എന്റെ കല്യാണം കഴിഞ്ഞതാണെന്ന ചിന്ത വീട്ടിൽ ഒരാൾക്കുമില്ല മണി പതിനൊന്നായി ഇവിടാർക്കും..

മണിയറ
(രചന: അച്ചു വിപിൻ)

സിനിമയിൽ കാണുന്ന മോനോഹരമായ മണിയറകൾ പോലെ ഒരെണ്ണം എന്റെ കല്യാണത്തിനും ഒരുക്കണം എന്നുള്ളത് പണ്ട് തൊട്ടേ ഉള്ളൊരു മോഹമായിരുന്നു..

പതിമൂന്നു വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്ന ആവേശത്തിലായിരുന്നു ഞാൻ അതുകൊണ്ട് തന്നെ കല്യാണം അടക്കം എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി തന്നെ ചെയ്യണം എന്നുള്ള വാശിയായിരുന്നു മനസ്സിൽ..

വിവാഹ ശേഷം മണിയറ ഒരുക്കാമെന്നു പെങ്ങടെ ഭർത്താവു പറഞ്ഞെങ്കിലും അത് വേണ്ടെന്നു പറഞ്ഞു ഞാൻ അടുത്ത ചങ്കുകളെ തന്നെ ആ  ചുമതല  ഏൽപ്പിച്ചു.. അവർക്കാണെങ്കിൽ ഇതൊക്കെ സെറ്റ് ചെയ്തു നല്ല പരിചയവുമുണ്ട്..

റൂം സെറ്റ് ചെയ്യാൻ ആവശ്യമായ പൂവ് മറ്റു സാധനങ്ങൾക്കുള്ള  കാശും അവന്മാരെ ഏൽപ്പിക്കുമ്പോൾ ചെറുതായി ഒരു ലൈറ്റ് അറേഞ്ച്മെന്റസ് കൂടി ചെയ്തേക്കണേ എന്നും കൂടി ഞാൻ ഓർമിപ്പിച്ചു…

ഓക്കേ അളിയാ അതൊക്കെ ഞങ്ങൾ ഏറ്റെന്നു ഒരേ സ്വരത്തിൽ അവര് പറയുമ്പോൾ “വരാൻ ഉള്ളത് പാണ്ടിലോറി വിളിച്ചാണെങ്കിലും വരുമെന്ന് അപ്പൊ ഞാൻ ഓർത്തില്ല”..

കല്യാണം കഴിഞ്ഞു രേവതിയുമായി ഞാൻ വീട്ടിലെത്തി… മണിയറയുടെ സസ്പെൻസ് നിലനിർത്തുന്നതിനായി അവന്മാർ എന്നെ മുറിയിലേക്ക് കയറ്റിയില്ല..താഴത്തെ മുറിയിൽ പോയി ഞാനും അവളും ഫ്രഷ് ആയി വന്നു ബാക്കി ഉള്ള ചടങ്ങുകൾക്കായി ഹാളിൽ തന്നെ ഇരുന്നു..

ഡാ സുധീഷേ നല്ല അസ്സല് കുട്ടി എന്ന് ഷാരോത്തെ മാലതിവല്യമ്മ പറയണ കേട്ടപ്പോ ശരിക്കും എനിക്ക് കുളിരു കോരിപ്പോയി..

ബന്ധുക്കളായ അമ്മായിമാരും വല്യമ്മമാരും ആവട്ടെ  അവൾക്കെത്ര സ്വർണമുണ്ടെന്നു അളക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു…ഈ സ്ത്രീകളുടെ ഒരു കാര്യം…

വന്നവരൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി…ഒടുക്കം ചുരുക്കം ചില ബന്ധുക്കൾ മാത്രം അവശേഷിച്ചു…

രാത്രിയിലെ ചോറൂണ് കഴിഞ്ഞു, പന്തല് പണിക്കാരുടെ കാശ് കൊടുത്തു ഞാൻ ഹാളിലേക്ക് ചെന്നു,അവിടെ ആണെങ്കി ഒരു പൂരത്തിനുള്ള ആളുണ്ട്..

എന്റെ തല അവിടെ കണ്ടതും അമ്മയുടെ മൂത്തമ്മാവൻ എന്നെ വട്ടം പിടിച്ചു കസേരയിൽ കൊണ്ടിരുത്തി അങ്ങേരുടെ ആയ കാലത്തെ സാഹസങ്ങൾ വിളമ്പിക്കൊണ്ടിരുന്നു… ഞാൻ ഇടയ്ക്കിടയ്ക്ക് രേവതിയെ ഒളിഞ്ഞു നോക്കി…

എന്റെ കല്യാണം കഴിഞ്ഞതാണെന്ന ചിന്ത വീട്ടിൽ  ഒരാൾക്കുമില്ല മണി പതിനൊന്നായി ഇവിടാർക്കും ഉറക്കമില്ലേ ആവോ ഞാൻ മനസ്സിൽ ഓർത്തു..

എന്റെ മുഖത്തെ വെപ്രാളം കണ്ടിട്ടാകണം ഇളയ അമ്മാവൻ എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു ആ രാത്രിയായി ഇനിയൊക്കെ നാളെ പിള്ളേർക്ക് ക്ഷീണം കാണും അവര് കിടന്നോട്ടെ ഞാൻ അമ്മാവന്റെ നേരെയൊന്നു ഓക്ലക്കണ്ണിട്ടു നോക്കി ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നർത്ഥത്തിൽ അമ്മാവൻ എന്നെയും നോക്കി….

വേഗം വരണം എന്ന് ഞാൻ രേവതിയെ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ച ശേഷം മുകളിലേക്കു കയറിപ്പോയി…

എന്നാലും അവന്മാർ എന്താണാവോ മുറിയിൽ ചെയ്തിട്ടുണ്ടാകുക എന്നോർത്തപ്പോ ആകെ ത്രില്ലടിച്ചു പോയി..ഇന്നു തകർക്കും എന്ന് ഉള്ളിൽ പറഞ്ഞു കൊണ്ടു ഞാൻ വാതിൽ മലർക്കെ അങ്ങ് തുറന്നു..

മുറിക്കുള്ളിലെ കാഴ്ച കണ്ടെന്റെ കണ്ണടിച്ചു പോയി… പച്ച,മഞ്ഞ,ഓറഞ്ച്,നീല നിറത്തിൽ ഉള്ള ബൾബുകൾ ചുമരിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഫിറ്റ്‌ ചെയ്തിരിക്കുന്നു അതാണെങ്കിൽ കെടുകയും തെളിയുകയും ഒക്കെ ചെയ്യുന്നുണ്ട്..

പാലുമായി എന്റെ പുറകെ വന്ന രേവതി മുറിയിലേക്കൊന്നു പാളി നോക്കിയ ശേഷം എന്നോട് ചോദിച്ചു  എന്തുവാ ചേട്ടായി ഇത് “ജോസ് പ്രകാശിന്റെ കൊള്ള സങ്കേതമോ”?

അവള് പറഞ്ഞത് ശരിയാണെന്നു എനിക്കും  തോന്നി.. റാണി പത്മിനിയുടെ കാബറെയും പുകക്കുഴലുമായി ജോസ് പ്രകാശിന്റെ ഗുണ്ടകളുടെയും കുറവ് മാത്രമേ അതിനകത്തുള്ളെന്നു  ഞാൻ മനസ്സിൽ ഓർത്തു…

അത് പിന്നെ അങ്ങനെ ഒക്കെ തോന്നുമെങ്കിലും ഇത് അതല്ലട്ടൊ  വേറെ എന്തോ ആണ് അവരുദ്ധേശിച്ചത്,ഇത്  ഒരു വെറൈറ്റിക്കു വേണ്ടി ചെയ്തത ലൈറ്റ് ഇഷ്ടായില്ലെങ്കി അതങ്ങു ഓഫ് ചെയ്തേക്കാം..ഞാൻ പോയി ലൈറ്റ് ഓഫ് ചെയ്തു മുറിയിലെ ട്യൂബിട്ടു…

പന്ന തെണ്ടികളെ വെച്ചിട്ടുണ്ട് ഒക്കേത്തിനും, എന്ന് ഞാൻ സ്വയം പറഞ്ഞു..

അവള് പാലു കൊണ്ടു ടേബിളിൽ വെച്ച ശേഷം എന്റെ നേരെ തന്നെ നോക്കി നിന്നു..

ഓ ഇങ്ങനെ നോക്കിക്കൊല്ലാതെ നീയാ വാതിലിങ്ങടച്ചിങ്ങു  വാ മോളെ എന്റെ ക്ഷമയൊക്കെ പോയി എന്ന് പറഞ്ഞു കൊണ്ടു  ഞാൻ കട്ടിലിലേക്ക് ആവശേത്തോടെ ചാടിയിരുന്നു…

അയ്യോ എന്റെ  കു ണ്ടി

ഇരുന്നതിനേക്കാൾ  സ്പീഡിൽ ഞാൻ ചാടിയെണീറ്റു പോയി… വേദനയെടുത്ത പിന്നാമ്പുറം തിരുമ്മിയ ശേഷം എന്താണ് കുത്തിക്കയറിയത് എന്നറിയാൻ ഇരുന്ന ഭാഗത്തേക്ക് ഞാൻ വെറുതെ ഒന്ന് നോക്കി,

മെത്ത അലങ്കരിക്കാൻ  കട്ടിലിൽ വിതറിയ റോസാപ്പൂവിന്റെ കൂട്ടത്തിൽ ഒരു റോസാപൂവ്  മുഴുവൻ മുള്ളു സഹിതം അങ്ങനെ തന്നെ  ഇട്ടിരിക്കുന്നു തെണ്ടികൾ…

ദൈവമേ ഏതുനേരത്താണാവോ എനിക്കിതിനൊക്കെ തോന്നിയത്….

അയ്യോ എന്തേലും പറ്റിയോ വേദന ഇണ്ടോ  അവൾ എന്റെ അടുത്തേക്കോടി വന്നു  ..

ഏയ്‌ ഒന്നും പറ്റിയില്ല മുള്ളു തറച്ചപ്പോ കു ണ്ടിക്ക് നല്ല സുഖം ഇണ്ടേ..ഞാൻ അവളുടെ നേരെയൊന്ന് നോക്കി..

അവൾ മുഖം പൊത്തിച്ചിരിച്ചു..

എനിക്കൊന്നും പറ്റിയില്ല പൊന്നെ സമയം കളയാതെ നീയാ പാലിങ്ങെടുക്ക് എന്നിട്ടിവിടെ വന്നിരിക്കു…

അവളെന്റെ അരികിൽ വന്നിരുന്നു..അങ്ങനെ പകുതി പാൽ ഞാൻ കുടിച്ച ശേഷം പകുതി അവളും കുടിച്ചു..

ഞാൻ കട്ടിലിലേക്ക് കിടന്നു…

വാടി എന്റെ അടുത്ത് വന്നു കിടക്ക് ഈയൊരു നിമിഷം നമ്മൾ എത്ര കൊതിച്ചതാ..

അവൾ എന്റെ അരികിലേക്ക് ചേർന്നു കിടന്നു..

എന്നാലും നമ്മടെ കല്യാണം ഇങ്ങനെ ഒക്കെ നടക്കുമെന്ന് സ്വപ്നം വിചാരിച്ചില്ല ഞാൻ…. എല്ലാരും പറഞ്ഞു നീ നല്ല കുട്ടിയാണെന്ന് പക്ഷെ  ആ വടക്കേലെ ഭവാനിത്തള്ള മാത്രം നിന്റെ മൂക്ക് കൊള്ളില്ലെന്നൊരു കുറ്റം  കഷ്ടപ്പെട്ട് കണ്ടെത്തി പറഞ്ഞു… ഹോ എന്താ തള്ളേടെ കണ്ണ് കടി…..

കണ്ണുകടിയുടെ കാര്യം പറഞ്ഞപ്പഴാ ഒരു കാര്യം ഓർത്തെ എന്നെ എന്തോ പിടിച്ചു കടിച്ചു  നിന്നെ എന്തെങ്കിലും പിടിച്ചു കടിക്കണ്ടോ എനിക്കാകെ ചൊറിയുന്ന പോലെ തോന്നണു, ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി..

ആഹ അപ്പൊ ചേട്ടായിക്കും തോന്നണ്ടോ?
അപ്പൊ അത് നമ്മടെ വെറും തോന്നലല്ല ട്ടൊ…എന്നെയും കടിക്കുന്നുണ്ട്..

ഞങ്ങൾ രണ്ടാളും ബെഡിൽ നിന്നുമെണീറ്റു പൂ കിടന്ന ഭാഗം കൈകൊണ്ടു മെല്ലെ വകഞ്ഞു മാറ്റി…. നോക്കുമ്പോൾ  എന്താ ബെഡിൽ നിറയെ ഉറുമ്പുകൾ, കൂട്ടത്തിൽ ആരൊ അവിടിരുന്നു ഡയറി മിൽക്ക് തിന്നിട്ടു അതിന്റെ ഒരു കഷ്ണം ബെഡിൽ ഇട്ടിരിക്കുന്നു…

തെണ്ടികളെ എന്നോടീ ചതി വേണ്ടായിരുന്നു..
ഇനിപ്പോ എന്ത് ചെയ്യും ഞാൻ അവളോട്‌ ചോദിച്ചു..

ചേട്ടായി അലമാരയിൽ വേറെ ഷീറ്റ് ഉണ്ടെങ്കി അതെടുക്കു ഇത് മാറ്റി നമുക്കത് വിരിക്കാം..

അവള് ബെഡ് ഷീറ്റ് മാറ്റി വേറെ ഒരെണ്ണം വിരിച്ചുകൊണ്ടിരുന്നപ്പോഴാണ്  കൂട്ടുകാരന്റെ ഫോൺ വന്നത് അളിയാ നിന്റെ റൂമിൽ അനൂപിന്റെ ഫോൺ എങ്ങാനും ഉണ്ടോന്നു പറ്റുമെങ്കി ഒന്ന് നോക്കണേ…

വിളിച്ചിട്ട്  ഫോൺ സ്വിച്ച് ഓഫ് ആണ് അവിടെ കയറുന്നത് വരെ അവന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നെന്നാണ് പറയുന്നത് അവൻ ആണെങ്കിൽ ആകെ വെള്ളമാണ് എവിടെ വെച്ചെന്നു ആശാന് ഒരോർമയുമില്ല…

അതൊക്കെ പോട്ടെ മുറിയെങ്ങനെ ഉണ്ട് അടിപൊളിയല്ലേ? എന്റളിയാ ഞങ്ങള് കുറെ കഷ്ടപ്പെട്ടു ചെയ്തത… നീയെന്താ ഒന്നും മിണ്ടാത്തത്? അവൻ ചോദിച്ചു…

നാളെ ഒന്ന് നേരം വെളുക്കട്ടെടാ  അഭിപ്രായം ഒക്കെ  ഞാൻ നേരിട്ടു പറയാം അതുപോരെ ഞാൻ പല്ലിറുമ്മി… ഓക്കേ എന്ന് പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു…

ചേട്ടായി ഷീറ്റു വിരിച്ചു… വാ വന്നു കിടക്ക്…

ഞാൻ അവളുടെ അടുത്ത് പോയി കിടന്നു…
എന്തിനാ ആവശ്യമില്ലാത്ത പണിക്കൊക്കെ പോയത് അവളെന്റെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു…

അതേ ഒന്നും വേണ്ടായിരുന്നു ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ല..ഞാൻ അവളെ ചേർത്തു പിടിച്ചു..

അതേയ് ആ AC ഓഫ് ചെയ്തു ഫാൻ ഇടാമോ എനിക്ക് ചെറിയ ഒരു  തൊണ്ട വേദന തണുപ്പടിച്ചാൽ രാവിലെ ആകുമ്പഴേഴും ചുമ വരും..

ആയിക്കോട്ടെ…

കട്ടിലിൽ കിടന്നു കൊണ്ടു തന്നെ ഞാൻ സൈഡിൽ ഉള്ള ഫാനിന്റെ സ്വിച്ച് അമർത്തി…

ഫാൻ കറങ്ങിയതും അതിന്റെ മുകളിൽ നിന്നും കുറച്ചു റോസാപ്പൂ ഇതൾ പറന്നു മുറിക്കുള്ളിൽ വീണു.. ആഹ എത്ര മനോഹരം ഇതെങ്കിലും അവന്മാർ ഭംഗിയായി ചെയ്തല്ലോ നന്നായി ഞാൻ മനസ്സിൽ ഓർത്തു…

ഫാനിന്റെ സ്പീഡ് കൂടിയതും മുകളിൽ നിന്നും കനമുള്ള എന്തോ കറുത്ത സാധനം രേവതിയുടെ മുഖത്തേക്ക് വീണു .. അയ്യോ എന്നവൾ അറിയാതെ പറഞ്ഞു പോയി..

അവളുടെ  ഒച്ചകേട്ടു ഞാൻ ചാടിയെണീറ്റു… എന്താ താഴെ വീണത്..

അവൾ എന്റെ നേരെ കയ്യുയർത്തി..ഫാനിന്റെ മുകളിൽ റോസാപ്പൂ ഇതൾ സെറ്റ് ചെയ്തതിന്റെ കൂടെ അനൂപിന്റെ മൊബൈൽ  കൂടി വെച്ചേക്കുന്നു ഫാൻ കറങ്ങിയപ്പോ മൊബൈൽ  താഴെ വീണു.. അവളതെന്നെ  കാണിച്ചു തന്നു… ആ തെണ്ടി പൂവ് സെറ്റ് ചെയ്തതിനിടക്ക് അവിടെ വെച്ചതാകും എന്നിട്ട് ഫോണും തപ്പി നടക്കുന്നു നാറി….

അയ്യോ ചുണ്ട് മുറിഞ്ഞല്ലോ ഞാൻ വെപ്രാളത്തോടെ പറഞ്ഞു…

ഞാനെന്റെ മുണ്ടിന്റെ അറ്റം കൊണ്ടവളുടെ മുറിവൊപ്പി.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു എനിക്ക് കുഴപ്പൊന്നും ഇല്ല.. സാരോല്ല പോട്ടെ നീയിങ്ങു നീങ്ങി കിടക്കെടി… അധികം ഒന്നും പറ്റിയില്ലല്ലോ..

ഇനി എന്നാ പറ്റാൻ ആണ് കാത്തിരുന്ന ദിവസം കുളമായില്ലെ.. ചേട്ടായി കിടന്നോ ഇന്നിനി  ശരിയാവില്ല എനിക്ക് നല്ല ദേഷ്യം വരണ്ട്…അവള് കൂടുതൽ ഒന്നും പറയാൻ നിക്കാതെ സൈഡ് തിരിഞ്ഞങ്ങു കിടന്നു…

മണിയറ,മുല്ലപ്പൂ മിന്നുന്ന ലൈറ്റുകൾ ഹോ എന്തൊക്കെയായിരുന്നു പുല്ല്  ഒന്നും വേണ്ടായിരുന്നു….

അങ്ങനെ സ്വപ്നം എന്റെ കണ്ട എന്റെ  “ആദ്യരാത്രി” ഖുദാ ഗവ…

രാവിലെ വളരെ വൈകിയാണ് ഞാൻ എണീറ്റത്.. കണ്ണുതിരുമ്മി നോക്കുമ്പോൾ അവളവിടെ ഇല്ല താഴേക്കു പോയി കാണും എന്ന്  ഞാൻ മനസ്സിൽ ഓർത്തു.. ഞാനും വേഗം ഒന്ന് ഫ്രഷ് ആയി താഴേക്കു ചെന്നു..

എന്നെ കണ്ടതും ഇളയമ്മാവനും അമ്മായിയും ആക്കിയൊരു ചിരി ചിരിച്ചു..ഒന്നും നടന്നില്ല കിളവ എന്ന് അമ്മാവന്റെ നേരെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…

അടുക്കളയിലേക്കു പോകാൻ തുടങ്ങിയതും മൂത്ത പെങ്ങടെ അളിയൻ എന്നെ പിടിച്ചു നിർത്തി  എന്റെ ചെവിയിൽ വന്നു പറഞ്ഞു എന്നാലും എന്റളിയ ഇത്രേം ആക്രാന്തം പാടില്ല…

ആക്രാന്തമോ?അളിയനെന്താ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല…

ഓ ഒന്നും മനസ്സിലാകാത്ത പോലെ നീ  അഭിനയിക്കല്ലേ.. ആ കൊച്ചിന്റെ ചുണ്ട് പൊട്ടി നീര് വെച്ചിട്ടുണ്ടല്ലോ നീയറിയാണ്ടെങ്ങന അത് സംഭവിക്കുന്നെ? തല്ക്കാലം അമ്മേടെ മുന്നിലേക്ക്‌ ഇപ്പൊ  പോകണ്ട…

അതുപിന്നെ അളിയാ ഫാനിന്റെ മോളിന്നു റോസാപ്പൂ  അല്ല മൊബൈല്….

നീ കൂടുതൽ പറഞ്ഞു ചളമാക്കണ്ട..എനിക്കെല്ലാം മനസ്സിലായി ഇതൊക്കെ കഴിഞ്ഞ ഞാനും വന്നത്.. നിന്റെ കൂട്ടുകാര് വന്നു പുറത്തു നിക്കുന്നുണ്ട് എന്തോ അത്യാവശ്യത്തിനാണ് നീ  വേഗം അങ്ങോട്ട്‌ ചെല്ല്…

കാര്യമെന്തെന്നറിയാൻ ഞാൻ പുറത്തേക്കു ചെന്നു…

അളിയാ എന്റെ മൊബൈല് കിട്ടിയോ?എന്നെ കണ്ടതും  അനൂപെന്റെ അടുത്തേക്ക് നീങ്ങി വന്നു…

കിട്ടിയെടാ കിട്ടി കയ്യോടെ തന്നെ തന്നേക്കാം.. ഫാനിന്റെ മോളിലോന്നാടാ നാറി മൊബൈല് കൊണ്ടു വെക്കുന്നത് എന്ന് പറഞ്ഞു കൊണ്ടവന്റെ മോന്ത നോക്കി ഒന്ന് ഞാൻ കൊടുത്തു…

അവൻ കവിളൊന്നു തിരുമ്മി…എന്റെ മുഖത്തേക്ക് ചമ്മലോടെ നോക്കിക്കൊണ്ടവൻ പറഞ്ഞു
അതളിയ പൂവ് സെറ്റ് ചെയ്തപ്പോൾ അറിയാതെ ഒരു കൈയബദ്ധം…

ഇതിലും ഭേദം എല്ലാർക്കും എന്നെ അങ്ങ് കൊല്ലാരുന്നില്ലേ…ഇങ്ങനെയാണോടാ തെണ്ടികളെ മുറി സെറ്റ് ചെയ്യുന്നത്..

അത് പിന്നെ കുറച്ചലങ്കാരത്തിന് വേണ്ടി ചെയ്തെന്നെ ഉള്ളൂ ..എന്താ പൊളിച്ചില്ലേ?

ഇതാണോടാ ചെറ്റകളെ അലങ്കാരം ഇതിനു അലങ്കാരം എന്നല്ല അലങ്കോലം എന്നാണ് പറയേണ്ടത്..

അത് പിന്നെ ഞങ്ങള് ഇച്ചിരി വെറൈറ്റി ഉദ്ദേശിച്ചു ചെയ്തത നിനക്കിഷ്ടായില്ലെങ്കി അതങ്ങു വിട്ടു കള…

വെറൈറ്റി ആണത്രേ വെറൈറ്റി… എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, ബോധിച്ചു, തൃപ്തിയായി… ഇതിലും കൂടുതൽ ഇനി ഒന്നുമെനിക്ക് വരാനില്ല…

അപ്പൊ ശരിയളിയാ, ഇന്നു വൈകിട്ടത്തെ പാർട്ടിക്ക്  ഞങ്ങളിത്തിരി വൈകിയേ വരൂ..ആ വെളുത്തേടത്തു രാമൻ ചേട്ടന്റെ മോന്റെ കല്യാണമാ ഇന്നു ആ ചെറുക്കന്റെ റൂം കൂടി സെറ്റ് ചെയ്യാനുണ്ട് ഞങ്ങള് അങ്ങോട്ടേക്ക് പോകുവാ..

പോണ വഴി മാരാത്തെ രമണിച്ചേച്ചീടെ വീട്ടീന്ന് കടയോടെ രണ്ടു വാഴയും പറിക്കണം കുറച്ചു വെറൈറ്റി വേണന്നവൻ പറഞ്ഞിട്ടുണ്ട്.സംസാരിച്ചു നിക്കാൻ സമയം ഇല്ല അപ്പൊ നിന്റെ കാര്യങ്ങള് നടക്കട്ടെ…വൈകിട്ട്  കാണാം എന്ന് പറഞ്ഞവർ യാത്ര പറഞ്ഞു പോയി…

അവര് പോണതും നോക്കി ഞാൻ അവിടെ തന്നെ നിന്നു എന്നാലും മണിയറയിൽ എന്തിനാ ഇപ്പൊ “വാഴ” എന്ന് ഞാൻ ഓർക്കായ്കയില്ല എന്ത് പണ്ടാരമെങ്കിലും ആവട്ടെ..

ആ പാവം ചെറുക്കന്റെ വിധി അവനിനി എന്ത് ദുരന്തം ആണാവോ വരാൻ പോണതെന്നോർത്തപ്പോൾ എനിക്ക് അറിയാതെ ചിരി വന്നുപോയി..

എന്തായാലും കഴിഞ്ഞ മാസം പട്ടരുടെ കല്യാണത്തിന് പടക്കം കത്തിച്ചെറിഞ്ഞു ചായ്പ്പിനു തീപിടിച്ച അത്രയും ഭീകരത എനിക്ക് വന്നില്ലല്ലോ എന്നോർത്തപ്പോ ചെറിയ ഒരാശ്വാസം മനസ്സിൽ തോന്നി.. ഇന്നലെ പാളിപ്പോയ ആദ്യരാത്രി രണ്ടാമത്തെ രാത്രി എങ്കിലും ആഘോഷിക്കണം എന്ന് സ്വയം പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് നടന്നു…

NB:എന്തിനാ അധികം, ഇതുപോലെ അരപ്പിരി ഉള്ള നാലഞ്ചു ചങ്കുകൾ ഉണ്ടെങ്കിൽ ലൈഫ് വേറെ ലെവൽ ആയിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *