആ കാശ് തിരിച്ചു കൊടുക്കണം.. അത് ശരിയല്ല എനിക്ക് വേണ്ട അത്..”

അവൾ ചിരിച്ചു..

“അതെനിക്ക് തന്നേക്ക്.. എന്റെ പപ്പയുടെ കാശ് അല്ലെ? എന്റെ പപ്പാ എന്നോടുള്ള സ്നേഹം കൊണ്ട് തന്നതല്ലേ? ശരിക്കും ഞാൻ ഭാഗ്യവതി ആണ് അല്ലെ ശ്രീ?. ശ്രീയെ പോലെ ഒരു ഭർത്താവ്. പപ്പയെ പോലെ ഒരു പിതാവ്.. ലക്കി.. “

അവനവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“ആ കാശ് എനിക്ക് വേണ്ടിട്ട് അല്ല ട്ടോ.തിരിച്ചു കൊടുത്താ പപ്പക്ക് വിഷമം ആകും.. അതാണ്‌. പാവാ എന്റെ പപ്പാ “അവൾ ഇടർച്ചയോടെ പറഞ്ഞു..

ഇടക്കൊക്കെ ബാങ്കിൽ പപ്പാ വരും. അവനൊപ്പം ചായ കുടിക്കും. അവൾക്കായ് എന്തെങ്കിലും വാങ്ങി ഏൽപ്പിച്ചു പോകും

“പപ്പാ ഒരു ദിവസം വീട്ടിൽ വരുമോ? അവൾക്ക് സന്തോഷം ആകും “

പപ്പാ ചിരിച്ചു

തുണി വിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ജൂലി. അന്ന് കോളേജ് അവധിയായിരുന്നു. ശ്രീ പോയി കഴിഞ്ഞു.

തൊട്ട് മുന്നിൽ പപ്പാ വന്നപ്പോ മാത്രം ആണ് അവൾ കണ്ടത്. കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി അവൾ നിന്നു.

“നീ എന്താ ഒന്നും കഴിക്കുന്നില്ലേ? കോലം കേട്ടല്ലോ..”

പപ്പാ മുഖത്ത് നോക്കാതെ പറഞ്ഞു

“പപ്പാ ഇപ്പൊ വാരിതരുന്നില്ലല്ലോ അതാവും “അവൾ കുറുമ്പൊടെ തിരിച്ചു പറഞ്ഞു..

“എന്നെ അകത്തോട്ടു ക്ഷണിക്കുന്നില്ലേ?”അയാൾ ഗൗരവത്തിൽ തന്നെ

“ഒന്ന് പോയെ പപ്പാ… ഇങ്ങോട്ട് വന്നേ “അവൾ ആ കൈ പിടിച്ചു. പിന്നെ എത്തി വലിഞ്ഞു ആ കവിളിൽ ഉമ്മ വെച്ചു..

“പപ്പക്ക് പൊക്കം കൂടിയോ?””,അയാൾ ചിരിച്ചു പോയി.മാസങ്ങൾക്ക് ശേഷം ആയിരുന്നു അയാൾ ചിരിക്കുന്നത്.

“വന്നേ… ഇതാണ് ഞങ്ങളുടെ കുഞ്ഞ് സ്വർഗം.. പപ്പക്ക് ഞാൻ ചോറെടുക്കട്ട..?’

അയാൾ തലയാട്ടി..

“മീൻ കറിയും അവിയലുമേയുള്ളു.. അതും ശ്രീ വെച്ചതാ.എനിക്ക് പരീക്ഷ ആണ്. അപ്പൊ പഠിച്ച മാത്രം മതി എന്ന് പറയും ശ്രീ..”അവൾ പറഞ്ഞു കൊണ്ട് തന്നെ പാത്രത്തിൽ ചോറും കറിയും വിളമ്പി..

അയാൾ വായിൽ വെച്ചു കൊടുത്ത ചോറ് കഴിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

“അച്ചായനെന്നും ഫോൺ വിളിക്കും.. അമ്മയും ലിനി മോളും..”അവൾ പാതിയിൽ നിർത്തി. അവർ തന്നെ കാണാൻ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ പപ്പക്ക് അത് ഇഷ്ടം ആകുമോ എന്നോർത്ത് അവൾ.

“അവർ എത്ര തവണ ഇവിടെ വന്നിട്ടുണ്ട്?”അയാൾ പെട്ടെന്ന് ചോദിച്ചപ്പോൾ അവൾ ചമ്മിയ ചിരി ചിരിച്ചു

“പപ്പാ അറിയുന്നുണ്ട് എല്ലാം..പപ്പയോടെന്റെ പൊന്നങ്ങു ക്ഷമിച്ചേക്ക് “

“അയ്യോ പപ്പാ “അവൾ ആ വാ പൊത്തി

“നിങ്ങൾ അങ്ങ് വാ നമ്മുടെ വീട്ടിൽ.. പപ്പക്ക് ഒരു ദേഷ്യവും ഇല്ല.. ശ്രീയെ എന്റെ മോനെ പോലെ തന്നെ ആണ് ഇപ്പൊ “

“അത് വേണ്ട പപ്പാ.. ഇത് ശ്രീയുടെ വീട്.. ചെറുത് ആണെങ്കിലും ശ്രീ വെച്ച വീട്.. ഇവിടെ ആണ് ഞാൻ ജീവിക്കേണ്ടത്.. അല്ലെ പപ്പാ? എന്റെ പപ്പക്ക് എന്നെ ജീവനല്ലേ? ശ്രീക്കും അങ്ങനെതന്നെ…
ഞാൻ ആ മനസ്സ് നോവിച്ചാ ദൈവം പോലും പൊറുക്കുകേല..

ഞാൻ എപ്പോ വേണമെങ്കിലും പപ്പാ വിളിക്കുമ്പോൾ ഓടി വരും.. രണ്ടു ദിവസം നിൽക്കുവേം ചെയ്യും… ഞാൻ എന്നും പപ്പേടെ പൊന്നു തന്നെ ആണ്.. പക്ഷെ ഇനി ഞാൻ ഇവിടെ ആണ്.. ശ്രീക്കൊപ്പം. അത് പോലെ പപ്പാ ഇനി കാശൊന്നും തരേണ്ടാട്ടോ.. അത് ഒന്നും വേണ്ട എനിക്കിതു പോലെ പപ്പയെ മതി….”

പപ്പാ അഭിമാനത്തോടെ അവളെ ചേർത്ത് പിടിച്ചു

പിന്നെ ആ നിറുകയിൽ ചുംബിച്ചു

“എന്റെ പൊന്നുമോളെ” എന്നൊരു വിളിയൊച്ച അവളുടെ കാതിൽ വീണു.

Leave a Reply

Your email address will not be published. Required fields are marked *