വർഷങ്ങൾക്ക് ശേഷം ഇന്ന് താൻ അരുണിനെ വീണ്ടും കണ്ടിരിക്കുന്നു, ഭാര്യയും കുഞ്ഞും..

(രചന: Nisha L)

“അഞ്ചു… എനിക്ക് തന്നെ ഇഷ്ടമാണ്.”” അവൾ പേടിയോടെ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ അതുമതി. ഓരോ കഥകൾ ഉണ്ടാക്കാൻ.

“വേണ്ട അരുൺ. എനിക്ക് ഇതൊക്കെ പേടിയാണ്. എന്നെ വെറുതെ വിട്ടേക്ക്. “..

“എത്ര നാളയെടോ തന്റെ പിറകെ ഞാൻ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്. ഒന്ന് സമ്മതം പറയെടോ…. “

“ഇല്ല അരുൺ. എനിക്ക് പേടിയാണ്. ആരെങ്കിലും കണ്ടാൽ എനിക്ക് മാത്രമാകും ചീത്തപേര്… എന്നെ ഉപദ്രവിക്കരുത്. പ്ലീസ്… ” അവൾ ഒഴിഞ്ഞു മാറി.

ടൗണിൽ ഒരു പ്രൈവറ്റ് കോളേജിൽ പഠിക്കുകയാണ് അഞ്ചു. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. നീണ്ടു മെലിഞ്ഞ ഒരു കൊച്ചു സുന്ദരി.. അരുൺ അവളുടെ സീനിയർ ആണ്…

കുറച്ചു നാൾ പിറകെ നടന്നു എങ്കിലും അവളെ കൊണ്ട് അവൻ അവസാനം ഇഷ്ടമാണെന്ന് പറയിച്ചു. ഇപ്പോൾ അവളുടെ ലോകം മുഴുവൻ അവൻ മാത്രമാണ്….

“അരുൺ.. എനിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങി. ഞാൻ നിന്റെ കാര്യം വീട്ടിൽ പറഞ്ഞു. നീ വീട്ടുകാരെ കൂട്ടി വന്നു ചോദിക്കാൻ പറഞ്ഞു അച്ഛൻ…. “

“നീ എന്തിനാ ഇപ്പൊ അതൊക്കെ പറയാൻ പോയത്..”

“അതെന്താ പറയണ്ടേ…? “അവൾ സംശയത്തോടെ ചോദിച്ചു.

“ആ ഞാൻ വീട്ടിൽ പറയാം….” അവൻ ഉദാസീനമായി പറഞ്ഞു.

“അഞ്ചു… വീട്ടിൽ ആരും സമ്മതിക്കുന്നില്ല. അവർക്ക് സ്ത്രീധനം വാങ്ങി എന്നെ കല്യാണം കഴിപ്പിച്ചിട്ടു,, എന്റെ പെങ്ങളെ വിവാഹം ചെയ്തു വിടണമെന്ന്… അവർ ചോദിക്കുന്നത് കൊടുക്കാൻ നിന്റെ അച്ഛന്റെ കൈയിൽ ഉണ്ടോ..? “

“നീ.. നീയെന്താ അരുണേ ഈ പറയുന്നത്..?

“വേണ്ട വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയ എന്നെ,  പിറകെ നടന്നു വലിച്ചടുപ്പിച്ചതല്ലേ ഈ ബന്ധത്തിലേക്ക്. എന്നിട്ട് … എന്നിട്ട്… ഇപ്പൊ നീ എന്താ ഇങ്ങനെ പറയുന്നത്..? എനിക്ക് നീയില്ലാതെ പറ്റില്ലെടാ…” അവൾ തേങ്ങി പറഞ്ഞു..

“നിന്നെ വിവാഹം ചെയ്യാം എന്നൊന്നും ഞാൻ പറഞ്ഞിരുന്നില്ലല്ലോ അഞ്ചു…”

“നീ എന്താടാ ഇങ്ങനെ ഒക്കെ പറയുന്നത്. ഞാൻ നിനക്ക് വെറുമൊരു ടൈം പാസ്‌ മാത്രം ആയിരുന്നോ..? “..അഞ്ചു അവിശ്വസനീയതയോടെ അവനെ നോക്കി..

“ഓഹ്…. നീയൊന്ന് മിണ്ടാതിരി അഞ്ചു. ഞാൻ ഒന്ന് കൂടി ആലോചിക്കട്ടെ എന്ത് വേണമെന്ന്… ഒരു സമാധാനവും തരില്ല… ഛെ….

അവളുടെ ഉള്ള് നീറാൻ തുടങ്ങി.

“ഇങ്ങനെ ഒക്കെ പറയല്ലേടാ.. എനിക്ക് നീയില്ലാതെ പറ്റില്ലെടാ….. പ്ലീസ്… എന്നെ ഉപേക്ഷിക്കല്ലേട. നീയില്ലാതെ ഞാൻ മരിച്ചു പോകും…..” അവൾ വിങ്ങി കരഞ്ഞു….

പക്ഷേ പിറ്റേന്ന് മുതൽ അവൻ തന്റെ  മുന്നിൽ വരാതെ ഒഴിഞ്ഞു മാറി തുടങ്ങി.  ഫോൺ വിളിച്ചാൽ എടുക്കാതെയായി. താൻ വിളിക്കുന്നത് തടയാൻ നമ്പർ മാറ്റി.. എന്നിട്ടും പ്രതീക്ഷയോടെ താൻ കാത്തിരുന്നു. പക്ഷേ ഒരിക്കൽ പോലും അവൻ വന്നില്ല……

അവനെ മാത്രം ആലോചിച്ചു, ഉണ്ണാതെ, ഉറങ്ങാതെ താൻ കാത്തിരുന്നു.പിന്നെയൊരു ദിവസം താൻ പോലും അറിയാതെ തന്റെ മനസ് കൈവിട്ടു പോയി. പാവം തന്റെ അച്ഛനമ്മമാർ.

തന്നെ ഓർത്തു അവർ ഉരുകി ഉരുകി തീർന്നു. തനിക്കു പറ്റിയത്  ആരും അറിയാതെ ഇരിക്കാൻ ഒരുപാട്  ശ്രമിച്ചു.

പക്ഷേ… സുബോധം നഷ്ടപെട്ട് ഒരുനാൾ  വീട്ടിൽ നിന്നും ഇറങ്ങി പോയ തന്നെ
പിന്നീട്  മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു…

എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും തനിക്കു പറ്റിയത് നാട്ടുകാർ മൊത്തം അറിഞ്ഞു. വീട്ടിലും നാട്ടിലും ഒരു പരിഹാസ കഥാപാത്രമായി താൻ….

ചികിത്സയുടെ ഫലമായി പിന്നെ എപ്പോഴോ സ്വബോധത്തിലേക്ക്  വന്നു. ചേർത്ത് പിടിക്കാൻ തന്റെ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വർഷങ്ങൾക്ക് ശേഷം ഇന്ന് താൻ അരുണിനെ വീണ്ടും കണ്ടിരിക്കുന്നു. ഭാര്യയും കുഞ്ഞും ഒപ്പമുണ്ടായിരുന്നു.

തന്നെ കണ്ടു വിളറി വെളുത്ത അവന്റെ മുഖം ഓർമയിൽ തങ്ങി നിൽക്കുന്നു. ഒരു പക്ഷേ തനിക്കു സംഭവിച്ചതൊക്കെ അവനും അറിഞ്ഞിരിക്കാം. താൻ ഒരു സങ്കോചവും കൂടാതെ അവനോടു സംസാരിച്ചു.

“ഹായ് അരുൺ.. ഓർമ്മയുണ്ടോ..? ”
സുഖമായിരിക്കുന്നോ..? “

“ഉവ്വ്.. അഞ്ചു… “..

“ഇതാണോ നിന്റെ ഭാര്യയും കുഞ്ഞും? “.

അതെ..,, ഇതെന്റെ ഭാര്യ രേവതി… മോൻ അരവിന്ദ്.. രണ്ടു വയസായി..

“ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ രേവതി.. എന്റെ പേര് അഞ്ചു… ഞാൻ ഇവിടെ സ്റ്റിച്ചിങ് സെന്റർ വരെ ഒന്ന് വന്നതാ.. “

രേവതി ഒരു പുഞ്ചിരി സമ്മാനിച്ചു.

അവളുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ അരുമയോടെ ഒന്ന് തലോടി, അവന്റെ കൈയിൽ ഒരു കുഞ്ഞു മുത്തം കൊടുത്തു.,,

“എന്നാൽ പോകട്ടെ… കുറച്ചു ദൃതിയുണ്ട്..” എന്ന് പറഞ്ഞു താൻ പോന്നു.

തന്നോട് ചെയ്തത് ഓർത്ത് ഒരു പക്ഷേ അവന് കുറ്റബോധം ഉണ്ടായിരിക്കാം.. അതോ ഇല്ലയോ…?…..

അറിയില്ല…..

“താനിത് ഏത് ലോകത്താ അഞ്ചുവേ.. ഞാൻ വന്നത് അറിഞ്ഞു പോലുമില്ലല്ലോ..? “

“അയ്യോ രാജീവേട്ടൻ വന്നോ.. ഓട്ടോയുടെ ശബ്ദം പോലും കേട്ടില്ലല്ലോ.. “

“എങ്ങനെ കേൾക്കാനാ താൻ ഇവിടെങ്ങും അല്ലായിരുന്നല്ലോ.. “

“സോറി രാജീവേട്ടാ.. “

“പറയെടാ എന്താ പറ്റിയത്..? എന്താ വല്ലാതെ ഇരിക്കുന്നത്. “?

“ഞാൻ… ഞാൻ ഇന്ന് അരുണിനെ കണ്ടു.. “

“ഏത്..? നിന്നെ തേച്ചിട്ടു പോയവനോ..? ”
അവൻ കളിയായി ചോദിച്ചു.

“പോ ഏട്ടാ.. ഞാൻ സീരിയസ് ആയി പറയുമ്പോൾ കളിയാക്കുന്നോ?.. “

“അയ്യോടാ സീരിയസ് ആയിരുന്നോ.. എന്റെ കൊച്ച്… ആ പറ.. എന്നിട്ട്.. എന്തായി..? “

“കൂടെ ഭാര്യ ഉള്ളത് കൊണ്ട് ആയിരിക്കും എന്നെ കണ്ടപ്പോൾ ഒന്നു പേടിച്ചു. “

“ഹഹഹ… നിന്നെ കണ്ടു പേടിച്ചല്ലോ എനിക്ക് സന്തോഷമായി….”അവൻ വീണ്ടും ചിരിയോടെ പറഞ്ഞു…

“പോ ഇങ്ങനെ ആണേൽ ഞാൻ പറയില്ല…”

“ഹ പിണങ്ങല്ലേടാ.. പറ..
എന്നിട്ട് എന്തായി?… “

“ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല ഏട്ടാ.. ഇനി എന്തെങ്കിലും പറഞ്ഞിട്ട് അവരുടെ കുടുംബജീവിതം കൂടി തകരണ്ട എന്ന് കരുതി… ഇനി ആ പെണ്ണിന്റെ ശാപം കൂടി അവനു വേണ്ട… എത്രയായാലും ഒരിക്കൽ ഞാൻ മനസ് കൊടുത്തു സ്നേഹിച്ചതല്ലേ…”

അവൻ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു….

“എന്റെ സന്തോഷത്തിലും സങ്കടത്തിലും എന്നെ ചേർത്ത് പിടിക്കാൻ എനിക്ക് എന്റെ ഏട്ടനില്ലേ… എനിക്ക് അതു മതി. “

“എന്നാൽ പിന്നെ എന്റെ കൊച്ച് അതൊക്കെ അങ്ങ് മറന്നേക്ക്… എനിക്ക് വിശക്കുന്നു പെണ്ണേ… വാ നമുക്ക് കഴിക്കാം.. “

“രാജീവേട്ടൻ ഇരിക്ക് ഞാൻ ഊണ്‌ എടുക്കട്ടെ…”

അവൾ ആഹാരം വിളമ്പി ടേബിളിൽ കൊണ്ട് വച്ചു.. അവർ ഒരുമിച്ചു ആഹാരം കഴിച്ചു.

ആരോ ഓട്ടം വിളിച്ചപ്പോൾ രാജീവ്‌ ഓട്ടോ എടുത്തു പോയി. പോകും മുൻപ്.. ഇനി ഇതും ആലോചിച്ചു ഇരിക്കരുത്.. സന്തോഷമായി ഇരിക്കണം. ഞാൻ പോയിട്ട് തിരിച്ചു വരും വഴി മോളെയും കൂട്ടി ഇങ്ങെത്താം.. എന്ന് പറഞ്ഞു അവൻ പോയി…

അവൾ ആലോചിച്ചു.. തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്. ഒരു പുരുഷൻ കാരണം തന്റെ ജീവിതം തന്നെ ഇരുട്ടിൽ ആയി പോയി..

നാട്ടുകാർക്ക് മുന്നിൽ താനൊരു ഭ്രാന്തിയായി. അതേ സമയം മറ്റൊരു പുരുഷൻ തന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടു വന്നു…

ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ എത്തി, ആ നാലു ചുവരുകൾക്കുള്ളിൽ താൻ കഴിച്ചു കൂട്ടിയ നാളുകൾ…. പുറത്തേക്ക് ഇറങ്ങാൻ നാണക്കേട് ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും ഉള്ള് പൊള്ളുന്നത് അറിയുന്നുണ്ടായിരുന്നു. പക്ഷേ…

അങ്ങനെ ഇരിക്കെ ഒരു ദിവസം തനിക്കു ഒരു വിവാഹ ആലോചന വന്നു. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ സ്വീകരിക്കാൻ ഒരാൾ.

തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു.

“അഞ്ചു.. തന്നെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യമുണ്ട്. എന്റെ അച്ഛനും അമ്മയും മരിച്ചു പോയതാണ്. ഒരു ചേട്ടൻ ഉണ്ട്. അവർ ഫാമിലി ആയി വേറെ വീട്ടിലാണ് താമസം. എനിക്ക് സ്വന്തമായി ഒരു കുഞ്ഞു വീടും, ഈ ഓട്ടോയുമാണ് ഉള്ളത്…. “

താൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.

“തനിക്കു സംഭവിച്ചു പോയതൊക്കെ എനിക്ക് അറിയാം. തന്നോടുള്ള സഹതാപം കൊണ്ടല്ല, ഇഷ്ടം ആയിട്ടു തന്നെയാണ് ഞാൻ വന്നത്. എന്താണ് തന്റെ അഭിപ്രായം?.. എന്നെ ഇഷ്ടമായോ..? “

“ഞാൻ… എനിക്ക്… അതിനുള്ള അർഹത ഇല്ല… “മുഖത്തു നോക്കാതെ താൻ പറഞ്ഞു.

“ആരു പറഞ്ഞു..? താൻ ഒരാളെ മനസറിഞ്ഞു സ്നേഹിച്ചു. അവൻ അത് തിരിച്ചറിയാതെ തന്നെ ഉപേക്ഷിച്ചു.. തന്റെ മനസിന് കുറച്ചു ബലം കുറവായിരുന്നു, അതു കൊണ്ട് തനിക്കു അത് സഹിക്കാൻ പറ്റിയില്ല. ഇതിൽ തന്റെ തെറ്റ് എന്താണുള്ളത്..? “

താൻ അപ്പോഴാണ് അങ്ങനെ ചിന്തിച്ചത്… ശരിയാണ് താൻ എന്ത് തെറ്റാണു ചെയ്തത്..? മനസ് തുറന്നു ഒരാളെ സ്നേഹിച്ചു എന്നല്ലാതെ…

“എനിക്ക് തന്റെ സ്നേഹമുള്ള ആ ഹൃദയം മാത്രം മതി. പൊന്നു പോലെ നോക്കാൻ പറ്റിയില്ലെങ്കിലും പട്ടിണി കിടത്തില്ല, കഴിഞ്ഞു പോയത് ഒന്നും പറഞ്ഞു ആ മനസ് വിഷമിപ്പിക്കില്ല. ആ ഉറപ്പ് ഞാൻ തരാം.”

അയാൾ മനസ്സിൽ തട്ടിയാണ് പറയുന്നത് എന്ന് തോന്നി… അച്ഛന്റെയും അമ്മയുടെയും മുഖത്ത് തെളിഞ്ഞു കണ്ട സന്തോഷം,  എതിർത്തു പറയിക്കാൻ തോന്നിയില്ല.

പിന്നെ വലിയ ആഘോഷങ്ങൾ ഇല്ലാതെ ആ ചടങ്ങ് നടത്തി.

ഇപ്പോൾ തങ്ങൾക്ക് സ്നേഹിക്കാൻ മകൾ കുഞ്ഞിയും ഉണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. കുഞ്ഞിയെ സ്കൂളിൽ കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും  ഏട്ടനാണ്.

തനിക്കു പേടിയാണ് അവളെ മറ്റാരുടെ കൂടെയും അയക്കാൻ. വാക്ക് പറഞ്ഞത് പോലെ ഇന്ന് വരെ രാജീവേട്ടൻ തന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്തിട്ടില്ല.

കുഞ്ഞിക്ക് തിരിച്ചറിവ് ആകുമ്പോൾ പറഞ്ഞു കൊടുക്കണം ഈ അമ്മയുടെ കഥ. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ധൈര്യം കൊടുത്തു അവളെ വളർത്തണം, തന്നെ പോലെ തൊട്ടാവാടി ആകാതെ.

തന്നെ കൈ പിടിച്ചു കൂടെ കൂട്ടാൻ രാജീവേട്ടൻ ഉണ്ടായിരുന്നു. പക്ഷേ എല്ലാർക്കും അങ്ങനെ ഒരു സെക്കൻഡ് ചാൻസ് കിട്ടണമെന്നില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *