ശ്രാവണം
(രചന: Nijila Abhina)
നാലു പേരുകൂടി പി ച്ചി ച്ചീന്തിയത് കൊണ്ട് മാത്രം ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരു കൽപ്പിക്കണോ??
കിതച്ചു കൊണ്ട് ശ്രാവണ പറയുന്നത് വേദനയോടെയവൻ കേട്ടിരുന്നു. എന്തോ മറന്നിട്ടെന്ന പോലെ അവൾക്ക് മുന്നിലൂടെ മുകളിലേക്കു പോകുമ്പോഴും അവളുടെ മുഖത്തേക്ക് നോക്കാൻ മറന്നിരുന്നില്ലവൻ ….
ആ കണ്ണിൽ നിറഞ്ഞിരുന്ന നീർത്തുള്ളികൾ കണ്ടാവാം മുഖത്ത് കാണിക്കാത്തയാ പിടപ്പ് അവളുടെ കണ്ണുകളിൽ അവനും കണ്ടിരുന്നു. ..
ഹൃദയം നുറുങ്ങുന്ന വേദനയിലും അവനവളോട് ബഹുമാനം തോന്നി… ആ ചങ്കൂറ്റം കണ്ട് അഭിമാനം തോന്നി…..
“നീയൊരു പെണ്ണാണ് ശ്രാവണ… ഒരു സാധാരണ പെണ്കുട്ടിയല്ല നാടു മുഴുവൻ അറിഞ്ഞു നാ റിയൊരു കഥയിലെ നായികയാ ”
പു ച്ഛത്തോടെ അവളെ നോക്കി ആക്രോശിക്കുന്ന വല്യച്ഛനെ കണ്ടതും ഉയർന്നു വന്ന ദേഷ്യത്തെ അമ്മയുടെ അരുതെന്ന ദയനീയ നോട്ടത്തിൽ അടക്കേണ്ടി വന്നപ്പോഴും യാദവിന്റെ മനസ്സ് വേദനിച്ചത് മറുത്തൊരക്ഷരം പറയാൻ കഴിയാതെ പോയ നിസ്സഹായത ഓർത്താണ്…
“അങ്ങനൊരു കഥയിലേക്ക് ഞാൻ സ്വയം വലിഞ്ഞു കയറി ചെന്നതല്ലമ്മാവാ…
എനിക്കൊരു മനസുണ്ടായിരുന്നു… എനിക്കൊരിഷ്ടമുണ്ടായിരുന്നു… ഒരിക്കലും നിങ്ങളാരും കാണാൻ ശ്രമിച്ചില്ലത്…
നിങ്ങളുടെ അഭിമാനം ആഭിജാത്യം ഒക്കേം നോക്കി നോട്ടുകെട്ടുകളും പണ്ടവും എണ്ണിക്കൊടുക്കാമെന്ന് കരാറുറപ്പിച്ചു കച്ചവടം ഉറപ്പിച്ചപ്പോൾ നഷ്ടപ്പെട്ടു പോയത് എനിക്കെന്റെ ജീവിതം തന്ന്യാ…
നൂറാവർത്തി ഞാൻ പറഞ്ഞതാണ്. ഒരു താലി ചരടിന്റെ പോലും ബലമില്ലാതെ
കുടുംബത്തിലും അടുക്കളയിലും അവന് സ്വാതന്ത്ര്യം കൊടുക്കുമ്പോൾ എന്നെങ്കിലും നിങ്ങളോർത്തിരുന്നോ ഒരു നേരത്തെ ആവേശം മാത്രമേ അവനെന്നോടുണ്ടായിരുന്നുള്ളു എന്ന്…
കു ടിച്ചു കൂ ത്താടി കൂട്ടുകാരോടൊപ്പം പെരുവഴിയിൽ വെച്ച് തടഞ്ഞു നിർത്തി വണ്ടിയിൽ കയറ്റി കൊണ്ട് പോയപ്പോൾ അത് കണ്ട നാട്ടുകാര് വരെ പറഞ്ഞു ഭാവി കെട്ട്യോനാ കുടുംബക്കാരനാ എന്ന്…
നിങ്ങളൊക്കെ കൂടിയാ ഇന്നെന്നെയീ നിലയിലാക്കിയത്… ആരും… ആരും ഇനിയൊരക്ഷരം ഈ ശ്രാവണയോട് കല്പിക്കേണ്ടതില്ല…. എല്ലാവരെയും അനുസരിക്കുന്ന ശ്രാവണ മരിച്ചു… കൂടെ അവളുടെ മനസ്സും..
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു.. യാദവിലേക്ക് അറിയാതെ നീണ്ടു വിടർന്നയാ കണ്ണുകൾ നീണ്ടു…
തന്നെ തന്നെ നോക്കി നിൽക്കുന്ന യദുവേട്ടൻ… ആ കണ്ണുകൾ തന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നിയവൾക്ക്..
അവനിലേക്ക് ഓടിയടുക്കണമെന്നും ആ നെഞ്ചിലൊന്ന് ചേർന്നു നിൽക്കണമെന്നും കരഞ്ഞു തീർക്കണമെന്നുമൊക്കെയവൾക്ക് തോന്നി…
ആലിൻ ചോട്ടിലിരുന്ന് കപ്പ മാല പരസ്പരം കഴുത്തിൽ ചാർത്തുന്ന ശ്രാവണയും യാദവും… ആ ഓർമ്മയിൽ ശ്രാവണ ചിരിച്ചു. കണ്ണുകൾ തിളങ്ങി…
മുന്നോട്ട് നീങ്ങുന്തോറും തന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന ആ കണ്ണുകളിലേക്കവളുടെ നോട്ടം തറഞ്ഞു…
യദുവേട്ടൻ…തന്റെ പ്രാണൻ…. തന്റെ പ്രണയം.. അവളുടെ മനസ്സ് വല്ലാതെ തുടിച്ചു…
പിന്നിലെ പിറുപിറുക്കലുകൾ കേട്ട് മുന്നോട്ട് വെച്ച കാലുകൾ തളരുമ്പോഴും ഇന്നുവരെ കണ്ടിട്ടില്ലാത്ത യദുവിന്റെ കണ്ണിലെ ഭാവത്തിന് അർഥം തേടുകയായിരുന്നവൾ…
ഇനി ഒരുപക്ഷെ… താൻ സ്നേഹിച്ചിരുന്ന പോലെ തന്നെയും യദുവേട്ടൻ മനസ്സിൽ കൊണ്ട് നടന്നിരുന്നോ…
അവൾ ചിന്തിച്ചു കൂട്ടുക ആയിരുന്നു…
നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ടവൾ യദുവിനെ നോക്കി..
“അമ്മാളു ”
അമ്മാളു കരയുന്നത് എനിക്കിഷ്ടമല്ല.. അമ്മാളു ചിരിച്ച മതി.. കുപ്പിവള കിലുങ്ങുന്ന പോലെയുള്ള ചിരി..
ശ്രാവണ ചിരിച്ചു… വേദനയോടെ..
എത്രയേറെ കൊതിച്ചിരുന്നു ഒരിക്കലെങ്കിലും ഇങ്ങനെ സ്നേഹത്തോടെ ഒരു വാക്ക്.. അവൾക്ക് ഒരേ സമയം പൊട്ടി കരയാനും പൊട്ടി ചിരിക്കാനും തോന്നി..
“അമ്മാളു കരയില്ല യദുവേട്ടാ… നോവൊക്കെ മാറി… സഹതാപത്തോടെ എന്നെ നോക്കാതിരുന്നാൽ മതി… അറപ്പോടെ കാണാതിരുന്നാൽ മതി.. അമ്മാളൂന്റെ സങ്കടമൊക്കെ ആരും കാണാതെ കരഞ്ഞു തീർത്തോളാം…
അവനവളെ വേദനയോടെ നോക്കി… സ്നേഹം കൊണ്ട് ഉള്ളം വിങ്ങുന്നത് അവനറിയുന്നുണ്ടായിരുന്നു…
അവളെ ചേർത്ത് പിടിക്കണമെന്നും അത്രമേലാഴത്തിൽ നിറുകയിലൊരു ചുംബനമേകണമെന്നും അത്യധികം വേദനയോടെ ആഗ്രഹിച്ചു കൊണ്ടിരുന്നു…..
നിറഞ്ഞ കണ്ണുകൾ തുടച്ചു മുന്നിലേക്ക് നോക്കിയപ്പോൾ അവൾ നിന്നിടം ശൂന്യമായിരുന്നു…
രണ്ടര വയസ്സിന്റെ ഇളപ്പത്തിൽ ജനിച്ച അച്ഛൻ പെങ്ങളുടെ മകൾ…. ആദ്യമൊക്കെ കുറുമ്പ് കാട്ടി കൂടെ നടക്കുന്ന കുഞ്ഞിപ്പെണ്ണ് പിന്നീടെപ്പോഴോ തന്റെ സ്വകാര്യ സ്വത്താണെന്ന് തോന്നി തുടങ്ങി…
കുടുംബത്തിൽ ആരും ഒരിക്കൽ പോലും അങ്ങനൊന്നു സമ്മതിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളെ ദൂരെ നിന്ന് സ്നേഹിച്ചു..
ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും അറിയിക്കാതെ…. ഇടയ്ക്കൊക്കെ വാക്കുകൾ കൊണ്ട് നോവിച്ചും അകറ്റിയും മനസിലെ നോവിനെ അകറ്റി……
എങ്കിലും പ്രാണനായിരുന്നു…. പ്രാണൻ കളഞ്ഞും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു…….
പഠനം കഴിഞ്ഞതും അവളെ അന്തസ്സും ആഭിജാത്യവും ഒക്കെ നോക്കി സ്ത്രീധനം എണ്ണിപ്പറഞ്ഞൊരുത്തന് വാക്ക് കൊടുക്കുമ്പോൾ താൻ നിസ്സഹായതയോടെ നോക്കി നിന്നിരുന്നു…
പറയാതെ അവളും പറഞ്ഞിരുന്നു തന്നെ ഒരുപാട് ഇഷ്ടമാണെന്ന്…. പക്ഷേ അച്ഛനും അമ്മയും ഉണ്ടാക്കാൻ പോകുന്ന പുകിലുകളെയോർത്ത് അവളോടുള്ള പ്രണയത്തെ മൂടി വെക്കേണ്ടി വന്ന വിഡ്ഢിയാണ് താൻ.. കഴിവില്ലാത്തവൻ..
അവളുടെ വീട്ടിലും അവളുടെ വഴികളിലും അവനെ പലപ്പോഴും കാണുമ്പോൾ മുഖം തിരിച്ചു നടന്നു തുടങ്ങി…. അവളുടെ മുഖത്തെ വിഷമത്തെ അറിഞ്ഞു കൊണ്ട് അവഗണിച്ചു തുടങ്ങി…
പക്ഷേ.. ഒരിക്കലും കരുതിയിരുന്നില്ല അവളുടെ മുഖത്തെ പുഞ്ചിരിയെ എന്നന്നേക്കുമായിങ്ങനെ അവൻ നശിപ്പിച്ചു കളയുമെന്ന്….
രണ്ടും കൽപ്പിച്ചാണ് അച്ഛനോട് അമ്മാളുവിനെ ഇനിയും വിട്ടു കളയാൻ വയ്യെന്നും ഇഷ്ടമാണ് പ്രാണനാണ് എന്നും പറഞ്ഞത്….
അനന്തിരവൾ വഴി വന്നു കേറാൻ പോകുന്ന സ്വത്തിൽ നോട്ടമിട്ടാവാം അച്ഛനും സമ്മതിച്ചു തന്നത്… പക്ഷേ ഒരിക്കലും അവളുടെ മനസ്സറിയാൻ ശ്രമിച്ചില്ല…
തന്റെ ഒരു വാക്കിൽ….. ഒരല്പം സ്വാർത്ഥതയിൽ ചോദ്യം ചെയ്തത് അവളുടെ അഭിമാനമായിരുന്നു എന്ന തോന്നലിൽ അവന്റെയുള്ളം പൊള്ളി….
ആ ഓർമ്മയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു…
“നടന്നത് നടന്നു… യദു ഇപ്പഴും ഇവള് മതിയെന്ന ഒറ്റ വാശിയിൽ നിക്കുവാണ്…. ഇങ്ങനൊരിഷ്ടം അവനുണ്ടായിരുന്നത് നമ്മളറിഞ്ഞില്ലല്ലോ..
മറ്റൊരു നാണക്കേടിനൊ വിഷമത്തിനോ വക വെക്കാതെ ഇതങ്ങു നടത്താം…. പക്ഷേ…. കേസും കൂട്ടവും ഒന്നും വേണ്ട ഒന്നും സംഭവിച്ചില്ല എന്നിവൾ എഴുതിക്കൊടുക്കട്ടെ….ഇനിയുമിതിന്റെ പേരിൽ നാറാൻ വയ്യ ”
അച്ഛന്റെയാ വാക്കുകളിൽ ശ്രാവണയുടെ കണ്ണുകളിൽ നിന്ന് ഒരു പുഴയൊഴുകി താഴേക്ക് പതിക്കുകയും കണ്ണുകൾ ജ്വലിക്കുകയും ചെയ്യുന്നത് യാദവ് നിർവികാരനായി നോക്കി നിന്നു…
“അമ്മാളു…. ”
തലയുയർത്തി എന്തെന്ന ഭാവത്തിൽ നോക്കിയ പെണ്ണിന് പണ്ടത്തെ കുറുമ്പത്തിയുടെ മുഖമായിരുന്നില്ല….
“ഞാൻ ഒരുപാട് ആഗ്രഹിച്ചതാ നീയെന്റെയാവുന്നത്… നീയിങ്ങനെ എന്നോട് ചേർന്ന് നിൽക്കുന്നതും നിന്റെ സീമന്തരേഖയിലെ ചുവപ്പായി ഞാനിങ്ങനെ നിന്നിലൂർജ്ജമായി നീയെന്റെ തണലായി… അങ്ങനെ അങ്ങനെ ഒരുപാട് സ്വപ്‌നങ്ങൾ… ”
“ഞാനും ആഗ്രഹിച്ചിരുന്നു യദുവേട്ടാ… ഒരുപാട്… ഒരുപാടൊരുപാട്… അന്നൊന്നും ആരുമെന്നെ കണ്ടില്ല.. ന്റെ സ്നേഹത്തെ കണ്ടില്ല… ഇന്നിപ്പോ ഞാനിങ്ങനെ തകർന്നു നിക്കുമ്പോ…. ഒരു തെറ്റ് മാത്രമായി നിങ്ങളുടെ ജീവിതത്തിലേക്കു ഞാനില്ല ഏട്ടാ… ”
“നീയെനിക്കെന്നും ന്റെ അമ്മാളു മാത്രാണ്… പഴേ അമ്മാളു… ഒരു മാറ്റോം ഇല്ലാതെ… ”
കഥേലൊക്കെ കേട്ടിട്ടില്ലേ… അത് പോലെ തന്നെ പറയാ. ഒന്ന് കുളിച്ചാ പോവുന്ന അഴുക്കേയുള്ളു നിന്റെ ദേഹത്തിൽ… അതിന്റെ പേരിലൊരിക്കലും ഞാൻ നിന്നെ മാറ്റി നിർത്തില്ല… നീയെന്നെ ചാരിയിങ്ങനെ കൂടെയുണ്ടായാൽ മതി…
“അമ്മാവൻ പറഞ്ഞത് പോലെ കേസ് പിൻവലിച്ചിട്ടോ???
“ഒന്ന് കുളിച്ചാ പോകുന്ന അഴുക്കെയുണ്ടാരുന്നുള്ളു ന്റെ ദേഹത്ത്… അതിപ്പോ ആരെക്കാളും നന്നായി ഞാൻ മനസ്സിലാക്കുന്നുണ്ട്… പക്ഷേ ഇവിടുള്ളവരുടെ മനസ്സിലെ അഴുക്ക് പോകാൻ ഏത് വെള്ളത്തിലാണ് കുളിക്കേണ്ടത്…
അവളുടെ മുഖം വലിഞ്ഞു മുറുകി തന്നെയിരുന്നു…
“അതിനി വേണോ അമ്മാളു…. സംഭവിക്കാനുള്ളത് സംഭവിച്ചു…. അതിന് പിന്നാലെ പോയാൽ അച്ഛൻ പറയുന്നത് പോലെ ഇനിയും നാണക്കേട് മാത്രേ ഉണ്ടാവൂ…. വിട്ട് കളയാടോ നമുക്ക്… നമുക്ക് ജീവിക്കണ്ടേ നമ്മൾ കണ്ട സ്വപ്നം പോലെ…
“നാണക്കേട്… എത്രയെളുപ്പത്തിൽ എന്റെ നോവുകളെ ആ ഒരു വാക്കിൽ പുറംതള്ളി നിങ്ങളൊക്കെ….
മനസ് കൊണ്ട് ഇഷ്ടപ്പെടാത്ത ഒരുത്തനെ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്യാൻ നിർബന്ധിതയാവുന്ന പെണ്ണിന്റെ നിസ്സഹായത അറിഞ്ഞിട്ടുണ്ടോ???
അവന്റെ ഇഷ്ടങ്ങൾക്കൊക്കെ സ്നേഹം കൊണ്ടല്ലേ എന്ന വീട്ടുകാരുടെ വാക്കുകളിൽ കുരുങ്ങി തലയാട്ടി സമ്മതം മൂളേണ്ടി വന്നവളുടെ നിസ്സഹായത അറിഞ്ഞിട്ടുണ്ടോ…?
ആരൊക്കെയോ തീർപ്പ് കല്പിച്ചു കൊടുത്ത അധികാരത്തിന്റെ പേരിൽ കുടിച്ചു കൂത്താടിയ അവനും മറ്റു മൃഗങ്ങളും പിച്ചിച്ചീന്തി വലിച്ചെറിഞ്ഞതാ ന്നെ… ആ വേദന അറിഞ്ഞിട്ടുണ്ടോ??
ഓരോ ഉറക്കവും ദുസ്വപ്നത്തിന്റെ ഭാഗമായി പാതി മുറിഞ്ഞു പോവുകയും സ്വപ്‌നങ്ങൾ മറന്നു പോവുകയും ചെയ്തിട്ടുണ്ടോ???
ഇല്ല… അതാണ് നിങ്ങൾക്കൊക്കെ എന്റെ വേദനയൊരു നാണക്കേട് മാത്രമാവുന്നത്….
ഒരു നോവ് മാറുന്നതിനു മുന്നേ മറ്റൊരു ജീവിതത്തിലേക്കെന്നെ പറഞ്ഞു വിടാൻ ഓരോരുത്തരും മത്സരിക്കുന്നത് ന്റെ നോവുകൾ ഉണങ്ങട്ടെ എന്ന് കരുതിയല്ല… നാണക്കേടുകൾ പേടിച്ചു തന്നെയാണ്..
ഒരുപാടിഷ്ടം ണ്ടാർന്നു മനസ്സിൽ… അത് പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ന്നെ ഒഴിവാക്കി….
ഒരുപാട് ഇഷ്ടം മനസ്സിലുണ്ടായിരുന്ന യദുവേട്ടനെന്തേ അന്നൊരിക്കൽ പോലും ഈ ഇഷ്ടം ആരോടും തുറന്നു പറയാതിരുന്നത്??
ഇന്ന് കാണിച്ച ധൈര്യം അന്ന് കാണിച്ചിരുന്നേൽ ഞാനിങ്ങനെ വേദനിക്കുമായിരുന്നോ??
അവളുടെ കിതച്ചു കൊണ്ടുള്ള ചോദ്യങ്ങളിൽ തല കുനിച്ചു നിൽക്കുന്ന യാദവിനെ സഹതാപത്തോടെയവൾ നോക്കി…
പാവമാണ്… ആരെയും വേദനിപ്പിക്കാൻ അറിയാത്തൊരാൾ….ആരോടും എതിർത്തു പറയാൻ അറിയാത്തൊരാൾ…
“അമ്മാളു… ഞാൻ… എനിക്കറിയാം.. പക്ഷേ സാഹചര്യം.. അച്ഛൻ…
“സാരല്യ ഏട്ടാ… അമ്മാളു ന് ഇനിയാരെയും സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…. കഷ്ടപ്പെട്ട് വാങ്ങി കൂട്ടിയ റാങ്കുകളും സർട്ടിഫിക്കറ്റ്കളും ഒക്കെ ന്നെ നോക്കി പല്ലിളിക്കുന്നുണ്ട്… ഞാൻ മറ്റന്നാള് പോകും ചെന്നൈയ്ക്ക്… ഒരു ജോലി… ഈ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കണമൊന്ന്…
“തീരുമാനിച്ചോ എല്ലാം ”
“ഉം ”
“ഞാൻ വരാം കൊണ്ട് വിടാൻ… ”
“ഉം ”
“തിരിച്ചിനിയെന്നാ??
“അറിയില്ല… മുറിവുകൾ ഉണങ്ങട്ടെ… കാത്തിരിക്കരുത്… ”
“സാരമില്ല.. നിന്നെയെനിക്ക് മനസിലാവും… മുറിവുകൾ ഉണങ്ങുവാനുള്ള മരുന്ന് നിന്നിൽ തന്നെയുണ്ട്… നിന്റെ ധൈര്യം.. നിന്റെ തീരുമാനം.. നിന്റെ സ്വപ്‌നങ്ങൾ….. പോയി വാ… ഞാനിവിടെ തന്നെ കാണും… എന്നും എല്ലായ്പോഴും…
തെറ്റുകൾ തിരുത്താനുള്ളതാണ്… എന്റെ തെറ്റും തിരുത്തണമെനിക്ക്… നീയാ കേസ് വിടരുത് ട്ടോ. കൂടെയുണ്ടാവും ഞാൻ…
അകലേക്ക് ഒരു പൊട്ടുപോലെ ആ റെയിൽ പാളത്തിനപ്പുറം അവൾ മറയുമ്പോഴും അവന്റെ മനസാക്ഷി അവനോട് ചോദിച്ചിരുന്നു….
അവളുടെ കണ്ണിലെ പ്രണയം നീ കണ്ടിരുന്നില്ലേ…. പോവരുതെന്ന് പറഞ്ഞു കൂടായിരുന്നോ ചേർത്ത് പിടിച്ചു വെച്ചു കൂടായിരുന്നോ എന്ന്….
അതിനുമൊരുത്തരം അവനുണ്ടായിരുന്നു… ആ പ്രണയത്തിനപ്പുറം ആ ഉരുകുന്ന മനസ്സും നോവും ഞാൻ കണ്ടിരുന്നു… അവളുടെ അന്നത്തെ വാക്കുകൾ അവന്റെ ചെവിയിലേക്കിരച്ചു കയറി…
നാലാള് കൂടി പി ച്ചി കീ റിയത് കൊണ്ട് ഞാനെന്റെ സ്വപ്നങ്ങളെ കാറ്റിൽ പറത്തണോ?? എന്റെ ഇഷ്ടങ്ങൾക്ക് വിലയില്ലെന്നാണോ??.. അവൾ പോകട്ടെ.. അവളുടെ സ്വപ്നത്തിലേക്ക്.. ആഗ്രഹങ്ങളിലേക്ക്…..
എല്ലാത്തിനുമൊടുവിൽ ഒരു ദിനം എന്നിലേക്കവൾ തിരിച്ചെത്തുക തന്നെ ചെയ്യും.. എന്റെ തെറ്റുകൾ തിരുത്തപ്പെടുന്ന,,, അവളെ നോവിച്ചവരുടെ വാക്കുകൾ തിരുത്തപ്പെടുന്ന ഒരു ദിനം…
ചിന്തകളെ ഭേദിച്ചു കൊണ്ടൊരു തീവണ്ടി മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുമ്പോൾ പുതിയ ഒരായിരം ചിന്തകൾ അവനിലും ജനിക്കുകയായിരുന്നു… മാറ്റത്തിന്റെ ചിന്തകൾ.