(രചന: Nisha L)
“കുഞ്ഞമ്മേ… കുഞ്ഞമ്മേ.. “
“അല്ല ആരിത് അരവിന്ദോ.. നീയെന്താടാ പെട്ടെന്ന്..?? “
“ഞാൻ ഇവിടെ അടുത്ത് ഒരു ലോഡ് ഇറക്കാൻ വന്നതാ കുഞ്ഞമ്മേ.. അപ്പോൾ ഇങ്ങോട്ട് കയറിയതാ.. അവന്മാർ എവിടെ..? “
“ഓഹ്.. ഒന്നും പറയണ്ട ചെക്കാ ഓൺലൈൻ ക്ലാസ്സ് ആയതിൽ പിന്നെ രണ്ടും ഒരക്ഷരം പഠിക്കില്ല. ക്ലാസ്സ് കാണുന്നതിന് പകരം ചുമ്മാ ഫോണിൽ കളിച്ചോണ്ടിരിക്കുവാ.. അതുകൊണ്ട് രണ്ടിനെയും tuition നു പറഞ്ഞു വിട്ടേക്കുവാ.. “
“നീ വാ ചോറ് വിളമ്പാം… “
റാണിയുടെ ചേച്ചിയുടെ മകനാണ് അരവിന്ദ്. പഠിക്കാൻ വിട്ടപ്പോൾ ഉഴപ്പി നടന്നത് കൊണ്ട് വേറെ ജോലി ഒന്നും കിട്ടിയില്ല. അങ്ങനെ ചേട്ടനും ചേച്ചിയും അവനെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇപ്പോൾ ടിപ്പർ ലോറി ഓടിക്കലാണ് ജോലി.
ഊണ് കഴിക്കുന്നതിനിടയിൽ അരവിന്ദ് റാണിയോട്..
“കുഞ്ഞമ്മേ… നമ്മുടെ ലളിത ചേച്ചിടെ വീട്ടിൽ രണ്ടു പെൺകുട്ടികളെ കണ്ടല്ലോ.. അതാരാ… “??
“അത് അവരുടെ മൂത്ത മകളുടെ പിള്ളേരാ.. “എന്താടാ കാര്യം..?? “‘
“അല്ല… ആ ഇളയ പെൺകുട്ടി ഭയങ്കരിയാ.. . മൂത്തത് ഒരു പാവം.. “
“അല്ല.. അത് നിനക്ക് എങ്ങനെ അറിയാം..??
എന്താ ചെക്കാ നിനക്ക് ഒരു ഇളക്കം.. ” റാണി അവനെ സൂക്ഷിച്ചു നോക്കി ചോദിച്ചു..
“ഒന്നുമില്ല കുഞ്ഞമ്മേ.. ഞാൻ ചുമ്മാ..”
അരവിന്ദ് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.
“ആ പിള്ളേരുടെ അച്ഛനും അമ്മയും തമ്മിൽ അടിയും വഴക്കുമാ എന്നും… . അതുകൊണ്ട് പിള്ളേരെ ലളിത ചേച്ചി ഇവിടെ വിളിച്ചോണ്ട് വന്നതാ. അല്ല നീയെങ്ങനെ അറിഞ്ഞു മൂത്തത് പാവം ഇളയത് ഭയങ്കരി എന്നൊക്കെ..???
റാണി വീണ്ടും സംശയത്തോടെ ചോദിച്ചു…
“അത്.. പിന്നെ ഞാൻ കുഞ്ഞമ്മയോട് ഒരു കാര്യം പറഞ്ഞാൽ എന്നെ ചീത്ത വിളിക്കരുത്.. “
“ങ്ഹേ…. എന്താടാ കാര്യം…? “
“അത് ആ മൂത്ത കൊച്ചിനെ എനിക്ക് ഇഷ്ടമാ.. “
“ങേ ഒന്ന് കണ്ടപ്പോഴേക്കും ഇഷ്ടമോ..? ”
റാണി കണ്ണ് മിഴിച്ചു ചോദിച്ചു.
“അത് അങ്ങനെ അല്ല കുഞ്ഞമ്മേ.. ഞാൻ ടിപ്പർ കൊണ്ട് ആ വളവ് തിരിഞ്ഞപ്പോൾ വണ്ടി മുട്ടി അവരുടെ വേലി പൊളിഞ്ഞു. അപ്പോൾ ആ ഇളയ പെണ്ണ് എന്നെ നോക്കി പേടിപ്പിച്ചു.
മൂത്ത കൊച്ചു പറഞ്ഞു.. ആരെങ്കിലും കാണുന്നതിന് മുൻപ് ചേട്ടൻ പൊയ്ക്കോ എന്ന്.. അപ്പോൾ തന്നെ അവളെന്റെ മനസ്സിൽ കയറി പറ്റി കുഞ്ഞമ്മേ..
പിന്നെ രണ്ടാമത് ലോഡും കൊണ്ട് വന്നപ്പോൾ അവൾ ആരും കാണാതെ എനിക്ക് ഫോൺ നമ്പറും തന്നു. അവൾക്ക് എന്നെയും ഇഷ്ടമാ കുഞ്ഞമ്മേ… ഇതൊന്ന് എന്റെ വീട്ടിൽ പറയാൻ കുഞ്ഞമ്മയുടെ സഹായം വേണം. “
ഒറ്റ ശ്വാസത്തിൽ അരവിന്ദ് പറഞ്ഞു.
“ങ്ഹേ …..സഹായമോ… അവന്റെ ഒരു ഉണക്ക പ്രേമം… നിന്നോട് കുറച്ചു ഫ്രീ ആയി പെരുമാറുന്നത് കൊണ്ട് എന്തും പറയാമെന്നായോ.. അപ്പോൾ ഇതിനായിരുന്നോ നീ ഇങ്ങോട്ട് വന്നത്..
ഇനി ഈ കാര്യവും പറഞ്ഞു ഈ പടി കേറിയാൽ നിന്റെ മുട്ടു കാലു ഞാൻ തല്ലി ഓടിക്കും.. ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം എന്ന് കേട്ടിട്ടുണ്ട്.
പക്ഷേ വേലി പൊളിച്ചതിന്റെ പേരിൽ പ്രേമിക്കുന്നത് ഇത് ആദ്യമാ.. നീയെന്താ വിചാരിച്ചത് ഞാൻ നിന്റെ ബ്രോക്കർ ആണെന്നോ.. ചേട്ടനെ ഞാൻ ഒന്ന് വിളിക്കട്ടെ.. നിന്റെ ഇളക്കം ഇപ്പോൾ തന്നെ തീർത്തു തരാം…. “
റാണി ദേഷ്യം കൊണ്ട് വിറച്ചു.
“അയ്യോ വേണ്ട കുഞ്ഞമ്മേ.. വീട്ടിൽ പറയണ്ട… അമ്മക്ക് ഇപ്പോഴും എന്നെ തല്ലാൻ ഒരു മടിയും ഇല്ലെന്ന് കുഞ്ഞമ്മക്കറിയില്ലേ.. “??
“ആ അത് നേരത്തെ ഓർക്കണമായിരുന്നു.. നീ പോകാൻ നോക്ക് ചെക്കാ.. നിന്ന് കിണുങ്ങാതെ.. “
ഞാൻ വിചാരിച്ചു കുഞ്ഞമ്മ എന്നെ സഹായിക്കുമെന്ന്. ഇതിപ്പോ കൈയിൽ നിന്ന് പോയ ലക്ഷണമാണല്ലോ ദൈവമേ. ശോ.. കുഞ്ഞമ്മയോട് പറയാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ചു കൊണ്ട് അവൻ ഓടി വണ്ടിയിൽ കയറി.
റാണിയുടെ ദേഷ്യം അടങ്ങാതെ അപ്പോഴും അവൾ പിറുപിറുത്തു കൊണ്ടിരുന്നു.
അല്ല ആ പെൺകൊച്ചു ഇത് എന്തു ഭാവിച്ചാ ഒരു പരിചയവുമില്ലാത്ത ഒരു ചെക്കൻ ചിരിച്ചു കാണിച്ചപ്പോഴേക്കും അങ്ങ് മയങ്ങി…
ഈശ്വര.. എനിക്കൊക്കെ ചെക്കൻമാരെ നോക്കാൻ തന്നെ പേടിയായിരുന്നു. കാലം പോയ പോക്കേ.. ഇളയ കുട്ടി തന്നെ മിടുക്കി. ഒന്നുമില്ലെങ്കിലും അവളൊന്നു നോക്കി പേടിപ്പിക്കുകയെങ്കിലും ചെയ്തല്ലോ…
ഇനി ഇവിടെ രണ്ടെണ്ണം വളർന്നു വരുന്നു.. അതിനി എങ്ങനെ ആകുമോ എന്തോ.. ഇവന്റെ അല്ലെ അനിയന്മാർ.. എന്തായാലും കവിളൻ മടൽ ഒന്ന് വെട്ടി വച്ചേക്കാം.. എപ്പോഴാ ഉപയോഗം വരുന്നതെന്ന് അറിയില്ലല്ലോ.. ആത്മഗതം ചെയ്തു കൊണ്ട് റാണി വാക്കത്തിയുമായി പറമ്പിലേക്ക് ഇറങ്ങി..
N b : കഴിഞ്ഞ ദിവസം കണ്ട ഒരു പ്രണയം.. പ്രണയിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…