എനിക്കും എന്റെ മക്കൾക്കും വേണ്ടി രാത്രിയാകും വരെ കിടന്നു പണിയെടുക്കുന്ന ഭാര്യക്കു തന്റെ..

(രചന: അച്ചു വിപിൻ)

എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല….

വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിത്തന്നെന്റെ മനം കവരാറില്ല….

മുന്തിയ ഇനം അത്തറുകൾ വാങ്ങിത്തന്നെന്റെ അലമാരകൾ  നിറക്കാറില്ല….

എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല

അതിനു പകരമായദ്ദേഹം വൈകിട്ട്  ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ചാം നിലയിലുള്ള  ഫ്ലാറ്റിന്റെ വാതിലും ചാരി ഇളയ മോനെയും ഒക്കത്തെടുത്തു നിൽക്കുന്ന എന്റെ നേരെ നോക്കി ആയിരം കോടിയേക്കാൾ വിലമതിപ്പുള്ള ഒരു  പുഞ്ചിരി സമ്മാനിക്കാറുണ്ട്…

ഭക്ഷണം കഴിച്ച ശേഷo സിങ്കിൽ കൊണ്ടുവെക്കുന്ന പാത്രങ്ങൾ എന്നോട് ചോദിക്കാതെ തന്നെ കഴുകി വെക്കാറുണ്ട്…

കുഞ്ഞുങ്ങൾ കളിച്ച ശേഷം വലിച്ചെറിഞ്ഞിടുന്ന കളിപ്പാട്ടങ്ങൾ തനിയെ പോയി പെറുക്കിവെക്കാറുണ്ട്…

ഇളയ മോൻ അപ്പിയിട്ടാൽ  എന്നെ വിളിച്ചു സമയം പാഴാക്കാതെ  അവനെയും ഒക്കത്തെടുത്തു കൊണ്ടുപോയി കഴുകിക്കാറുണ്ട്….

കുരുത്തക്കേട് കാണിക്കുന്ന പിള്ളേരോട് ഞാൻ വെറുതെ  ദേഷ്യപ്പെടുമ്പോൾ ചിൽ അച്ചു ചിൽ എന്ന് പറഞ്ഞെന്റെ ദേഷ്യം അലിയിച്ചു കളയാറുണ്ട്

രണ്ടു പിള്ളേരെയും കൊണ്ട് ഫ്ലാറ്റിൽ  ഒറ്റക്കിരുന്നു ബുദ്ധിമുട്ടുമ്പോളോ എനിക്ക്  വയ്യാത്ത അവസ്ഥകൾ വരുമ്പോഴോ പേരിനു മാത്രം ഉണ്ടാക്കി വെക്കുന്ന ഏതെങ്കിലും ഒരു കറി ചോറിന്റെ കൂടെ ഞാൻ  വിളമ്പി നൽകുമ്പോൾ

അതിനു രുചിയല്പം കുറഞ്ഞാലും  എന്റെ പരിമിതികൾ മനസ്സിലാക്കിയെന്നോണം ഒരു പരാതി പോലും പറയാതെ സന്തോഷത്തോടെയിരുന്നു  കഴിക്കാറുണ്ട്…

അടുക്കളയിൽ ഒന്ന് നിന്നു തിരിയാൻ സമയം കിട്ടാതെ പണിയെടുക്കുമ്പോൾ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാൻ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്…

ക്ഷീണം കാരണം  മക്കടെ കൂടെ കിടന്നു ഞാനുറങ്ങിപ്പോയാൽ എന്നെ വിളിച്ചുണർത്താൻ പോലും  മെനക്കെടാതെ  വീടിന്റെ അകമെല്ലാം  അടിച്ചുവാരി വൃത്തിയാക്കി,

രാവിലെ എനിക്കുള്ള കട്ടൻചായയും ഫ്ലാസ്കിൽ തിളപ്പിച്ച്‌ വെച്ച ശേഷം എന്നേയുണർത്താതെ എന്റെ  നെറ്റിയിയിൽ ഒരുമ്മയും തന്നു ജോലിക്ക് പോകാറുണ്ട്….

സ്വർണത്തെക്കാളും, മറ്റു വില കൂടിയ സമ്മാനങ്ങളെക്കാളും എനിക്ക് പ്രിയം ആ മനുഷ്യന് എന്നോടുള്ള സ്നേഹവും പരിഗണനയും ആണ്…

ഇതാണൊരു സ്ത്രീ ആഗ്രഹിക്കുന്ന സ്നേഹം, ഇതാണ് പരിഗണന, ഇതാണ് തുല്യത എന്ന് ഞാൻ തിരിച്ചറിയുന്നു…

ഇത്രയും കരുതലുള്ളൊരു മനുഷ്യന്റെ വിശാലമായ കൈകൾക്കുള്ളിലാണെന്റെ കൊച്ചു സ്വർഗം…

വീട്ടുജോലിയെടുത്തു നട്ടം തിരിയുന്ന പ്രിയതമക്കു  സഹായ ഹസ്തവുമായൊരു ദിവസം നിങ്ങളൊന്നു  ചെന്ന് നോക്കു അവളുടെ മുഖത്തെ സന്തോഷവും അത്ഭുതവുo നിങ്ങൾക്ക് കാണാൻ സാധിക്കും.

നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഒരു റാണിയെ പോലെ നോക്കുക അതിനുപകരമായവൾ നിങ്ങളെ ഒരു രാജാവിനെ പോലെ സേവിക്കും തീർച്ച ..

പരസ്പര വിശ്വാസവും,പരിഗണയും, സഹകരണവും,സ്നേഹവും ഒക്കെയാണ് നല്ലൊരു ദാമ്പത്യത്തിന്റെ അടിത്തറ..

എന്റെ ഭാര്യയെ ഞാൻ അടുക്കളയിൽ സഹായിച്ചാൽ നാട്ടുകാർ എന്ത് വിചാരിക്കും അവരെന്നെ പെൺകോന്തൻ എന്നൊക്കെ വിളിക്കില്ലേ എന്ന ചിന്തകൾ നിങ്ങൾ ആദ്യം ഉപേക്ഷിക്കുക…

പകരം എനിക്കും എന്റെ മക്കൾക്കും വേണ്ടി രാത്രിയാകും വരെ കിടന്നു പണിയെടുക്കുന്ന ഭാര്യക്കു തന്റെ സ്നേഹത്തിന്റെ രണ്ടു കരങ്ങൾ ആവശ്യമാണെന്ന തോന്നൽ നിങ്ങളിൽ വളർത്തിയെടുക്കുകയാണ് വേണ്ടത് ..

ഒരിക്കൽ ഒരു രാത്രിയിൽ അവൾക്കായെന്തെങ്കിലും വിഭവങ്ങൾ നിങ്ങളുടെ കൈകൾ കൊണ്ടൊന്നുണ്ടാക്കി കൊടുത്തു നോക്കു

ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും അതിലും മനോഹരമായൊരു ദൃശ്യം നിങ്ങൾക്ക് വേറെയെവിടെയും കാണാൻ സാധിക്കില്ല…

NB:ഒരു ഭർത്താവിന് ഭാര്യക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്താണെന്നറിയുമോ? അത് മറ്റൊന്നുമല്ല  അവളോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ആണ്…

Leave a Reply

Your email address will not be published. Required fields are marked *