നീയിങ്ങനെ ഒട്ടാൻ നിക്കല്ലേ ദിയാ, നിന്റെ സ്നേഹവും പൊസ്സസ്സീവ്നെസ്സു മൊക്കെ എന്നെ..

സോൾമേറ്റ്‌
(രചന: Nijila Abhina)

“ഓർമ്മിചെടുക്കാൻ മാത്രം നിന്നെ ഞാൻ മറവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ടില്ല താരാ…..ഞാൻ നിനക്ക് നൽകിയ സ്ഥാനം ന്റെ ഹൃദയത്തിലാ അന്നുമിന്നുമെന്നും ”

നീണ്ട പത്തു വർഷത്തിന് ശേഷം താരയെ കാണുമ്പോൾ അവളിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.. ഒരല്പം നിറം വെച്ചിരിക്കുന്നു.

എപ്പോഴുമെന്നെ നോക്കി ചിരിക്കാറുള്ള എനിക്കേറെയിഷ്ടപ്പെട്ടയവളുടെ കട്ടപ്പല്ലുകളിൽ കമ്പി സ്ഥാനം പിടിച്ചിരിക്കുന്നു.

“നിനക്കൊരു മാറ്റവും ഇല്ലല്ലോ താരേ അന്നത്തെ പോലെ തന്നെ… ”

“നീ പക്ഷേ മാറിപ്പോയിരിക്കുന്നു ദിയ…. ഒരുപാടൊരുപാട്… എന്നേക്കണ്ട നിന്റെ മിഴികളിൽ നിറഞ്ഞ കണ്ണുനീരിൽ മാത്രാ എനിക്കെന്റെ പഴയ ദിയയെ കാണാൻ കഴിഞ്ഞത് ”

സങ്കടം വന്നാലും സന്തോഷം വന്നാലും കണ്ണ് നിറയുന്ന നിന്റെയീ ദുശീലം കൂടി മാറ്റിയിരുന്നേൽ എനിക്കാളു മാറി പോയേനെ ദിയ….

നീ നീയെന്നെ ഓർക്കുമെന്ന് ഞാൻ കരുതിയില്ല…. ഓർമയിലുണ്ടെങ്കിൽ പോലും വെറുപ്പോടെയല്ലാതെയെന്നെ നോക്കുമെന്ന് കരുതിയില്ല….

“അതൊക്കെ കഴിഞ്ഞതല്ലേ താര… ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ദു സ്വപ്നം, അല്ലെങ്കിൽ എന്റെ ബുദ്ധി ശൂന്യത കൊണ്ട് ഞാനില്ലാതെയാക്കിയ കുറേ വർഷങ്ങൾ, ന്റെ വീട്ടുകാരുടെ സന്തോഷം…..

“ഞാൻ… ഞാനൊന്നും അറിഞ്ഞില്ല ദിയാ…. അന്നത്തെ വിവരമില്ലായ്മ. കുറച്ചൂസം മുൻപ് നിന്റമ്മയിൽ നിന്ന് ഇതേല്ലാമറിയുമ്പോൾ നിന്റെ മുൻപിൽ വരാനുള്ള മനകരുത്തുണ്ടായിരുന്നില്ല .. .

പക്ഷേ…

ന്റെ മനസാക്ഷി കൂടിയെന്നെ കുറ്റപ്പെടുത്തിതുടങ്ങിയപ്പോൾ, കുറ്റബോധം കൊണ്ടേന്റെ ഉറക്കം നഷ്ടപ്പെട്ടപ്പോൾ വന്ന് പോയതാ… വെറുക്കരുത് ന്നെ…. ”

അതു പറഞ്ഞെന്റെ കാലുകളിൽ വീണ താരയെ പിടിച്ചെഴുന്നേല്പിച്ചു കട്ടിലിൽ കൊണ്ടിരുത്തുമ്പോൾ,

കൈകൾ കൂപ്പി വാപൊത്തി കരയുന്നയവളെ കണ്ടപ്പോൾ വീണ്ടുമെന്റെ നെഞ്ച് തകരുന്നുണ്ടായിരുന്നു…. സന്തോഷമോ സങ്കടമോ അറിയില്ല….

പതിയെയാ കൈകളിൽ കൈകോർത്തു മറുകൈ കൊണ്ട് മൂക്കിൽ പിടിച്ചു വലിച്ച് പുരികം മേളിലേക്കുയർത്തി നെറ്റി ചുളിച്ചവളെ നോക്കിയപ്പോൾ ആ ചുണ്ടുകളിലുമൊരു പുഞ്ചിരി നിറയുന്നത് ഞാൻ കണ്ടു..

തിരികെയെന്റെ മൂക്കിൽ പിടിച്ചു വലിച്ച് പുരികമുയർത്തിയെന്നെ നോക്കുമ്പോൾ എന്റെ സന്തോഷം പുഞ്ചിരിക്ക് പകരം കുഞ്ഞു പൊട്ടിച്ചിരിയായി മാറുമ്പോൾ വാതിൽക്കൽ നിന്നമ്മയും പുഞ്ചിരിക്കുന്നുണ്ടായിരുന്നു..

താര… ആദ്യാക്ഷരം പടിച്ചയന്നു മുതൽ കൂടെയുള്ള കളിക്കൂട്ടുകാരി.. ഒരു കൂട്ടുകാരി മാത്രമായിരുന്നില്ലവൾ… കൂടപ്പിറക്കാത്ത കൂടപ്പിറപ്പ്..,

അച്ഛനെനിക്കായ്‌ കൊണ്ട് വരുന്നതെന്തും പങ്കിട്ടേ ഞാനെടുക്കാറുള്ളു. മറുപാതി അവൾക്കായെന്നുമെന്റെ ബാഗിൽ സ്ഥലം പിടിക്കാറുണ്ടായിരുന്നു.

മൂക്കിൽ പിടിച്ചു വലിച്ച് പുരികം മേളിലേക്കുയർത്തി പരസ്പരം നോക്കുന്നത് പലപ്പോഴുമൊരു ഹോബിയായിരുന്നു.. സ്നേഹം കൂടുമ്പോൾ തോന്നുന്നൊരു കുഞ്ഞു തമാശ…

പൊതുവേയാരോടുമധികം മിണ്ടാതെ മൂലയ്ക്കൊതുങ്ങിയിരിക്കുമ്പോഴും താരയുള്ള ലോകത്തു ഞാൻ വായാടിയായിരുന്നു….

പാവം കുട്ടിയെന്നെല്ലാവരും ലേബലൊട്ടിച്ചയെന്റെ പക്കൽ നിന്നാദ്യമായൊരു കുരുത്തക്കേട് കേട്ട് എല്ലാവരുമൊന്ന് നെറ്റി ചുളിച്ചിരുന്നു അന്ന്..

താരയെന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് പറഞ്ഞ നിമ്മിയുടെ കയ്യിൽ കൂർപ്പിച്ച പെൻസിലിന്റെ മുന കുത്തിയിറക്കുമ്പോൾ ആരെയും വാക്കുകൾ കൊണ്ട് പോലും വേദനിപ്പിക്കാറില്ലാത്ത ഞാൻ അന്നെന്തോ ഒന്നുമോർത്തില്ല..

മുറിഞ്ഞ കൈയ്യുമായ് ആൻസി ടീച്ചറെയവൾ ചെന്ന് കാണുമ്പോഴും മറ്റുള്ളവരെനിക്ക് നേരെ വിരൽ ചൂണ്ടുമ്പോഴും ഞാനൊന്ന് മാത്രേ പറഞ്ഞിരുന്നുള്ളു.

“താരയെന്റെയാ ന്റെ മാത്രം… ആർക്കും തരൂല ”

അന്നെന്നെ ചേർത്ത് നിർത്തി ആൻസി ടീച്ചർ തലയിൽ തലോടി പറഞ്ഞതിന്നുമെന്റെ ഓർമയിലുണ്ട്..

താര നിന്റെയാ അതുപോലെ ഇവരോരോരുത്തരും നിന്റെയാ….. എല്ലാരേം ഒരുപോലെ സ്നേഹിക്കണം ദിയക്കുട്ടി നല്ലൂട്ടിയല്ലേ…ആരേം വേദനിപ്പിക്കരുത്.. ദേ ഈ കൂട്ടെന്നും കാണണംട്ടോ.. ”

അന്നത് പറഞ്ഞു താരയെ ടീച്ചർ നോക്കുമ്പോൾ അവളുടെ കണ്ണിലും തിളക്കം മാത്രമായിരുന്നു.

പാട്ട് പാടാനും ഡാൻസ് കളിക്കാനും താര ഒന്നാമത് നിൽക്കുമ്പോൾ അവളെ പ്രോത്സാഹിപ്പിക്കൽ മാത്രമായിരുന്നെന്റെ കഴിവ്….

പക്ഷേ ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയെന്നയെന്റെ പേരിനെയായിരുന്നു താരയ്‌ക്കേറെയിഷ്ടം..

ന്റെ ദിയയ്ക്കാ ഇത്തവണേം ക്ലാസിൽ ഫസ്റ്റ്.. അത് പറയുമ്പോ അവാർഡ് കിട്ടിയ പോലെയായിരുന്നു താരയ്ക്ക് അന്നൊക്കെ..

സ്നേഹിച്ചും സ്നേഹം പങ്കു വെച്ചും പത്തുവർഷം കടന്നു പോയപ്പോൾ പറിച്ചു മാറ്റാനാകാത്ത ഒരവയവം പോലെയവൾ എന്നിൽ വളര്ന്നുണ്ടായിരുന്നു..

എന്റമ്മയ്ക്കും അച്ഛനുമവൾ മറ്റൊരു മകളായിരുന്നു.. എനിക്കവൾ സഹോദരിയായിരുന്നു..

പത്താം ക്ലാസ് റിസൾട്ട്‌ വരുമ്പോൾ മാർക്കിന്റെ വ്യത്യാസം രണ്ടാൾക്കും ഒരുപാടുണ്ടായിരുന്നു. പഠിച്ച സ്കൂളിൽ തന്നെയെനിക്ക് കിട്ടിയപ്പോൾ താരയ്ക്ക് കിട്ടിയിരുന്നില്ല.

അവൾ പ്രൈവറ്റിൽ ചേരുന്നെന്നു പറഞ്ഞപ്പോൾ വീട്ടിലൊന്നേ ഞാൻ പറഞ്ഞുള്ളു. താര എവിടെയോ ഞാനും അങ്ങോട്ടെയുള്ളൂ.. അവള് പടിക്കുന്നതെ ഞാനും പഠിക്കൂ..

സയൻസ് എടുക്കാനും മെഡിസിനു പോകാനുമുള്ളയാഗ്രഹം അവൾക്കു വേണ്ടി മാറ്റിവെച്ചു കോമേഴ്സിനെ സ്നേഹിച്ചു തുടങ്ങിയത് അവളെന്നിൽ നിന്നകലാതിരിക്കാൻ മാത്രമായിരുന്നു..

പക്ഷേ….

പിന്നീടുള്ളയോരോ ദിവസവും അവളുടെ മാറ്റമെന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നതായിരുന്നു. അവൾ പഠിച്ച ഡാൻസ് സ്കൂളിൽ ഒന്നിച്ചു പഠിച്ച കുട്ടിയോടൊപ്പം വരുന്നതും പോകുന്നതും പതിവായി…

എന്തെങ്കിലും ചോദിച്ചു ചെന്നാൽ ഒഴിവു കഴിവുകൾ പറയുന്നത് പതിവായി…. പതിവായി എന്റെ കൈകൾ കോർത്തു നടന്നവൾ അവളോടൊപ്പം പോകുമ്പോൾ,

അവർ സംസാരിച്ചിരിക്കുന്നതിനിടയിലേക്ക് ഞാൻ കടന്നു ചെല്ലുമ്പോൾ മാത്രം മൗനം പാലിച്ചു സംസാരിച്ച വിഷയം മാറ്റി പേരിനൊന്ന് പുഞ്ചിരിക്കുമ്പോൾ ഞാനറിയുന്നുണ്ടായിരുന്നു അവളുടെ അകൽച്ച…

“നീയിങ്ങനെ ഒട്ടാൻ നിക്കല്ലേ ദിയാ… നിന്റെ സ്നേഹവും പൊസ്സസ്സീവ്നെസ്സു മൊക്കെ എന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യാ… പ്ലീസ് ദിയാ വെറുതേ വിടോ….”

അന്നവളുടെ വാക്കുകൾ ചങ്കിൽ കത്തി കുത്തിയിറക്കിയതിനു തുല്യമായിരുന്നു.. ആരോടും മിണ്ടാതെയായ കുറേ ദിവസങ്ങൾ… ഒറ്റയ്ക്കിരുന്നു കരഞ്ഞ കുറേ ദിവസങ്ങൾ….

പിന്നീടെപ്പോഴോ കരച്ചിൽ പൊട്ടിച്ചിരികളായി… ഇരുട്ടിൽ മാത്രം കരയാൻ തുടങ്ങി, കറണ്ട് പോകുമ്പോൾ നിലവിളി, റൂമിലൊരു നിഴലനങ്ങിയാൽ താരാന്നു വിളിച്ചു സന്തോഷിക്കുന്ന ദിവസങ്ങൾ…

അത് തോരാക്കണ്ണീറ് സമ്മാനിച്ചത് അച്ഛനുമമ്മയ്ക്കുമായിരുന്നു.. മാനസികനില തെറ്റി ആശുപതിയിലും കൗൺസിലിങ് സെന്ററിലും വീട്ടിലുമായി കഴിഞ്ഞു വരുമ്പോൾ ഡോക്ടർ അച്ഛന് കൊടുത്തത് ഒറ്റ നിർദ്ദേശം മാത്രം…

വേദനകളുറങ്ങുന്നയീ മണ്ണിൽ നിന്ന് മോളെ എത്രയും വേഗം മാറ്റി നിർത്താൻ..

ജനിച്ചു വളർന്ന നാടും വീടും ബന്ധങ്ങളും വിട്ട് ഇങ്ങോട്ട് മാറുമ്പോൾ അച്ഛന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു..

ഇവിടെ വന്നു ഗേൾസ് ഹയർ സെക്കൻഡറിയിൽ ചേർക്കുമ്പോൾ പോലും ഭയമായിരുന്നവർക്ക്. പക്ഷേ പതിയെപ്പതിയെ ഞാൻ മാറി.. താരയെ പറ്റി ഓർക്കുമ്പോൾ മാത്രം ഞാൻ കരഞ്ഞു ആരുമറിയാതെ….

പതിയെപ്പതിയെ പഠനത്തിൽ ശ്രദ്ധിച്ചു.. പഴയ തൊട്ടാവാടിയിൽ നിന്ന് ബാങ്ക് മാനേജർ ദിയ ബാലചന്ദ്രനിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നു എനിക്ക്..

അപ്പോഴും ഒരു നീറ്റലായി താരയെന്നിലുണ്ടായിരുന്നു എന്നതാണ് സത്യം..

അതാവും രണ്ട് ദിവസം മുമ്പവളെ കണ്ടെന്നും എന്നെ അന്വേഷിച്ചെന്നും അമ്മ പറഞ്ഞപ്പോൾ അകാരണമായൊരു സന്തോഷമെന്നെ വീർപ്പു മുട്ടിച്ചത്…

“ദിയാ നീയെന്താ ആലോചിക്കണെ?

“ഒന്നൂല്ല ഞാനെന്തൊക്കെയോ….
നിറഞ്ഞൊഴുകിയ കണ്ണുകൾ തോർത്ത്‌ കൊണ്ട് തുടച്ചു ഞാനവളോട് ചോദിച്ചു..

“നീയെന്നെ ഇട്ടിട്ട് പോയപ്പോൾ നീയറിഞ്ഞോ താരേ ന്റെ സന്തോഷം കൊണ്ടാണ് നീ പോയതെന്ന്??

ഞാനെപ്പോഴാണ് കൂടുതൽ സന്തോഷിച്ചതെന്ന് നിനക്കറിയോ???

ഞാനാരോടാ ന്റെ സന്തോഷങ്ങളും സ്വപ്നങ്ങളും പങ്കു വെച്ചിട്ടുള്ളതെന്ന് നിനക്കറിയോ??

എങ്ങനെ അറിയാനാ ല്ലേ നീയൊരിക്കലും എന്നെ അറിഞ്ഞിട്ടില്ലല്ലോ. അല്ല അറിയാൻ ശ്രമിച്ചിട്ടില്ല..

നിനക്ക് ഞാനൊരു നല്ല സുഹൃത്തായിരുന്നില്ലായിരിക്കാം. നിനക്ക് ഞാൻ വെറുമൊരു കുശുമ്പി, സ്നേഹം കൊണ്ട് ഇറിറ്റേറ്റ് ചെയ്യുന്നവൾ അതായിരുന്നില്ലേ ഞാൻ….

പക്ഷേ..

എന്റെയാ കുശുമ്പ്… നീയറിഞ്ഞിരുന്നോ നിന്നോടുള്ള സ്നേഹമാണെന്ന്, നിന്നോട് ഞാൻ കാണിച്ച സ്വാതന്ത്ര്യം അത് നിന്നിലെനിക്കുള്ള വിശ്വാസമാണെന്ന്…

ഇല്ല.. ഒന്നും നീയറിയില്ല. നിനക്ക് വലുത് നിന്റെ സന്തോഷമായിരുന്നില്ലേ.

പുതിയ കൂട്ടും പുതിയ ലോകവും പുതിയ ആഘോഷവും തേടി പോയപ്പോൾ ന്റെ മനസ്സ് മാത്രം നീയറിയാതെ പോയി താരാ… ഇന്നെനിക്ക് ബന്ധുക്കളുടെയിടയിലൊരു പേരുണ്ട്. ഭ്രാന്തീന്ന്.. നീയെനിക്ക് സമ്മാനിച്ച പേര്…

“ദിയാ ഞാൻ…

മാപ്പ്….

“രണ്ടക്ഷരം കൊണ്ട് തീരില്ലെന്നറിയാം എങ്കിലും ക്ഷെമിച്ചൂടെ നിനക്കെന്നോട്??? നിന്റെ… നിന്റെ താരയല്ലേ ഞാൻ… ഇനിയൊരിക്കലും പോവില്ല നിന്നെ വിട്ടെങ്ങോട്ടും…

അത് പറഞ്ഞവളെന്നെ കെട്ടിപ്പിടിക്കുമ്പോൾ നഷ്ടപ്പെട്ടതെന്തോക്കെയോ തിരിച്ചു കിട്ടുന്നത് ഞാനറിയുന്നുണ്ടായിരുന്നു….

“ഞാൻ ആദ്യമേ പറഞ്ഞു താരാ ക്ഷമ ചോദിക്കരുത് നീയെന്നോട്.. നീയെന്നെ മാത്രേ അന്നുപേക്ഷിച്ചിട്ടുള്ളു.

ഈ ദിയയ്‌ക്കെന്നും ഒരാളെ ബെസ്റ്റ് ഫ്രണ്ടായി ഉണ്ടായിരുന്നുള്ളു. ന്റെ താര ന്റെ മാത്രം. നിക്ക് പറ്റോ നിന്നെ കളഞ്ഞിട്ട് പോകാൻ… തോന്നുന്നുണ്ടോ നിനക്കത്…

എന്റെ ചോദ്യത്തിന് പകരമായവളെന്റെ മൂക്കിൽ പിടിച്ചു പതിയെ വലിച്ചു. പുരികം മേളിലേക്കുയർത്തിയെന്നേ നോക്കി പതിയെ പറഞ്ഞു..

“സെന്റിയടിച്ചാളെ കരയിക്കാനും പടിച്ചൂലെ… ”

അതിനു പകരമായവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് പുരികമുയർത്തി ഞാനും പറഞ്ഞു.

“ഇനി നീയെന്നെയിട്ടിട്ട് പോകില്ലാന്നറിയാം അതാ പറഞ്ഞത് ”

അവളുടെ കണ്ണീരും പുഞ്ചിരിയും കലർന്ന മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തിരുന്നു അവളിലെ കുറ്റബോധം…

എനിക്കല്ല അവൾക്കാണ് കഴിഞ്ഞ പത്തുവര്ഷങ്ങൾ തീരാനഷ്ടമുണ്ടാക്കിയതെന്നവൾ പറയുമ്പോൾ അമ്മ പറയാറുള്ള വാക്കുകൾ ഞാനോർത്തു..

“ആത്മാർത്ഥമായ സ്നേഹം നമ്മളെ തേടി വരിക തന്നെ ചെയ്യും എന്നത്…..

Leave a Reply

Your email address will not be published. Required fields are marked *