നിങ്ങൾക്ക് ഇതൊക്കെ സൂക്ഷിച്ചു വച്ചൂടെ മനുഷ്യ, അല്ലെങ്കിൽ വരുമ്പോൾ ഇതൊക്കെ എന്റെ..

(രചന: Nisha L)

“അച്ചൂ എന്റെ തോർത്ത്‌ എവിടെ… “?

“ബാത്‌റൂമിൽ ഇട്ടിട്ടുണ്ട് അഭിയേട്ടാ.. “

“അച്ചു എന്റെ വാച്ച് കണ്ടോ..? “

“ആ ടേബിളിൽ ഉണ്ടായിരുന്നല്ലോ…”

“ഇവിടില്ലല്ലോ.. “

“ഛെ.. ഞാൻ അത് മറക്കാതെ ഇരിക്കാൻ ടേബിളിൽ വച്ചതാണല്ലോ
ഇനിയിപ്പോ വീട് മുഴുവൻ തിരയണമല്ലോ… ശോ…”

“ഹാവൂ കിട്ടി.. ഇതാരാ ഈ ഫ്രിഡ്ജിന്റെ മുകളിൽ കൊണ്ടു വച്ചത്..? “

“ആ ശരിയാ ഞാൻ രാവിലെ എടുത്തിട്ട് അവിടെ വച്ചതാ.. “

“അഭിയേട്ടാ നിങ്ങൾക്ക് ഇതൊക്കെ ഒന്ന് സൂക്ഷിച്ചു വച്ചൂടെ..? രാവിലെ ഈ തിരക്കിനിടയിൽ ഞാൻ എന്തൊക്കെ ചെയ്യണം… “

“ആ നീ ബ്രേക്ക്‌ ഫാസ്റ്റ് എടുക്ക്.. “

“ദേ എടുത്തു.. “

“അമ്മേ നിച് ഇച്ചി മുള്ളണം…. “

“അയ്യോ കുഞ്ഞി.. അമ്മ മുറ്റത്തു കൊണ്ടു പോകാം.. ഇവിടെ ഒഴിക്കല്ലെടാ.. “

“ശോ… ഈ പെണ്ണ്… നീയിതു അച്ഛന് പഠിക്കുവാണോ കുഞ്ഞി.. ” ഇനി ഇപ്പൊ കുഞ്ഞിന്റെ തുണി മാറ്റണം, തറ തുടക്കണം… എല്ലാം കൂടി എപ്പോ തീരുവോ എന്തോ…

“അച്ചു.. ഈ പ്ലേറ്റ് അങ്ങ് എടുത്തു വച്ചേക്കു.. ”
“ഓ എടുക്കാം.. “

“ഡി ലൈസൻസ് കണ്ടോ.. “

“പിന്നെ ഒരു സൈക്കിൾ പോലും ചവിട്ടാൻ അറിയാത്ത എനിക്കാ ലൈസൻസ്.. “

“ഡി എന്റെ ലൈസൻസ് കണ്ടോ എന്ന്..? “

“നിങ്ങൾക്ക് ഇതൊക്കെ സൂക്ഷിച്ചു വച്ചൂടെ മനുഷ്യ.. അല്ലെങ്കിൽ വരുമ്പോൾ ഇതൊക്കെ എന്റെq കൈയിൽ തരണം. ഞാൻ സൂക്ഷിച്ചു വയ്ക്കാം. ഇത് അതൊന്നുമല്ല.. തോന്നിയിടത്തോട്ടു എടുത്തു എറിയുവല്ലേ.. എന്നിട്ട് നോക്കി എടുക്കാൻ ഞാനും..”

ഇയാൾ ഇനി എന്നാണോ ഇതൊക്കെ ഒന്ന് പഠിക്കുക. പോകാൻ സമയം ആകുമ്പോൾ അതു എടുക്ക് ഇത് എടുക്ക് എന്നൊക്കെ കിടന്നു അലറിയാൽ മതിയല്ലോ.

മടുത്തു ഈ ജീവിതം.. എപ്പോഴാന്ന് അറിയില്ല.. എലാത്തിനെയും കളഞ്ഞിട്ട് ഞാൻ ഇറങ്ങി പോകുന്നത്.. അല്ല എങ്ങോട്ട് പോകാനാ.. ഈ പഞ്ചായത്ത്‌ വിട്ട് എങ്ങോട്ടേലും പോകാൻ അറിഞ്ഞിട്ട് വേണ്ടേ..

ആകെ അറിയുന്നത് വീട്ടിൽ വരെ പോകാനാ.. അങ്ങോട്ട് ചെന്നാൽ പോയതിനെക്കാൾ സ്പീഡിൽ ഇങ്ങോട്ട് ഓടിക്കും. ഇയാൾക്ക് അറിയാം എനിക്ക് പോകാൻ ഇടമൊന്നും ഇല്ലെന്ന്..

അതാ എന്നെ ഇട്ട് ഇങ്ങനെ കഷ്ടപെടുത്തുന്നത്.. നോക്കിക്കോ ഒരു ദിവസം ആരോടും പറയാതെ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും.. സ്വയം പറഞ്ഞു പരിതപിച്ചു അവൾ അവസാനം ലൈസൻസ് കണ്ടു പിടിച്ചു.

“ഇന്നാ ദേ നിങ്ങളുടെ ലൈസൻസ്. ഞാൻ കുഞ്ഞിയെ ഉടുപ്പ് മാറ്റിക്കട്ടെ.. “

“അച്ചു… മോളെ… “

“ന്തോ…”

“എന്താ അഭിയേട്ടാ വിളിച്ചത്.? “

“ഞാൻ ഇറങ്ങട്ടെ.. “

“മ്മ്.. സൂക്ഷിച്ചു പോണേ ചേട്ടാ.. “

“ശരിയെടി… നീ സമയത്തു ആഹാരം ഒക്കെ കഴിക്കണേ.. “

“ശരിയേട്ടാ.. പോയിട്ട് വാ.. “

N b : എന്താന്ന് അറിയില്ല… ആ മോളെ ന്നുള്ള വിളിയിൽ അലിഞ്ഞു പോകും ചില ഭാര്യമാർ.. പഞ്ചായത്ത്‌ വിട്ടു പുറത്തു പോകാത്ത ഭാര്യമാരുടെ കാലം കഴിഞ്ഞു എന്നറിയാം. കൊല്ലരുത്…

Leave a Reply

Your email address will not be published. Required fields are marked *